ജ്ഞാനപീഠജേതാവ് എം.ടി. വാസുദേവന്‍ നായരെ കാണാനും അദ്ദേഹത്തോട് സംസാരിക്കാനും കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് പഴഞ്ഞി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍. കഥകളിലൂടെയും സിനിമകളിലൂടെയും അടുത്തറിഞ്ഞ എഴുത്തുകാരനെത്തേടി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ തുഞ്ചന്‍പറമ്പിലേക്കൊരു പഠനയാത്ര നടത്തി.
കര്‍ക്കിടക മാസാചരണത്തിന്റ ആദ്യ ദിനം മലയാള ഭാഷാപിതാവിന്റെ സ്മാരകത്തെ അടുത്തറിയാനും ഭാഷാപൈതൃകത്തെ കണ്ടെത്താനും കൂടിയായിരുന്നു യാത്ര. കുട്ടികളുമൊത്തു സംവദിക്കാന്‍ എം.ടി.യോട് ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ തന്റെ അവശതയിലും ഏറെ സന്തോഷത്തോടെയാണ് പ്രിയ കഥാകാരന്‍ അനുവാദം തന്നത്.
ജന്മദേശമായ കൂടല്ലൂരിലേക്കും ഭാരതപ്പുഴയോരത്തേക്കും താണിക്കുന്നത്തേക്കും കണ്ണാന്തളി പൂക്കളിലേക്കും അങ്ങനെയങ്ങനെ ഗുഹാതുരത്വത്തിന്റെ ഓര്‍മകളിലേക്ക് ആ സംഭാഷണങ്ങള്‍ നീണ്ടുപോയി.
'ഇരുട്ടിന്റെ ആത്മാ'വിലെ വേലായുധന്‍ എന്ന കഥാപാത്രം തന്റെ കുട്ടിക്കാലങ്ങളില്‍ വീട്ടില്‍ വന്നിരുന്നതും അമ്മയോട് 'ഏടത്തി തനിക്ക് കഞ്ഞി വേണം എന്നാവശ്യപ്പെട്ടതും നിരുപദ്രവകാരിയായ അയാളെ സമൂഹം കല്ലെറിയുന്നത് സങ്കടത്തോടെ നോക്കി നിന്നതും വികാരഭരിതമായ വാക്കുകളില്‍ അദ്ദേഹം പങ്കുവച്ചു. 'ഓപ്പോള്‍' കഥയായിത്തീര്‍ന്നതും കണ്ണാന്തളികള്‍ പൂക്കാതായതും താണിക്കുന്ന് അപഹരിക്കപ്പെട്ടതും ഭാരതപ്പുഴ മെലിഞ്ഞു പോയതും പ്രതിഷേധസ്വരങ്ങളായി മാറി.
മഹാഭാരതത്തിലെ ഭീമന്‍ നായക കഥാപാത്രമായി മാറിയതും പ്രതിനായകനായ വടക്കന്‍ വീരഗാഥയിലെ ചന്തുവിനെ നായക പരിവേഷം നല്‍കിയതും കുട്ടികളുടെ ചോദ്യത്തിനുള്ള ഉത്തരങ്ങളായി അദ്ദേഹം വിശദീകരിച്ചു. എം.ടി.യെ സ്വാധീനിച്ച വ്യക്തി ആരെന്നുള്ള ചോദ്യത്തിന് തന്റെ അമ്മയോളം തന്നെ സ്വാധീനിച്ച വ്യക്തി ആരുമില്ലെന്ന മറുപടിക്കൊപ്പം ബാല്യകാലത്തിലെ ദാരിദ്ര്യം നിറഞ്ഞ ജീവിതത്തെപ്പറ്റിയും അടുത്ത വീട്ടുകാരോടുള്ള അമ്മയുടെ കരുതലിനെപ്പറ്റിയും അദ്ദേഹം വാചാലനായി.
അധ്യാപകരായ പ്രീതി,പ്രിയ,രജിത,വിദ്യാ,ആല്‍ബര്‍ട്ട്,രാഗേഷ് എന്നിവരാണ് വിദ്യാര്‍ഥികളെ അനുഗമിച്ചത്.
Content HIghlights: M.T.Vasudevan Nair share his experience with students