'നിങ്ങളുടെ ഓരോ നിമിഷത്തിലും നിങ്ങള്‍ ചിന്തിക്കുന്നതിലും
അപ്പുറമുള്ള സാധ്യതകള്‍ ഒളിഞ്ഞു കിടക്കുന്നു'
ലോകം അറിയുന്ന ബുദ്ധസന്ന്യാസിയായ തിച് നാട്ട് ഹാനിന്റെ പ്രശസ്തമായ ഉദ്ധരണിയാണിത്. ഇത്തരത്തില്‍ ജീവിതത്തെക്കുറിച്ച് കൃത്യമായ ഉള്‍ക്കാഴ്ച നല്‍കുന്ന പുസ്തകമാണ് അദ്ദേഹത്തിന്റെ പുതിയ പുസ്തകമായ 'അറ്റ് ഹോം ഇന്‍ ദ വേള്‍ഡ്'.
ജീവിതത്തിലെ ഓരോ നിമിഷവും നമ്മള്‍പോലും അറിയാതെ നമുക്ക് നല്‍കുന്നത് ഒട്ടേറെ സാധ്യതകളും സൗഭാഗ്യങ്ങളുമാണ് എന്ന തിരിച്ചറിവാണ് ജീവിതത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ നമ്മെ സഹായിക്കുന്നത്. ബുദ്ധസന്ന്യാസിയും സെന്‍ മാസ്റ്ററുമായ തിച് നാട്ട് ഹാന്‍ വായനക്കാര്‍ക്ക് മുന്നില്‍ വയ്ക്കുന്നത് ഇത്തരത്തില്‍ ജീവിതത്തെ തിരിച്ചറിയാനും മുന്നോട്ടുകൊണ്ടുപോകാനുമുള്ള മൊഴിമുത്തുകളാണ്.
ആത്മകഥയിലൂന്നിനിന്നുകൊണ്ടുള്ള സമാധാന സന്ദേശ കഥകളും തന്റെ പുസ്തകത്തിലൂടെ തിച് നാട്ട് ഹാന്‍ വായനക്കാരന് നല്‍കുന്നു. ഇത്തരത്തില്‍ വളരെ ലളിതമായി വായിക്കാന്‍ സാധിക്കുന്ന പുസ്തകമാണ് 'അറ്റ് ഹോം ഇന്‍ ദ വേള്‍ഡ്'. ആത്മകഥാംശം ഉള്ള ചെറുകഥകളുടെ സമാഹാരമാണിത്. ബാല്യകാലത്തെ ഓര്‍മകളും തന്റെ ഗ്രാമമായ വിയറ്റ്‌നാമിലെ ആചാരങ്ങളുമെല്ലാം തിച് നാട്ട് ഹാന്‍ ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്നു.
ലോകം മുഴുവന്‍ സഞ്ചരിച്ച് ശാന്തിയും സമാധാനവും ജനങ്ങളിലേക്ക് പകരുന്ന, സന്ദര്‍ശിച്ച പുണ്യ സ്ഥലങ്ങള്‍ വിവരിക്കുന്ന, ലോകത്തിലെ മികച്ച നായകന്മാരുടെ പ്രചോദനാന്മക കഥകള്‍ പ്രതിപാദിക്കുന്ന ഈ പുസ്തകം ഏതൊരു വായനക്കാരനും മുതല്‍ക്കൂട്ടാണ്.
ധര്‍മത്തെ കുറിച്ചും സമാധാനത്തെ കുറിച്ചുമാണ് തിച് നാട്ട് ഹാന്‍ സംസാരിക്കുന്നത്. ഏതൊരു പ്രായക്കാരനും ഇഷ്ടപ്പെടുന്ന രീതിയിലാണ് ഈ പുസ്തകം ചിട്ടപ്പെടുത്തിയിരിക്കുന്നത്. 'ദ മിറാക്കിള്‍ ഓഫ് മൈന്‍ഡ്ഫുള്‍നെസ്', 'പ്രസന്റ് മൊമന്റ്, വണ്ടര്‍ഫുള്‍ മൊമന്റ്', 'പീസ് ഈസ് വെരി സ്റ്റെപ്പ്', 'ബി ഫ്രീ വേര്‍ യു ആര്‍', 'പീസ് ഓഫ് മൈന്‍ഡ്' തുടങ്ങി അനവധി പുസ്തകങ്ങളിലൂടെ വായനക്കാരന്റെ മനസ്സില്‍ സ്ഥാനം നേടാന്‍ ഈ ബുദ്ധസന്ന്യാസിക്ക് സാധിച്ചിട്ടുണ്ട്.