തികച്ചും സാധാരണമായ സാഹചര്യങ്ങളിലുള്ള ഒരു പ്രത്യേകതകളുമില്ലാത്ത കഥാപാത്രങ്ങളുടെ കഥ പറഞ്ഞുകൊണ്ടാണ് അഖില്‍ ശര്‍മയുടെ ബഹുസമ്മാനിതമായ 'ഫാമിലി ലൈഫ്' എന്ന നോവല്‍ തുടങ്ങുന്നത്. എഴുപതുകളില്‍ ഡല്‍ഹിയില്‍ ജീവിക്കുന്ന ഒരു ചെറിയ കുടുംബം അടിയന്തരാവസ്ഥ കഴിയുന്ന കാലത്ത് അമേരിക്കയിലേക്ക് ചേക്കേറുന്നു. ഡോക്ടറാകാനുള്ള ലക്ഷ്യത്തോടെ പഠിക്കുന്ന മിടുക്കനായ ബിര്‍ജു എന്ന ചേട്ടന്റെ തണലില്‍ അജയ് എന്ന അനുജന്‍ അമേരിക്കന്‍ ജീവിതവുമായി പൊരുത്തപ്പെട്ടു വരുന്ന കാലം. അവരവിടെ എത്തിയിട്ട് ഏതാണ്ട് രണ്ടു കൊല്ലം മാത്രമേ ആയിട്ടുള്ളൂ. വിചിത്രമായ ഒരു അപകടത്തില്‍, നീന്തല്‍ക്കുളത്തിന്റെ അടിത്തട്ടില്‍ തലയിടിച്ചു മൂന്നേ മൂന്നു മിനിറ്റ് വെള്ളത്തിനടിയില്‍ കിടന്നത് ബിര്‍ജുവിന്റെ തലച്ചോറിനു ശക്തമായ ക്ഷതം വരുത്തുകയും അയാള്‍ ശിഷ്ടകാലം ജീവച്ഛവമായി വീട്ടുകാരുടെ സംരക്ഷണത്തില്‍ ആവുകയും ചെയ്യുന്നു. അതോടെ അവരുടെ എല്ലാവരുടെയും ജീവിതം കീഴ്മേല്‍ മറിയുന്നു. അച്ഛന്‍ മദ്യത്തില്‍ അഭയം തേടുന്നു, അമ്മ മകന്റെ പരിചരണത്തിലും. അജയ് എന്ന കൊച്ചു കഥാപാത്രത്തിന്റെ വീക്ഷണത്തിലൂടെ കാണുന്ന പിന്നീടുള്ള അവരുടെ ജീവിതത്തിലെ കഥയില്ലായ്മയാണ് ഈ നോവല്‍.
ചേട്ടന്റെ ദയനീയമായ അവസ്ഥയില്‍ സഹാനുഭൂതിയോടെ പെരുമാറുന്ന ആരോഗ്യമുള്ള അനുജനെന്ന നിലയിലും രോഗിയായ മകന്റെ മുഴുവന്‍ സമയസംരക്ഷകയായി മാറിയ മറ്റൊന്നും പിന്നെ ജീവിതത്തിലില്ലാത്ത അമ്മയുടെ ശക്തികേന്ദ്രമെന്ന നിലയിലും അജയ് കടന്നു പോകുന്ന വിവിധങ്ങളായ അവസ്ഥകള്‍, അവരുടെ ജീവിതം ഏറ്റുവാങ്ങേണ്ടിവന്ന അസാധാരണത്വത്തിന്റെ സൂക്ഷ്മങ്ങളായ അനേകം നിരീക്ഷണങ്ങളോടെയും നിതാന്തവിഷാദത്തിന്റെ നിഴലിലാണെങ്കിലും കറുത്ത ഹാസ്യത്തിന്റെ കൈയൊപ്പ് ചേര്‍ത്തും അഖില്‍ അസാമാന്യമായ ഒതുക്കത്തോടെ എഴുതിച്ചേര്‍ത്തിരിക്കുന്നു. ഒരു വിപത്തും അതിന്റെ അതിജീവനവും അങ്ങനെയൊരു കാലം ഉളവാക്കുന്ന സങ്കീര്‍ണതകളും കുടുംബത്തിനകത്ത് പരിചരണം നടത്തുന്നവര്‍ ചെയ്യേണ്ടുന്ന ത്യാഗങ്ങളും അതവരില്‍ ഉണ്ടാക്കുന്ന സംഘര്‍ഷങ്ങളും ഒക്കെ പറയുന്ന ഇതിവൃത്തം, കഥയില്ലായ്മ എന്ന വിഷമവൃത്തം ഒരു എഴുത്തുകാരന്‍ തന്റെ ക്രാഫ്റ്റ് കൊണ്ട് എങ്ങനെ അനുകൂലമാക്കുന്നു എന്നതിന്റെ മകുടോദാഹരണമാണ്.
അഖില്‍ ശര്‍മയുടെ ജീവിതത്തിലെ ഒരു ഏട് തന്നെയായിരുന്നു ഈ കഥാതന്തു എന്ന് കേള്‍ക്കുമ്പോള്‍ ഒരു ജീവിതാനുഭവം എത്രമാത്രം ആന്തരീകരിച്ചിട്ടുണ്ട് ഈ എഴുത്തുകാരന്‍ എന്ന് നമുക്ക് മനസ്സിലാകും. അഖിലിന്റെ ചേട്ടന്‍ അനൂപ് ഇങ്ങനെ ഇരുപത്തെട്ട് കൊല്ലം അഖിലിന്റെയും അച്ഛനമ്മമാരുടെയും സംരക്ഷണയിലായിരുന്നു. പന്ത്രണ്ടര കൊല്ലംകൊണ്ട് ഏഴായിരം പേജുകള്‍ വരെ എത്തിനിന്ന ഈ പുസ്തകത്തിന്റെ എഴുത്ത് ഒടുവില്‍ ഇരുനൂറ്റി ഇരുപത്തിനാല് പേജുള്ള ഒരു നോവലായി പുറത്ത് വന്നത് 2015-ല്‍. വേറെ ആരെങ്കിലും ഈ പുസ്തകം എഴുതിയിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്നതായി അദ്ദേഹം പില്‍ക്കാലത്ത് പറഞ്ഞിരുന്നു. അത്രയ്ക്ക് ജീവിതം ചാലിച്ചെഴുതിയ പുസ്തകമായിരുന്നു ഇത്.
അക്കൊല്ലത്തെ പ്രമുഖ അന്തര്‍ദേശീയ സാഹിത്യപുരസ്‌കാരങ്ങള്‍ രണ്ടെണ്ണം 'ഫാമിലി ലൈഫി'നെ തേടിവന്നു. 2015-ലെ ഫോളിയോ പ്രൈസ് ഫോര്‍ ഫിക്ഷന്‍, 2016-ലെ ഇന്റര്‍നാഷനല്‍ ഡബ്ലിന്‍ ലിറ്റററി അവാര്‍ഡ് എന്നിവ. കൂടാതെ ഡി.എസ്.സി. സാഹിത്യ സമ്മാനത്തിനു ഈ നോവല്‍ നാമനിര്‍ദേശം ചെയ്യപ്പെടുകയും ധാരാളം വിമര്‍ശക പ്രശംസ പിടിച്ചുപറ്റുകയും ഉണ്ടായി. ന്യൂയോര്‍ക്ക് മാഗസിന്‍, ന്യൂയോര്‍ക്ക് ടൈംസ് എന്നീ പ്രസിദ്ധീകരണങ്ങളുടെ അക്കൊല്ലത്തെ ഏറ്റവും നല്ല പത്തു പുസ്തകങ്ങളുടെ പട്ടികയിലും ഈ നോവല്‍ ഇടം നേടി.
എന്നാല്‍ ഇതല്ല അഖില്‍ ശര്‍മയുടെ ആദ്യ കൃതി. 2000-ല്‍ പ്രസിദ്ധീകൃതമായ 'ആന്‍ ഒബീഡിയന്റ് ഫാദര്‍' ആണ് അഖിലിന്റെ ആദ്യ നോവല്‍. ഡല്‍ഹിവാസികളായ റാം കരന്‍ എന്ന ഫിസിക്കല്‍ എജ്യുക്കേഷന്‍ വകുപ്പിലെ ഒരു ഇന്‍സ്‌പെക്ടര്‍ ആണിതിലെ പ്രധാന കഥാപാത്രം. തന്റെ വിധവയായ മകള്‍ അനിത, അവളുടെ മകള്‍ എട്ടു വയസ്സുകാരി ആശ എന്നിവരെ പോറ്റാന്‍ ഇയാള്‍ ചെയ്യുന്ന ഒന്നുണ്ട്; ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന് വേണ്ടി കൈക്കൂലി പിരിച്ചെടുക്കല്‍. ഇത് കൂടാതെ അവരുടെ ജീവിതങ്ങള്‍ ഒളിച്ചുവയ്ക്കുന്ന ഭയാനകവും അസ്വാഭാവികവും കുറ്റകരവുമായ ഒരു ലൈംഗികതയും കഥയുടെ പ്രധാന ഉദ്വേഗമാണ്.
രാജീവ് ഗാന്ധിയുടെ മരണത്തിന്റെ പശ്ചാത്തലമാണ് കാലഘട്ടം. ഭൂതകാലം വേട്ടയാടുന്ന ഒരു കുടുംബവും രാജ്യവും, ദസ്‌തോവ്‌സ്‌കി കഥാപാത്രങ്ങളെ ഓര്‍മിപ്പിക്കുന്ന കുറ്റബോധംകൊണ്ട് വലയുന്ന ആന്റിഹീറോ എന്നിവയൊക്കെയാണ് ആഖ്യാനത്തെ മുന്നോട്ടുകൊണ്ടുപോകുന്ന ഘടകങ്ങളെങ്കിലും നര്‍മം മേമ്പൊടി ചേര്‍ത്ത ലളിതമായ ശൈലിയാണ് അഖില്‍ സ്വീകരിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ആഖ്യാനരീതിയില്‍ നിന്ന് മാത്രം കഥാതന്തു ഒളിപ്പിച്ചുവയ്ക്കുന്ന അസ്വസ്ഥതകള്‍ എന്തെന്ന് മനസ്സിലാക്കാന്‍ വായനക്കാരന് ആദ്യം പ്രയാസമാണ്. വായന മുഴുമിപ്പിക്കുമ്പോഴാണ് ഇതൊരു സംഭ്രമമായി വായനക്കാരനില്‍ പടര്‍ന്നു കയറുന്നത്.
അഖില്‍ ശര്‍മയുടെ അരങ്ങേറ്റം അസ്സലായി എന്നാണ് അന്ന് വിമര്‍ശകര്‍ വിലയിരുത്തിയത്. അക്കൊല്ലത്തെ ആദ്യ ഫിക്ഷന്‍ പുസ്തകത്തിനുള്ള സൂ കോഫ്മാന്‍ പുരസ്‌കാരം, പെന്‍/ഹെമിങ്വേ ഫൗണ്ടേഷന്‍ അവാര്‍ഡ്, വൈറ്റിങ് അവാര്‍ഡ്, ന്യൂയോര്‍ക്ക് പബ്ലിക് ലൈബ്രറിയുടെ യങ് ലയന്‍സ് ഫിക്ഷന്‍ അവാര്‍ഡ് നാമനിര്‍ദേശം എന്നിവ ഈ പുസ്തകം നേടിയിരുന്നു. അതിനു ശേഷം, 2007-ലെ 'ഗ്രാന്റ ബെസ്റ്റ് ഓഫ് യങ് അമേരിക്കന്‍ നോവലിസ്റ്റി'സ് പട്ടികയിലും അഖില്‍ ഉണ്ടായിരുന്നു.
അഖില്‍ ശര്‍മയുടെ മറ്റൊരു തട്ടകം ചെറുകഥകളാണ്. ചെറുകഥാ സാഹിത്യശാഖയുടെ ഏറ്റവും വിലപ്പെട്ട ലോകവേദികളായ ഗ്രാന്റ, ന്യൂയോര്‍ക്കര്‍, അറ്റ്ലാന്റിക് മാസികകളിലും ഒ. ഹെന്റി അവാര്‍ഡ് സമാഹാരങ്ങളിലും അഖിലിന്റെ കഥകള്‍ പ്രസിദ്ധീകരിക്കുകയും വിമര്‍ശക ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. 'ഫാമിലി ലൈഫ്' എഴുതാന്‍ എടുത്ത വികാരപരമായി തീക്ഷ്ണമായ ഒരു വ്യാഴവട്ടക്കാലം കഴിഞ്ഞപ്പോള്‍ ഇനി ഒരു നോവല്‍ എഴുതാന്‍ വയ്യ എന്ന് തോന്നിയോ എഴുത്തുകാരന് ? കാരണം അതിനുശേഷം ഇറങ്ങിയ അഖില്‍ ശര്‍മയുടെ അടുത്ത പുസ്തകം 'എ ലൈഫ് ഓഫ് അഡ്വഞ്ചര്‍ ആന്‍ഡ് ഡിലൈറ്റ്' എന്ന എട്ടു ചെറുകഥകളുടെ സമാഹാരമാണ്. മനുഷ്യബന്ധങ്ങളുടെ ആഴങ്ങള്‍ പരിശോധിക്കുന്ന കഥകള്‍ എന്ന് വിലയിരുത്തപ്പെടുന്ന ഈ പുസ്തകം 2017-ലാണ് പ്രസിദ്ധീകൃതമായത്.
എഴുപതുകളുടെ അവസാനം അമേരിക്കയിലേക്ക് കുടുംബത്തോടൊപ്പം കുടിയേറിയ അഖില്‍ ശര്‍മ പ്രിന്‍സ്റ്റന്‍, സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലകളില്‍ വിദ്യാഭ്യാസം നേടിയ ശേഷം ഇന്ന് റട്ട്‌ഗേഴ്‌സ് യൂണിവേഴ്‌സിറ്റി ന്യൂ ആര്‍ക്കില്‍ അധ്യാപകനാണ്.
Content Highlights: Akhil Sharma, An obedient father, Family life