'എഴുത്തിന് ആദ്യം പ്രാഥമികാവശ്യങ്ങള്‍ നിറവേറണം, വിശന്നുകൊണ്ട് ഭാവനാലോകത്ത് വിരാജിക്കാനാവില്ല'


ഷബിത

4 min read
Read later
Print
Share

ശാസ്ത്രീയമായി ഡി.എന്‍.എ പരിശോധിച്ചാല്‍ എല്ലാവരും ഒരൊറ്റ തായ്‌വേരില്‍ നിന്നും വന്നവരാവാം. പക്ഷേ രാഷ്ട്രീയമായി മത്സരം നിലനില്‍ക്കുമ്പോള്‍ ഇതെല്ലാം വെവ്വേറെ എടുത്തുപിടിച്ചാലല്ലേ അവര്‍ക്കു ഗുണമുണ്ടാകുകയുള്ളൂ.

-

ക്ഷരങ്ങളില്‍ കോര്‍ത്തെടുത്തതാണ് കേരളത്തിനും ശ്രീലങ്കയ്ക്കുമിടയിലുള്ള നയതന്ത്രം. കടലിനപ്പുറത്തെ വിദൂര വിസ്മയത്തെ ഐതിഹ്യത്തിലൂടെയും രക്തപങ്കിലമായ ഭൂതകാലത്തിലൂടെയും മാത്രമല്ല, ആ ചരിത്രവും ഭൂമിശാസ്ത്രവും വരച്ചിട്ട എഴുത്തിലൂടെക്കൂടിയാണ് മലയാളം അടുത്തറിഞ്ഞത്. എം.ടി കാണിച്ചുതന്ന കഡുഗണ്ണാവയിലൂടെയും ഡോ.രജനി, തിരണഗാമ, ദേവനായകി എന്നിവരിലൂടെ ടി.ഡി.രാമകൃഷ്ണന്‍ വരച്ചിട്ട ചരിത്രസന്ധികളിലൂടെയുമൊക്കെയായിരുന്നു നമ്മുടെ അക്ഷരബന്ധനം. ലങ്ക പോലെ തന്നെ ലങ്കന്‍ സാഹിത്യവും അങ്ങനെ മലയാളത്തിന്റെ നെഞ്ചോട് ഒട്ടിനിന്നു. ആത്മബന്ധത്തിന്റെ ഈ സേതുവിലൂടെയാണ് രൊമേഷ് ഗുണശേഖര എന്ന ലങ്കന്‍ എഴുത്തുകാരന്‍ മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന് വിരുന്നെത്തിയത്. ലങ്കന്‍ രാഷ്ട്രീയത്തെക്കുറിച്ച്, എഴുത്തിനെക്കുറിച്ച് തികഞ്ഞ ഉള്‍ക്കാഴ്ചയുണ്ട് മങ്ക്ഫിഷ് മൂണ്‍, സണ്‍കാച്ചര്‍, ദി മാച്ച്, ദി സാന്‍ഡ്ഗ്ലാസ്, നൂണ്‍ ടൈഡ് ടോള്‍, റോഡ് കില്‍ എന്നിവ എഴുതി നമ്മളെ വിസ്മയിപ്പിച്ച ഗുണശേഖരയ്ക്ക്‌. ഈ രാഷ്ട്രീയത്തെക്കുറിച്ചും എഴുത്തിനെക്കുറിച്ചുമാണ് അദ്ദേഹം സംസാരിക്കുന്നത്.

ശ്രീലങ്കയുടെ പ്രതിനിധിയായി ഇവിടെ കേരളത്തില്‍ മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ പങ്കെടുക്കുമ്പോള്‍ എന്തുതോന്നുന്നു?

വളരെ മഹത്തായ സാഹിത്യപാരമ്പര്യമുള്ള ഒരു രാജ്യമാണ് ശ്രീലങ്ക. മൂന്നു ഭാഷകളാണ് പ്രധാനമായും സാഹിത്യത്തിലും സംസ്‌കാരത്തിലും ശ്രീലങ്കയില്‍ സ്ഥാനമുറപ്പിച്ചിരിക്കുന്നത്. ഇംഗ്ലീഷ്, സിംഹള പിന്നെ തമിഴും. ഞാന്‍ കുറച്ചുകാലമായി ബ്രിട്ടനിലാണ് താമസം. അതുകൊണ്ടുതന്നെ എന്റെ എഴുത്ത് ഇംഗ്ലീഷിലാണെങ്കിലും ഞാന്‍ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍ എന്റെ രാജ്യത്തിന്റെതാണ്. 1870 കളിലാണ് ഇംഗ്ലീഷ് ഭാഷ ശ്രീലങ്കയില്‍ സ്ഥാനമുറപ്പിച്ചത്. ആദ്യമായി ഒരു ഇംഗ്ലിഷ് പത്രം ഇറക്കിക്കൊണ്ടായിരുന്നു ആ ഭാഷാവിപ്ലവം. കോളനിവത്ക്കരണത്തിന്റെ ഭാഗമായിട്ടുതന്നെ സംഭവിച്ചതാണ്. 1900 മുതല്‍ 1970 വരെ ശ്രീലങ്കന്‍ ഇംഗ്ളീഷ് എഴുത്തുകാരുടെ ഒരു വിഭാഗം തന്നെ ഉണ്ടായിരുന്നു. അവരില്‍ രണ്ടോ മൂന്നോ പേര്‍ മാത്രമാണ് ശ്രീലങ്കയ്ക്ക് പുറത്ത് പുസ്തകം പ്രസാധനം ചെയ്തത്. പക്ഷേ ഇന്ന് അങ്ങനെയല്ല. സാഹിത്യമിഷ്ടപ്പെടുന്നവര്‍ അതിന്റെ സാധ്യതകള്‍ അന്വേഷിച്ചുകണ്ടെത്തി. ഇപ്പോള്‍ ധാരാളം ശ്രീലങ്കന്‍ എഴുത്തുകാര്‍ രാജ്യാന്തര പ്രസിദ്ധീകരണങ്ങളുടെയും പ്രസാധകരുടെയും ഇഷ്ടപ്പെട്ട എഴുത്തുകാരാണ്. അതിന്റെ ഉത്തമ ഉദാഹരണമാണ് ഞാനുള്‍പ്പെടെയുള്ള എഴുത്തുകാര്‍ മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഭാഗമായത്.

ഞങ്ങള്‍ക്ക് ശ്രീലങ്കയെന്നാല്‍ തമിഴ്നാട്ടില്‍ നിന്നും ഒരടി കൂടി കടന്നാല്‍ എത്തിപ്പെടാവുന്ന രാജ്യമാണ്.

ഇന്ത്യയ്ക്കും ചൈനയ്ക്കും ഒരുപോലെ രാഷ്ട്രീയതാല്പര്യമുള്ള രാജ്യമാണ് ശ്രീലങ്ക. സാമ്പത്തികമായും. ദക്ഷിണേന്ത്യന്‍ ആഹാരരീതികളുമായി ഞങ്ങള്‍ക്ക് നല്ല ബന്ധമുണ്ട്. വസ്ത്രധാരണത്തിലും അത് പ്രകടമാണ്. ഞങ്ങളും സാഹിത്യോത്സവങ്ങളും ചര്‍ച്ചകളുമൊക്കെ സംഘടിപ്പിക്കാറുണ്ട്. എഴുത്ത് എന്നത് ആളുകള്‍ക്ക് താത്പര്യമുള്ള ഒരു മേഖലയായി ഉയര്‍ന്നുവന്നിട്ടുണ്ട്. അടുത്തകാലങ്ങളിലായി സംഭവിച്ച മാറ്റങ്ങളാണിതൊക്കെ. ഞങ്ങള്‍ക്കു പറയാന്‍ നീണ്ടകാലത്തെ യുദ്ധചരിത്രങ്ങളുണ്ടല്ലോ. അതുകൊണ്ടുതന്നെ എല്ലാവരും തുടക്കത്തില്‍ എഴുതിയിരുന്നത് യുദ്ധത്തെക്കുറിച്ചായിരുന്നു.

പക്ഷേ ഇന്ന് അങ്ങനയല്ല. ഇന്ന് ശ്രീലങ്കന്‍ സാഹിത്യം കൊണ്ടാടുന്നത് ജനജീവിതങ്ങളെക്കുറിച്ചുള്ള ആഖ്യായികകളിലൂടെയാണ്. വളരെ മഹത്തായ പാരമ്പര്യമുള്ള, ജീവിതപശ്ചാത്തലമുള്ള, വ്യത്യസ്ത സംസ്‌കാരങ്ങളുടെ സംഗമഭൂമിയാണ് ശ്രീലങ്ക. ഒരു രചനയ്ക്കാവശ്യമായ എല്ലാ ചേരുവകളും ഞങ്ങള്‍ക്കുണ്ട്. പോരാത്തതിന് സിംഹളയിലേയും തമിഴിലേയും കൃതികള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തുവരാനും തുടങ്ങി. അതോടെ ലോകശ്രദ്ധപിടിച്ചുപറ്റാനും ശ്രീലങ്കന്‍ സാഹിത്യത്തിന് കഴിഞ്ഞു.

സിംഹളര്‍ തമിഴര്‍ക്കുമേല്‍ ആധിപത്യം തുടരുന്നതും തമിഴര്‍ വിമോചനത്തിനായി പടപൊരുതിക്കൊണ്ടിരിക്കുന്നതുമായ ഒരു രാജ്യമാണ് എന്ന് പറയാമോ?

ആളുകള്‍ എങ്ങനെയാണ് വ്യത്യസ്തരായിരിക്കുന്നത് എന്നതിനെക്കുറിച്ച് ധാരാളം കെട്ടുകഥകളും ഐതിഹ്യങ്ങളുമുണ്ടല്ലോ. ഏതാണ്ടെല്ലാവരും ഒരേ ഭക്ഷണമാണ് കഴിക്കുന്നത്. ഒരേ യാത്രാമാര്‍ഗമാണ് ഉപയോഗിക്കുന്നത്. ആളുകളുടെ ആചാരത്തിലും വിശ്വാസത്തിലും വ്യത്യാസമുണ്ടാവും. അത് സ്വാഭാവികമല്ലെന്ന് ഇന്ത്യയില്‍ ജീവിക്കുന്ന നിങ്ങള്‍ക്ക് പറയാന്‍ കഴിയില്ല. ബാക്കിയെല്ലാം രാഷ്ട്രീയമാണ്. രാഷ്ട്രീയപാര്‍ട്ടികള്‍ അവസരോചിതമായി ഉണ്ടാക്കുന്ന പ്രശ്നങ്ങളാണ്. ഭാഷാപരമായും സാംസ്‌കാരികമായും മതപരമായും തമിഴരും സിംഹളരും തമ്മില്‍ വ്യത്യാസമുണ്ട്. ഭാഷയുടെ അടിവേര് ചികഞ്ഞാല്‍ തമിഴ് ദ്രാവിഡഭാഷയില്‍ നിന്നും സിംഹള സംസ്‌കൃതത്തില്‍ നിന്നും ഉരുത്തിരിഞ്ഞതാണ്. മതപരമായി തമിഴര്‍ ഹിന്ദുക്കളും സിംഹളര്‍ ബുദ്ധരുമാണ്. പക്ഷേ രണ്ടുപക്ഷത്തും ക്രിസ്ത്യാനികളുണ്ട്, മുസ്ലീങ്ങളുമുണ്ട്. പക്ഷേ ഇതൊന്നും ഒരു സംഘര്‍ഷത്തിലേക്ക് നയിക്കാന്‍ തക്കതായ കാരണങ്ങളുള്ളവയല്ല. ശാസ്ത്രീയമായി ഡി.എന്‍.എ പരിശോധിച്ചാല്‍ എല്ലാവരും ഒരൊറ്റ തായ്‌വേരില്‍ നിന്നും വന്നവരാവാം. പക്ഷേ രാഷ്ട്രീയമായി മത്സരം നിലനില്‍ക്കുമ്പോള്‍ ഇതെല്ലാം വെവ്വേറെ എടുത്തുപിടിച്ചാലല്ലേ അവര്‍ക്കു ഗുണമുണ്ടാകുകയുള്ളൂ.

Romesh Gunesekera

ശ്രീലങ്കയുടെ സമ്പത്ത് അവിടുത്തെ സാംസ്‌കാരിക പ്രവര്‍ത്തനത്തെ പോഷിപ്പിക്കാന്‍ ഉതകുന്നതാണോ?

മധ്യവര്‍ഗങ്ങള്‍ താമസിക്കുന്ന, ഇടത്തരം വരുമാനമാര്‍ഗമുള്ള രാജ്യമാണ് ശ്രീലങ്ക. ലോകത്തെല്ലായിടത്തും സംഭവിക്കുന്നതുപോലെയുള്ള സാമ്പത്തിക പ്രതിസന്ധികളൊക്കെ ഞങ്ങള്‍ക്കും ഉണ്ടാവാറുണ്ട്. സാമ്പത്തികമേഖല പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതാണല്ലോ. കൊറോണ വൈറസ് ഭീതിയുള്ളപ്പോള്‍ ലോകകമ്പോളത്തില്‍ സംഭവിക്കുന്ന കാര്യങ്ങളടെ പ്രതിഫലനം ശ്രീലങ്കയിലും ഉണ്ടാവും. കാരണം വരുമാനത്തിന്റെ വലിയ ഒരുഭാഗം വിനോദസഞ്ചാരത്തില്‍ നിന്നും വരുന്നതാണ്.

ശ്രീലങ്കയിലെ സ്ത്രീപക്ഷ എഴുത്തുകള്‍, പ്രസ്ഥാനങ്ങള്‍ തുടങ്ങിയവയെക്കുറിച്ച്?

അതിശക്തരായ സ്ത്രീകളുള്ള നാടാണ് ശ്രീലങ്ക. ആജ്ഞാശക്തിയുള്ള രാഷ്ട്രീയക്കാരുണ്ടായിരുന്നു അവരില്‍. സിരിമാവോ ബന്ധാരനായകെ, ചന്ദ്രികാ കുമാരതുംഗെ തുടങ്ങിയവരുടെ രാഷ്ട്രീയപാരമ്പര്യം നിലനിര്‍ത്തുന്ന സ്ത്രീകള്‍ ഇപ്പോഴുമുണ്ട്. യുദ്ധകാലത്ത് വളരെ സജീവമായിരുന്നു അമ്മമാരുടെ സംഘടന. മദേഴ്സ് ഫ്രണ്ട് ഓഫ് ശ്രീലങ്ക എന്ന പേരില്‍ അതിശക്തമായിരുന്നു അവരുടെ പ്രവര്‍ത്തനങ്ങള്‍. ജനാധിപത്യത്തിന്റെ കയ്യിലാണ് ഭാവിയിലെ ഇതിന്റെയെല്ലാം പ്രവര്‍ത്തനങ്ങള്‍.

ശ്രീലങ്കയിലെ സാഹിത്യമേധാവിത്തം ആര്‍ക്കാണ്?

ശ്രീലങ്കയിലെ സാഹിത്യമേധാവിത്തം സിംഹളരുടെ കയ്യിലാണ്. മറ്റ് മേഖലകളിലെന്നതുപോലെ അവിടുത്തെ ജനസംഖ്യയിലും കൂടുതല്‍ സിംഹളരാണല്ലോ. പക്ഷേ അവിടെ തമിഴ്കവിതകളും ഫോക്‌ലോറുകളും മറ്റ് സമിഴ് സാഹിത്യരൂപങ്ങളും സജീവമാണ്. രണ്ടുവിഭാഗത്തിലുംപെട്ടവര്‍ സാഹിത്യത്തിനും സംസ്‌കാരത്തിനും തങ്ങളാല്‍ കഴിയുന്ന സംഭാവനകള്‍ നല്കുന്നുണ്ട്. തമിഴ് സാഹിത്യം കൂടുതലും ശ്രദ്ധകൊടുക്കുന്നത് കവിതയിലാണ്. അതേസമയം സിംഹളര്‍ ലേഖനങ്ങളും ആഖ്യായികകളും നാടകങ്ങളും സിനിമകളും തങ്ങളുടെ വിനിമയോപാധിയാക്കിമാറ്റിയിട്ടുണ്ട്. ബൗദ്ധികസ്വത്ത് എന്നൊക്കെ സാഹിത്യത്തെ വ്യാഖ്യാനിക്കുമ്പോള്‍ രണ്ടുകൂട്ടരുടെയും പങ്ക് തുല്യമാണ്.

ദ മാച്ച് എന്ന താങ്കളുടെ നോവല്‍ ക്രിക്കറ്റിനെക്കുറിച്ചാണ് പറയുന്നത്. ശ്രീലങ്കയെക്കുറിച്ചുപറയുമ്പോള്‍ ക്രിക്കറ്റിനെ മാറ്റിനിര്‍ത്താന്‍ കഴിയില്ലല്ലോ.

ക്രിക്കറ്റ് പ്രമേയമായി വരുന്ന ആധുനികനോവലുകളിലൊന്നാണ് ദ മാച്ച്. 2006-ലാണ് പ്രസിദ്ധീകരിച്ചത്. ലോകത്തിലെ മികച്ച പത്തു ക്രിക്കറ്റ് നോവലുകളില്‍ ഒന്നായി ദ മാച്ചിനെ തിരഞ്ഞെടുത്തു. ശ്രീലങ്കക്കാര്‍ ക്രിക്കറ്റിനെ നെഞ്ചോടുചേര്‍ത്തുവക്കുന്നവരാണ്. ലോകമെമ്പാടും ആരാധകരുണ്ട് ഞങ്ങളുടെ കളിക്കാര്‍ക്ക്.

വര്‍ഷങ്ങളായി താങ്കള്‍ വിദേശത്താണ് താമസിക്കുന്നത്. ശ്രീലങ്കയുടെ സാംസ്‌കാരികോന്നമനത്തിനായി ഇനിയുള്ളകാലം അവിടെത്തന്നെ ചെലവഴിക്കേണ്ടതുണ്ട് എന്ന് തോന്നാറില്ലേ?

എന്റെ രാജ്യവുമായി എനിക്ക് വളരെയടുത്ത ബന്ധം തന്നെയാണുള്ളത്. ശ്രീലങ്കയെ പ്രതിനിധാനം ചെയ്തുകൊണ്ടാണ് ഞാനിപ്പോള്‍ നിങ്ങളുടെ മുന്നില്‍ നില്ക്കുന്നതുതന്നെ. പക്ഷേ ഇന്നത്തെകാലത്ത് നമ്മള്‍ എവിടെ ജീവിക്കുന്നു എന്നത് അത്ര കാര്യമാത്രപ്രസക്തിയുള്ള ഒന്നായിട്ട് എനിക്ക് തോന്നിയിട്ടില്ല. വായനക്കാരുമായി സംവദിക്കാന്‍ എവിടെയായാലും സാധിക്കും. എന്റെ ഭാവനയും ഭാവുകത്വവും ശ്രീലങ്കന്‍ യാഥാര്‍ഥ്യവുമായി ഇഴകലര്‍ന്നിട്ടുള്ളവയാണ്. ഭൗമശാസ്ത്രപരമായി ശ്രീലങ്ക ചെറിയൊരു ദ്വീപായിരിക്കാം പക്ഷേ ലോകത്തെല്ലായിടത്തും ശ്രീലങ്കക്കാര്‍ ജോലിചെയ്യുന്നുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ലോകം മുഴുവന്‍ എന്റെതുകൂടിയാണ്. അതുകൊണ്ടുതന്നെ ചിലപ്പോള്‍ എന്റെ കഥകള്‍ ഇന്ത്യയെക്കുറിച്ചാകാം, ഫ്രാന്‍സിനെക്കുറിച്ചാകാം.

മലയാളസാഹിത്യത്തില്‍ സിലോണും കൊളമ്പും ചിരപരിചിതമായ സ്ഥലങ്ങളാണ്. കടുഗണ്ണാവയെ ഞങ്ങള്‍ക്കു പരിചയപ്പെടുത്തിത്തന്നത് എംടി വാസുദേവന്‍ നായരാണ്. സുഗന്ധി എന്ന് ആണ്ടാള്‍ ദേവനായകിയെ ടി.ഡി രാമകൃഷ്ണനാണ് മലയാളവായനക്കാര്‍ക്ക് സമ്മാനിച്ചത്.

ഇന്ത്യയുടെ മൂക്കുത്തി പോലെയാണ് ശ്രീലങ്ക. നമ്മള്‍ തമ്മില്‍ സാംസ്‌കാരികമായും വ്യാപാരപരമായും നീക്കുപോക്കുകള്‍ പണ്ടേയുള്ളതാണല്ലോ. ടി.ഡിയുടെ നോവല്‍ വളരെ ആഴത്തില്‍ത്തന്നെ ശ്രീലങ്കന്‍ ജീവിതവും സംസ്‌കാരവും വിവരിക്കുന്നുണ്ട്.

എഴുത്ത് സാധ്യമാകണമെങ്കില്‍ ആദ്യം നിങ്ങളുടെ പ്രാഥമികാവശ്യങ്ങള്‍ നിറവേറിയിരിക്കണം. വിശന്നു കൊണ്ട് ഒരിക്കലും നിങ്ങള്‍ക്ക് ഭാവനാ ലോകത്ത് വിരാജിക്കാനാവില്ല. ഒരു രാജ്യത്തിന്റെ സാംസ്‌കാരികാഭിവൃദ്ധി ആ രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരതയുമായി ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങള്‍ വിശപ്പ് ശമിപ്പിക്കുന്നതു പോലെത്തന്നെയാണ് വിദ്യാഭ്യാസം നേടുന്നതും. ലോകത്ത് ലക്ഷം കോടി ജനങ്ങള്‍ ഇപ്പോഴും പ്രാഥമിക വിദ്യാഭ്യാസം നേടാത്തവരാണ്. അവരുടെയൊക്കെ ഉള്ളിലും സര്‍ഗാത്മകതയുണ്ട്. പക്ഷേ അത് പ്രകാശിപ്പിക്കാനുള്ള മാധ്യമം അവര്‍ക്കന്യമാണ്. ഈ അസ്ഥ ശ്രീലങ്കയിലുമുണ്ട്. എന്റെ ഭാഗ്യമായി ഞാന്‍ കരുതുന്നത് വിദ്യാഭ്യാസം ലഭിച്ചു എന്നത് തന്നെയാണ്. അതുകൊണ്ടാണ് എനിക്ക് എഴുത്തുകാരനാവാന്‍ കഴിഞ്ഞത്. സാക്ഷരതയിലൂടെയാണ് നാം സ്വതന്ത്രരും സ്വസ്ഥതയുള്ളവരുമാവേണ്ടത്. കേരളത്തില്‍ ഇങ്ങനെയൊരു അവസരത്തില്‍ ഇരിക്കുമ്പോള്‍ ഞാന്‍ അത്ഭുതപ്പെടുന്നത് നിങ്ങളുടെ ഉയര്‍ന്ന സാക്ഷരതാനിരക്ക് കണ്ടിട്ടാണ്. അതു കൊണ്ടു തന്നെയാണ് നിങ്ങള്‍ ഇത്രകണ്ട് സാഹിത്യ തല്പരരാവുന്നതും.

ശ്രീലങ്ക ചെറിയൊരു ദ്വീപാണ്. ഒരു രാജ്യം നേരിടുന്ന എല്ലാ വിധ പ്രശ്നങ്ങളും ഞങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. സാമ്പത്തിക മാന്ദ്യം, രാഷ്ട്രീയ പ്രശ്നങ്ങള്‍, തീവ്രവാദം, വിവേചനങ്ങള്‍... എല്ലാം ഞങ്ങള്‍ക്കും ബാധകമാണ്. രാജീവ് ഗാന്ധി വധത്തെ ശ്രീലങ്കയോട് ചേര്‍ത്ത് വായിക്കുന്നതും തമിഴ് തീവ്രവാദത്തെ മദ്രാസുമായി ബന്ധപ്പെടുത്തി വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതുമൊക്കെയാണ് നമുക്കിടയിലുള്ള ദൗര്‍ഭാഗ്യങ്ങള്‍.

Content Highlights: Romesh Gunesekera Srilankan Literature MBIFL2020

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram