കാരള്‍ ഐസക്‌സ് ഒരു ബഹുമുഖ പ്രതിഭയാണ്. പിയാനോ, കീബോര്‍ഡ്, അക്കോര്‍ഡിയന്‍ എന്നിങ്ങനെ പല സംഗീത ഉപകരണങ്ങള്‍ വായിക്കുന്ന സംഗീതജ്ഞ. അതിലുപരി ഒരു കാര്‍ട്ടൂണിസ്റ്റും. സംഗീതത്തെ പ്രണയിക്കുന്ന കാരള്‍ തന്റെ ജീവിതം ആരംഭിക്കുന്നത് ഒരു സംഗീതജ്ഞയായിട്ടാണ്. നാലു വയസുള്ളപ്പോള്‍ പിയാനോ വായിക്കാന്‍ തുടങ്ങിയ കാരളിന് തന്റെ മേഖല സംഗീതവുമായി ബന്ധപ്പെട്ടതായിരിക്കുമെന്നുറപ്പായിരുന്നു.
'എന്റെ മാതാപിതാക്കള്‍ എന്നോട് പറഞ്ഞിട്ടുണ്ട്, ഞാന്‍ കുഞ്ഞായിരുന്നപ്പോള്‍ അയല്‍വീട്ടിലെ പിയാനോ വായിക്കുമായിരുന്നെന്ന്. ചിലപ്പോള്‍ സംഗീതമാണ് എന്റെ ജീവിതം എന്ന് പറയാം.'
എങ്കിലും പാട്ടിന്റെ വഴി തിരഞ്ഞെടുത്തത് ഒരു തൊഴിലിനു വേണ്ടിയാണെന്ന് തുറന്ന് സമ്മതിക്കുന്നു കാരള്‍. ഇന്ന് അവര്‍ ഐറിഷ് ഗായിക സീനായ്ഡോ കോണോറിനെ പോലുള്ളവരുടെ അന്താരാഷ്ട്ര ബാന്‍ഡുകള്‍ക്കൊപ്പവും അമേരിക്കന്‍-യൂറോപ്യന്‍ സംഗീതത്തിന് വേണ്ടിയും പ്രവര്‍ത്തിക്കുന്ന ഒരു പ്രൊഫഷണല്‍ സംഗീതജ്ഞയാണ്. ഇംഗ്ലണ്ടില്‍ ജീവിക്കുന്ന കാരളിന് അവിടത്തെ സംഗീത പാരമ്പര്യത്തെ കുറിച്ച് പഠിക്കാനും ആഗ്രഹമുണ്ട്.
കുറച്ച് വൈകിയാണെങ്കിലും സംഗീതം മാത്രമല്ല, വരയും തന്റെ മേഖലയാണെന്ന് കാരള്‍ തിരിച്ചറിഞ്ഞു. തികച്ചും ആകസ്മികമായാണ് അവര്‍ വരയ്ക്കാന്‍ തുടങ്ങിയതെങ്കിലും അത് എത്തിനിന്നത് അവരുടെ ആദ്യ ഓര്‍മക്കുറിപ്പിന്റെ പിറവിയിലാണ്. വരകളിലൂടെ അവര്‍ ഒരു വിസ്മൃതിയിലാണ്ട ലോകത്തിനു ജീവന്‍ നല്‍കി.
വൂള്‍ഫ് ഓഫ് ബാഗ്ദാദ് എന്ന കാരളിന്റെ ആദ്യ മോഷന്‍ കോമിക് (ചലിക്കുന്ന ചിത്രകഥ) ഒരിക്കലും തന്റെ ജന്മസ്ഥലം കണ്ടിട്ടില്ലാത്ത, എന്നാല്‍ ഗൃഹാതുരത്വം അനുഭവിക്കുന്ന ഒരു എഴുത്തുകാരിയെ കുറിച്ചാണ്. തന്റെ തന്നെ കുടുംബചരിത്രം വരകളിലൂടെയും കുറിപ്പുകളുടെയും അതില്‍ ആവിഷ്‌കരിച്ചിരിക്കുന്നു. കാര്‍ലോസിന്റെ വാക്കുകളില്‍, 'അതിനൊരു താളമുണ്ട്, ആ താളം നമുക്ക് ആനുഭവിക്കാം.'
താമസിക്കുന്നത് ഇംഗ്ലണ്ടിലാണെങ്കിലും കാരളിന് ബാഗ്ദാദില്‍ നഷ്ടപ്പെട്ട് പോയ മറ്റൊരു ലോകമുണ്ട്.
'ഈ പുസ്തകം ഭാഗികമായി ആനിമേറ്റഡ് ആണ്. അത് ഇറാഖിലെ വിവിധ സമുദായങ്ങളെപ്പറ്റി പ്രതിപാദിക്കുന്നു. ഞാനീ പുസ്തകം വലിയ രീതിയില്‍ പ്രചരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. ഇറാഖി എംബസി എന്നെ ക്ഷണിക്കുകയും സംഗീതത്തിന്റെ അകമ്പടിയോടെ പുസ്തകം ലൈവായി സ്‌ക്രീനില്‍ കാണിക്കുകയും ചെയ്തു. അത് കണ്ട ഒരുപാട് പേര്‍ പറഞ്ഞു ആ ആനിമേറ്റഡ് രംഗങ്ങള്‍ അവരെ ഓര്‍മകളിലേക്ക് തിരിച്ചു കൊണ്ടുപോയി എന്ന്.'
കാരളിന്റെ കുടുംബാംഗങ്ങള്‍ ആരും ഇപ്പോള്‍ ഇറാഖിലില്ലെങ്കിലും തന്റെ പുസ്തകം അറബി ഭാഷയില്‍ വിവര്‍ത്തനം ചെയ്തു കാണണമെന്നാണ് അവരുടെ ആഗ്രഹം.
വരയിലേക്ക് എത്തിപ്പെടാന്‍ അല്പം വൈകിപ്പോയെങ്കിലും പാട്ടിനെ കയ്യൊഴിയാനൊന്നും കാരള്‍ ഒരുക്കമല്ല. അതിനാല്‍ പുസ്തകത്തിനായി വരക്കുമ്പോഴും അത് സ്‌ക്രീനില്‍ എത്തുന്ന അവസരങ്ങളിലെല്ലാം തന്റെ സ്വതസിദ്ധമായ സംഗീതം അതിനൊപ്പമുണ്ടെന്ന് അവര്‍ ഉറപ്പു വരുത്തുന്നു.
കാര്‍ലോസിന്റെ കുടുംബം ഇറാഖില്‍ നിന്നാണെങ്കിലും അവര്‍ ജൂതമതവിശ്വാസികളാണ്. തന്റെ കുടുംബത്തെ കുറിച്ചുള്ള കഥകളാണ് അവര്‍ തന്റെ പുസ്തകത്തില്‍ പറയുന്നത്. ലോകം ചുറ്റാന്‍ ഇഷ്ടപ്പെടുന്ന കാരള്‍ സ്വയം വിളിക്കുന്നത് ഒരു പാട്ടുകാരിയായി നാടോടി എന്നാണ്.
സംഗീതം കഴിഞ്ഞാല്‍ പിന്നെ കാര്‍ലോസിന് ഏറ്റവും ഇഷ്ടം കാര്‍ട്ടൂണാണ്. അവരുടെ അഭിപ്രായത്തില്‍ ലോകത്താകമാനം നോക്കിയാലും വനിതാ കാര്‍ട്ടൂണിസ്റ്റുകള്‍ എണ്ണത്തില്‍ വളരെ പിന്നിലാണ്. അതിന്റെ കാരണങ്ങളെ കുറിച്ച് ധാരണയില്ലെങ്കിലും വനിതാ കാര്‍ട്ടൂണിസ്റ്റുകളെ കാര്യമായി പ്രോത്സാഹിപ്പിക്കാന്‍ നേരമായെന്ന് തന്നെയാണ് കാരളിന്റെ പക്ഷം.
'സര്‍റിയല്‍ മക്കോയ്' എന്ന തൂലികാനാമത്തിലാണ് കാരള്‍ കാര്‍ട്ടൂണ്‍ വരയ്ക്കുന്നത്. അതിനാല്‍ തന്നെ 'മിസ്റ്റര്‍ മക്കോയ്' എന്ന വിലാസത്തില്‍ അവര്‍ക്ക് നിരവധി കത്തുകള്‍ ലഭിക്കാറുണ്ടെന്ന രസകരമായ കാര്യം കൂടി അവര്‍ പങ്കുവച്ചു. അതില്‍ നിന്ന് വ്യക്തമാകുന്നത് കലയ്ക്ക് സ്ത്രീയെന്നോ പുരുഷനെന്നോ ഇല്ലെന്നതാണ്.
കാരളിന്റെ അടുത്ത ലക്ഷ്യം ബര്‍മയെ കുറിച്ച് എന്തെങ്കിലും കലാസൃഷ്ടി ചെയ്യണമെന്നാണ്. അവിടെ പലയിടത്തായി അവരുടെ പല കുടുംബാംഗങ്ങളും ജീവിക്കുന്നുണ്ട്. അടുത്തിടെ കാരള്‍ ബര്‍മ സന്ദര്‍ശിച്ചിരുന്നു. ആദ്യപുസ്തകം പോലെ രണ്ടാമത്തെ പുസ്തകവും വിസ്മൃതിയിലാണ്ട ബന്ധങ്ങളെയും ജീവിതത്തെയും കുറിച്ചാകാമെന്നു സാരം.
Content Highlights: Carol Isaacs Malayalam Interview MBIFL 2020