ക്രിസ്ത്വനുഭവം എന്ന വീഞ്ഞ്


സജയ് കെ.വി.

2 min read
Read later
Print
Share

ക്രിസ്ത്വനുഭവം കാവ്യാനുഭവംപോലെയാണ്; ക്രിസ്ത്വനുഭവത്തില്‍ കവിതയുടെ നറുവീഞ്ഞ് കണ്ടെത്തുന്നവര്‍ക്ക് കന്യകയുടെ ഗര്‍ഭധാരണമാണല്ലോ, കാവ്യാത്മകമായ പവിത്ര ജിജ്ഞാസയുണര്‍ത്തുന്ന ക്രിസ്തുകഥയിലെ ആദ്യമുഹൂര്‍ത്തം.

ച്ചവെള്ളത്തിന്റെ സൗന്ദര്യലഹരീപരിണാമമാണ് വീഞ്ഞ്. കാനായിലെ കല്യാണപ്പുരയില്‍ അത് സംഭവിച്ചപ്പോള്‍ അതിനുപിന്നില്‍ ക്രിസ്തുവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ദൈവികമായ ഇച്ഛയും. അതിനാല്‍ ക്രിസ്ത്വനുഭവം കാവ്യാനുഭവംപോലെയാണ്; ക്രിസ്ത്വനുഭവത്തില്‍ കവിതയുടെ നറുവീഞ്ഞ് കണ്ടെത്തുന്നവര്‍ക്ക് കന്യകയുടെ ഗര്‍ഭധാരണമാണല്ലോ, കാവ്യാത്മകമായ പവിത്ര ജിജ്ഞാസയുണര്‍ത്തുന്ന ക്രിസ്തുകഥയിലെ ആദ്യമുഹൂര്‍ത്തം. അതിനെ അനന്യചാരുതയോടെ മലയാളിയായ ഒരു മഹാപുരോഹിതന്റെ കവിത്വം ഇങ്ങനെ ആവിഷ്‌കരിച്ചു:

സൂര്യാഭപളുങ്കിനെക്കടക്കുമെന്ന പോലെ
നാര്യാര്യകന്നിക്ഷയംവരാതെപെറ്റുനൂനം'

(ആത്മാനുതാപം - വിശുദ്ധ ചാവറയച്ചന്‍)

പാശ്ചാത്യകവിതയില്‍ മില്‍ട്ടണും െബ്ലയ്ക്കും ഹോപ്കിന്‍സുമൊക്കെയാണ് ഭാഷയെ, ക്രിസ്തുവിന്റെ പവിത്രമാധ്യസ്ഥ്യത്തിലൂടെ കവിതയുടെ വീഞ്ഞാക്കിമാറ്റിയ മഹാകവികള്‍. 'പറുദീസാനഷ്ടം' എഴുതിയ മഹാകവിയുടെ ശ്രദ്ധേയമായ ആദ്യരചനതന്നെ 'തിരുപ്പിറവിയെക്കുറിച്ചൊരു ഗീതം' എന്ന കവിതയായിരുന്നു.

'നക്ഷത്രനീതരായി, വിദൂരമായ
കിഴക്കുനിന്ന്
മധുരസുഗന്ധദ്രവ്യങ്ങളുമായി,
തിടുക്കപ്പെട്ട്
കുതിരയോടിച്ചുവരുന്നവരെ
ക്കണ്ടില്ലേ,
എന്റെ ഗീതമേ വേഗം ചെല്ലൂ,
ചെന്നവരെ വിലക്കൂ,
അവന്റെ വന്ദ്യപാദങ്ങളില്‍
ഭവ്യമായി നീ സ്വയം സമര്‍പ്പിക്കൂ...'

എന്നാരംഭിക്കുന്നു, ഉദാത്തഗംഭീരമായ ആ ക്രിസ്മസ്ഗീതം. പ്രകാശപ്പിറവിയേതും തിരുപ്പിറവിയാണെന്നോ മറിച്ചോ പറയാം. 'ഗ്ലോറി' എന്ന വാക്കിനുള്ള ക്രിസ്തീയധ്വനിയാണതിന് കാരണം. ഗ്ലോറി, പ്രകാശവും ദൈവികമഹത്ത്വവുമാകുന്നു, തിരുവെഴുത്തുകളുടെ പദകോശത്തില്‍. ഒരേസമയം ക്രൈസ്തവവും അക്രൈസ്തവവുമായി ഒരു പുണ്യപ്പിറവിയെ സാക്ഷ്യപ്പെടുത്തുകയായിരുന്നു, 'ക്രിസ്തുസദൃശമായി പ്രഭയോടും മഹത്ത്വത്തോടുംകൂടി ഓരോ പ്രഭാതവും ഭൂമിയില്‍ അവതരിക്കുന്നു' എന്നെഴുതിയ വേഡ്സ്വര്‍ത്തും 'സൂര്യപ്രകാശത്തിന്റെ ഉപമകള്‍' എന്നെഴുതിയ ഡിലന്‍തോമസും.

'കൃഷ്ണാഷ്ടമി' എഴുതിയ വൈലോപ്പിള്ളി, സമാനമായ ഒരു ഗീതം ഉണ്ണിയേശുവിന്റെ തിരുനാളിനെക്കുറിച്ചെഴുതിയില്ല. എന്നാല്‍, ക്രിസ്തുവിന്റെയും ബൈബിളിന്റെയും അനുഭവം വൈലോപ്പിള്ളിക്ക് അന്യമായിരുന്നില്ല. 'പഴയപള്ളി', 'പള്ളിമണികള്‍' തുടങ്ങിയ കവിതകള്‍ ഓര്‍മിക്കുക. ഏറെ പ്രസിദ്ധമായ 'ലില്ലിപ്പൂക്കള്‍' ക്രൈസ്തവമായ ഒരു വിശുദ്ധിയെക്കൂടിയാണ് ആവിഷ്‌കരിക്കുന്നത്. അതിന്റെ അലൗകികമായ വിടര്‍ച്ചയെ കവി ഇങ്ങനെ വാങ്മയപ്പെടുത്തുന്നു.

അങ്ങനെ കണ്ണില്‍ക്കിട
ന്നപ്പൂക്കള്‍ വിടര്‍ന്നു, നാ
ലഞ്ചുമാത്രയി, ലേതോ
പ്രാര്‍ഥനാമണിനാദം
കേട്ടിളം നക്ഷത്രങ്ങ
ളുണരുന്നതുപോലെ
കൂട്ടിലെത്തൈമുട്ടകള്‍
വിരിയുന്നതുപോലെ'

'ഓ! ഭാവനയുടെ കന്യാഗര്‍ഭത്തില്‍ വചനം മാംസമായിരിക്കുന്നു. കന്യകയുടെ അറയില്‍ ഗബ്രിയേല്‍മാലാഖ പ്രത്യക്ഷനായിരിക്കുന്നു' എന്നാണ് കലാകാരന്‍ എന്ന നിലയില്‍ ചെറുപ്പക്കാരന്റെ ആത്മചിത്രം' എന്ന നോവലില്‍ സര്‍ഗാത്മകതയുടെ ഗര്‍ഭാധാനമുഹൂര്‍ത്തത്തെ ജയിംസ് ജോയ്സ് വിവരിച്ചിരുന്നത്. വചനം മാംസമാകുന്നതുപോലെയാണ് ഭാവനയുടെ വിശുദ്ധഗര്‍ഭാശയത്തില്‍വച്ച് കവിത വാഗ്രൂപം നേടുന്നത്; വാക്കിന്റെ തിരുപ്പിറവി!

വയലിലെ ലില്ലികളുടെ വിനീതകാന്തിപോലൊന്ന് ക്രിസ്തുദേവ ചരിതത്തിലുമുണ്ട്. നിര്‍വാസിതനും നിര്‍വസനനുമായി കാലിത്തൊഴുത്തിലെ പുല്‍മെത്തയിലാണ് അവന്‍ പിറന്നത്. പക്ഷേ, ആ നിസ്വശിശുവിനുമുന്നില്‍ സ്വര്‍ഗസുഗന്ധിയായ ആത്മപാരിതോഷികം സമര്‍പ്പിക്കാന്‍ വന്നുചേര്‍ന്നതോ ജ്ഞാനികളായ മൂന്നുരാജാക്കന്മാര്‍. അവര്‍ക്കു വഴികാട്ടിയായത് അവരോടൊപ്പം ബത്ലഹേമിലോളം സഞ്ചരിക്കുകയും ആ പുല്‍ക്കൂടിനുമുകളില്‍ നിമിഷനേരം നിര്‍ന്നിമേഷമായി നില്‍ക്കുകയുംചെയ്ത ഒരു നക്ഷത്രം.

നക്ഷത്രരശ്മികള്‍ വഴികാട്ടികളാവുന്നത് ദിവ്യശിശുവിന്റെ അള്‍ത്താരയായി മാറിയ ആ പുല്‍ത്തൊഴുത്തിലേക്കുമാത്രം. വിനീതമായ രാജത്വമായിരുന്നു ക്രിസ്തുവിന്റേത്. വയലിലെ ലില്ലിയുടെ നിമ്നനില; എന്നാല്‍, സോളമന്റെ പ്രതാപകാലത്തേക്കാള്‍ ശോഭവായ്ച്ചത്. അതിനാല്‍, അനര്‍ഹമായ നിന്ദയും പരിഹാസവും അവഗണനയും ഏറ്റുവാങ്ങുന്നവരിലെല്ലാം ഒരു ക്രിസ്തുവുണ്ട്; വയലിലെ ലില്ലിയുടെ വിനീതമായ വിശുദ്ധ ലാവണ്യവും.

അപാരമായ നന്മയുടെയും സ്നേഹത്തിന്റെയും ദുഃഖത്തിന്റെയും ലാവണ്യമാണ് ക്രിസ്തുവിലൂടെ വെളിപ്പെട്ടത്. അത് ലോകത്തിന്റെ വെളിച്ചമായവന്റെയും ഭൂമിയുടെ ഉപ്പായിത്തീര്‍ന്നവന്റെയും തന്റെ രക്തമാംസങ്ങളെ വീഞ്ഞും അപ്പവുമായി സ്വയം വീതിച്ചവന്റെയും ലാവണ്യമാണ്. ആ ലാവണ്യസവിധത്തിലേക്കുള്ള വഴികാട്ടിയാവണം നമ്മുടെ മനുഷ്യഗേഹങ്ങളെ അലങ്കരിക്കുന്ന ഓരോ നക്ഷത്രവിളക്കും. നക്ഷത്രവിളക്കുകളുടെ കാലം നന്മയുടെയും സമാധാനത്തിന്റെയും കാലമാകുന്നു. ഭൂമി സ്വര്‍ഗസദൃശമായിത്തീരുന്നകാലം; ശാന്തിയും സ്നേഹവും സൗമ്യമായ ഹിമംപോലെ ഭൂമിയുടെമേല്‍ വര്‍ഷിക്കപ്പെടുന്ന കാലവും.

ഇനി ഇവിടെ എടുത്തെഴുതാന്‍ പോകുന്ന കാവ്യഭാഗം ഒരു ക്രിസ്മസ് ആശംസയല്ല; കോളറിജ്ജ്, വിഷാദഗീതത്തിനൊടുവില്‍, ആത്മാവിന്റെ മിത്രമായ സാറാ ഹച്ചിന്‍സണിനുള്ള ആശിസ്സായി കുറിച്ചത്:

'നക്ഷത്രമായ നക്ഷത്രമൊക്കെയും
അവളുടെ പാര്‍പ്പിടത്തിനുമേല്‍
അതീവകാന്തിയോടെ ശോഭിക്കട്ടെ,

ഉറങ്ങിക്കിടക്കുന്ന ഭൂമിയെ അവ നോക്കിനില്‍ക്കുന്നതുപോലെ, നിശ്ശബ്ദമായി!' ഏകാകിയും വിഷാദിയും ഹൃദയാലുവുമായ കവിയുടെ ഉള്ളിലെ ക്രിസ്തുചൈതന്യം ഈ വരികളില്‍ നക്ഷത്രശോഭയായി പ്രകാശിക്കുകയായിരുന്നു. അങ്ങനെ ആ രാത്രിചിത്രത്തിന് രണ്ടായിരത്താണ്ടുകള്‍ക്കുമുമ്പ് ഭൂമുഖത്തെ പ്രകാശമാനമാക്കിയ വിശുദ്ധരാത്രിയുടെ ഛായ കൈവന്നു.

റോബര്‍ട്ട് സതേയുടെ സഹോദരിയായ സാറാഫ്‌ളിക്കറുമൊത്തുള്ള അസന്തുഷ്ടി നിറഞ്ഞ ദാമ്പത്യത്തിനിടെ, വേഡ്സ് വര്‍ത്തിന്റെ ഭാര്യാസഹോദരി, സാറാ ഹച്ചിന്‍സണില്‍ അനുരക്തനാവുകയായിരുന്നു കോളറിജ്ജ്. ആ പവിത്രരാഗത്തിന്റെ ക്രൈസ്തവഭാഷ്യമാണ് നമ്മള്‍ മുകളില്‍ വായിച്ചത്. നക്ഷത്രങ്ങളുടെ പാരിതോഷികമാകുന്നു ക്രിസ്മസ്; ഒരു ചീന്ത് താരാകാശമാകട്ടെ, ഏറ്റവും മികച്ച ക്രിസ്മസ് സമ്മാനവും!

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

3 min

കുഞ്ഞു വലിയ കവിതകള്‍

Nov 29, 2018


mathrubhumi

2 min

താളത്തിന്റെ പുസ്തകം

Nov 13, 2016


Akhil .K

7 min

നോവലിസ്റ്റ് അഖിലിന്‌ ജെ.സി.ബി ഒരു അവാര്‍ഡല്ല; എഴുതിത്തീരാത്ത സ്വന്തം ജീവിതമാണ്!

Jan 9, 2022