ഒരു ചുംബനത്തിനു വേണ്ട ഏറ്റവും കുറഞ്ഞ സമയം


വി. ജയദേവ്

ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍, പല തട്ടുകളിലായി നരേഷന്‍ നടത്തുന്ന നോവലാണ് ഒരു ഹൈബ്രിഡ് നോവല്‍. പല വായനകളെ സാധ്യമാക്കുന്ന നോവലുകള്‍ മലയാളത്തിലുണ്ടായിട്ടുണ്ട്. എന്നാല്‍ പല തട്ടില്‍ പല വായനകള്‍ സാധ്യമാക്കാനാവുമോ എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി.

മലയാളത്തിലെ ആദ്യത്തെ ഹൈബ്രിഡ് നോവലാണ് വി. ജയദേവ് എഴുതിയ ചുംബനസമയം. പുസ്തകത്തിന് വി. ജയദേവ് എഴുതിയ ആമുഖം വായിക്കാം...

മലയാളത്തില്‍ ആദ്യമായി ഒരുപക്ഷേ, ഒരു ഹൈബ്രിഡ് നോവല്‍ എഴുതാനായിരുന്നു ചുംബനസമയം എന്ന ഈ നോവലിലെ ശ്രമം. എന്താണ് ഒരു ഹൈബ്രിഡ് നോവല്‍ എന്നത് പലവിധത്തില്‍ നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. ടെക്സ്റ്റും ഗ്രാഫിക്‌സും ഹൈപ്പര്‍ ലിങ്കുകളുമുള്ള ഒരു ഫോര്‍മാറ്റായാണ് പൊതുവേ അതു വിവക്ഷിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ സാങ്കേതികലോകത്ത് മള്‍ട്ടിമീഡിയ വന്നതോടെ മുന്‍ നിര്‍വചനത്തില്‍ ഒതുക്കാന്‍ പറ്റാത്തതായി ഒരു ഹൈബ്രിഡ് നോവലിന്റെ ഫോര്‍മാറ്റ്.

ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍, പല തട്ടുകളിലായി നരേഷന്‍ നടത്തുന്ന നോവലാണ് ഒരു ഹൈബ്രിഡ് നോവല്‍. പല വായനകളെ സാധ്യമാക്കുന്ന നോവലുകള്‍ മലയാളത്തിലുണ്ടായിട്ടുണ്ട്. എന്നാല്‍ പല തട്ടില്‍ പല വായനകള്‍ സാധ്യമാക്കാനാവുമോ എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. അതിലേക്കുള്ള ഒരു ശ്രമത്തിന്റെ എന്‍ഡ് പ്രോഡക്റ്റ് ആണ് ചുംബനസമയം.

ഈ നോവലില്‍ പല തട്ടുകളില്‍ പല വായനകള്‍ പരീക്ഷിക്കുന്ന വിധത്തിലായിരിക്കണം നരേഷന്‍ എന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. അതിനുവേണ്ടി ഏതെങ്കിലും ഒരു കഥയോ ഒരു പിടി കഥകളോ ഫോര്‍മാറ്റിനൊത്തു മുറിക്കുക ഒരുപക്ഷേ എളുപ്പമായിരുന്നു. എന്നാല്‍ ഈ നരേഷനുകളെയെല്ലാം ഉള്‍ക്കൊള്ളുന്ന ഒരു ലീനിയര്‍ ഗൈഡ് വേണമെന്നു തോന്നി. അങ്ങനെയാണ് ഏറെക്കാലമായി മനസ്സിലുള്ള കുറ്റാന്വേഷണകഥ അതിന്റെ എല്ലാ ഫയര്‍വാ ളുകളെയും ഭേദിച്ചുകൊണ്ടു പുറത്തുവന്നത്. സീക്രട്ട് ഏജന്റ് ഇട്ടിമാത്തന്റെ കഥയായിരുന്നു അത്. അതുവഴി പുറംലോകം ഒരിക്കലും അറിയാനിടയില്ലാത്ത ഷാഡോ അല്ലെങ്കില്‍ അണ്ടര്‍കവര്‍ കുറ്റാന്വേഷകരുടേതായ ഒരു ലോകത്തിന്റെ കഥ.

ചുംബനസമയത്തെ പല തട്ടുകളിലായി വായിക്കാം:
1. ഒരു ശാസ്ത്ര കുറ്റാന്വേഷണ നോവല്‍ എന്ന നിലയില്‍.
2. ഷാഡോ കുറ്റാന്വേഷകരുടെ കഥയെന്ന നിലയില്‍.
3. അപ്രതീക്ഷിതമായ നിയമങ്ങള്‍ കൊണ്ടു മനുഷ്യന്റെ ജീവിതത്തെത്തന്നെ മാറ്റിമറിക്കുന്ന രാഷ്ട്രീയവ്യവസ്ഥയുടെ പൊളിറ്റിക്കല്‍ നരേഷന്‍ എന്ന നില
യില്‍.
4. ഇന്നുവരെ കേള്‍ക്കാന്‍ സാധിച്ചിട്ടില്ലാത്ത മാഫിയകളുടെ കഥയെന്ന നിലയില്‍. അതിലൊന്നാണ് സമയ മാഫിയ.
5. വിചിത്രമായ വിശ്വാസങ്ങള്‍ വെച്ചുപുലര്‍ത്തുന്ന വിശ്വാസസമൂഹങ്ങളുടെ കഥയെന്ന നിലയില്‍.

തന്റെ ജീവിതസമയത്തെ മറ്റേതോ കേന്ദ്രത്തില്‍നിന്നു നിയന്ത്രിക്കപ്പെടുന്ന, പരിമിതപ്പെടുത്തുന്ന ഒരു മനുഷ്യാവസ്ഥയെക്കുറിച്ചു കുറെക്കാലമായി ആലോ ചിക്കുകയായിരുന്നു. മരണം എന്ന പരിമിതപ്പെടുത്തുന്ന ജൈവഘടകത്തിനു ബദലായി ജീവനെ നിയന്ത്രിക്കുന്ന ഒരു രാഷ്ടീയാവസ്ഥ. ആ അന്വേഷണമാണു മാര്‍ട്ടീനോയിലേക്ക് എന്നെ എത്തിക്കുന്നത്.

മാര്‍ട്ടീനോയുടെ കഥ പറഞ്ഞുകൊണ്ടാണ് നോവല്‍ തുടങ്ങുന്നത്. ആ കഥ പുരോഗമിക്കുന്നതിനിടെ, അയാളുടെ കാമുകിയും പ്രശസ്ത ഉടല്‍നര്‍ത്തകി യുമായ റമീസിയയ്ക്കും മറ്റൊരു ഭീഷണി ഉയരുന്നുണ്ട്. ഏതു നിമിഷത്തെയും ഉന്മൂലനം. ഉന്മാദത്തിന്റെ നെറുകയിലേക്ക് ഉടല്‍ അഴിച്ചഴിച്ചു കളയുന്ന നൃത്തത്തിന്റെ ഓരോ ചുവടിലും റമീസിയ തന്റെ ഡിലീറ്റ് ബട്ടണ്‍ അമര്‍ത്തപ്പെട്ടേക്കാവുന്ന ആ നിമിഷത്തെ മുന്നില്‍ക്കാണുന്നുണ്ട്.

കുറെക്കാലം ഒരു ശാസ്ത്രഗവേഷകനായിരുന്നതുകൊണ്ടു ശാസ്ത്രത്തിന്റെ ഗുപ്തലോകത്തെപ്പറ്റി എന്നും കോള്‍മയിര്‍കൊണ്ടിട്ടുണ്ട്. ആ ഓര്‍മകളാണു മലയാളിയായ ജനിതകഗവേഷക ഡോ. മരിയ ലോപ്പസിനെ വരയ്ക്കാന്‍ പ്രചോദനമായത്. ലോകത്ത് ആദ്യമായി ഒരു ജനിതകത്തോക്ക് വികസിപ്പിച്ചെടുക്കുക എന്ന സ്ട്രാറ്റജിക് അസൈന്‍മെന്റോടെ സ്വപ്നങ്ങളില്‍ മാത്രം കാണുന്ന ഒരു സര്‍വകലാശാലയില്‍ എത്തിക്കപ്പെടുന്ന ലോപ്പസ്, അതിന്റെ അവസാനഘട്ടത്തിലാണ് താന്‍ ആരുടെയോ തടവുകാരിയാണെന്ന അറിവിലേക്ക് എത്തിപ്പെടുന്നത്. പിന്നെ അതൊരു തടവുചാട്ടത്തിന്റെ കഥ കൂടിയായി മാറുകയാണ്.

താന്‍ ആരാണെന്ന വസ്തുത മറ്റാരുമറിയരുതെന്നു ശാഠ്യം പിടിക്കുന്ന സീക്രട്ട് ഏജന്റ് ഇട്ടിമാത്തനാണ് നോവലിലെ ഷാഡോ കുറ്റാന്വേഷകന്‍. വിവിധ ഗാലക്‌സികളിലെ കുറ്റാന്വേഷണങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ഇന്റല്‍പോള്‍ എന്ന ഏജന്‍സിയുടെ സ്റ്റാര്‍ കോപ്. സമയത്തെ നിര്‍ത്താന്‍ സാധിക്കുമെന്ന ഞെട്ടിപ്പിക്കുന്ന കണ്ടെത്തല്‍ നടത്തുന്ന പ്രൊഫസര്‍ വേദനായകമടക്കമുള്ള ശാസ്ത്രജ്ഞരുടെയും കഥയാണിത്. വേദനായകത്തിന്റെ കണ്ടെത്തല്‍ പുറത്തുവരുന്നതോടെയാണ് ഒരു ടൈം മാഫിയ അതീവരഹസ്യമായി തങ്ങളുടെ നീരാളിക്കൈകള്‍ ചലിപ്പിക്കാന്‍ തുടങ്ങുന്നത്.

സ്ത്രീകളെ നിരോധിക്കുന്ന ഒരു രാജ്യത്തെ പട്ടാളനിയമത്തിലൂടെ പുതിയ കാലത്തെ ആസുരമായ രാഷ്ടീയാവസ്ഥകളുടെ നേര്‍ക്കാഴ്ചയിലേക്കു വായനക്കാരെ കൊണ്ടുപോകാന്‍ ശ്രമിക്കുന്നു. ഒരു സയന്‍സ് ഫിക്ഷന്‍ നരേഷന്‍ നോവലില്‍ വര്‍ക്ക് ചെയ്യുന്നുണ്ട്. ബയോളജിയിലെയും കംപ്യൂട്ടര്‍ രംഗത്തെയും പുതിയ ഗവേഷണങ്ങളെ പരിചയപ്പെടുത്തുന്നുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയ മേഖലകളിലെ നൂതന ആലോചനകളും സയന്‍സ് ഫിക്ഷനായോ പൊളിറ്റിക്കല്‍ നോവലായോ ഷാഡോ ജീവിതങ്ങളുടെ കഥയായോ അല്ലെങ്കില്‍ ഇതെല്ലാം ചേര്‍ന്ന ഒന്നായോ ചുംബനസമയത്തെ വായനക്കാരുടെ മുന്നില്‍ വെക്കുന്നു.

ചുംബന സമയം ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: malayalam literature chumbanasamayam V Jayadev, Malayalam Novel

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram