ഓരോ നിമിഷവും പുത്തന്‍ വെല്ലുവിളികളുമായാണ് ജീവിതം നമ്മെ ഓരോരുത്തരെയും കാത്തിരിക്കുന്നത്. അത് വ്യക്തിജീവിതത്തിലെതാകാം, തൊഴില്‍മേഖലയിലെതും ആകാം. ഇവയില്‍ ചിലതിനെയൊക്കെ വളരെ മികച്ചരീതിയില്‍ കൈകാര്യം ചെയ്യാന്‍ കഴിഞ്ഞാലും മറ്റു ചിലത് തലവേദന സൃഷ്ടിക്കും. എന്നാല്‍ ജീവിതത്തെ ഏറ്റവും നല്ല രീതിയില്‍ 'മാനേജ്' ചെയ്യാന്‍ അറിയുന്നവര്‍ക്ക് ഇത്തരം പ്രതിസന്ധികളെ വളരെ എളുപ്പത്തില്‍ തകര്‍ത്ത് മുന്നേറാന്‍ സാധിക്കും.
ജീവിതത്തില്‍ വിജയം കൈവരിക്കുന്നവരെ ശ്രദ്ധിച്ചാല്‍ ഒരു കാര്യം വ്യക്തമാണ്. വെല്ലുവിളികളെ ജീവിതം കരുതിവയ്ക്കുന്ന സാധ്യതകളായാണ് ഇക്കൂട്ടര്‍ പരിഗണിക്കുന്നത്. സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുന്നത് ഇവരുടെ ജീവിതവിജയത്തിന് അടിത്തറ പാകുകയും ചെയ്യും.
ഇപ്പറഞ്ഞതെല്ലാം മറ്റുള്ളവരുടെ കാര്യമാണെന്ന് ധരിക്കണ്ട. നിങ്ങള്‍ക്കും സാധിക്കും ജീവിതത്തിന്റെ വിജയപഥത്തിലേറാന്‍. ശ്രദ്ധയും സ്ഥിരതയുമുള്ള മനസ്സ് മാത്രമാണ് ഇതിനാവശ്യമെന്നു മാത്രം. ഇതിനുള്ള മാര്‍ഗങ്ങളെ പരിചയപ്പെടുത്തുന്ന പുസ്തകമാണ് മാനേജ്‌മെന്റ് വിദഗ്ധന്‍ ദേബാശിഷ് ചാറ്റര്‍ജിയുടെ വിജയപഥം.
മാതൃഭൂമി ദിനപത്രത്തിലെ വിജയപഥം പംക്തിയില്‍ പ്രസിദ്ധീകരിച്ചിരുന്ന കോളമാണ് അതേപേരില്‍ തന്നെ പുസ്തകരൂപത്തിലെത്തിയിരിക്കുന്നത്. വി മധുസൂദനന്‍ ആണ് പരിഭാഷ. കോഴിക്കോട് ഐ ഐ എമ്മില്‍ ഡയറക്ടറായിരുന്ന ദേബാശിഷ്, ലീഡര്‍ഷിപ്പില്‍ രണ്ടു ദശകത്തിലേറെ അധ്യാപന പാരമ്പര്യമുള്ള വ്യക്തി കൂടിയാണ്.
സമകാലികസംഭവങ്ങളെയും വ്യക്തിത്വങ്ങളെയും ഉദാഹരിച്ചാണ് ഓരോ കുറിപ്പും തയ്യാറാക്കിയിട്ടുള്ളത്. ഒരുപാട് ദൈര്‍ഘ്യമുള്ളവയല്ല കുറിപ്പുകളെന്നതും ശ്രദ്ധേയമാണ്. സ്വതന്ത്രവിഹായസ്സിലേക്ക്, കഴിവിന്റെ കൊടുമുടിയിലേക്ക്, ആമ നല്‍കുന്ന ജീവിതപാഠം, പ്രായോഗിക ബുദ്ധി എന്നിങ്ങനെ 77 അധ്യായങ്ങളാണ് പുസ്തകത്തിലുള്ളത്. വിശ്വാസ്യത, ഐക്യം, പ്രായോഗികബുദ്ധി എന്നിങ്ങനെ ജീവിതവിജയത്തിന് അനിവാര്യമായ ഗുണങ്ങളെ കുറിച്ച് വ്യക്തമായ കാഴ്ച്ചപ്പാട് തരാന്‍ സാധിക്കുന്നതാണ് പുസ്തകം.