അലനും താഹയ്ക്കും വേണ്ടി ഇന്ന് സംസാരിക്കുന്നവര്‍ എന്‍.ഐ.എ ഭേദഗതിയെ എതിര്‍ത്തില്ല- എംബി രാജേഷ്


അജ്‌നാസ് നാസര്‍

1 min read
Read later
Print
Share

യു.എ.പി.എ വിഷയത്തില്‍ കേരള സര്‍ക്കാരിന് കൃത്യമായ നിലപാടുണ്ട്. യു.എ.പി.എ പോലുള്ള കരിനിയമങ്ങള്‍ക്കെതിരെ പാര്‍ലമെന്റില്‍ എതിര്‍ത്ത് സംസാരിച്ചത് ഇടതുപക്ഷം മാത്രമാണ്.

-

തിരുവനന്തപുരം: അലനും താഹയ്ക്കും വേണ്ടി ഇന്ന് സംസാരിക്കുന്നവര്‍ പോലും എന്‍.ഐ.എ ഭേദഗതിയെ പാര്‍ലമെന്റില്‍ എതിര്‍ത്തില്ലെന്ന് സി.പി.എം നേതാവ് എം.ബി രാജേഷ്. എന്‍.ഐ.എയ്ക്ക് കേസ് ഏറ്റെടുക്കാനുള്ള ഭേദഗതി കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയത് സമീപകാലത്താണ്. അന്നും അതിനെതിരെ ശബ്ദമുയര്‍ത്താന്‍ ഇടതുപക്ഷം മാത്രമേ ഉണ്ടായുള്ളു. ഇന്ന് അലനും താഹയ്ക്കും വേണ്ടി കണ്ണീരൊഴുക്കുന്നവര്‍ പോലും അതിനെ എതിര്‍ക്കാനുണ്ടായില്ല. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഭാഗമായി തരുണ പ്രക്ഷോഭം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു രാജേഷ്.

യു.എ.പി.എ വിഷയത്തില്‍ കേരള സര്‍ക്കാരിന് കൃത്യമായ നിലപാടുണ്ട്. യു.എ.പി.എ പോലുള്ള കരിനിയമങ്ങള്‍ക്കെതിരെ പാര്‍ലമെന്റില്‍ എതിര്‍ത്ത് സംസാരിച്ചത് ഇടതുപക്ഷം മാത്രമാണ്. യു.എ.പി.എ കേസുകളില്‍ സംസ്ഥാന സര്‍ക്കാറിന് ഇടപെടാന്‍ കഴിയുന്ന ഘട്ടങ്ങളില്‍ ഇടപെടുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. അതിനെതുടര്‍ന്ന് കൂടിയാവാം കേസ് എന്‍.ഐ.എ ഏറ്റെടുത്തത്. സി.എ.എ വിഷയത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നടക്കുന്ന പോലുള്ള തീവ്രമായ പ്രക്ഷോഭങ്ങള്‍ കേരളത്തിലെ കാമ്പസുകളില്‍ നടക്കാത്തത് ഇവിടെ സമരത്തിന് നേതൃത്വം നല്‍കുന്നത് സര്‍ക്കാരാണ് എന്നതുകൊണ്ടായിരിക്കുമെന്നും രാജേഷ് ചൂണ്ടിക്കാട്ടി.

വൃദ്ധപൂജയിലാണ് നമ്മുടെ നാടിന് താല്‍പ്പര്യമെന്ന് ചര്‍ച്ചയില്‍ സംസാരിച്ച എഴുത്തുകാരന്‍ എന്‍.ഇ. സുധീര്‍ പറഞ്ഞു. ഇ.എം.എസ് മുഖ്യമന്ത്രിയാവുമ്പോള്‍ യുവാവായിരുന്നു. കൃഷ്ണപിള്ള പാര്‍ട്ടി സെക്രട്ടറി ആവുമ്പോഴും യുവാവായിരുന്നു. എന്നാല്‍ ഇന്ന് വിദ്യാര്‍ഥികളും യുവാക്കളും നേതാക്കളായി വരുന്നില്ല.

വിദ്യാര്‍ഥി സമരങ്ങളോട് സഹിഷ്ണുത പുലര്‍ത്താന്‍ ഭരണാധികാരികള്‍ തയ്യാറാവുന്നില്ല. അലനും താഹയ്ക്കും വേണ്ടി ഒരു വിദ്യാര്‍ഥി സംഘടനകളും രംഗത്തിറങ്ങുന്നില്ല. വിദ്യാര്‍ഥി സംഘടനകള്‍ അനുസരണയുള്ളവരായി മാറിയെന്നും സുധീര്‍ പറഞ്ഞു. അഡ്വ. എ ജയശങ്കര്‍, എഴുത്തുകാരന്‍ എം നന്ദകുമാര്‍ എന്നിവരും ചര്‍ച്ചയില്‍ സംസാരിച്ചു.

Content Highlights: CPIM leader MB Rajesh talk MBIFL 2020

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram