ചെയ്തതിനെല്ലാം തിരിച്ചുകിട്ടുന്നു


വിജു ബി./ പരിഭാഷ: സന്തോഷ് വാസുദേവ്

4 min read
Read later
Print
Share

ഇന്ന് വയനാട്ടില്‍ പ്രകൃതിക്ക് കലിയിളകിയിരിക്കുന്നു. പെരുമഴയും പ്രളയവും ഉരുള്‍പൊട്ടലും ഈ ഹരിതഭൂമിയെ ചിതറിത്തെറിപ്പിക്കുന്നു. പ്രകൃതിയെ അറിഞ്ഞവര്‍ക്കും പഠിച്ചവര്‍ക്കുമറിയാം വയനാട് ഒരു സൂചകമാണ്. പശ്ചിമഘട്ടത്തോട് ചെയ്ത ക്രൂരതകള്‍ക്കുള്ള പ്രകൃതിയുടെ മറുപടിയുടെ പ്രാരംഭസൂചനകള്‍.

ദേവത മണ്ണിലേക്കിറങ്ങി
വന്നപ്പോള്‍
മനുഷ്യന്‍ ദാരിദ്ര്യം
അനുഭവിക്കുന്നതു കണ്ടു
അപ്പോള്‍ ദേവത ദുഃഖിതയായി
ഉടന്‍ ഉള്ളന്‍കൈയില്‍നിന്ന്
ഒരു നെന്മണിയെടുത്ത്
മണ്ണിലേക്കിട്ടു
- ഒരു കുറിച്യ പാട്ട്

2018 ഡിസംബറിന്റെ മധ്യത്തില്‍ വയനാടിന്റെ പലഭാഗങ്ങളിലും മുമ്പില്ലാത്തവിധം മഴ പെയ്തിറങ്ങി. അത്തരം വിചിത്രമായൊരു കാലാവസ്ഥ അമ്പതുവര്‍ഷത്തിനിടെ ഉണ്ടായിട്ടേയില്ലെന്ന് കര്‍ഷകനായ ചെറുവയല്‍ രാമന്‍ ഓര്‍ക്കുന്നു. ഡിസംബറിലെ മഴ വയനാട്ടിലെ കാപ്പിത്തോട്ടങ്ങളില്‍ പൂത്തുനില്‍ക്കുന്ന കാപ്പിച്ചെടികള്‍ക്ക് ഏറെ ദോഷംചെയ്യുമെന്ന് രാമനറിയാം. കാരണം, കാപ്പിക്കുരുക്കളില്‍ ഉടന്‍ കീടബാധ പടരും. ''അമ്മ പ്രകൃതി. ഞങ്ങള്‍ക്ക് ഒടുവില്‍ തിരിച്ചുകിട്ടി. വയനാടിന്റെ പകുതിയോളവും വെള്ളത്തില്‍ മുക്കിയ ഓഗസ്റ്റിലെ പ്രളയം അതിന്റെ ഒരു സാമ്പിള്‍ മാത്രമാണ്'' -നീണ്ടുചുരുണ്ട കറുത്ത മുടിയുള്ള അറുപത്തൊമ്പതുകാരനായ രാമേട്ടന്‍ പറഞ്ഞു. 40 വയസ്സുള്ള കര്‍ഷകനെപ്പോലെ തോന്നിച്ചു അയാള്‍. മൂന്നു പതിറ്റാണ്ടിനിടെ ലോകത്ത് കാര്‍ഷിക ശാസ്ത്രജ്ഞരും ഗവേഷണസ്ഥാപനങ്ങളും ചെയ്യാന്‍ശ്രമിച്ച കാര്യം രാമന്‍ ഒറ്റയ്ക്ക് ചെയ്തു. ഇക്കാലത്തിനിടെ അദ്ദേഹം 51 വ്യത്യസ്ത നെല്‍വിത്തുകള്‍ സംരക്ഷിച്ചു. ഇതില്‍ 32 എണ്ണം വയനാട്ടില്‍ മാത്രം കാണുന്നവയാണ്.

വയനാട്ടിലെ മലനിരകള്‍ മരിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറയുന്നു. തമിഴ്നാടിനെയും കര്‍ണാടകയെയും അതിരിടുന്ന, പശ്ചിമഘട്ടത്തിലെ ഹരിതാഭമായ ഈ പീഠഭൂമി വിനോദസഞ്ചാര ലഘുലേഖകളില്‍ 'ഭൂമിയിലെ പച്ചപ്പറുദീസ'യാണ്. ഇവിടത്തെ മഞ്ഞുപുതച്ച കാപ്പിത്തോട്ടങ്ങളുടെയും ഏലത്തോട്ടങ്ങളുടെയും നെല്‍വയലുകളുടെയും പളുങ്കുപോലുള്ള വെള്ളം കുതിച്ചൊഴുകുന്ന അരുവികളുടെയും മനോഹരദൃശ്യങ്ങള്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന മുഖ്യഘടകങ്ങളാണ്: ''അതിഭീകരമായ പ്രകൃതിദുരന്തത്തിന്റെ ലക്ഷണങ്ങളാണ് നമ്മളിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഇത് വരുംവര്‍ഷങ്ങളിലും ആവര്‍ത്തിക്കും'' -തന്റെ വയലില്‍നിന്ന് കൊയ്‌തെടുത്ത നെല്‍ക്കറ്റകള്‍ മെതിക്കവേ രാമന്‍ മുന്നറിയിപ്പുനല്‍കി. കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആഗോളതാപനത്തിന്റെയും അനന്തരഫലങ്ങള്‍ നേരിട്ടനുഭവിക്കുന്ന സ്ഥലങ്ങളിലൊന്നാണ് വയനാട്. ക്രമവിരുദ്ധമായ മണ്‍സൂണിന്റെ വരവായിരുന്നു ആദ്യലക്ഷണങ്ങള്‍. നേരത്തേ അത് കൃത്യതയോടെ വരുകയും മാസങ്ങളോളം നീണ്ടുനില്‍ക്കുകയും ചെയ്തിരുന്നു. ഒരു തീവണ്ടി പതുക്കെ തുടങ്ങി വേഗം കൂട്ടുന്നതുപോലെയാണ് കാര്‍ഷികദിനങ്ങള്‍ക്കിടെ അതു പൊയ്ക്കൊണ്ടിരുന്നത്.

വയനാട്ടില്‍ പലതരത്തിലുള്ള മഴയുണ്ട്. പട്ടുനൂല്‍പോലെ നിങ്ങളുടെ മുഖത്തും ചുമലിലുമൊക്കെ വീഴുന്ന നൂല്‍മഴ എന്നറിയപ്പെടുന്ന ചാറ്റല്‍മഴ, പെട്ടെന്ന് എവിടെനിന്നോ വന്ന് മഞ്ഞുപോലെ പെയ്യുകയും മരക്കൂട്ടങ്ങള്‍ക്കിടെ എവിടെയോ മറയുകയും ചെയ്യുന്ന മഴ... അങ്ങനെയങ്ങനെ... മഞ്ഞിന്റെയും മഴയുടെയും പ്രണയാതുരമായ അന്തരീക്ഷമാണ് ഏറെ സഞ്ചാരികളെയും വയനാട്ടിലേക്ക് ആകര്‍ഷിച്ചിരുന്നത്. ഈ മഴകള്‍ തോട്ടംമേഖലയിലെ കാര്‍ഷികവിളകള്‍ക്ക് ഏറെ അനുയോജ്യമായ സമശീതോഷ്ണമായ അന്തരീക്ഷം നിലനിര്‍ത്താന്‍ സഹായിച്ചിരുന്നു. അടുത്തിടെവരെ കേരളത്തിലെ മറ്റു പ്രദേശങ്ങളിലെപ്പോലെ വയനാട്ടില്‍ ആറു വ്യത്യസ്തതരം മഴയുണ്ടായിരുന്നെന്ന് രാമനും ഓര്‍ക്കുന്നു. ഓരോന്നും ശബ്ദത്തിലും വേഗത്തിലും നിറത്തിലും എന്തിന്, മണത്തില്‍പ്പോലും ഭിന്നമായിരുന്നു. മലയാള മാസത്തില്‍ തുടങ്ങുന്ന പേരുകളാണ് മഴകള്‍ക്കുള്ളത്. അതു തുടങ്ങുന്നത് കുംഭമഴയോടെയാണ്.

ഫെബ്രുവരിയിലെ ചൂടില്‍ അന്തരീക്ഷത്തിലെ അഴുക്കിനെ കഴുകിവെളുപ്പിക്കുന്നത് ആ മഴയാണ്. പിന്നീട് വരുന്നത് ഏപ്രിലിലെ മേടമഴ അഥവാ വിഷുമഴ. ചടുലവും ചെറുതുമാണത്. വരണ്ടുണങ്ങിയ മണ്ണിനെ കൃഷിക്കു പാകമാക്കുന്നത് ഈ മഴയാണ്. മധുരക്കിഴങ്ങും ചേമ്പുമുള്‍പ്പെടെയുള്ള കിഴങ്ങുവര്‍ഗങ്ങള്‍ നടുന്നത് ഈ സമയത്താണ്. മേയ്-ജൂണ്‍ കാലത്തെ എടവപ്പാതിയുടെ തുടക്കത്തില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ എത്തുന്നു. നെല്‍വയലുകളെല്ലാം ജലസേചനം നടത്തി ശരിയാക്കിയെടുക്കണം. ഓഗസ്റ്റിലെ മിഥുനമഴ സമൃദ്ധമായ ജലം കൊണ്ടുവരും. സമതലങ്ങള്‍ ജലസമൃദ്ധമാകുമ്പോള്‍ ഭൂഗര്‍ഭജലത്തിന്റെ അളവും കൂടുന്നു. സെപ്റ്റംബറിലെ ചിങ്ങമഴ മൃദുവും ഒളിച്ചുകളി നടത്തുന്നതും സൂര്യസാന്നിധ്യത്തില്‍പ്പോലും ചാറിപ്പെയ്യുന്നതുമാണ്. ഇടിവെട്ടിപ്പെയ്യുന്ന ഒക്ടോബറിലെ തുലാമഴ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിന്റെ അവസാനമായതായി സൂചനതരുന്നു. ''അനേകം വര്‍ഷങ്ങളായി നമ്മള്‍ മണ്‍സൂണ്‍ കലണ്ടറനുസരിച്ചാണ് കൃഷിചെയ്യുന്നത്. ആ മഴക്രമം ഇപ്പോള്‍ പാടേ തകര്‍ക്കപ്പെട്ടിരിക്കുന്നു. കുറച്ചുവര്‍ഷങ്ങളായി, കഴിഞ്ഞവര്‍ഷമൊഴികെ, വയനാട്ടില്‍ ഓഗസ്റ്റിലെ മഴയില്‍ കുറവുണ്ടായിരിക്കുന്നു'' -രാമന്‍ പറയുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ മഴയുടെ സാന്ദ്രത പ്രതീക്ഷയ്ക്കടുത്തെത്തിയിട്ടില്ല.

വയനാട്ടിലെ മഴയുടെ സാന്ദ്രത 2013-2017 കാലഘട്ടത്തില്‍ കുറഞ്ഞുവരുന്നതായാണ് ഇന്ത്യന്‍ കാലാവസ്ഥാ പഠനവകുപ്പിന്റെ (ഐ.എം.ഡി.) സ്ഥിതിവിവരക്കണക്കുകള്‍ കാണിക്കുന്നത്. 2013-ല്‍ (ജൂണ്‍ ഒന്നുമുതല്‍ ഓഗസ്റ്റ് 19 വരെ) വയനാട്ടില്‍ രേഖപ്പെടുത്തിയത് 2436.2 മില്ലീമീറ്റര്‍ മഴയാണ്. 2014-ല്‍ ഇത് 2242.2 മില്ലീമീറ്ററായി. 2015-ല്‍ 1360.2 മില്ലീമീറ്ററും 2016-ല്‍ 991.4 മില്ലീമീറ്ററുമായി മഴ കുറഞ്ഞു. 2017-ല്‍ അല്പം മെച്ചപ്പെട്ട് 1197.8 മില്ലീമീറ്ററിലെത്തി. 28 വര്‍ഷത്തെ മഴയുടെ തോത് പഠിച്ച ഗവേഷകരായ ധനേഷ്‌കുമാറും പവന്‍ ശ്രീനാഥും ശേഖരിച്ച കണക്കുകള്‍ പറയുന്നത് വര്‍ഷത്തില്‍ മിതമായ അളവിലെങ്കിലും മഴ (20-30 മില്ലീമീറ്റര്‍) ലഭിക്കുന്ന ദിവസങ്ങളുടെ എണ്ണം കുറഞ്ഞുവരുന്നതായാണ്. പക്ഷേ, നേരിയതോതിലോ വളരെ ഉയര്‍ന്ന അളവിലോ മഴ കിട്ടുന്ന ദിവസങ്ങളുടെ എണ്ണം കൂടിവരുകയാണുതാനും.

കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രധാന ലക്ഷണങ്ങളായ കുറഞ്ഞ താപനിലയിലെ ഉയര്‍ച്ച, കാലവര്‍ഷത്തിലെ ആദ്യനാളുകളിലെ മഴക്കുറവ്, ദിവസത്തെ ശരാശരി മഴയിലെ വ്യത്യാസം, കനത്തമഴ കിട്ടുന്ന ദിവസങ്ങളുടെ എണ്ണത്തിലെ വര്‍ധന തുടങ്ങിയവ ഇവിടെ കാണിക്കുന്നതായി അവരുടെ പഠനം പറയുന്നു. ഇത്തരം ജലസമ്മര്‍ദവും മാറുന്ന കാലാവസ്ഥയും കാരണം വരള്‍ച്ച പ്രദേശത്തെ എല്ലാ ഉപജീവനമാര്‍ഗങ്ങളെയും ചൂഴ്ന്നുനില്‍ക്കുന്നു. പഠനം പറയുന്നു: 'കാലാവസ്ഥാ വ്യതിയാനം ചൂടിന്റെ വര്‍ധനയ്ക്കും കാലാവസ്ഥാ മണ്ഡലങ്ങളിലെ വ്യത്യാസത്തിനും മഴത്തോതിലെ വ്യത്യാസത്തിനുമെല്ലാം പതുക്കെപ്പതുക്കെ ഇടയാക്കുന്നു. ഈ ആനുപാതിക മാറ്റങ്ങളോടൊപ്പം കാലാവസ്ഥാ വ്യതിയാനം വരള്‍ച്ച, പ്രളയം, കാറ്റ് എന്നിവയുടെ തോതും കൂട്ടുന്നു.'

പശ്ചിമഘട്ടത്തിലെ ഹൈറേഞ്ചുകളിലെ ചൂടും ആനുപാതികമായി ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇടുക്കിയിലെയും വയനാട്ടിലെയും താപനിലയുടെ വിവരങ്ങള്‍ കാണിക്കുന്നത് അതാണ്. കാര്‍ഷിക സര്‍വകലാശാലയ്ക്കു കീഴിലുള്ള അമ്പലവയലിലെ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍നിന്നും പാമ്പാടുംപാറയിലെ ഏലം ഗവേഷണകേന്ദ്രത്തില്‍നിന്നും ശേഖരിച്ച താപനിലയുടെ കണക്കുകള്‍ പ്രകാരമാണ് കാലാവസ്ഥാ വ്യതിയാന റിപ്പോര്‍ട്ടിന്മേല്‍ സംസ്ഥാനം ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുള്ളത്. ഈ കണക്കുകള്‍ കാണിക്കുന്നത് 1984-നും 2009-നുമിടയ്ക്ക് സംസ്ഥാനത്തെ ഹൈറേഞ്ചുകളിലെ ചൂട് 1.46 ഡിഗ്രി സെല്‍ഷ്യസ് വര്‍ധിച്ചുവെന്നാണ്. 'ഇതു വെളിപ്പെടുത്തുന്നത് ആഗോളതാപനത്തിന്റെയും വനനശീകരണത്തിന്റെയും പ്രതിഫലനം കൂടുതലായി അനുഭവപ്പെടുന്നത് ജൈവവൈവിധ്യത്താല്‍ സമ്പന്നമായ പശ്ചിമഘട്ടത്തിലുള്ള കേരളത്തിലെ ഹൈറേഞ്ചുകളിലാണെന്നാണ്.' -റിപ്പോര്‍ട്ട് പറയുന്നു.

കോഴിക്കോട്ടെ ജലവിഭവ വിനിയോഗ കേന്ദ്രം (സി.ഡബ്ല്യു.ആര്‍.ഡി.എം.) നടത്തിയ സൂക്ഷ്മപഠനത്തില്‍ പറയുന്നത് 1983-നും 2010-നും ഇടയ്ക്ക് തണുപ്പുകാല ദിവസങ്ങളിലെ ശരാശരി താപനില 0.6 ഡിഗ്രി സെല്‍ഷ്യസും വേനല്‍ക്കാലത്തെ ഒരു ദിവസത്തെ ശരാശരി താപനില 0.55 ഡിഗ്രി സെല്‍ഷ്യസും ഉയര്‍ന്നുവെന്നാണ്. രാജ്യത്തെ നാലുമേഖലകളിലുള്ള കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതത്തെക്കുറിച്ച് ഇന്ത്യന്‍ നെറ്റ്വര്‍ക്ക് ഫോര്‍ ക്ലൈമറ്റ് ചേഞ്ച് അസസ്മെന്റ് പഠനം നടത്തി സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതില്‍ പറയുന്നത് മഴക്കുറവ്, ചൂടുകൂടല്‍, സമുദ്രജലനിരപ്പിലെ ഉയര്‍ച്ചമൂലമുള്ള പ്രളയം എന്നിവ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി അടുത്ത 20 വര്‍ഷം പശ്ചിമഘട്ടത്തിലും കേരളത്തിലും സംഭവിക്കുമെന്നാണ്. കണക്കുകള്‍ പ്രകാരം, കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി 2050-ഓടെ ചൂട് രണ്ടു ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ധിക്കും. പശ്ചിമഘട്ടമേഖലയിലെ ശരാശരി അന്തരീക്ഷ ഊഷ്മാവ് രണ്ടു മുതല്‍ 4.5 വരെ ഡിഗ്രി സെല്‍ഷ്യസ് ഉയര്‍ന്നേക്കാം. കേരള അതിര്‍ത്തിയിലെ ശരാശരി താപനില ഒന്നുമുതല്‍ മൂന്നുവരെ ഡിഗ്രി സെല്‍ഷ്യസ് ഉയരാന്‍ സാധ്യതയുണ്ട്. പശ്ചിമഘട്ടം, അറബിക്കടലിന്റെ തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളിലെ മഴദിവസങ്ങള്‍ കുറഞ്ഞുവരുകയും ചെയ്യും.

( പെന്‍ഗ്വിന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച FLOOD AND FURY-ECOLOGICAL DEVASTATION IN THE WESTERN GHATS എന്ന പുസ്തകത്തില്‍ നിന്നുള്ള ഒരു ഭാഗം മാതൃഭൂമി വാരാന്ത്യപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത് )

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram