ഓര്‍മയുടെ കുന്നിനു മുകളിലെ അക്ഷരനക്ഷത്രങ്ങളെ കുറിച്ച് ഇ സന്തോഷ് കുമാര്‍


ഇ. സന്തോഷ്‌കുമാര്‍

3 min read
Read later
Print
Share

പ്രായമാകുന്നതിന്റെ ഒരു കുഴപ്പം അതാണ്. കുട്ടിക്കാലത്തെ അത്ഭുതവസ്തുക്കള്‍ക്കെല്ലാം പൊടുന്നനെ മാറ്റു കുറയും, നിഗൂഢതകള്‍ അവസാനിക്കും. ലിറ്റില്‍ പ്രിന്‍സിന്റെ കഥയിലേതു പോലെ ആനയെ വിഴുങ്ങിയ പെരുമ്പാമ്പിനെ വരച്ചതു കാണുമ്പോള്‍ 'ഇതു വെറുമൊരു തൊപ്പിയല്ലേ' എന്നു നിസ്സാരമായി തള്ളിക്കളയാന്‍ തോന്നും.

മൂന്നു കുന്നുകളുടെ താഴ്‌വാരത്തിലായിരുന്നു ഞങ്ങളുടെ വീട്. നടുക്കുള്ള കുന്നിനു പൊക്കം കൂടുതലാണ്. അതിന്റെ ഉച്ചിയിലെത്തുക എന്നതാണ് സ്‌കൂളില്‍ പഠിക്കുന്ന കാലത്തെ വലിയ വെല്ലുവിളി. അവിടെ നിന്നും നോക്കിയാല്‍ ചുറ്റുപാടുമുള്ള പ്രദേശങ്ങള്‍ കാണാം.

തെളിച്ചമുള്ള സമയത്ത് തൃശ്ശൂര്‍ ആകാശവാണിയുടെ പ്രക്ഷേപണഗോപുരം കാണാന്‍ സാധിക്കും എന്നൊക്കെ പറയുന്നതു കേട്ടിട്ടുണ്ട്. നേരിട്ടുകണ്ടിട്ടില്ലെങ്കിലും അതു കാണാന്‍ ഭാഗ്യം സിദ്ധിച്ചവരെ കണ്ടുമുട്ടിയിട്ടുണ്ട്. പില്‍ക്കാലത്ത് ആകാശവാണിയില്‍ ചെല്ലുമ്പോഴൊക്കെ ഉയരമുള്ള ആ ടവര്‍ നോക്കും; അത്രയും ദൂരത്തേക്കു കാണാന്‍ മാത്രം ഉയരവും വലുപ്പവുമൊക്കെ ഇതിനുണ്ടോ എന്നു സംശയിക്കും.

പ്രായമാകുന്നതിന്റെ ഒരു കുഴപ്പം അതാണ്. കുട്ടിക്കാലത്തെ അത്ഭുതവസ്തുക്കള്‍ക്കെല്ലാം പൊടുന്നനെ മാറ്റു കുറയും, നിഗൂഢതകള്‍ അവസാനിക്കും. ലിറ്റില്‍ പ്രിന്‍സിന്റെ കഥയിലേതു പോലെ ആനയെ വിഴുങ്ങിയ പെരുമ്പാമ്പിനെ വരച്ചതു കാണുമ്പോള്‍ 'ഇതു വെറുമൊരു തൊപ്പിയല്ലേ' എന്നു നിസ്സാരമായി തള്ളിക്കളയാന്‍ തോന്നും.

വീടിനു മുന്നിലൂടെയാണ് തൃശ്ശൂരില്‍ നിന്നും പാലക്കാട് ഭാഗത്തേക്കു പോകുന്ന റോഡ്. ഞാന്‍ നാലില്‍ പഠിക്കുമ്പോഴാണ് അതിനു സമാന്തരമായി വിസ്തൃതമായ ദേശീയപാത വന്നത്. അപ്പോള്‍പ്പിന്നെ വാഹനങ്ങള്‍ അതിലൂടെ പോകാന്‍ തുടങ്ങി. എന്നാലും ഇടയ്ക്കു ചില തമിഴന്‍ ലോറികള്‍ (അങ്ങനെയാണ് വലിയ ലോറികളെ വിളിക്കുക, അവയുടെ പേരൊക്കെ തമിഴിലോ കന്നഡത്തിലോ ആവും. മുന്നില്‍ നാക്കില്‍ ചോരയിറ്റുന്ന ഒരു ഭൂതത്തിന്റെ പടം തൂക്കിയിട്ടിരിക്കും)

തിരക്കൊഴിവാക്കാനായി പഴയ റോഡിലൂടെത്തന്നെ പോകുമായിരുന്നു. അക്കാലത്ത് ഏതാണ്ട് ഒരേപ്രായമുള്ള കുറേ കുട്ടികളുണ്ടായിരുന്നു ചുറ്റുവട്ടത്ത്. ഉച്ചസമയത്ത് വീട്ടുകാരെല്ലാം ഒന്നു മയങ്ങാന്‍ പോകുന്ന സമയത്താണ് സാഹസികമായ ചില കളികളിലേക്ക് ഞങ്ങള്‍ മുന്നേറുന്നത്. അത്തരമൊരു കളിയായിരുന്നു റോഡില്‍ ചില്ലുവച്ച് തമിഴന്‍ ലോറികളുടെ ടയര്‍ പൊട്ടിക്കുക എന്നുള്ളത്.

അതിനുവേണ്ടി പലതരത്തിലുള്ള സാമഗ്രികള്‍ ശേഖരിക്കേണ്ടതുണ്ട്. ഫ്യൂസായ ബള്‍ബു മുതല്‍ പൊട്ടിയതോ പൊട്ടിച്ചതോ ആയ കുപ്പികള്‍, പഴയ ആണികള്‍, മുന കൂര്‍ത്ത ഇരുമ്പുകഷ്ണങ്ങള്‍ അങ്ങനെ. ഇവയെല്ലാം കുത്തനെ നിര്‍ത്തുന്നതിനായി വാഴപ്പിണ്ടി, ചക്കയുടെ മടല്‍, ടാര്‍ തുടങ്ങിയ സഹായകവസ്തുക്കള്‍ വേണം. ഇങ്ങനെയുള്ള വസ്തുവഹകള്‍ കിട്ടിക്കഴിഞ്ഞാല്‍ വിധ്വംസകപ്രവര്‍ത്തനം ആരംഭിക്കാം.

പഴയ പാതയില്‍ അധികം വാഹനങ്ങള്‍ വരാറില്ലാത്തതുകൊണ്ട് ഗൂഢാലോചനയ്ക്കും നീക്കങ്ങള്‍ക്കും സമയമുണ്ട്. ഇടവേളകളില്‍ റോഡില്‍ ചെന്ന് വാഹനങ്ങളുടെ ടയറുകള്‍
കടന്നുപോകും എന്നു പ്രതീക്ഷിക്കുന്ന ഭാഗത്ത് ഈ ചതിക്കെണി ഒരുക്കി വയ്ക്കുന്നതാണ് ആദ്യപടി. അതിനു ശേഷം ദീര്‍ഘമായ കാത്തിരിപ്പാണ്. വീടുകള്‍ക്ക് അന്ന് മതിലുകളല്ല, പച്ചത്തഴപ്പുള്ള ചെടികളാണ് അതിര്‍ത്തി. അവയുടെ പിന്നിലൊളിച്ചാല്‍ പുറത്തു നടക്കുന്നതൊക്കെ കാണാം; തിരിച്ച് എളുപ്പം കണ്ടു പിടിക്കാനാവുകയില്ല എന്നൊരു മെച്ചവുമുണ്ട്.

ദൂരെ നിന്നും വാഹനത്തിന്റെ മുരള്‍ച്ച കേള്‍ക്കുമ്പോള്‍ എല്ലാവരും ശ്വാസമടക്കിപ്പിടിച്ച് ഒത്തുചേര്‍ന്നിരിക്കും. അതാ, അത് അടുത്തേക്കു വരുന്നു. ഒച്ച കൂടിവരുന്നതോടെ പ്രതീക്ഷയും പാരമ്യത്തിലാകും. പക്ഷേ, ഒന്നും സംഭവിക്കുന്നില്ല, ഒട്ടും ഗൗനിക്കാത്ത മട്ടില്‍ ലോറി കടന്നു പോകുന്നു, അതിന്റെ ശബ്ദം ഇളതാവുന്നു. പിന്നെ സംഭവങ്ങളുടെ പോസ്റ്റ് മോര്‍ട്ടമാണ്.

എവിടെയാണ് പിശകിയത്? ചിലപ്പോള്‍ ടയറുകള്‍ കെണിയെ സ്പര്‍ശിച്ചിട്ടുപോലുമുണ്ടാവില്ല. മറ്റു ചിലപ്പോള്‍ അതിനെ ചവിട്ടിയരച്ചു കടന്നുപോയിട്ടുണ്ടാവും. പിഴവുകള്‍ മാറ്റി പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചുകൊണ്ട് കളികള്‍ മുന്നേറും. പക്ഷേ, ആലോചിക്കുമ്പോള്‍ ഏതെങ്കിലും വാഹനം അങ്ങനെയൊരു ചതിപ്രയോഗത്തില്‍ വീണുപോയിട്ടുണ്ടോ? ഇല്ലെന്നാണ് തോന്നുന്നത്.

കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് അക്കാലത്തെക്കുറിച്ചാലോചിച്ചപ്പോള്‍ കൗതുകകരമായ ഈ കളിയെക്കുറിച്ച് ഓര്‍മ്മ വന്നു. അത്തരം അപകടം നിറഞ്ഞ കളിയില്‍ ഒരു വാഹനം ശരിക്കും പെട്ടുപോയിരുന്നുവെങ്കില്‍? ആ ആലോചനയില്‍ നിന്നാണ് 'കുന്നുകള്‍; നക്ഷത്രങ്ങള്‍ ' എന്ന നീണ്ടകഥയുടെ തുടക്കം. പാതയുടെ ഓരം ചെര്‍ന്നു നിര്‍ത്തിയിട്ടിരിക്കുന്ന പഴയൊരു കാറിന്റെ മുന്‍വാതില്‍ തുറന്നു പുറത്തിറങ്ങുന്ന ദീര്‍ഘകായനായ ഒരു വയസ്സന്റെ ചിത്രം; അതായിരുന്നു ആദ്യത്തെ വിഷ്വല്‍. അപ്പോള്‍ സന്ധ്യാസമയമായിരുന്നു എന്നുള്ളത് ഉറപ്പാണ്.

കാരണം വെളിച്ചം മാഞ്ഞുതുടങ്ങിയിരുന്നു. ഞാന്‍ കഥകളെഴുതുമ്പോള്‍ എപ്പോഴും ഇങ്ങനെ ചില ദൃശ്യങ്ങളെയാണ് ആശ്രയിക്കാറുള്ളത്. പിന്നീടാണ് കഥയും കഥാപാത്രങ്ങളുമൊക്കെ രൂപപ്പെട്ടുവരുന്നത്. ഒരു കുട്ടിയുടെ കാഴ്ചയില്‍ നിന്നുള്ള, അവന്റെ കുറ്റബോധത്തില്‍ നിന്നുള്ള ആഖ്യാനമായിരുന്നു കഥ.

കഴിഞ്ഞവര്‍ഷം റിയാദില്‍ ചില്ല സാംസ്‌ക്കാരിക വേദിയുടെ ഒരു സാഹിത്യക്യാമ്പില്‍ പോയപ്പോള്‍ രണ്ടു സുഹൃത്തുക്കള്‍ ഇതേ കഥ ഉപയോഗിച്ച് വായനയുടേയും വരയുടേയും ഒരു ജുഗല്‍ബന്ദി നിര്‍മ്മിച്ചു. സുബ്രഹ്മണ്യന്‍ ഈ കഥ വായിക്കുകയും ഒപ്പം ചിത്രകാരനായ നിജാസ് ക്യാന്‍വാസില്‍ വരയ്ക്കുകയും ചെയ്തു. അതും ഒരു സായാഹ്നമായിരുന്നു. നിജാസിന്റെ ക്യാന്‍വാസില്‍ നീല നിറം പടരുന്നത് എന്നെ പഴയ ഓര്‍മ്മകളിലേക്കു കൊണ്ടുപോയി.

വീടിനു മുകളിലെ കുന്നുകള്‍ വേനലില്‍ കരിഞ്ഞുണങ്ങുമായിരുന്നു. ഇലകളില്ലാത്ത മരങ്ങള്‍, കൊടുംവെയിലില്‍ തിളങ്ങിനില്ക്കുന്ന പാറക്കൂട്ടങ്ങള്‍. പക്ഷേ, മഴയുടെ സ്‌കൂള്‍ തുറക്കുമ്പോള്‍, എന്തത്ഭുതം! പട്ടുകുപ്പായം പോലെ അവയ്ക്കുമേല്‍ പായല്‍പ്പച്ച, പച്ചിലച്ചാര്‍ത്തുകള്‍. കുട്ടികള്‍ തെന്നിയും തെറ്റിയും കുന്നുകയറുമ്പോള്‍ എവിടെ നിന്നൊക്കെയോ അരൂപികളായ അരുവികളുടെ സ്വരം. ഏറ്റവും ഉയരമുള്ള കുന്നിന്റെ ഉച്ചിയില്‍, ഒറ്റയാന്‍ മരത്തിനു മുകളില്‍, ആരേയും പരിഗണിക്കാതെ ഉയരങ്ങളിലേക്കു കണ്ണുപായിച്ചിരിക്കുന്ന ഒരു കഴുകന്‍. മേഘങ്ങളുടെയും അപ്പുറത്ത് ഒറ്റതിരിഞ്ഞ്, അപൂര്‍വ്വം ചില നക്ഷത്രങ്ങള്‍.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram