'കശ്മീരിനെപ്പറ്റി എഴുതിയപ്പോഴല്ല ഐ.എസിനെ എതിര്‍ത്തെഴുതിയതിനാണ് വിമര്‍ശനമുണ്ടായത്'


പ്രിയന്‍ ആര്‍.എസ്‌

4 min read
Read later
Print
Share

പൗരത്വ നിയമത്തില്‍ വലിയ പ്രതിഷേധങ്ങള്‍ രാജ്യമെമ്പാടും ഉണ്ടാകുന്നു. കശ്മീരിന്റെ കാര്യത്തില്‍ വരുമ്പോള്‍ അത് കശ്മീരികളുടെ പ്രശ്നമായി മാത്രം മാറുന്നു.

ഫോട്ടോ: കെ.കെ.സന്തോഷ്‌

ല്‍ഫ, ഫ്രാന്‍സിസ് ഇട്ടിക്കോര, സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, മാമാ ആഫ്രിക്ക എന്നീ ജനപ്രിയ നോവലുകളുടെ സ്രഷ്ടാവായ ടി.ഡി രാമകൃഷ്ണന്‍ മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ വേദിയില്‍ വെച്ച്‌ മാതൃഭൂമി ഡോട്ട്‌കോമിന് നല്‍കിയ അഭിമുഖം.

പുതിയ നോവലായ അന്ധന്‍ ബധിരന്‍ മൂകന്‍ സമകാലിക കശ്മീരിന്റെ കഥയാണ്. എന്തുകൊണ്ടാണ് കശ്മീര്‍ പ്രമേയമാക്കാന്‍ കാരണം?

ഒരു കശ്മീരി യുവതിയുടെ പത്ത് ദിവസത്തെ ജീവിതമാണ് അന്ധന്‍ ബധിരന്‍ മൂകന്‍ എന്ന നോവലില്‍ പറയുന്നത്. ആഗസ്റ്റ് നാല് ഉച്ച നേരം മുതല്‍ ആഗസ്റ്റ് പതിനാലാം തീയതി പുലരി വരെ ഉള്ള സമയമാണ് ആ നോവലിലെ കഥാ സന്ദര്‍ഭം. പെല്ലറ്റ് ഏറ്റ കുട്ടിയുടെ പശ്ചാത്തലത്തില്‍ ചെയ്യാനിരുന്ന സിനിമയില്‍ നിന്ന് വഴിമാറി വന്ന കഥയാണ് നോവലായി പരിവര്‍ത്തിച്ചത്. സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ ടെലിവിഷനില്‍ കാണുമ്പോള്‍ മനസിലേയ്ക്ക് വന്നത് കശ്മീരിലെ ജനങ്ങളുടെ ജീവിതമായിരുന്നു. ആ ദിവസം കശ്മീരില്‍ നിയന്ത്രണങ്ങള്‍ വന്ന് പത്ത് ദിവസം മാത്രമാണ് ആയിട്ടുണ്ടായിരുന്നത്. ഇന്ത്യ മുഴുവന്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ അവരുടെ ആഘോഷങ്ങള്‍ എങ്ങനെയായിരുന്നിരിക്കും എന്ന് ചിന്തിച്ചു. ഇന്റര്‍നെറ്റും ടിവിയും ഇല്ലാതെ താഴ്വര ഒന്നാകെ പറിച്ചുമാറ്റപ്പെട്ടിരിക്കുന്നു. പിന്നെ അധികം കാണാന്‍ കഴിയാതെ ഞാന്‍ ടിവി ഓഫ് ചെയ്ത് വച്ചു. ജനാധിപത്യരാജ്യമായ ഇന്ത്യയില്‍ എഴുപത് ലക്ഷത്തോളം ഇന്ത്യക്കാര്‍ക്ക് സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. ഈ സാഹചര്യത്തിലാണ് കശ്മീരിനെപ്പറ്റി എഴുതണം എന്നൊരു അവസ്ഥയിലേയ്ക്ക് എത്തിയത്.

ഇന്നത്തെ ഭരണകൂടത്തെ മാത്രമല്ല നമ്മള്‍ കഴിഞ്ഞ എഴുപത് വര്‍ഷമായി കശ്മീരിനോട് ചെയ്ത നീതികേടിനെപ്പറ്റി, അവരെ നമ്മുടെ ഭാഗമാക്കി, അവര്‍ക്ക് ജനഹിത പരിശോധന നടത്താമെന്ന് പറഞ്ഞ് നല്‍കിയ വാഗ്ദാനം. എല്ലാം. അടുത്തിടെ റോയിറ്റര്‍ നടത്തിയ സര്‍വെയില്‍ 90 ശതമാനം പേരും സ്വതന്ത്ര കശ്മീരിനെയാണ് ആഗ്രഹിക്കുന്നത്. നേതാക്കളെയെല്ലാം തടവിലാക്കി പാര്‍ലമെന്റില്‍ പോലും ചര്‍ച്ച ചെയ്യാതെ ഒരു തീരുമാനം എടുക്കുകയായിരുന്നു. ഈ സാഹചര്യങ്ങളിലെല്ലാം രാജ്യം മുന്നോട്ട് പോകുമ്പോള്‍ രണ്ട് കുട്ടികളുടെ അമ്മയായ ഒരു വിധവയുടെ ജീവിത പശ്ചാത്തലത്തിലാണ് കഥ കടന്നുപോകുന്നത്. ഈ കഥ ഫാത്തിമ നിലോഫറിന്റെ കഥയാണ്. ടിഡി രാമകൃഷ്ണന്‍ എഴുതിയെന്ന് മാത്രം. ഫാത്തിമാ നിലോഫര്‍ പട്ടാള പരിശോധനയുടെ ദിവസം നടന്ന ബലാത്സംഗത്തില്‍ ജനിച്ചതാണ്. നിലോഫര്‍ എന്ന അധ്യാപിക പട്ടാളക്കാരാല്‍ ബലാത്സംഗത്തിന് ഇരയാവുകയാണ്. മൂന്ന് പേരാല്‍ റേപ്പ് ചെയ്യപ്പെടുന്ന അവര്‍ക്ക് ആരുടെ മകളാണ് ഫാത്തിമയെന്ന് പോലും അറിയില്ല.

സുഗന്ധി എന്ന ആണ്ടാല്‍ ദേവനായികയ്ക്കും മാമാ ആഫ്രിക്കയ്ക്കും പിന്നാലെ അന്ധന്‍ ബധിരന്‍ മൂകനിലും സ്ത്രീ കേന്ദ്രകഥാപാത്രമാകുന്നു?

സ്ത്രീകള്‍ കേന്ദ്ര കഥാപാത്രമാകുന്ന് മനപ്പൂര്‍വമല്ല. അത് പലപ്പോഴും അങ്ങനെ ആയിത്തീരുന്നതാണ്. എന്നാല്‍ ഫ്രാന്‍സിസ് ഇട്ടിക്കോരയും ആല്‍ഫയും പൂര്‍ണമായും സ്ത്രീകേന്ദ്രീകൃതമല്ല.

സ്ത്രീകഥാപാത്രങ്ങളില്‍ അസാമാന്യമായ ശക്തി നല്‍കിയിട്ടുണ്ടല്ലോ സുഗന്ധിയിലും മാമാ ആഫ്രിക്കയിലും, ഫാത്തിമയും അങ്ങനെയാണോ?

