അനൂപ് മരിച്ചു. 28.01.16ന്. കോഴിക്കോടുനിന്ന് അര്‍ദ്ധരാത്രിയില്‍ മരണമറിഞ്ഞു. തിരുവനന്തപുരത്തെ ഒരു ലോഡ്്ജില്‍ സുഹൃത്തുക്കള്‍ക്കൊപ്പം രാത്രിയെ കൊന്നുകളയുകയായിരുന്നു ഞാന്‍. ലോഡ്ജിനു മുന്നില്‍ കുന്തിരിക്കത്തിന്റെ മരം പടര്‍ന്നുനില്‍ക്കുന്നു. ബ്രിട്ടീഷുകാരുടെ കാലത്ത് നട്ടത്. പക്ഷികള്‍ ചേക്കേറാത്ത മരമാണ് കുന്തിരിക്കമെന്ന് സുഹൃത്ത് പറഞ്ഞു. പക്ഷികള്‍ കുന്തിരിക്കത്തെ ഭയപ്പെടുന്നതിന്റെ കാരണം അജ്ഞാതം. കുന്തിരിക്കം മരണത്തിന്റെ മരമാണെന്ന് ഞാന്‍ പറഞ്ഞു. കുന്തിരിക്കത്തിന്റെ ഗന്ധം മരണത്തിന്റെ ഗന്ധവും. വെളിച്ചം നിലതെറ്റി വീണുകിടക്കുന്ന ഇരുട്ടില്‍ ഒരില പോലെ അനങ്ങാതെ മൂകതയോടെ കുന്തിരിക്കം. മരണം ഞങ്ങള്‍ക്കിടയിലും നിശബ്ദത കൊണ്ടുവന്നു.
മരണം ഉറക്കത്തെ ഊതിക്കെടുത്തി. മൊബൈലില്‍ എന്തൊക്കെയോ നോക്കിയങ്ങനെ കിടന്നു. മനസ് ശ്രദ്ധയുറപ്പിച്ചത് അവനില്‍....
അവസാനമായി അവനെയൊന്ന് കാണാതിരുന്നാല്‍ അവന്‍ പിണങ്ങും. 'രാക്കൊണ്ട' ലോഡ്ജില്‍ നിന്നിറങ്ങി. 'രാക്കൊണ്ട'- 'നന്നേ പുലര്‍ച്ച' എന്നതിന് പകരം കാസര്‍ഗോഡ് പറയുന്ന നാടന്‍ വാക്ക്. 'രാക്കൊണ്ട വണ്ടി കയറി..' എന്നൊരിക്കല്‍ ഓഫീസില്‍ വായില്‍ നിന്ന് വീണപ്പോള്‍ ആ പദം പലപ്പോഴും പറഞ്ഞുനടന്നിരുന്നു അവന്‍. 'രാക്കൊണ്ട എന്ന പേരില്‍ എനിക്കൊരു കഥയെഴുതിത്താ... ഞാനത് ഹ്രസ്വചിത്രമാക്കാം..' എന്ന് വാക്കിന്റെ ഭംഗിയില്‍ അവന്‍. ചെയ്യാം എന്ന് പല തവണ ഉറപ്പ് കൊടുത്തു.
എന്റെ വാക്ക് പഴയ ചാക്ക് പോലെ... എന്റെ ഉറപ്പ് കുറുപ്പിന്റെ ഉറപ്പ് പോലെ...
തീവണ്ടിയില്‍ തിരക്കുണ്ടായിരുന്നില്ല. തീവണ്ടിക്കും തിരക്കുണ്ടായിരുന്നില്ല. എനിക്ക് തിരക്കുണ്ടായിരുന്നു. അവന്റെയടുത്തെത്താനുള്ള തിരക്ക്. അവന് എന്നേക്കാള്‍ തിരക്കായിരുന്നു. വളരെ പെട്ടെന്ന് വാര്‍ത്തകള്‍ തയ്യാറാക്കും. രണ്ടരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമ വലിച്ചു വലിച്ച് പത്ത് മിനുട്ടിനുള്ളില്‍ കണ്ടുതീര്‍ക്കും. സംസാരത്തിനും നടത്തത്തിനും വേഗതയൊട്ടും കുറവല്ല. തന്റെ ബുള്ളറ്റ് ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങുന്നത് അവന് സഹിക്കാനേ പറ്റില്ല.
ഹൃസ്വകാലമേയുള്ളൂവെന്നറിഞ്ഞത് കൊണ്ടാവുമോ എല്ലാം വേഗത്തിലാക്കിയത്. മരണത്തിന് മുമ്പേ ഒരെത്തും പിടിയും കിട്ടാതെയുള്ള തത്രപ്പാട് മാത്രമാണ് ജീവിതം...- അവന്‍ ഇപ്പോള്‍ പറയുന്നു.
ആലുവയില്‍ ഇറങ്ങി, അവനെയും കൊണ്ടുപോവുന്ന മരണവണ്ടിയെ കാറില്‍ പിന്തുടരവെ സുഹൃത്ത് പറഞ്ഞു: എന്തൊരു തന്റേടവും ധൈര്യവുമായിരുന്നു അവന്... അവന്‍ ഇങ്ങനെ...
മരണത്തിന്റെ വഴികള്‍ അപരിചിതവും അവിചാരിതവുമാകുന്നു.
അവര്‍ ചെയ്ത യാത്രകളെക്കുറിച്ച് സുഹൃത്ത്. യാത്രകള്‍ ഭ്രമമായിരുന്നു അവന്. മൊബൈല്‍ തുടങ്ങിയ എല്ലാ സമ്പര്‍ക്കങ്ങളും ഓഫ് ചെയ്ത് ബുള്ളറ്റില്‍ പറന്നുപോയത് അവന്‍ പറയും. പോകാനുള്ള യാത്രകളെക്കുറിച്ചും. എല്ലാ ബന്ധങ്ങളും ഓഫ് ചെയ്ത് ഒരിക്കലും മടങ്ങിവരാത്ത ഒരു യാത്ര അവന്‍ പോയിരിക്കുന്നു.
വെയില്‍ ചാഞ്ഞിരുന്നു അവന്റെ കോട്ടയത്തുള്ള വീടെത്തുമ്പോള്‍. മുറ്റത്ത് ചില്ലുകൂട്ടിനുള്ളില്‍ അവന്‍ കിടക്കുന്നു, ശാന്തമായി ഉറങ്ങും പോലെ. ആരെയും കാണാന്‍ താല്‍പ്പര്യമില്ലാത്തത് പോലെ കണ്ണുകള്‍ മുറുക്കെയടച്ചിരിക്കുന്നു. അധികനേരം നോക്കിയില്ല, നോക്കാനായില്ല.
സ്ത്രീകള്‍ ചുറ്റിലുമിരുന്ന് മരിച്ചവരുടെ ലോകത്ത് അവന് സ്വസ്ഥതയേകാന്‍ ദൈവത്തെ വിളിച്ച് പാടുന്നു.
കരച്ചില്‍ ഖനീഭവിച്ച മുഖത്തോടെ ചിലര്‍ നില്‍ക്കുന്നു, ഇരിക്കുന്നു, അങ്ങുമിങ്ങും നടക്കുന്നു....
വഴിവക്കിലിരുന്ന് ഒന്നിലും മനസുറക്കാതെ അവന്റെ അച്ഛന്‍ ആരോടൊക്കെയോ എന്തെക്കെയോ സംസാരിക്കുന്നു. തര്‍ക്കിക്കുന്നു. സിഗററ്റ് ചോദിക്കുന്നു.
നിന്നെ മഞ്ചേരിയിലേക്ക് പരിപാടിക്ക് വിളിക്കണമെന്ന് അവന്‍ എപ്പോഴും പറയുമായിരുന്നെന്ന് നാട്ടിലെ സുഹൃത്ത് വന്ന് കൈ പിടിച്ചു. എല്ലാവരുമുണ്ടായിട്ടും അവനെന്തിനിങ്ങനെ.. അവന്‍ എന്റെ വിരലുകള്‍ മുറുക്കി. ഞാന്‍ ഒന്നും മിണ്ടിയില്ല.
ഒരു അനൂപ് ഫോണില്‍ വിളിച്ചു. രണ്ട് അനൂപുമാര്‍ രണ്ട് വര്‍ഷത്തിനടയില്‍ ഇറങ്ങിപ്പോയിരിക്കുന്നു. ഒരു വര്‍ഷം മുമ്പ് എഴുത്തുകാരനായ കെ.വി. അനൂപ് എന്ന സ്‌നേഹത്തിന്റെ നിറസാന്നിദ്ധ്യമായ ജേഷ്ഠതുല്യനായ സുഹൃത്തിനെ മരണം വിളിച്ചുകൊണ്ടുപോയി. ഇപ്പോള്‍ അനൂപ് മരണത്തെ വിളിച്ചിരിക്കുന്നു....
അവന്റെ വീടിനരികിലായുള്ള പച്ചക്കറിപ്പന്തലിന് മുന്നിലെ വയല്‍ക്കരയില്‍ വെറുതെയിരുന്നു.
ചുറ്റിലും പച്ച.. പച്ച മാത്രം...
കുറച്ചപ്പുറത്തായി നിരന്നങ്ങനെ നില്‍ക്കുന്ന മലനിരകള്‍..
ഇതൊന്നും ഇനിയൊരിക്കലും അവന് കാണാനാവില്ലല്ലോ...
അവന് ആവേശമായ യാത്രകള്‍..
അവന് ഇഷ്ടപ്പെട്ട ഹാം റേഡിയോ സംസാരങ്ങള്‍..
ഹാം റേഡിയോവിലൂടെ വിശാലമായ സൗഹൃദങ്ങള്‍ അവനുണ്ടായിരുന്നു.
ആളുകള്‍ കൂടിവന്നു.
ഇരുട്ട് കൂടിവന്നു.
ഫോണുകളുടെ ഒച്ച കൂടിവന്നു.
വീട്ടിലെ നാഗത്തറയിലെ ചിതല്‍പ്പുറ്റുകള്‍ക്ക് കീഴിലായുള്ള വിളക്കുകള്‍ തെളിഞ്ഞു.
വരേണ്ടവരൊക്കെ വന്നുകഴിഞ്ഞുവോ...
അവന് പോവേണ്ട സമയമായിരിക്കുന്നു...
കര്‍മം ചെയ്യുന്നയാള്‍ അവന് മുന്നില്‍ ചമ്രം പടിഞ്ഞിരുന്നു.
നനഞ്ഞ കൈത്തലം ചേര്‍ത്തുകൊട്ടി.
അയാള്‍ അവനെ യാത്രയാക്കാന്‍ തുടങ്ങിയിരിക്കുന്നു.
അവന്റെ കാല്‍ക്കീഴില്‍ കൊടിയിലയില്‍ ബലിയിട്ട ചോറുരുളകള്‍...
ചിതയിലേക്ക് എടുത്തുവെയ്ക്കുമ്പോള്‍ അവന്‍ പിറകില്‍ വന്ന് ചുമലില്‍ തട്ടി: 'ഒക്കെഡാ... കാണാം...', ഓഫീസില്‍ നിന്നിറങ്ങുമ്പോള്‍ പറയും പോലെ...
അപ്പോള്‍ എന്റെ കണ്ണുകള്‍ നനഞ്ഞു.
റെയില്‍വേ സ്‌റ്റേഷനിലേക്ക് മടങ്ങവെ വിജനമായ പാതയിലൂടെ ബുള്ളറ്റില്‍ ഏകനായി യാത്ര ചെയ്യുന്ന അവനെ ഞാന്‍ കണ്ടു.
അവന്‍ ക്ഷീണിതനായിരുന്നു.
അവന്‍ ദു:ഖിതനായിരുന്നു.
ഞാന്‍ കൈകൊട്ടിവിളിച്ചു. എന്റെ കൈകള്‍ നനഞ്ഞിരുന്നു....
അവന്‍ തിരിഞ്ഞുനോക്കിയില്ല..
അവന്റെ കീശയിലെ ഹാം റേഡിയോവില്‍ നിന്ന് പല തരം ഒച്ചകള്‍ ഇരുട്ടിലേക്ക് തെറിച്ചു.
ബുള്ളറ്റിന്റെ ഒച്ചയേക്കാള്‍ അത് വഴികളെ കീഴടക്കി.
പൊടുന്നെനെ അവിടമാകെ കുന്തിരക്കത്തിന്റെ ഗന്ധമുയര്‍ന്നു....