കാഞ്ഞങ്ങാട്: 'ഭീകരവാദത്തിന്റെയും തീവ്രവാദത്തിന്റെയും ഭീതിതമായ അന്തരീക്ഷമായിരുന്നു അന്ന് അസം അതിര്‍ത്തികളിലെ ഗ്രാമങ്ങളില്‍. പരസ്പരം ഭാഷയറിയില്ലെങ്കിലും എന്‍.സി.സി. ക്യാമ്പിലെ പഞ്ചാബിക്കാരന്‍ ധര്‍മേന്ദ്രയുമായി കൂട്ടൂകൂടി. അസം, ബര്‍മ, മിസോറം ഗ്രാമങ്ങളിലെ ജനങ്ങളുടെ ഭായാശങ്കകള്‍ നേരിട്ടുകണ്ട ഓര്‍മകള്‍. ഒടുവില്‍ ക്യാമ്പ് കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ ഇത്തിരി ഗോതമ്പെടുത്ത് വെള്ളംനിറച്ച കുപ്പിയിലിട്ടുവെച്ചു. ധര്‍മേന്ദ്രന്റെ മുഖവും മനസ്സും സൗഹൃദവും ആ ഗോതമ്പിലൂടെ വീണ്ടുംവീണ്ടും പെയ്തിറങ്ങി. ആദ്യമായി ഒരു കഥയെഴുതി ഒരുപിടി ഗോതമ്പ്. മാതൃഭൂമി വാരാന്തപ്പതിപ്പില്‍ ആദ്യമായി ആ കഥ അച്ചടിച്ചുവന്നു' സന്തോഷ് ഏച്ചിക്കാനത്തിന്റെ വാക്കുകളില്‍ എപ്പോഴും നിറയുന്നത് സമൂഹത്തിന്റെ ആശങ്കകളാണ്.
ഗ്രാമീണരുടെ, സാധാരണക്കാരന്റെ, കര്‍ഷകന്റെ മനസ്സറിയുന്ന എഴുത്ത്. പദ്മപ്രഭാ പുരസ്‌കാരത്തിളക്കത്തെക്കുറിച്ചുള്ള സന്തോഷം പങ്കുവെക്കുമ്പോള്‍പ്പോലും അദ്ദേഹത്തിന്റെ വാക്കുകളില്‍ ഈ രാജ്യത്തിന്റെ ആശങ്ക നിറയുന്നു. ഫോണില്‍ വിളിച്ചപ്പോള്‍ പറഞ്ഞുതുടങ്ങിയത് ബംഗാളിലെ ഗ്രാമങ്ങളെക്കുറിച്ചാണ്.
'വര്‍ഷങ്ങള്‍ക്കുമുമ്പ് അസമിന്റെയും ബര്‍മയുടെയും മിസോറമിന്റെയും അതിര്‍ത്തിയില്‍ കണ്ട ആശങ്ക മറ്റൊരുരീതിയില്‍ ഇവിടെ കത്തിജ്വലിച്ചുനില്‍ക്കുന്നു. ഇവിടെ ചക്ല, ഗസല്‍ തുടങ്ങിയ ഗ്രാമങ്ങളില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍. പേരെഴുതാനും ഒപ്പിടാനുമറിയാത്ത ഗ്രാമീണര്‍ക്ക് എങ്ങനെയാണ് പൗരത്വത്തെ വ്യക്തമാക്കിക്കൊടുക്കാനാകുക...' അവിടെയും നിറയുന്നത് ആശങ്ക തന്നെ. ബേഡഡുക്ക ഗ്രാമത്തിലെയും കാസര്‍കോട്ടെ ഇതര ഗ്രാമങ്ങളിലെയും പട്ടിണിയും കഷ്ടപ്പാടും നെഞ്ചുനിറയെ സൂക്ഷിക്കുന്നുണ്ട് ഈ കഥാകാരന്‍.
കാഞ്ഞങ്ങാട്ടെ പ്രസിദ്ധ ജന്മത്തറവാട്ടായ ഏച്ചിക്കാനം കുടുംബാംഗമാണ് അച്ഛന്‍ എ.സി. ചന്ദ്രന്‍നായര്‍. ബേഡഡുക്ക തോര്‍ക്കുളം സ്‌കൂളിലും കുണ്ടംകുഴി സ്‌കൂളിലും നെഹ്രു കോളേജിലുമായി പഠനം. കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകനായതും ജീവിതചിത്രം. സീരിയല്‍ എഴുത്തുകാരനായപ്പോള്‍ അധ്യാപകജോലി രാജിവെച്ചു.
സിങ്കപ്പൂര്‍ എന്ന കഥയില്‍ 2500 രൂപ കൊടുത്താല്‍ കാക്കയെ കിട്ടുമെന്നു പറഞ്ഞുവെച്ചത്, വിദൂരമല്ലാത്ത ഭാവിയില്‍ ഗ്രാമങ്ങളില്‍പ്പോലും കാക്കകളില്ലാത്ത, പക്ഷികളെ കാണാനാകാത്ത ഒരു അനുഭവം ഉണ്ടാകുമെന്ന മുന്നറിയിപ്പ് കൂടി നല്‍കുന്നു ഏച്ചിക്കാനത്തിന്റെ വരികള്‍.
Content Highlights: padmaprabha award winner Santhosh Echikkanam Speaking