'തന്റെ സിനിമയ്‌ക്കൊന്നും തടസ്സം വരില്ല, അതൊക്കെ ഞാന്‍ പറഞ്ഞ് ശരിയാക്കാം,' മമ്മൂട്ടി ഉറപ്പു തന്നു


ഞാന്‍ ഡോ. ഗംഗാധരനെ വിളിച്ചു. അദ്ദേഹം പറഞ്ഞു, 'ഇന്നസെന്റ് ഒരു കാര്യത്തില്‍ എന്‍ഗേജ്ഡ് ആകുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ചികിത്സയ്ക്കും ഗുണം ചെയ്യും.'

വര്‍ഷങ്ങളായി മലയാളിയെ മനസ്സറിഞ്ഞ് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന, പ്രയിപ്പെട്ട നടനും പാര്‍ലമെന്റ് അംഗവും എഴുത്തുകാരനുമായ ഇന്നസെന്റിന്റെ ജീവിതവും സിനിമയും രാഷ്ട്രീയവും ഇഴചേരുന്ന ഓര്‍മക്കുറിപ്പുകളാണ് ഇരിങ്ങാലക്കുടയ്ക്കു ചുറ്റും. പുസ്തകത്തില്‍ നിന്നുള്ള ഒരു ഭാഗം വായിക്കാം.

ദേശീയ അവാര്‍ഡ് പ്രഖ്യാപിക്കുന്ന സമയം. പത്താംനിലയിലെ തീവണ്ടിയിലെ അഭിനയത്തിന് എനിക്ക് മികച്ച നടനുള്ള അവാര്‍ഡ് കിട്ടാന്‍ ചാന്‍സുണ്ട് എന്ന് വാര്‍ത്തകള്‍ വന്നു. തമിഴ് സംവിധായകന്‍ ചേരന്‍ എന്നോടു പറയുകയും ചെയ്തു, 'താങ്കളുടേത് ഗംഭീര പെര്‍ഫോമന്‍സാണ്'. അതോടെ ഞാനത്തരം സ്വപ്നങ്ങള്‍ കാണാന്‍ തുടങ്ങി.

അവാര്‍ഡ് പ്രഖ്യാപനദിവസം ഞാന്‍ വീട്ടില്‍ത്തന്നെ ഉണ്ടായിരുന്നു. ടി.വിക്കു മുന്നില്‍നിന്ന് മാറാതെയാണ് ഇരിപ്പ്. അപ്പോള്‍ ദേ...വരുന്നു ന്യൂസ് സ്‌ക്രോളിങ്, 'മികച്ച നടനുള്ള സാധ്യതാപട്ടികയില്‍ മൂന്നു പേര്‍: അമിതാഭ് ബച്ചന്‍, മമ്മൂട്ടി, ഇന്നസെന്റ്'. കാര്യം മൂന്നാമത്തെ ആളായിട്ടാണ് എന്റെ പേര്. എന്നാലും പരിഗണിക്കുന്നവരില്‍ ഒരാളാണല്ലോ. ആ സ്‌ക്രോളിങ് നീങ്ങിനീങ്ങി പോകുംവരെ ഞാന്‍ ഇമവെട്ടിയില്ല. പിന്നെ പല വാര്‍ത്തകള്‍ ഇങ്ങനെ കടന്നുപൊയ്കൊണ്ടിരുന്നു.

അഞ്ചാറു മിനിറ്റു കഴിഞ്ഞപ്പോള്‍ ഇതാ വരുന്നു, സാധ്യതാപട്ടിക വീണ്ടും. 'അമിതാഭ് ബച്ചന്‍, മമ്മൂട്ടി, ഇന്നസെന്റ്...' ആശ്വാസം ഞാന്‍ അവിടെത്തന്നെയുണ്ട്. ആ വാര്‍ത്തയും നീങ്ങിപ്പോയി. പിന്നെയും കാത്തിരിപ്പ്. ഇതിനിടെ വീട്ടിലെ ഫോണ്‍ ശബ്ദിക്കുന്നുണ്ടോ എന്ന സംശയം. അവാര്‍ഡ് വിവരം പറയാന്‍ ആരെങ്കിലും വിളിക്കാതിരിക്കില്ലല്ലോ. നാലഞ്ചു തവണ ഫോണിനടുത്തു വന്നു നോക്കുന്നത് കണ്ട് ആലീസ് അടുക്കളയില്‍നിന്ന് വിളിച്ചു പറഞ്ഞു, 'നാളെ തൃശൂരു പോകുമ്പം ചെവിയൊന്ന് ടെസ്റ്റ് ചെയ്തേക്കണം.'

വീണ്ടും ടി.വിക്കു മുന്നില്‍. ഇത്തവണ സ്‌ക്രോളിങ് വരാന്‍ അല്പം വൈകി. വന്നപ്പം അതില്‍ എന്റെ പേരില്ല. 'അമിതാഭ് ബച്ചന്‍, മമ്മൂട്ടി' മാത്രം. ഞാന്‍ ടി.വിക്ക് അടുത്തു പോയി നോക്കി. ഇല്ല, എന്റെ പേരില്ല. പിന്നെ വന്നത് മന്ത്രി പി.ജെ. ജോസഫ് തൊടുപുഴയില്‍ നടത്തിയ പ്രസ്താവന: 'മുല്ലപ്പെരിയാര്‍ അണക്കെട്ട് ഇപ്പോള്‍ പൊട്ടും, കൊച്ചി മൊത്തം വെള്ളത്തില്‍ മുങ്ങും.' എന്നും കേള്‍ക്കുന്ന പ്രസ്താവനയാണെങ്കിലും അന്ന് മുല്ലപ്പെരിയാര്‍ പൊട്ടിയതായിട്ടും ഞാനതില്‍ മുങ്ങിത്താഴുന്നതായും എനിക്കു തോന്നി.

ഇരിങ്ങാലക്കുടയ്ക്കു ചുറ്റും എന്ന പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ദേശീയ അവാര്‍ഡ് മോഹിപ്പിച്ച് കടന്നുപോയതിന്റെ വിഷമം കുറച്ചു നേരത്തേക്ക് ഉണ്ടായിരുന്നു. പിന്നെ എന്റെ മനസ്സ് പറഞ്ഞു, 'അവാര്‍ഡ് അമിതാഭ് ബച്ചന് കിട്ട്യാലും വേണ്ടില്ല, മമ്മൂട്ടിക്ക് കിട്ടരുത്. ' അങ്ങനെ സ്‌ക്രോളിങ് ഒരു റൗണ്ട് പോയി തിരിച്ചുവന്നപ്പം കണ്ടു, 'മികച്ച നടന്‍: അമിതാഭ് ബച്ചന്‍.' ഞാന്‍ തുള്ളിച്ചാടി. ഇതു കണ്ട് ആലീസു വിചാരിച്ചു അവാര്‍ഡ് എനിക്കാണെന്ന്. അപ്പോഴാണ് ഞാന്‍ ആലോചിക്കുന്നത്, എന്തുകൊണ്ടാണ് മമ്മൂട്ടിക്ക് അവാര്‍ഡ് കിട്ടരുതെന്ന് ഞാന്‍ ആഗ്രഹിച്ചത്? ഒരുപാട് അടുപ്പമുള്ള മമ്മൂട്ടിക്ക് അവാര്‍ഡ് കിട്ടരുതെന്നും ഒരു പരിചയവുമില്ലാത്ത ബച്ചന് അവാര്‍ഡ് കിട്ടിക്കോട്ടെ എന്നു വിചാരിക്കാന്‍ മാത്രം എന്റെ മനസ്സ് ചുരുങ്ങിപ്പോയോ? കുറെ ആലോചിച്ചപ്പോള്‍ ഉത്തരം കിട്ടി, ഇത്തരം ഈഗോയും ദുഷ്ചിന്തകളും കുശുമ്പുമൊക്കെ ചേര്‍ന്നതാണ് ഞാനെന്ന മനുഷ്യനും.

മമ്മൂട്ടിയുടെ പ്രതികാരം

കഴിഞ്ഞ പാര്‍ലമെന്റ് ഇലക്ഷനു മുന്‍പ് എനിക്കൊരു കോള്‍ വന്നു, മമ്മൂട്ടിയുടെ, 'തന്നെ ചാലക്കുടിയില്‍ സ്ഥാനാര്‍ഥിയാക്കിയാലോ എന്ന് സി.പി.എം. ആലോചിക്കുന്നുണ്ട്. എന്തു പറയുന്നു?'
'അത് ശരിയാവുംന്ന് തോന്ന്ണ്ല്ല്യ...' ഞാന്‍ പറഞ്ഞു.
'തന്റെ സിനിമയ്ക്കൊന്നും തടസ്സം വരില്ല. അതൊക്കെ ഞാന്‍ പറഞ്ഞ് ശരിയാക്കാം,' മമ്മൂട്ടി ഉറപ്പു തന്നു.
'അതോണ്ടല്ല, എനിക്ക് കാന്‍സര്‍ ഭേദമായി വരുന്നതേയുള്ളൂ. ഈ സമയത്ത് ഇങ്ങനെയൊരു കാര്യത്തിന് ഇറങ്ങുമ്പോള്‍ ഡോക്ടറുകൂടി സമ്മതിക്കണമല്ലോ'.
'താന്‍ ആരോടു വേണമെങ്കിലും ചോദിച്ചോ. പക്ഷേ, നാളെ എനിക്ക് മറുപടി തരണം.'

ഞാന്‍ ഡോ. ഗംഗാധരനെ വിളിച്ചു. അദ്ദേഹം പറഞ്ഞു, 'ഇന്നസെന്റ് ഒരു കാര്യത്തില്‍ എന്‍ഗേജ്ഡ് ആകുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ചികിത്സയ്ക്കും ഗുണം ചെയ്യും.'
അങ്ങനെ ഞാന്‍ മമ്മൂട്ടിയെ വിളിച്ചു, 'മത്സരിക്കാന്‍ തയ്യാറാണ്.'
ഇപ്പോള്‍ എം.പിയായി. കാന്‍സറും നിയന്ത്രണത്തിലായി. പക്ഷേ, ഒന്നു മാത്രമില്ല, സിനിമ. അപ്പോള്‍ ഞാന്‍ മമ്മൂട്ടിയെ മനസ്സില്‍ കാണും. 'കിട്ടാതെപോയ ഷെയ്ക്ഹാന്‍ഡിന്റെ കഥ പറഞ്ഞ് താനെന്നെ നാടു മുഴുവന്‍ കളിയാക്കി, അമിതാഭ് ബച്ചന് കിട്ടിയാലും വേണ്ടില്ല, എനിക്ക് അവാര്‍ഡ് കിട്ടരുത് എന്നു താന്‍ പ്രാര്‍ഥിച്ചു. അതിനൊക്കെയുള്ള ശിക്ഷയായി ഇതിനെ കണ്ടാല്‍ മതി,' മനസ്സില്‍ വരുന്ന മമ്മൂട്ടി എന്നെ നോക്കി ചിരിക്കും.

ഇന്നസെന്റിന്റെ പുസ്‌കങ്ങളള്‍ വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Content Highlights : irinjalakudakku chuttum, Innocent, Innocent's book

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram