കഥകള്‍ ഇഷ്ടപ്പെടാത്ത കുട്ടികളില്ല... കഥകള്‍ വായിക്കാനും കേള്‍ക്കാനുമെല്ലാം കുട്ടികള്‍ക്ക് ഇഷ്ടമാണ്. എഴുത്തിന്റെയും വായനയുടെയും ലോകത്തേക്ക് കുഞ്ഞുങ്ങളെ കൈപിടിച്ചു നടത്തുന്നതിലും കഥകള്‍ക്ക് വലിയ പങ്കുണ്ട്. ലോകമെമ്പാടുമുള്ള കുട്ടികളെ തന്റെ കഥകളിലൂടെ വായനയുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുവന്ന എഴുത്തുകാരിയാണ് ഇനിഡ് ബ്ലൈറ്റന്‍.
കുട്ടികള്‍ക്ക് മാത്രമായി അറുന്നൂറോളം പുസ്തകങ്ങള്‍ രചിച്ച, ഈ കുട്ടിക്കഥകളുടെ തോഴി ജനിച്ചത് ഇംഗ്ലണ്ടിലാണ്. 1897 ഓഗസ്റ്റ് 11-നായിരുന്നു ജനനം. പിതാവ് തോമസ് കാരി ബ്ലൈറ്റന്‍, മാതാവ് തെരേസ മേരി. ഒരുപാട് വിമര്‍ശനങ്ങളേയും പ്രതിസന്ധികളെയും തരണം ചെയ്താണ് ഇനിഡ് കഥകളുടെ ലോകത്ത് ചുവടുറപ്പിച്ചത്. എന്നാല്‍, ഇതിനെയെല്ലാം അതിജീവിച്ച് തന്റെ പ്രിയപ്പെട്ട കഥാപാത്രങ്ങളിലൂടെ ഇന്നും കുട്ടികളുടെ മനസ്സില്‍ ഇനിഡ് ജീവിക്കുന്നു.
കുട്ടികള്‍ക്ക് ഏറെ പ്രിയപ്പെട്ട 'നോഡി (NODDY)' ഇനിഡിന്റെ സൃഷ്ടിയാണ്. ഇന്നും 'നോഡി' എന്ന കഥാപാത്രത്തിന് കുട്ടികളുടെ ഇടയില്‍ ധാരാളം ആരാധകരുണ്ട്. 90 ഭാഷകളിലായി ഇനിഡിന്റെ കഥകള്‍ തര്‍ജമ ചെയ്യപ്പെട്ടിട്ടുണ്ട്.
ചെറുപ്പത്തില്‍ അച്ഛനായിരുന്നു ഇനിഡിന്റെ പ്രിയപ്പെട്ട കൂട്ടുകാരന്‍. പ്രകൃതിഭംഗി ആസ്വദിക്കാനും എഴുതാനും വായിക്കാനുമെല്ലാം അവളെ പഠിപ്പിച്ചത് അച്ഛനായിരുന്നു. അച്ഛനില്‍ നിന്ന് കുട്ടിക്കാലത്ത് പഠിച്ച പാഠങ്ങളാണ് തന്റെ ജീവിതത്തിന് പലപ്പോഴും വഴികാട്ടിയായി തീര്‍ന്നതെന്ന് ഇനിഡ് എപ്പോഴും പറയാറുണ്ടായിരുന്നു. എന്നാല്‍, അമ്മയാകട്ടെ ഇതിനെല്ലാം എതിരായിരുന്നു. മകളുടെ നിരന്തരമുള്ള എഴുത്തും വായനയും പൂന്തോട്ട പരിപാലനവും ഒന്നും അമ്മയ്ക്ക് ഇഷ്ടമില്ലായിരുന്നു.
'ട്രെസ്‌കോ (Tresco)' എന്ന ഒരു ചെറിയ സ്‌കൂളിലായിരുന്നു ഇനിഡ് പഠിച്ചത്. ആ സ്‌കൂളിലെ, സന്തോഷിപ്പിക്കുന്ന അനുഭവങ്ങള്‍ ജീവിതാവസാനം വരെ ഇനിഡ് ഓര്‍മിക്കാറുണ്ടായിരുന്നു. കണക്ക് പഠിക്കാന്‍ താത്പര്യമില്ലാത്ത, കലകളെയും പ്രകൃതിയേയും ഏറെ ഇഷ്ടപ്പെട്ടിരുന്ന ഇനിഡ് എന്ന് കൊച്ചുപെണ്‍കുട്ടിക്ക് 'ട്രെസ്‌കോ' വലിയ പ്രോത്സാഹനമാണ് നല്‍കിയത്. പിന്നീട് സെയ്ന്റ് ക്രിസ്റ്റഫര്‍ സ്‌കൂള്‍ ബക്കിങ്ഹാമിലായിരുന്നു പഠനം. അവിടെയും അധ്യാപകര്‍ക്ക് ഏറെ പ്രിയപ്പെട്ട കുട്ടിയായിരുന്നു ഇനിഡ്. ടെന്നീസ് കളിയിലും ഇംഗ്ലീഷ് ഉപന്യാസ രചനയിലുമെല്ലാം തന്റേതായ മികവുതെളിയിച്ച ഇനിഡിന് സ്‌കൂളില്‍ നിന്ന് ധാരാളം സമ്മാനങ്ങള്‍ ലഭിക്കാറുണ്ടായിരുന്നു. കൂടാതെ, ഇനിഡ് സ്‌കൂളിലെ 'ഹെഡ്ഗേള്‍' കൂടിയായിരുന്നു. സ്‌കൂളില്‍ വച്ച് രണ്ടു കൂട്ടുകാരുമായി ചേര്‍ന്ന് 'Dab' എന്ന ഒരു കൈയെഴുത്തു മാസിക ഇനിഡ് പുറത്തിറക്കി.
എന്നാല്‍, സന്തോഷകരമായ സ്‌കൂള്‍ജീവിതത്തിന് ഏറെ ആയുസ്സുണ്ടായിരുന്നില്ല. ഇനിഡിന്റെ പിതാവ് അവരെ ഉപേക്ഷിച്ച് വേറെ വിവാഹം കഴിച്ചു. അച്ഛന്റെ പ്രിയപ്പെട്ട മകള്‍ക്ക് ഇത് അപമാനത്തേക്കാളേറെ വേദനയുളവാക്കി. ഇനിഡ് ജീവിതത്തില്‍ ഒറ്റപ്പെട്ടതായി അവള്‍ക്ക് തോന്നി. ഈ ദുഃഖത്തെയെല്ലാം അവള്‍ മറികടന്നത് എഴുത്തിലൂടെയും വായനയിലൂടെയുമാണ്. അധിക സമയവും ഇതിനായി അവള്‍ വാതിലടച്ച് സ്വന്തം മുറിയില്‍ത്തന്നെ കഴിച്ചുകൂട്ടി. എന്നാല്‍, അമ്മയാകട്ടെ മകള്‍ സമയം പാഴാക്കിക്കളയുകയാണെന്ന് പരിതപിച്ചുകൊണ്ടേയിരുന്നു.
അതിനിടയില്‍, ഇനിഡ് തന്റെ കവിതകളും മറ്റും പല പ്രസാധകര്‍ക്കും അയച്ചുകൊടുത്തു. എന്നാല്‍ എല്ലായിടത്തു നിന്നും തിരസ്‌കരണമാണുണ്ടായത്. സാമാന്യം ഭേദപ്പെട്ട നിലയില്‍ പാടുകയും പിയാനോ വായിക്കുകയും ചെയ്തിരുന്ന ഇനിഡ്, ആ മേഖലയില്‍ ഉയര്‍ന്നുവരണമെന്നാണ് ബന്ധുക്കള്‍ ആഗ്രഹിച്ചത്. എല്ലാ എതിര്‍പ്പുകളെയും അവഗണിച്ച് ഇനിഡ് തന്റെ എഴുത്ത് തുടര്‍ന്നു.
ഇതിനിടെ, ജീവിക്കാനായി ടീച്ചര്‍ പരിശീലനം നല്ലതാകുമെന്നു കരുതി ഇനിഡ് അതിലേക്ക് തിരിഞ്ഞു. അപ്പോഴും ഇനിഡ് തന്റെ തൂലിക താഴെവച്ചില്ല. ഒടുവില്‍ 1916-ല്‍ 'നാഷ്സ്' മാഗസിനില്‍ 'ഹാവ് യൂ?' എന്ന ഇനിഡിന്റെ കവിത പ്രസിദ്ധീകരിച്ചു. ഇതിനിടെ അധ്യാപകപരിശീലനം പൂര്‍ത്തിയാക്കിയ ഇനിഡ് കുട്ടികളെ പഠിപ്പിക്കാനാരംഭിച്ചു. 1920-കളില്‍ ഇനിഡിന്റെ കൃതികള്‍ ശ്രദ്ധിക്കപ്പെട്ടുതുടങ്ങി. പല പ്രസാധകരും അവരുടെ കഥകളും കവതികളും പ്രസിദ്ധീകരിച്ചു.
1922-ല്‍ 'ചൈല്‍ഡ് വിസ്പേഴ്സ്' എന്ന ഇനിഡിന്റെ ആദ്യപുസ്തകം പുറത്തിറങ്ങി. ഈ കവിതാ സമാഹാരത്തിനു ശേഷം കഥകളും നാടകങ്ങളും ഒക്കെ പുസ്തകങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ടു. 'ബുക്ക് ഓഫ് ബ്രൗണീസ്', 'അഡ്വഞ്ചര്‍ ഓഫ് ബിന്‍ങ്കിള്‍ ആന്‍ഡ് ഫ്‌ലിപ്പ്', 'സണ്ണി സ്റ്റോറീസ്', 'ദ വണ്ടര്‍ഫുള്‍ അഡ്വഞ്ചര്‍', 'ദ സീക്രട്ട് ഐലന്‍ഡ്', 'ടെയില്‍സ് ഓഫ് എന്‍ഷ്യന്റ് ഗ്രീസ്', 'ടെയില്‍സ് ഓഫ് റോബിന്‍ഹുഡ്', 'ഫെയ്മസ് ഫൈവ്' തുടങ്ങി അറുന്നൂറോളം പുസ്തകങ്ങളാണ് ഇനിഡ രചിച്ചത്. 'ദ സ്റ്റോറി ഓഫ് മൈ ലൈഫ്' എന്ന അവരുടെ ആത്മകഥയും ഏറെ ശ്രദ്ധിക്കപ്പെട്ടു.
എന്നാല്‍, ഇത്രയധികം പുസ്തകങ്ങള്‍ കുട്ടികള്‍ക്കായി രചിച്ചിട്ടും ഇനിഡിനെ അംഗീകരിക്കാന്‍ പലരും തയ്യാറായില്ല. അസ്വഭാവികത നിറഞ്ഞതും യാഥാര്‍ഥ്യത്തില്‍ നിന്ന് ഏറെ അകന്നതുമായ അവളുടെ കഥകള്‍ കുട്ടികളെ വഴിതെറ്റിക്കുമെന്ന് വിമര്‍ശനമുയര്‍ന്നു. കുറേക്കാലത്തേക്ക് ലൈബ്രറികളില്‍പ്പോലും അവരുടെ പുസ്തകങ്ങള്‍ വയ്ക്കാറില്ലായിരുന്നു. അവരുടെ എഴുത്തിന് തീരെ പക്വതയില്ലെന്നും പദസമ്പത്ത് കുറവാണെന്നുമെല്ലാം ആരോപണങ്ങള്‍ ഉയര്‍ന്നു.
എന്നാല്‍ കുട്ടികളുടെ ലോകത്ത് വലിയ സ്വീകാര്യതയാണ് ഇനിഡിന് ലഭിച്ചത്. ഇത്രയും മനോഹരമായി കഥകള്‍ എഴുതുന്നതിന് ഇനിഡിന് ആശംസകളും നന്ദിയും അറിയിച്ചുകൊണ്ട് കുട്ടികള്‍ അവര്‍ക്ക് കത്തുകള്‍ എഴുതി. കുട്ടികളുടെ അംഗീകാരമാണ് യഥാര്‍ഥ അംഗീകാരമെന്ന് ഇനിഡ് വിശ്വസിച്ചു. തന്റെ പുസ്തകങ്ങളെ 12 വയസ്സിന് മുകളിലുള്ളവര്‍ വിമര്‍ശിച്ചാല്‍ താനത് മുഖവിലയ്‌ക്കെടുക്കില്ലെന്ന് ഇനിഡ് പ്രഖ്യാപിച്ചു. എഴുത്തിലൂടെ കുട്ടികളുടെ ലോകത്ത് തനതായ ഇടംനേടിയ ഇനിഡിന്റെ ജീവിതം 2009-ല്‍ ബി.ബി.സി. ചിത്രീകരിച്ചു.
കഥകളുടെ മാസ്മരികലോകം കുഞ്ഞുങ്ങള്‍ക്ക് തുറന്നുകൊടുത്ത ഈ കഥാകാരി 1968 നവംബര്‍ 28 -ന് കഥകളുടെയും കവിതകളുടെയും ലോകത്തു നിന്ന് യാത്രയായിയെങ്കിലും ഇന്നും കുട്ടികളുടെ മനസ്സില്‍ ജീവിക്കുന്നു. കുട്ടികളെ സ്‌നേഹിച്ച... കഥയേയും കവിതയേയും സ്‌നേഹിച്ച... കഥകളുടെ തോഴി തന്റെ കഥാപാത്രങ്ങളിലൂടെ ഇന്നും നമുക്കു മുമ്പില്‍ എത്തുന്നു. പിതാവിനാല്‍ ഉപേക്ഷിക്കപ്പെട്ടപ്പോഴും അമ്മയും ബന്ധുമിത്രാദികളും കുറ്റപ്പെടുത്തിയപ്പോഴും എഴുത്തുകാരിയാവുക എന്ന തന്റെ ലക്ഷ്യത്തില്‍ നിന്ന് ഇനിഡ് പിന്നോട്ടു നീങ്ങിയില്ല.
തന്റെ കൃതികള്‍ നിരന്തരം തിരസ്‌കരിക്കപ്പെട്ടപ്പോഴും അവര്‍ തന്റെ ശ്രമം ഉപേക്ഷിച്ചില്ല... തളര്‍ന്നില്ല. വിജയം കാണുവോളം ഇനിഡ് തന്റെ ശ്രമം തുടര്‍ന്നു. ഒടുവില്‍, പ്രസാധകര്‍ കനിഞ്ഞപ്പോള്‍ നിരൂപകര്‍ അവര്‍ക്കെതിരെ വാെളടുത്തു. ലൈബ്രറികളില്‍ നിന്നുപോലും അവരുടെ പുസ്തകങ്ങള്‍ പുറന്തള്ളപ്പെട്ടു. അവിടെയും തളരാതെ മനസ്സു മടുക്കാതെ ഇനിഡ് തന്റെ യാത്ര തുടര്‍ന്നു. അതിനുള്ള അംഗീകാരമായിരുന്നു, കുഞ്ഞുങ്ങള്‍ ഇനിഡിന്റെ കഥാപാത്രങ്ങളെ ഏറ്റെടുത്തത്. ഇനിഡിന്റെ അനശ്വര കഥാപാത്രങ്ങള്‍ കുഞ്ഞുമനസ്സുകളില്‍ ചിരപ്രതിഷ്ഠ നേടി.
നമുക്കും പരിശ്രമശാലിയായ ഈ എഴുത്തുകാരിയില്‍ നിന്ന് പ്രചോദനമുള്‍ക്കൊള്ളാം. ജീവിതം നമുക്ക് നല്‍കുന്ന പരാജയങ്ങളിലും തിരിച്ചടികളിലും പതറാതെ നില്‍ക്കാനും മുന്നോട്ടു നീങ്ങാനും വിജയംവരിക്കാനും ഇനിഡ് ബ്ലൈറ്റന്‍ തന്റെ ജീവിതംകൊണ്ട് നമ്മെ പഠിപ്പിക്കുന്നു.
Conmtent highlights : Enid Blyton,children’s books, queen of children’s books, noddy