ഫോട്ടോ എ.എഫ്.പി
ഒട്ടും രക്തരൂഷിതമല്ലെങ്കിലും അതിഭയാനകമായ ഒരു വംശഹത്യയുടെ വൃത്താന്തമാണിത്. ചൈന ഉയിഗുര്‍ മേഖലയില്‍ നടത്തുന്ന സാംസ്‌കാരിക വംശഹത്യ. ഒരു ജനതയുടെ സ്വത്വത്തെ അധികാരവും ആയുധവും ഉപയോഗിച്ച് ഇല്ലാതാക്കാനുള്ള ബഹുമുഖ പദ്ധതി.
സ്വതന്ത്രകമ്പോളവ്യവസ്ഥയുടെയും മുതലാളിത്ത സാമ്പത്തികപരിഷ്‌കരണത്തിന്റെയും പളപളപ്പുള്ള വളര്‍ച്ചയിലാണ് ചൈനയെങ്കിലും അവിടെനിന്നുള്ള സ്വതന്ത്ര രാഷ്ട്രീയവാര്‍ത്തകള്‍ക്ക് ഇന്നും അത്രവലിയ സ്വാതന്ത്ര്യമില്ല. സാമ്പത്തികമായി ചൈന അതിന്റെ സഹസ്രജാലകങ്ങള്‍ ലോകത്തിനുമുന്നില്‍ തുറന്നുകൊടുത്തെങ്കിലും രാഷ്ട്രീയമായി അതിന്റെ കിളിവാതിലുകള്‍ ഒന്നൊന്നായി അടയ്ക്കുകയായിരുന്നു. ഇപ്പോള്‍ ചൈനയ്‌ക്കെതിരേയുള്ള വലിയ ആരോപണം, ആ രാജ്യം വംശീയ ന്യൂനപക്ഷങ്ങള്‍ക്കുനേരേ, പ്രത്യേകിച്ചും ഉയിഗുര്‍ മുസ്ലിങ്ങള്‍ക്കുനേരേ നടത്തുന്ന ക്രൂരമായ വംശീയവിദ്വേഷവും വംശഹത്യയുമാണ്.
ഉയിഗുര്‍ മുസ്ലിങ്ങള്‍ക്കെതിരേ ജിന്‍ പിങിന്റെ ഭരണകൂടം നടത്തുന്ന അടിച്ചമര്‍ത്തലും പീഡനങ്ങളും ചൈനയ്ക്കുപുറത്ത് വലിയ വാര്‍ത്തയാണിപ്പോള്‍. മുതലാളിത്തമാധ്യമങ്ങള്‍ കമ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരേ കള്ളക്കഥകള്‍ മെനയുകയാണെന്ന് ചൈന പറയുമ്പോഴാണ് ബി.ബി.സി.യുടെ മാധ്യമപ്രവര്‍ത്തകര്‍ ഉയിഗുര്‍ മേഖല സന്ദര്‍ശിച്ച് പീഡനങ്ങളുടെ യഥാര്‍ഥചിത്രം പുറത്തുകൊണ്ടുവന്നത്. അതോടെ ജനകീയചൈന നടത്തുന്ന വംശഹത്യ വലിയ വാര്‍ത്തയായി. ഒരുലക്ഷത്തോളം ഉയിഗുര്‍ വംശജരെ പ്രത്യേക ഡിറ്റെന്‍ഷന്‍ ക്യാമ്പുകളിലടച്ച് തടവുകാരാക്കുകയും ഉയിഗുര്‍ മേഖലയാകെ ഭരണകൂടത്തിന്റെ ചാരവലയം സൃഷ്ടിച്ചെടുത്ത് അവരെ 'അച്ചടക്കമുള്ള കുട്ടി'കളാക്കി അടിച്ചമര്‍ത്തുകയും ചെയ്യുന്നതായാണ് പരാതി.
തുര്‍ക്കി പാരമ്പര്യമുള്ള ഉയിഗുര്‍ മുസ്ലിങ്ങളുടെ വംശീയത ഭാവിയില്‍ തങ്ങള്‍ക്ക് വലിയ ഭീഷണിയാകുമെന്നാണ് ചൈന കരുതുന്നത്. ചൈനയുമായി പുറംലോകത്തെ ബന്ധപ്പെടുത്തിയിരുന്ന പുരാതന പട്ടുപാത ഈ മേഖലവഴിയാണ്. ചൈനയുടെ അഭിമാനമായ 'വണ്‍ ബെല്‍റ്റ് വണ്‍ റോഡ്' കടന്നുപോകുന്നതും ഇതുവഴിയാണ്. ധാതുനിക്ഷേപങ്ങള്‍, എണ്ണസമ്പത്ത്, പരുത്തിക്കൃഷികേന്ദ്രം ഇവയൊന്നും സ്വപ്നത്തില്‍പ്പോലും നഷ്ടപ്പെട്ടുപോകരുതെന്ന് കരുതുന്ന, സ്വയംഭരണപ്രദേശമാണ് സിന്‍ജിയാങ്. ചൈനയുടെ കണക്കു പ്രകാരം അപകടകരമായ അതിര്‍ത്തിരാജ്യങ്ങളാണ് സിന്‍ജിയാങ് പ്രവിശ്യക്കുചുറ്റും.
ഒരു വംശത്തിനുമേലുള്ള അധിനിവേശത്തിലൂടെ സാംസ്‌കാരികവും ചരിത്രപരവുമായ എല്ലാ അവശേഷിപ്പുകളെയും തുടച്ചുനീക്കുകയെന്നുള്ളതാണ് 'കള്‍ച്ചറല്‍ ജിനോസൈഡ്'. പിന്നീട് വരുന്ന തലമുറയില്‍നിന്ന് ആ സാംസ്‌കാരികകണ്ണികള്‍ പിഴുതുമാറ്റപ്പെടും.
ചൈനയിലെ ഉയിഗുര്‍ 'വംശഹത്യ'യുടെ കൃത്യമായ പടിക്കെട്ടുകള്‍ ഓരോന്നും പരിശോധിക്കുമ്പോള്‍ ഒരു ജനവിഭാഗത്തിനുമേല്‍ നടത്തുന്ന കൊടിയ അധീശത്വവും ആധിപത്യവും തെളിഞ്ഞുകാണാം. അധികാരവും ആയുധവും അത് സൃഷ്ടിക്കുന്ന ഭയവുമാണ് ഇവിടെ ഉപയോഗിക്കപ്പെടുന്നത്.
ഈയടുത്തകാലത്താണ് 'ബി.ബി.സി. വേള്‍ഡ് ന്യൂസ്' ചൈന നിരോധിച്ചത്. ഇതിനുകാരണം ഉയിഗുര്‍ മുസ്ലിങ്ങള്‍ക്കുനേരേ നടന്ന ചൈനീസ് അധിനിവേശം റിപ്പോര്‍ട്ടുചെയ്തതായിരുന്നു. പീഡനത്തിനിരയായവരെയും അവരുടെ ബന്ധുക്കളെയും രാജ്യത്തിനു പുറത്തുവെച്ച് ബി.ബി.സി. ലേഖകര്‍ ഇന്റര്‍വ്യൂ ചെയ്തു. വന്‍മതിലിനുള്ളിലെ ഭീകരത പുറംലോകമറിഞ്ഞു.
ചൈനയില്‍ ഉയിഗുര്‍ മുസ്ലിം ജനതയോട് ആ രാജ്യത്തെ ഭരണകൂടം നടത്തുന്ന പീഡനം പുറത്തുകൊണ്ടുവന്ന തമിഴ് വംശജയായ യു.എസ്. പത്രപ്രവര്‍ത്തക മേഘ രാജഗോപാലിന് പുലിറ്റ്സര്‍ അവാര്‍ഡ് ലഭിച്ചിരുന്നു. ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ബസ്ഫീഡ് ന്യൂസിന്റെ ചൈനാ ലേഖികയായിരുന്നു മേഘ. സംഭവം പുറത്തറിഞ്ഞതോടെ മേഘയെ ചൈനീസ് ഭരണകൂടം പുറത്താക്കി. തടങ്കല്‍പ്പാളയങ്ങളില്‍ ഉയിഗുര്‍ മുസ്ലിങ്ങള്‍ പീഡനത്തിനിരയാവുന്നുവെന്നുള്ള വാര്‍ത്ത ചൈനീസ് ഭരണകൂടം നിഷേധിച്ച സമയത്താണ് മേഘ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പീഡനം ഭയന്ന് കസാഖ്സ്താനിലേക്ക് രക്ഷപ്പെട്ട ഉയിഗുര്‍ മുസ്ലിങ്ങളെയും മേഘ നേരിട്ടുകണ്ട് അഭിമുഖം നടത്തിയിരുന്നു.
വിശാലമായ ചൈനയുടെ മധ്യകിഴക്കന്‍ ഭാഗത്തുള്ള തന്ത്രപ്രധാനമായ മേഖലയാണ് സിന്‍ജിയാങ്. ഇവിടെയാണ് ഏകദേശം മൂന്നുകോടിയോളം വരുന്ന ഉയിഗുര്‍ മുസ്ലിം ന്യൂനപക്ഷം ജീവിക്കുന്നത്. ഒരു സ്വയംഭരണപ്രദേശമായിരുന്ന സിന്‍ജിയാങ് 1949-ല്‍ പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന രൂപംകൊണ്ടതോടെ കമ്യൂണിസ്റ്റ് ചൈനയുടെ ഭാഗമായിമാറി. അന്നുമുതലേ സിന്‍ജിയാങ്ങിന്റെ മേല്‍ പ്രത്യക്ഷവും പരോക്ഷവുമായി അധികാരയന്ത്രം പ്രവര്‍ത്തിച്ചുവന്നിരുന്നു. തുര്‍ക്കിപാരമ്പര്യമുള്ള, പ്രത്യേക ആചാരാനുഷ്ഠാനങ്ങളും കൃത്യമായ മതബോധവുമുള്ള ന്യൂനപക്ഷമാണ് ഉയിഗുര്‍ മുസ്ലിങ്ങള്‍.

1949 മുതല്‍തന്നെ ഉയിഗുര്‍ മേഖലയിലെ വംശീയാധിപത്യം തകര്‍ക്കാനുള്ള ഗൂഢമായ ശ്രമങ്ങള്‍ ചൈന നടത്തിക്കൊണ്ടിരുന്നു. കമ്യൂണിസ്റ്റ് രാജ്യത്തിനുള്ളില്‍ ഒരു വംശീയാധിപത്യവും അധികാരമേഖലയും വളരുന്നത് അനുവദിക്കാനാവില്ലെന്നാണ് ചൈനീസ് പാര്‍ട്ടിയുടെ അഭിപ്രായം. ചൈനക്കാരായ ഹാന്‍ വംശക്കാരെ കൃത്യമായി, കാലാകാലമായി സിന്‍ജിയാങ് പ്രവിശ്യയില്‍ കുടിയിരുത്തിക്കൊണ്ടിരുന്നു. ഉയിഗുര്‍ സ്ത്രീകളെ ഹാന്‍ വംശജരെക്കൊണ്ട് വിവാഹംകഴിപ്പിച്ചും മതമില്ലാത്ത ആള്‍ക്കാരെ പ്രോത്സാഹിപ്പിച്ചും സഹായിച്ചും ഉയിഗുര്‍ സ്വത്വം തകര്‍ത്തും പുതിയൊരു സാമൂഹികതലം ചൈന ഇവിടെ മെല്ലെ രൂപപ്പെടുത്തിയിരുന്നു. അതിനുനേരേയുള്ള പ്രതിഷേധത്തെയാണ് ഇപ്പോള്‍ ക്രൂരമായി ആ രാജ്യം അടിച്ചമര്‍ത്തിക്കൊണ്ടിരിക്കുന്നത്.
1950-ല്‍ ജനസംഖ്യയുടെ 70 ശതമാനം, തുര്‍ക്കിഭാഷ സംസാരിക്കുന്ന ഉയിഗുര്‍ വംശജരായിരുന്നു ഉയിഗുര്‍ മേഖലയില്‍. ആസൂത്രിതമായ നീക്കത്തിലൂടെ ചൈന അവരുടെ ജനസംഖ്യ കുറച്ചുകൊണ്ടുവന്നു. ഭാഷയുടെ ആധിപത്യം കുറച്ചുകൊണ്ടുവന്നു. സര്‍ക്കാരിന്റെ നയങ്ങളെ എതിര്‍ക്കുന്ന ഉയിഗുര്‍ വംശജരെ തടവറകളിലേക്കും ഡിറ്റെന്‍ഷന്‍ ക്യാമ്പിലേക്കും പറഞ്ഞയക്കുകയും അവിടെ ഭീഷണിപ്പെടുത്തി സര്‍ക്കാര്‍നയങ്ങളോട് അനുകൂലമനോഭാവമുണ്ടാക്കുകയുമായിരുന്നു ചൈനീസ് സര്‍ക്കാരിന്റെ രീതി. ഇത്തരം വാര്‍ത്തകള്‍ ആദ്യം ചൈന നിഷേധിച്ചു. കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പ് നിര്‍മിച്ച വാര്‍ത്തകള്‍ തള്ളി. അത് കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പല്ല, വിദ്യാഭ്യാസബോധവത്കരണ ക്യാമ്പാണെന്ന് പ്രചരിപ്പിച്ചു. അഞ്ചുലക്ഷം കുട്ടികള്‍ക്കായി ഇത്തരം 'ബോധവത്കരണകേന്ദ്രം' നടത്തുന്നതായും അവര്‍ സമ്മതിച്ചു.
2020-ലെ റിപ്പോര്‍ട്ട് പ്രകാരം 20 ലക്ഷത്തിലധികം ഉയിഗുര്‍മാരെ ചൈന തടങ്കലില്‍വെച്ചതായാണ് കണക്ക്. ആരെങ്കിലും അന്വേഷിച്ചാല്‍ അവര്‍ സര്‍ക്കാര്‍ പരിശീലനകേന്ദ്രങ്ങളിലാണെന്ന് പറയും. ഉയിഗുര്‍ മുസ്ലിങ്ങള്‍ക്കുപുറമെ വംശീയന്യൂനപക്ഷങ്ങളായ ഉസ്ബക്കികള്‍, കസാഖുകള്‍ തുടങ്ങിയവരെ മുഴുവന്‍ ചൈനീസ് വിരുദ്ധപക്ഷക്കാരായാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി കാണുന്നത്.
തെഴ്സീന സിയാവുദ്ദീന്‍, ഗല്‍സിറ ഓല്‍ഖാന്‍ എന്നീ രണ്ടു യുവതികള്‍ ഉയിഗുര്‍ മേഖലയില്‍നിന്ന് രക്ഷപ്പെട്ട് പുറത്തെത്തിയാണ് അവിടെ നടക്കുന്ന സംഭവങ്ങളെക്കുറിച്ച് ബി.ബി.സി. ലേഖകരോട് തുറന്നുപറഞ്ഞത്. തെഴ്സീനയുടെ വാക്കുകള്‍: ''ക്യാമ്പില്‍ ബലാത്സംഗം ഒരു പതിവാണ്. ഞാനും പലവട്ടം പീഡനത്തിനിരയായി. റീഎജുക്കേഷന്‍ സെന്റര്‍ എന്നാണ് ഈ തടവറയെ അവര്‍ വിളിക്കുന്നത്. അനുകൂലിച്ചുനിന്നാല്‍ ജീവിച്ചുപോകാം. അല്ലെങ്കില്‍ കടുത്ത പീഡനമാവും.''
ഒരു മുറിയില്‍ മറ്റു 13 പേരോടൊപ്പമാണ് അവര്‍ കഴിഞ്ഞത്. ഒറ്റ ടോയ്ലെറ്റും ഒരു ബക്കറ്റും മാത്രമാണവിടെ. തീരെ ശുചിത്വമില്ല. പാതിരാത്രിയില്‍ മുഖംമൂടി ധരിച്ച് പല പുരുഷന്‍മാരും വരും. പോലീസുകാരായിരിക്കും, അതാണ് മുഖംമൂടി ധരിക്കുന്നത്. തന്റെയടുത്തുവന്ന മൂന്നുപേര്‍ സ്ത്രീശരീരത്തോടു കാണിക്കാവുന്ന എല്ലാ പൈശാചികതയും കാണിച്ചു. ലൈംഗികപീഡനത്തെ എതിര്‍ത്തതിനാല്‍ ദേഹമാസകലം അടിച്ചു വേദനിപ്പിച്ചു.
അവരുടെ നരകം വിവരിച്ചപ്പോളാണ് അമേരിക്ക അവര്‍ക്ക് രാഷ്ട്രീയാഭയം നല്‍കിയത്. ഇലക്ട്രിക് വടികൊണ്ട് ഷോക്കടിപ്പിക്കുന്ന രീതിയുണ്ട്. ഈ വടി ചിലരുടെ സ്വകാര്യഭാഗത്ത് വെച്ചു. സെല്ലിലുള്ളവര്‍ എന്നും ചൈനീസ് പാര്‍ട്ടി പുസ്തകവും ഭരണനേട്ടങ്ങളും വായിച്ചുപഠിക്കണം. ആറുമാസം വനിതാ തടവുകാരെ തൂപ്പുജോലി ചെയ്യിക്കും. അരയ്ക്കുതാഴെയുള്ള വസ്ത്രമഴിച്ച് ചിലരെ അനങ്ങാനാവാത്തവിധം കെട്ടിയിടുകയായിരുന്നു. ഒമ്പതുമാസത്തിനിടെ നാലുതവണ കൂട്ടബലാത്സംഗത്തിനിരയായതായി മറ്റൊരു സ്ത്രീ ബി.ബി.സി.യോടു പറഞ്ഞു. ഉയിഗുര്‍ വംശജരോട് ചൈന പ്രതികാരം ചെയ്യുകയായിരുന്നു. പള്ളികള്‍ പൊളിച്ച് വലിയ ശൗചാലയം നിര്‍മിച്ചു.
പ്രത്യേക തടവുകേന്ദ്രത്തിലേക്ക് ഒരാളെ മാറ്റാന്‍ നിസ്സാരമായ കാരണങ്ങള്‍ മതി. നിയമപരമായി അതിനെ ചോദ്യംചെയ്യാനാവില്ല. മറ്റു രാജ്യങ്ങളിലെ (നിശ്ചിത രാജ്യങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്) ആള്‍ക്കാരുമായി ബന്ധപ്പെടുകയോ ഫോണ്‍ വിളിക്കുകയോ ചെയ്താല്‍ മതി, അവര്‍ നോട്ടപ്പുള്ളികളാവും. പള്ളികളില്‍ ജോലിചെയ്യുന്നവര്‍, ഖുര്‍ആന്‍ വായിക്കുകയും പഠിക്കുകയും ചെയ്യുന്നവര്‍, മൂന്നുകുട്ടികളുള്ളവര്‍, മനുഷ്യാവകാശത്തെക്കുറിച്ച് സംസാരിക്കുന്നവര്‍, തെരുവുകലാകാരന്‍മാര്‍ തുടങ്ങിയവരൊക്കെ ഏതുനിമിഷവും ലിസ്റ്റില്‍ പെടാം. ഇവരൊക്കെ വളരെ പെട്ടെന്നുതന്നെ സംശയിക്കപ്പെടുന്ന മനുഷ്യരായിമാറാം. അവരെ ചോദ്യംചെയ്യാനായി ഡിറ്റെന്‍ഷന്‍ ക്യാമ്പിലെത്തിക്കും. മസ്തിഷ്‌കപ്രക്ഷാളനം മുതല്‍ പടിപടിയായി പീഡനമുറകള്‍ തുടങ്ങും. ഇത്തരം ക്യാമ്പുകളില്‍നിന്നു പുറത്തുവരുന്നവര്‍ ചൈനയുടെ കമ്യൂണിസ്റ്റ് ബോധമുള്ള പൊതുമനുഷ്യരായിമാറണമെന്നാണ് ജനകീയചൈന കണക്കുകൂട്ടുന്നത്. ഈ മേഖലയെ ചൈന വ്യക്തികളുടെ അവകാശരഹിതമേഖലയാക്കി മാറ്റിയിരിക്കുകയാണെന്നാണ് യു.എന്‍. പറയുന്നത്. ചൈനയുടെ ദേശീയഭാഷയായ മന്‍ഡാരിനും ഒപ്പം കമ്യൂണിസവും പഠിക്കല്‍ അവിടെ നിര്‍ബന്ധമാണ്.
അഫ്ഗാനിസ്താനിലെ പുതിയ താലിബാന്‍ സര്‍ക്കാരിനെ ചൈനയാണ് പിന്തുണയ്ക്കുകയും എല്ലാ സൗകര്യവും നല്‍കിക്കൊണ്ടിരിക്കുകയും ചെയ്യുന്നത്. ഇതിന്റെ പിന്നിലെ ലക്ഷ്യം വ്യക്തമാണ്. അഫ്ഗാനിസ്താനിലെ താലിബാന്‍ സര്‍ക്കാരുമായി ഉയിഗുര്‍ വംശജര്‍ ഭാവിയില്‍ ബന്ധമുണ്ടാക്കിയാല്‍ അത് വലിയ തിരിച്ചടിയായിരിക്കും ചൈനക്ക്. സിന്‍ജിയാങ് പ്രവിശ്യയാകെ അത് കത്തിപ്പടരും. അതുകൊണ്ടുതന്നെ താലിബാനെ സ്വന്തം വരുതിയിലാക്കിയിരിക്കുകയാണ് ചൈന. പാകിസ്താനോട് ചൈന സൗഹൃദനയംതന്നെയാണ് തുടരുന്നത്.
ചൈനയുടെ ദേശീയതാത്പര്യങ്ങള്‍ക്ക് വിരുദ്ധമായി പാശ്ചാത്യമാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത് സര്‍ക്കാരിനെ ചൊടിപ്പിച്ചു. ഇക്കാര്യം ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി വ്യക്തമാക്കുകയും ചെയ്തു. പേരാത്തതിന് ചൈനീസ് ബ്രോഡ്കാസ്റ്റ് ആന്‍ഡ് ടെലിവിഷന്‍ ബി.ബി.സി.യുടെ പാശ്ചാത്യപക്ഷപാതവും തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നതും തിരുത്തേണ്ടതാണെന്ന് അറിയിപ്പും നല്‍കി.
തഴുകിയും തലോടിയും, പറ്റിയില്ലെങ്കില്‍ കഴുത്തൊടിച്ചും തങ്ങളുടെ രാഷ്ട്രീയലക്ഷ്യമാണ് സിന്‍ജിയാങ്ങില്‍ ചൈനീസ് ഭരണകൂടം നടപ്പാക്കാന്‍ യത്‌നിക്കുന്നത്. ഇതിനായി പ്രത്യേക പരിശീലനം നേടിയ ആള്‍ക്കാര്‍ അഞ്ചുലക്ഷത്തിലധികംവരും. പ്രത്യേക പൊളിറ്റിക്കല്‍ മിഷണറിയായിട്ടാണ് ഈ 'ചാരപ്പോലീസുകാര്‍' പ്രവര്‍ത്തിക്കുക. നാട്ടില്‍ മാത്രമല്ല ഉയിഗുര്‍ കുടുംബങ്ങളിലും ഇവരുടെ സാന്നിധ്യമുണ്ടാവും. ഇവരെ സ്വകാര്യമായി ഉയിഗുര്‍മാര്‍ വിളിക്കുന്നത് ഹാന്‍ ചാരന്‍മാര്‍ എന്നാണ്. എന്നാല്‍, ഇവര്‍ ചിലപ്പോള്‍ സുഹൃത്തുക്കളെപ്പോലെ, അല്ലെങ്കില്‍ കുടുംബാംഗങ്ങളെപ്പോലെ ഉയിഗുര്‍ വീടുകളില്‍ താമസത്തിന് കയറിപ്പറ്റും. അങ്ങനെ താമസിക്കാമെന്ന് അവര്‍ക്ക് സര്‍ക്കാരിന്റെ നിര്‍ദേശമുണ്ടത്രേ. സര്‍ക്കാര്‍ നിയോഗിച്ച ആരോഗ്യ-കുടുംബ വിദ്യാഭ്യാസ ബോധവത്കരണപ്രവര്‍ത്തകരായിട്ടായിരിക്കും ഉയിഗുര്‍ കുടുംബത്തില്‍ അവര്‍ വരിക. പലപ്പോഴും നല്ല കാര്യങ്ങള്‍ മാത്രമാണ് പറയുക. ഭരണത്തിന് അനിഷ്ടകരമാവുന്ന എന്തെങ്കിലും പ്രവൃത്തിയോ ചിന്തയോ അല്ലെങ്കില്‍ തോന്നിക്കലോ ഉയിഗുര്‍ ബോധങ്ങളില്‍ ഉണ്ടെങ്കില്‍ അത് വേരോടെ പിഴുതെടുക്കുകയാണ് ലക്ഷ്യം. ആശയപരമായും ചിന്താപരമായും അല്ലെങ്കില്‍ സാംസ്‌കാരികമായും ഒരുതരം 'തേച്ചുകുളി'യാണ് മെല്ലെ നടക്കുക. ഉയിഗുര്‍ കുടുംബങ്ങളിലെ ഉറക്കറയില്‍പ്പോലും ചാരക്കണ്ണുകളുണ്ടാവും. നിര്‍ബന്ധിത വന്ധ്യംകരണത്തിന് ഉയിഗുറുകള്‍ നിര്‍ബന്ധിക്കപ്പെടുന്നു. അത് ചൈനയില്‍ മൊത്തമായുള്ള ജനസംഖ്യാനിയന്ത്രണത്തിന്റെ ഭാഗമാണ്. പക്ഷേ, ഇത് ഉയിഗുര്‍ മുസ്ലിമുകള്‍ നടപ്പാക്കുന്നില്ല എന്നാണ് സര്‍ക്കാര്‍ പറയുന്നത്. അത് നടത്തിക്കുകയെന്നതാണ് ഹാന്‍ ചാരന്‍മാരുടെ ലക്ഷ്യം. മാവോ നടപ്പാക്കിയ സാംസ്‌കാരികവിപ്ലവത്തിന്റെ പുതിയ പതിപ്പാണിത്.
കുട്ടികള്‍ എന്തു പഠിക്കണം, എന്തു പഠിക്കരുത് എന്ന് തീരുമാനിക്കപ്പെടുന്നു. മതപഠനത്തിന്റെ മേല്‍ സംശയത്തിന്റെ കണ്ണുകളാണ്. മദ്രസാപഠനം കൃത്യമായി നിരീക്ഷിക്കപ്പെടും. പുറമേനിന്നുള്ള ആള്‍ക്കാര്‍ വരുന്നുണ്ടോ എന്നൊക്കെ ഇഴകീറി പരിശോധിക്കും. ഒരു ശത്രുരാജ്യത്തെ വളരെ സംശയത്തോടെ നോക്കുന്ന ചാരക്കണ്ണുകളാണ് ഇപ്പോള്‍ ഉയിഗുര്‍ വിഭാഗങ്ങളുടെമേല്‍ പതിഞ്ഞുകിടക്കുന്നത്. വലിയ രാജ്യത്തിനുള്ളിലെ ചെറിയ ശത്രുരാജ്യത്തോടുള്ള മനസ്സാണ് ഉയിഗുര്‍ വംശങ്ങള്‍ക്കുനേരേയെന്നാണ് പറയപ്പെടുന്നത്.
തീവ്രമതബോധപ്രവണതയെ മുളയിലേ നുള്ളിക്കളയാനാണ് ശ്രമം. ഇത് കുട്ടികളില്‍നിന്നുതന്നെയാണ് തുടങ്ങുക. സിലബസുകളില്‍ പാര്‍ട്ടിയോടുള്ള കടമയും ഉത്തരവാദിത്വവും പാഠ്യവിഷയമായിമാറും. സംശയം തോന്നിയവരെയെല്ലാം തീവ്രവാദക്കണ്ണുകളോടെയാണ് കാണുക. വ്യതിയാനം വരുന്നവര്‍ക്ക് തടവറയുണ്ട്. അവരെ നിര്‍ബന്ധിത തൊഴിലിടങ്ങളിലേക്കയക്കും. ഉയിഗുറുകളുടെ പ്രത്യേക ആരാധനകള്‍ക്ക് വിലക്കുണ്ട്. വീടുകളിലും നാടുകളിലും ഒരുതരം ഭയം ഉത്പാദിപ്പിക്കപ്പെടുന്നു. തൊഴില്‍ ലഭിക്കാന്‍ ചൈനീസ് പൊതുധാരയില്‍ വരണം. മതവിശ്വാസവും അന്ധവിശ്വാസവും അംഗീകരിക്കില്ല. ഇതൊക്കെ കൃത്യമായി റിപ്പോര്‍ട്ടുചെയ്യുകയാണ് ചാരന്‍മാരുടെ ഉത്തരവാദിത്വം. അത്തരം തെറ്റുകാരെത്തേടി ഉപദേശികളും പോലീസും എത്തും. സത്യത്തില്‍ ഉയിഗുര്‍ വിഭാഗക്കാരാണ് ഹാന്‍ വിഭാഗക്കാരെ ചാരന്‍മാരായി കാണുന്നത്. ചൈന ഇത്തരക്കാരെ ദേശീയധാരയിലെത്തിക്കാനുള്ള ഉദ്യോഗസ്ഥരായാണ് കാണുന്നത്. വളരെ മുന്‍പുതന്നെ ഉയിഗുര്‍ മേഖലയിലുള്ള മുസ്ലിം ജനവിഭാഗങ്ങളുടെ മതതാത്പര്യത്തെ ചൈന എതിര്‍ത്തിരുന്നു. അതുകൊണ്ടുതന്നെ ചെറിയതോതില്‍ മതതീവ്രവാദവും ഇവിടെ ഉയര്‍ന്നു. ആഗോളതലത്തിലുള്ള ഇസ്ലാമികതീവ്രവാദം ഉയിഗുര്‍ യുവാക്കളിലും എത്തിയതായി ചൈന നിരീക്ഷിച്ചു. ചൈനീസ് രാഷ്ട്രീയത്തില്‍ അത് വലിയ വെല്ലുവിളിയായിമാറുമെന്നും അവര്‍ കരുതിയിരുന്നു. അതുകൊണ്ടുതന്നെ തുടക്കത്തിലേ ഉയിഗുര്‍ സ്വാതന്ത്ര്യമോഹം ചൈന തച്ചുകെടുത്തി. ടിബറ്റിലെന്നപോലെ ഒരു പ്രത്യേക രാജ്യം എന്ന മോഹം ഉയിഗുര്‍ മുസ്ലിങ്ങള്‍ക്കുണ്ട്. അവരെ അതിന് പ്രേരിപ്പിക്കുന്ന ആഗോളഘടകങ്ങളുള്ളതായും ചൈന കണ്ടെത്തി.

സിന്‍ജിയാങ് പ്രാദേശികഭരണകൂടം 2017-ല്‍ ഒരു നിയമം കൊണ്ടുവന്നു. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അംഗീകാരത്തോടെതന്നെയാണത്. ടിബറ്റില്‍ വര്‍ഷങ്ങള്‍ക്കുമുന്‍പ് എങ്ങനെയാണോ പാര്‍ട്ടി അധിനിവേശം നടത്തി സ്വാതന്ത്ര്യപ്രക്ഷോഭകരെ തങ്ങളുടെ ഇച്ഛയിലേക്കു മാറ്റിയെടുത്തത്, അതുപോലെതന്നെയാണ് സിന്‍ജിയാങ്ങിലും ചെയ്യുന്നത്. അവിടെ ബുദ്ധമതകേന്ദ്രങ്ങളും ആശ്രമങ്ങളുമെല്ലാം പതിയെപ്പതിയെ കമ്യൂണിസ്റ്റ് കേന്ദ്രങ്ങളായി മാറ്റിമറിക്കുകയായിരുന്നു. ഇത് ഒരുകണക്കിന് ക്ഷേത്രങ്ങളുടെ അധികാരം പരോക്ഷമായി പിടിച്ചെടുക്കുന്ന രീതിതന്നെയാണ്.2017ല്‍ സിന്‍ജിയാങ് ഭരണകൂടം കൊണ്ടുവന്ന നിര്‍ദേശം ഉയിഗുര്‍ മുസ്ലിങ്ങളെ മുഴുവന്‍ സംശയത്തിന്റെ മുള്‍മുനയിലാക്കിക്കളഞ്ഞു. വലിയ താടിവെയ്ക്കുന്നവര്‍, പ്രത്യേക നാട്ടുവസ്ത്രം ധരിക്കുന്നവര്‍, കൃത്യമായി പള്ളിയില്‍ പോകുന്നവര്‍, മതഗ്രന്ഥം വായിക്കുന്നവര്‍ എല്ലാവരും പ്രത്യേക കേന്ദ്രങ്ങളിലേക്കയക്കപ്പെട്ടു. ഇവരില്‍നിന്നാണ് തീവ്രവാദത്തിന്റെയും വിഭജനവാദത്തിന്റെയും സ്വാതന്ത്ര്യവാദത്തിന്റെയും മുളപൊട്ടുന്നതെന്നാണ് സി.പി.പി. (ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി) പറയുന്നത്. നേരത്തേ കിഴക്കന്‍ ടര്‍ക്കിസ്താന്‍ മൂവ് മെന്റ് നടത്തിയ ഒരു ഭീകരാക്രമണത്തില്‍ ഉയിഗുര്‍ മുസ്ലിങ്ങളില്‍ ചിലര്‍ പെട്ടതായി ചൈന പറയുന്നു. അതേസമയം യു.എന്നിന്റെ ഭീകരവാദസംഘടനകളുടെ ലിസ്റ്റില്‍ ഈസ്റ്റ് ടര്‍ക്കിസ്താന്‍ മൂവ്‌മെന്റ് എന്ന സംഘടനയില്ല. അമേരിക്കയില്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനുശേഷമാണ് ചൈന ഉയിഗുര്‍ മേഖലയെയും അതിന്റെ അതിര്‍ത്തിരാജ്യങ്ങളെയും വളഞ്ഞിട്ട് നിരീക്ഷണം ശക്തമാക്കാന്‍ തുടങ്ങിയത്.
ചില ഉയിഗുര്‍ മുസ്ലിം കുടുംബങ്ങളില്‍ രാവിലേ, സര്‍ക്കാര്‍ നിര്‍ദേശമാണെന്നു പറഞ്ഞ് അപരിചിതരായ ആള്‍ക്കാര്‍ ബലാത്കാരേണ താമസിക്കാനെത്തും, പ്രത്യേകിച്ചും സ്ത്രീകള്‍, വീട്ടിലെ അംഗമായിത്തന്നെ. സര്‍ക്കാര്‍ നിര്‍ദേശമാണെന്നു പറഞ്ഞാല്‍ ഉയിഗുര്‍മാര്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല. വീട് എന്ന ഏറ്റവും ചെറിയ സ്വാതന്ത്ര്യത്തിലേക്ക് ചിരിച്ചുകൊണ്ട്, കൈകൂപ്പിക്കൊണ്ട് ചാരവനിത എത്തും. പിന്നീട് അവരാണ് വീടിന്റെ നിയന്ത്രണം. കുടുംബത്തിന്റെ ചലനങ്ങളിലുണ്ടാവുന്ന നേരിയ രാഷ്ട്രീയവ്യതിയാനം പോലും അവര്‍ ഒപ്പിയെടുത്ത് റിപ്പോര്‍ട്ടുചെയ്യും. ഭയം ഒരു നിശാവസ്ത്രമായി ആ വീടിനെ പൊതിയുമെന്ന് പറയേണ്ടതില്ലല്ലോ.
അസോസിയേറ്റ് പ്രസ്സിന്റെ പ്രതിനിധി ഒരിക്കല്‍ സംസാരിച്ച ഹല്‍മുറാത് ഇദ്രീസ് എന്ന ഉയിഗുര്‍ മുസ്ലിം പറയുന്നത് നോക്കുക. അദ്ദേഹം ഒരു എന്‍ജിനീയറാണ്. ചൈനയില്‍നിന്ന് അദ്ദേഹം തുര്‍ക്കിയിലെത്തി, ഈസ്താംബൂളില്‍ ജോലിചെയ്യുകയാണ്. കുടുംബം സിന്‍ജിയാങ് പ്രവിശ്യയിലാണ്. നാട്ടില്‍നിന്ന് ഒരിക്കല്‍ കുടുംബം അയച്ച കുടുംബഫോട്ടോയില്‍ അപരിചിതയായ ഒരു സ്ത്രീയെ കണ്ടപ്പോള്‍ അദ്ദേഹം ഭാര്യയോടു ചോദിച്ചു: ''ഇതാരാണ്?''
അവര്‍ പേടി കടിച്ചമര്‍ത്തിക്കൊണ്ടുള്ള ഒരു ചിരിയോടെ പറഞ്ഞു: ''ഇതാണ് നമ്മുടെ പുതിയ 'ഹാന്‍ മാമി'.''സര്‍ക്കാര്‍ നിര്‍ദേശപ്രകാരം വീട്ടില്‍ കയറി താമസിക്കാന്‍ വന്നിരിക്കുകയാണ് ഹാന്‍ മാമി. ചൈനീസ് ചാരവനിത. ഇങ്ങനെ 11 ലക്ഷം പേര്‍. അവര്‍ കമ്യൂണിസത്തിന്റെ ഭാവി ഉയിഗുര്‍ കുടുംബത്തെ അറിയിക്കുന്നു, പഠിപ്പിക്കുന്നു. ചുരുങ്ങിയ വര്‍ഷംകൊണ്ട് അവരെ മുഖ്യധാരയിലേക്ക് മാറ്റിക്കൊണ്ടുവരാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അന്ധവിശ്വാസങ്ങളിലും പുരോഗനവിരുദ്ധ ആശയങ്ങളിലും അഭിരമിക്കുന്ന ഉയിഗുര്‍ മുസ്ലിങ്ങളെ ദേശീയമുഖ്യധാരയില്‍ കൊണ്ടുവരാനാണ് തങ്ങളുടെ ശ്രമമെന്ന് ചൈന വിശദീകരിക്കുന്നു.
നിലവിലെ സാഹചര്യത്തില്‍ ഒരു ബലപ്രയോഗത്തിന് ചൈന ആഗ്രഹിക്കുന്നില്ല. അന്തര്‍ദേശീയതലത്തില്‍ ചൈനയ്ക്ക് അത് തിരിച്ചടിയാവും. അതുകൊണ്ടുതന്നെ സമ്മര്‍ദത്തോടൊപ്പം ഉയിഗുര്‍ സമൂഹത്തെ മാറ്റിമറിക്കാനാണ് ശ്രമം. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ പരിധിയില്‍ മതരഹിതചിന്താഗതിയോടെ സാധാരണക്കാരോടൊപ്പം ചേര്‍ന്നുള്ള ഒരു ജനതയായി ഉയിഗുര്‍ വരണമെന്നാണ് ചൈനയുടെ ആഗ്രഹം. സിന്‍ജിയാങ്ങില്‍ കലാപമുണ്ടാവുകയും അത് നിയന്ത്രണാതീതമാവുകയും ചെയ്താല്‍ ചൈനയ്ക്ക് അത് അടിച്ചമര്‍ത്തേണ്ടിവരും. അത് ഒരു വംശീയ കൂട്ടക്കൊലയിലേക്ക് വഴിതുറക്കും. ഉയിഗുര്‍ പ്രദേശത്തിന്റെ ജനസംഖ്യാഭൂപടത്തെ മാറ്റിമറിക്കുകവഴി ന്യൂനപക്ഷ മതവംശീയ മേധാവിത്വം ഇല്ലാതാക്കാന്‍ കഴിയും. സ്റ്റാലിന്‍ ജോര്‍ജിയയില്‍ ഈ രീതി പരീക്ഷിച്ചിട്ടുണ്ട്. സ്റ്റാലിന്റെ ജന്മസ്ഥലമാണ് ജോര്‍ജിയ. ഒന്നാം ലോകമഹായുദ്ധത്തിന്റെ കാലഘട്ടത്തില്‍ ഓട്ടോമന്‍ തുര്‍ക്കികളുടെ വംശഹത്യയില്‍നിന്ന് രക്ഷപ്പെട്ട് അര്‍മീനിയക്കാര്‍ ഏറെപ്പേര്‍ ജോര്‍ജിയയില്‍ എത്തിയിരുന്നു. തുടക്കത്തില്‍ കമ്യൂണിസ്റ്റ് ഭരണകൂടം അര്‍മീനിയക്കാര്‍ക്ക് സൗകര്യം ചെയ്തുകൊടുത്തെങ്കിലും പിന്നീട് സോവിയറ്റ് ഭരണകൂടം അധിനിവേശത്തിന്റെ ഭാഗമായി ജോര്‍ജിയ ഉള്‍പ്പെടെയുള്ള ഭാഗങ്ങളെല്ലാം റഷ്യയുടെ പരിധിയില്‍ കൊണ്ടുവന്നു. സ്റ്റാലിന്‍ ലക്ഷക്കണക്കിന് റഷ്യക്കാരെ അര്‍മീനിയന്‍ മേഖലയായ ജോര്‍ജിയയില്‍ കൊണ്ടുവന്ന് താമസിപ്പിച്ചു. അങ്ങനെ അര്‍മീനിയയുടെ വംശീയമോഹവും ആധിപത്യവും സുന്ദരമായി തകര്‍ക്കപ്പെട്ടു. ഈ റിപ്പബ്ലിക് ഒരു കമ്യൂണിസ്റ്റ് മനോഭാവമുള്ള മേഖലയാക്കിമാറ്റി. സ്റ്റാലിന്‍ ഇവിടെ ലക്ഷക്കണക്കിന് ചാരന്‍മാരെയും കൊണ്ടുവന്നു താമസിപ്പിച്ചു. സേനാ കമാന്‍ഡറെപ്പോലെ തിരിച്ചുവരാത്ത ചോദ്യങ്ങളും ഉത്തരവുകളും മാത്രമായിരുന്നു സ്റ്റാലിന്റെത്. പുതിയ കാലഘട്ടത്തില്‍ അത്തരമൊരു സമീപനം പുതിയ കമ്യൂണിസ്റ്റ് ചൈനയുടെ ഭരണകര്‍ത്താക്കള്‍ക്ക് കഴിയില്ല. ഒരു രക്തരഹിത ഓപ്പറേഷനാണ് അവര്‍ കാംക്ഷിക്കുന്നത്.
ഇന്ത്യ, പാകിസ്താന്‍, മ്യാന്‍മാര്‍, അഫ്ഗാനിസ്താന്‍, നേപ്പാള്‍, ടിബറ്റ് എന്നിവിടങ്ങളില്‍ നടക്കുന്ന തീവ്രവാദവും വംശീയാതിക്രമവും ചൈന ഗൗരവത്തോടെയാണ് കാണുന്നത്. ടിബറ്റിനോടുള്ള ഇന്ത്യന്‍ മനോഭാവത്തില്‍ ചൈനയുടെ ഈര്‍ഷ്യ ഇന്നും നിലനില്‍ക്കുന്നു. മുന്‍പ് റഷ്യയും ചെച്നിയയും തമ്മിലുള്ള തര്‍ക്കവും യുദ്ധവും, ഇപ്പോള്‍ അസര്‍ബയ്ജാനും അര്‍മീനിയയും തമ്മിലുള്ള സംഘര്‍ഷവുമൊക്കെ ചൈന നിരീക്ഷിക്കുന്നുണ്ട്. ഉയിഗുര്‍ മുസ്ലിങ്ങളുടെ സ്വയംനിര്‍ണയാവകാശവും സ്വത്വവാദവും മതാഭിമുഖ്യവും ഭാവിയില്‍ രാജ്യത്ത് എന്തു മാറ്റങ്ങള്‍ ഉണ്ടാക്കുമെന്ന് അവര്‍ ആശങ്കിക്കുന്നുണ്ട്. റോഹിംഗ്യന്‍ മുസ്ലിങ്ങളോട് മ്യാന്‍മാര്‍ കാണിക്കുന്ന ഭീകരതയ്ക്കുമുന്നില്‍ ചൈന മുഖംതിരിച്ചുനില്‍ക്കുന്നത് ഉയിഗുര്‍ പശ്ചാത്തലത്തിലാണ്.
സിന്‍ജിയാങ്ങില്‍ നടക്കുന്ന ഈ അധിനിവേശം കടുത്ത മനുഷ്യാവകാശലംഘനമാണെന്ന് ലോകത്താകെ പരാതി ഉയര്‍ന്നുകഴിഞ്ഞു. കൃത്യമായ വംശഹത്യയാണ് ചൈന നടപ്പാക്കുന്നതെന്ന് യു.എന്നും പറയുന്നു. ലോകത്തെ വിവിധ മനുഷ്യാവകാശസംഘടനകളും വിവിധ രാഷ്ട്രങ്ങളും ഉയിഗുര്‍ ന്യൂനപക്ഷങ്ങള്‍ക്കുനേരേ ചൈന നടത്തുന്ന പീഡനങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ചൈനയില്‍ നടക്കുന്ന തടവുകേന്ദ്രങ്ങളെക്കുറിച്ച് ഒരു വിവരവും പുറത്തുവിടുന്നില്ല എന്നതാണ് വസ്തുത. എന്താണ് സിന്‍ജിയാങ്ങില്‍ നടക്കുന്നതെന്ന് ലോകത്തെ അറിയിക്കണമെന്നും മാധ്യമങ്ങള്‍ക്ക് അവിടെ പ്രവേശനം നല്‍കണമെന്നുമുള്ള പൊതു ആവശ്യവും ചൈന തള്ളിക്കളഞ്ഞു. തങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്നത് കൈയേറ്റമായാണ് ചൈന കണക്കാക്കുന്നത്. 2019-ല്‍ ചൈനയുടെ ആഭ്യന്തരരഹസ്യങ്ങളില്‍ ചിലത് പുറത്തായതിലൂടെ ഉയിഗുര്‍ മേഖലയില്‍ നടക്കുന്ന പീഡനങ്ങളുടെ ചില വ്യക്തമായ വിവരങ്ങള്‍ ലോകത്തിന് ലഭിച്ചിരുന്നു. അതോടൊപ്പം 'ഉയിഗുര്‍ ഹ്യൂമണ്‍ റൈറ്റ്സ് പോളിസി' പ്രഖ്യാപിക്കപ്പെട്ടു. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അതില്‍ ഒപ്പുവെച്ചിരുന്നു. സിന്‍ജിയാങ് മേഖലയിലെ ഉയിഗുര്‍ മുസ്ലിങ്ങള്‍ നേരിടുന്ന കടുത്ത മനുഷ്യാവകാശലംഘനത്തെ അപലപിക്കുന്നതായി അദ്ദേഹം പറഞ്ഞു. പുതിയ യു.എസ്. പ്രസിഡന്റ് ജോണ്‍ ബൈഡനും ഇക്കാര്യത്തില്‍ ചൈനയെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നുണ്ട്.
വിവിധ മനുഷ്യാവകാശസംഘടനകളുടെ കണക്കുകള്‍ പ്രകാരം ഏകദേശം പത്തുലക്ഷത്തോളം ഉയിഗുര്‍ മുസ്ലിങ്ങള്‍ ഇന്നു ചൈനയുടെ തടവിലാണ്. അല്ലെങ്കില്‍ പ്രത്യേക പാര്‍പ്പിടകേന്ദ്രത്തിലാണ്. 2015 മുതല്‍ '20 വരെ എടുത്ത ചില സാറ്റലൈറ്റ് ചിത്രങ്ങള്‍ പ്രകാരം ചൈനയില്‍ അതിബൃഹത്തായ ഡിറ്റെന്‍ഷന്‍ കേന്ദ്രങ്ങളുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. 39 ഡിറ്റെന്‍ഷന്‍ കേന്ദ്രങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
(തുടരും)
Content Highlights :History of Genocide Dinakaran Kombilath part 9 China and Uyghur genocide