ലോകോത്തര നിലവാരമുള്ള ഫാന്റസി കഥകള്‍ യു.എ ഖാദര്‍ എഴുതിയിട്ടുണ്ടെന്ന് എഴുത്തുകാരന്‍ ടി പത്മനാഭന്‍. 'ലോകത്തിലെ ഏറ്റവും മികച്ച ഫാന്റസി കഥകളുടെ ആന്തോളജിയെടുക്കാന്‍ പറഞ്ഞാല്‍ അതില്‍ ആദ്യമായി ചേര്‍ക്കുന്നത് പന്തലായനിയിലേക്കൊരു യാത്ര എന്ന യു.എ ഖാദറിന്റെ കഥയായിരിക്കും. ലാറ്റിനമേരിക്കയില്‍ ജനിച്ചവര്‍ക്ക് മാത്രമേ കഴിവുണ്ടാകൂ എന്ന് വിശ്വസിക്കുന്നവനല്ല ഞാന്‍. കഴിവുള്ളവര്‍ എവിടെയുമുണ്ടാകും'.ടി. പത്മനാഭന്‍ പറഞ്ഞു. മാതൃഭൂമി സാഹിത്യപുരസ്‌കാരം യു.എ ഖാദറിന് സമര്‍പ്പിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടി പത്മനാഭന്റെ പ്രസംഗത്തില്‍ നിന്ന്
സുഹൃത്തുക്കളെ... ഖാദറിന്റെ തൃക്കോട്ടൂര്‍ കഥകളെക്കുറിച്ചാണ് ഇവിടെ എല്ലാവരും പറഞ്ഞത്. അത് പറയണ്ടതാണുതാനും. നമ്മളെ സംബന്ധിച്ചെടുത്തോളം ആദ്യമായാണ് തനത് എന്ന് പറയാന്‍ കഴിയുന്ന ഒരു ഭാഷയും കഥയും കേള്‍ക്കുന്നത്. ഒരുതരം ജൈവകൃഷി പോലെ. ഞാന്‍ കണ്ണൂരില്‍ നിന്ന് കോഴിക്കോട്ട് വരുമ്പോഴും മടങ്ങുമ്പോഴുമൊക്കെ ആ ഭൂഭാഗത്തിലെത്തുമ്പോള്‍ ഈ കഥകള്‍ ഓര്‍ക്കാറുണ്ട്. ഏതാണ്ടെല്ലാ കൃതികളും ഞാന്‍ വായിച്ചിട്ടുമുണ്ടാകും.
ഖാദറിന്റെ തൃക്കോട്ടൂര്‍ പെരുമ ഒരു സാങ്കല്‍പ്പികലോകത്തെക്കുറിച്ചായിരുന്നില്ല പറഞ്ഞത്. അതിലെ ദേശനാമം, കഥാപാത്രങ്ങളുടെ നാമം, സംഭവങ്ങള്‍ എല്ലാം ശരിക്കുമുള്ളതാണ്. ലോകസാഹിത്യത്തില്‍ സാങ്കല്‍പ്പികഗ്രാമത്തെ സൃഷ്ടിച്ച് അവിടെ കഥാപാത്രങ്ങളെ സന്നിവേശിപ്പിച്ച് പ്രസിദ്ധിയാര്‍ജിച്ച എത്രയോ എഴുത്തുകാരുണ്ട്. ഇന്ത്യയില്‍ ആര്‍.കെ നാരായണ്‍. ഇന്ത്യക്ക് വെളിയില്‍ ഗാര്‍ഷ്യ മാര്‍ക്കേസ്. ഇവരില്‍ നിന്ന് വിഭിന്നനാണ് യു.എ ഖാദര്‍. കഴിവിലാണ് എന്നല്ല ഞാന്‍ പറയുന്നത്. അങ്ങനെ പറയുകയുമില്ല. തൃക്കോട്ടൂര്‍കാരന് കഴിവില്ല, ലാറ്റിനമേരിക്കയില്‍ ജനിച്ചവര്‍ക്ക് മാത്രമേ കഴിവുണ്ടാകു എന്ന് വിശ്വസിക്കുന്നവനല്ല ഞാന്‍. കഴിവുള്ളവര്‍ എവിടെയുമുണ്ടാകും. ഖാദര്‍ താന്‍ കണ്ട, ജീവിച്ചു വളര്‍ന്ന ഗ്രാമത്തെ, അവിടുത്തെ ചുറ്റുപാടുകളെ, അമ്പലങ്ങളെ, പള്ളികളെ, ഉത്സവങ്ങളെ, തിറകളെയൊക്കെ അതേപടി തന്നെയാണ് വായനക്കാരിലേക്കെത്തിച്ചത്. ഭാവനയുടെ ഒരു മൂടുപടം അതിന്റെമേല്‍ അദ്ദേഹം ചാര്‍ത്തിക്കൊടുത്തിട്ടില്ല.
ഒരു കഥയെക്കുറിച്ചുപറയാനാണ് എനിക്കിപ്പോള്‍ തോന്നുന്നത്. ഞാനതിനെക്കുറിച്ച് പറയുകയും എഴുതുകയും ചെയ്തിട്ടുണ്ട്. രണ്ട് ഭാഗങ്ങളിലായിട്ടാണ് ആ കഥ വന്നത്. പന്തലായനിയിലേക്കൊരു യാത്ര എന്നതായിരുന്നു ആ കഥ. ഞാന്‍ അത്യാവശ്യം വായിക്കുന്നവനാണ്. മലയാളവും ഇംഗ്ലീഷും വായിക്കും. ഈ കഥയുടെ ആദ്യംതൊട്ട് അവസാനംവരെ ഫാന്റസിയാണ്. ഏത് അമ്പുനായര്‍ക്കും ഫാന്റസിയെഴുതാം. പക്ഷെ പറഞ്ഞ് ഫലിപ്പിക്കുവാന്‍ വിഷമമാണ്. തെറ്റിപ്പോവും. ലക്ഷ്യത്തിലെത്തില്ല. ഒരു പക്ഷെ ഏതാണ്ടൊരു മുക്കാല്‍ ദൂരംവരെയെത്തി ലക്ഷ്യത്തിലെത്താതെ
പരാജയപ്പെടും.
പന്തലായനിയിലേക്കൊരു യാത്ര എന്ന കഥ എത്രതവണ ഞാന്‍ വായിച്ചിട്ടുണ്ടെന്ന് പറയാന്‍ കഴിയില്ല. ഒരുപക്ഷെ ലോകത്തിലെ മികച്ച ഫാന്റസി കഥകളുടെ ഒരു ആന്തോളജിയെടുക്കുവാന്‍ എന്നോട് ആവശ്യപ്പെട്ടാല്‍ ഞാന്‍ അതില്‍ ആദ്യമായി ചേര്‍ക്കുന്നത് പന്തലായനിയിലേക്കൊരു യാത്ര എന്ന ഈ മലയാള കഥയായിരിക്കും. ഇത് എന്റെ ഒരു രുചിക്ക് അനുസരിച്ച തിരഞ്ഞെടുപ്പ് എന്ന് വിചാരിക്കാം. എന്റെ രുചി സാമാന്യം നല്ല രുചി തന്നെയാണ്.
മാതൃഭൂമി എന്താണ്?മാതൃഭൂമി നമ്മുടെ നാടിന്റെ ചരിത്രത്തില്‍ ഇപ്പോഴും നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന പങ്ക് എന്താണ്? എന്നൊക്കെ അറിയുന്നവര്‍ക്ക് മാത്രമേ ഈ പുരസ്‌കാരത്തിന്റെ മൂല്യമറിയാന്‍ കഴിയൂ. ഞാന്‍ കോഴിക്കോട്ട് ആദ്യമായി വന്നത് നാലിലോ അഞ്ചിലോ പഠിക്കുമ്പോഴാണ്. കോഴിക്കോട്ട് വരുന്നതില്‍ എനിക്കതിയായ സന്തോഷമുണ്ടായിരുന്നു. മാതൃഭൂമി കാണാം എന്നതായിരുന്നു അതിന് കാരണം. ഞാന്‍ അന്ന് ചോദിച്ചുചോദിച്ച് മാതൃഭൂമി ഓഫീസിലെത്തി. അവിടെ നിന്ന് രണ്ട് പുസ്തകങ്ങള്‍ വാങ്ങി. മാതൃഭൂമിയുമായുള്ള ആദ്യത്തെ ബന്ധം അതാണ്. അത് ഇക്കാലംവരെ തുടരാനും കഴിഞ്ഞു. അവര്‍ നമ്മുടെ നാട്ടിലെ സ്വാതന്ത്ര്യ സമരത്തില്‍ വഹിച്ച പങ്ക് മാത്രമല്ല നമ്മുടെ സാഹിത്യത്തിന്റെ, പത്രപ്രവര്‍ത്തനത്തിന്റെ ഉന്നമനത്തിന് വേണ്ടി വഹിച്ചതും ഇപ്പോഴും വഹിക്കുന്നതുമായ പങ്കിനെക്കുറിച്ചും നമുക്കൊരിക്കലും മറക്കാന്‍ കഴിയില്ല.
ഇരുട്ടുനിറഞ്ഞ ദിവസങ്ങളില്‍ മാതൃഭൂമി എഴുതുന്ന മുഖപ്രസംഗങ്ങള്‍ നാം ശ്രദ്ധിക്കുന്നുണ്ടാവുമെന്ന് എനിക്കുറപ്പുണ്ട്. ഈ പുരസ്‌കാരത്തിന് പുറമേ ദേശീയതലത്തില്‍ മികച്ച നോവലിന് സമ്മാനം കൊടുക്കാന്‍ പോകുകയാണ്. എനിക്കെന്തായാലും ഇത് കിട്ടില്ല. ഞാന്‍ ജീവിതത്തില്‍ നോവലെഴുതാന്‍ പോകുന്നില്ല. എങ്കിലും അതിന് കഴിയുന്നവര്‍ക്ക് ഇത് വലിയ പ്രോത്സാഹനമായിരിക്കും. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടരാന്‍ മാതൃഭൂമിക്ക് കഴിയട്ടെ എന്ന് പ്രാര്‍ഥിച്ചുകൊണ്ടും യു.എ ഖാദറിന് ഇനിയും മികച്ച കൃതികള്‍ രചിക്കുവാന്‍ ഭാഗ്യമുണ്ടാവട്ടെ എന്ന് ആശംസിച്ചുകൊണ്ടും ഞാന്‍ അവസാനിപ്പിക്കട്ടെ.
Content Highlights: T Padmanabhan speech Mathrubhumi literature award function