ലിപിയല്ല ഭാഷ, നാട് കലര്‍ന്ന ദൃശ്യമാണ്


By സുസ്‌മേഷ് ചന്ത്രോത്ത്

7 min read
Read later
Print
Share

സുസ്‌മേഷ് ചന്ത്രോത്ത് | Image credit:facebook.com|susmeshchandrothwriter

ല ചെവി മറിഞ്ഞു വന്നിട്ടുള്ള ഒരു കേട്ടുകേള്‍വി പങ്കുവയ്ക്കാം. മാതൃഭാഷയെക്കുറിച്ചാണ്. ഒരിക്കല്‍ ഒരു ഭാഷാസ്‌നേഹി എഴുത്തുകാരന്‍ എന്‍.എസ്. മാധവനോട് ചോദിച്ചുവത്രേ. നിങ്ങള്‍ മലയാളഭാഷയിലെ അറിയപ്പെടുന്ന എഴുത്തുകാരനല്ലേ, എന്നിട്ട് നിങ്ങളുടെ മകള്‍ മാതൃഭാഷ പറയാത്തതെന്താണ്.. ? അതിന് എന്‍.എസ്. മാധവന്‍ പറഞ്ഞ മറുപടി തന്റെ മകള്‍ക്ക് മാതൃഭാഷ അറിയാമെന്നും അവളത് നന്നായി പ്രയോഗിക്കുന്നുണ്ടെന്നുമാണ്. ചോദിച്ചയാള്‍ക്ക് ഉത്തരം വ്യക്തമായില്ല. തന്റെ ഭാര്യ ആന്ധ്രാക്കാരിയായതിനാല്‍ തന്റെ മകള്‍ക്ക് തെലുഗു നന്നായി അറിയാമെന്നാണ് എന്‍.എസ്. മാധവന്‍ ഉദ്ദേശിച്ചത്. ചോദിച്ചയാള്‍ക്ക് മറുപടി തൃപ്തികരമായോ എന്നറിയില്ല. നിര്‍ബന്ധമായും അദ്ദേഹത്തിന്റെ മകള്‍ മലയാളം തന്നെ പറയണം എന്ന വാശിയോടെയാണ് ചോദിച്ചതെങ്കില്‍ തൃപ്തി വന്നുകാണാന്‍ തീരെ സാധ്യതയില്ല.

ഇനി നേരിട്ടുള്ള ഒരനുഭവം പറയാം. കൊല്‍ക്കത്തയില്‍ വച്ചു പരിചയപ്പെട്ട മലയാളിയായ ഒരു വ്യക്തി താന്‍ വിവാഹം കഴിച്ചിരിക്കുന്നത് ബംഗാളിയായ സ്ത്രീയെയാണെന്ന് എന്നോട് പറഞ്ഞു. സ്വാഭാവികമായും ഞാന്‍ ചോദിച്ചത് അവരുടെ മകള്‍ക്ക് മലയാളമറിയുമോ എന്നാണ്. ഇല്ല എന്നായിരുന്നു ഉത്തരം. അവള്‍ക്ക് മലയാളം കേട്ടാല്‍ കഷ്ടിച്ചു മനസ്സിലാകുമെന്നല്ലാതെ പറയാന്‍ പോലും കഴിയുമായിരുന്നില്ല. അവള്‍ക്കും മാതൃഭാഷയിലായിരുന്നു പ്രവീണ്യം. ലോകത്തെല്ലായിടത്തും മാതൃഭാഷയാണ് പ്രധാനം. അമ്മ സംസാരിക്കുന്ന ഭാഷയുള്ള നാട്ടിലും അമ്മയുടെ കൂടെയും ജീവിക്കുന്ന ഒരാള്‍ക്കേ അത് ശരിയായ വിധത്തില്‍ കിട്ടൂ.

കുറച്ചുനാള്‍ മുമ്പ് ഞാന്‍ വായിച്ച പുസ്തകം മിച്ച് അല്‍ബോമിന്റെ ഫൈന്‍ഡിംഗ് ചിക (finding chika / mitch albom) എന്ന കൃതിയാണ്. കരീബിയന്‍ രാജ്യമായ ഹെയ്ത്തിയില്‍ 2010 ല്‍ സംഭവിച്ച കനത്ത ഭൂകമ്പത്തെത്തുടര്‍ന്ന് അനാഥയായിത്തീര്‍ന്ന ബാലികയുടെ കഥ പറയുകയാണ് ഈ പുസ്തകത്തില്‍. ഫ്രാന്‍സില്‍ നിന്നും സ്വതന്ത്രമാക്കപ്പെട്ട രാജ്യമായ ഹെയ്ത്തി എന്നും ദരിദ്രരാജ്യമായിരുന്നു. അവിടെനിന്നും രക്ഷിക്കപ്പെട്ട് അമേരിക്കയിലെത്തുന്ന ചിക എന്ന അഞ്ചുവയസ്സുകാരി ആറുമാസത്തിനകം ഇംഗ്ലീഷ് പഠിച്ചതിനെക്കുറിച്ച് മിച്ച് അല്‍ബോം വിവരിക്കുന്നുണ്ട്. ഫ്രഞ്ചും പ്രാദേശികഭാഷയായ ക്രീയോളും സംസാരിക്കുന്ന ഹെയ്ത്തിയിലെ ജനതയ്ക്ക് അമേരിക്കയും ഇംഗ്ലീഷും അപ്രാപ്യമായിരുന്നു. പക്ഷേ അമേരിക്കന്‍ ജീവിതത്തെത്തുടര്‍ന്ന് ചിക വളരെവേഗം ഇംഗ്ലീഷ് പഠിച്ചെടുക്കുകയും പ്രയോഗിക്കുകയും വല്ലപ്പോഴും അവളെ കേള്‍പ്പിക്കാനായി മിച്ച് ക്രിയോള്‍ സംസാരിക്കുമ്പോള്‍ നമ്മള്‍ അമേരിക്കയിലാണ് ഇപ്പോള്‍ താമസിക്കുന്നതെന്ന് ഓര്‍ക്കണമെന്ന് മിച്ച് അല്‍ബോമിനെ ചിക തിരുത്തുകയും ചെയ്യുന്നുണ്ട്. അതിനുശേഷം ഹെയ്ത്തിയിലേക്ക് ഒരു സന്ദര്‍ശനത്തിനു പോകുന്ന അവസരത്തില്‍ വിമാനത്തിലിരുന്ന് മിക്കവരും ക്രിയോള്‍ ഭാഷ സംസാരിക്കുമ്പോള്‍ ചിക അത്ഭുതപ്പെടുകയും അത് തന്റെ നാട്ടിലെ ഭാഷയാണെന്ന് ഏറെക്കുറെ അഭിമാനത്തോടെ പറയുകയും ചെയ്യുന്നുണ്ട്. ഇത് ഓര്‍മ്മയ്ക്കുമേല്‍ ഭാഷയ്ക്ക് നേടാന്‍ കഴിയുന്ന വിജയമാണ്.

ഭാഷ ഒരേസമയം ദൃശ്യങ്ങള്‍ കൂടിയാണ്. ഒരാള്‍ക്ക് തന്റെ മാതൃഭാഷയെ ദൃശ്യങ്ങളിലൂടെയേ ഓര്‍മ്മിക്കാന്‍ സാധിക്കുകയുള്ളൂ. മലയാളം എന്നു പറയുമ്പോള്‍ നാമൊരിക്കലും മലയാളത്തിലെ ലിപികള്‍ ഓര്‍ക്കുന്നില്ല. അതേസമയം അബോധമായിട്ടെങ്കിലും കേരളവുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ മനസ്സിലേക്ക് വരികയും ചെയ്യും. തീര്‍ച്ചയായും സ്വന്തം കുടുംബവും നാടും വിദ്യാലയവും മറ്റുമായി ബന്ധപ്പെട്ട കാഴ്ചകള്‍. അതിനാല്‍ ഭാഷ എന്നത് നാടുമായി ഇണങ്ങിനില്‍ക്കുന്ന ഒന്നാണ്. ബംഗാളില്‍ ജനിച്ചു വളര്‍ന്ന മലയാളി മാതാപിതാക്കളുടെ മക്കള്‍ മലയാളം സംസാരിക്കുകയും മനസ്സിലാക്കുകയും ചിലപ്പോള്‍ എഴുതുകയും ചെയ്യുമായിരിക്കും. പക്ഷേ അവര്‍ പൂര്‍ണമായും മലയാളി ആവുകയില്ല. കാരണം അവര്‍ക്ക് കേരളം അന്യമായിരുന്നു എന്നതാണ്. അതുകൊണ്ട് മാതൃഭാഷയുടെ നിലനില്‍പ്പും വികാസവും വളര്‍ച്ചയും എന്നത് നാടുമായി ബന്ധപ്പെട്ടതുകൂടിയാണ്. നാട്ടില്‍ നിന്നും അകന്നുപോയ ഒരാള്‍ മാതൃഭാഷ മനസ്സിലാക്കി വയ്ക്കുന്നതുകൊണ്ട് വലിയ പ്രയോജനമില്ല എന്നര്‍ത്ഥം. അത് പ്രയോജനപ്പെടുക എഴുത്തുകാര്‍ക്കു മാത്രമായിരിക്കും. എന്നിട്ടും ഇംഗ്ലീഷില്‍ സാമാന്യം ധാരണയുള്ള എഴുത്തുകാര്‍ പോലും എഴുതുമ്പോള്‍ അത് മാതൃഭാഷയിലാക്കുന്നതു പലയിടത്തും കാണാം. അതിന് ചിലരെങ്കിലും പറയുന്ന സമാധാനം മനസ്സിലുള്ള ആശയത്തെ പൂര്‍ണതയോടെ അവതരിപ്പിക്കാന്‍ മറ്റൊരു ഭാഷയിലെഴുതിയാല്‍ സാധിക്കുകയില്ല എന്നതാണ്. ഇത് ഇന്നത്തെ ചെറുപ്പക്കാര്‍ക്ക് അങ്ങനെയാവണമെന്നില്ല. അതിനു സഹായിച്ചത് ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസമാണ്.

ഞാന്‍ പള്ളിക്കൂടത്തില്‍ പോയിത്തുടങ്ങിയ കാലത്ത് കേരളത്തില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളും ഡാഡി - മമ്മി സംസ്‌കാരവും ഏറെക്കുറെ വാശിയോടെ ആളുകള്‍ അനുകരിച്ചുപോന്ന സമയമായിരുന്നു. അതിനെക്കുറിച്ച് കളിയാക്കിയും വിമര്‍ശിച്ചും പല കലാകാരന്മാരും ഭാഷാസ്‌നേഹികളും രംഗത്തു വരികയും ഉണ്ടായി. എന്നിട്ടും വളരെ നാളുകളോളം ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ തിരക്കോടെ തുടര്‍ന്നു. അവിടെ പഠിച്ച പലരും കേരളത്തിലായിട്ടുപോലും മാതൃഭാഷയോട് അകന്നുപോകുകയും ചെയ്തു. പലര്‍ക്കും പിന്നീടതില്‍ ഖേദവുമുണ്ടായി. അല്ലെങ്കില്‍ തിരിച്ചടികളുണ്ടായി. അതിനുശേഷം കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍ പല പല പരിഷ്‌കാരങ്ങളിലൂടെ മുഖവും അകവും നന്നാക്കി. പ്രാചീന ബോധവും അറിവുമുണ്ടായിരുന്ന അധ്യാപകര്‍ മാറി. പൊലീസ് സ്റ്റേഷനുകളില്‍ എഴുത്തും വായനയും അറിയാവുന്ന നിയമപാലകര്‍ നിയമിതരായതുപോലെ. അതോടെ കേരളത്തിലെ ജനത പൊതുവിദ്യാലയങ്ങളിലേക്ക് മക്കളെ അയക്കാന്‍ താല്‍പര്യം കാണിച്ചുതുടങ്ങി. അതേസമയം മുന്നേ ആരംഭിക്കപ്പെട്ട ഇംഗ്ലീഷ് മീഡിയം താല്‍പര്യം തുടരുകയും വ്യാപകമാവുകയും ചെയ്തു. ഡാഡി - മമ്മി വിളികള്‍ പോയതോടെ ഇംഗ്ലീഷ് മീഡിയം സംസ്‌കാരവും പോയെന്ന് നാം സമാധാനിക്കുകയും ചെയ്തു. എനിക്കു തോന്നുന്നത് മലയാളം മീഡിയവും ഇംഗ്ലീഷ് മീഡിയവും ഏതാണ്ട് തുല്യശക്തികളായി കേരളത്തില്‍ ഇന്നും തുടരുന്നു എന്നതാണ്. എന്നിട്ടും ഒരു ഗുണമുണ്ടായത്, ഇംഗ്ലീഷ് മാത്രം പഠിച്ചാല്‍ പോരാ മലയാളവും പഠിക്കേണ്ടതുണ്ട് എന്ന ബോധം പല രക്ഷിതാക്കള്‍ക്കും വന്നതാണ്. അതിനു സഹായമായതും ഇംഗ്ലീഷ് വിദ്യാഭ്യാസവും പുറംലോകജോലിയും ജീവിതവും തന്നെയാണ്. അനുഭവമാണല്ലോ വലിയ ഗുരു. അതിന്റെ തെളിവാണ് മലയാളം മിഷന്‍ മറ്റ് നാടുകളില്‍ മലയാളം പഠിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ കിട്ടിയ ആശാവഹമായ ഫലം. പ്രവാസികളുടെ മക്കളെല്ലാം മലയാളം പഠിച്ചു തെളിഞ്ഞു എന്നല്ല അതിന്റെ അര്‍ത്ഥം. അവരില്‍ ചിലരെങ്കിലും മാതൃഭാഷ പഠിക്കേണ്ടതുണ്ടെന്ന് തിരിച്ചറിഞ്ഞു എന്നുമാത്രം.

ഭാവിയില്‍ എഴുത്തുകാരനായാല്‍ മതിയെന്ന് നന്നേ ചെറുപ്പത്തിലെ നിശ്ചയിച്ചതിനാല്‍ എനിക്ക് മലയാളവുമായിട്ടായിരുന്നു ഇണക്കം. പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ ഇഷ്ടപ്പെട്ട മലയാളപദങ്ങള്‍ കണ്ടാല്‍ ഞാന്‍ എഴുതി വയ്ക്കും. അന്നും ഇന്നും. ചില വാക്കുകളോട് വല്ലാത്തൊരിഷ്ടമുണ്ടാകും. ഉദാഹരണം : പാവാടച്ചോട്. ഒരു വിവര്‍ത്തനകൃതി വായിച്ചപ്പോള്‍ കിട്ടിയതാണ്. ആ വാക്ക് കേള്‍ക്കുമ്പോള്‍ ഞാനാ കാഴ്ചയും കാണും. മനോഹരമായ കണങ്കാലുകള്‍ക്ക് താഴെയുള്ള പാദങ്ങളും പാദസരങ്ങളും പാവാടയുടെ നിറവും വക്കും ഒക്കെച്ചേര്‍ന്ന ഒരു ദൃശ്യം. ഇങ്ങനെയായിരിക്കണം വാക്കിന്റെ ഭാവം വായിക്കുന്നയാളില്‍ ജനിക്കേണ്ടത്.

ഇഷ്ടം കയറി മുന്നേ എഴുതിവച്ച ഏതെങ്കിലും വാക്ക് എന്തെങ്കിലും എഴുതുമ്പോള്‍ ഉപയോഗിക്കണമെന്ന് സ്വയം നിഷ്‌കര്‍ഷിക്കും. ആദ്യകാലത്ത് ഞാനിങ്ങനെ ഉപയോഗിച്ച പല പദപ്രയോഗങ്ങളും (എന്റെ അറിവില്ലായ്മ കാരണം ചിലതെല്ലാം മലയാളമായിരുന്നില്ല, സംസ്‌കൃതമായിരുന്നു.) എഴുത്തുകാരനായ എന്റെയൊരു സ്‌നേഹിതനെ രോഷാകുലനാക്കിയിട്ടുണ്ട്. പത്തുവര്‍ഷം മുമ്പ് അദ്ദേഹം ചോദിച്ചത് ഈ അപരിചിതപദങ്ങളും പ്രയോഗങ്ങളും എന്തിന് ഉപയോഗിക്കുന്നു എന്നാണ്. അത് മുഴച്ചുനില്‍ക്കുന്നു എന്നും കുറ്റപ്പെടുത്തി. ലളിതമായ ആഖ്യാനമാണ് നല്ലത് എന്നും അതാണ് വായനക്കാര്‍ക്ക് ഇഷ്ടമാകുക എന്നും പറഞ്ഞു. ഞാനത് ശ്രദ്ധിക്കാതിരുന്നില്ല. എന്റെ എഴുത്തിന്റെ ഏറ്റവും തുടക്കകാലത്ത് അന്നത്തെ നിരൂപകര്‍ക്കിടയില്‍ ഒരിടമുണ്ടായിരുന്ന പ്രഫ. പി. മീരാക്കുട്ടി സാര്‍ എന്നോടിത് സൂചിപ്പിച്ചിട്ടുണ്ട്. പറയാനുള്ള ആശയത്തെ കഴിവതും ലളിതമായി ആവിഷ്‌കരിക്കുക എന്നതായിരുന്നു ആ ഉപദേശം.

പിന്നീട് ഞാന്‍ കേട്ട പഴി ഭാഷയെ ധാരാളമായി മലയാളീകരിക്കുന്നു എന്നതാണ്. ഒരു സമയത്ത് ഞാന്‍ പല അന്യഭാഷാ വാക്കുകള്‍ക്കും മലയാളമുണ്ടാക്കാന്‍ ശ്രമിച്ചിരുന്നു. ഉദാഹരണത്തിന് ഗേറ്റ് എന്നെഴുതാന്‍ എനിക്കിഷ്ടമുണ്ടായിരുന്നില്ല. പക്ഷേ പകരം എന്തു മലയാളം പറയും..? ലിഫ്റ്റ് എന്നെഴുതാന്‍ എനിക്ക് മടിയായിരുന്നു. കോളിംഗ് ബെല്‍ എന്നെഴുതാന്‍ വെറുപ്പ് തോന്നിയിരുന്നു. അത് ഇംഗ്ലീഷിനോടുള്ള വിരോധമായിരുന്നില്ല. മലയാളത്തോടുള്ള ഇഷ്ടമായിരുന്നു. ആ മട്ടില്‍ പല അന്യഭാഷാ (സഹോദരഭാഷ ?) പദങ്ങള്‍ക്കും മലയാളം കണ്ടെത്താന്‍ ശ്രമിച്ചപ്പോള്‍ വായന ദുഷ്‌കരമാകുന്നു എന്ന് വായനക്കാരും പറയാന്‍ തുടങ്ങി. എനിക്ക് കീഴടങ്ങേണ്ടിവന്നു. ഇപ്പോഴും ആഖ്യാനം പരമാവധി മലയാളപദങ്ങളാല്‍ നിര്‍വ്വഹിക്കാനാണ് ഞാന്‍ ശ്രമിക്കാറുള്ളത്. അതേസമയം കഥാപാത്രങ്ങളുടെ സംഭാഷണങ്ങള്‍ ഇംഗ്ലീഷും മലയാളവും കൂടിക്കലര്‍ന്നതാക്കും. നമ്മളങ്ങനെയാണല്ലോ പൊതുവിനിമയത്തില്‍ ശീലിച്ചിട്ടുള്ളത്.

ഇപ്പോഴും ഞാന്‍ കരുതുന്നത് എഴുത്തുകാര്‍ക്ക് മലയാളം പ്രചരിപ്പിക്കുന്നതില്‍ വലിയ പങ്കുണ്ടെന്നാണ്. ട്യൂഷന്‍ മാസ്റ്റര്‍ എന്നതിന് ഒരു തര്‍ജ്ജമയില്‍ ഞാന്‍ വായിച്ചത് ഗൃഹാദ്ധ്യാപകന്‍ എന്നാണ്. എനിക്കു വളരെ ഇഷ്ടമായ പ്രയോഗമാണത്. ട്യൂഷന്‍ എന്നാല്‍ ഗൃഹാദ്ധ്യാപനം. സോക്‌സിന് ഒരു തര്‍ജ്ജമയില്‍ ഞാന്‍ വായിച്ചത് കീഴ്ക്കാലുറ എന്നാണ്. ഏറ്റവും പുതിയ ഭാഷാവിദ്യാര്‍ത്ഥികള്‍ക്ക് കീഴ്ക്കാലുറ മനസ്സിലാവില്ല എന്നു വാദിച്ചേക്കാം. ആ വാദം കേട്ട് നാം പിന്‍വാങ്ങിയാല്‍ കാലാന്തരത്തില്‍ മലയാളഭാഷയില്‍ അന്യഭാഷാപദങ്ങള്‍ മാത്രമേ കാണുകയുള്ളൂ. എന്നുകരുതി കാലമുള്ളിടത്തോലം കാലം മലയാളം നില്‍ക്കണമെന്ന വാശിയൊന്നും എനിക്കില്ല. നില്‍ക്കുന്നിടത്തോളം കാലം അത് കലര്‍പ്പു കുറഞ്ഞു കാണണമെന്ന ആഗ്രഹമുണ്ടെന്നുമാത്രം. സോക്‌സിന് കീഴ്ക്കാലുറ എന്നും പാദമൂടി എന്നും പറയാവുന്നതുപോലെയാണ് ആഷ്ട്രേയ്ക്ക് വെണ്ണീര്‍ത്തട്ട് എന്നു പറയാവുന്നതും. ഇത് എഴുത്തുകാര്‍ നിഷ്‌കര്‍ഷയോടെ പിന്തുടര്‍ന്നാല്‍ വായനക്കാര്‍ ഈ പദങ്ങളോടും പരിഭാഷകളോടും മെല്ലെയിണങ്ങും. പിന്നെയത് നമ്മുടെ വര്‍ത്തമാനത്തില്‍ കലരും. ക്രമേണ പ്രയോഗമാകും. ഇപ്പോള്‍ ശുചിമുറി, ശൗചാലയം എന്നെല്ലാം എല്ലാവരും സാധാരണ വര്‍ത്തമാനത്തില്‍ പറയുന്നില്ലേ. അത് പത്രക്കാര്‍ നിരന്തരം പ്രയോഗിച്ചതുകൊണ്ടാണ്. പത്രക്കാര്‍ക്കും അധ്യാപകര്‍ക്കും എഴുത്തുകാര്‍ക്കും കലാകാരന്മാര്‍ക്കും ഭാഷയെ നവീകരിക്കുന്നതിലും പുതിയ പദങ്ങള്‍ പ്രചാരത്തിലാക്കുന്നതിലും വലിയ പങ്കുണ്ട്.

