പൗരത്വ ബില്ലിനിതിരെ ഇന്ത്യന്‍ ശാസ്ത്ര സമൂഹം പോലും രംഗത്തെത്തി എന്നത് ഈ പ്രക്ഷോഭങ്ങളുടെ പ്രസക്തി വര്‍ധിപ്പിക്കുന്നതായി ചരിത്രകാരന് രാമചന്ദ്ര ഗുഹ. ഇന്ത്യയെ അടിമുടി മറ്റൊരു രാജ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള ഈ നിയമം ഭരണഘടനയുടെ ഹൃദയത്തില്‍ മുറിവേല്‍പ്പിക്കുന്നു. അതിനാലാണ് ശാസ്ത്രജ്ഞര്‍ സമരരംഗത്തെത്തിയ അസാധാരണ സാഹചര്യമുണ്ടായതെന്ന് പുതിയ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച രാമചന്ദ്ര ഗുഹയുടെ ലേഖനത്തില്‍ പറയുന്നു.
ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രഗത്ഭനായ ശാസ്ത്രജ്ഞനും നൊബേല്‍ ജേതാവുമായ വെങ്കട്ടരാമന് രാമകൃഷ്ണനും പൗരത്വ ബില്ലിനെതിരായ പരാതിയില്‍ ഒപ്പുവെച്ചിട്ടുണ്ടെന്ന് ഗുഹ ചൂണ്ടിക്കാട്ടുന്നു. വിഭാഗീയതയുടെ സന്ദേശം നല്കുന്ന ബില്ല് എന്നാണ് വെങ്കട്ടരാമന് രാമകൃഷ്ണന് പൗരത്വ ബില്ലിനെ വിശേഷിപ്പിച്ചത്.
വംശീയ മുന്‍വിധികള്‍ ശക്തമായിക്കൊണ്ടിരിക്കുന്ന ഇന്ത്യയിലേക്ക് മടങ്ങിവരാന്‍ കൂടുതല്‍ക്കൂടുതല്‍ ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ വിസമ്മതിക്കുകയാണ്. ഇന്ത്യയുടെ നഷ്ടം അമേരിക്കയ്ക്കാണ് നേട്ടമായി മാറുക.രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് അല്പമെങ്കിലും ചിന്തയുണ്ടെങ്കില്‍ ഇന്ത്യന്‍ ശാസ്ത്രരംഗത്തെ പ്രതിഭകള്‍ പറയുന്നത് സര്‍ക്കാര്‍ കേള്‍ക്കണം. പക്ഷേ, നരേന്ദ്ര മോദിസര്‍ക്കാര്‍ അങ്ങനെ ചെയ്യില്ല. കാരണം, ഒരേസമയം അപരിഷ്കൃതരും മതഭ്രാന്തരുമാണവര്. എന്നിരുന്നാലും ചരിത്രം ശാസ്ത്രജ്ഞരെ കുറ്റക്കാരെന്ന് വിളിക്കില്ല. കാരണം ഇന്ത്യ സംസാരിക്കാനാവശ്യപ്പെട്ടപ്പോള്, അവരത് ചെയ്തിട്ടുണ്ടെന്നും 'വംശീയ മുന്‍വിധികള്‍ ഇന്ത്യയെ തകര്‍ക്കും' എന്ന പേരിലെഴുതിയ ലേഖനത്തില്‍ ഗുഹ വ്യക്തമാക്കുന്നു.
Content Highlights: Ramachandra Guha article about CAA, Mathrubhumi weekly