വിശക്കാതിരുന്നത് കഴുകന് മാത്രം!; പൂച്ചയെ വരെ ഭക്ഷിച്ച യൂറോപ്പിന്റെ അപ്പക്കൂടായ യുക്രൈന്‍


ദിനകരന്‍ കൊമ്പിലാത്ത്‌

10 min read
Read later
Print
Share

പൂച്ചയുള്‍പ്പെടെ അരുമമൃഗങ്ങളെ കൊന്നുതിന്നാന്‍ തുടങ്ങി. കുട്ടികള്‍ വയലുകള്‍ പരതി തവളകളെയും മീനുകളെയും വേട്ടയാടി. ഇലകള്‍, പൂവുകള്‍, കായകള്‍, മരത്തോലുകള്‍, തളിരിലകള്‍, വേരുകള്‍, കിഴങ്ങുകള്‍ കിട്ടിയതെല്ലാം തിന്നാന്‍തുടങ്ങി. എലികള്‍, വലിയ പെരുച്ചാഴികള്‍ എന്നിവയും. പട്ടിണിയോടൊപ്പം ഛര്‍ദ്ദി, അതിസാരം എന്നിവ പടര്‍ന്നു.

സ്റ്റാലിൻ, യുക്രൈൻ വംശഹത്യ

ഫാസിസത്തിനെതിരേ ഉജ്ജ്വലമായ പോരാട്ടവിജയം നേടിക്കൊടുത്ത മഹാരഥന്‍ എന്നാണ് ജോസഫ് സ്റ്റാലിന്‍ കമ്യൂണിസ്റ്റ് ചരിത്രത്തില്‍ അറിയപ്പെടുന്നത്. രണ്ടാം ലോകമഹായുദ്ധത്തില്‍ റഷ്യയ്ക്ക് മാത്രം നഷ്ടമായ സൈനികരും സാധാരണക്കാരും ഉള്‍പ്പെടെ ലക്ഷക്കണക്കിനാളുകള്‍ ഫാസിസത്തെയും ഹിറ്റ്ലറുടെ ജര്‍മന്‍ സര്‍വാധിപത്യത്തെയും ഇല്ലാതാക്കാനുള്ള ജോസഫ് സ്റ്റാലിന്റെ ബലിദാനമായിരുന്നു എന്ന് പഴയ സോവിയറ്റ് റഷ്യന്‍ ചരിത്രം നമ്മെ പഠിപ്പിക്കുന്നു. അതേസമയം 1953-നുശേഷം സോവിയറ്റ് യൂണിയന്‍ പഠിപ്പിക്കാത്ത ചോരപുരണ്ട സ്റ്റാലിന്റെ ചരിത്രം പിന്നീട് പുറത്തുവന്നു. സ്റ്റാലിന്റെ കൊടുംക്രൂരതയുടെ ചരിത്രം. ജനാധിപത്യവിശ്വാസികളായ കമ്യൂണിസ്റ്റുകാര്‍ സ്റ്റാലിന്റെ ചെയ്തികളെ നടുക്കത്തോടെയാണ് പിന്നീട് കേട്ടത്. സ്റ്റാലിന്‍ മരിച്ച് നാലുദശകങ്ങള്‍ക്കകം റഷ്യയില്‍നിന്ന് കമ്യൂണിസവും അപ്രത്യക്ഷമായി. സ്റ്റാലിന്റെ മരണവാറണ്ട് ഭയന്ന് റഷ്യയില്‍നിന്ന് രക്ഷപ്പെട്ട് മെക്സിക്കോവില്‍ അഭയംതേടിയ, ഒരുകാലത്ത് സ്റ്റാലിന്റെ ഉറ്റസുഹൃത്തും കമ്യൂണിസ്റ്റ് നേതാവുമായ ലിയോണ്‍ ട്രോട്സ്‌കി കൊല്ലപ്പെടുമ്പോള്‍, അയാള്‍ സ്റ്റാലിന്റെ ആരും എഴുതാത്ത ദുരൂഹചരിത്രം എഴുതി പൂര്‍ത്തിയാക്കുകയായിരുന്നു. മഞ്ഞുകാലത്ത് പൂര്‍ത്തിയാക്കിയ ആ കയ്യെഴുത്തുപ്രതികളുടെ കെട്ടുകളിലാണ് ട്രോട്സ്‌കിയുടെ തലച്ചോറ് പൊട്ടി ചോരയോടൊപ്പം വീണത്. മഞ്ഞുകട്ട പൊട്ടിക്കുന്ന മഴുകൊണ്ട് പിന്നില്‍നിന്ന് കൊലയാളി അടിച്ച ഒറ്റയടിയില്‍തന്നെ ട്രോസ്‌കി തലതകര്‍ന്ന് മരിച്ചിരുന്നു.