കോഴിക്കോട് : മാതൃഭൂമി നമ്മുടെ സംസ്കാരത്തിന്റെയും സാഹിത്യത്തിന്റെയും അവിഭാജ്യഭാഗമാണെന്ന് എം.ടി. വാസുദേവൻ നായർ പറഞ്ഞു. സ്വാതന്ത്ര്യസമരസേനാനിയും മാതൃഭൂമി സ്ഥാപക പത്രാധിപരുമായിരുന്ന കെ.പി. കേശവമേനോന്റെ 41-ാം ചരമവാർഷികദിനത്തിൽ നടന്ന അനുസ്മരണയോഗത്തിൽ എൻ. ശ്രീനിവാസൻ രചിച്ച ‘ഒപ്പം കഴിഞ്ഞ കാലം’ എന്ന പുസ്തകം പ്രകാശനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.എൻ. കാരശ്ശേരി പുസ്തകം ഏറ്റുവാങ്ങി.
പാലക്കാട്ടെ ട്യൂട്ടോറിയൽ കോളേജ് അധ്യാപകനായിരുന്ന തന്നെ മാതൃഭൂമിയിൽ ഇന്റർവ്യൂചെയ്ത് നിയമിച്ചതും ചെറുതുംവലുതുമായ സാഹിത്യപരിശ്രമങ്ങളിൽ പ്രോത്സാഹിപ്പിച്ചതും കെ.പി. കേശവമേനോനാണ്. റബ്ബർബോർഡിൽ അസിസ്റ്റന്റ് പബ്ളിക് റിലേഷൻസ് ഓഫീസറായി പോകാൻ അവസരമുണ്ടായെങ്കിലും അതിനു തുനിയാതിരുന്നത് സാഹിത്യത്തിന്റെ തറവാടായിരുന്ന മാതൃഭൂമിയെയും ഒപ്പം കേശവമേനോനെപ്പോലെയും വി.എം.നായരെപ്പോലെയും എൻ.വി. കൃഷ്ണവാരിയരെപ്പോലെയുമുള്ള മഹാരഥന്മാരെയും വിട്ടുപോകാനാവാഞ്ഞതിനാലാണ്.
കണ്ണായി, കാതായി കേശവമേനോനോടൊപ്പം നടന്ന ശ്രീനിവാസന്റെ പുസ്തകം ജീവചരിത്രമോ അനുഭവക്കുറിപ്പോ മാത്രമല്ല. മാതൃഭൂമിയുടെ വളർച്ചയുടെ പ്രാരംഭഘട്ടസാരഥികൾ, പത്രരംഗത്തെ പ്രഗല്‌ഭർ, മഹാന്മാരായ സ്വാതന്ത്ര്യസമരസേനാനികൾ എന്നിവരെക്കുറിച്ചും അത് അറിവുനൽകുന്നു. മഹാരഥനായ പത്രാധിപരുടെ മരണാനന്തരം അദ്ദേഹത്തിെന്റ ഓർമകൾക്ക് നൽകുന്ന കാണിക്കയായി മാതൃഭൂമി പ്രസിദ്ധീകരിച്ച പുസ്തകത്തെ കാണണമെന്നും എം.ടി. അഭിപ്രായപ്പെട്ടു.
സ്വന്തമായൊന്നും നേടാനോ, സ്വാർഥപരമായ നേട്ടങ്ങളോ സ്ഥാനമാനങ്ങളോ കരസ്ഥമാക്കാനോ ശ്രമിക്കാതെ രാഷ്ട്രീയ - സാഹിത്യ- സാമൂഹികരംഗങ്ങളിൽ പ്രവർത്തിച്ച കേശവമേനോൻ സാമൂഹികപരിവർത്തനത്തിന് പോരാടിയ വലിയ മനുഷ്യനായിരുന്നുവെന്ന് അധ്യക്ഷത വഹിച്ച മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.പി. വീരേന്ദ്രകുമാർ എം.പി. പറഞ്ഞു.
കോഴിക്കോട് വിമാനത്താവളവും സർവകലാശാലയും മുതൽ വൈക്കം സത്യാഗ്രഹവും ഐക്യകേരളവുംവരെ കേരളചരിത്രത്തിന് മാർഗദീപമായ കേശവമേനോന്റെ സ്വപ്‌നങ്ങളുടെയും പ്രവർത്തനങ്ങളുടെയും ഫലമാണ് -വീരേന്ദ്രകുമാർ പറഞ്ഞു.
ദേശീയപ്രസ്ഥാനത്തോടൊപ്പംനിന്ന് മാതൃഭൂമിക്ക് അടിത്തറയിട്ട കേശവമേനോൻ എല്ലാമനുഷ്യരെയും സമന്മാരായി കാണണമെന്ന ഉൾക്കാഴ്ച നൽകിയ ദേശസ്‌നേഹിയായിരുന്നുവെന്ന് മാതൃഭൂമി മാനേജിങ് എഡിറ്റർ പി.വി. ചന്ദ്രൻ പറഞ്ഞു.
മഹാത്മാഗാന്ധി, പണ്ഡിറ്റ് നെഹ്രു, മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് എന്നിവരെപ്പോലെ കേശവമേനോനും പത്രപ്രവർത്തനത്തെ രാഷ്ട്രീയപ്രവർത്തനത്തിന്റെയും സാമൂഹികപ്രവർത്തനത്തിന്റെയും ഭാഗമായാണ് കണ്ടതെന്ന് അനുസ്മരണപ്രഭാഷണം നടത്തിയ എം.എൻ. കാരശ്ശേരി വിലയിരുത്തി.
രാഷ്ട്രനേതാക്കളും മറ്റും ബഹുമാനിക്കുമ്പോഴും തന്റെ മുന്നിലെത്തുന്ന എല്ലാവരോടും വിനയത്തോടും ലാളിത്യത്തോടുംകൂടിമാത്രം പെരുമാറിയ കേശവമേനോെന്റ മഹത്തായമാതൃക തന്നെ ഏറെസ്വാധീനിച്ചതായി എൻ. ശ്രീനിവാസൻ പറഞ്ഞു. കെ.പി. കേശവമേനോൻ ഹാളിൽ നടന്ന ചടങ്ങിൽ എം. ജയരാജ് പ്രസംഗിച്ചു. യോഗാനന്തരം കേശവമേനോന്റെ സംഭവബഹുലമായ ജീവിതം അനാവരണം ചെയ്യുന്ന ഡോക്യുമെൻററി പ്രദർശിപ്പിച്ചു..
Content Highlights: Mathrubhumi MTVasudevanNair KPKesavaMenon Culture