'ഒടുവിലത്തെ പെണ്‍കുട്ടി'യിലൂടെ നാദിയമുറാദ് വിളിച്ചുപറഞ്ഞു, യസീദികളുടെ നരകവിലാപങ്ങള്‍


ദിനകരന്‍ കൊമ്പിലാത്ത്

7 min read
Read later
Print
Share

ലോകത്തിലെ പല വംശഹത്യകളിലും സ്ത്രീകള്‍ക്കെതിരെ ക്രൂരമായ അക്രമങ്ങള്‍ നടന്നിട്ടുണ്ട്. പക്ഷേ, കൂട്ടമായി പിടിച്ചുകൊണ്ടുപോയി അടിമകളാക്കുകയും ലേലം ചെയ്ത് തെരുവില്‍ വില്‍ക്കുകയും കൈമാറുകയും ചെയ്യുന്ന സംഭവം അപൂര്‍വമാണ്.

നാദിയ മുറാദ്/ ഫോട്ടോ:എ.പി

നാദിയ മുറാദിലൂടെ ലോകം നടുക്കത്തോടെ കേട്ടതാണ് യസീദികള്‍ക്കുമേല്‍ ഐ.എസ് നടത്തിയ ക്രൂരതകള്‍. മതരാഷ്ട്രം എന്ന ആശയം എത്രക്രൂരമാണ് എന്നതിന്റെ നേര്‍സാക്ഷ്യമാണ് യസീദികളുടെ കൂട്ടക്കുഴിമാടങ്ങള്‍. എല്ലാത്തരം മൗലികവാദങ്ങളും മനുഷ്യരെ കൊന്നൊടുക്കുമെന്നതിന്റെ തെളിവുകൂടിയാണിത്. യസീദി വംശഹത്യയെക്കുറിച്ച് ദിനകരന്‍ കൊമ്പിലാത്ത് എഴുതുന്നു.

മാധാനത്തിനുള്ള 2019-ലെ നൊബേല്‍ സമ്മാനം നേടിയ യസീദി പെണ്‍കുട്ടി നാദിയ മുറാദിന്റെ ആത്മകഥ ദ ലാസ്റ്റ്ഗേള്‍: മൈ സ്റ്റോറി ഓഫ് കാപ്റ്റിവിറ്റി ആന്‍ഡ് മൈ ഫൈറ്റ് എഗെന്‍സ്റ്റ് ഇസ്ലാമിക്സ്റ്റേറ്റ് യസീദി ന്യൂനപക്ഷങ്ങള്‍ക്കതിരേ ഐ.എസ്. നടത്തിയ വംശഹത്യയുടെയും സ്ത്രീകള്‍ക്ക് നേരെ നടത്തിയ അതിക്രൂരമായ കൂട്ടബലാത്സംഗങ്ങളുടെയും പൊള്ളിക്കുന്ന സാക്ഷ്യമാണ്. 21-ാം നൂറ്റാണ്ടില്‍ ഒരു ഇരുണ്ടമധ്യ കാലഘട്ടത്തെ നിര്‍മിച്ച ഐ.എസ്. എന്ന ഭീകരസംഘടന എങ്ങനെയാണ് യസീദി ന്യൂനപക്ഷത്തെ വംശഹത്യക്കിരയാക്കിയതെന്ന് ഈ ആത്മകഥ വ്യക്തമാക്കുന്നു. ലോകത്ത് പലയിടത്തായി ചിതറിപ്പോയ യസീദികള്‍ക്ക് പ്രതികരിക്കാന്‍ കരുത്തുണ്ടായില്ല. പക്ഷേ, പിന്നീട് നാദിയയുടെ അക്ഷരങ്ങളിലൂടെ അതിന്റെ തീ ലോകമാസകലം പടര്‍ന്നു.

തടവറയില്‍ നൂറുകണക്കിന് ലൈംഗിക അടിമകള്‍ക്കൊപ്പം അവള്‍ ഓരോ ദിവസവും ഉണരുന്നത് ബലാത്സംഗത്തിലേക്കായിരുന്നു. പകയും വെറിയും നിറഞ്ഞ ശരീരവും പെരുമാറ്റവുംകൊണ്ട് അവള്‍ നിരന്തരം വലിച്ചുകീറപ്പെട്ടു. എതിര്‍ത്താല്‍ ബൂട്ടിട്ട കാലുകൊണ്ട് ചവിട്ടിത്തേക്കും. ഭക്ഷണം നല്‍കാതെ പട്ടിണിക്കിടും. തടവറയില്‍നിന്നുള്ള ആദ്യരക്ഷപ്പെടലില്‍ പിടിക്കപ്പെട്ടപ്പോഴും ശിക്ഷ കൂട്ടബലാത്സംഗം തന്നെയായിരുന്നു. ബലാത്സംഗത്തിന്, നിയമപരിരക്ഷയ്ക്കായി അവളെ തീവ്രവാദികള്‍ വിവാഹത്തിനിരയാക്കി. യസീദികളായ പുരുഷന്‍മാര്‍ കൊല്ലപ്പെടേണ്ടവരാണെന്നും യുവതികളായ സ്ത്രീകളുടെ ഗര്‍ഭപാത്രങ്ങള്‍ തങ്ങളുടെ ബീജം നിറയ്ക്കാനുള്ളതാണെന്നും ഐ.എസ്. തീവ്രവാദികള്‍ പരസ്യമായി പറഞ്ഞു. യസീദികള്‍ അടിമകളാണെന്നും അവര്‍ മതം മാറാത്തിടത്തോളം അടിമകളായി തന്നെ തുടരുമെന്നും ആ രീതിയില്‍ തന്നെ കൈകാര്യം ചെയ്യാമെന്നും ഐ.എസ്. ഫത്വ ഇറക്കി.

2014 ഓഗസ്റ്റിലാണ് ഇറാഖിലെ വടക്കന്‍ പ്രവിശ്യയിലെ കോച്ചോ ഗ്രാമത്തില്‍ ഐ.എസ്. ഭീകരര്‍ ആയുധങ്ങളുമായി എത്തുന്നത്. സിറിയന്‍ അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന അതീവ ശാന്തമായ ഗ്രാമം. കുര്‍ദുകള്‍ക്കും ഭൂരിപക്ഷമുള്ള മേഖലയാണിത്. സദ്ദാമിന്റെ കാലത്ത് നടന്ന കുര്‍ദുവേട്ടകള്‍ ഇവിടെയും വലിയ സംഘര്‍ഷം ഉണ്ടാക്കിയിരുന്നു. ഇറാഖില്‍ ഐ.എസ്. പിടിമുറുക്കിയതോടെ കോച്ചാഗ്രാമത്തിലും ഭീതി പരന്നിരുന്നു. അവസാനം ഐ.എസ്. മൊസൂളില്‍ എത്തുമ്പോഴേക്കും കുര്‍ദിഷ് മേഖലയിലെ യസീദികളുടെ വിധിയെഴുത്ത് പൂര്‍ണമായിരുന്നു.

Islamis State gropu terrorists
ഇസ്ലാമിക് സ്‌റ്റേറ്റ് പ്രവര്‍ത്തകര്‍

പുറത്തെ സംഘര്‍ഷങ്ങളെക്കുറിച്ചൊന്നും അറിയാത്ത യസീദി ഗ്രാമീണര്‍ കൃഷിയിലും ആടുവളര്‍ത്തലിലും മറ്റും മുഴുകിയിരിക്കുകയായിരുന്നു. ഒരു നാള്‍ ജിഹാദി കൊടിപാറിച്ച ട്രക്കുകളും പിക്കപ്പ് വാനുകളും അതുവഴി വന്നു. വഴിയില്‍ കണ്ട പുരുഷന്‍മാരുടെ തലയറുത്തും വെടിവെച്ചുംകൊണ്ടുള്ള രക്തദാഹയാത്ര. നാദിയയുടെ എട്ട് സഹോദരങ്ങളില്‍ ആറുപേര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. രണ്ട് സഹോദരിമാരെയും അവരുടെ ബന്ധുക്കളായ കുട്ടികളെയും തീവ്രവാദികള്‍ ബലാത്കാരമായി പിടിച്ചുകൊണ്ടുപോയി. നിറതോക്കിന് മുന്നില്‍ എതിര്‍ത്ത പുരുഷന്‍മാര്‍ ഒന്നൊന്നായി വെടിയേറ്റു വീണു. ഐ.എസ്. സ്വയം പ്രഖ്യാപിച്ച രാജ്യത്തിന്റെ ശക്തികേന്ദ്രമായ മൊസൂളിലേക്കാണ് നാദിയെയെ ഉള്‍പ്പടെയുള്ളവരെ കൊണ്ടുപോയത്.

ആദ്യ ദിവസം തന്നെ വലിയ തടിയനായ ഒരാള്‍ നാദിയയെ വലിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്തു. രണ്ടാമൂഴക്കാരനും ഉടന്‍ എത്തി. കുര്‍ദിഷ് ഭാഷ സംസാരിക്കുന്ന യസീദികളോട് പ്രത്യേകിച്ച് സ്ത്രീകളോട് കടുത്ത പകയായിരുന്നു അവര്‍ക്കൊക്കെ. പലതവണ ആടുകളെപ്പോലെ അവള്‍ മാറിമാറി വില്‍ക്കപ്പെട്ടു. ഒടുവില്‍ ഒരു മുസ്ലിം കുടുംബത്തിന്റെ സഹായത്തോടെ നാദിയ രക്ഷപ്പെടുകയായിരുന്നു.
പിന്നീട് അവര്‍ ഒരു യസീദി ക്യാമ്പിലെത്തി. അവിടെനിന്ന് അവിശ്വസനീയമായ രീതിയില്‍ ലോകത്തിന് മുന്‍പിലേക്കും. സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം അവരെത്തേടിയെത്തിയതും ഈ അതിജീവനത്തിന്റെ ലോകം ശ്രദ്ധിച്ച കരുത്തുകൊണ്ടായിരിക്കാം. താന്‍ അനുഭവിച്ച പീഡനത്തിന്റെ വേദന നാദിയ സ്വന്തം കരുത്തും പോരാട്ടവീര്യവുമാക്കി മാറ്റുകയായിരുന്നു പിന്നീട്. യസീദി പെണ്‍കുട്ടികളെ സഹായിക്കുന്ന സംഘടനയുടെ കേന്ദ്രമായ ജര്‍മനിയില്‍ നാദിയ എത്തുന്നു. അവിടെ 'നമ്മുടെ പോരാട്ടം' എന്ന സംഘടനയ്ക്ക് രൂപം നല്‍കുന്നു. വംശഹത്യക്കെതിരെയും സ്ത്രീകള്‍ക്കെതിരെയും ഉള്ളപോരാട്ടത്തിന്റെയും കേന്ദ്രമായി മാറുകയാണ് നാദിയ പിന്നീട്. അവളെ സഹായിക്കാന്‍ ബ്രിട്ടീഷ് അഭിഭാഷകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ അമല്‍ക്ലോണി എന്ന സാമൂഹികപ്രവര്‍ത്തകയും വന്നു. അവള്‍ തന്റെ അനുഭവങ്ങളെ ഒരു പുസ്തകമാക്കി മാറ്റുന്നു. അങ്ങനെയാണ് ലോകം നടുക്കത്തോടെ വായിച്ച 'ദ ലാസ്റ്റ്ഗേള്‍' ഉണ്ടാവുന്നത്. ജെന്ന ക്രാജസ്‌കി എന്ന മാധ്യമപ്രവര്‍ത്തകയും എഴുത്തില്‍ നാദിയയെ സഹായിക്കാനെത്തി.

ഐ.എസ്. ഭീകരതയെ ലോകത്തിനെ ഓര്‍മിപ്പിച്ചുകൊണ്ട് ന്യൂയോര്‍ക്കില്‍ യു.എന്നിന്റെ ഗുഡ്വില്‍ അംബാസഡറായി നാദിയ തിരഞ്ഞെടുക്കപ്പെട്ടു. ഒരു സ്ത്രീയെന്ന നിലയില്‍ സ്ത്രീശരീരം യുദ്ധക്കളമാക്കുന്ന മനുഷ്യന്റെ ഭീകരതയെ ഓര്‍ത്ത് ലജ്ജിക്കുന്നു എന്ന് അമല്‍ ക്ലോണി പറയുന്നു. ലോകത്തിലെ ഏറ്റവും സങ്കീര്‍ണമായ സംഘര്‍ഷങ്ങളുടെ നേര്‍ക്ക് മനുഷ്യമുഖത്തെ തിരിച്ചുവയ്ക്കുന്നതാണ് നാദിയാമുറാദിന്റെ ആത്മകഥയെന്ന് സണ്‍ഡെ ബിസിനസ് പോസ്റ്റ് അഭിപ്രായപ്പെട്ടു.

Nadiya Murad
നാദിയ മുറാദ് യസീദികളെ അഭിസംബോധന ചെയ്യുന്നു

ഐ.എസ്. എന്ന സംഘടനയുടെ ലക്ഷ്യം വംശഹത്യ തന്നെയായിരുന്നു. യസീദികളെ മൊത്തമായി ഭൂമുഖത്തുനിന്ന് തുടച്ചുനീക്കുക. അവര്‍ മതം മാറുന്നില്ലെങ്കില്‍ കൊന്നുകളയുക. പക്ഷേ, ജീവന്‍ പോയാലും യസീദികള്‍ മതം മാറില്ല. അതിനാല്‍ അവര്‍ മരണം തന്നെ സ്വീകരിച്ചു. തങ്ങളുടെ ആശയങ്ങള്‍ അംഗീകരിക്കാത്ത ഒന്നും ഭൂമുഖത്ത് പാടില്ല എന്ന ലക്ഷ്യമായിരുന്നു ഐ.എസിന്റെത്. കീഴടങ്ങുക, അല്ലെങ്കില്‍ വധാര്‍ഹനാവുക. കീഴടക്കുക, വധിക്കുക എന്ന തത്ത്വത്തിലേക്കാണ് അവര്‍ ലോകത്തെ കൊണ്ടുപോകാന്‍ ശ്രമിച്ചത്. ഇറാഖില്‍ തന്നെ കുര്‍ദുകളും ഐ.എസിന്റെ പീഡനത്തിനിരയായിരുന്നു. സുഡാനിലും നൈജീരിയയിലും കോംഗോവിലും എല്ലാം ഐ.എസ്. പലരൂപത്തില്‍ വംശഹത്യാഭീഷണി പടര്‍ത്തിയ കാലമായിരുന്നു.

അസോസിയേറ്റ് പ്രസ് (എ.പി.) 2016 ഓഗസ്റ്റ് 31-ന് പുറത്തുവിട്ട ഐ.എസ് കൂട്ടക്കൊലയെക്കുറിച്ചുള്ള ഒരു റിപ്പോര്‍ട്ടില്‍ ഐ.എസ് സൃഷ്ടിച്ച കൂട്ടക്കുഴിമാടങ്ങളെക്കുറിച്ച് പറയുന്നുണ്ട്. ഇറാഖിലും സിറിയയിലും ആയിരക്കണക്കിന് യസീദി ന്യൂനപക്ഷത്തെ കൊന്നുകുഴിച്ചു മൂടി. 75 കൂട്ടക്കുഴിമാടങ്ങള്‍ അന്ന് കണ്ടെത്തിക്കഴിഞ്ഞിരുന്നു. ഇറാഖിലെ സിന്‍ജാര്‍ പര്‍വതമേഖലയില്‍ നൂറിലേറെ മൃതദേഹാവശിഷ്ടങ്ങള്‍ ആണ് കണ്ടെത്തിയത്. 2014-ല്‍ യസീദികളെ പിടിച്ചുകൊണ്ടുപോയി വെടിവെച്ചുകൊല്ലുകയും ഈ മേഖലയില്‍ കുഴിച്ചുമൂടുകയും ചെയ്തിരുന്നു. സിറിയയിലും നിരവധി കൂട്ടക്കുഴിമാടങ്ങള്‍ ഉണ്ടാവാമെങ്കിലും തിരച്ചിലില്‍ 17 എണ്ണമാണ് ഇതുവരെ കണ്ടെത്തിയത്. ഐ.എസിന്റെ പിടിയില്‍നിന്ന് രക്ഷപ്പെട്ട് മലയിടുക്കുകളില്‍ ഒളിച്ചിരുന്ന ചില യസീദികള്‍ നേരിട്ട് സാക്ഷിയായ സംഭവങ്ങള്‍ പുറത്തുവിടുകയായിരുന്നു. അവര്‍ പറഞ്ഞ സ്ഥലത്ത് തന്നെയാണ് കൂട്ടക്കുഴിമാടങ്ങളും കണ്ടെത്തിയത്. ആറുദിവസം അവര്‍ ഈ കൂട്ടക്കൊലകള്‍ക്ക് സാക്ഷിയായി. 5000 മുതല്‍ 15000വരെ യസീദികളെ ഇവിടെ കൊന്നുകുഴിച്ചുമൂടിയതായി പറയപ്പെടുന്നു.

ലോകത്തിലെ ഏറ്റവും ചെറിയ മതന്യൂനപക്ഷവിഭാഗമാണ് യസീദികള്‍. ഏകദേശം പത്തുരാജ്യങ്ങളിലായി പത്തുലക്ഷത്തിലധികം മാത്രമേ വരൂ ജനസംഖ്യ. ഇറാഖിലാണ് ഏറ്റവും കൂടുതല്‍. സിറിയ, അര്‍മേനിയ, തുര്‍ക്കി,ഈജിപ്ത്, റഷ്യ തുടങ്ങിയ രാജ്യങ്ങളിലും അവര്‍ ജീവിക്കുന്നു. ഇറാഖില്‍ കുര്‍ദു മേഖലയില്‍ നിര്‍ദിഷ്ട കുര്‍ദിസ്താന്‍ പ്രവിശ്യയില്‍ സിന്‍ജാര്‍ മലനിരകള്‍ക്ക് സമീപമാണ് യസീദികള്‍ കൂട്ടമായി പാര്‍ക്കുന്നത്. ഇസ്ലാം, ക്രിസ്ത്യന്‍, യഹൂദ, ഹിന്ദു, സൊറാസ്ട്രിയന്‍ എന്നീ മതങ്ങളുടെ ചില വിശ്വാസങ്ങളും രീതികളും യസീദിമതത്തില്‍ ഒത്തുചേര്‍ന്നിട്ടുണ്ട്. ക്രിസ്തുമതത്തില്‍ കാണുന്ന ജ്ഞാനസ്‌നാനം ഈ മതവിശ്വാസത്തില്‍ കാണാം, ഇസ്ലാം മതത്തിലും യഹൂദമതത്തിലും കാണുന്ന ചേലാകര്‍മം ഇവര്‍ക്കുമുണ്ട്. ആത്മാവില്‍ ഇവര്‍ വിശ്വസിക്കുന്നു.

എല്ലാ മതങ്ങളുടെയും മിശ്രിതമാണ് യസീദിമതം. പ്രത്യേക വേദഗ്രന്ഥമില്ല. പ്രവാചകനില്ല. ദൈവത്തെ നേരിട്ട് ആരാധിക്കില്ല. പക്ഷേ, ഏകദൈവവിശ്വാസമാണ്. സ്വര്‍ഗത്തില്‍ ഏഴ് മാലാഖമാരുണ്ടെന്നും അതില്‍ ഏറ്റവും മുതിര്‍ന്ന മാലാഖയായ താവൂസ് ലംലാക്കിനെയാണ് ആരാധിക്കേണ്ടതെന്നും അവര്‍ വിശ്വസിക്കുന്നു. മലക്കുകളിലെ മയില്‍ എന്നാണ് താവൂസ് ലംലാക്കിനെ ഇവര്‍ പറയുക. മയില്‍ പുണ്യപക്ഷിയാണ് ഇവര്‍ക്ക്. ഇറാഖിലെ ലാലിഷ് ആണ് യസീദികളുടെ തീര്‍ഥാടന കേന്ദ്രം. യാഥാസ്ഥിതിക വിശ്വാസികളാണ് യസീദികള്‍. യഹൂദരെപ്പോലെ ജനനംകൊണ്ട് മാത്രമേ ഒരാള്‍ക്ക് യസീദിയാവാന്‍ പറ്റൂ. മതംമാറി കല്യാണവും മറ്റും കഴിക്കുന്നത് ഗുരുതരമായ കുറ്റമാണ്. ദുരഭിമാനക്കൊലകള്‍ ഇവര്‍ക്കിടയില്‍ ഉണ്ട്. വളരെ ദരിദ്രരും നിരക്ഷരരുമാണ് അധികവും. കുര്‍ദുകളുടെ മേഖലയില്‍ ജീവിക്കുന്ന ഇവര്‍ക്ക് കുര്‍ദുകളില്‍നിന്ന് ഒരു എതിര്‍പ്പുമില്ല. അതേസമയം ഇറാഖില്‍ വന്‍ മുന്നേറ്റം നടത്തിയ ഐ.എസിന്റെ നോട്ടപ്പുള്ളികളായിരുന്നു യസീദികള്‍. അവരെയാണ് ഗ്രാമങ്ങളില്‍നിന്ന് ഓടിച്ച് കൂട്ടക്കൊല നടത്തുകയും അവരുടെ പെണ്‍കുട്ടികളെ ലൈംഗിക അടിമകളായി പിടിച്ചുകൊണ്ടുപോവുകയും ചെയ്തത്.

ലോകത്തിലെ പല വംശഹത്യകളിലും സ്ത്രീകള്‍ക്കെതിരെ ക്രൂരമായ അക്രമങ്ങള്‍ നടന്നിട്ടുണ്ട്. പക്ഷേ, കൂട്ടമായി പിടിച്ചുകൊണ്ടുപോയി അടിമകളാക്കുകയും ലേലം ചെയ്ത് തെരുവില്‍ വില്‍ക്കുകയും കൈമാറുകയും ചെയ്യുന്ന സംഭവം അപൂര്‍വമാണ്.

പീഡനം ,ഒളിച്ചോട്ടം, മതംമാറല്‍ എന്നിവകൊണ്ട് ലോകത്തില്‍ യസീദി ജനസംഖ്യ കുറഞ്ഞുവരുന്നുണ്ട്. 1982-ല്‍ തുര്‍ക്കിയില്‍ 30000പേരുള്ള യസീദികള്‍ ഇപ്പോള്‍ 1000പേരായി. തുര്‍ക്കി യസീദികള്‍ ജര്‍മനിയിലേക്ക് പലായനം ചെയ്യുകയായിരുന്നു. 1990-ന് മുന്‍പ് ജോര്‍ജിയയില്‍ 30000പേരുണ്ടായിരുന്നത് 5000 ആയി മാറി. അര്‍മേനിയയില്‍ അവരുടെ സംഖ്യയ്ക്ക് കുറവ് സംഭവിച്ചിട്ടില്ല. അരലക്ഷത്തോളംപേരുണ്ട്. റഷ്യയില്‍ 40000 യസീദികള്‍ ഉണ്ട്. ബെല്‍ജിയം, ഡെന്‍മാര്‍ക്ക്, സ്വീഡന്‍, നെതര്‍ലന്‍ഡ്സ്, റഷ്യ, ഫ്രാന്‍സ്, യു.കെ, സ്വിറ്റ്സര്‍ലന്‍ഡ്, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ ആയിരക്കണക്കിന് യസീദികള്‍ ഉണ്ട്. സിറിയയിലും ഇറാഖിലും ഐ.എസ്. ആക്രമണത്തെ തുടര്‍ന്ന് ആയിരക്കണക്കിന് യദീസികള്‍ നാടുവിട്ടു. ഏറെപ്പേര്‍ കൊല്ലപ്പെടുകയും മതം മാറ്റപ്പെടുകയും ചെയ്തു. നാദിയാ മുറാദിന്റെ ആത്മകഥയെ തുടര്‍ന്ന് ലോകത്തെ യസീദികള്‍ യഹൂദരെപ്പോലെ ഐക്യപ്പെടാനുള്ള ഒരു ശ്രമം നടക്കുന്നുണ്ട്.

ഇറാഖ്, സിറിയ എന്നീ രാജ്യങ്ങളില്‍ സ്വാധീനം ഉണ്ടായിരിക്കവേ സ്വന്തമായി ഇസ്ലാമിക രാഷ്ട്രം (ഖിലാഫത്ത്) സ്ഥാപിച്ച സായുധ ഭീകര ജിഹാദി സംഘടനയാണ് ഐ.എസ്. 'ഇസ്ലാമിക് സ്റ്റേറ്റ്സ് ഓഫ് ഇറാഖ് ആന്‍ഡ് ലെവാനിസ്റ്റ്' എന്നായിരുന്നു തുടക്കത്തില്‍ അതിന്റെ പേര്. പിന്നീട് അത് 'ഇസ്ലാമിക് സ്റ്റേറ്റ്സ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയ' എന്നായി മാറി. ഇറാഖില്‍ ഉണ്ടായിരുന്ന അമേരിക്കന്‍ അധിനിവേശത്തിന്(സദ്ദാം ഭരണകൂടത്തെ പുറത്താക്കല്‍) എതിരെയും സദ്ദാംഹുസൈന്റെ വധത്തില്‍ പ്രതിഷേധിച്ചും നടത്തിയ പോരാട്ടങ്ങളിലൂടെ തദ്ദേശ സായുധ ഗ്രൂപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടായിരുന്നു ഐ.എസിന്റെ വരവ്. അബൂബക്കര്‍ അല്‍ബാഗ്ദാദി എന്ന ജിഹാദി നേതാവിനെ നേതാവായി വാഴിച്ചുകൊണ്ടാണ് തുടക്കം. അഫ്ഗാനിസ്താനില്‍ താലിബാന്‍ എന്ന തീവ്രവാദി സംഘടന ചുരുങ്ങിയ കാലത്തെങ്കിലും അധികാരം പിടിച്ച ചരിത്രത്തിന്റെ ആവേശവും ഈ ജിഹാദി സംഘടനയ്ക്കുണ്ട്. സദ്ദാംഹുസ്സൈന്റെ വീഴ്ചയും അതുണ്ടാക്കിയ അമേരിക്കന്‍ വിരോധവും സദ്ദാമിനോട് വിധേയത്വമുള്ള സുന്നിഗ്രൂപ്പുകളുടെ ഏകോപനവും അവരുടെ സൈനികരുടെ പിന്‍ബലവും സദ്ദാമിനുശേഷം ഇറാഖില്‍ വന്ന ഭരണകൂടത്തോടുള്ള എതിര്‍പ്പും അസ്ഥിരമായ ഇറാഖും എല്ലാം ചേര്‍ന്ന് ഐ.എസിന്റെ മണ്ണ് വളക്കൂറുള്ളതായി. ലോകമുസ്ലിങ്ങളെ മുഴുവന്‍ നിയന്ത്രിക്കുന്ന ആഗോള ഇസ്ലാമിക ഭരണകൂടം ഐ.എസിന്റെ പ്രത്യയശാസ്ത്രവിദഗ്ധര്‍ മനസ്സില്‍ കണ്ടു. സ്വയം മരിക്കാനും കൊല്ലാനും തയ്യാറായി ചാവേറുകളുടെ ഒരു മതവൈറസ്സിനെ രൂപപ്പെടുത്താന്‍ ഐ.എസിന് കഴിഞ്ഞു.

2014 ജൂണ്‍ 29-നാണ് ഇസ്ലാമിക്രാഷ്ട്രം എന്ന് നിശ്ചിത പ്രദേശങ്ങളെ പുനര്‍നാമകരണം ചെയ്തുകൊണ്ട് ഐ.എസ്. അതിന്റെ രാഷ്ട്രമോഹം വ്യക്തമാക്കുന്നത്. അവരുടെ അധീനതയിലുള്ള പ്രദേശത്തെ ഖിലാഫത്ത് ആയും അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ ഖലീഫയായും പ്രഖ്യാപിച്ചു. മഹാഭൂരിപക്ഷം രാഷ്ട്രങ്ങളും ഐ.എസിനെ അംഗീകരിച്ചില്ല. അതേസമയം അമേരിക്കന്‍ വിരുദ്ധരായ നവഇസ്ലാമിസ്റ്റുകളും ഒരുകൂട്ടം യുവജനങ്ങളും എണ്ണലോബികളും അഫ്ഗാനിസ്താനിലെയും പാകിസ്താനിലേയും താലിബാന്‍ അനുകൂല നേതാക്കളും മറ്റും രഹസ്യമായി ഐ.എസിനെ പിന്തുണച്ചു. ഈജിപ്ത്, യമന്‍, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളിലെ ചില സംഘടനകള്‍ ഐ.എസിന് സഹായം നല്‍കിക്കൊണ്ടിരുന്നു.

Islamic state sex slaves
ഐ.എസ് തടവില്‍ നിന്നും മോചിപ്പിക്കപ്പെട്ട യസീദികള്‍

തുടക്കത്തില്‍ അല്‍ഖായിദയുമായി ഐ.എസിന് ബന്ധമുണ്ടായിരുന്നു. 1999-ല്‍ ജോര്‍ദാന്‍കാരനായ അഫ്ഗാന്‍ ജിഹാദി അബുമൂസ് അബ് അല്‍ സര്‍ഖാവി 'ജമാഅത്ത് തൗഹദി വല്‍ ജിഹാദ്' എന്ന പേരില്‍ ഒരു സായുധസംഘത്തിന് രൂപം കൊടുത്തിരുന്നു. 2003-ല്‍ അമേരിക്കയുടെ ഇറാഖ് അധിനിവേശത്തിന്റെ ഭാഗമായി ഇറാഖില്‍ യു.എസ്. സൈന്യത്തിനെതിരായി ഈ സംഘടന ഒളിപ്പോര്‍ സംഘടിപ്പിച്ചു. 2004-ല്‍ ഇവര്‍ അല്‍ഖായിദയുമായി ബന്ധം സ്ഥാപിച്ചു. പേര് 'അല്‍ഖായിദ ഇന്‍ ഇറാഖ്' എന്നാക്കി മാറ്റി. സുന്നി സായുധസംഘങ്ങളെയാണ് ഇതിനായി വിനിയോഗിച്ചത്. അതിനുശേഷം താഴെത്തട്ടില്‍ രഹസ്യമായി പ്രവര്‍ത്തനം തുടങ്ങി. അക്കാലത്ത് സദ്ദാം അനുകൂലികളായ സുന്നി സംഘടനകളെ ഇവര്‍ വലവീശിപ്പിടിച്ചു. അതിനായി 'മുജാഹിദീന്‍ ശൂറകൗണ്‍സില്‍' എന്ന പേരില്‍ ഒരു മതവേദിയുണ്ടാക്കി. അതിനിടെയാണ് 2006-ല്‍ അമേരിക്കന്‍ ആക്രമണത്തില്‍ സര്‍ഖാവി കൊല്ലപ്പെടുന്നത്. തുടര്‍ന്ന് അബുഅയ്യൂബ് അല്‍ മസ്റി സ്ഥാനം ഏറ്റെടുത്തു. അദ്ദേഹമാണ് സംഘടനയെ 'ഇസ്ലാമിക് സ്റ്റേറ്റ്സ് ഓഫ് ഇറാഖ്'എന്ന പേരിലേക്ക് മാറ്റുന്നത്. 2010-ല്‍ അബു അല്‍മസ്റിയും അബു ഉമര്‍ അല്‍ബാഗ്ദാദിയും കൊല്ലപ്പെടുന്നു. 2010 മേയ് മാസം അബൂബക്കര്‍ അല്‍ബാഗ്ദാദി പുതിയ നേതാവാകുന്നു. ഈ കാലഘട്ടത്തിലാണ് സിറിയന്‍ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെടുന്നതും രൂക്ഷമാകുന്നതും. 2013-ല്‍ ബാഗ്ദാദിയുടെ സൈന്യം സിറിയയില്‍ എത്തി 'അല്‍നുസ്രഫ്രണ്ട്' എന്ന പേരില്‍ സിറിയയില്‍ കലാപത്തിന് തുടക്കമിടുന്നു. സിറിയയില്‍നിന്ന് വിമതരുടെ പിന്തുണ ഇവര്‍ക്ക് ലഭിക്കുന്നു. 2011-ഓടെ അമേരിക്കന്‍ സൈന്യം ഇറാഖ് വിടുന്നു. ഇറാഖിലും അനുകൂല കാലാവസ്ഥ ഉടലെടുക്കുന്നു.

2013 ഏപ്രില്‍ 8-ന് അബൂബക്കര്‍ ബാഗ്ദാദി ഇറാഖിലെ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ്, സിറിയയിലെ അല്‍നൂസ്ര ഫ്രണ്ട് എന്നിവയെ ഒരുമിപ്പിച്ചു 'ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയ'ക്ക് രൂപംകൊടുത്തു. അതാണ് ഇന്നത്തെ ഐ.എസ്.ഐ.എസ്. തുടര്‍ന്ന് സദ്ദാമിനുശേഷം അധികാരത്തില്‍ വന്ന ഇറാഖിലെ നുറിഅല്‍മാലിക്കിയുടെ സര്‍ക്കാരിനെതിരേ പ്രക്ഷോഭം തുടങ്ങി. ഇതോടെ സുന്നികള്‍ ഒരു ഭാഗത്ത് കേന്ദ്രീകരിക്കുകയും ഐ.എസിന് പിന്തുണയേറുകയും ചെയ്തു.

സിറിയയിലും ഐ.എസ്. ശക്തിപ്രാപിക്കുന്നു. ഇറാഖ് നഗരങ്ങള്‍ ഒന്നൊന്നായി ഐ.എസിന്റെ പിടിയിലമരുന്നു. 2014-ല്‍ ഇറാഖിലെ ഏറ്റവും വലിയ നഗരമായ മൊസൂള്‍ ഐ.എസ്.പിടിക്കുന്നു. നാട്ടിലെ സുന്നികളുടെ പിന്തുണ ഐ.എസിന് വലിയ ആത്മവിശ്വാസമാണ് ഉണ്ടാക്കിക്കൊടുത്തത്. അതേസമയം ഐ.എസിന്റെ തനിരൂപം ഇവരില്‍ പലര്‍ക്കും അറിയില്ലായിരുന്നു. 2014-ല്‍ ജൂണ്‍ 29-ന് തങ്ങളുടെ കീഴിലുള്ള എല്ലാ പ്രദേശങ്ങളും ചേര്‍ത്തുപിടിച്ചുകൊണ്ട് ഐ.എസ്. ഖിലാഫത്ത് പ്രഖ്യാപിച്ചു. ഭീകരവാദത്തിലുടെയും കൂട്ടക്കൊലകളിലൂടെയും ലോകത്തെ പല ഭൂഖണ്ഡങ്ങളിലും ഐ.എസ്.രാജ്യം സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം. അതിനുവേണ്ടി ഭൂരിപക്ഷ പ്രദേശങ്ങളില്‍ ഏകദൈവവിശ്വാസികളല്ലാത്ത വിഭാഗങ്ങളെ കൊന്നൊടുക്കാനും അവര്‍ പ്ലാനിട്ടു. യസീദികള്‍, കുര്‍ദുകള്‍, ഷിയാക്കള്‍, അഹമ്മദീയര്‍ തുടങ്ങിയവരും അവരുടെ നോട്ടത്തില്‍ പെട്ടു. അതേസമയം മുസ്ലിം രാജ്യങ്ങളില്‍നിന്ന് തന്നെയാണ് ഐ.എസിന് ഏറ്റവും എതിര്‍പ്പുണ്ടായത്. യസീദികള്‍ക്ക് നേരേ നടത്തിയ വംശഹത്യക്ക് കാരണം ഇറാഖിനെ സമ്പൂര്‍ണ സുന്നികേന്ദ്രീകൃത ഇസ്ലാമിക രാജ്യമായി മാറ്റുകയായിരുന്നു. ഖിലാഫത്തില്‍ മറ്റുമതക്കാര്‍ക്കോ മതവിശ്വാസികള്‍ക്കോ സ്ഥാനം ഉണ്ടാവാന്‍ പാടില്ല എന്ന് അവര്‍ വിശ്വസിക്കുന്നു.

(മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച വംശഹത്യയുടെ ലോകചരിത്രം എന്ന ലോഖന പരമ്പരയില്‍ നിന്ന്.)

മുന്‍ലക്കങ്ങള്‍ വായിക്കാം

Content Highlights :History of Genocide Dinakaran Kombilath Yazidi Genocide by ISIS, Story of Nadiya Murad

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram