മാതൃഭൂമി അന്താഷ്ട്ര അക്ഷരോത്സവത്തിൽ 'വിരുന്നുമുറിയിലെ വിഷബാധ' എന്ന വിഷയത്തിൽ സീരിയൽ സംവിധായകൻ കെ.കെ രാജീവ്, ദൂരദർശൻ സ്ഥാപക ഡയറക്ടർ കെ.കുഞ്ഞികൃഷ്ണൻ, എഴുത്തുകാരി ശ്രീപാർവതി എന്നിവർ പങ്കെടുത്ത ചർച്ച
തിരുവനന്തപുരം: മലയാളികള്‍ പൊതുവില്‍ ഇരകളാകാന്‍ താത്പര്യമുള്ളവരാണെന്ന് പ്രശസ്ത സൈക്കോളജിസ്റ്റ് സി.ജെ ജോണ്‍. മാതൃഭൂമി അന്താഷ്ട്ര അക്ഷരോത്സവത്തില്‍ 'വിരുന്നുമുറിയിലെ വിഷബാധ' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സീരിയല്‍ സംവിധായകന്‍ കെ.കെ രാജീവ്, ദൂരദര്‍ശന്‍ സ്ഥാപക ഡയറക്ടര്‍ കെ.കുഞ്ഞികൃഷ്ണന്‍, എഴുത്തുകാരി ശ്രീപാര്‍വതി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
മലയാളികള്‍ പൊതുവില്‍ ഇരകളാകാന്‍ താത്പര്യമുള്ളവരാണ്. അതിജീവനമല്ല നമുക്ക് താത്പര്യം. ആ താത്പര്യമുള്ളവരുടെ ഇടയിലേക്ക് തിന്മ കലര്‍ന്ന നിഷേധ കഥാപാത്രങ്ങള്‍ കൂടി കടന്നുവരുമ്പോള്‍ അത് ജനങ്ങളെ സ്വാധീനിക്കുന്നു.ഇന്ന് കാണുന്ന സീരിയലുകളുടെ ഉള്ളടക്കങ്ങളില്‍, സംഭാഷണങ്ങളില്‍, നല്‍കുന്ന സന്ദേശങ്ങളിലെല്ലാം പ്രശ്‌നങ്ങളുണ്ട്. വളര്‍ന്ന് വരുന്ന തലമുറയിലെ ചിലരെയെങ്കിലും അത് സ്വാധീനിക്കുന്നുണ്ട്. സീരിയലുകളെ തോല്‍പിക്കുന്ന കഥയാണ് കൂടത്തായിയില്‍ സംഭവിച്ചത്. അതുകൊണ്ടാവാം കൂടത്തായി സീരിയലാക്കാന്‍ തീരുമാനിച്ചത്. സീരിയല്‍ നിര്‍ദോഷമായി കാണാന്‍ സാധിക്കില്ല. മലയാള സിനിമ ഒരു കാലത്ത് പറഞ്ഞ കഥകള്‍ അക്രമത്തിന്റെയും കൊലപാതകത്തിന്റെയും സോഫ്റ്റ് പോണുമായിരുന്നെങ്കില്‍ ഇന്നത് ആന്‍ഡ്രോയിഡ് കുഞ്ഞപ്പനിലും വികൃതിയിലുമൊക്കെ എത്തിനില്‍ക്കുന്നു. ഇത്തരത്തിലൊരു കാതലായ മാറ്റം സീരിയലിലും വരണം- സി.ജെ ജോണ്‍ പറഞ്ഞു
സീരിയല്‍ രംഗം മാര്‍ക്കറ്റ് ചെയ്യപ്പെട്ടിരിക്കുന്നു. മുന്‍പ് ദൂരദര്‍ശന്റെ കാലത്ത് സംവിധായകനും നിര്‍മ്മാതാവിനും ആവിഷ്‌കാര സ്വാതന്ത്ര്യമുണ്ടായിരുന്നു. ഇന്നത് മാര്‍ക്കറ്റിങ് രംഗം കയ്യടക്കിയിരിക്കുന്നു. ടെലിവിഷന്‍ രംഗത്തെ മൂന്നാം തലമുറയാണിപ്പോള്‍. ദൂരദര്‍ശന്‍ മാത്രമുള്ള ആദ്യകാലഘട്ടത്തില്‍ മികച്ച സീരിയലുകള്‍ ഉണ്ടായത് ആവിഷ്‌കാര സ്വാതന്ത്യമുള്ളത് കൊണ്ടാണ്. ചാനലുകളുടെ ആധിക്യത്തില്‍ മുങ്ങിയ രണ്ടാം തലമുറയില്‍ മത്സരം കൂടിയപ്പോള്‍ സീരിയല്‍ സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കും ചാനലിന്റെ കച്ചവട താത്പര്യത്തിനൊപ്പം നില്‍ക്കേണ്ടി വന്നു. അത് ഗതികേടായിരുന്നു. നിലവാരത്തകര്‍ച്ചയിലേക്ക് സീരിയലുകള്‍ കൂപ്പുകുത്തിയത് ആ കാലഘട്ടത്തിലാണ്. കഥ തീരുമാനിക്കുന്നത് ചാനലായി. അവര്‍ പറയുന്നതായി പിന്നീട് സീരിയലിന്റെ കഥ. സംവിധായകനല്ല ചാനലാണ് ഇന്ന് നിങ്ങള്‍ കാണുന്ന സീരിയലിന്റെ കഥ തീരുമാനിക്കുന്നത്. റേറ്റിങ് മാത്രമായി ലക്ഷ്യം. മുന്‍പ് ഒരു ദിവസം അര എപ്പിഡോഡാണ് ഷൂട്ട് ചെയ്തിരിക്കുന്നതെങ്കില്‍ മൂന്നും നാലും എപ്പിസോഡുകളാണ് ഒറ്റ ദിവസം കൊണ്ട് ഇപ്പോള്‍ ഷൂട്ട് ചെയ്യുന്നത്. യുവാക്കള്‍ ടെലിവിഷന് പകരം സൈബറിടത്തിലേക്ക് മാറിയ മൂന്നാം കാലഘട്ടത്തില്‍ സീരിയല്‍ പ്രവര്‍ത്തകര്‍ അതിജീവിക്കാന്‍ കഷ്ടപ്പെടുകയാണ്. ഈ പോക്കാണെങ്കില്‍ സീരിയലുകള്‍ നാല് വര്‍ഷത്തിനപ്പുറം നിലനില്‍ക്കില്ല. സംവിധായകര്‍ക്കും എഴുത്തുകാര്‍ക്കുമുളള ആവിഷ്‌കാര സ്വാതന്ത്ര്യം തിരികെക്കൊണ്ട് വരിക എന്നതാണ് സീരിയലുകള്‍ നവീകരിക്കപ്പെടാനുള്ള ഏകമാര്‍ഗം-കെ.കെ രാജീവ് പറഞ്ഞു.
ദുഷ്ടന്മാരെ കൊല്ലണം എന്നതാണ് സീരിയലുകള്‍ സൃഷ്ടിക്കുന്ന വികാരമെന്ന് ദൂരദര്‍ശന്‍ സ്ഥാപക ഡയറക്ടര്‍ കെ. കുഞ്ഞികൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ദൂരദര്‍ശന്‍ ആദ്യകാലത്ത് ക്ലാസിക് കഥകളാണ് ദൃശ്യാവിഷകരണമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചത്. മികച്ച പ്രതികരണം ലഭിച്ച നിരവധി സീരിയലുകള്‍ മലയാളത്തിലുണ്ടായിട്ടുണ്ട്. ഇന്ന് അക്രമവും കുടില തന്ത്രവും മാത്രമാണ് സീരിയല്‍ രംഗത്തുള്ളത്. ഇടത്തരക്കാരുടെയും ഉന്നതരുടെയും കഥകള്‍ മാത്രമാണ് ഇന്ന് സീരിയലുകളില്‍. ഇന്നത്തെ സീരിയലുകള്‍ സമൂഹത്തെ ബാധിക്കുന്നുണ്ട്. വിഷയ ദാരിദ്ര്യമല്ല, ലാഭേച്ഛ മാത്രം കൊതിക്കുന്ന ചാനല്‍ മുതലാളിമാരാണ് സീരിയല്‍ രംഗത്തെ തകര്‍ക്കുന്നത്- കെ. കുഞ്ഞികൃഷ്ണന്‍ പറഞ്ഞു
കാണാനാളുണ്ട് എന്നതാണ് അക്രമവിഷയങ്ങളടക്കം കൈകാര്യം ചെയ്യുന്ന സീരിയലുകളെ മുന്നില്‍ നിര്‍ത്തുന്നതിനുള്ള കാരണമെന്ന് എഴുത്തുകാരി ശ്രീപാര്‍വതി അഭിപ്രായപ്പെട്ടു. കാണരുതെന്ന് പ്രേക്ഷകര്‍ തീരുമാനിക്കണം. അങ്ങനെ വരുമ്പോള്‍ റേറ്റിങ് കുറയും, ചാനല്‍ അത്തരം സീരിയലുകള്‍ അവസാനിപ്പിക്കും. സീരിയലുകളില്‍ അല്‍പം ഉച്ചയുയര്‍ത്തി സംസാരിക്കുന്ന, യാത്രചെയ്യുന്ന, പ്രതികരിക്കുന്ന സ്വഭാവക്കാരികളെല്ലാം വില്ലത്തികളാണ്. ശബ്ദമില്ലാത്ത, അടക്കവും ഒതുക്കവും ശീലിച്ച, നാടന്‍ പെണ്‍കുട്ടികള്‍ നായികകമാരും. കേരളത്തിലെ പുതിയതലമുറയിലെ പെണ്‍കുട്ടികള്‍ പക്ഷേ ജീവിതത്തില്‍ അങ്ങനെയല്ല. അവര്‍ക്ക് ശബ്ദമുണ്ട്. പക്ഷേ സീരിയലിലെ മാതൃകാ നായിക ഇപ്പോഴും മാറിയിട്ടില്ല. സിനിമകള്‍ക്ക് കാലം മാറ്റം വരുത്തിയ പോലെ സീരിയലുകള്‍ക്കും സമൂലമായ മാറ്റം വരണം- ശ്രീപാര്‍വതി പറഞ്ഞു.
ചര്‍ച്ചയ്ക്കിടയില്‍ ശ്രീപാര്‍വതി രചിച്ച 'നായിക അഗതാ ക്രിസ്റ്റി' എന്ന പുസ്തകം എഴുത്തുകാരന്‍ ഇന്ദുഗോപന്‍ സംവിധായകന്‍ കെ.കെ രാജീവിന് നല്‍കി പ്രകാശനം ചെയ്തു.
Content Highlights: Mathrubhumi international festival of letters MBIFL2020