എനിക്ക് പഴയ വിവര്‍ത്തകരുടെ പുസ്തകങ്ങള്‍ വായിക്കുന്നതാണ് വളരെയിഷ്ടം. എന്‍. കെ ദാമോദരനും നിലീന ഏബ്രഹാമും ലീലാ സര്‍ക്കാരും സി. ഗോവിന്ദക്കുറുപ്പും വിലാസിനിയും പ്രഫ. പി. മാധവന്‍പിള്ളയും കെ. വി രാമകൃഷ്ണനും ആറ്റൂര്‍ രവിവര്‍മ്മയും ഉള്‍പ്പെടുന്ന ഒരു വിഭാഗം വിവര്‍ത്തകര്‍ 'ട്രാന്‍സ്‌ക്രിയേഷ'നാണ് ശ്രമിച്ചുപോന്നത്. ട്രാന്‍സ്‌ലേഷനല്ല. ആ വിധത്തില്‍ മറ്റു വിവര്‍ത്തകരുടെ ഇടപെടല്‍ മോശമാണെന്നല്ല. പക്ഷേ വളരെ പഴയ വിവര്‍ത്തകര്‍ പരമാവധി തതുല്യമായ മലയാളപദങ്ങള്‍ കണ്ടെത്തി ഉപയോഗിക്കാന്‍ ശ്രദ്ധ വച്ചിരുന്നു. ഉദാഹരണത്തിന് ആരോഗ്യനികേതനം എന്ന ബംഗാളി നോവലിന്റെ പരിഭാഷ വായിക്കുമ്പോള്‍ മലയാളഭാഷയുടെ ആനന്ദം കൂടി അനുഭവിക്കാനാവും. ഒപ്പം ബംഗാളിന്റെ സംസ്‌കാരവും. ഇത് ഇംഗ്ലീഷിലേക്ക് വരുമ്പോളും സംഭവിക്കുന്നുണ്ടാവണം. ദസ്തയേവ്‌സ്‌കിയുടെ ഒക്കെ കൃതികള്‍ക്ക് പല പരിഭാഷകള്‍ വരുന്നതിലൂടെ പരിഭാഷ കുറ്റമറ്റതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മനസ്സിലാക്കാം. മലയാളത്തില്‍ ഒരു കൃതിയില്‍ ഒരാള്‍ കൈവച്ചാല്‍ പിന്നീടതില്‍ അപൂര്‍വ്വമായേ മറ്റൊരാള്‍ കൈവയ്ക്കൂ. അഥവാ അത് സംഭവിക്കുന്നുണ്ടെങ്കില്‍ അത് പ്രസാധകന്റെ കച്ചവടതാല്‍പര്യത്താല്‍ മാത്രം. എങ്ങനെയായാലും ഈ പ്രക്രിയകളെല്ലാം ചേരുമ്പോഴാണ് മാതൃഭാഷയുടെ ശക്തി വര്‍ദ്ധിക്കുന്നത്.

മുമ്പ് എം. കൃഷ്ണന്‍ നായര്‍ ഭാഷാശുദ്ധിയുടെ കാര്യത്തില്‍ പല കാര്യങ്ങളും അദ്ദേഹത്തിന്റെ പംക്തിയിലെഴുതിയിരുന്നു. പ്രത്യേകിച്ചും വിദേശഭാഷയിലെ വാക്കുകളുടെയും പേരുകളുടെയും ഉച്ചാരണത്തെക്കുറിച്ച്. അന്ന് അതിനെ പരിഹസിച്ചിരുന്ന ഒട്ടനവധി ആളുകള്‍ നമുക്കിടയിലുണ്ടായിരുന്നു. കേരളസമൂഹം വികസിക്കുകയും മലയാളിയുടെ കാല്‍പ്പാദങ്ങള്‍ വിദേശങ്ങളിലേക്ക് നീളുകയും ചെയ്തപ്പോള്‍ ഉച്ചാരണത്തെ സംബന്ധിച്ച വിദ്യാഭ്യാസം പ്രധാനമായിത്തീര്‍ന്നു. ഇന്ന് വിദേശഭാഷ പഠിക്കുന്ന മലയാളിക്കുട്ടികളുടെ എണ്ണം എത്രകണ്ട് വര്‍ദ്ധിച്ചിട്ടുണ്ട്. ഒരു ഭാഷയെങ്കിലും നന്നായി ഉപയോഗിക്കാന്‍ അറിയുന്ന ഒരാള്‍ക്കെ വേറൊരു ഭാഷയിലും കേമനാവാന്‍ കഴിയൂ. ജീവസന്ധാരണത്തിനായി ഭാഷ പ്രയോഗിക്കുന്നതല്ല ഇവിടെ ഉദ്ദേശിക്കുന്നത്. അതുകൊണ്ട് മാതൃഭാഷ ഏറ്റവും പ്രധാനപ്പെട്ടതാണ്. മാതൃഭാഷാപഠനം വിജയകരമായി പൂര്‍ത്തീകരിച്ചാലേ മറ്റൊരു ഭാഷയില്‍ നേടുന്ന വിജയത്തിന് അടിത്തറയുണ്ടാകൂ. അല്ലെങ്കില്‍ അന്യതാബോധം എന്നെന്നും വേട്ടയാടിയേക്കാം.

അടുത്തിടെയുണ്ടായ ഒരനുഭവം വിവരിക്കാം. അമേരിക്കന്‍ എഴുത്തുകാരന്‍ ഇംഗ്ലീഷില്‍ എഴുതിയ പുസ്തകത്തിന്റെ മലയാള പരിഭാഷയുടെ അക്ഷരപ്പിശക് (പ്രൂഫ് റീഡിംഗ്) പരിശോധനയാണ് ജോലി. ഇംഗ്ലീഷ് കൃതിയും മലയാളവിവര്‍ത്തനവും എന്റെ മുന്നിലുണ്ട്. (വൈകാതെ പ്രസിദ്ധീകരിക്കാന്‍ പോകുന്ന കൃതിയായതിനാലും തുടര്‍ന്നു പറയുന്നത് അത്ര സന്തോഷകരമല്ലാത്ത കാര്യമായതിനാലും വിശദാംശങ്ങള്‍ വിട്ടുകളയുന്നു.) അക്ഷരപ്പിശക് നോക്കുമ്പോള്‍ വാക്യഘടനയും വ്യാകരണവും മറ്റുമെല്ലാം നോക്കേണ്ടതുണ്ട്. അതിനാല്‍ കൃതിയുടെ ഒറിജിനലുമായി പലപ്പോഴും ഒത്തുനോക്കേണ്ടിവരും. ഇത്തരം ജോലികളുണ്ടാവുമ്പോള്‍ സാധാരണ ഞാന്‍ ചെയ്യാറ് മൂലകൃതി ആദ്യം മുഴുവനായും വായിക്കുകയാണ്. ഇവിടെയും അങ്ങനെ ചെയ്തു. നല്ലൊന്നാന്തരം പുസ്തകം. കണ്ണുനീരണിഞ്ഞല്ലാതെ അത് വായിച്ചു തീര്‍ക്കാനാവില്ല. ശേഷം പരിഭാഷയുടെ പ്രൂഫ് നോക്കാനാരംഭിച്ചു. അപ്പോഴാണ് അപകടം മനസ്സിലാകുന്നത്. മുന്നേ വായിച്ച ഒറിജിനലില്‍ ഉള്ളതു പലതും വിവര്‍ത്തനത്തിലില്ല. എന്നുമാത്രവുമല്ല ആ കൃതിയുടെ ഓജസ്സും ആത്മാവും പരിഭാഷയില്‍ വന്നിട്ടുമില്ല.

ഈ പരിഭാഷകന്റെ വിവര്‍ത്തനം എന്നാല്‍ വെറും കഥ പറയല്‍ മാത്രമാണെന്ന് അധികം വൈകാതെ മനസ്സിലായി. ഇംഗ്ലീഷില്‍ എഴുതിയിട്ടുള്ളതിന്റെ പത്തിലൊന്നു സൗന്ദര്യമോ ഭാഷാഘടനയോ പദഭംഗിയോ വിവര്‍ത്തനത്തില്‍ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടില്ല. എന്നുമാത്രമല്ല ഗുരുതരമായ കൃത്യാന്തരവിലോപം പലയിടത്തും കാണിക്കുകയും ചെയ്തിട്ടുണ്ട്. അതായത് 'ജംപ്' ചെയ്തു പോവുക. ചില വാചകങ്ങള്‍ക്കും പ്രയോഗങ്ങള്‍ക്കും വിവര്‍ത്തനമില്ല. ചുരുക്കിപ്പറഞ്ഞാല്‍ മൂലകൃതിയിലെ ഖണ്ഡികയുടെ അര്‍ത്ഥം വളരെ ചുരുക്കി എഴുതി വച്ചിരിക്കുന്നു. അതും മോശം മലയാളത്തില്‍. ഞാന്‍ ഇടപ്പള്ളി കരുണാകരമേനോനെയും വിലാസിനിയെയും ഒക്കെ ഓര്‍ത്തുപോയി. ഒരു കൃതിയുടെ വിവര്‍ത്തനത്തിനായി അവര്‍ ചെലവിട്ട ഊര്‍ജ്ജത്തെ നമസ്‌കരിച്ചു. പുസ്തകം പാതിയെത്തിയപ്പോള്‍ എനിക്ക് തീരെ മുന്നോട്ടു പോകാന്‍ പറ്റാതായി. വെറും അക്ഷരപ്പിശക് തിരുത്തുക മാത്രമല്ലല്ലോ ഒരു തര്‍ജ്ജമ പരിശോധിക്കുമ്പോള്‍ നമ്മള്‍ ശ്രദ്ധിക്കുന്നത്. മൂലകൃതിയോട് നീതി പുലര്‍ത്തിയിട്ടുണ്ടോ എന്നുകൂടിയാണ്. ഞാനുമൊരു എഴുത്തുകാരനാണല്ലോ. എനിക്ക് ഈ ജോലി തന്ന വ്യക്തിയെ ഞാന്‍ വിളിക്കുകയും കാര്യം ധരിപ്പിക്കുകയും ചെയ്തു. അപ്പോള്‍ ഞാനുപയോഗിച്ച പ്രയോഗം, അദ്ധ്യാപകര്‍ കുട്ടികള്‍ക്ക് ക്ലാസെടുക്കുമ്പോള്‍ ഇംഗ്ലീഷ് ടെക്‌സ്റ്റിന്റെ അര്‍ത്ഥം ഗ്രഹിച്ച് അത് പറഞ്ഞു കൊടുക്കുന്നതു മാതിരിയാണ് ഇവിടെ ചെയ്തിരിക്കുന്ന വിവര്‍ത്തനമെന്നും അത് വിവര്‍ത്തനമല്ലെന്നുമാണ്. അപ്പോള്‍ എന്നെ തെല്ലും അമ്പരപ്പിക്കാത്ത മറുപടി കിട്ടി. അതിതായിരുന്നു. ഈ വിവര്‍ത്തകന്‍ അദ്ധ്യാപകനാണത്രേ. എന്റെ നിരീക്ഷണം എത്ര ശരിയായെന്ന് നോക്കൂ.

