ന്യൂയോര്‍ക്ക്: ലൈംഗിക പീഡനാരോപണങ്ങളില്‍ ഉലഞ്ഞ് പുലിറ്റ്സര്‍ ബോര്‍ഡും. ബോര്‍ഡ് ചെയര്‍മാനും ഡൊമിനിക്കന്‍-അമേരിക്കന്‍ എഴുത്തുകാരനുമായ ജൂണോ ഡീയസിനെതിരായി ഉയര്‍ന്ന ലൈംഗിക പീഡനാരോപണങ്ങളെക്കുറിച്ച് സ്വതന്ത്രാന്വേഷണം നടത്തുമെന്ന് പുലിറ്റ്സര്‍ ബോര്‍ഡ് പ്രസ്താവനയിറക്കി.
സാഹിത്യ, പത്രപ്രവര്‍ത്തന രംഗത്തെ ഉന്നത ബഹുമതികളിലൊന്നായി കണക്കാക്കുന്ന പുലിറ്റ്സര്‍ അവാര്‍ഡ് നിര്‍ണയബോര്‍ഡിന്റെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ഡീയസ് രാജിവെച്ചിട്ടുണ്ട്. എന്നാല്‍ ബോര്‍ഡില്‍ തുടരും. അന്വേഷണത്തെ സ്വാഗതംചെയ്ത ഡീയസ് നടപടികളുമായി പൂര്‍ണമായും സഹകരിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു. പുലിറ്റ്സര്‍ ജേതാവു കൂടിയായ ഡീയസ് ഏപ്രിലിലാണ് ബോര്‍ഡിന്റെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
കഴിഞ്ഞ ആഴ്ചയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ഒട്ടേറെ സ്ത്രീ എഴുത്തുകാര്‍ ഡീയസിനെതിരേ പീഡനാരോപണങ്ങളുമായി മുന്നോട്ടു വന്നത്. ആഫ്രോ- അമേരിക്കന്‍ എഴുത്തുകാരിയായ സിന്‍സി ക്ലെമന്‍സ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഡീയസ് തന്നെ ബലമായി ചുംബിച്ചിരുന്നെന്ന് ട്വീറ്റ് ചെയ്തതോടെയാണ് ആരോപണങ്ങള്‍ക്ക് തുടക്കം. ആരോപണമുന്നയിച്ച മിക്ക എഴുത്തുകാരികളും വെളുത്ത വര്‍ഗക്കാരല്ലാത്തവരാണ്.
ഡീയസ് നിലവില്‍ അധ്യാപകനായി പ്രവര്‍ത്തിക്കുന്ന മാസച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എം.ഐ.ടി.) ആരോപണങ്ങളില്‍ അന്വേഷണം ആരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഡീയസ് പങ്കെടുക്കേണ്ടിയിരുന്ന തങ്ങളുടെ വാര്‍ഷിക പരിപാടി റദ്ദാക്കുന്നതായി കേംബ്രിജ് പബ്ലിക് ലൈബ്രറിയും അറിയിച്ചു.
ഡീയസിനു പകരമായി തൊട്ട് മുന്‍പ് ചെയര്‍മാനായിരുന്ന യൂജീന്‍ റോബിന്‍സണ്‍ പുലിറ്റ്സര്‍ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം താത്കാലികമായി ഏറ്റെടുത്തിട്ടുണ്ട്.
'ബ്രീഫ് വണ്ടറസ് ലൈഫ് ഓഫ് ഓസ്‌കര്‍ വോ' എന്ന നോവലിനാണ് 2008-ല്‍ ഡീയസിന് പുലിറ്റ്സര്‍ അവാര്‍ഡ് ലഭിക്കുന്നത്. സംഭവത്തെക്കുറിച്ച് ഡീയസ് ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇരയും വേട്ടക്കാരനും
'അതെ, അതെനിക്കും സംഭവിച്ചിരുന്നു. എനിക്ക് എട്ട് വയസ്സുള്ളപ്പോള്‍ ഞാന്‍ ഒരുപാട് വിശ്വസിച്ചിരുന്ന ഒരു മുതിര്‍ന്നയാള്‍ എന്നെ ബലാത്സംഗം ചെയ്തിരുന്നു.' കഴിഞ്ഞമാസം ന്യൂയോര്‍ക്കര്‍ മാസികയില്‍ പ്രസിദ്ധീകരിച്ച ഡീയസിന്റെ ലേഖനത്തിലെ കുമ്പസാരരഹസ്യമായിരുന്നു ഇത്.
തന്റെ കൃതികളിലുടനീളം നിഴലിച്ച് നിന്നിരുന്ന പീഡനാനുഭവങ്ങളെക്കുറിച്ച് ഒരാള്‍ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടി എന്ന നിലയ്ക്കായിരുന്നു ലേഖനം എഴുതിയത്. കുട്ടിക്കാലത്ത് താനനുഭവിച്ച പീഡനമാണ് തന്റെ പിന്നീടുള്ള ജീവിതത്തെ നിര്‍ണയിച്ചത് എന്നായിരുന്നു ലേഖനത്തിലൂടെ ഡീയസ് പറഞ്ഞത്.
ഈ മാസം ആദ്യമാണ് ഒരു സ്ഥിരാംഗത്തിന്റെ ഭര്‍ത്താവിന്റെ പേരിലുയര്‍ന്ന സമാനാരോപണങ്ങളുടെ പേരില്‍ ഈ വര്‍ഷത്തെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം സമ്മാനിക്കില്ലെന്ന് നൊബേല്‍ സമിതി പ്രഖ്യാപിച്ചത്.
സാഹിത്യം, പത്രപ്രവര്‍ത്തനം, സംഗീതരചന എന്നീ മേഖലയില്‍ വര്‍ഷംതോറും നല്‍കിവരുന്ന ഉന്നത യു.എസ്. പുരസ്‌കാരമാണ് പുലിറ്റ്സര്‍. യു.എസ്. പത്രപ്രവര്‍ത്തകനും പ്രസാധകനുമായ ജോസഫ് പുലിറ്റ്‌സര്‍ 1917-ല്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം കൊളംബിയ സര്‍വകലാശാലയാണ് നല്‍കിവരുന്നത്.