സ്ത്രീ കഥാപാത്രങ്ങളിലെ ശക്തി മാമാ ആഫ്രിക്കയിലും സുഗന്ധി എന്ന ആണ്ടാള്‍ ദേവനായികയിലും കടന്നുവന്നിരിക്കുന്നു. നമ്മുടെ ദൈവ സങ്കല്‍പ്പങ്ങളുടെ പ്രത്യേകത അത് യുക്തിയില്‍ വ്യാഖ്യാനിക്കാവുന്നതല്ല. അതിന് വിശാലമായ തലമുണ്ട്. മനുഷ്യന്‍ ഒരു രക്ഷകനെ അല്ലെങ്കില്‍ രക്ഷകയെ ആഗ്രഹിക്കുന്നു. ഇത് പല രൂപത്തില്‍ പല കാലങ്ങളിലും ഉണ്ടാകുന്നു. മാമ എന്നത് താരയ്ക്ക് ജീവിക്കാന്‍ ശക്തി നല്‍കി. അത് താര തന്നെയാണ്. എന്നാല്‍ മാമ ആഫ്രിക്കയിലും സുഗന്ധി എന്ന ആണ്ടാള്‍ ദേവനായികയിലും അവര്‍ പോരാടി നില്‍ക്കുന്നുണ്ട്. പക്ഷെ കശ്മീരിന്റെ പശ്ചാത്തലത്തില്‍ അവര്‍ നിസ്സഹായരാണ്. വലിയ തോതില്‍ അവര്‍ ദുരന്തങ്ങള്‍ ഏറ്റുവാങ്ങുന്നു. സമാധാനത്തിന് വേണ്ടി പോരാടുന്ന ഫാത്തിമയ്ക്ക് സമാധാനത്തിന്റെ സുരക്ഷിതത്വം കിട്ടാതെ പോകുന്നു. സ്ത്രീയാണ് ലോകത്ത് എല്ലാ യുദ്ധങ്ങളുടെയും ദുരന്തങ്ങളുടെയും ഫലം ഏറ്റുവാങ്ങുന്നത്.

td
അന്ധര്‍ ബധിരര്‍ മൂകര്‍ എഴുതിയപ്പോള്‍ വിമര്‍ശനം ഉണ്ടായോ?

അന്ധര്‍ ബധിരര്‍ മൂകര്‍ ഈ സമയത്ത് എഴുതുന്നത് വളരെ അപകടകരമായ ജോലിയായിരുന്നു. എതിര്‍പ്പുകള്‍ വരുമെന്ന്‌ കരുതിയിരുന്നു എന്നാല്‍ എതിര്‍പ്പുണ്ടായത് എതിര്‍ക്കുമെന്ന് കരുതിയിരുന്നവരില്‍ നിന്നല്ല. ഐഎസിനെ വിമര്‍ശിച്ച് എഴുതിയിരുന്നു. അതുമായി ബന്ധപ്പെട്ട ചിലരാണ് ഫാസിസത്തിനെതിരായ നീക്കങ്ങളെ ഈ വിമര്‍ശനങ്ങള്‍ ദുര്‍ബലപ്പെടുത്തും എന്ന വാദവുമായി എത്തിയത്. അവര്‍ ഐഎസ് ആണോ എന്നെനിക്കറിയില്ല.

എന്നാല്‍ അക്രമം അതാര് ചെയ്താലും അക്രമം തന്നെയാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എല്ലാ കാലത്തും എഴുത്തുകാരന്റെ പക്ഷം അക്രമത്തിന് എതിരാണ്. അത് ശ്രീലങ്കയെപ്പറ്റിയായാലും ഉഗാണ്ടയെപ്പറ്റിയായാലും കശ്മീരിനെപ്പറ്റിയായാലും. ശ്രീലങ്കയെപ്പറ്റി എഴുതുമ്പോഴും ഉഗാണ്ടയെപ്പറ്റി എഴുതുമ്പോഴും കശ്മീരിനെപ്പറ്റി എഴുതുമ്പോഴും അത് ഇന്ത്യയെപ്പറ്റി തന്നെയാണ്. മനുഷ്യനെപ്പറ്റിയാണ്. മനുഷ്യന്‍ ഈ അക്രമങ്ങളുടെ ദുരന്തങ്ങള്‍ ഏറ്റുവാങ്ങേണ്ടിവരുന്ന അവസ്ഥയാണ്.

പൗരത്വ നിയമ ഭേദഗതി വരുന്നത് കശ്മീരിലെ പ്രത്യേക അവകാശം എടുത്തുകളഞ്ഞതിന് ശേഷമാണ്. പൗരത്വ നിയമത്തില്‍ വലിയ പ്രതിഷേധങ്ങള്‍ രാജ്യമെമ്പാടും ഉണ്ടാകുന്നു. കശ്മീരിന്റെ കാര്യത്തില്‍ വരുമ്പോള്‍ അത് കശ്മീരികളുടെ പ്രശ്നമായി മാത്രം മാറുന്നു. ഇടപെടേണ്ടതല്ലെന്ന തോന്നല്‍ ഇവിടെയുണ്ട്. അതല്ലെങ്കില്‍ ഇടപെടാന്‍ അപകടമുള്ളതാണെന്നോ ഉള്ളതോന്നല്‍. എന്നാല്‍ അത് പറയാനുള്ള ഉത്തരവാദിത്തം എഴുത്തുകാരനെന്ന നിലയില്‍ ഉണ്ട്. അത് പറയേണ്ടതാണ്. ശ്രീലങ്കയെപ്പറ്റി എഴുതാനും കാരണവും ഇതാണ്. തിരുവനന്തപുരത്ത് നിന്ന് എന്റെ വീട്ടിലേയ്ക്കുള്ള ദൂരത്തിലും കുറവാണ് ശ്രീലങ്കിയിലേയ്ക്ക്. അവിടെ നടക്കുന്നത് നമ്മള്‍ ചര്‍ച്ച ചെയ്യുന്നില്ല. ഇറാഖിലും ഗാസയിലും നടക്കുന്നത് ചര്‍ച്ച ചെയ്യുന്നുണ്ട് നമ്മള്‍, അതിനെപ്പറ്റി ചര്‍ച്ച ചെയ്യേണ്ട എന്നല്ല. പക്ഷെ നമുക്ക് തൊട്ടടുത്തുള്ള, നമുക്ക്‌ പല തരത്തിലും ബന്ധമുള്ള ഒരു പ്രദേശത്തെക്കുറിച്ച് കാര്യമായി ഇടപെടണം.

പിന്തുണയ്ക്കപ്പെടാത്തതിന് കാരണം എല്‍ടിടിഇ ആണ്. ഇതേക്കുറിച്ച്‌ സംസാരിച്ചാല്‍ നമ്മള്‍ എല്‍ടിടിഇക്കാരായി മാറുമോ അതല്ലെങ്കില്‍ അതിനോട് ബന്ധപ്പെടുത്തുമോ, കശ്മീര്‍ പ്രശ്നത്തെക്കുറിച്ച് പറയുമ്പോള്‍ ഭീകരവാദത്തിനൊപ്പം ചേര്‍ക്കപ്പെടുമോ എന്ന് ചിന്തിക്കേണ്ടി വരുന്നു. ഒരു ഭീകരതയെയും നമ്മള്‍ പിന്താങ്ങുന്നില്ല. പക്ഷെ അവിടുത്തെ മനുഷ്യ അവസ്ഥകള്‍ ചര്‍ച്ച ചെയ്തില്ലെങ്കില്‍ അത് വലിയ തെറ്റാണ്.

കശ്മീരി യുവതി ഈ പ്രശ്നത്തെ എങ്ങനെ കാണുന്നു, അവളുടെ കാഴ്ച എന്താണ്, അനുഭവം എന്താണ് എന്നാണ് പറയുന്നത്. ബലാത്സംഗത്തില്‍ ജനിക്കുന്ന ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലൂടെയാണ് അന്ധന്‍ ബധിരന്‍ മൂകന്‍ കടന്നുപോകുന്നത്. പട്ടാളക്കാരാല്‍ ബലാത്സംഗം ചെയ്യപ്പെട്ട് ജനിച്ച അവളുടെ അച്ഛന്‍ ഒരു കപൂറോ നായരോ സിങ്ങോ ആയിരിക്കാം. ആരാണെന്ന് അറിയില്ല. ആരാണെന്ന് പറയാന്‍ കഴിയാത്ത അവസ്ഥ.

