വര: പി.കെ ഭാഗ്യലക്ഷ്മി
കഴിഞ്ഞ ദിവസം അന്തരിച്ച വിയറ്റ്‌നാമീസ് ബുദ്ധസന്യാസിയും ലോകസമാധാന പ്രവര്‍ത്തനങ്ങളുടെ സംഘാടകനുമായിരുന്ന തിക് നാത് ഹാന്റെ മൂന്നു കവിതകള്‍ക്ക് സജയ് കെ.വി നല്‍കിയ വിവര്‍ത്തനം വായിക്കാം.
ചുംബിക്കൂ, ഭൂമിയെ
നടക്കൂ, മാത്ര തോറും സമാധാനത്തെ
സ്പര്‍ശിച്ചു കൊണ്ട്.
നടക്കൂ, മാത്ര തോറും
ആഹ്‌ളാദത്തെ
സ്പര്‍ശിച്ചു കൊണ്ട്.
ഓരോ ചുവടിലും
ഒരിളംകാറ്റ് വീശുന്നു.
ഓരോ ചുവടിലും
ഒരു നറുപൂ വിരിയുന്നു.
ചുംബിക്കൂ, ഭൂമിയെ നിങ്ങളുടെ
പാദങ്ങളാല്‍.
പകരൂ ഭൂമിക്ക്, നിങ്ങളുടെ
സ്‌നേഹവും ആനന്ദവും.
ഭൂമി സുഭദ്രയായിരിക്കും
നമ്മള്‍ , നമ്മില്‍ തന്നെ,
ഭദ്രതയോടെ
വസിക്കുമ്പോള്‍.
*****************************
കുടിക്കൂ, നിങ്ങളുടെ ചായ
സാവധാനം, സാദരം
കുടിക്കൂ നിങ്ങളുടെ ചായ,
അതാണീ ലോകത്തിന്റെ, ഭൂമിയുടെ
അച്ചുതണ്ടെന്ന പോലെ;
മെല്ലെ, സമമായി,
ഭാവിയിലേയ്ക്കു പരക്കം പായാതെ.
നിമിഷത്തിന്റെ
ഉണ്‍മയില്‍ ജീവിക്കൂ,
ഈ നിമിഷമാകുന്നു ജീവിതം.
*******************************
ഞാനാകുന്ന നീ
നീ ഞാനാണ്, ഞാന്‍ നീയും.
ഞാന്‍ നിന്നിലും നീ എന്നിലും ആകുന്നു.
നിന്നില്‍ പൂവിരിയുമ്പോള്‍
എനിക്ക് അഴകേറുന്നു.
നിന്റെ സൗഖ്യത്തിനായി ഞാന്‍
എന്നിലെ ചപ്പുചവറുകള്‍ കത്തിക്കുന്നു.
ഞാന്‍ നിന്നെ, നീ എന്നെയും, തുണയ്ക്കുന്നു.
നിന്റെ സമാധാനത്തിനായി,
ഇതാ ഞാന്‍.
എന്റെ ആഹ്‌ളാദത്തിനായി,
ഇതാ നീ.
Content Highlights :thich nhat hanh three poems translated in to malayalam by sajay k v