'കണ്‍നിറയെ കണ്ടിട്ടില്ലാത്ത അമ്മ നല്‍കിയ പുരസ്‌കാരമാണിത്'- വികാരനിര്‍ഭരനായി യു.എ ഖാദര്‍


3 min read
Read later
Print
Share

കോഴിക്കോട് നടന്ന ചടങ്ങില്‍ മാതൃഭൂമി സാഹിത്യ പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് നടത്തിയ വികാര നിര്‍ഭരമായ മറുപടി പ്രസംഗത്തിലാണ് മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ ഇക്കാര്യം പറഞ്ഞത്.

കോഴിക്കോട്: കണ്‍നിറയെ കണ്ടിട്ടില്ലാത്ത അമ്മ തനിക്ക് നല്‍കിയ പുരസ്‌കാരമായിട്ടാണ് മാതൃഭൂമി സാഹിത്യപുരസ്‌കാരത്തെ താന്‍ കാണുന്നതെന്ന് എഴുത്തുകാരന്‍ യു.എ ഖാദര്‍. തന്നെ മാറോടണയ്ക്കാത്ത, കണ്‍നിറയെ കണ്ടിട്ടില്ലാത്ത ബര്‍മ്മക്കാരിയായ അമ്മ നല്‍കിയതാണ് ഈ പുരസ്‌കാരം. കോഴിക്കോട് നടന്ന ചടങ്ങില്‍ മാതൃഭൂമി സാഹിത്യ പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് നടത്തിയ വികാരനിര്‍ഭരമായ മറുപടി പ്രസംഗത്തിലാണ് മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ ഇക്കാര്യം പറഞ്ഞത്.

മറ്റ് പുരസ്‌കാരങ്ങള്‍ ലഭിച്ചപ്പോഴൊന്നും ഈ പുരസ്‌കാരം നല്‍കിയ 'അമ്മസങ്കല്‍പം' തനിക്ക് തോന്നിയിട്ടില്ല. സാഹിത്യത്തിലേക്കുള്ള തന്റെ പടവുകള്‍ മാതൃഭൂമിയിലൂടെയിരുന്നെന്നും യു.എ ഖാദര്‍ ഓര്‍മ്മിച്ചു. തിങ്കളാഴ്ച വൈകിട്ട് നടന്ന ചടങ്ങില്‍ പ്രശസ്ത കഥാകാരന്‍ ടി പത്മനാഭനാണ് പുരസ്‌കാരം യു.എ ഖാദറിന് സമര്‍പ്പിച്ചത്.

യു.എ ഖാദറിന്റെ പ്രസംഗത്തില്‍ നിന്ന്

എന്റെ കയ്യില്‍ മാതൃഭൂമിയുടെ പുരസ്‌കാരം ഏല്‍പ്പിക്കുമ്പോള്‍ അതിന് നല്ല ഭാരമുണ്ടായിരുന്നു. അതിനേക്കാള്‍ എന്റെ സാഹിത്യ പരിശ്രമങ്ങളെ മുഴുത്തികവോടുകൂടി കാണുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തല്ലോ മാതൃഭൂമി എന്ന പത്രസ്ഥാപനം എന്ന വിചാരമായിരുന്നു എന്റെ മനസ്സിനെയും കൈകളെയും ശരീരത്തെയുമൊക്കെ വിറപ്പിച്ചത്. ഞാന്‍ ലാഞ്ചിപ്പോകുമായിരുന്നു. പത്മനാഭനായിരുന്നു എന്നെ പിടിച്ചത്. അല്ലെങ്കില്‍ ഞാന്‍ അവിടെ വീണ് പോകുമായിരുന്നു. ഈ പുരസ്‌കാരത്തിന്റെ രണ്ട് നിലയ്ക്കുള്ള.. ഒന്ന് പുരസ്‌കാരത്തിന് ഭാരമുണ്ട്, പിന്നൊന്ന് ഇത് നല്‍കിയ സ്ഥാപനത്തിന്റെ മഹാമനസ്‌കതയുടെ ഭാരം. ഈ രണ്ട് ഭാരങ്ങളും കൊണ്ട് ഞാനവിടെ ഇരുന്ന് പോകുമായിരുന്നു.

ഞാനെന്താണ് പറയേണ്ടത് എന്നെനിക്കിപ്പോഴും നിശ്ചയമില്ല. ജീവിതത്തില്‍ ഞാന്‍ വല്ലാത്ത ആന്തല്‍ അനുഭവിച്ച രണ്ട് സന്ദര്‍ഭങ്ങളുണ്ട്. ഒന്ന് ഈ പുരസ്‌കാരം എനിക്കാണ് എന്ന് എം.പി വീരേന്ദ്രകുമാറും പി.വി ചന്ദ്രനും വിളിച്ച് പറഞ്ഞപ്പോള്‍ ഉണ്ടായ ആന്തല്‍. മറ്റൊന്ന് കുറച്ച് മുന്‍പാണ്. 1982 ലാണ് എന്നാണ് ഓര്‍മ. 'തൃക്കോട്ടൂര്‍ പെരുമ' എന്ന പുസ്തകത്തിന്റെ പ്രകാശനം. ആ പ്രകാശനം നിര്‍വഹിച്ചത് പ്രിയങ്കരനായ ടി പത്മനാഭനായിരുന്നു.

എന്റെ മദിരാശിക്കാലത്താണ് ടി പത്മനാഭനെ പരിചയപ്പെടുന്നത്. ഒ ചന്തുമേനോനും, ഒ.വി വിജയനും ഉള്‍പ്പടെയുള്ളവര്‍ക്ക് ശേഷം മലയാള സാഹിത്യത്തെ ആരെങ്കിലും തന്റെ കൃതികള്‍ കൊണ്ട് സമ്പന്നമാക്കിയിട്ടുണ്ടെങ്കില്‍ അത് ഖാദറാണ് എന്ന് തൃക്കോട്ടൂര്‍ പെരുമ പ്രകാശനം ചെയ്യവെ ടി പത്മനാഭന്‍ പറഞ്ഞു. വലിയ ബഹുമതിയാണ് യാതൊരു ലോപവും കൂടാതെ അദ്ദേഹം എന്റെ മേലേക്ക് ചൊരിഞ്ഞത്. അന്നാണ് ഞാനാദ്യം അമ്പരന്ന് പോയത്. അതൊക്കെയാണ് എന്റെ സാഹിത്യ ജീവിതത്തില്‍ ആകെ തുക എന്ന് മനസ്സിലാക്കുന്നത്.

ഈ പുരസ്‌കാരം മാതൃഭൂമി പത്രമാണ് എനിക്ക് നല്‍കുന്നത്. അതിലൊരു അമ്മയുണ്ട്. ഒരമ്മയുടെ സ്‌നേഹവായ്പുണ്ട്. മ്യാന്‍മാറിന്റെ വിയറ്റ്‌നാം ബോര്‍ഡറില്‍ മോണ്‍സ്‌റ്റെയിറ്റിന്റെ തൊട്ടടുത്തുള്ള മുനിസിപ്പാലിറ്റിയായ ബിലിനിലെ പെഗോഡകള്‍ക്കരികിലുള്ള ഒരു വീട്ടിലാണ് എന്നെ പെറ്റിട്ടത്. ആ പെറ്റിട്ട മാമേദിയെന്ന ആ ബര്‍മ്മക്കാരിക്ക് സ്വന്തം മകന് മുലകൊടുത്ത് വളര്‍ത്താന്‍ സാധിച്ചില്ല. കാരണം അവര്‍ വസൂരി പിടിച്ച് മരിച്ചുപോയി. മാമേദിയുടെ മനസ്സിലെ അമ്മച്ചൂര് പല രീതിയില്‍ എന്റെ ജീവിതത്തിലുടനീളം എനിക്ക് ലഭിച്ചിട്ടുണ്ട്. അങ്ങനെയുള്ള അവസരമാണിത്. മാമേദിയെന്ന എന്റെ ഉമ്മ എനിക്ക് നല്‍കിയ പുരസ്‌കാരമായിട്ടാണ് ഞാന്‍ കാണുന്നത്. ഇത് എന്റെ മനസ്സ് പറയുന്നതാണ്.

എനിക്ക് മുലയൂട്ടാത്ത അമ്മ.. എന്നെ മാറോടണക്കാത്ത അമ്മ.. എന്നെ കണ്‍നിറയെ കണ്ടിട്ടില്ലാത്ത അമ്മ എനിക്ക് നല്‍കിയ പുരസ്‌കാരമാണ് എന്റെ സാഹിത്യ ജീവിതത്തിലെ സായൂജ്യമാണ് ഈ പുരസ്‌കാരം. എനിക്ക് നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അന്നൊന്നും ഈ പുരസ്‌കാരം നല്‍കിയ അമ്മ സങ്കല്‍പ്പം എനിക്കുണ്ടായിട്ടില്ല. അതാണ് ഇപ്പോള്‍ ഞാന്‍ അനുഭവിക്കുന്നത്.

കൂടുതലൊന്നും ഇപ്പോള്‍ പറയാന്‍ എനിക്ക് കഴിയില്ല. സാഹിത്യത്തിലേക്കുള്ള എന്റെ പടവുകള്‍ മാതൃഭൂമിയിലൂടെയായിരുന്നു. ചെറുപ്പത്തില്‍ മാതൃഭൂമിയില്‍ കഥ വന്നാല്‍ നിന്നെ കഥാകാരനായി അംഗീകരിക്കാമെന്ന് എന്റെ കൂട്ടുകാര്‍ പറയുമായിരുന്നു. അങ്ങനെ 1960 കളില്‍ മാതൃഭൂമിയില്‍ എന്റെ കഥ വന്നു. കൂട്ടൂകാര്‍ പരിഹാസം തുടര്‍ന്നു. ഞാന്‍ എന്റെ എഴുത്തും തുടര്‍ന്നു.

ഈ പുരസ്‌കാരവും സ്‌നേഹവും ഏറ്റുവാങ്ങാനായല്ലോ എന്ന എന്ന സൗഭാഗ്യത്തികവില്‍ അധികമൊന്നും സംസാരിക്കാനാവാത്ത മനസ്സിന്റെ എരിപൊരി സഞ്ചാരത്തില്‍ ഞാന്‍ നിര്‍ത്തുന്നു. പുരസ്‌കാരം നല്‍കിയവരോടുള്ള കടപ്പാട് എപ്പോഴുമെപ്പോഴും എന്റെ മനസ്സില്‍ ഞാന്‍ സാഹിത്യ നിധി പോലെ സൂക്ഷിക്കുന്നതാണ് എന്നുമാത്രം പറഞ്ഞുകൊള്ളട്ടെ.. നന്ദി നമസ്‌കാരം.

യു.എ ഖാദറിന്റെ പുസ്തകങ്ങള്‍ വാങ്ങാം

Content Highlights: UA Khader mathrubhumi literary award speech

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram