തുടര്‍ച്ചയായി 16-ാം വര്‍ഷം ചലച്ചിത്ര സംഘടന അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തിരിക്കാന്‍ ഇന്നസെന്റിന് സാധിക്കുന്നതെങ്ങനെ? മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ഇന്നസെന്റിന്റെ 'ഇരിങ്ങാലക്കുടയ്ക്കു ചുറ്റും' എന്ന പുസ്തകത്തിനെഴുതിയ അവതാരികയില്‍ ഫാസില്‍ നമുക്കുമുന്നില്‍ സര്‍മമധുരത്തില്‍ ചാലിച്ച് അവതരിപ്പിക്കുന്നത് നമുക്കു പരിചിതനായ ഇന്നസെന്റ് എന്ന നടനെയാണ്, എം.പിയെ ആണ്.
'പലരും ധരിച്ചുവെച്ചിട്ടുണ്ട് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയുമൊക്കെ ഔദാര്യം കൊണ്ടാണ് ഇന്നസെന്റ് അമ്മയുടെ പ്രസിഡന്റായി തുടരുന്നതെന്ന്. വേറെ ആളെ നോക്ക്. ആ വമ്പന്മാരെയൊക്കെ കൈകാര്യം ചെയ്യാനുള്ള സകലവിദ്യകളും കൈയില്‍ വെച്ചിട്ടാണ് ഈ കളികളൊക്കെ. എല്ലാവര്‍ക്കുമറിയാമത്. സഹധര്‍മ്മിണി ആലീസിനുമറിയാം. ഒരിക്കല്‍ കുടുംബകലഹത്തിനിടെ നന്നേ ദേഷ്യം പിടിച്ചപ്പോള്‍ ദേ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ഇട്ട് വട്ടുതട്ടിക്കളിക്കുന്നത് പോലെ എന്റടുത്ത് കളിക്കാന്‍ വരാണ്ടാന്ന് ആലീസ് പറഞ്ഞതായുളള ഒരു കഥയും പ്രചാരത്തിലുണ്ട്.
(ഇത്രയും എഴുതിക്കഴിഞ്ഞ ഉടനെ എനിക്ക് ഇന്നസെന്റിനെ വിളിക്കണമെന്ന് തോന്നി. ഫോണില്‍ വിളിച്ച് ഞാന്‍ പറഞ്ഞു: 'ഇന്നസെന്റേ, അവതാരിക എഴുതിക്കൊണ്ടിരുന്നപ്പോള്‍ ഇടയ്ക്ക് മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കുറിച്ച് ഒരു പരാമര്‍ശം വന്നു. ആ ഭാഗം മാത്രം വായിക്കാം. കുഴപ്പമുണ്ടോയെന്ന് നോക്ക്.' ഞാനതുവായിച്ചു കേള്‍പ്പിച്ചു. കേട്ട ശേഷം പതിവുശൈലിയില്‍ ഇന്നസെന്റ് പറഞ്ഞു: 'എന്ത് കൊഴപ്പം? അവരില്‍ ഒരാളുടെ പേരുമാത്രം എടുത്തുപറഞ്ഞ് പുകഴ്ത്താനും പോകരുത്, ഇകഴ്ത്താനും പോകരുത്. പറയുമ്പം രണ്ടുപേരുടെയും പേര് ഒരുമിച്ച് ചേര്‍ത്ത് എന്തുവേണമെങ്കിലും പറഞ്ഞോ, യാതൊരു കുഴപ്പവും വരില്ല..കണ്ടോ.. അതാണ് ഇന്നസെന്റ്..! എന്റെ തെക്കേത്തല വറീതേ സമ്മതിച്ചു തന്നിരിക്കുന്നു.) ' - അവതാരികയില്‍ ഫാസില്‍ എഴുതുന്നു.
അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തുനിന്നും പാര്‍ലമെന്റിലേക്കുള്ള ഇന്നസെന്റിന്റെ യാത്രയെ കുറിച്ചും ഫാസില്‍ അവതാരികയില്‍ പറയുന്നുണ്ട്. ' മണ്ഡലത്തില്‍ എവിടെ പ്രസംഗിച്ചാലും സ്വന്തം ജീവിതാനുഭവങ്ങളെടുത്ത് അതില്‍ നര്‍മം നന്നായി ചാലിച്ച്, ഉരുട്ടിയുരുട്ടി ഉരുളകളാക്കി ഒന്നിനു പിറകെ ഒന്നായി സദസ്സിനു നേരെ എറിഞ്ഞുകൊടുക്കും. ഒടുവില്‍ പ്രസംഗം തീരാന്‍ നേരം ജനങ്ങളോട്, പ്രത്യേകിച്ച് സ്ത്രീജനങ്ങളോട് ഒരു ചോദ്യമാണ്, ഞാനിവിടെ പ്രസംഗിച്ചിട്ട് ടൂ ജീ സ്‌പെക്ട്രത്തെ കുറിച്ചോ, സാമ്പത്തികമാന്ദ്യത്തെ കുറിച്ചോ മിണ്ടിയോ, എനിക്കും നിങ്ങള്‍ക്കും അറിയാത്ത കാര്യങ്ങളെ കുറിച്ച് ഞാന്‍ നിങ്ങളോടെന്ത് പറയാന്‍ ?' അതിലൂടെ ഇന്നസെന്റ് നേടിയത് ജനങ്ങളുടെ സ്‌നേഹമാണ്, വോട്ടാണ്. അഴിമതിക്കറ പുരളാത്ത, സ്വജനപക്ഷപാതമില്ലാത്ത, കൈക്കൂലി വാങ്ങാത്ത ഒരു ജനസേവകനെന്ന പ്രതിച്ഛായ ഇന്നസെന്റ് വളര്‍ത്തിയെടുത്തെന്നും ഫാസില്‍ എഴുതുന്നു.