നഗ്നയാക്കി കൂട്ടിലടച്ച് പ്രദര്‍ശിപ്പിക്കപ്പെട്ട സാറ, വെളള കാല്‍മുട്ടുകള്‍ കൊലചെയ്ത ജോര്‍ജ് ഫ്‌ളോയ്ഡ്


By ദിനകരന്‍ കൊമ്പിലാത്ത്

6 min read
Read later
Print
Share

കൂട്ടിലടയ്ക്കപ്പെട്ട ഇരുകാലിമൃഗം എന്ന പേരും നല്‍കി. വലിയ കൂട്ടില്‍ നഗ്‌നയായിരുന്നു അവര്‍. ഇംഗ്ലണ്ടില്‍ ആഫ്രിക്കക്കാര്‍ എത്താത്ത കാലമായിരുന്നു അത്. ആ സ്ത്രീരൂപത്തെ കാണാന്‍ ആള്‍ക്കാര്‍ ഒഴുകിയെത്തി. അസഭ്യം നിറഞ്ഞ കമന്റുകള്‍ക്ക് മുന്നില്‍ ചൂളിക്കൊണ്ട് പേടിച്ച മൃഗത്തെപ്പോലെ ആ കറുത്ത സ്ത്രീ നിന്നുകൊടുത്തു.

ജോർജ് ഫ്‌ളോയ്ഡ് വംശഹത്യയ്ക്കിരയായതിനെത്തുടർന്നുള്ള പ്രതിഷേധത്തിൽ നിന്ന്‌

വംശീയതയുടെ ഐക്യനാടുകളെക്കുറിച്ച് ദിനകരന്‍ കൊമ്പിലാത്ത് എഴുതുന്നു.

ഫ്രിക്കയിലെ ഹോട്ടന്‍ടോട്ട് വംശത്തിലെ 'ഖോയിഖോയി' ഗോത്രവിഭാഗസ്ത്രീയായിരുന്നു സാറാ ബാര്‍ട്മാന്‍. 1789-ല്‍ ആഫ്രിക്കയിലെ കേപ്‌കോളനിയിലെ കിഴക്കന്‍ഭാഗത്തുള്ള ഗ്രാമത്തില്‍ ജനിച്ചു. കറുത്തവര്‍ഗക്കാരുടെനേരെ ഡച്ചുകാരുടെ ആക്രമണത്തില്‍ നേരത്തേ സാറയുടെ ഭര്‍ത്താവ് കൊല്ലപ്പെട്ടിരുന്നു. പതിനാറുവയസ്സുമാത്രമായിരുന്നു അവര്‍ക്കപ്പോള്‍ പ്രായം. പക്ഷേ, സാറയെ ഡച്ചുകാര്‍ കൊന്നില്ല. അവളുടെ ശരീരത്തിന്റെ പ്രത്യേകത കാരണം അവളെ ലൈംഗികാവശ്യത്തിനായി അവര്‍ വില്‍ക്കുകയായിരുന്നു. ശാരീരികമായി ഒരുപാട് അവള്‍ ഉപദ്രവിക്കപ്പെട്ടു.

1810 ഒക്ടോബറിലാണ് അവളുടെ ജീവിതം മാറ്റിമറിക്കുന്ന സംഭവം ഉണ്ടായത്. ഇംഗ്ലീഷ് കപ്പലിലെ ഒരു സര്‍ജനായ വില്യം ഡണ്‍ലപ്, സാറയെ കണ്ടുമുട്ടി. യൂറോപ്പില്‍ ഏറ്റവും മികച്ച പ്രദര്‍ശനവസ്തുവായിരിക്കും സാറ എന്ന് അയാള്‍ തിരിച്ചറിഞ്ഞു. അവളെ ഇംഗ്ലണ്ടിലേക്ക് കടത്തിക്കൊണ്ടുപോയി. 1810 മുതല്‍ അവളെ പൊതുസ്ഥലത്ത് വലിയ കൂട്ടിലാക്കി ടിക്കറ്റ് വിറ്റ് പ്രദര്‍ശിപ്പിച്ചു. കൂട്ടിലടയ്ക്കപ്പെട്ട ഇരുകാലിമൃഗം എന്ന പേരും നല്‍കി. വലിയ കൂട്ടില്‍ നഗ്‌നയായിരുന്നു അവര്‍. കരാറുണ്ടാക്കിയശേഷമായിരുന്നു പ്രദര്‍ശനം. നിര്‍ബന്ധിച്ച് കരാറില്‍ ഒപ്പിടുവിക്കുകയായിരുന്നു. ഇംഗ്ലണ്ടില്‍ ആഫ്രിക്കക്കാര്‍ എത്താത്ത കാലമായിരുന്നു അത്. ആ സ്ത്രീരൂപത്തെ കാണാന്‍ ആള്‍ക്കാര്‍ ഒഴുകിയെത്തി. അസഭ്യം നിറഞ്ഞ കമന്റുകള്‍ക്ക് മുന്നില്‍ ചൂളിക്കൊണ്ട് പേടിച്ച മൃഗത്തെപ്പോലെ ആ കറുത്ത സ്ത്രീ നിന്നുകൊടുത്തു. മനുഷ്യാവകാശപ്രവര്‍ത്തകര്‍ ശബ്ദമുയര്‍ത്തിയപ്പോള്‍ വില്യം ഡണ്‍ലപ് അവരെ സാറ എഴുതിക്കൊടുത്ത സമ്മതപത്രം കാണിച്ചു. അവള്‍ സ്വമനസ്സോടെയാണ് കൂട്ടിലിരിക്കുന്നതെന്നും വരുമാനത്തില്‍ ഒരു വിഹിതം കൈപ്പറ്റുന്നുണ്ടെന്നും അതില്‍ എഴുതിയിരുന്നു. അതേസമയം ഇത് ഒരു വ്യാജ സാക്ഷ്യപത്രമായിരുന്നു. കാരണം സാറ ബാര്‍ട്മാന്‍ സമ്പൂര്‍ണ നിരക്ഷരയായിരുന്നു. ഇംഗ്ലണ്ടില്‍ എതിര്‍പ്പുണ്ടായതോടെ അവളെ ഫ്രാന്‍സിലുള്ള ഒരാള്‍ വന്‍ വിലയ്ക്ക് വാങ്ങി പ്രദര്‍ശനത്തിനായി കൊണ്ടുപോയി. സമാനമായ പ്രദര്‍ശനങ്ങള്‍ അവിടെയും നടന്നു. അവിടെവെച്ച് 26-ാംവയസ്സില്‍ ന്യുമോണിയ ബാധിച്ചാണ് സാറാ ബാര്‍ട്മാന്‍ മരിക്കുന്നത്.

പാരീസില്‍വെച്ച് പ്രമുഖ നരവംശശാസ്ത്രജ്ഞനും വംശീയവാദിയുമായ ജോര്‍ജ് ക്വിയര്‍, സാറയെ ശ്രദ്ധിച്ചു. അവളുടെ ശരീരവും ജനിതകവും പരീക്ഷണവിധേയമാക്കണമെന്ന് അദ്ദേഹത്തിന് തോന്നി. ഹോട്ടന്‍ടോട്ട് വംശജര്‍ കുരങ്ങുകള്‍ക്കും നീഗ്രോകള്‍ക്കും ഇടയിലുള്ള കണ്ണിയാണെന്നായിരുന്നു കണ്ടെത്തല്‍. ചുരുക്കത്തില്‍ സാറ എന്ന മനുഷ്യസ്ത്രീയെ അവര്‍ ബുദ്ധിയുള്ള ജന്തുവായി വിലയിരുത്തി.

ജോര്‍ജ് ക്വിവിയര്‍ എന്ന മനുഷ്യവിരുദ്ധനായ നരവംശശാസ്ത്രജ്ഞന്റെ ലക്ഷ്യം ആഫ്രിക്കന്‍വംശീയതയെ മൃഗസമാനമാക്കുക എന്നതായിരുന്നു. അടിമകളാക്കി അമേരിക്കയില്‍ എത്തിക്കൊണ്ടിരിക്കുന്ന ആഫ്രിക്കന്‍വംശജര്‍ മനുഷ്യരല്ലെന്നും കാളകളെപ്പോലെ പണിയെടുപ്പിക്കാനുള്ളവരാണെന്നും അവര്‍ക്ക് കാമം ശമിപ്പിക്കാനുള്ള ലൈംഗികകൃഷിയിടമാണെന്നും പറഞ്ഞുകൊടുത്തു. ജന്തുസമാനമായ ക്രൗര്യമുള്ളതിനാല്‍ ആ രീതിയില്‍ കൈകാര്യംചെയ്യപ്പെടേണ്ടതാണെന്നും വ്യാഖ്യാനിച്ചു. അവരില്‍നിന്ന് മനുഷ്യത്വപരമായ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയായിരുന്നു.

സാറയോട് കാണിച്ച വംശീയ ജനിതക പരീക്ഷണങ്ങള്‍ ചര്‍ച്ചയായി. കറുത്തവര്‍ഗക്കാര്‍ക്കിടയില്‍ പ്രതിഷേധമുണ്ടായി. ദക്ഷിണാഫ്രിക്കയില്‍ ബ്രിട്ടന്റെ ആധിപത്യം അവസാനിക്കുകയും നെല്‍സണ്‍ മണ്‍ഡേല പ്രസിഡന്റാവുകയും ചെയ്തപ്പോള്‍ 1994-ല്‍ സാറയുടെ ശരീരാവശിഷ്ടങ്ങള്‍ ഫ്രാന്‍സിനോട് ആവശ്യപ്പെട്ടു. 2002-ല്‍ ഫ്രാന്‍സ് അത് വിട്ടുകൊടുത്തു. അങ്ങനെ 187 വര്‍ഷങ്ങള്‍ക്കുശേഷം ദക്ഷിണാഫ്രിക്കയിലെ ശാന്തൂസ് നദിക്കരയില്‍ സര്‍വവിധ ഔദ്യോഗികബഹുമതികളോടെ സാറയുടെ ഭൗതികാവശിഷ്ടങ്ങള്‍ സംസ്‌കരിച്ചു. അതും ദേശീയബഹുമതിദിനമായ ഓഗസ്റ്റ് 9-ന്.
മനുഷ്യര്‍ മനുഷ്യരോട് കാട്ടുന്ന കൊടും വംശീയതയുടെ ഒരുദാഹരണം മാത്രമാണ് സാറ. എല്ലാ വംശഹത്യകളുടെയും പിന്നില്‍ ഈ വംശീയതയാണ്. അമേരിക്കയില്‍ നടക്കുന്ന ഒറ്റപ്പെട്ടതെന്ന് തോന്നാവുന്ന, എന്നാല്‍ വ്യാപകമായ കൊലപാതകങ്ങള്‍ യഥാര്‍ഥത്തില്‍ കറുത്തവര്‍ക്കുനേരേയുള്ള വംശഹത്യയാണ്. അവിടെ നടന്ന ഒരു 'ഏകാംഗ വംശഹത്യ' ലോകം നടുക്കത്തോടെ കണ്ടിട്ട് അധികകാലമായിട്ടില്ല.

പരസ്യമായി തിരക്കുള്ള റോഡില്‍ ഒരു വെളുത്ത കാല്‍മുട്ട് കറുത്ത കഴുത്തില്‍ അമര്‍ത്തി ഞെരിക്കുന്ന കാഴ്ച. എട്ടുമിനിറ്റ് 46 സെക്കന്‍ഡ് നീണ്ടുനിന്ന ആ ഹിംസയുടെ അവസാനം വെളുത്ത കാല്‍മുട്ടില്‍ കിടന്ന് കഴുത്ത് ഞെരിഞ്ഞ് ശ്വാസംകിട്ടാതെ പിടയാനും കുതറാനുമാകാതെ അയാള്‍ മരിച്ചു. അഞ്ചുനൂറ്റാണ്ടുമുന്‍പ് യൂറോപ്യന്‍മാര്‍ അമേരിക്കയിലേക്ക് കുടിയേറുമ്പോള്‍തന്നെ അവിടെ തദ്ദേശീയരായ ലക്ഷക്കണക്കിന് റെഡ് ഇന്ത്യന്‍ വംശജരെ കൊന്നുതുടങ്ങിയ പരമ്പരയിലെ, ആഫ്രിക്കയില്‍നിന്ന് കടത്തിക്കൊണ്ടുവന്ന അടിമകളായ നിഗ്രോകളെ വേട്ടയാടിയ പരമ്പരയിലെ 'കൊളംബസ് ജീനു'കള്‍ ഇപ്പോഴും കൊണ്ടുനടക്കുന്ന അമേരിക്കന്‍ വംശീയതയുടെ പ്രദര്‍ശനമാണ് മിനസോട്ടയിലെ മിനിയാപോളിസ് എന്ന നഗരത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കാണിച്ചത്.

2020 മേയ് 25-ന് മരണത്തിന്റെ കാല്‍പ്പൂട്ടിനുള്ളില്‍ കിടന്ന് ഒന്ന് കുതറാനാകാതെ ജോര്‍ജ് അസ്പഷ്ടമായി പറഞ്ഞു: ''എനിക്ക് ശ്വാസം മുട്ടുന്നു.'' അമേരിക്കയുടെ തെരുവില്‍ ആളുകള്‍ നോക്കിനില്‍ക്കെ ആ ജീവന്‍ പിടച്ച് നിലച്ചു. ലോകം ലൈവായി അത് കാണുകയും ചെയ്തു.
മിനസോട്ടയിലെ മിനിയാപോളിസ് നഗരത്തില്‍, വ്യവസായ കേന്ദ്രത്തിന് തെക്കുള്ള പൗഡര്‍ഹോണ്‍ എന്ന സ്ഥലത്ത് വെച്ചായിരുന്നു സംഭവം. കടയില്‍ കൊടുത്ത സിഗരറ്റിന്റെ വിലയായ 20 ഡോളര്‍ കള്ളനോട്ടാണെന്ന് പറഞ്ഞായിരുന്നു ഡറിക്ക് ഷോവില്‍ എന്ന വെള്ളപ്പൊലീസ് ജോര്‍ജിനെ അറസ്റ്റുചെയ്തത്. മൂന്ന് സഹപൊലീസുകാരെ കാവല്‍ നിര്‍ത്തി വാഹനത്തിന്റെ അരികിലേക്ക് തള്ളിയിട്ട ജോര്‍ജിന്റെ കഴുത്തില്‍ മുട്ടുമടക്കി അമര്‍ത്തുകയായിരുന്നു.

ഏറെ പ്രക്ഷോഭങ്ങള്‍ക്കുശേഷം ഫ്‌ളോയിഡിന്റെ ഘാതകന്‍ 42കാരനായ ഡെറിക് ഷോവിന്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചപ്പോള്‍ അമേരിക്കന്‍ തെരുവീഥികളില്‍ നിന്നുയര്‍ന്ന മുദ്രാവാക്യത്തിന്റെ സാരം ഇങ്ങനെയായിരുന്നു. 'കറുത്ത അമേരിക്കയ്ക്ക് നീതിലഭിച്ചാല്‍ അത് അമേരിക്കയ്ക്ക് മൊത്തം നീതി' എന്നായിരുന്നു. പിതാവിന്റെ കൊലപാതകം ഈ ലോകത്തെ ആകെ മാറ്റിമറിച്ചുവെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ഫ്‌ളോയിഡിന്റെ ഏഴുവയസ്സുകാരിയായ മകള്‍ ജിയാനയോട് പറഞ്ഞത്.

ജോര്‍ജ് ഫ്‌ളോയ്ഡിന്റെ ഭാര്യ റോക്‌സി വാഷിംടണും മകള്‍ ജിയാന ഫ്‌ളോയ്ഡും
ജോര്‍ജ് ഫ്‌ളോയ്ഡിന്റെ ഭാര്യ റോക്‌സി വാഷിംടണും മകള്‍ ജിയാന ഫ്‌ളോയ്ഡും

ലോകമാസകലമുള്ള പ്രതിഷേധത്തെത്തുടര്‍ന്നാണ് ഫ്‌ളോയിഡ് കേസ് ഇത്രവേഗം വിചാരണയ്‌ക്കെടുത്ത് വിധി പ്രഖ്യാപിച്ചത്. എന്നാല്‍ ഘാതകന്‍ കുറ്റക്കാരനാണെന്ന് വിധിച്ച അതേദിവസംതന്നെയാണ് ഹോയോ സംസ്ഥാനത്തെ കൊളംബസില്‍ 15കാരിയായ കറുത്തവര്‍ഗക്കാരി മെകിയബ്രൈറ്റിനെ പോലീസ് വെടിവെച്ചുകൊന്നത്.

ആഫ്രിക്കയിലെ കറുത്തവര്‍ഗക്കാരായ മനുഷ്യരെ മൃഗങ്ങളെപ്പോലെ വേട്ടയാടിപ്പിടിച്ച് വിലപറഞ്ഞുവാങ്ങി ചങ്ങലക്കിട്ട് കപ്പലില്‍ക്കൊണ്ടുവന്ന എഡ്വേഡ് കോള്‍സ്റ്റന്റെ കഥ മറക്കാന്‍ കഴിയില്ല. ഈ ബിസിനസില്‍ ശതകോടികള്‍ സമ്പാദിച്ച കോള്‍സ്റ്റണ്‍, ഒരുലക്ഷത്തോളം അടിമകളെയാണ് അമേരിക്കന്‍ വന്‍കരയിലേക്ക് കടത്തിയത്. വടക്കേ അമേരിക്ക മുതല്‍ തെക്കേ അമേരിക്ക വരെ അതുനീണ്ടു. കപ്പലില്‍ മൃതപ്രായരായവരെയും പ്രതിഷേധിക്കുന്നവരെയും തിരമാലയിലേക്ക് വലിച്ചെറിഞ്ഞു. പണവും അധികാരവും വംശീയ മഹിമയുമുള്ള കോള്‍സ്റ്റന്റെ പ്രതിമകള്‍ ചിലസ്ഥലത്ത് സ്ഥാപിക്കപ്പെട്ടിരുന്നു. ബ്രിസ്റ്റളില്‍ 19-ാം നൂറ്റാണ്ടില്‍ സ്ഥാപിച്ച അത്തരമൊരു പ്രതിമ പ്രതിഷേധക്കാര്‍ തകര്‍ത്തു. അമേരിക്ക 'കണ്ടുപിടിച്ച' ക്രിസ്റ്റഫര്‍ കൊളംബസിന്റെ പ്രതിമയും തകര്‍ക്കപ്പെട്ടു. മിനസോട്ട, റിച്ച്മണ്ട്, വെര്‍ജിനിയ, ബോസ്റ്റണ്‍, സെന്റ്പോള്‍ തുടങ്ങിയ സ്ഥലങ്ങളിലുള്ള കൊളംബസിന്റെ പ്രതിമകളാണ് കറുത്തവരുടെ രോഷത്തിനിടയാക്കിയത്. കൊളംബസാണ് അമേരിക്ക കണ്ടുപിടിച്ചതെന്ന പാഠഭാഗങ്ങള്‍ ഒരു തലമുറയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് അവര്‍ പറഞ്ഞു. കൊളംബസ് കപ്പലിലെത്തിയ കൊലയാളിയാണെന്നാണ് കറുത്തവര്‍ പറയുക.

ബ്രിട്ടീഷ് നാവികന്‍ ക്യാപ്റ്റന്‍ ജോണ്‍ ഹാമില്‍ട്ടന്റെ പ്രതിമ ന്യൂസീലന്‍ഡിലെ ഹാമില്‍ട്ടന്‍ നഗരത്തില്‍നിന്ന് നീക്കിയതിനും കാരണമുണ്ട്. ഗോത്രവര്‍ഗക്കാരുടെ കൊലയാളി എന്ന പേരുള്ള അദ്ദേഹത്തിന്റെ പേരില്‍ത്തന്നെയാണ് ആ നഗരവും അറിയപ്പെടുന്നത്. 1860-ല്‍ ന്യൂസീലന്‍ഡിലെ ആദിഗോത്രവര്‍ഗക്കാരായ മവോരി വര്‍ഗക്കാരെ വേട്ടയാടി കൂട്ടക്കൊല ചെയ്തത് ഹാമില്‍ട്ടന്റെ സംഘമായിരുന്നു. ആ ഗോത്രങ്ങളുടെ വംശശുദ്ധീകരണം ചിലമേഖലകളില്‍ വ്യാപകമായി നടന്നു. യൂറോപ്യന്‍ കോളനിവത്കരണത്തിന്റെ പ്രതീകമായ ക്രിസ്ത്യന്‍ മിഷണറിയായ ജൂനിപൊറോവിന്റെ പ്രതിമ, സാന്‍ഫ്രാന്‍സിസ്‌കോയുടെ ഗോള്‍ഡന്‍ ഗേറ്റ് പാര്‍ക്കില്‍നിന്നാണ് പിഴുതുമാറ്റിയത്.

അമേരിക്കയില്‍ നൂറ്റാണ്ടുകളായി കറുത്തവര്‍ക്കുനേരേ നടക്കുന്ന വംശീയാക്രമണങ്ങള്‍ക്കെതിരെ ജനരോഷം പലരൂപത്തില്‍ ഉണ്ടാവാറുണ്ട്. പക്ഷേ, പലപ്പോഴും അതൊരു പൊതുവികാരമായി വരുന്നില്ല. അതേസമയം 2000-ത്തിനുശേഷം അതിലൊരു മാറ്റംവന്നു. 'ബ്ലാക്ലൈവ്സ് മാറ്റര്‍' എന്ന 'ഹാഷ്ടാഗി'ലൂടെ സൈബര്‍ മുന്നേറ്റം തുടങ്ങിയത് 2013-ലാണ്. ഫ്ളോറിഡയില്‍ ട്രേവണ്‍മാര്‍ട്ടിന്‍ എന്ന യുവാവിനെ വെടിവെച്ചുകൊന്ന സംഭവത്തില്‍ പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ വെറുതേവിട്ടതില്‍ പ്രതിഷേധിച്ചായിരുന്നു ഈ ഹാഷ്ടാഗ് സമരം. ലോകമാസകലം ഇതിന് അനുരണനമുണ്ടായി. 'ബ്ലാക്ക്ലൈവ്സ് മാറ്റര്‍' ചുരുങ്ങിയ കാലംകൊണ്ട് അമേരിക്കയില്‍ ചലനം സൃഷ്ടിച്ചു. അതോടെ വെള്ളപ്പോലീസുകാരുടെ ഇടയില്‍നിന്ന് എതിര്‍പ്പും രൂക്ഷമായി. ഒഹിയോവിലെ ക്ലീന്‍ലാന്‍ഡില്‍ പന്ത്രണ്ടുവയസ്സുകാരനായ താമിര്‍റാസ എന്ന വിദ്യാര്‍ഥിയെ പോലീസുകാര്‍ക്കുനേരേ കളിത്തോക്ക് ചൂണ്ടിയെന്ന പേരില്‍ വെടിവെച്ചുകൊന്ന സംഭവമുണ്ടായി. മിസൗറിയിലെ ഫെര്‍ഗുസോനില്‍ മൈക്കല്‍ ബ്രൗണ്‍ എന്ന 18-കാരനെ സിഗരറ്റ് മോഷ്ടിച്ചു എന്നാരോപിച്ചാണ് കൊലപ്പെടുത്തിയത്. കെന്റക്കിയില്‍ 29-കാരിയായ ബ്രിയോന്ന ടൈലറെ വീട്ടില്‍ക്കയറി പോലീസ് വെടിവെച്ചുകൊന്നു. വീട്ടില്‍ മയക്കുമരുന്ന് സൂക്ഷിച്ചു എന്ന സംശയത്തിന്റെ പേരില്‍ ഡള്ളാസിലെ ബോഥം ജീന്‍ എന്ന കറുത്തവര്‍ഗക്കാരനെ പോലീസ് ഓഫീസര്‍ വെടിവെച്ചുകൊല്ലുകയായിരുന്നു.

അമേരിക്കന്‍ വംശീയതയുടെ മുന്‍ഗാമി ബ്രിട്ടനാണ്. 16-ാം നൂറ്റാണ്ടില്‍ത്തന്നെ അമേരിക്കയില്‍ പതിമ്മൂന്ന് കോളനികള്‍ സ്ഥാപിച്ചുകൊണ്ട് ബ്രിട്ടന്‍ അതിന് തുടക്കമിട്ടു. ബ്രിട്ടീഷ് അധിനിവേശംവഴി കറുത്തവര്‍ കൂട്ടമായി അടിമകളായി. ഇവരുടെ പിന്മുറക്കാരാണ് ആഫ്രോ അമേരിക്കന്‍ വംശജര്‍. യു.എസ്. ജനസംഖ്യയില്‍ 13 ശതമാനത്തോളം അവരാണ്. എബ്രഹാം ലിങ്കന്റെ ഇടപെടല്‍കാരണം അമേരിക്കയില്‍ അടിമത്തം നിയമപരമായി ഇല്ലാതായി. അതേസമയം മനസ്സിന്റെ ആഴങ്ങളില്‍ വംശീയത ഒരു വലിയവിഭാഗം വെള്ളക്കാരുടെ മനസ്സില്‍ നിലനില്‍ക്കുന്നു. 1959-കളിലും 1960-കളിലും പിന്നീട് തുടര്‍ന്നുമുണ്ടായ വംശീയകലാപങ്ങള്‍ക്കുകാരണം വെളുത്തവരോട് തോന്നുന്ന കറുത്തവരുടെ അസഹിഷ്ണുതയാണെന്ന് ഇത്തരം അക്രമങ്ങളെക്കുറിച്ച് പഠിച്ച് ലിന്‍ഡന്‍.ബി.ജോണ്‍ സമര്‍പ്പിച്ച കെര്‍ണല്‍ കമ്മീഷന്‍ പറഞ്ഞിട്ടുണ്ട്.

രാജ്യത്തെ വംശീയവെറിയും വിവേചനവും അവസാനിപ്പിക്കാന്‍ ലക്ഷ്യംവെയ്ക്കുന്ന നിയമനിര്‍മാണങ്ങള്‍ക്ക് ജോ ബൈഡന്‍ തുടക്കംകുറിച്ചത് പ്രതീക്ഷയുളവാക്കുന്നതാണ്. ജോര്‍ജ് ഫ്ളോയിഡിന്റെ കൊലപാതകം നീതിയുടെ കഴുത്തില്‍ കാലമര്‍ത്തി ഞെരിച്ചതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരും തുല്യരാണ് എന്നതുതന്നെയാണ് അമേരിക്കന്‍ ജനാധിപത്യത്തിന്റെ അടിസ്ഥാനതത്ത്വം. പക്ഷേ, നമ്മുടെ ജനതയ്ക്ക് ഇതുവരെ അതിനുകഴിഞ്ഞില്ലെന്നും ബൈഡന്‍ വൈറ്റ് ഹൗസില്‍ പുതിയ നിയമനിര്‍മാണങ്ങള്‍ പരിഗണിക്കുന്ന വേളയില്‍ പറഞ്ഞിരുന്നു.

1989-ലെ കുപ്രസിദ്ധമായ സെന്‍ട്രല്‍ പാര്‍ക്ക്ഫൈറ്റ് സംഭവത്തിന്റെ പേരില്‍ കൗമാരക്കാരായ നിരപരാധികളായ അഞ്ചുപേര്‍ 12 വര്‍ഷം ജയിലിലടയ്ക്കപ്പെട്ട സംഭവം അമേരിക്കയിലെ നീതിന്യായവകുപ്പിന് നാണക്കേടുണ്ടാക്കിയിരുന്നു. ന്യൂയോര്‍ക്കിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ ഒരു വെളുത്തവര്‍ഗക്കാരിയായ യുവതി ബലാത്സംഗത്തിനിരയായി. ഈ കേസില്‍ അന്ന് സെന്‍ട്രല്‍ പാര്‍ക്കിലുണ്ടായിരുന്ന അഞ്ച് കറുത്തവര്‍ഗക്കാരായ കൗമാരക്കാര്‍ അറസ്റ്റിലായി. അവര്‍ സെന്‍ട്രല്‍ പാര്‍ക്കില്‍ ഉണ്ടായിരുന്നു എന്നുമാത്രമാണ് തെളിവ്. അവസാനം വെളുത്ത പോലീസിന്റെ ചോദ്യം ചെയ്യലില്‍, ഭീഷണിയില്‍, മര്‍ദനത്തില്‍ അവര്‍ പ്രതികളായി. ഒരാളെ ജയിലിലേക്കും നാലുപേരെ ജുവനൈല്‍ സെന്ററിലേക്കും മാറ്റി. കേസ് അവസാനിപ്പിച്ചു. പക്ഷേ, അമേരിക്കയില്‍ ഈ ശിക്ഷയ്‌ക്കെതിരെ വലിയ എതിര്‍പ്പുണ്ടായി. കുട്ടികളല്ല കുറ്റവാളികളെന്ന് പത്രങ്ങള്‍ പലതും എഴുതി. പക്ഷേ, പോലീസിന്റെ കൈയില്‍ കറുത്തവര്‍ക്കെതിരെ ശക്തമായ 'തെളിവുകള്‍' ഉണ്ടായിരുന്നു. 12 വര്‍ഷത്തിനുശേഷമാണ് കേസിന് ഞെട്ടിക്കുന്ന ട്വിസ്റ്റുണ്ടായത്. ഒരു ബലാത്സംഗക്കേസില്‍ അറസ്റ്റിലായ മത്തിയാസ് റെയ്സ് എന്നയാളെ ചോദ്യം ചെയ്യുമ്പോള്‍ സെന്‍ട്രല്‍ പാര്‍ക്കിലെ ബലാത്സംഗം നടത്തിയതും താന്‍ തന്നെയെന്ന് അയാള്‍ തുറന്നുപറഞ്ഞു. ഇതോടെ നിരപരാധികള്‍ ജയില്‍മോചിതരായി. അപ്പോഴേക്കും അവര്‍ 12 വര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ചുകഴിഞ്ഞിരുന്നു. കേസിലെ ഇത്തരം മുന്‍വിധികള്‍ കറുത്തവര്‍ഗക്കാര്‍ക്കുനേരേ ഉപയോഗിക്കുന്നതില്‍ വെളുത്ത പോലീസ് മടികാണിക്കാറില്ല.

(മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുവരുന്ന വംശഹത്യയുടെ ലോകചരിത്രം എന്ന പരമ്പരയില്‍ നിന്ന്‌.)

മുന്‍ലക്കങ്ങള്‍ വായിക്കാം

(തുടരും)

Content Highlights :History of Genocide Dinakaran Kombilath writes Genocide in United States of America

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram