'മെട്രോമാന്‍' നമുക്കായി ചെയ്തതും അദ്ദേഹത്തോട് നാം ചെയ്യുന്നതും


8 min read
Read later
Print
Share

പാമ്പന്‍ പാലത്തിന്റെ പുനര്‍നിര്‍മാണം മുതല്‍ കൊങ്കണ്‍ റെയില്‍വെയും ഡല്‍ഹി മെട്രോ പാതയും വരെയുള്ള വമ്പന്‍ നിര്‍മാണങ്ങള്‍ പൂര്‍ത്തിയാക്കിയ ശ്രീധരന് ജനഹൃദയങ്ങളിലുള്ളത് അതിമാനുഷപരിവേഷം.

ന്ത്യയുടെ മെട്രോമാന്‍- ഇ ശ്രീധരനെ വിശേഷിപ്പിക്കാന്‍ ഇതിലും നല്ല പ്രയോഗമില്ല. ഇന്ത്യയുടെ ഗതാഗത സംവിധാനങ്ങളുടെ മുഖച്ഛായ തന്നെ മാറ്റിയ മെട്രോ റെയിലുകളുടെയും കൊങ്കണ്‍ റെയില്‍പാതയുടെയും നിര്‍മാണത്തിലൂടെയാണ് ഏലാട്ടുവളപ്പില്‍ ശ്രീധരന്‍ മെട്രോമാനായി മാറിയത്. അത്ര എളുപ്പമായിരുന്നില്ല ഇതൊന്നും. പലതരത്തിലുള്ള പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചായിരുന്നു ഇവയൊക്കയും അദ്ദേഹം യാഥാര്‍ഥ്യമാക്കിയത്.

അദ്ദേഹത്തിന്റെ ജീവിതകഥയാണ് കര്‍മയോഗി- ഇ ശ്രീധരന്റെ ജീവിതകഥ. എം എസ് അശോകനാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. കൊച്ചിയില്‍ മെട്രോ എന്ന ആശയം നടപ്പാക്കുന്നതിനെ കുറിച്ച് ആലോചന വന്നപ്പോള്‍, ആ ഉത്തരവാദിത്തം ഏല്‍പ്പിക്കാന്‍ ശ്രീധരനെക്കാള്‍ യോജിക്കുന്ന മറ്റൊരാള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ആ സമയത്തും അനാവശ്യവിവാദങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. പതിവുപോലെ സമചിത്തതയോടെ ആയിരുന്നു ശ്രീധരന്‍ വിഷയത്തെ കൈകാര്യം ചെയ്തത്. ആ വിവാദങ്ങളെ കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗമാണ് 'കര്‍മയോഗി'യിലെ കഥ ശ്രീധരീയം എന്ന അധ്യായം.

കഥ ശ്രീധരീയം

2013 ജനവരി എട്ട് പുലരുംമുന്‍പേ കൊച്ചിയിലെ ലേ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററിനു മുന്നില്‍ ചാനലുകളുടെ ഒബി വാനുകള്‍ നിരപിടിച്ചു കഴിഞ്ഞിരുന്നു. കൊച്ചി മെട്രോ നിര്‍മാണത്തിന് നേതൃത്വം നല്കാന്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷ(ഡി.എം.ആര്‍.സി.)നും ഇ. ശ്രീധരനും ഉണ്ടാകുമോ എന്നതിന്റെ ചൂടന്‍ ചര്‍ച്ചകളാണ് അവിടെ നടക്കുന്ന പ്രവാസി സമ്മേളനത്തിന്റെ വേദികളെ അപ്പോള്‍ സജീവമാക്കിയത്. ഡി.എം.ആര്‍.സിയുടെ പങ്കാളിത്തം സംബന്ധിച്ച അവസാന തീരുമാനമെടുക്കാനുള്ള നിര്‍ണായകയോഗത്തിനായി കേന്ദ്ര നഗരവികസന മന്ത്രി കമല്‍നാഥും കേരളത്തില്‍നിന്നുള്ള നാലു കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ സംസ്ഥാന മന്ത്രിമാരും ലേ മെറിഡിയനിലുണ്ട്.

മിനിട്ടുകളുടെ ഇടവേളയില്‍ ലേ മെറിഡിയനില്‍നിന്നുളള അപ്‌ഡേറ്റ്‌സ് ലേഖകര്‍ വഴി ചാനലുകളിലേക്ക് പറക്കുന്നു. ഓരോ നിമിഷവും ന്യൂസ് ബ്രേക്കുകള്‍ മാറിമറിയുകയാണ്.
മാസങ്ങള്‍ നീണ്ട വിവാദങ്ങളുടെ അവസാന അങ്കത്തിന്റെ ആവേശവും ആശങ്കയും കനക്കുന്നതിനിടെ ഡി.എം.ആര്‍.സിയുടെ മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്റെ വാഹനം ലേ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററിനു മുന്നിലേക്ക് എത്തി. വാഹനത്തില്‍ നിന്നിറങ്ങി യോഗഹാളിലേക്കു നടന്ന ശ്രീധരന്റെ മുഖത്ത് പതിവുള്ള ഗൗരവം മാത്രം. ശരീരഭാഷയില്‍നിന്ന് എന്തെങ്കിലും വ്യാഖ്യാനിക്കാന്‍ പരതിയവര്‍ക്ക് നിരാശ.

അടഞ്ഞ വാതിലിനപ്പുറം യോഗം പുരോഗമിക്കുമ്പോള്‍ വെളിയില്‍ വീണ്ടും ഊഹാപോഹങ്ങളുടെ വേലിയേറ്റം. അരമണിക്കൂറിനുള്ളില്‍ യോഗം അവസാനിപ്പിച്ച് എല്ലാവരും പുറത്തേക്ക്. അപ്പോഴും ശ്രീധരന്റെ മുഖത്ത് ഭാവഭേദമില്ല. കൊച്ചി മെട്രോ പദ്ധതിയില്‍ ഡി.എം. ആര്‍.സിയും ശ്രീധരനും ഉണ്ടായിരിക്കുമെന്ന് മാധ്യമപ്പടയ്ക്കു മുന്നില്‍ കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനം. ചിരിച്ചെന്നു വരുത്തി അതിനോട് ശ്രീധരന്റെ പ്രതികരണം.

വാര്‍ത്താസമ്മേളനം അവസാനിച്ചപ്പോള്‍, തന്നെ വളഞ്ഞ മാധ്യമങ്ങളോട് പ്രതികരിക്കുമ്പോഴും ഒരു വര്‍ഷത്തോളം നീണ്ട നിര്‍ണായകപോരാട്ടം ജയിച്ചതിന്റെ ആവേശമൊന്നും ശ്രീധരന്റെ വാക്കുകളിലില്ലായിരുന്നു. എല്ലാം സംഭവിക്കേണ്ടതുപോലെ സംഭവിച്ചു എന്ന മട്ട്. ശ്രീധരനും ഡി.എം.ആര്‍.സിയും കൊച്ചി മെട്രോ പദ്ധതിയില്‍ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചവരാകട്ടെ, മറിച്ചൊരു നീക്കം ഒരിക്കലും ഉണ്ടായിട്ടില്ലല്ലോ എന്നു വരുത്തിത്തീര്‍ക്കാന്‍ മാധ്യമപ്രവര്‍ത്തകരുടെ വലയത്തിനുള്ളില്‍ കിടന്ന് അപ്പോഴും കൈകാലിട്ടടിക്കുകയായിരുന്നു.

അതൊരു യുദ്ധം തന്നെയായിരുന്നെന്ന് കൊച്ചി മെട്രോ പദ്ധതിയുടെ നാള്‍വഴി പിന്തുടര്‍ന്നവര്‍ക്ക് അറിയാം. ശ്രീധരനെയും ഡി.എം.ആര്‍.സിയെയും കൊച്ചി മെട്രോയില്‍നിന്ന് പുകച്ചുചാടിക്കാന്‍ ഒളിവിലും തെളിവിലും പൊടിപാറിയ പോര്. ലോകബാങ്കും ജപ്പാന്‍ ധനകാര്യ ഏജന്‍സിയും മുതല്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ വരെയുള്ളവയുടെ തിട്ടൂരങ്ങളും പൊക്കിയെടുത്ത് ഉന്നത ബ്യൂറോക്രസിയുടെ ചാവേറായിരുന്നു മുന്നണിയില്‍.

ശ്രീധരന്റെ അസാന്നിധ്യത്തില്‍ രൂപപ്പെടുന്ന അവിശുദ്ധബാന്ധവത്തിലൂടെ മറിയുന്ന കോടികളുടെ കമ്മീഷന്‍ പണമെന്ന മനപ്പായസമുണ്ട് സര്‍ക്കാറും ഭരണനേതൃത്വവും അവര്‍ക്ക് അങ്കത്തുണയായി. ശ്രീധരനെതിരെ കച്ചകെട്ടിയിറങ്ങിയവര്‍ക്ക് അവരുടെതായ ന്യായങ്ങളുണ്ടായിരുന്നു.

പക്ഷേ, ശ്രീധരന്‍ കൊച്ചി മെട്രോ നിര്‍മാണനേതൃത്വത്തില്‍ ഉണ്ടാകണമെന്നാഗ്രഹിച്ചവരുടെ തീര്‍ച്ചകളെ മറയ്ക്കാന്‍ മാത്രം ശക്തി വാദങ്ങള്‍ക്കുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ മറുവശത്ത് ശ്രീധരന്‍ ഒറ്റയ്ക്കായിട്ടും ഒറ്റയ്ക്കായില്ല. ആറായിരം കോടിയോളം നിര്‍മാണച്ചെലവുവരുന്ന കൊച്ചി മെട്രോ പദ്ധതിയെ അഴിമതിയുടെ കൂത്തരങ്ങാക്കാനുള്ള നീക്കത്തെ ചെറുക്കാന്‍ ആരുടെയും ആഹ്വാനമില്ലാതെതന്നെ മാധ്യമങ്ങളും പൊതുസമൂഹവും ശ്രീധരനു പിന്നില്‍ നിരന്നു.

വിവാദങ്ങള്‍ കൊട്ടിക്കയറിയപ്പോഴും എതിരാളികള്‍ക്കുനേരെ ശ്രീധരന്‍ ഒരു പരസ്യപ്രസ്താവനയ്ക്കുപോലും മുതിര്‍ന്നില്ലെന്ന് ഓര്‍ക്കുക. ജനങ്ങള്‍ക്ക് പ്രയോജനപ്പെടുംവിധം കാലതാമസമില്ലാതെ അഴിമതിരഹിതമായി പദ്ധതി പൂര്‍ത്തിയാക്കണമെന്ന് സ്വതഃസിദ്ധമായ ശൈലിയില്‍, പോരാളിയുടെ ദാര്‍ഢ്യത്തോടെ ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തത്. ഒടുവില്‍, കുതന്ത്രങ്ങള്‍ മെനഞ്ഞവര്‍ തോല്‍വിയേറ്റുവാങ്ങി പിന്‍വലിയേണ്ടിവന്ന രംഗമായിരുന്നു ലേ മെറിഡിയനില്‍ കണ്ട ആന്റി ക്ലൈമാക്‌സ്.

കേവലം റിട്ടയേര്‍ഡ് റെയില്‍വേ സിവില്‍ എഞ്ചിനീയറോ വമ്പന്‍ നിര്‍മാണങ്ങള്‍ക്ക് കെല്പുള്ള അനേകം പ്രോജക്ട് മാനേജര്‍മാരില്‍ ഒരാളോ മാത്രമായി ഇ. ശ്രീധരനെ എഴുതിത്തള്ളിയവര്‍ക്ക് ജനഹൃദയങ്ങളില്‍ സ്ഥിരപ്രതിഷ്ഠ നേടിക്കഴിഞ്ഞ ആ അഞ്ചക്ഷരത്തിന്റെ ബലം ശരിക്കും ബോധ്യപ്പെടുകയായിരുന്നു. പാമ്പന്‍ പാലത്തിന്റെ പുനര്‍നിര്‍മാണം മുതല്‍ കൊങ്കണ്‍ റെയില്‍വെയും ഡല്‍ഹി മെട്രോ പാതയും വരെയുള്ള വമ്പന്‍ നിര്‍മാണങ്ങള്‍ പൂര്‍ത്തിയാക്കിയ ശ്രീധരന് ജനഹൃദയങ്ങളിലുള്ളത് അതിമാനുഷപരിവേഷം.

ബോളിവുഡ് താരങ്ങള്‍ക്കോ ക്രിക്കറ്റ് ദൈവങ്ങള്‍ക്കോ മാത്രം സ്വപ്‌നം കാണാന്‍ കഴിയുന്ന പ്രശസ്തിയും അംഗീകാരവും അതുവഴി അദ്ദേഹത്തിന് കല്പിച്ചുനല്കി. അതുകൊണ്ടു മാത്രം ഏറ്റവുമൊടുവില്‍ കൊച്ചി മെട്രോയില്‍ കണ്ടതുപോലുള്ള അദ്ഭുതം പ്രവര്‍ത്തിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമെന്നു കരുതാനാകില്ല. സഹസ്രകോടികള്‍ ചെലവഴിച്ച് ശ്രീധരന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയായ കൊങ്കണ്‍ റെയില്‍പ്പാതയെക്കാള്‍ വലിയ റെയില്‍ സാഹസങ്ങള്‍ രാജ്യത്ത് ഇനിയും പിറക്കില്ലെന്ന് പറയാനാകുമോ?

കൊല്‍ക്കത്തയിലെയും ഡല്‍ഹിയിലെയും കൊച്ചിയിലെയും മെട്രോ റെയില്‍ നിര്‍മാണത്തിന് ശ്രീധരന്‍ സമം ചേര്‍ത്ത വൈദഗ്ധ്യവും സാങ്കേതികവിദ്യയും കാലഹരണപ്പെടുന്ന കാലം വരില്ലേ? ജനവാസകേന്ദ്രങ്ങളെയും വാണിജ്യസമുച്ചയങ്ങളെയും കുടിയൊഴിച്ച്, ദരിദ്രകോടികള്‍ നല്കുന്ന നികുതിപ്പണം ചെലവഴിച്ച് വിസ്മയിപ്പിക്കുന്ന അണക്കെട്ടുകളും എക്‌സ്പ്രസ് പാതകളും ഇനിയും യാഥാര്‍ഥ്യമാകില്ലേ?

വായുവേഗത്തില്‍ ആകാശത്തും ഭൂഗര്‍ഭത്തിലും പായുന്ന ബുള്ളറ്റ് ട്രെയിനുകളിലൂടെ സമയത്തിന്റെ നേര്‍രേഖകളില്‍ ഇന്ത്യന്‍ നഗരങ്ങള്‍ കൂടുതല്‍ അടുത്ത് ബന്ധിക്കപ്പെടില്ലേ? കിടയറ്റ ലോകോത്തരവിദ്യകള്‍ മനപ്പാഠമാക്കി അസാധ്യങ്ങളെയെല്ലാം സാധ്യമാക്കുന്ന സാങ്കേതികവിദഗ്ധരും പ്രോജക്ട് മാനേജര്‍മാരും പിറക്കുമെന്നതും തീര്‍ച്ച. എന്നിട്ടും എന്തുകൊണ്ട് ഒരു ഇ. ശ്രീധരന്‍?

ജനഹൃദയങ്ങളെ തന്നിലേക്ക് അടുപ്പിച്ചു നിര്‍ത്താന്‍ മാത്രം എന്തു ഇന്ദ്രജാലമാണ് ശ്രീധരനിലുള്ളത്? അതിമാനുഷപരിവേഷത്തിന്റെ കണ്ണഞ്ചിക്കുന്ന വെള്ളിവെളിച്ചത്തിനപ്പുറം ജനനേതാക്കള്‍ക്കു മാത്രം ലഭിക്കുന്ന അംഗീകാരവും ആദരവും കൂടി ഇ. ശ്രീധരനെന്ന മലയാളി സിവില്‍ എഞ്ചിനീയര്‍ക്ക് സമൂഹവും മാധ്യമങ്ങളും കല്പിച്ചുനല്കുന്നത് എന്തുകൊണ്ടാണ്? ഗൂഗിള്‍ സെര്‍ച്ചില്‍ ഇ. ശ്രീധരന്‍ എന്നു കുറിച്ച് നല്കുന്ന ഒറ്റ തിരച്ചിലില്‍ അഞ്ചര ലക്ഷത്തിലേറെ ഫലസൂചനകളാണ് സ്‌ക്രീനിലേക്കു വന്നുവീഴുന്നത്.

അതില്‍ വിക്കിപീഡിയയിലെ ശ്രീധരന്റെ ജീവചരിത്ര കുറിപ്പുണ്ട്. രാജ്യത്തിന്റെ ഏതൊക്കെയോ കോണുകളില്‍നിന്ന് അജ്ഞാതരായ ആരാധകര്‍ ഉണ്ടാക്കിയിട്ട ഒരു ഡസനിലേറെ ഫേസ്ബുക്ക് പ്രൊഫൈലുകളുണ്ട്. എണ്ണമറ്റ യൂട്യൂബ് വീഡിയോകളില്‍ വിവിധ ഐ.ഐ.ടികളിലെ ബിരുദദാനച്ചടങ്ങുകളില്‍ നടത്തിയ പ്രഭാഷണങ്ങള്‍ മുതല്‍ ദേശീയ ചാനലുകളില്‍ വന്ന എണ്ണമറ്റ അഭിമുഖങ്ങള്‍ വരെ.

ഇ. ശ്രീധരന് ഭാരതരത്‌ന സമ്മാനിക്കാന്‍ വൈകരുതെന്ന് അര്‍ഥശങ്കയ്ക്കിടയില്ലാതെ ആഞ്ഞുവാദിക്കുന്നവരുടെ ചര്‍ച്ചാ ഫോറങ്ങള്‍ വേറെ. മെട്രോമാന്റെ നേട്ടങ്ങളെ മറയില്ലാതെ വാഴ്ത്തുന്ന വിവിധ ഭാഷാ ബ്ലോഗുകളുടെ എണ്ണം തിട്ടപ്പെടുത്താനാവാത്തത്ര. കൊങ്കണ്‍പാതയിലെയും ഡല്‍ഹി മെട്രോയിലെയും യാത്രാനുഭവവിവരണങ്ങള്‍ വേറൊരിടത്ത്. സമയവും പണവും ലാഭിക്കാവുന്ന സൗകര്യമെന്നതിനപ്പുറം പുത്തന്‍ കാഴ്ചകളിലേക്ക് തുറക്കുന്ന നീണ്ട ട്രെയിന്‍യാത്ര സമ്മാനിച്ചതിന് ശ്രീധരനോട് കടപ്പാടറിയിച്ച് ബ്ലോഗുകള്‍ വാചാലമാകുന്നു.

നൂറുകണക്കിനു ചിത്രങ്ങള്‍, കാരിക്കേച്ചറുകള്‍, കാര്‍ട്ടൂണുകള്‍. മുംെബെയിലെ സ്വകാര്യ പ്രസാധകര്‍ ശ്രീധരന്റെ ഇതിഹാസതുല്യമായ ഔദ്യോഗികജീവിതം ചിത്രകഥാരൂപത്തിലാക്കി പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ഇന്റര്‍നെറ്റ് എഡിഷന്‍, ഡി.എം.ആര്‍.സി. ചീഫ് പി.ആര്‍.ഒ. അനൂജ് ദയാല്‍ പുസ്തകരൂപത്തിലാക്കിയ ഡല്‍ഹി മെട്രോ ഗാഥ വില്പനയ്ക്ക് വെച്ചിട്ടുള്ള ഓണ്‍ലൈന്‍ ബുക്‌ഷോപ്പുകള്‍, ശ്രീധരന്റെ ഓരോ വാക്കും നോക്കും മത്സരിച്ച് വാര്‍ത്തയാക്കിയ ദൃശ്യ-പത്ര മാധ്യമങ്ങളുടെ ആര്‍ക്കൈവുകള്‍.

എണ്‍പതാംവയസ്സിലും തലമുറകളെ ത്രസിപ്പിച്ച് പൊതുവേദികളില്‍ ഊര്‍ജപ്രവാഹമായി മാറുന്ന ആ വാക്കുകളെ സ്‌നേഹിക്കുന്ന എണ്ണംപറഞ്ഞ മാനേജ്‌മെന്റ് ഗുരുക്കന്മാരുടെയും രാഷ്ട്രതന്ത്രജ്ഞരുടെയും സാക്ഷ്യങ്ങള്‍. ഇതിനു പുറമെയാണ് വമ്പന്‍ നിര്‍മാണപദ്ധതികളുടെയെല്ലാം തലപ്പത്ത് ശ്രീധരന്‍ വേണമെന്ന വിവിധ സംസ്ഥാന സര്‍ക്കാറുകളുടെ നിര്‍ബന്ധം. ഏതു സ്ഥാനവും പ്രതിഫലവും വാഗ്ദാനം ചെയ്ത് വമ്പന്‍ സ്വകാര്യ കോര്‍പ്പറേറ്റുകളുടെ കാത്തുനില്പ്. പത്മശ്രീയും പത്മഭൂഷണും നല്കി രാജ്യം ആദരിച്ച പ്രതിഭയെ തേടി രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും അനുദിനമെന്നോണം പുരസ്‌കാരങ്ങളുടെ പ്രവാഹം.

2014 ആകുമ്പോഴേക്കും പൊതുജീവിതത്തില്‍ ഇ. ശ്രീധരനെന്ന ടെക്‌നോക്രാറ്റിന്റെ സജീവ സാന്നിധ്യത്തിന് അറുപതു വയസ്സ് തികയും. ഇന്ത്യന്‍ റെയില്‍വേ എഞ്ചിനീയറിങ് സര്‍വീസ് (ഐ.ആര്‍.എസ്.ഇ.) നേടി 1954- ല്‍ അസിസ്റ്റന്റ് എഞ്ചിനീയറായി റെയില്‍വേയില്‍ ചേര്‍ന്ന ശ്രീധരന്‍ 36 വര്‍ഷത്തെ സേവനത്തിനു ശേഷം 1990 ലാണ് അവിടെനിന്ന് വിരമിച്ചത്. തുടര്‍ന്ന് കൊങ്കണ്‍ റെയില്‍ കോര്‍പ്പറേഷന്‍ സ്ഥാപിച്ച് ഏഴു വര്‍ഷം അവിടെ. 1997- ല്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍(ഡി.എം.ആര്‍.സി.) മാനേജിങ് ഡയറക്ടറായി. 2011 ഡിസംബറില്‍ ഡി.എം.ആര്‍.സിയില്‍നിന്ന് വിരമിക്കുമ്പോള്‍ വയസ്സ് എഴുപത്തിയൊമ്പത്.

57 വര്‍ഷത്തെ പൊതുസേവനം പ്രശസ്തമായ നിലയില്‍ പൂര്‍ത്തിയാക്കിയ അദ്ദേഹം സഫലമായ ഔദ്യോഗികജീവിതത്തിന് വിരാമമിടാനാണ് ആഗ്രഹിച്ചത്. എന്നാല്‍ കൊച്ചി മെട്രോയുടെയും കോഴിക്കോട്, തിരുവനന്തപുരം മോണോ റെയിലിന്റെയും തെക്കു വടക്ക് അതിവേഗ റെയില്‍പ്പാതയുടെയും നിര്‍മാണമേല്‍നോട്ടത്തിനായി നിയോഗിക്കപ്പെട്ടു. ആറു പതിറ്റാണ്ട് മുന്‍പ് ഇന്ത്യന്‍ റെയില്‍ സര്‍വീസിലേക്ക് നടന്നുകയറിയ അതേ ചുറുചുറുക്കോടെ ഈ എണ്‍പത്തിയൊന്നാം വയസ്സിലും പുതിയ ചുമതല ഏറ്റെടുത്ത് പൊന്നാനിയില്‍നിന്ന് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും ഡല്‍ഹിയിലേക്കും ബംഗളൂരുവിലേക്കുമെല്ലാം നിരന്തരം ഓട്ടം.

പാമ്പന്‍ പാലം പുനര്‍നിര്‍മാണം മുതല്‍ കൊച്ചി മെട്രോ വരെയുള്ള പദ്ധതികളിലൂടെ മാത്രം ലക്ഷം കോടിയിലേറെ രൂപയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളാണ് ശ്രീധരന്‍ ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയത്. അതില്‍ ഒന്നിന്റെ പേരില്‍പോലും അദ്ദേഹത്തിനെതിരെ ഒരാക്ഷേപവും ഉയര്‍ന്നിട്ടില്ലെന്ന് അറിയുക. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ പേരില്‍ ഡല്‍ഹിയില്‍ നടന്ന തൂപ്പുജോലി കരാറില്‍പ്പോലും ദശലക്ഷങ്ങളുടെ അഴിമതി നടന്നത് നാം കണ്ടു. അതേ മാമാങ്കത്തിന് മുന്നോടിയായാണ് 24,000 കോടി ചെലവഴിച്ച് ഡല്‍ഹി മെട്രോയുടെ രണ്ടാംഘട്ട നിര്‍മാണം നടന്നത്. ശ്രീധരനായിരുന്നു ചുമതല. കോമണ്‍വെല്‍ത്ത് അഴിമതിക്ക് കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ജയിലിലായപ്പോഴും ആരോപണലേശമേല്ക്കാതെ പൂര്‍ത്തിയായ ഏക പദ്ധതിയും ഡല്‍ഹി മെട്രോ നിര്‍മാണമായിരുന്നു.

ഇന്ത്യന്‍ റെയില്‍വേയില്‍ വന്‍കിട നിര്‍മാണങ്ങള്‍ ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയ ശ്രീധരന്‍ സിവില്‍ എഞ്ചിനീയറിങ്ങില്‍ മൂന്നരപ്പതിറ്റാണ്ടിന്റെ അനുഭവസമ്പത്തോടെയാണ് റെയില്‍വേയുടെ പടിയിറങ്ങിയത്. പ്രധാന റെയില്‍പ്പാതകളുടെ നിര്‍മാണവും നവീകരണവും ഇരട്ടിപ്പുമെല്ലാം ഇക്കാലത്താണ് പൂര്‍ത്തിയായത്. റെയില്‍ ബോര്‍ഡ് ചെയര്‍മാനായി വിരമിച്ച മലയാളി സിവില്‍ എഞ്ചിനീയര്‍ ജി. പി. വാര്യരെ പോലുള്ളവരുടെ വാത്സല്യവും പ്രോത്സാഹനവും ആ ഉയര്‍ച്ചയ്ക്ക് വളമായി. കൊടുങ്കാറ്റും പ്രളയവും തല്ലിത്തകര്‍ത്ത് പോയ പാമ്പന്‍ പാലത്തിന്റെ റെക്കോര്‍ഡ് വേഗത്തിലുള്ള പുനര്‍നിര്‍മാണത്തോടെയാണ് ഇ. ശ്രീധരന്‍ എന്ന പ്രതിഭാസത്തെ ലോകം അറിഞ്ഞുതുടങ്ങിയത്.

ബ്രിട്ടീഷ് എഞ്ചിനീയറിങ് അദ്ഭുതമായിരുന്ന പാമ്പന്‍ പാലം പുനര്‍നിര്‍മിക്കാനുള്ള ദൗത്യമേറ്റെടുത്ത് 1964- ല്‍ രാമേശ്വരത്തേക്ക് വണ്ടികയറുമ്പോള്‍ ശ്രീധരന് വയസ്സ് 31 മാത്രം. എഞ്ചിനീയറിങ്ങിന്റെ വിജയം (triumph of engineering)എന്ന് പില്ക്കാലത്ത് ശ്രീധരന്‍തന്നെ വിശേഷിപ്പിച്ച ദൗത്യം 46 ദിവസംകൊണ്ടാണ് പൂര്‍ത്തിയാക്കിയത്. അനുവദിച്ച് നല്കിയതിന്റെ പകുതി സമയം മാത്രമെടുത്ത്. പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഒരാഴ്ചകൂടി വേണ്ടിവരുമെന്ന് റെയില്‍ മന്ത്രി എസ്. കെ. പാട്ടീല്‍ പാര്‍ലമെന്റിനെ അറിയിച്ച രാത്രി പാലത്തിന്റെ അവസാന ഗര്‍ഡറും സ്ഥാപിച്ച് ശ്രീധരന്‍ രാമേശ്വരം കരയിലേക്കുള്ള ആദ്യ ട്രെയിനിന് പച്ചക്കൊടി വീശിക്കഴിഞ്ഞിരുന്നു എന്നത് രസകരമായ മറ്റൊരു വശം.

രാജ്യത്തെ ആദ്യ ആധുനിക പൊതുഗതാഗത സംവിധാനമായി മാറിയ കൊല്‍ക്കത്ത മെട്രോയുടെ രൂപകല്പനയായിരുന്നു ശ്രീധരന്‍ ഏറ്റെടുത്ത രണ്ടാമത്തെ വലിയ ദൗത്യം. ഇന്ത്യന്‍ റെയില്‍വേ ഈ സാഹസത്തിനിറങ്ങുമ്പോള്‍ റെയില്‍വേക്കോ അത് രൂപകല്പന ചെയ്യാനേറ്റ ശ്രീധരനോ മെട്രോ റെയിലിനെ കുറിച്ചുള്ള അറിവ് തുച്ഛം. സ്വന്തം ചെലവില്‍ ജപ്പാനിലെ ടോക്യോ മെട്രോയില്‍ നാലുദിവസം ചെലവഴിച്ചതിന്റെ പരിചയത്തില്‍നിന്നാണ് പൂര്‍ണമായും ഭൂഗര്‍ഭപാതയിലൂടെ ഓടുന്ന കൊല്‍ക്കത്ത മെട്രോ ശ്രീധരന്‍ ലോകോത്തരമായി രൂപകല്പന ചെയ്തത്.

ശ്രീധരനെ സംബന്ധിച്ച് കൊല്‍ക്കത്ത മെട്രോയുടെ പാഠം അവിടെ തീര്‍ന്നില്ല. അതിന്റെ നിര്‍മാണത്തിലും നിര്‍വഹണത്തിലുമുണ്ടായ വീഴ്ചകള്‍ക്ക് ഉത്തരവാദിയല്ലായിരുന്നെങ്കില്‍കൂടി അതൊന്നുപോലും പിന്നീട് ചെയ്യുന്ന ജോലികളില്‍ ആവര്‍ത്തിക്കരുതെന്ന് ശ്രീധരന്‍ ശഠിച്ചു. കൊച്ചിന്‍ ഷിപ്‌യാര്‍ഡ് അതിനു മുന്‍പും ശേഷവും കണ്ടിട്ടില്ലാത്ത സവിശേഷതകളോടുകൂടിയ സ്ഥാപനമേധാവിയെയാണ് പിന്നീട് ശ്രീധരനില്‍ കണ്ടത്. ഒരേയൊരു വര്‍ഷം മാത്രമാണ് ഷിപ്‌യാര്‍ഡ് സി.എം.ഡിയായിരുന്നത്. അടിമുടി പ്രതികൂലമായിരുന്ന തൊഴില്‍സാഹചര്യത്തെ നേരിട്ട് രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിയ ഷിപ്‌യാര്‍ഡിന്റെ ആദ്യ കപ്പല്‍ 'റാണി പത്മിനി'യുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത് ഒരു നേട്ടം.

ഒപ്പം, വിദേശ പര്‍ച്ചേസിലൂടെ മറിയുന്ന കോടികളുടെ കമ്മീഷന്‍ പണത്തിന്റെ ഗുണഭോക്താക്കളായ ഉദ്യോഗസ്ഥ- ഭരണ കൂട്ടുകെട്ടിനെ തുറന്നുകാണിച്ച് പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ കഴിഞ്ഞത് ശ്രീധരന്റെ സത്യസന്ധതയ്ക്കും പ്രൊഫഷണലിസത്തിനും മേല്‍ പൊന്‍തൂവലായി. തുടര്‍ന്നാണ് ഇന്ത്യന്‍ റെയില്‍വേ ചരിത്രത്തിലെ ഇതിഹാസമായി മാറിയ കൊങ്കണ്‍പാത നിര്‍മാണത്തിന് നിയോഗിക്കപ്പെട്ടത്. പടിഞ്ഞാറന്‍ തീരത്ത് തിരതുള്ളുന്ന അറബിക്കടലിനും അതിന് അഭിമുഖമായ പശ്ചിമഘട്ടത്തിനും നടുവിലൂടെ തെക്ക് മംഗലാപുരം മുതല്‍ വടക്ക് മഹാരാഷ്ട്രയിലെ റോഹ വരെ 760 കിലോമീറ്റര്‍ റെയില്‍പ്പാതയുടെ നിര്‍മാണത്തില്‍ നേരിട്ട വെല്ലുവിളികള്‍ക്ക് സമാനതകളില്ല.

ബ്രിട്ടീഷ് ഭരണകാലം മുതല്‍ അസാധ്യമെന്ന തലക്കെട്ടിനു കീഴില്‍ കടലാസില്‍ ഒതുങ്ങിപ്പോയ പദ്ധതി എല്ലാ പ്രതിബന്ധങ്ങളെയും വകഞ്ഞൊതുക്കി പൂര്‍ത്തിയാക്കാന്‍ ശ്രീധരനു വേണ്ടിവന്നത് വെറും ഏഴു വര്‍ഷവും മൂന്നു മാസവും മാത്രം. അവിടെ പണമായിരുന്നില്ല പ്രശ്‌നം. ദുര്‍ഘടമായ നിര്‍വഹണം തന്നെയായിരുന്നു. മൂന്നു സംസ്ഥാനങ്ങളിലൂടെ എന്നതിനേക്കാള്‍ പരസ്പരവൈരുധ്യം പുലര്‍ത്തിയ നാലു രാഷ്ട്രീയവ്യവസ്ഥിതിയിലൂടെയായിരുന്നു കൊങ്കണ്‍പാതയുടെ ദീര്‍ഘമായ അലൈന്‍മെന്റ്. സ്വതഃസിദ്ധമായ നയചാതുരിയാല്‍ എതിര്‍പ്പുകളുടെ മുനയൊടിച്ച് എല്ലാവരെയും യോജിപ്പിന്റെ ഒറ്റ നൂലില്‍ ഇണക്കി ശ്രീധരന്‍ ആ എഞ്ചിനീയറിങ് അദ്ഭുതം രാജ്യത്തിന്റെ പടിഞ്ഞാറെ അതിരില്‍ സ്ഥാപിച്ചു.

കൊങ്കണ്‍ ദൗത്യം പൂര്‍ത്തിയാകുമ്പോള്‍ നാലുപതിറ്റാണ്ട് പിന്നിട്ട ശ്രീധരന്റെ ഔദ്യോഗികയാത്രയും അവസാനിപ്പിക്കേണ്ട സമയമായിരുന്നു. അപ്പോഴേക്കും ഡല്‍ഹി മെട്രോ പദ്ധതിക്കായി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍(ഡി.എം.ആര്‍.സി.) രൂപീകരിച്ചു കഴിഞ്ഞിരുന്നു. ഡി.എം.ആര്‍.സിക്ക് എം.ഡിയെ കണ്ടെത്താനുള്ള സമിതിയില്‍ അംഗമായ ശ്രീധരന്‍തന്നെ ഒടുവില്‍ ആ സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ടു. ആദ്യകാലത്ത് ഡി.എം.ആര്‍.സിയുടെയും കൊങ്കണ്‍ റെയില്‍ കോര്‍പ്പറേഷന്റെയും ചുമതലകള്‍ ഒരുമിച്ച് തലയിലേറ്റി മുംബൈക്കും ഡല്‍ഹിക്കുമിടയില്‍ നിരന്തരം ഓടുകയായിരുന്നു അദ്ദേഹം.

പിന്നീട് ഡല്‍ഹിയെ വിസ്മയിപ്പിച്ചത് ആധുനിക മെട്രോ റെയില്‍ പദ്ധതി മാത്രമായിരുന്നില്ല. ശ്രീധരനും കൂട്ടരും നടത്തിയ നിര്‍മാണപ്രവര്‍ത്തനങ്ങളോരോന്നും ഇന്ദ്രപ്രസ്ഥത്തിന് അദ്ഭുതമായി. ജനങ്ങളെ വലയ്ക്കാതെ, പരിസ്ഥിതിക്ക് പോറലേല്പിക്കാതെ, അസാധാരണ വേഗത്തില്‍ നിര്‍മാണം മുന്നേറി. നിശ്ചിത സമയത്തിന് രണ്ടു വര്‍ഷവും ഒമ്പതു മാസവും ശേഷിക്കെ ഏഴു വര്‍ഷവും മൂന്നു മാസവുമെടുത്ത് 10,500 കോടി ചെലവില്‍ ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയാക്കി.

വൈകുന്ന ഓരോ ദിവസവും 2.5 കോടി രൂപ ബാധ്യതയാകുമെന്ന് കണക്കാക്കിയ ഡല്‍ഹി മെട്രോയുടെ 124 കിലോമീറ്റര്‍ വരുന്ന രണ്ടാംഘട്ടം 24,000 കോടി ചെലവില്‍ വെറും നാലര വര്‍ഷം മാത്രമെടുത്താണ് ശ്രീധരന്‍ പൂര്‍ത്തിയാക്കിയത്. മെട്രോ നിര്‍മാണത്തിനെടുത്ത സമയത്തിന്റെ കാര്യത്തില്‍ അതൊരു ലോക റെക്കോര്‍ഡു തന്നെയായി.
ഒരു പഞ്ചായത്ത് റോഡോ കലുങ്കോ നിര്‍മിക്കാന്‍പോലും വര്‍ഷങ്ങളും ദശലക്ഷങ്ങളും ചെലവഴിക്കേണ്ടി വരുന്ന നാട്ടിലാണ് ഇതെല്ലാം നടന്നത് എന്നറിയുക.

എന്നാല്‍ അതൊന്നും സാധിച്ചത് ഏതെങ്കിലും അതിമാനുഷികത കൊണ്ടല്ലെന്ന് ശ്രീധരന്‍ അടിവരയിടുന്നു. കൊങ്കണ്‍പാതയോ ഡല്‍ഹി മെട്രോ റെയിലോ മാസ്റ്റര്‍പീസ് എന്ന് തര്‍ക്കിക്കുന്നവരോട് അദ്ദേഹം പറഞ്ഞു. രണ്ടുമല്ല, ആ ജോലികള്‍ ഏറ്റെടുത്ത് ചെയ്തതിലൂടെ നമ്മുടെ എഞ്ചിനീയര്‍മാരില്‍ ആത്മവിശ്വാസമുണ്ടാക്കാനായതാണ് പ്രധാന നേട്ടം. സാധാരണ ജീവിതസാഹചര്യങ്ങളില്‍ ജനിച്ച് സാധാരണ വിദ്യാഭ്യാസം മാത്രം നേടിയ ആര്‍ക്കും ജനങ്ങളോടൊപ്പം നിന്ന് ഇതൊക്കെ ചെയ്യാനാകുമെന്ന് തെളിയിക്കാനായതാണ് നേട്ടം എന്ന്. നേട്ടങ്ങള്‍ക്കെല്ലാം കാരണമായ ജീവിത-തൊഴില്‍ മൂല്യങ്ങളെയാണ്ശ്രീധരന്‍ വിലമതിക്കുന്നത്.

ശ്രീധരന്‍ കെട്ടിയുയര്‍ത്തിയ രണ്ടു പൊതുമേഖലാ സ്ഥാപനങ്ങള്‍-കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷനും ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനും-പൊതുമേഖലാ സംരംഭങ്ങളെക്കുറിച്ചുള്ള പരമ്പരാഗത ധാരണകള്‍ക്ക് അപവാദമായി മാറി. സ്വകാര്യ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കുപോലും മാതൃകയായ ഡി.എം.ആര്‍.സിയുടെ സ്ഥാപനമൂല്യങ്ങള്‍ മനപ്പാഠമാക്കാന്‍ അമേരിക്കയിലെ സ്റ്റാന്‍സ്‌ഫോര്‍ഡ് ഗ്രാജ്വേറ്റ്‌സ് സ്‌കൂളും ലണ്ടന്‍ യൂണിവേഴ്‌സിറ്റിയും ഉള്‍പ്പെടെ ലോകത്തെ ഇരുപതോളം സര്‍വകലാശാലകളില്‍നിന്ന് മാനേജ്‌മെന്റ് വിദ്യാര്‍ഥികള്‍ വരിനിന്നു.

കര്‍മ്മയോഗി എന്ന പുസ്തകം വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

അവര്‍ക്കു മുന്നില്‍ അദ്ദേഹം ആ വിജയമന്ത്രം വെളിപ്പെടുത്തി. വ്യക്തിജീവിതത്തിലും ഔദ്യോഗികജീവിതത്തിലും മറ്റുള്ളവര്‍ക്കുകൂടി ബോധ്യപ്പെടുംവിധം സത്യസന്ധനായിരിക്കുക, അണുവിട മുന്നോട്ടും പിന്നോട്ടും മാറാത്ത കൃത്യനിഷ്ഠയില്‍ ഉറച്ചുനില്ക്കുക, പ്രൊഫഷണല്‍ മികവ് തുരുമ്പെടുക്കാതെ കാലാനുസൃതമായി നവീകരിക്കുക, സമൂഹത്തിലെ എളിയവനെയും പരിഗണിക്കുംവിധം പ്രതിബദ്ധത സൂക്ഷിക്കുക, സദാചാരനിഷ്ഠ, മനസ്സിനും ശരീരത്തിനും ഉന്മേഷം പകരുന്ന ആരോഗ്യശീലങ്ങള്‍ എന്നിവ പാലിക്കുക.റെയില്‍വേയുടെ ഭാഗമായിരുന്ന 36 വര്‍ഷത്തില്‍ ആദ്യ 15 വര്‍ഷം അടിക്കടി 25 സ്ഥലംമാറ്റങ്ങള്‍ക്ക് വിധേയനായെങ്കിലും എണ്ണംപറഞ്ഞ നിര്‍മാണപ്രവര്‍ത്തനങ്ങളുടെയെല്ലാം നേതൃത്വത്തിലേക്ക് ശ്രീധരന്‍തന്നെ അവരോധിക്കപ്പെട്ടുകൊണ്ടിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

4 min

കോട്ടയം പുഷ്പനാഥിന്റെ 'ഡയല്‍ 00003' | ആദ്യ അധ്യായം വായിക്കാം

May 31, 2019


mathrubhumi

6 min

'മരണം വരെ സംഭവിക്കാവുന്ന ക്ഷുദ്രകര്‍മവിധികള്‍ ഉണ്ട് മാരണത്തില്‍'

Jan 12, 2019