വ്രണം പൂത്ത ചന്തം


എന്‍.എ.നസീര്‍

ദയാരഹിതമായ മനസ്സുകളെയാണ് ഞാനവിടെ കണ്ടത്. അല്ലെങ്കില്‍ ഇത്രമാത്രം ക്രൂരത ഒരു ജീവിയോട് കാണിക്കുമായിരുന്നോ? നമ്മുടെ എല്ലാ കൊടിയ ക്രൂരതകളും സഹിച്ചുനില്ക്കുന്ന ആ ദയനീയമായ കാഴ്ചയ്ക്ക് നാം ഒരു പേരും നല്കി - ആനച്ചന്തം.

തൃശൂര്‍പൂരനാളുകളില്‍ (2013-ല്‍) ആനകളുടെ മുന്നിലെ അലങ്കാരപ്പണികള്‍ക്കു മുന്നില്‍ സുഹൃത്തുക്കളായ ഫോട്ടോഗ്രാഫര്‍മാര്‍ ക്യാമറ തുറക്കുമ്പോള്‍ ഞാന്‍ അവയുടെ പിന്നില്‍ത്തന്നെയായിരുന്നു ഏറിയനേരവും ചെലവഴിച്ചത്. പിന്‍കാലുകളിലെ ഓരോ വ്രണങ്ങളും നോക്കി അവയോടൊപ്പം നെഞ്ചുരുകി...

മുന്നിലെ ആനച്ചന്തം ആ നിലയിലെത്തിച്ചതിന് പിന്‍കാലുകളിലെ ഓരോ മുറിവുകള്‍ക്കും കഠിനവേദനകളില്‍ നിറച്ച കൊടിയ പീഡനങ്ങളുടെ കഥകള്‍ പറയുവാനുണ്ടാകും.

മുന്നിലെ തിളക്കങ്ങള്‍ എന്നെ തെല്ലും ആകര്‍ഷിച്ചില്ല. ഈ ചൂടില്‍ അവയുണ്ടാക്കുന്ന അസ്വസ്ഥതകളെക്കുറിച്ചാണ് ചിന്തിച്ചിരുന്നത്. രക്തം കിനിയുന്ന മുറിവുകള്‍, പഴുപ്പ് ഒലിച്ചിറങ്ങുന്ന വ്രണങ്ങള്‍, കരിയോ മഞ്ഞളോ മറ്റോ തേച്ച് മറച്ചുപിടിക്കാന്‍ ശ്രമിച്ചിരുന്ന ആഴത്തിലുള്ള മുറിവുകള്‍, വ്രണമായി അഴുകിയ മാംസം പൊട്ടിനില്ക്കുന്ന പഴുപ്പുകള്‍, ചങ്ങലകള്‍ മുറിവില്‍ കിടന്നുരഞ്ഞുരഞ്ഞ് ഒരിക്കലും സുഖംപ്രാപിക്കാത്ത ഏറെ പഴക്കമുള്ള മുറിവുകളോടെ അവ അവിടെ നിര്‍ജീവമായിത്തന്നെ നില്ക്കുകയായിരുന്നു.

ദയാരഹിതമായ മനസ്സുകളെയാണ് ഞാനവിടെ കണ്ടത്. അല്ലെങ്കില്‍ ഇത്രമാത്രം ക്രൂരത ഒരു ജീവിയോട് കാണിക്കുമായിരുന്നോ? നമ്മുടെ എല്ലാ കൊടിയ ക്രൂരതകളും സഹിച്ചുനില്ക്കുന്ന ആ ദയനീയമായ കാഴ്ചയ്ക്ക് നാം ഒരു പേരും നല്കി - ആനച്ചന്തം.

ഇതെഴുതുമ്പോള്‍ കൊടിയ ചൂടില്‍ത്തന്നെയായിരുന്നു അവ. ആര്‍പ്പുവിളികളോടെ ജനം. നിഴലുകള്‍ തേടി ആ കൊടുംചൂടില്‍ ഞാന്‍ അലഞ്ഞു. വല്ലാത്ത ദാഹവും ക്ഷീണവും. അതിരാവിലെ ആറു മണിമുതല്‍ മൂന്നു മണിവരെ ഒരു തുള്ളി ജലംപോലും കുടിക്കാതെയാണ് ഇവയുടെ പിറകേ നടന്നത്. ക്യാമറയും വസ്ത്രങ്ങളും ചുട്ടുപൊള്ളുകയായിരുന്നു. മുറിയില്‍ എത്തി തളര്‍ന്നുകിടക്കുമ്പോള്‍ സുഹൃത്തുക്കളായ ആരെങ്കിലും വിളിച്ചുപറയും: 'ദാ, ആനകളെ ലോറിയില്‍ കൊണ്ടുവന്നിറക്കുന്നു.' ക്യാമറയുമായി ഓടും അങ്ങോട്ട്.

രാവു മുഴുക്കെ കണ്ണടയ്ക്കുമ്പോള്‍ തെളിഞ്ഞുവന്നത് അവയുടെ കാലിലെ പുഴുവരിക്കുന്ന വ്രണങ്ങളായിരുന്നു. അസഹ്യമായ വേദനയില്‍ പാതിരാവില്‍ വീണ്ടും അവയ്ക്കരികിലേക്ക് ഇറങ്ങിനടക്കുകയായിരുന്നു, ക്യാമറയോ സുഹൃത്തുക്കളോ ഇല്ലാതെ. കാടിനോട് നെഞ്ചുരുകി പ്രാര്‍ഥിച്ചു. ആറു മണിക്കൂറോ പന്ത്രണ്ടു മണിക്കൂറോ അല്ല, പത്തു മിനിട്ടുപോലും ഈ കറുപ്പുനിറമാര്‍ന്ന സാധുജീവിക്ക് കൊടുംവെയിലില്‍ നില്ക്കുവാനാകില്ലല്ലോ എന്ന സത്യം കാട്ടിലെ ആനകളുടെ അരികില്‍ ചെന്നാലേ ബോധ്യമാകൂ.

എന്തുമാത്രം നിയമങ്ങള്‍, സൗകര്യങ്ങള്‍. ഇവയൊക്കെ പൊള്ളയാണെന്ന് നാം നമ്മുടെ ഓരോ ആഘോഷങ്ങളിലും ഈ ജീവികളെ കൂച്ചുവിലങ്ങിട്ടു നിര്‍ത്തി തെളിയിച്ചുകൊണ്ടിരിക്കുകയാണ്.എല്ലാ സംസ്‌കാരങ്ങളുടെയും നഗരമാണ്, എല്ലാ സാംസ്‌കാരികനേതാക്കളും എത്തുന്ന നഗരമാണ് ഇത്തരം 'സംസ്‌കാരം' നിലനിര്‍ത്തുന്നത്!

കൂച്ചുവിലങ്ങുകളോടെ വേച്ചുവേച്ച് നടന്നുനീങ്ങുന്ന ആനയെ കണ്ടപ്പോള്‍ ഒരു കുഞ്ഞ് ചോദിച്ചു: 'അച്ഛാ, അതിനു നോവില്ലേ?'

തിടമ്പേറ്റുന്നത് ആനകളുടെ ഗതികേടാണ്. സാധാരണ ആനയുടെ പുറത്ത് മൂന്നുപേര്‍ കയറുമ്പോള്‍ തിടമ്പേറ്റുന്നവയുടെ പുറത്ത് നാലാമത് ഒരാള്‍കൂടി കയറുന്നു. തിടമ്പ് പിടിക്കാനാണ് നാലാമന്‍. തിടമ്പേറ്റാന്‍ പറ്റാതിരുന്നതുകൊണ്ട് ആനയ്ക്കു കോപമൊന്നും വരില്ല. ആശ്വാസമേ ഉണ്ടാകൂ. അത്രയും ഭാരം കുറച്ചു ചുമന്നാല്‍ മതിയല്ലോ.

തുമ്പിക്കൈ തളര്‍ന്ന്, വെള്ളവും പട്ടയും തിന്നാനാകാതെ ചികിത്സയിലായിരുന്ന തിരുവമ്പാടി രാമചന്ദ്രന്‍ എന്ന ആനയ്ക്ക് ഇത്തവണ പൂരം കൂടണമെന്ന ആഗ്രഹം ഉണ്ടായത്രേ! മൂന്നു വര്‍ഷം മുന്‍പ് തുടങ്ങിയ തളര്‍ച്ച കഴിഞ്ഞ പൂരത്തിനുശേഷം വര്‍ധിക്കുകയായിരുന്നു. 52 വയസ്സായ രാമചന്ദ്രന് എങ്ങനെയെങ്കിലും തിടമ്പേറ്റിയാല്‍ മതിയത്രേ!

'അഴകിന്റെ തമ്പുരാന്‍' എന്ന പേരില്‍ തിരുവമ്പാടി ശിവസുന്ദര്‍ എന്ന ആനയുടെ ജീവിതകഥ പാട്ടുസഹിതം ഡി.വി.ഡി. ആനകള്‍ക്ക് കൊടുത്ത് പ്രകാശനം ചെയ്തു! ആരോ ചോദിക്കുന്നതു കേട്ടു: 'ആനകള്‍ ഈ ഡി.വി.ഡി. വീട്ടില്‍ കൊണ്ടുപോയി കാണുമായിരിക്കും!'ചെറുപ്പത്തിലേ അമ്മയോടൊപ്പം സഞ്ചരിക്കുമ്പോള്‍ വാരിക്കുഴിയില്‍ വീഴ്ത്തി പിടിച്ചുകൊണ്ടുവന്നതാണ് ഇവനെയും.

പൂരത്തില്‍ നടുവില്‍ നിര്‍ത്താത്തതു കാരണം ഒരാനയ്ക്കു കോപം വന്നത്രേ! പാപ്പാന്‍ ആനയെ കൂട്ടത്തില്‍നിന്നും മാറ്റിക്കൊണ്ടുപോയി തളച്ചു. ആ ആനയുടെ ഭാഗ്യം. കൊടുംചൂടും ബഹളങ്ങളുമൊന്നും സഹിക്കേണ്ടല്ലോ!

ആനയെ ഒരു വന്യജീവിയായി കാണാതെ മനുഷ്യനായി പ്രതിഷ്ഠിക്കുവാന്‍ നാം ശ്രമിക്കുന്നതിന്റെ വിപത്തുകളാണിവയൊക്കെ. നിസ്സഹായാവസ്ഥയില്‍ നില്ക്കുന്ന ഒരു വന്യജീവിയില്‍ നമ്മുടെ ചിന്തകളും ആഗ്രഹങ്ങളുമൊക്കെ എന്തിനാണിങ്ങനെ കുത്തിനിറയ്ക്കുന്നതെന്ന് ഓരോ 'ആനവിശേഷങ്ങള്‍' കേള്‍ക്കുമ്പോഴും ചോദിച്ചുപോവുകയാണ്. ആനയെ ആനയായിത്തന്നെ കാണാന്‍ നാം എന്നാണിനി പഠിക്കുന്നത്? നാട്ടിലെ കാട്ടാനകള്‍ക്ക് ഒരേ ചിന്തകളേ ഉണ്ടായിരിക്കുകയുള്ളൂ. സമൃദ്ധിയായ ആഹാരം, കൂച്ചുവിലങ്ങുകളില്‍നിന്നുള്ള മോചനം, ഇണകളെ കിട്ടാനുള്ള ഉള്‍വിളി, പിന്നെ പിറകിലോട്ടു ചിന്തിച്ചാല്‍, തന്നെ ചേര്‍ത്തുപിടിച്ചിരുന്ന ആ പഴയ ആരണ്യം...

പൂരത്തിന് നിരയൊപ്പിച്ചു നിര്‍ത്തുമ്പോള്‍ ചില ആനകളുടെ മുന്‍കാലുകളില്‍ തോട്ടിയും വടിയുംവെച്ച് പാപ്പാന്മാര്‍ ഇരിപ്പുറപ്പിച്ചിട്ടുണ്ടാകും. ഈ ആനകള്‍ പ്രശ്‌നക്കാരും കുറുമ്പുകാട്ടുന്നവരുമാണത്രേ. ഇത്തരം ഉത്തരങ്ങള്‍ കേള്‍ക്കുമ്പോള്‍ വിഷമം തോന്നും. നമ്മുടെയൊക്കെ മക്കളെയോ ബന്ധുക്കളെയോ കാലുകള്‍ ബന്ധിച്ച് കൊടുംചൂടില്‍ മണിക്കൂറുകളോളം നിര്‍ത്താനാകുമോ? ആ കൊടിയ ക്രൂരതയില്‍നിന്നും അവരൊന്ന് അനങ്ങിയാല്‍ അതിനെ കുറുമ്പുകാട്ടല്‍ എന്നാണോ പറയുക?

കൊടുംചൂടില്‍ നട്ടുച്ചയ്ക്ക് മൂന്ന് ആനകളെ റോഡിലേക്ക് ഇറക്കിനിര്‍ത്തുന്നതു കണ്ടു. പാപ്പാന്മാര്‍, ചെരിപ്പില്ലാത്ത ചിലര്‍ ചുട്ടുപഴുത്തു കിടക്കുന്ന റോഡില്‍ ഒറ്റക്കാലുകളിലും ആനകളുടെ നിഴലുകളിലുമൊക്കെ ചാടിച്ചാടി നില്ക്കുന്ന കാഴ്ച കണ്ടു. ചിലര്‍ ആനകളുടെ പാദങ്ങളിലേക്ക് മാറിമാറി ഓരോ കാലുകള്‍ കയറ്റിവെച്ച് അസഹ്യമായ ചൂടില്‍നിന്നും രക്ഷപ്പെടുവാന്‍ ശ്രമിക്കുന്നതു കണ്ടു. അതിനിടയില്‍ ഒരു പാപ്പാന്‍ പല മടക്കിലാക്കിയ ന്യൂസ്‌പേപ്പര്‍ തറയിലിട്ട് അതില്‍ കയറിനില്ക്കുന്നതും കണ്ടു. ആനകള്‍ വല്ലാത്ത അവസ്ഥയിലായിരിക്കണം. ആരോ വന്നു പറയുന്നതു കേട്ടു - 'ആനകളെ മാറ്റൂ, പ്രശ്‌നമാവും.'

അങ്ങനെ അവ ചുട്ടുപഴുത്ത റോഡിലൂടെ പാറമേക്കാവിലേക്ക് നടന്നു. കൊടുംചൂടില്‍ നില്ക്കുന്ന അവയുടെ ദേഹത്ത് പൈപ്പുവെച്ച് നനയ്ക്കുന്നതു കണ്ടു. അല്പസമയം നിഴലില്‍ നിര്‍ത്തിയിട്ടായിരിക്കണമായിരുന്നു അത്തരം പ്രവൃത്തികള്‍. ശക്തമായ സൂര്യതാപത്തില്‍ യാതൊരു നിഴലുപോലുമില്ലാതെ പിന്നെയും അവയൊക്കെ അവിടെത്തന്നെ നിശ്ചലരും നിര്‍ജീവരുമായി നിര്‍ത്തപ്പെട്ടു. ജനങ്ങള്‍ കുട ചൂടിയും തൊപ്പികള്‍ വെച്ചും തോര്‍ത്തുമുണ്ട് തലയില്‍ വെച്ചും വെയിലില്‍ നിര്‍ത്തിയിരിക്കുന്ന 'ഗജവീരന്മാരെ' ആസ്വദിക്കുകയായിരുന്നു. വെയിലേറ്റ് എന്റെ ദേഹവും വസ്ത്രങ്ങളും ക്യാമറയും ചുട്ടുപഴുത്തിരുന്നു. ഞാന്‍ ഏതെങ്കിലും നിഴലിലേക്കു നീങ്ങുവാന്‍ ആശിച്ചു.

അപമാനഭാരത്താലും ചെയ്യാത്ത കുറ്റത്താലും തലകുമ്പിട്ടു നില്ക്കുന്ന ആ ചന്തം! തൃശൂര്‍പൂരത്തോടനുബന്ധിച്ച് ആനകള്‍ 'പ്രശ്‌നം സൃഷ്ടിച്ചാല്‍' ഇടപെടാനായി പ്രത്യേക പരിശീലനം നല്കിയ സ്‌ക്വാഡുകളും ഉണ്ടായിരുന്നു. മയക്കുവെടി, ചങ്ങല, കയര്‍, വടികള്‍ തുടങ്ങിയ ആയുധങ്ങളുമായി ആനയെ വരുതിയില്‍ നിര്‍ത്താനുള്ള ഒരു ആംബുലന്‍സും.

എന്തൊരു വിരോധാഭാസമാണിത്. പൂരമോ? യുദ്ധമോ? ഇത്രയും അപകടകാരികളായ മൃഗങ്ങളെയാണ് അവിടെ നിര്‍ത്തേണ്ടതെങ്കില്‍ എന്തിനാണ് ഈ സാഹസികത? ഓരോ ആനകളും ചുരുങ്ങിയത് പത്തന്‍പതു വര്‍ഷത്തോളം മനുഷ്യരുടെ കൈയില്‍പ്പെട്ടിട്ടും അവയില്‍നിന്നും അപകടങ്ങള്‍ പ്രതീക്ഷിക്കുമ്പോള്‍ അവ കാട്ടുജീവിതന്നെയാണെന്ന് മനസ്സിലാക്കാത്തവര്‍!


( എന്‍.എ. നസീറിന്റെ വ്രണം പൂത്ത ചന്തം എന്ന പുസ്തകത്തില്‍ നിന്ന് )

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram
IN CASE YOU MISSED IT
shashi tharoor

1 min

കേരളത്തിൽ വേരുറപ്പിക്കാൻ തരൂർ, അക്ഷമരായി കോൺഗ്രസ് നേതൃത്വം; മലബാർ പര്യടനം തുടങ്ങി

Nov 20, 2022


p sathidevi

1 min

ഡിജെ പാര്‍ട്ടികളില്‍ നടക്കുന്നത് അഴിഞ്ഞാട്ടം,സ്ത്രീസുരക്ഷ സംസ്ഥാനത്ത് ചോദ്യം ചെയ്യപ്പെടുന്നു-സതീദേവി

Nov 19, 2022


ap muhammad musliyar

1 min

കാന്തപുരം എ.പി. മുഹമ്മദ് മുസ്‌ലിയാർ അന്തരിച്ചു 

Nov 20, 2022