ദി ഗോഡ് ഓഫ് സ്മോള്‍ തിങ്‌സ്, ദി മിനിസ്ട്രി ഓഫ് അറ്റ് മോസ്റ്റ് ഹാപ്പിനെസ് എന്നീ രണ്ട് നോവലുകളും നിരവധി നോണ്‍ഫിക്ഷനുകളും വായനക്കാര്‍ക്ക് സമ്മാനിച്ച അരുന്ധതി റോയിയുടെ പുതിയ പുസ്തകമാണ് മൈ സെഡീഷ്യസ് ഹാര്‍ട്ട്. പല കാലങ്ങളില്‍ പല വിഷയങ്ങളെക്കുറിച്ച് അരുന്ധതി റോയി എഴുതിയ പ്രബന്ധങ്ങളുടെ സമാഹാരമാണ് ആയിരത്തിലധികം താളുകളുള്ള ഈ പുസ്തകം.
സമൂലവും അതിശയകരവുമായ വായന സമ്മാനിക്കുന്ന ഈ ലേഖനങ്ങള്‍, അനുകമ്പ, വ്യക്തത, ധൈര്യം എന്നിവയെ അടയാളപ്പെടുത്തിക്കൊണ്ട് ആത്മാവിന്റെ ശബ്ദത്തിലാണ് സംസാരിക്കുന്നത്. സാമ്പത്തികവും സാമൂഹികവും മതപരവും സൈനികപരവുമായ നിഷേധാത്മകമായ യുക്തികള്‍ക്ക് എതിരെ പ്രതിരോധം തീര്‍ക്കുകയാണ് അരുന്ധതി റോയി.
കുറിക്കുകൊള്ളുന്ന ഭാഷയിലുള്ള ലേഖനങ്ങള്‍ അരുന്ധതി എന്ന വ്യക്തിയുടെ സമൂഹത്തിലുള്ള അടിയന്തര ഇടപെടലുകള്‍കൂടിയാണ്. ഈ ലേഖനങ്ങളെ തന്റെ രാഷ്ട്രീയ ബോധ്യങ്ങളുടെ നിര്‍ഭയമായ പ്രഖ്യാപനമായാണ് എഴുത്തുകാരി കാണുന്നതും. അതിന്റെ പ്രതിഫലനം തന്നെയാവും മൈ സെഡീഷ്യസ് ഹാര്‍ട്ടിലും.
1997ല്‍ പ്രസിദ്ധികരിച്ച അരുന്ധതിയുടെ ആദ്യനോവലായ 'ദി ഗോഡ് ഓഫ് സ്മോള്‍ തിങ്സ്' മാന്‍ ബുക്കര്‍ പുരസ്‌കാരം നേടിയിരുന്നു. രണ്ടാമത്തെ നോവലിനായി ആരാധകര്‍ കാത്തിരുന്നത് നീണ്ട 20 വര്‍ഷങ്ങളാണ്. ഒടുവില്‍ 2017ലാണ് രണ്ടാമത്തെ നോവലായ ദി മിനിസ്ട്രി ഓഫ് അറ്റ് മോസ്റ്റ് ഹാപ്പിനെസ് വായനക്കാരെ തേടി എത്തുന്നത്.
Content Highlights: My Seditious Heart: Collected Nonfiction by Arundhati Roy