എഴുപത് ലക്ഷം ജനങ്ങള്‍ക്ക് ഏഴ് ലക്ഷം പട്ടാളക്കാരെയാണ് വിന്യസിക്കുന്നത്. വലിയ തുക ചെലവാക്കുന്നു. പട്ടാളത്തില്‍ നിരവധി പേര്‍ കഷ്ടപ്പെടുന്നു. ഇതുമുഴുവന്‍ ജനാധിപത്യപരമായ ഒരു കാര്യത്തില്‍ നമ്മള്‍ വരുത്തിയ വീഴ്ചയാല്‍ സംഭവിക്കുന്നതാണ്. യൂറോപ്യന്‍ യൂണിയന്‍ രണ്ടാം ലോക യുദ്ധത്തിനും ശീതയുദ്ധത്തിനും ശേഷം ഉണ്ടാകുന്നതാണ്. രാഷ്ട്രങ്ങളുടെ തിരിച്ചറിവായിരുന്നു അത് ഇനി അന്യോന്യം യുദ്ധം വേണ്ട എന്ന്. ഇന്ത്യയും പാകിസ്താനും ബംഗ്ലാദേശുമെല്ലാം ഒരേ സംസ്‌കാരം പിന്തുടരുന്നവരാണ്. പരസ്പര സൗഹാര്‍ദ്ദത്തോടെ നല്ല രീതിയില്‍ എന്തുകൊണ്ട് നമുക്ക് കഴിയാനാകുന്നില്ല.

ഇറ്റലിക്കും ഫ്രാന്‍സിനും സാധ്യമായത് എന്തുകൊണ്ട് നമുക്ക് സാധ്യമല്ല. പ്രാഗില്‍ നിന്ന് ഒരു ട്രെയിനില്‍ കയറി ബെര്‍ലിനിലേയ്ക്ക് പോകാനാകും. ആ വഴി എന്തുകൊണ്ടാണിവിടെ തിരിച്ചറിയാത്തത്. വിലകുറഞ്ഞ ദേശീയവാദം മാറ്റിവച്ച് ഈ രാജ്യങ്ങളില്‍ ഇപ്പോഴുള്ള അതിര്‍ത്തികളെ നിലനിര്‍ത്തി പരസ്പര ബഹുമാനത്തോടുകൂടി കഴിയാവുന്നതാണ് ഇത്. അതിന് ഒരു രാഷ്ട്രീയ ഇച്ഛാശക്തിയാണ് വേണ്ടത്. അങ്ങനെയൊരു തീരുമാനമെടുക്കുന്ന ഭരണാധികാരി അറിയപ്പെടാതെ പോയേക്കാം. കാരണം പ്രശസ്തനാകുന്നത് അധികവും വെറുപ്പിലൂടെയാണ്. വെരുപ്പ് വില്‍ക്കാന്‍ എളുപ്പമാണ്. സ്നേഹം അതുപോലെയല്ല. കൂടുതല്‍ മനുഷ്യത്വത്തോടെ പെരുമാറാന്‍ നമുക്കാകണം. പെല്ലറ്റുകള്‍ കൊണ്ട് കാഴ്ച നഷ്ടപ്പെടുത്തിയ കുട്ടികളുടെ പ്രായം പതിമൂന്നും പതിനാലും പന്ത്രണ്ടുമാണ്. വലിയ ഭീകരനെ വധിച്ചു എന്ന പറയുന്നത് പതിനഞ്ചോ പതിനാറോ വയസുള്ള കുട്ടികളെയാണ്. അവര്‍ എങ്ങനെ ആ അവസ്ഥയില്‍ എത്തി. നമുക്ക് എവിടെയോ വലിയ പാളിച്ച പറ്റുന്നുണ്ട്. നമുക്ക് അവരെ വിശ്വാസത്തിലെടുക്കാന്‍ കഴിയുന്നില്ല. അതിനുകാരണം അവര്‍ വഞ്ചിതരായി എന്ന തോന്നലാണ്. അതാണ് അധികം പേരിലും. അതാണ് പുസ്തകത്തില്‍ ചര്‍ച്ച ചെയ്തതില്‍ അധികവും.

എന്താണ് പുതിയ എഴുത്ത്?

എന്റെ റയില്‍വെ ജീവിതവുമായി ബന്ധപ്പെട്ട ഒരു രചനയിലാണ് ഇപ്പോള്‍. അതിനിടയ്ക്കാണ് അന്ധര്‍ ബധിരര്‍ മൂകര്‍ കടന്നുവരുന്നത്.

Content Highlights: TD Ramakrishnan MBIFL 2020 Sugandhi Enna Andal Devanayaki Andhar Badhirar Mookar

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram