`ലാലേ സത്യത്തിൽ നിന്റെ നീലകണ്ഠൻ എത്ര മാന്യനാ, എന്റെ വില്ലത്തരത്തിന്റെ പകുതിയേ ഉള്ളൂ അവന്റെ കയ്യിൽ'


രവി മേനോൻ

6 min read
Read later
Print
Share

കണ്ണുകൾ ചിമ്മിയുള്ള പതിവു ചിരിയുണ്ടായിരുന്നില്ല അപ്പോൾ ആ മുഖത്ത്. പകരം, വിഷാദത്തിന്റെ നേർത്ത അലകൾ മാത്രം . അണ്ണാൻ കുഞ്ഞ് അപ്പോഴേക്കും മരത്തിൽ ഓടിക്കയറിയിരുന്നു.

മുല്ലശ്ശേരിയുടെ പൂമുഖത്ത് കണ്ണുകൾ പൂട്ടി നീണ്ടുനിവർന്നു കിടക്കുന്നു രാജുമ്മാമ. ഉറങ്ങുകയാണെന്നേ തോന്നൂ ; ശാന്തമായ ഉറക്കം.

ചുറ്റും വേദന ഘനീഭവിച്ചു നില്ക്കുന്നു. പക്ഷെ ആരും കണ്ണീർ പൊഴിക്കുന്നില്ല. ``ഞാൻ മരിച്ചു കിടക്കുമ്പോൾ കരഞ്ഞു പോകരുത് ഒരുത്തനും. വിലകുറഞ്ഞ സെൻറിമെൻറ്സ് എനിക്കിഷ്ടല്ല. ആരെങ്കിലും കരഞ്ഞു കണ്ടാൽ എഴുന്നേറ്റുവന്ന് രണ്ടെണ്ണം പൊട്ടിക്കും ഞാൻ ..'' ജീവിച്ചിരിക്കുമ്പോൾ രാജുമ്മാമ നൽകിയ കർശനമായ ഉത്തരവ് അക്ഷരം പ്രതി പാലിക്കുന്നു എല്ലാവരും-കൈകളിൽ മുഖമമർത്തി നിശബ്ദയായി ചുമരിൽ ചാരിയിരിക്കുന്ന ബേബിമ്മായിയും നിലത്തിരുന്ന് അച്ഛന്റെ നെറ്റിയിൽ പതുക്കെ തലോടുന്ന നാരായണിയും മുറ്റത്തെ തിരക്കിലും ബഹളത്തിലും നിന്നകലെ താടിക്ക് കൈകൊടുത്തു നിൽക്കുന്ന ആത്മസുഹൃത്ത് സുരുമ്മാമയും ടി സി കോയയും മനോജും ആനന്ദും ലക്ഷ്മിയമ്മയും എല്ലാം.

മരിച്ചാൽ ചെയ്യേണ്ട ``ക്രിയകൾ'' എന്തൊക്കെയെന്ന് ഒരിക്കൽ അടുത്തു വിളിച്ചിരുത്തി വിവരിച്ചു തന്നിട്ടുണ്ട് രാജുമ്മാമ. ``കുളിപ്പിച്ച് സുന്ദരനാക്കി പൗഡറിട്ട്‌ കിടത്തണം. സ്കോച്ച് വിസ്കി കൊണ്ടേ കുളിപ്പിക്കാവൂ. പൊലീസുകാർ ചുറ്റും നിന്ന് വെടിവഴിപാട് നടത്തുന്നതിൽ വിരോധമില്ല. പക്ഷെ പുരുഷ പോലീസ് വേണ്ട. സുന്ദരികളായ വനിതാ പോലീസുകാർ മതി. മറ്റൊരാഗ്രഹം കൂടിയുണ്ട്. എന്നെ കൊണ്ട്പോകും വഴി, കുമാരിമാരുടെ ഒരു ഗാഡ് ഓഫ് ഓണർ വേണം. കോങ്കണ്ണികളും കോന്ത്രമ്പല്ലികളുമല്ല, അസ്സൽ സുന്ദരിമാരുടെ. പശ്ചാത്തലത്തിൽ റഫിയുടെയും യേശുദാസിന്റെയും സുശീലയുടെയും പ്രണയഗാനങ്ങൾ മുഴങ്ങിക്കൊണ്ടേയിരിക്കണം. ശരിക്കും ഒരു ആഘോഷമാക്കണം എന്റെ മരണം, ഇല്ലെങ്കിൽ ഈ ആത്മാവിനു ശാന്തി കിട്ടില്ല.'' മുപ്പതു വർഷത്തോളമായി ശരീരത്തിന്റെ ഒട്ടു മുക്കാലും തളർന്ന് കിടക്കയിൽ ഒതുങ്ങിക്കൂടുമ്പോഴും ജീവിതത്തെ പ്രസാദാത്മകമായി മാത്രം കണ്ട ഒരു സാധാരണ മനുഷ്യന്റെ അസാധാരണ മനസ്സ് മുഴുവൻ ഉണ്ടായിരുന്നു ആ വാക്കുകളിൽ.

ഇന്നോർക്കുമ്പോൾ രസം തോന്നും. പക്ഷെ പതിനൊന്ന് വർഷം മുൻപ് , രാജുമ്മാമ മരിച്ച ദിവസം അതായിരുന്നില്ല സ്ഥിതി. തലേന്ന് കിടക്കയിൽ മലർന്നു കിടന്നു വെടിവട്ടം പറയുകയും ഒരുമിച്ചു പാട്ട് കേൾക്കുകയും നാളെ കാണണം എന്ന് പറഞ്ഞു യാത്രയാക്കുകയും ചെയ്ത മനുഷ്യനെ വിറങ്ങലിച്ച ശരീരമായി കാണാൻ പോകുകയാണ് ഞാൻ. ചാലപ്പുറത്തെ വീട്ടിലേക്കുള്ള യാത്രയിൽ ഉടനീളം രാജുമ്മാമയുടെ വാക്കുകളായിരുന്നു മനസ്സിൽ: `` ഇയ്യിടെയായി , മരിച്ചുപോയ പലരും സ്വപ്നത്തിൽ വരുന്നു- അമ്മയും അച്ഛനും എട്ത്തിയും ഏട്ടനും ഒക്കെ. പഴയ മുല്ലശ്ശേരി തറവാടിന്റെ പൂമുഖത്ത് നിരന്നിരിക്കുന്നു അവർ. എന്നെ കൂട്ടിക്കൊണ്ടു പോകാൻ വന്നതാവണം ..'' അകലെയേതോ നിഴൽ വഴികളിൽ പതുങ്ങിനിന്ന മരണത്തിന്റെ നേർത്ത കാലൊച്ചകൾ കേട്ടിരിക്കുമോ രാജുമ്മാമ .

മരണവാർത്തയറിഞ്ഞു ജനം മുല്ലശേരിയിലേക്ക് പ്രവഹിച്ചു തുടങ്ങിയിരുന്നു . മുല്ലശ്ശേരി രാജഗോപാലിന്റെ പ്രതിരൂപമായ ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠനെ കാണാൻ എത്തിയവരായിരുന്നു ഏറെയും. അന്ത്യോപചാരം അർപ്പിക്കാൻ മോഹൻലാൽ വരാതിരിക്കില്ലെന്നുറപ്പിച്ച് മതിലിനപ്പുറത്ത് കൂട്ടം കൂടി നിന്നു ആരാധകർ. ടെലിവിഷൻ ക്യാമറകൾ മുറ്റത്തെ ആൾക്കൂട്ടത്തിൽ സിലബ്രിറ്റികളെ തിരഞ്ഞു. ബന്ധുക്കളിൽ ചിലർ ബേബിമ്മായിക്ക് കൂട്ടായി തണുത്തു വിറങ്ങലിച്ച നിലത്തു ചമ്രം പടിഞ്ഞിരുന്നു . മറ്റുള്ളവർ അടുക്കളയിൽ ഇരുന്ന് പതിഞ്ഞ സ്വരത്തിൽ ബേബിമ്മായിയുടെയും നാരായണിയുടെയും ഭാവിയെ കുറിച്ച് ചർച്ച ചെയ്തു . കൊച്ചുകുഞ്ഞിന്റെ മുഖഭാവവുമായി നിലത്ത് കിടന്നുറങ്ങുന്ന രാജുമ്മാമയുടെ മുഖത്തേക്ക് ഒന്നു കൂടി പാളി നോക്കി ഞാൻ . ഒരു നേർത്ത പുഞ്ചിരി തങ്ങി നിൽക്കുന്നില്ലേ അവിടെ ? പരിഹാസത്തിൽ കുതിർന്ന ഒരു പുഞ്ചിരി ?

അമ്മമ്മയുടെ ഏടത്തിയുടെ മകനാണ് രാജുമ്മാമ. അമ്മയുടെ പ്രിയപ്പെട്ട രാജ്വേട്ടൻ. വെക്കേഷൻ കാലത്ത് ക്ലാരിയിലെ ഞങ്ങളുടെ തറവാട്ടു വീട്ടിൽ താമസിക്കാനെത്തുന്ന രാജ്വേട്ടനെ കുറിച്ച് അമ്മ ഒരു പാട് പറഞ്ഞു കേട്ടിട്ടുണ്ട്. ഷർട്ടിന്റെ കൈ മുകളിലേക്ക് തെറുത്തു കയറ്റി, നെറ്റിയിലേക്ക് വീണു കിടക്കുന്ന കുരുവിക്കൂട് കൈകൊണ്ടു ഒതുക്കി വെച്ച് സദാ പുഞ്ചിരിക്കുന്ന മുഖവുമായി പടിപ്പുര കടന്നുവരുന്ന സുമുഖനായ ഏട്ടൻ അനിയത്തിമാർക്കെല്ലാം ഹീറോ ആയിരുന്നു . പെങ്ങമ്മാരെ ഏട്ടനും ജീവൻ . അവർക്ക് വേണ്ടി എന്ത് സാഹസവും ചെയ്യും . പറങ്കിമാവിന്റെ മുകളിൽ കൊത്തിപ്പിടിച്ചു കയറും ; കാവിലെ മാവിൽ നിന്ന് നീലൻമാങ്ങ എറിഞ്ഞു വീഴ്ത്തും ; തൊട്ടപ്പുറത്തെ തൊടിയുടെ മതിലിൽ കയറിയിരുന്ന് കമന്റടിക്കുന്ന പൂവാലൻ ചെക്കന്മാരെ ഓടിച്ചു വിടും . മുല്ലശ്ശേരിയുടെ അകത്തളത്തിൽ ഇരുന്നു ആ കഥകൾ അമ്മ ഓർത്തെടുക്കുമ്പോൾ , ഇടയ്ക്കു കയറി രാജുമ്മാമ ചോദിച്ചു : ``അല്ല നാരാണ്‍ട്ടീ , അന്നവിടെ നെല്ല് കുത്താൻ വന്നിരുന്ന ഒരു പെണ്ണില്ലേ ? നീണ്ട കണ്ണുകളും കഴുത്തിൽ കാക്കപ്പുള്ളിയും ഒക്കെയുള്ള ഒരു സുന്ദരി .. ജാനു എന്നോ മറ്റോ ആണ് പേര്. അവളിപ്പോ എവിടെയാന്ന് അറിയുമോ ?'' അപ്രതീക്ഷിതമായ ആ ചോദ്യത്തിന് മുന്നിൽ പകച്ചിരുന്നു പാവം അമ്മ. ``കണ്ടില്ല്യേ രാജ്വേട്ടന്റെ തനി സ്വഭാവം പൊറത്തു വന്നത് ? എന്താ ചെയ്യുക, ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെയേ ഇഷ്ടള്ളൂന്ന് വന്നാൽ ... '' തൊട്ടടുത്തിരുന്ന് ബേബിമ്മായി പരിഭവിച്ചപ്പോൾ, കണ്ണിറുക്കി പൊട്ടിച്ചിരിക്കുന്ന രാജുമ്മാമയുടെ ചിത്രം എങ്ങനെ മറക്കും ? ഓരോ ചിരിയും അവസാനിക്കുക നിലയ്ക്കാത്ത ചുമയിലാണ്. കണ്ണുകളിൽ വെള്ളം നിറയും അപ്പോൾ; ശ്വാസംമുട്ടും; ശരീരമാസകലം വിറയ്ക്കും. ``ഇങ്ങനെ ചിരിച്ചുകൊണ്ട് മരിക്കണം. ഗുരുവായൂരപ്പനോടുള്ള എന്റെ ഏറ്റവും വലിയ പ്രാർഥന അതാണ്‌ ''-- അമ്മാമയുടെ വാക്കുകൾ .

രാജുമ്മാമയെ ആദ്യം കണ്ടത് സ്കൂൾ ജീവിതകാലത്താണ്-ഒരു വെക്കേഷന് അമ്മമ്മയോടൊപ്പം മുല്ലശ്ശേരിയിൽ ചെന്നപ്പോൾ. ഇന്നത്തെ പോലെ മൂന്നു മുറികൾ മാത്രമുള്ള കൊച്ചു വീടല്ല പഴയ മുല്ലശ്ശേരി. നടുമുറ്റവും തളവും വലിയ മുറികളും നിറയെ ജോലിക്കാരും ഒക്കെയുള്ള തറവാട്ടു വീട് . അന്നത്തെ നാണം കുണുങ്ങിയായ എട്ടാം ക്ലാസുകാരനെ നിർബന്ധിച്ചു രാജുമ്മാമ കിടന്ന കട്ടിലിനു മുന്നിലേക്ക്‌ വലിച്ചു നിർത്തി അമ്മമ്മ പറഞ്ഞു :`` ബാലാജിടെ (രാജുമ്മാമയുടെ ജ്യേഷ്ഠൻ ബാലാജി അന്ന് ടൈംസ്‌ ഓഫ് ഇന്ത്യയിൽ പത്രപ്രവർത്തകൻ ) വഴിക്കാ ഇയാള് ന്നു തോന്നുണു . ഒരൂട്ടൊക്കെ എഴുതണതും വരയ്ക്കണതും കാണാം.'' അമ്മമ്മ വാങ്ങിത്തന്ന അമർ ചിത്രകഥ കയ്യിൽ ചുരുട്ടിപ്പിടിച്ചു സങ്കോചത്തോടെ കട്ടിലിന്റെ കാലിൽ ചാരിനിന്ന എന്റെ കവിളത്തു മെല്ലെ തട്ടി രാജുമ്മാമ പറഞ്ഞു: ``നന്നായി. പക്ഷെ ഓനൊരു കള്ളലക്ഷണംണ്ട് മൊഖത്ത്. ചെക്കൻ എന്റെ വഴിക്കാന്നാ തോന്നണെ ..'' ചുറ്റുമുള്ളവർ ആർത്തു ചിരിച്ചപ്പോൾ കാര്യമറിയാതെ പകച്ചുനില്ക്കുകയായിരുന്നു ഞാൻ എന്ന് പിൽക്കാലത്ത് രാജുമ്മാമ പറഞ്ഞു കേട്ടിട്ടുണ്ട് - വർഷങ്ങൾക്കു ശേഷം..

1970 കളുടെ തുടക്കത്തിലെപ്പോഴോ വയനാടൻ ചുരത്തിൽ വെച്ചുണ്ടായ ഒരു ബൈക്കപകടമാണ് രാജുമ്മാമയെ എന്നെന്നേക്കുമായി കിടക്കയിൽ തളച്ചത്. കാൽവിരലിൽ നിന്ന് പതുക്കെ കയറി വന്ന തരിപ്പ് കഴുത്തറ്റം എത്താൻ ഒന്ന് രണ്ടു വർഷമെടുത്തു എന്ന് മാത്രം. എണ്ണകളും തൈലങ്ങളും ഗുളികകളും ഒക്കെ വിധിയോട് തോറ്റു തുന്നം പാടിയിരുന്നു അതിനകം . കഴുത്തിൽ നിന്ന് ആ തളർച്ച മുകളിലേക്ക് പടരാതെ തടഞ്ഞത് രാജുമ്മാമയുടെ ഉറച്ച മനസ്സാണെന്ന് തോന്നിയിട്ടുണ്ട് . ``മറ്റെല്ലാ അവയവങ്ങളും നിശ്ചലമായാലും കാതുകളെ വെറുതെ വിടണേ എന്നായിരുന്നു അന്നൊക്കെ ഈശ്വരനോടുള്ള എന്റെ പ്രാർത്ഥന. കേൾവി നശിച്ചാൽ പിന്നെങ്ങനെ പാട്ട് കേൾക്കും? നിശബ്ദത സഹിക്കാനാവില്ല എനിക്ക്, ഭ്രാന്തു പിടിക്കും.'' സത്യമായിരുന്നു അത് . ആൾക്കൂട്ടങ്ങളെയും ശബ്ദഘോഷത്തേയും എന്നും മതിമറന്നു സ്നേഹിച്ചു അമ്മാമ; ഏകാന്തതയെ വെറുത്തു . രാവും പകലുമെന്നില്ലാതെ ടേപ്പ് റെക്കോർഡറും ഗ്രാമഫോണും അദ്ദേഹത്തിനു വേണ്ടി പാടിക്കൊണ്ടേയിരുന്നു; അല്ലാത്തപ്പോൾ നിലത്തു ജമുക്കാളം വിരിച്ചിരുന്നു കോഴിക്കോട്ടെ പാട്ടുകാരും-റഫിയുടേയും യേശുദാസിന്റെയും മെഹ്ദി ഹസ്സന്റെയും ഗുലാം അലിയുടെയും തലത്തിന്റെയും ഒക്കെ ഗാനങ്ങൾ മുഴങ്ങിയ മെഹഫിലുകൾ. മദ്യചഷകങ്ങൾ നിറയുകയും ഒഴിയുകയും വീണ്ടും നിറയുകയും ചെയ്തുകൊണ്ടിരിക്കും അപ്പോൾ .

തന്നെ കാണാനെത്തിയ ദേവാസുരത്തിലെ നായകൻ മോഹൻലാലിനോട് ഒരിക്കൽ രാജുമ്മാമ പറഞ്ഞു : ``ലാലേ സത്യത്തിൽ നിന്റെ നീലകണ്ഠൻ എത്ര മാന്യനാ. എന്റെ വില്ലത്തരത്തിന്റെ പകുതിയേ ഉള്ളൂ അവന്റെ കയ്യിൽ . മൂർഖൻ പാമ്പ് കടിച്ചാൽ ഏശാത്തവനാ ഞാൻ . കടിച്ചാൽ കടിച്ച പാമ്പ് ചത്തിരിക്കും ..'' ലാൽ അത് വിശ്വസിച്ചോ ആവോ. വെറുതെ പറയുകയായിരുന്നു രാജുമ്മാമ എന്ന് അദ്ദേഹത്തെ അടുത്തറിയുന്നവർക്കറിയാം. നന്മയും സ്നേഹവുമായിരുന്നു ആ മനസ്സ് നിറയെ. ആരോടുമില്ല തരിമ്പും പക. ഏതു മുണ്ടക്കൽ ശേഖരനെയും സ്നേഹമസൃണമായ ഒരു പുഞ്ചിരി കൊണ്ട് കീഴ്പ്പെടുത്താൻ കഴിയുമായിരുന്നു അദ്ദേഹത്തിന്. അൽപമെങ്കിലും കോപിച്ചു കണ്ടിട്ടുള്ളത് സഹതാപ പ്രകടനവും മുതലക്കണ്ണീരുമായി എത്തുന്നവരോട് മാത്രം. കോടീശ്വരന്മാർക്കും ഗതികിട്ടാപാവങ്ങൾക്കും തുല്യ നീതിയായിരുന്നു രാജുമ്മാമയുടെ `ദർബാറി'ൽ. വീട്ടിൽ കടന്നുവരുന്ന ആരേയും- അസമയത്താണെങ്കിൽ പോലും-ഒരു നേരത്തെ ഭക്ഷണം കൊടുക്കാതെ വിടരുതെന്ന രാജുമ്മാമയുടെ കല്പന പരിഭവമൊട്ടുമില്ലാതെ ശിരസാ വഹിക്കുന്ന ബേബിമ്മായിയെ അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട് ഞാൻ.

ദേവരാജൻ മാഷുമൊത്ത് രാജുമ്മാമയെ കാണാൻ ചെന്നതോർമ്മ വരുന്നു. മാഷെ കണ്ടപ്പോൾ കിടന്ന കിടപ്പിൽ കൈ കൂപ്പാൻ ശ്രമിച്ചു അദ്ദേഹം. പരാജയപ്പെട്ടപ്പോൾ ഇടറുന്ന വാക്കുകളിൽ പറഞ്ഞു: ``ചെന്നൈയിൽ കറങ്ങിനടന്നിരുന്ന കാലത്ത് മാഷെ പല തവണ ദൂരെ നിന്ന് കണ്ടിട്ടുണ്ട്. പരിചയപ്പെടാൻ മോഹിച്ചിരുന്നു അന്ന് . പക്ഷെ ധൈര്യം വന്നില്ല . അത്രയും പേടിപ്പെടുത്തുന്ന കഥകളാണ് മാഷെ പറ്റി കേട്ടിരുന്നത്. ഇന്നിപ്പോ എന്നെ കാണാൻ മാഷ്‌ ഇവിടെ എന്റെ കിടക്കക്ക് അരികിൽ വന്നിരിക്കുമ്പോൾ എഴുന്നേറ്റു നിന്ന് ഒന്ന് തൊഴാൻ പോലും ആകുന്നില്ല എനിക്ക് . ക്ഷമിക്കണം .'' അന്ന് രാജുമ്മാമയെ കണ്ടു തിരിച്ചു പോകുമ്പോൾ മാഷ് പറഞ്ഞ വാക്കുകൾ ഇന്നും എന്റെ കാതിലുണ്ട് : ``ഈശ്വരവിശ്വാസിയല്ല ഞാൻ. എങ്കിലും ആ മനുഷ്യനെ ഒന്ന് എഴുന്നേറ്റു നടത്താൻ ഏതെങ്കിലും ദൈവത്തിനു കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു...''

മുല്ലശ്ശേരിയുടെ കിടപ്പുമുറിയുടെ ജനാലയിലൂടെ കാണുന്ന പച്ചപ്പ്‌ നിറഞ്ഞ മുറ്റം ആയിരുന്നു രാജുമ്മാമയുടെ ഏകാന്ത സുന്ദര ലോകം. അവിടെ പടർന്നു പന്തലിച്ചു നിന്ന മരങ്ങളെയും അവയിൽ കൂടുകൂട്ടി പാർത്ത കിളികളെയും താഴെ ഓടിക്കളിച്ച അണ്ണാറക്കണ്ണന്മാരെയും അരണകളെയും ചുറ്റും വിരിഞ്ഞു നിന്ന പൂക്കളേയും എല്ലാം ജീവന് തുല്യം സ്നേഹിച്ചു അദ്ദേഹം . ജനലരികിലെ ചക്രക്കസേരയിൽ ഇരുന്നു അവയോടു നിരന്തരം സല്ലപിച്ചു . അവയുടെ ആഹ്ലാദങ്ങളിലും വേദനകളിലും ഒരു കൊച്ചു കുട്ടിയുടെ മനസ്സോടെ പങ്കു ചേർന്നു . മരക്കൊമ്പിൽ നിന്ന് താഴെ വീണു പിടഞ്ഞ ഒരു അണ്ണാൻ കുഞ്ഞിനെ സ്നേഹ വാത്സല്യങ്ങളോടെ നോക്കിയിരിക്കുന്ന രാജുമ്മാമയുടെ ചിത്രം മറക്കാനാവില്ല . `` ആ അണ്ണാറക്കണ്ണനെ എടുത്തു കൊണ്ട് പോയി കുറച്ചു വെള്ളം കൊടുക്ക് നീ. അതിനെ വളർത്താം നമുക്ക് . ഇവിടെ ഒരു കൂട്ടിൽ ഇട്ട് ..'' അടുത്തിരുന്ന എന്നോട് അമ്മാമ പറഞ്ഞു .

വേദനിപ്പിക്കാതെ സൂക്ഷിച്ച് അണ്ണാൻ കുഞ്ഞിനെ കയ്യിലെടുത്ത് ജനലഴികളിലൂടെ നീട്ടിയപ്പോൾ, തളർച്ച ബാധിക്കാത്ത കൈ കൊണ്ട് വാത്സല്യ പൂർവ്വം അതിന്റെ നെറുകിൽ തലോടി രാജുമ്മാമ ; സ്നേഹനിധിയായ ഒരു അച്ഛനെ പോലെ . എന്നിട്ട് പറഞ്ഞു : ``അല്ലെങ്കിൽ വേണ്ട . പാവം പോട്ടെ എങ്ങോട്ടെങ്കിലും. കൂട്ടിൽ കിടന്നു എന്നെ പോലെ ബോറടിച്ചു മരിക്കേണ്ടവനല്ല അവൻ ..'' കണ്ണുകൾ ചിമ്മിയുള്ള പതിവു ചിരിയുണ്ടായിരുന്നില്ല അപ്പോൾ ആ മുഖത്ത്. പകരം, വിഷാദത്തിന്റെ നേർത്ത അലകൾ മാത്രം . അണ്ണാൻ കുഞ്ഞ് അപ്പോഴേക്കും മരത്തിൽ ഓടിക്കയറിയിരുന്നു .

കൃത്യം ഒരാഴ്ച കഴിഞ്ഞു രാജുമ്മാമ ഓർമ്മയായി ; ഒരു ഇളം തൂവൽ പൊഴിയും പോലെ .

(പൂർണേന്ദുമുഖിയിൽ നിന്ന്)

Content Highlights: Mullasserry Rajagopal Mangalassery Neelakantan Devasuram Movie Ravi Menon

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

ഉണര്‍ന്നശേഷം മറന്നുപോകുന്ന സ്വപ്‌നങ്ങളെക്കുറിച്ച് സിഗ്മണ്ട് ഫ്രോയ്ഡ്

Dec 21, 2019


mathrubhumi

4 min

കുട്ടിക്കാലംതൊട്ട് അച്ഛനെന്നോട് പറയും, 'എന്നെ അച്ഛാ എന്ന് വിളിക്കരുത്', അതും പബ്ലിക്കായി -അഷിത

Mar 27, 2019


mathrubhumi

4 min

ശ്രീ സ്വാമി തപോവനത്തിന്റെ 'ജ്വാലാമുഖി' യാത്രാനുഭവങ്ങള്‍

May 24, 2018