മിമിക്രിയും സിനിമാറ്റിക് ഡാന്‍സും കലാകാരന്മാരെ വളര്‍ത്തിയെടുക്കുന്നതില്‍ ഒരുപാട് സഹായിച്ചിട്ടുണ്ടെന്ന് തിരക്കഥാകൃത്ത് ശ്യാം പുഷ്‌ക്കരന്‍. സിനിമാറ്റിക് ഡാന്‍സ് ഇല്ലായിരുന്നെങ്കില്‍ വിനായകനെന്ന കലാകാരനും മിമിക്രിയില്ലായിരുന്നെങ്കില്‍ ഹരിശ്രീ അശോകനെന്ന കലാകാരനും ഉണ്ടാവുമായിരുന്നോ എന്നും അദ്ദേഹം പറയുന്നു. മാതൃഭൂമി ആഴ്ചപതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് ശ്യാപുഷ്‌കരന്റെ അഭിപ്രായപ്രകടനം.
സിദ്ധിക്- ലാല്‍ സിനിമകള്‍ സിനിമയെ മിമിക്രിയിലേക്ക് വഴിതിരിച്ചുവിട്ടതായി കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് മിമിക്രിയും സിനിമാറ്റിക് ഡാന്‍സും എറണാകുളത്തേയും അവിടെയുള്ള ഒരുപാടാളുകളെയും രക്ഷിച്ചതായി അഭിപ്രായപ്പെട്ടത്.
' മിമിക്രി അടിപൊളിയാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. കാരണം എറണാകുളത്തെ പുല്ലേപ്പടിയിലെ കുറേപ്പേര്‍ ഗുണ്ടകളായില്ലല്ലോ. മിമിക്രിക്കാരാവുകയാണ് ഉണ്ടായത്. ആബേലച്ചനെ പോലുള്ള ഒരാള്‍ അവരെ ഗുണ്ടാപ്പണിയില്‍ നിന്ന് മിമിക്രിയിലേക്ക് കൊണ്ടുവരികയാണ് ചെയ്തത്. മിമിക്രിയും സിനിമാറ്റിക് ഡാന്‍സുമൊക്കെ എറണാകുളത്തെ രക്ഷിക്കുകയാണ് ചെയ്തിട്ടുള്ളത്. സിനിമാറ്റിക് ഡാന്‍സ് ഇല്ലായിരുന്നുവെങ്കില്‍ റെയില്‍വേ സ്റ്റേഷനിലെ മലം കയറുന്ന വീട്ടില്‍നിന്നുവരുന്ന വിനായകന്‍ ആരാകുമെന്നാണ് നിങ്ങള്‍ കരുതുന്നത് ? മിമിക്രിയില്ലെങ്കില്‍ ഗുണ്ടയായി പോകേണ്ട ഒരാളാണ് ഹരിശ്രീ അശോകന്‍.' ശ്യാം പറയുന്നു.
തിരുവനന്തപുരത്തെ സ്വാമിയുടെ ലിംഗം ഛേദിച്ചതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ആ സംഭവം ആഘോഷിക്കേണ്ട ഒന്നായി തോന്നുന്നില്ലെന്നായിരുന്നു ശ്യാമിന്റെ മറുപടി. കൊലപാതകം പോലെത്തന്നെയാണ് ആ സംഭവത്തെ കുറിച്ച് തോന്നുന്നത്. പെണ്‍കുട്ടിയുടെ നിവൃത്തികേടുകൊണ്ട് ചെയ്തുപോയ ഒരു സംഭവമാണത്. 22 എഫ്‌കെയിലെ കേന്ദ്രകഥാപാത്രമായ ടെസ്സയുടെ വയലന്‍സ് അത്രക്ക് വേണ്ടിയിരുന്നോ എന്ന് പിന്നീട് ചിന്തിച്ചിട്ടുണ്ടെന്നും 22 എഫ്‌കെയുടെ തിരക്കഥാകൃത്തായ ശ്യാം പറഞ്ഞു.
വായനയെ കുറിച്ചും പ്രണയത്തെ കുറിച്ചും സിനിമകളിലെ സ്ത്രീവിരുദ്ധതയെ കുറിച്ചും ജാതി സങ്കല്പങ്ങളെ കുറിച്ചുമെല്ലാം അഭിമുഖത്തില്‍ ശ്യാം മനസ്സ് തുറക്കുന്നുണ്ട്.