നുഴഞ്ഞുകയറിയ ഭീകരത; പലസ്തീന്‍ മണ്ണ് യഥാര്‍ഥത്തില്‍ ആരുടേത്?


ദിനകരന്‍ കൊമ്പിലാത്ത്‌

5 min read
Read later
Print
Share

കൃത്യമായ ദേശാതിര്‍ത്തികളില്ലാത്ത അറബികളുടെ വിശാല പ്രദേശം. അക്കാലത്തെ ജനസംഖ്യയില്‍ 75 ശതമാനം മുസ്ലിങ്ങളും 20 ശതമാനം ക്രിസ്ത്യാനികളുമായിരുന്നു. അഞ്ചുശതമാനം മാത്രമായിരുന്നു യഹൂദര്‍. അറബ് സംസ്‌കാരത്തിന്റെ കേന്ദ്രമായിരുന്നു പലസ്തീന്‍. പക്ഷേ, യഹൂദര്‍ക്ക് അവിടെ മതപരവും വംശീയവുമായ ഒരു പൂര്‍വബന്ധമുണ്ടായിരുന്നു.

ഫോട്ടോ: എ.എഫ്.പി

ചരിത്രത്തിലെ ദീര്‍ഘവും ദയനീയവും സംഘര്‍ഷഭരിതവുമായ കഥയാണ് പലസ്തീന്റെത്. ഇസ്രായേല്‍ സയണിസ്റ്റ് വംശീയതയുടെ ചരിത്രംകൂടിയാണത്. മതവും വംശീയതയും അധികാരവും പ്രതികാരവും കുഴച്ചുരുട്ടിയെടുത്ത ഒരു കരിമരുന്നു പ്രത്യയശാസ്ത്രസംഹിതയാണ് സയണിസം. ആ ആശയത്തിന്റെ അസ്ഥികളില്‍നിന്നു പിറവിയെടുത്ത ഒരു രാഷ്ട്രമാണ് ഇസ്രയേല്‍. ആധുനിക ഇസ്രയേലിന്റെ പിറവിക്കുപിന്നില്‍ സാമ്രാജ്യത്വരാഷ്ട്രങ്ങളും അവയെ താങ്ങിനിര്‍ത്തുന്ന ഭരണവര്‍ഗങ്ങളും പാശ്ചാത്യ അധികാരകുതന്ത്രങ്ങളുമൊക്കെയുള്ളതായിക്കാണാം.

പലസ്തീന്‍-ഇസ്രയേല്‍ പ്രശ്‌നത്തില്‍ ലോകം ഇരുരാജ്യങ്ങള്‍ക്കുംവേണ്ടി പലപ്പോഴും വിഭജിച്ച് മാറിനിന്നിട്ടുണ്ട്. തീവ്ര ദേശീയവാദികള്‍, ഇസ്ലാമോഫോബിയക്കാര്‍, അമേരിക്കന്‍ പക്ഷപാതികള്‍ ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ ഇസ്രയേലിനെ പിന്തുണയ്ക്കുമ്പോള്‍ അറബികള്‍, വിവിധ മുസ്ലിം രാജ്യങ്ങള്‍, ചില കമ്യൂണിസ്റ്റ് രാജ്യങ്ങള്‍ എന്നിവര്‍ പലസ്തീനൊപ്പമാണ്. മഹാത്മാഗാന്ധിയും ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈനും വിശാലപലസ്തീനു നടുവില്‍ ഒരു ജൂതരാഷ്ട്രം എന്ന സാധ്യതയെ എതിര്‍ത്തവരാണ്. ആസന്നഭാവിയില്‍ അത് സൃഷ്ടിക്കുന്ന വംശീയഭീഷണിയെ മുന്‍നിര്‍ത്തിയാണ് ഗാന്ധിജി ആ നിലപാടെടുത്തത്.

ഓട്ടോമന്‍ സാമ്രാജ്യത്തിനുകീഴിലെ പഴയ പലസ്തീന്‍ രാജ്യം ജോര്‍ദാന്‍ നദി മുതല്‍ മെഡിറ്ററേനിയന്‍ കടല്‍ വരെ നീണ്ടുകിടക്കുന്നതായിരുന്നു. കൃത്യമായ ദേശാതിര്‍ത്തികളില്ലാത്ത അറബികളുടെ വിശാല പ്രദേശം. അക്കാലത്തെ ജനസംഖ്യയില്‍ 75 ശതമാനം മുസ്ലിങ്ങളും 20 ശതമാനം ക്രിസ്ത്യാനികളുമായിരുന്നു. അഞ്ചുശതമാനം മാത്രമായിരുന്നു യഹൂദര്‍. അറബ് സംസ്‌കാരത്തിന്റെ കേന്ദ്രമായിരുന്നു പലസ്തീന്‍. പക്ഷേ, യഹൂദര്‍ക്ക് അവിടെ മതപരവും വംശീയവുമായ ഒരു പൂര്‍വബന്ധമുണ്ടായിരുന്നു. അവര്‍ക്കും ക്രിസ്ത്യാനികള്‍ക്കും മുസ്ലിങ്ങള്‍ക്കും ഒരുപോലെ പ്രധാനമായ ജറുസലേം അവിടെയായിരുന്നു. അതിനടുത്തുള്ള പള്ളിയാണ് മുസ്ലിങ്ങള്‍ക്കു പ്രധാനം. മക്കയിലെ കഅബ കഴിഞ്ഞാല്‍ രണ്ടാമത്തെ വിശ്വാസപ്രാധാന്യമുള്ള പള്ളി. ബ്രിട്ടനുള്‍പ്പെടെയുള്ള സാമ്രാജ്യത്വരാഷ്ട്രങ്ങളുടെ കണ്ണ് പലസ്തീനില്‍ നേരത്തേയുണ്ട്. സൂയസ് കനാലുള്‍പ്പെടെ ഭൂമിശാസ്ത്രപരമായ കാരണങ്ങള്‍ അതിലൊന്നുമാത്രം. ഏകാധിപത്യ-മത-രാജാധിപത്യ ഭരണകൂടങ്ങള്‍, സൈനിക-അധിനിവേശ ഭരണകൂടങ്ങള്‍, തീവ്രവാദ-ഭീകര ഭരണകൂടങ്ങള്‍ എന്നിവയ്‌ക്കെല്ലാം കീഴില്‍ ഒരുവിഭാഗത്തെ ആസൂത്രിതമായി ഉന്മൂലനംചെയ്യുന്ന പ്രവണത ലോകം കണ്ടതാണ്. പല വംശീയന്യൂനപക്ഷങ്ങളും വംശഹത്യക്കിരയായതിനുപിന്നില്‍ ഏകാധിപത്യ-മതാധിപത്യ ഭരണകൂട പ്രത്യയശാസ്ത്രങ്ങള്‍തന്നെയാണ്. ജൂതപ്രത്യയശാസ്ത്രമായ സയണിസം വളരെ കൃത്യമായി അതിന്റെ ലക്ഷ്യം നേടിക്കഴിഞ്ഞു. ഇസ്രയേല്‍ എന്ന രാജ്യം ആഴത്തില്‍ അതിന്റെ ആണിക്കല്ലുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. മാത്രമല്ല സയണിസം ലോകത്തിലെ പല വംശീയഭരണകൂടങ്ങള്‍ക്കും മാതൃകയാവുകയും ചെയ്യുന്നു.

സയണിസത്തിന്റെ പ്രത്യേകത, അത് ജനാധിപത്യസംവിധാനത്തിലൂടെ തങ്ങളുടെ ആശയത്തെ സ്വന്തം ഭരണകൂടത്തില്‍ പ്രവര്‍ത്തിപ്പിക്കുന്നുവെന്നതാണ്. വംശീയോന്മൂലനത്തിന് അവര്‍ യുദ്ധത്തെ ഉപയോഗിക്കുന്നു; അതിര്‍ത്തിവികസനത്തിലൂടെ അധികാരം കാണിക്കുന്നു. അതേസമയം ഇസ്രയേല്‍ ഭരണകൂടം പ്രവര്‍ത്തിക്കുന്നത് തികച്ചും ജനാധിപത്യസംവിധാനത്തിലാണ്. ഒന്നാം ലോകയുദ്ധത്തിനു മുന്‍പുതന്നെ സയണിസചിന്തകള്‍ രൂപംകൊണ്ടിരുന്നു.

1895-ല്‍ ഫ്രാന്‍സിലെ ഒരു സൈനികകോടതിയില്‍ വിചാരണ നടക്കുന്ന സമയം. അവിടെയുണ്ടായിരുന്ന വിയന്നയിലെ ജൂത പത്രപ്രവര്‍ത്തകനായ തിയഡോര്‍ ഹെര്‍സിനെ ആ കോടതിയില്‍ നടന്ന 'കോര്‍ട്ട്മാര്‍ഷല്‍ നടപടി' വല്ലാതെ രോഷാകുലനാക്കി. അവിടെ വ്യാജരേഖ ചമച്ച് ഒരു പ്രതിയെ ശിക്ഷിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് തിയഡോറിന് മനസ്സിലായി. ഫ്രഞ്ച്സൈന്യത്തിലെ ഒരു യഹൂദ ക്യാപ്റ്റനായ ക്യാപ്റ്റന്‍ ഫ്രെഡ്ഡിയുടെ വിചാരണയാണ് രംഗം. ഫ്രെഡ്ഡിയെ അവിടെ കൊണ്ടുവന്നമാത്രയില്‍ കൂടിയിരുന്ന ജനങ്ങള്‍ അലറിവിളിച്ചു: ''അവന്‍ യഹൂദന്‍! അവനെ ഉടന്‍ കൊല്ലുക.'' ഫ്രെഡ്ഡിയെ അതിനിടെ സൈനികകോടതി നാടുകടത്താനുത്തരവിടുകയും ചെയ്തിരുന്നു. ഫ്രാന്‍സില്‍ നിലനില്‍ക്കുന്ന വംശീയമായ മനോഭാവം പ്രത്യേകിച്ചും ജൂതര്‍ക്കെതിരേയുള്ളത്, തിയഡോറിനെ ആശങ്കാകുലനാക്കി. ഒരു വിഷയത്തോട് നൈതികമായല്ല വംശീയമായാണ് ജനങ്ങള്‍ (ജനക്കൂട്ടം) പെരുമാറുന്നതെന്ന് പത്രപ്രവര്‍ത്തകന്‍കൂടിയായ അദ്ദേഹം തിരിച്ചറിഞ്ഞു. ലോകത്തിന്റെ പല സ്ഥലത്തും എന്നതുപോലെ ഫ്രാന്‍സിലും യഹൂദന്റെ സ്ഥിതി കഷ്ടത്തിലാണെന്ന് അദ്ദേഹത്തിന് തോന്നി. വിയന്നയിലേക്ക് തിരിച്ചുപോയിട്ടും തിയഡോറിനെ ഈ വികാരം അലട്ടിക്കൊണ്ടിരുന്നു. ഈ ആശങ്കയുടെയും ചിന്തയുടെയും ഫലമാണ് സയണിസം എന്ന തത്ത്വശാസ്ത്രത്തിന്റെ ഭ്രൂണം അദ്ദേഹത്തിന്റെ മനസ്സില്‍ രൂപംകൊള്ളുന്നത്.

ജൂതരുടെ പുണ്യഗൃഹമായ ജെറുസലേം എന്നര്‍ഥം വരുന്ന സിയോണ്‍ എന്ന ഹീബ്രു പദത്തില്‍നിന്നാണ് 'സയണിസം' എന്ന പദത്തിന്റെ ഉദ്ഭവം. 3000-ത്തിലധികം വര്‍ഷങ്ങള്‍ക്കുമുന്‍പ് ഇന്നത്തെ പലസ്തീന്‍ നിലനിന്നിരുന്ന സ്ഥലത്ത് യഹൂദരാജ്യം ഉണ്ടായിരുന്നു. അത് പിന്നീട് ചിതറിപ്പോയതാണെന്നും ആ സ്ഥലത്തുതന്നെയായിരിക്കണം ജൂതരുടെ വാഗ്ദത്തഭൂമി എന്നും സയണിസം നിര്‍ദേശിക്കുന്നു. തിയഡോര്‍ നൂറുപേജിലധികംവരുന്ന ഒരു പ്രബന്ധം തയ്യാറാക്കി. ''പീഡനങ്ങളും ഭീതിയുമില്ലാത്ത ഒരു സ്ഥലം. അവിടെ യഹൂദര്‍ക്ക് സമാധാനത്തോടെ സ്വസ്ഥമായി ആരെയും പേടിക്കാതെ ജീവിക്കാന്‍ കഴിയണം. ഒരു രാജ്യം ഒരു സ്വപ്നം.''തിയഡോര്‍ പ്രബന്ധം യഹൂദബുദ്ധിജീവികള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുത്തു.

1897-ല്‍ അഖിലലോക സയണിസ്റ്റ് കോണ്‍ഫറന്‍സ് സ്വിറ്റ്സര്‍ലന്‍ഡിലെ ബേസലില്‍ നടന്നു. ആദ്യത്തെ സയണിസ്റ്റ് കോണ്‍ഗ്രസ്. അതിന്റെ വിജയം പിന്നീട് വലിയ തുടര്‍ചലനങ്ങളുണ്ടാക്കി. തിയഡോര്‍ ലോകത്തിലെ ജൂതരുടെ ആവേശം തിരിച്ചറിഞ്ഞു. പലസ്തീനില്‍ യഹൂദരുടെ പുനരധിവാസത്തിനായി പ്രത്യേക ഫണ്ട് തുടങ്ങാന്‍ തീരുമാനമായി. യഹൂദര്‍ക്ക് അവിടെ സ്ഥലം വാങ്ങാന്‍ ലാന്‍ഡ് ബാങ്ക് രൂപവത്കരിച്ചു. ലോകത്ത് എല്ലായിടത്തുമുള്ള യഹൂദരെ പലസ്തീനിലെത്തിക്കുകയായി പിന്നീടുള്ള ശ്രമങ്ങള്‍. നൂറ്റാണ്ടുകളായി തരിശായിക്കിടക്കുന്ന പലസ്തീനിലെ സ്ഥലങ്ങള്‍ സ്വന്തമാക്കി അവിടെ ആധുനിക കൃഷി തുടങ്ങാനുള്ള ലക്ഷ്യം രൂപംകൊണ്ടു. കുടിയേറ്റവും വ്യാപകമായി. 1908-ല്‍ 'പലസ്തീനി യഹൂദ ഏജന്‍സി' എന്ന സംഘടനയാണ് യഹൂദര്‍ക്ക് ഭൂമി വാങ്ങാനും മറ്റും ആഗോളതലത്തില്‍ ഫണ്ട് ശേഖരിച്ചത്. ഒന്നാം ലോകയുദ്ധത്തിന്റെ സമയത്താണ് ഇസ്രയേല്‍ എന്ന ഭാവിരാഷ്ട്രത്തിന് അനുകൂലമായ വികാരം ഉണ്ടാകുന്ന ഒരു സംഭവം അരങ്ങേറുന്നത്. അന്ന് ബ്രിട്ടീഷ് വിദേശകാര്യമന്ത്രിയായിരുന്ന ബാല്‍ഫോര്‍ നടത്തിയ പ്രഖ്യാപനം പിന്നീട് 'ബാല്‍ഫര്‍ ഡിക്ലറേഷന്‍' എന്നപേരില്‍ അത് അറിയപ്പെട്ടു. യഹൂദര്‍ക്ക് പലസ്തീനില്‍ ഒരു സ്വന്തം രാജ്യം ഉണ്ടാക്കുന്ന കാര്യത്തില്‍ ബ്രിട്ടന്‍ അനുകൂലമാണെന്നായിരുന്നു ബാല്‍ഫറിന്റെ പ്രഖ്യാപനം. നിലവില്‍ അവിടത്തെ അവകാശികളായ പലസ്തീനികള്‍ക്ക് വിഷമമുണ്ടാവാത്തതരത്തിലായിരിക്കും ഇത് നടപ്പാക്കുക എന്നും ബാല്‍ഫര്‍ പറഞ്ഞു. അന്ന് ബ്രിട്ടനായിരുന്നു പലസ്തീന്റെ മേല്‍ അധികാരം. സമ്പന്നരായ ജൂതന്മാരുടെ സഹായവും പ്രീതിയും ഒന്നാംലോകയുദ്ധകാലത്ത് ബ്രിട്ടന് ആവശ്യമായിരുന്നു.

മറ്റൊരു സംഭവംകൂടി ഇതിനോടൊപ്പം ചേര്‍ത്തുവായിക്കണം. അത് ഒരു യഹൂദശാസ്ത്രജ്ഞന്റെ ഇടപെടലാണ്. ചെയിംവെസ്തമാന്‍ എന്ന രസതന്ത്രജ്ഞനായിരുന്നു അത്. ഒന്നാം ലോകമഹായുദ്ധസമയത്ത് ആര്‍ട്ടിലറി ഷെല്ലിന് വലിയ ക്ഷാമം നേരിട്ടു. ഇതിനാവശ്യമായ ഒരു രാസവസ്തു വന്‍തോതില്‍ ചെയിംവെസ്തുമാനും സംഘവും ബ്രിട്ടന് നിര്‍മിച്ചുനല്‍കി. ജൂതരോട് ഇക്കാര്യത്തിലും ബ്രിട്ടന് നന്ദിയുണ്ടായിരുന്നു. യുദ്ധത്തില്‍ ബ്രിട്ടന് വലിയ നേട്ടമുണ്ടാക്കിയതായിരുന്നു ഈ കണ്ടുപിടിത്തം. ചെയിംവെസ്തുമാനെ സംബന്ധിച്ചിടത്തോളം ഒരു പ്രത്യേക ജൂതരാജ്യം എന്നത് സന്തോഷമുളവാക്കുന്ന കാര്യമായിരുന്നു. ഒന്നാം ലോകയുദ്ധത്തില്‍ ജര്‍മനിയും തുര്‍ക്കിയും തോറ്റു. തുര്‍ക്കിയുടെ വലിയ ഭാഗം ഫ്രാന്‍സിനും ബ്രിട്ടനും വീതിച്ചുകിട്ടി. ഈ സമയം പലസ്തീനിലേക്ക് യഹൂദര്‍ വന്‍തോതില്‍ കുടിയേറി. 1944 വരെ കുടിയേറ്റം അസാമാന്യ വേഗത്തിലായി. പിന്നീട് അവിടത്തെ അറബികള്‍ എതിര്‍പ്പുമായി രംഗത്തെത്തിയപ്പോള്‍ പ്രശ്‌നങ്ങള്‍ രൂപംകൊണ്ടു. അതുകൊണ്ട് ബ്രിട്ടന്‍ കുടിയേറ്റത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. പക്ഷേ, അത് ജൂതര്‍ ഗൗരവത്തിലെടുത്തില്ല. ബ്രിട്ടനും കാര്യങ്ങള്‍ കര്‍ശനമാക്കിയില്ല. കുടിയേറ്റം അനുസ്യൂതം തുടര്‍ന്നു. 1947 ആവുമ്പോഴേക്കും ജൂതജനസംഖ്യ പത്തുലക്ഷത്തോളം എത്തിയിരുന്നു. അവര്‍ പലസ്തീന്റെ വലിയ ഭൂവിഭാഗങ്ങള്‍ സ്വന്തമാക്കുകയും ചെയ്തു. എത്രയോ കാലമായി അവിടെ താമസിച്ചിരുന്ന പലസ്തീനികളായ അറബികള്‍ പിന്നോട്ടുപിന്നോട്ട് മാറുവാനുള്ള സാഹചര്യമുണ്ടായി. അവസാനം ഈ മേഖല വലിയ യുദ്ധമേഖലയായി. 75 വര്‍ഷത്തിനിടെ നിരവധി ആക്രമണങ്ങള്‍ ഉണ്ടായി. ആയിരക്കണക്കിന് പലസ്തീനികള്‍ കൊല്ലപ്പെട്ടു.

ജൂതര്‍ക്കുനേരെ അറബികള്‍ പ്രതിരോധിച്ച ആദ്യ സംഭവം 1920 ഏപ്രില്‍ 4-നാണ്. അറബികളുടെ നബിമൂസാ എന്ന ഉത്സവം ജറുസലേമിലൂടെ കടന്നുപോകുമ്പോള്‍. അഞ്ച് ജൂതരും നാല് അറബികളും കൊല്ലപ്പെട്ടു. മരണസംഖ്യ കുറവാണെങ്കിലും അക്രമത്തിന്റെ വ്യാപ്തി വലുതായിരുന്നു. 1921-ല്‍ തുറമുഖനഗരമായ ജാഫയില്‍ ജൂത കമ്യൂണിസ്റ്റ് പാര്‍ട്ടി സംഘടിപ്പിച്ച മെയ്ദിന റാലിക്ക് നേരെ അക്രമമുണ്ടായി. ഇരുഭാഗത്തുമായി നൂറോളംപേര്‍ കൊല്ലപ്പെട്ടു. മുസ്ലിങ്ങളുടെ പുണ്യകേന്ദ്രമായ അല്‍അക്സാ പള്ളി പിടിച്ചടക്കാന്‍ ജൂതര്‍ ഒരുങ്ങുന്നു എന്ന പ്രചാരണത്തിന്റെ ഭാഗമായി നടന്ന അക്രമത്തിലും വലിയ ആള്‍നാശമുണ്ടായി. യുദ്ധത്തില്‍ ശത്രുക്കളെ സഹായിച്ചുവെന്ന് പറഞ്ഞ് ജൂതര്‍ പലസ്തീനികളെ ആക്രമിച്ചു. പട്ടാളം വ്യാപകമായ കൂട്ടക്കൊല നടത്തി. സ്ത്രീകള്‍ കൂട്ടബലാത്സംഗത്തിനിരയായി. 300-ലധികം ആള്‍ക്കാര്‍ കൊല്ലപ്പെട്ടു. അഞ്ചുലക്ഷത്തോളംപേര്‍ അതിര്‍ത്തികളിലേക്കും മറ്റും പലായനംചെയ്തു. ചെറുതും വലുതുമായ ഒരുപാട് ഏറ്റുമുട്ടലുകള്‍ പിന്നീട് നടന്നു. ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടു. പലസ്തീന്‍ ലോകത്തിന്റെ ദൈന്യമായിമാറി.

1956-ലെ സൂയസ് കനാല്‍ പ്രതിസന്ധി, 1973-ലെ യോംകിപുര്‍ യുദ്ധം, 1982-ലെയും 2006-ലെയും ഒന്നും രണ്ടും ലെബനന്‍ യുദ്ധങ്ങളുള്‍പ്പെടെ എത്രയോ സംഘര്‍ഷങ്ങള്‍ ഈ മേഖലയില്‍ നടന്നു. നിരന്തരമായ ബോംബാക്രമണങ്ങള്‍. മിസൈല്‍ ആക്രമണങ്ങള്‍ എന്നിവ പലസ്തീനിലെ മഹാദുരിതങ്ങളായിമാറി. പി.എല്‍.ഒ. തലവന്‍ യാസര്‍ അറാഫത്തിന്റെ സമാധാനശ്രമങ്ങള്‍ ആദ്യം ഫലംകണ്ടെങ്കിലും പിന്നീട് തകര്‍ന്നു. ഹമാസിനെപ്പോലുള്ള തീവ്രവാദപ്രസ്ഥാനങ്ങള്‍ പി.എല്‍.ഒ.വില്‍നിന്ന് രൂപംകൊള്ളുന്നത് പിന്നീടാണ്. 1948 മേയ് 14-ന് ബന്‍ഗൂറിയന്റെ നേതൃത്വത്തില്‍ ഇസ്രയേല്‍ സര്‍ക്കാര്‍ തങ്ങളുടെ രാഷ്ട്രപ്രഖ്യാപനത്തില്‍ പറഞ്ഞ കാര്യത്തില്‍ തീര്‍ത്തും വിരുദ്ധമായ സമീപനമാണ് 70 വര്‍ഷത്തിനുശേഷം മുന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സെനറ്റില്‍ അവതരിപ്പിച്ച പുതിയ രാഷ്ട്രപ്രഖ്യാപനം. ഇസ്രയേലിലെ ഫാസിസ്റ്റ് വംശീയതയെ തൃപ്തിപ്പെടുത്തി തിരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വരികയായിരുന്നു ഇതിന്റെ ലക്ഷ്യം.

ആദ്യപ്രധാനമന്ത്രി ബന്‍ഗൂറിയന്റെ പ്രഖ്യാപനംഓര്‍ക്കുക:''പ്രവാചകന്മാര്‍ വിഭാവനംചെയ്തതുപോലെ സമാധാനത്തിലും സ്വാതന്ത്ര്യത്തിലും നീതിയിലും അധിഷ്ഠിതമായ ഒരു രാഷ്ട്രമായിരിക്കും നമ്മുടെത്. മതം, വിശ്വാസം, ഭാഷ, വിദ്യാഭ്യാസം എന്നിവ എല്ലാവര്‍ക്കും തുല്യമായി ഉറപ്പുവരുത്തും. എല്ലാ മതവിശ്വാസികളുടെയും ആരാധനാലയങ്ങള്‍ സംരക്ഷിക്കും. യു.എന്‍. ചട്ടങ്ങളോട് പൂര്‍ണമായും കൂറുപുലര്‍ത്തും.'' ഈ പ്രഖ്യാപനത്തെ അട്ടിമറിക്കുന്നതായിരുന്നു നെതന്യാഹുവിന്റെ നിലപാട്. നെതന്യാഹുവിന്റെ നയമനുസരിച്ച് അറബികള്‍ രണ്ടാംതരം പൗരന്മാരാവും. തിരഞ്ഞെടുപ്പില്‍ നെതന്യാഹുവിന്റെ പാര്‍ട്ടിക്ക് ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞില്ല എന്നത് വസ്തുതയാണ്. ഈ ജൂതദേശരാഷ്ട്രപ്രഖ്യാപനത്തോടെ 20 ശതമാനംവരുന്ന അറബ്വംശജര്‍ രണ്ടാംകിട പൗരന്മാരായി. ഇത് ജനാധിപത്യത്തിന്റെ അവസാനവും വംശീയഫാസിസത്തിന്റെ തുടക്കവുമാണെന്നാണ് ഇസ്രയേലിലെ പ്രതിപക്ഷം പ്രതികരിച്ചത്. 1993-ല്‍ പലസ്തീന്‍രാഷ്ട്രം രൂപവത്കരിക്കാമെന്ന ഓസ്ലോ ഉടമ്പടിയില്‍ ഒപ്പുവയ്ക്കുമ്പോള്‍പോലും പലസ്തീനും ഇസ്രയേലിനെ അംഗീകരിച്ചിരുന്നു എന്നോര്‍ക്കുക. വംശീയതയെക്കുറിച്ച് പഠിക്കുമ്പോള്‍ ഇസ്രയേല്‍ ഒരു പാഠമാണ്. മതത്തെ ഭരണകൂടത്തില്‍ വിളക്കിയെടുത്തുകൊണ്ടുള്ള രാഷ്ട്രനിര്‍മിതി!

(തുടരും)

(മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന വംശഹത്യയുടെ ലോകചരിത്രം എന്ന പംക്തിയില്‍ നിന്ന്)

Content Highlights :History of Genocide Dinakaran Kombilath writes about the unending war between Israel and Palestine

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram