ഗുജറാത്ത് വംശഹത്യയെ വിമര്‍ശിച്ചതിന്റെ പേരില്‍ നേരിടേണ്ടി വന്ന കടുത്ത അനുഭവങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് മല്ലിക സാരാഭായി. ഗുജറാത്ത് വംശഹത്യയില്‍ നിലപാടെടുത്തതിന്റെ പേരില്‍ സര്‍ക്കാര്‍ തനിക്കെതിരെ കള്ളക്കേസുകള്‍ ഫയല്‍ ചെയ്തുവെന്നും പാസ്‌പോര്‍ട്ട് പിടിച്ചുവെച്ചുവെന്നും അവര്‍ പറയുന്നു.
മുസ്ലീങ്ങളുടെ വേശ്യ എന്ന് വിളിക്കപ്പെട്ടു. ബലാത്സംഗം ചെയ്യുമെന്ന് വരെ ഭീഷണി ഉയര്‍ന്നു. മല്ലിക ഓര്‍ക്കുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് താന്‍ കടന്നുപോയ കടുപ്പമേറിയ അനുഭവങ്ങളെ കുറിച്ചും അതിനെ മറികടന്ന നിശ്ചയദാര്‍ഢ്യത്തെക്കുറിച്ചും മല്ലിക വാചാലയായത്.
അഭിമുഖത്തിലെ പ്രസക്തഭാഗങ്ങള്‍
2002-ല്‍ ഗുജറാത്തില്‍ സംഭവിച്ചത് ഭരണഘടനാലംഘനമാണ്. അവിടെ മുസ്ലീങ്ങള്‍ രണ്ടാംകിട പൗരന്മാരായി കൈകാര്യം ചെയ്യപ്പെട്ടു. ഭരണകൂടം മുഴുവനായും കുറ്റം ചെയ്യുന്നതില്‍ പങ്കാളിയായി. ഒരിക്കലും സംഭവിച്ചുകൂടാത്തതാണത്. പലരും അതില്‍ നിലപാടെടുത്തു. ആ വിഷയത്തില്‍ നിലപാടെടുക്കുന്ന ആദ്യ ആളായി ഞാന്‍ അന്വേഷണത്തിന് ആവശ്യപ്പെട്ടു. അതിന്റെ പേരില്‍ എനിക്ക് എന്റെ എല്ലാ നല്ല സുഹൃത്തുക്കളേയും നഷ്ടപ്പെട്ടു. മുസ്ലീങ്ങളുടെ വേശ്യയെന്ന് ഞാന്‍ വിളിക്കപ്പെട്ടു. ബലാത്സംഗം ചെയ്യുമെന്ന് അവര്‍ എന്നെ ഭീഷണിപ്പെടുത്തി. എന്റെ കുട്ടികളെ വഴിയിലേക്കിറങ്ങാന്‍ സമ്മതിച്ചില്ല.
സര്‍ക്കാര്‍ എനിക്കെതിരെ കള്ളക്കേസുകള്‍ ഫയല്‍ ചെയ്തു. എന്റെ പാസ്‌പോര്‍ട്ട് പിടിച്ചുവെച്ചു. ഞാനൊരു നര്‍ത്തകിയേ അല്ലെന്ന് പറഞ്ഞു. ജനങ്ങളെ വഴിതെറ്റിക്കുന്ന നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഒരാളാണെന്നും എനിക്കെതിരെയുള്ള ചാര്‍ജുകളില്‍ സര്‍ക്കാര്‍ എന്നെ ചിത്രീകരിച്ചു. പാസ്‌പോര്‍ട്ട് തിരിച്ചുകിട്ടാന്‍ സുപ്രീംകോടതി വരെ എനിക്ക് പോവേണ്ടി വന്നു.
വളരെ കനപ്പെട്ട അനുഭവം തന്നെയായിരുന്നു അത്. പക്ഷേ, ഞാന്‍ ദേശം വിട്ടുപോയില്ല. അങ്ങനെ മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലില്‍ അതിജീവനത്തിനായി നില്‍ക്കുക എന്റെ ഡിഎന്‍എയിലുള്ളതാണ്. ഇതതെന്റെ ദേശമാണ്, ഞാന്‍ വളര്‍ന്ന നാട്. എന്റെ വേരുകളെല്ലാം ഇവിടെയാണ്. എന്നെ പുറത്തേക്കയക്കാന്‍ ഞാനെന്തിന് അനുവദിക്കണം.
ഇത് എന്റെ രാജ്യമാണ്. എനിക്ക് കടപ്പാടുള്ള രാജ്യം, എനിക്ക് അഭിമാനമുള്ള രാജ്യം. അനേകം സംസ്‌കാരങ്ങളുടെ കലര്‍പ്പാണ് ഇന്ത്യ. നാഗന്മാര്‍ ഇന്ത്യക്കാരല്ലേ! കേരളീയര്‍ ഇന്ത്യത്വം കുറഞ്ഞവരാണോ! ഹിന്ദി എന്തിന് അധികാരഭാഷയാക്കണം? എന്തുകൊണ്ട് തമിഴ് പറ്റില്ല! ചിലതിലേക്ക് മാത്രമായി ഭാരതീയതയെ പരിമിതപ്പെടുത്തുകയാണ് നമ്മള്‍. ഒരു കാരിക്കേച്ചറിലേക്ക് എംബ്ലത്തിലേക്ക് ചുരുക്കുകയാണ്.