മലയാളത്തില്‍ വളരെ മികച്ച രീതിയില്‍ വിവര്‍ത്തനം നിര്‍വ്വഹിക്കുന്ന അനവധി അധ്യാപകരുണ്ടെന്ന് എനിക്കറിയാം. അവരില്‍പ്പലരും നേരിട്ടറിയുന്നവരുമാണ്. ജയേന്ദ്രന്‍ സാറിനെപ്പോലെ, ഡെന്നീസ് ജോസഫ് മാഷെപ്പോലെ, എന്‍. ജി ഉണ്ണികൃഷ്ണന്‍ സാറിനെപ്പോലെ, പി. രാമന്‍ മാഷെപ്പോലെ.. അനവധിപേര്‍. അവര്‍ കാണിക്കുന്ന ശ്രദ്ധയും ഉത്തരവാദിത്തവും അനുഭവിച്ചറിയാം. അവരെപ്പോലുള്ളവരെ അല്ല പരാമര്‍ശിച്ചിട്ടുള്ളത്. ചിലപ്പോള്‍ പണത്തിന്റെ ആവശ്യത്തിനായി വിവര്‍ത്തനം ഏറ്റെടുത്ത അദ്ധ്യാപകനാവാം. മറ്റുചിലപ്പോള്‍ ഔദ്യോഗികമായ നേട്ടങ്ങള്‍ക്കായി വിവര്‍ത്തനത്തിലേര്‍പ്പെട്ടതാവാം. ഇംഗ്ലീഷില്‍ ഗ്രഹിച്ചത് ഭാഷാഭംഗിയുള്ള മലയാളത്തില്‍ ആവിഷ്‌കരിക്കാന്‍ അറിയാതെ പോകുന്നതാവാം. എന്തുമാവട്ടെ, അത് തെറ്റാണ്. പ്രോത്സാഹിപ്പിക്കാന്‍ കഴിയുന്ന പ്രവണതയല്ല.

ഒരു പരിഭാഷ മോശമാവുമ്പോള്‍ രണ്ട് ഭാഷയാണ് മോശമാവുന്നത്. മൂലകൃതിയുടെ എഴുത്തുകാരനും. വികലമലയാളം ഉപയോഗിക്കുമ്പോള്‍ മാതൃഭാഷയും. ചെയ്യുന്നത് അദ്ധ്യാപകനാകുമ്പോള്‍ അത് ശരിയാണെന്ന് കുട്ടികള്‍ അവര്‍ക്ക് തെറ്റു തിരുത്താന്‍ പ്രാപ്തി ആകുന്നതുവരെ വിശ്വസിക്കും. അപ്പോളേക്കും വളരെ വൈകിയിട്ടുണ്ടാകും. മിക്കവാറും അത് അവരില്‍ അടിയുറച്ചു പോയിട്ടുണ്ടാവും. ഏതു ഭാഷയുമാകട്ടെ, ആ ഭാഷയിലുള്ള മികച്ച ഒരു കൃതി നാം നമ്മുടെ ഭാഷയില്‍ വായിക്കുമ്പോള്‍ നമുക്ക് ലാല്‍ഗുഡി ജയരാമന്റെ ഒരു തില്ലാന കേള്‍ക്കുമ്പോളെന്നതുപോലുള്ള ലയമുണ്ടാകണം. ആ ലയം സംഭവിപ്പിക്കുന്ന ഭാഷയില്‍ പ്രാവീണ്യം നേടാന്‍ സാധിക്കുമ്പോളേ ഒരാള്‍ ഭാഷ കൈകാര്യം ചെയ്യാന്‍ കെല്‍പ്പ് നേടുന്നുള്ളൂ.

ഒന്നിനും പരിഹാരം നിര്‍ദ്ദേശിക്കാന്‍ ഞാനാളല്ല. ഇങ്ങനെ ചിലത് ചുറ്റിനുമുണ്ടെന്ന് ചൂണ്ടിക്കാണിക്കാനെ എനിക്കാവൂ.. മാതൃഭാഷയുടെ പ്രാധാന്യത്തെക്കുറിച്ചും നിലനില്‍പ്പിനെക്കുറിച്ചും അതിന്റെ ഭാവിയെക്കുറിച്ചും സംസാരിക്കുമ്പോള്‍ ഇതെല്ലാം ഓര്‍ത്തുപോകുന്നു. വെറുതെ ഓര്‍ത്തുപോകുന്നു.

Content Highlights: Mother tongue day 2022

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram