ഏഴ്‌ ലക്ഷം വന്ധ്യംകരണം, പ്രാകൃതവൈദ്യപരീക്ഷണങ്ങള്‍, നീചഹത്യകള്‍...; ജൂതവംശഹത്യ അഥവാ ലോകത്തിന്റെ ചോര


ദിനകരന്‍ കൊമ്പിലാത്ത്

10 min read
Read later
Print
Share

നാസി പടയാളികളുടെ രോഗങ്ങള്‍ക്കും മുറിവുകള്‍ക്കും മറ്റും മരുന്നു കണ്ടുപിടിക്കാനും അവര്‍ക്ക് കഠിനമായ ശൈത്യത്തെയും ചൂടിനെയും പ്രതിരോധിക്കുന്നതിനുള്ള കഴിവുകളാര്‍ജിക്കാന്‍ പരീക്ഷണങ്ങള്‍ നടത്താനും തടവുകാരെ പച്ചയായി കീറിമുറിച്ചു. മലേറിയക്ക് പ്രതിവിധി കണ്ടെത്താന്‍ പെണ്‍കൊതുകിനെക്കൊണ്ട് കടിപ്പിച്ച് രോഗമുണ്ടാക്കിയശേഷം മരുന്നുകള്‍ പരീക്ഷിക്കും. രക്ഷപ്പെടാത്ത എല്ലാവരെയും വെടിവെച്ചുകൊല്ലും. വിഷത്തിന്റെ വീര്യം പരിശോധിക്കാന്‍ തടവുകാരറിയാതെ ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് നല്‍കും.

അഡോൾഫ് ഹിറ്റ്‌ലർ, ജൂതഹത്യ

മാനവസമൂഹത്തിന്റെ ചരിത്രത്തില്‍ മനുഷ്യന്‍ മനുഷ്യനോട് ചെയ്ത ഏറ്റവും വലിയ ഹിംസ ജൂതവംശഹത്യയാണ്. നടുക്കം എന്ന വാക്ക് നിസ്സഹായമായിപ്പോകുന്ന ലോകസന്ദര്‍ഭം. ആധുനിക ലോകചരിത്രത്തിന്റെ ഗതിയെ നിര്‍ണയിച്ച കൊടുംഹത്യാ പരമ്പരയെക്കുറിച്ച് ദിനകരന്‍ കൊമ്പിലാത്ത് എഴുതുന്നു.

നൊബേല്‍ സമ്മാനം നേടിയ ഹംഗേറിയന്‍ നോവലിസ്റ്റ് ഏലി വീസലന്റെ നൈറ്റ് എന്ന നോവല്‍ വായനക്കാരെ പിടിച്ചുലയ്ക്കും. ഫ്രഞ്ചിലെഴുതിയ ഈ നോവല്‍ നാസി തടങ്കല്‍പ്പാളയത്തിലകപ്പെട്ട അദ്ദേഹത്തിന്റെ ബാല്യംതന്നെയാണ്. അനുദിനം പേടിയും ആശങ്കയും പുകച്ചുരുള്‍ പോലെ പടര്‍ന്നുകൊണ്ടിരിക്കുന്ന നഗരത്തില്‍നിന്ന് മറ്റേതോ പ്രദേശത്തേക്ക് അയക്കപ്പെടുന്ന ജൂതകുടുംബങ്ങള്‍. ആ യാത്ര നിശ്ചയിക്കപ്പെട്ട മരണത്തിലേക്കാണ്. തീവണ്ടിയില്‍ കുത്തിനിറച്ച് അറവുമാടുകളെപ്പോലെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളിലേക്കുള്ള യാത്ര അത്യന്തം വേദനാജനകമാണ്. ഭീതിദമായ ഭാവികാലത്തെക്കുറിച്ചോര്‍ത്ത് പരുപരുത്ത സഹനപ്പായയില്‍ കിടന്നുകൊണ്ടുള്ള കുടുംബങ്ങളുടെ യാത്ര. അവര്‍ നേരിടുന്ന കാഴ്ചകളും അനുഭവിക്കുന്ന പീഡനങ്ങളും പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. ചോരയില്‍ക്കുളിച്ച മരണങ്ങള്‍, സമനില തെറ്റി നിലവിളിക്കുന്ന സഹയാത്രിക, ഉന്മാദത്തിന്റെ രാപകലുകള്‍... എല്ലാറ്റിനും സാക്ഷിയാവുകയാണ് നോവലിലെ ബാലനായ കഥാനായകന്‍. മരണത്തിലേക്ക് പ്രയാണം നടത്തിയ ലക്ഷക്കണക്കിന് ജൂതരുടെ എഴുതപ്പെടാത്ത ഡയറിക്കുറിപ്പുകളുടെ സമാഹാരമാണ് രാത്രി.

നാസികള്‍ നടത്തിയ ജൂതകൂട്ടക്കൊലയെക്കുറിച്ച് നൂറുകണക്കിന് പുസ്തകങ്ങളും സിനിമകളും ഡോക്യുമെന്ററികളും ഉണ്ടായിട്ടുണ്ട്. പറഞ്ഞുപറഞ്ഞും തലമുറകള്‍ കേട്ടുകേട്ടും കണ്ണീര്‍ വറ്റിയ കഥകളാണത്. മനുഷ്യന് മനുഷ്യനോട് ഇങ്ങനെയും ചെയ്യാനാവുമോ എന്നും ഇത് ഈ ഭൂമിയില്‍ സംഭവിച്ചതാണോ എന്നും പുതിയ തലമുറ ചോദിച്ചുപോകുന്ന നടുക്കുന്ന യാഥാര്‍ഥ്യങ്ങളാണ് പോളണ്ടിലെ ഓഷ്വിറ്റ്സിലും ബുക്കന്‍വാള്‍ഡിലും മറ്റും സംഭവിച്ചത്.

ഏലി വീസല്‍ ജനിച്ചത് ജൂതകുടുംബത്തിലാണ്. ചെറുപ്പത്തിലേ കുടുംബത്തോടൊപ്പം നാസി തടങ്കല്‍പ്പാളയത്തിലേക്ക് അയക്കപ്പെട്ടു. ഓഷ്വിറ്റ്സിലെയും ബുക്കന്‍വാള്‍ഡിലെയും തടങ്കല്‍പ്പാളയങ്ങളില്‍ അകപ്പെടുകയും അവിടെനിന്ന് ഭാഗ്യത്തിന് ജീവനോടെ രക്ഷപ്പെടുകയും ചെയ്തു. അതുകൊണ്ടുതന്നെ കണ്ണും നാവും ജീവനും ഹോമിക്കപ്പെടുകവഴി ലക്ഷക്കണക്കിന് മനുഷ്യര്‍ക്ക് എഴുതാനും പറയാനും കഴിയാത്ത ആ ഭീകരാനുഭവങ്ങളെ ഏലി വീസല്‍ പകര്‍ത്തി. അദ്ദേഹം പറയുന്നു: ''മനുഷ്യര്‍ മനുഷ്യരോടു ചെയ്തത് എന്താണെന്ന് ഓര്‍ത്തുവെയ്ക്കാന്‍ നാം തയ്യാറാണെങ്കില്‍ നാളെ മറ്റു ദുരന്തങ്ങള്‍ തടയാന്‍ നമുക്ക് സാധിച്ചേക്കും.''

ആധുനികചരിത്രത്തില്‍ ഇത്രത്തോളം കൃത്യതയോടെ നടപ്പാക്കിയ മറ്റൊരു വംശീയ ഉന്മൂലനമില്ലെന്ന് പറയാം. കൊലയറകളെ അതിജീവിച്ചവര്‍ നമ്മോടു നടത്തുന്ന അഭ്യര്‍ഥനകളില്‍ മുഖ്യമായത് ഇതാണ്: ''ദയവായി നിങ്ങള്‍ നാസി കൊലയറകളെ മറ്റേതെങ്കിലും വംശഹത്യകളുമായി താരതമ്യപ്പെടുത്തരുത്. അങ്ങനെചെയ്താല്‍ നിങ്ങള്‍ ആ ഭീകരതയെ ലഘൂകരിക്കുക മാത്രമല്ല, ഇതൊക്കെ സ്വാഭാവികമാണെന്ന ന്യായവാദത്തിന് തണലേകുകകൂടിയാണ്.''

മനുഷ്യര്‍ മറ്റുള്ള മനുഷ്യരോട് ചെയ്തതെന്താണെന്ന് ഓര്‍ത്തുവെയ്ക്കാന്‍ നാം തയ്യാറാവുകതന്നെ വേണം. പുതിയകാലത്ത് ഹിറ്റ്ലറെ ആരാധിക്കുന്ന നവനാസിപ്രസ്ഥാനം പലയിടത്തും പൊട്ടിമുളയ്ക്കുന്നുണ്ട്. ഓഷ്വിറ്റ്സ് വീണതിന്റെ ഏഴുപത്തഞ്ചാം വാര്‍ഷികത്തില്‍ ജര്‍മന്‍ മുന്‍ ചാന്‍സ്ലര്‍ ആംഗലെ മെര്‍ക്കല്‍ ആദ്യമായി അവിടം സന്ദര്‍ശിച്ചപ്പോള്‍ പ്രകടിപ്പിചത് ഇതേ ആശങ്കതന്നെയായിരുന്നു.
ഭരണകൂടം നടത്തിയ ആസൂത്രിതമായ വംശഹത്യാപദ്ധതിയായിരുന്നു ഹോളോകോസ്റ്റ്. ഭൂമുഖത്തുനിന്ന് ജൂതരെ തുടച്ചുനീക്കുകയായിരുന്നു ലക്ഷ്യം. നാസികള്‍ ഇതിനായി പ്രത്യേക പദ്ധതി തയ്യാറാക്കി. അതിനുനല്‍കിയ പേരാണ് 'ഫൈനല്‍ സൊലൂഷന്‍'. ആ പദ്ധതിയില്‍ 1939-നും 1945-നും ഇടയില്‍ 60 ലക്ഷം ജൂതന്‍മാര്‍ ചാരമായി.

nazi concentration camp
കൂട്ടക്കൊലയ്ക്കിരയാക്കപ്പെട്ട ജൂതരുടെ മൃതദേഹങ്ങള്‍

'ജര്‍മനിയിലെ രോഗാണുക്കള്‍' എന്നാണ് മെയിന്‍കാഫില്‍ ഹിറ്റ്ലര്‍ ജൂതരെ വിശേഷിപ്പിച്ചത്. രോഗാണുനിര്‍മാര്‍ജനംകൊണ്ടേ രോഗത്തെ ഉന്മൂലനംചെയ്യാനാവൂ. 1920 മേയ്മാസം ന്യൂറംബര്‍ഗില്‍ നടത്തിയ ഒരു പ്രസംഗത്തില്‍ ഹിറ്റ്ലര്‍ ഇക്കാര്യം പരോക്ഷമായി സൂചിപ്പിച്ചിരുന്നു.

1945-ല്‍ യുദ്ധം കഴിയുമ്പോള്‍ വലിയ ശതമാനം ജൂതന്‍മാരെയും നാസികള്‍ ഭൂമുഖത്തുനിന്നു തുടച്ചുനീക്കിയിരുന്നു, അതും ലോകമറിയാതെ. കൊല്ലപ്പെടുന്ന ഒരു ജൂതന്‍ പോലും തന്റെ യാത്ര മരണത്തിലേക്കാവുമെന്ന് പലപ്പോഴും കരുതിയില്ല.

ഒന്നാം ലോകയുദ്ധസമയത്ത് ജൂതര്‍ ബ്രിട്ടനോടൊപ്പമായിരുന്നു. സമ്പന്നരായ യഹൂദര്‍ ബ്രിട്ടനുവേണ്ടി യുദ്ധഫണ്ടിലേക്ക് പണം പിരിച്ചുനല്‍കി. ആ യുദ്ധത്തിലെ ജര്‍മനിയുടെ തോല്‍വിയിലും തകര്‍ച്ചയിലുംനിന്നാണ് ഹിറ്റ്ലര്‍ ഉയര്‍ന്നുവരുന്നത്. തങ്ങളെ തോല്‍പ്പിച്ച ബ്രിട്ടനെ സഹായിച്ച ജൂതരോട് ഹിറ്റ്ലര്‍ക്ക് വെറുപ്പായിരുന്നു. ജര്‍മനിയില്‍ താമസിക്കുന്ന ജൂതര്‍ ഒറ്റുകാരാണെന്നും രോഗാണുക്കളാണെന്നും ഹിറ്റ്ലര്‍ ഇതുകൊണ്ടാണ് അഭിപ്രായപ്പെട്ടത്.

എത്രയോ നൂറ്റാണ്ടുകള്‍ക്ക് മുന്‍പേതന്നെ പലകാരണങ്ങളാല്‍ ലോകത്തിന്റെ പലഭാഗത്തും ജൂതര്‍ വേട്ടയാടപ്പെട്ടിരുന്നു. ആദ്യം റോമാക്കാരില്‍നിന്നും പിന്നീട് തുര്‍ക്കികളില്‍നിന്നും ശേഷം കിഴക്കന്‍ യൂറോപ്പില്‍നിന്നും ജൂതര്‍ക്കുനേരേ ആക്രമണമുണ്ടായി. ഷേക്സ്പിയറുടെ നാടകങ്ങളില്‍ ജൂതന്‍ എന്നത് ഷൈലോക്കിനെപ്പോലെ പണം പലിശയ്ക്ക് കൊടുത്ത് ചോരക്കാശ് വാങ്ങുന്ന ദുഷ്ടകഥാപാത്രമായിരുന്നു. ഒരുഘട്ടത്തില്‍ ജൂതര്‍ കേരളത്തിലുമെത്തി അഭയം കണ്ടു. 1945 വരെ അവര്‍ സ്വന്തമായി രാജ്യമില്ലാതെ അലഞ്ഞുകൊണ്ടിരുന്നു. ഓരോ രാജ്യത്തെയും ഭൂരിപക്ഷം, ജൂതരെ പലകാരണങ്ങള്‍കൊണ്ടും വേട്ടയാടി.

ജര്‍മനിയില്‍ ജൂതരെ പ്രതിസ്ഥാനത്ത് നിര്‍ത്തിക്കൊണ്ട് ഹിറ്റ്ലര്‍ തന്നെ ആര്യാധിനിവേശവും ജര്‍മന്‍ ആര്യത്വവും വളര്‍ത്താനുള്ള ശ്രമം തുടങ്ങിയത് പടിപടിയായാണ്. അതിന് ഫാസിസം സാധാരണ ചെയ്യാറുള്ള രീതിതന്നെയാണ് ഹിറ്റ്ലര്‍ നടപ്പാക്കിയത്. ഒരു നിഴല്‍ശത്രുവിനെ മുന്നില്‍നിര്‍ത്തുക; അതിനുനേരേയുള്ള യുദ്ധപ്രഖ്യാപനം നടപ്പാക്കുക; അതിനായി ഒരുതരം ഏകദേശീയ മനോഭാവമുണ്ടാക്കുക. ജന്മംകൊണ്ട് അര്‍ധജൂതനായ ഹിറ്റ്ലര്‍ക്ക് എന്തുകൊണ്ട് ജൂതവിരോധം ഇത്രമാത്രം കഠിനമായി എന്നതിന് ഉത്തരമൊന്നുമില്ല. വിയന്നയില്‍ 1908 മുതല്‍ 1912 വരെ ചിത്രകാരനായി കഴിഞ്ഞിരുന്ന കാലംമുതലേ ഹിറ്റ്ലര്‍ക്ക് ജൂതവിരോധമുണ്ടായിരുന്നതായി പറയപ്പെടുന്നു. ഹിറ്റ്ലര്‍ക്ക് പ്രിയപ്പെട്ട രണ്ടുപേര്‍ അക്കാലം ജൂതവിരോധികളായിരുന്നു. ഓസ്ട്രിയന്‍ ചിന്തകനും ജര്‍മന്‍ ദേശീയവാദിയുമായ ജോര്‍ജ് റിട്ടര്‍വോണ്‍, വിയന്നയുടെ മേയറായ കാള്‍ല്യൂഗര്‍ എന്നിവരായിരുന്നു ഈ രണ്ടുപേര്‍. റിട്ടര്‍വോണിന്റെ ചിന്തകള്‍ ഹിറ്റ്ലറെ സ്വാധീനിച്ചു. ഓസ്ട്രിയയുടെ ജര്‍മന്‍ ഭൂരിപക്ഷപ്രവിശ്യകള്‍ ജര്‍മനിയോടു ചേര്‍ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ജൂതര്‍ക്ക് ഒരിക്കലും ജര്‍മന്‍ പൗരന്മാരായി നിലനില്‍ക്കാന്‍ കഴിയില്ലെന്നും അവര്‍ ശത്രുക്കളായി മാറുമെന്നും അദ്ദേഹം എഴുതി.

nazi
ജൂതരെ വെടിവെച്ചുകൊല്ലുന്ന നാസിപ്പട്ടാളം

ഒന്നാം ലോകയുദ്ധത്തില്‍ മാതൃരാജ്യമായ ജര്‍മനിയുടെ തോല്‍വിയില്‍ ഹിറ്റ്ലര്‍ അത്യന്തം നിരാശനും കോപാകുലനുമായിരുന്നു. തോല്‍വിക്കു കാരണം പിന്നില്‍നിന്നുള്ള കുത്താണെന്ന് ഹിറ്റ്ലര്‍ വിശ്വസിച്ചു. ജൂതരെയാണ് ഉദ്ദേശിച്ചത്. ജര്‍മനിയില്‍ വലതുപക്ഷവും ന്യൂനപക്ഷ ജൂതവിരോധികളുമായ പല ജര്‍മന്‍ നേതാക്കളും ഇക്കാര്യം വിളിച്ചുപറഞ്ഞു. പക്ഷേ, സത്യത്തില്‍ ഇവര്‍ വലിയ തെറ്റിദ്ധാരണയാണു പരത്തിയതെന്ന് പിന്നീടാണു ബോധ്യമായത്. ഒന്നാം ലോകയുദ്ധത്തില്‍ ജര്‍മനിക്കൊപ്പം ഒന്നരലക്ഷത്തോളം ജര്‍മന്‍-ഓസ്ട്രിയന്‍ ജൂതര്‍ പങ്കെടുത്തതായി രേഖകളുണ്ട്. യുദ്ധത്തില്‍ ജര്‍മനിക്ക് ആവേശംകൊടുത്ത യുദ്ധവീരന്‍ ഓട്ടോഫ്രാങ്ക് ജൂതനായിരുന്നു. പക്ഷേ, നാസികള്‍ക്ക് തങ്ങളുടെ താത്പര്യങ്ങള്‍ നടപ്പാക്കാന്‍ പ്രതിസ്ഥാനത്ത് ഒരു എതിരാളി വേണമായിരുന്നു. ഫാസിസം എന്നും അങ്ങനെയാണ് തങ്ങളുടെ ലക്ഷ്യം സാക്ഷാത്കരിക്കുക.

ജൂതവിരോധത്തെ തന്റെ ലക്ഷ്യം നിറവേറ്റാനുള്ള ഒരു രാഷ്ട്രീയപ്രക്രിയയാക്കിമാറ്റാനാണ് ഹിറ്റ്ലര്‍ പിന്നീട് ശ്രമിച്ചത്. മതമേധാവിത്വം, ദേശീയൈക്യം, ജര്‍മന്‍ വികാരം തുടങ്ങിയവയുടെ പ്രത്യയശാസ്ത്ര രാഷ്ട്രീയലോകം ഹിറ്റ്ലര്‍ സൃഷ്ടിച്ചെടുത്തു. അതില്‍ അദ്ദേഹത്തിനാവശ്യമുള്ള ശത്രു ജൂതരായിരുന്നു. എല്ലാ കുറ്റവും ജൂതരില്‍ അടിച്ചേല്‍പ്പിച്ചു. നാസികളെ സംബന്ധിച്ചിടത്തോളം ഇനി ജൂതരില്‍ ചാര്‍ത്താന്‍ കുറ്റങ്ങളൊന്നുമില്ലാതായി. ആര്യത്വത്തിന്റെ വംശശുദ്ധിയെ അഹങ്കാരമാക്കിമാറ്റി.

ജര്‍മനിയില്‍ ശത്രുക്കളാരാണെന്ന് തീരുമാനിക്കപ്പെട്ടതോടെ നാസികളുടെ മുന്നോട്ടുള്ള നിഗൂഢപ്രയാണത്തിന് ഒരു ഏകദേശരൂപമായി. ലോകത്തിലെ ഏറ്റവും വംശശുദ്ധിയുള്ളവര്‍ ജര്‍മന്‍കാരായി പരോക്ഷമായി പ്രഖ്യാപിക്കപ്പെട്ടു. അതോടെ മാനസികമായി ജൂതരെ അകറ്റിനിര്‍ത്താന്‍ പലരും നിര്‍ബന്ധിതരായി. ജര്‍മന്‍കാര്‍ സംശയത്തോടെ, ആശങ്കയോടെ, അവജ്ഞയോടെ ജൂതരെ കാണാന്‍ തുടങ്ങി. അവര്‍ നാടുവിട്ടുപോയാല്‍ അവരുടെ പിടിച്ചെടുക്കാനുള്ള സ്വത്തുക്കളുടെമേല്‍ കണ്ണുകള്‍ പതിഞ്ഞു. ജൂതര്‍ക്ക് പ്രത്യേക നികുതിയും ജര്‍മന്‍ ഭരണകൂടം ഏര്‍പ്പെടുത്തി.

വംശഹത്യയുടെ അന്തരീക്ഷമുണ്ടാക്കാന്‍ ജര്‍മനിയില്‍ നേരത്തേ ശ്രമം തുടങ്ങിയിരുന്നു. ജൂതര്‍ക്കെതിരേയും കമ്യൂണിസ്റ്റുകാര്‍ക്കെതിരേയും വന്റാലികള്‍ നടന്നു. പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ ആ പ്രകടനങ്ങളില്‍ മുഴങ്ങി. അപ്പോഴൊന്നും ഇത്ര ഭീകരമായ വിധി തങ്ങളെ കാത്തുകിടപ്പുണ്ടെന്ന് ജൂതര്‍ വിശ്വസിച്ചില്ല. ജൂതരുടെ വാസസ്ഥലങ്ങള്‍, വീടുകള്‍, വ്യാപാരസ്ഥാപനങ്ങള്‍ എല്ലാം നോക്കിവെയ്ക്കുകയും മഞ്ഞ അടയാളങ്ങള്‍ പതിക്കുകയും ചെയ്തു.

ജൂതരോട് കാരുണ്യമോ സ്‌നേഹമോ കാണിക്കേണ്ടതില്ല; അവര്‍ക്ക് സംരക്ഷണം നല്‍കുന്നത് അപകടകരമായിരിക്കും എന്ന ബോധം ജര്‍മന്‍ സമൂഹത്തില്‍ ഉണ്ടായി. ജൂതര്‍ പെറ്റുപെരുകുന്നത് ഭാവിയില്‍ ജര്‍മന്‍ ജനതയ്ക്ക് ഭീഷണിയാവുമെന്നും അവര്‍ക്കായി മറ്റു സ്ഥലങ്ങള്‍ തയ്യാറായിട്ടുണ്ടെന്നും പ്രചരിപ്പിക്കപ്പെട്ടു.

പടിപടിയായി ജൂതര്‍ക്കുനേരേ നടപടികള്‍ വന്നു. സിവില്‍ സര്‍വീസില്‍നിന്ന് ആര്യന്മാരല്ലാത്തവരെ ഒഴിവാക്കി. ജൂതരുടെ കമ്പനികള്‍, മറ്റു സ്ഥാപനങ്ങള്‍ തുടങ്ങിയവ ലിക്വിഡേറ്റ് ചെയ്തു. ഡോക്ടര്‍മാരെയും വക്കീലന്‍മാരെയും തൊഴിലില്‍നിന്ന് ഒറ്റപ്പെടുത്തി. ജൂതര്‍ക്കുനേരേ കരിനിയമങ്ങള്‍ വരാന്‍ തുടങ്ങി.

1933-ലാണ് ഹിറ്റ്ലര്‍ ജര്‍മനിയുടെ ചാന്‍സലറാവുന്നത്. പടിപടിയായ കയറ്റം. അധികാരം പൂര്‍ണമായും അദ്ദേഹത്തിന്റെ കൈപ്പിടിയിലൊതുങ്ങുകയാണ്. ജര്‍മനിയുടെ പ്രസിഡന്റ് പോള്‍ വോണ്‍ ഹിന്‍ഡന്‍ബര്‍ഗിന്റെ നിര്യാണത്തെ തുടര്‍ന്ന് 1934-ല്‍ ഹിറ്റ്ലര്‍ ജര്‍മനിയുടെ പരമാധികാരിയായ ഫ്യൂററായിമാറി. സൈനികവേഷത്തില്‍ സര്‍വരെയും ഭയപ്പെടുത്തുകയും അതിലൂടെ ആരാധനാപാത്രമാവുകയും ചെയ്യുന്ന പരമോന്നതവ്യക്തിയായി. ഒന്നാംലോകയുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ്, കുരുക്കായ വേഴ്സായി സന്ധിക്കുശേഷം നിസ്സഹായയായ ജര്‍മനിയെ പടുത്തുയര്‍ത്തിയ വീരപടനായകനായി അഡോള്‍ഫ് ഹിറ്റ്ലര്‍ വാഴ്ത്തപ്പെട്ടു.

നാസികളുടെ ഉന്മൂലനവഴിയിലേക്കുള്ള കണക്കില്‍പ്പെട്ടവര്‍ ജൂതര്‍ മാത്രമായിരുന്നില്ല. റോമന്‍ ജിപ്‌സികള്‍, ഭിന്നശേഷിക്കാര്‍, മാനസികവളര്‍ച്ചയില്ലാത്തവര്‍, സ്ളാവിക് ജനത, റഷ്യന്‍ യുദ്ധത്തടവുകാര്‍, കമ്യൂണിസ്റ്റുകാര്‍, ട്രേഡ് യൂണിയന്‍ നേതാക്കള്‍, യഹോവാസാക്ഷികള്‍, സ്വവര്‍ഗാനുരാഗികള്‍, യാചകര്‍, ലൈംഗികത്തൊഴിലാളികള്‍ ഇവരൊക്കെ വധിക്കപ്പെടേണ്ടവരാണെന്ന നീതിസാരം രഹസ്യമായി നടപ്പിലാക്കപ്പെട്ടു. മാനസികമോ ശാരീരികമോ ആയ വളര്‍ച്ചയില്ലാത്ത രണ്ടരലക്ഷം പേര്‍ ഇതിന്റെ ഭാഗമായി ദയാവധം എന്നപേരില്‍ കൊല്ലപ്പെട്ടു. രണ്ടരലക്ഷത്തോളം റോമന്‍ ജിപ്‌സികളെയാണ് നാസികള്‍ കൊന്നത്. പട്ടിണിയും രോഗവും മറ്റു പകര്‍ച്ചവ്യാധികളും കാരണം ലക്ഷക്കണക്കിനാളുകള്‍ ഗെറ്റോകളിലും തടവറകളിലും അവിടേക്കുള്ള യാത്രകള്‍ക്കിടെയും കൊല്ലപ്പെട്ടു.

nazi camp
കോണ്‍സെന്‍ട്രേഷന്‍ ക്യാംപുകളില്‍ നിന്നും കണ്ടെടുത്ത കൃത്രിമക്കാലുകളും മറ്റും

പിടികൂടപ്പെട്ട് തടങ്കല്‍പ്പാളയത്തിലകപ്പെട്ട ജൂതരുടെ ശരീരങ്ങള്‍ നാസികളുടെ പരീക്ഷണവസ്തുക്കളായി മാറിക്കൊണ്ടിരുന്നു. നാസി പടയാളികളുടെ രോഗങ്ങള്‍ക്കും മുറിവുകള്‍ക്കും മറ്റും മരുന്നു കണ്ടുപിടിക്കാനും അവര്‍ക്ക് കഠിനമായ ശൈത്യത്തെയും ചൂടിനെയും പ്രതിരോധിക്കുന്നതിനുള്ള കഴിവുകളാര്‍ജിക്കാന്‍ പരീക്ഷണങ്ങള്‍ നടത്താനും തടവുകാരെ പച്ചയായി കീറിമുറിച്ചു പരിശോധിക്കുന്നതിന് നാസി ഡോക്ടര്‍മാര്‍ തയ്യാറായി. ഈ വൈദ്യശാസ്ത്രരേഖകള്‍ പലതും പിന്നീട് പുറത്തുവന്നു. ആര്യവംശത്തെ നിലനിര്‍ത്താനും അവരില്‍ അമാനുഷകഴിവുകളുണ്ടാക്കാനുമുള്ള പരീക്ഷണങ്ങള്‍ക്കിരയായത് ജൂതത്തടവുകാരായിരുന്നു. റഷ്യന്‍ പട്ടാളക്കാരെപ്പോലെ അതിശൈത്യത്തെ നേരിടാനുള്ള കഴിവുണ്ടാക്കാന്‍ തടവുകാരെ മൈനസ് ആറ് ഡിഗ്രിയില്‍ മരിക്കുന്നതുവരെ നിര്‍ത്തുകയും പിന്നീട് ഉടന്‍ തിളച്ച വെള്ളത്തിലേക്കിടുകയും ചെയ്യുന്ന പരീക്ഷണം വ്യാപകമായി നടന്നു. കടുത്ത ശീതതാപങ്ങള്‍ ശരീരത്തില്‍ എന്തുമാറ്റമുണ്ടാക്കുന്നുവെന്നും അതിനെ എങ്ങനെ പ്രതിരോധിക്കാമെന്നുമായിരുന്നു പരീക്ഷണം. മലേറിയക്ക് പ്രതിവിധി കണ്ടെത്താന്‍ പെണ്‍കൊതുകിനെക്കൊണ്ട് കടിപ്പിച്ച് രോഗമുണ്ടാക്കിയശേഷം മരുന്നുകള്‍ പരീക്ഷിക്കും. രക്ഷപ്പെടാത്ത എല്ലാവരെയും വെടിവെച്ചുകൊല്ലും. വിഷത്തിന്റെ വീര്യം പരിശോധിക്കാന്‍ തടവുകാരറിയാതെ ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് നല്‍കും. എത്ര ഡോസ് വരെ താങ്ങാനാവുമെന്ന പരീക്ഷണമാണ് പ്രധാനം. ബുക്കന്‍വാള്‍ഡ് കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിലാണ് ഇത് നടന്നത്. കടല്‍വെള്ളം കുടിച്ച് എത്രകാലം ജീവിക്കാന്‍ കഴിയുമെന്ന പരീക്ഷണവും നാവികര്‍ക്കുവേണ്ടി തടവുകാരില്‍ പരീക്ഷിക്കപ്പെട്ടു.

എല്ലുകളും ഞരമ്പുകളും ശരീരത്തില്‍നിന്നു മാറ്റി ഞരമ്പുകള്‍ പുതുതായി വളരുമോ എന്നുനോക്കാനും പരീക്ഷണം നടന്നു. ബോധം കെടുത്താതെയാണ് ഇത് നടത്തുക. വിഷം പുരട്ടിയ വെടിയുണ്ടകൊണ്ട് വെടിവെച്ചാല്‍ എത്രവേഗം മരിക്കും എന്ന പരീക്ഷണവും നടന്നു. തീപ്പൊള്ളല്‍ ചികിത്സയ്ക്കായി ഫോസ്ഫറസും മറ്റും ഉപയോഗിച്ച് ശരീരം പൊള്ളിക്കുമായിരുന്നു. രക്തം കട്ടപിടിക്കാനുള്ള പരീക്ഷണത്തിനായി തടവുകാരുടെ ശരീരത്തില്‍ വലിയ മുറിവുകളുണ്ടാക്കും. ശരീരത്തില്‍നിന്ന് കുടല്‍, കരള്‍, വൃക്ക എന്നിവ നീക്കംചെയ്താല്‍ എത്രകാലം ഒരാള്‍ക്ക് ജീവിക്കാന്‍ പറ്റും എന്നുള്ള പരീക്ഷണവും ലാബുകളില്‍ നടന്നു. യുദ്ധത്തില്‍ മുറിവേല്‍ക്കുന്ന നാസി പടയാളികളുടെ ചികിത്സയ്ക്കും അതിജീവനത്തിനും വേണ്ടിയായിരുന്നു ഈ പരീക്ഷണങ്ങള്‍.

വന്ധ്യംകരണത്തിന്റെ കാര്യത്തിലാണ് നാസി ഡോക്ടര്‍മാര്‍ വലിയ പരീക്ഷണങ്ങള്‍ നടത്തിയത്. സ്ത്രീകളുടെയും പുരുഷന്റെയും ജനനേന്ദ്രിയത്തിലേക്ക് അതിശക്തമായി എക്‌സ്റേ രശ്മികള്‍ പായിച്ച് പരിശോധിക്കും. വൃഷണങ്ങള്‍ കീറിയെടുത്ത് അതിലുള്ള മാറ്റവും പരിശോധിക്കുന്നു. ഏഴുലക്ഷത്തോളം പേരെ വന്ധ്യംകരണത്തിന് നാസികള്‍ വിധേയരാക്കി. ഞരമ്പുകളിലും കണ്ണുകളിലും അയഡിന്‍, സില്‍വര്‍ നൈട്രേറ്റ് എന്നിവ നേരിട്ടു കുത്തിവെച്ച് നീലക്കണ്ണുകളുണ്ടാക്കാനുള്ള ശ്രമമായിരുന്നു മറ്റൊന്ന്. ആയിരക്കണക്കിന് ഭീകരപരീക്ഷണങ്ങളാണ് തടവുകാരായ ജൂതരില്‍ നടത്തിയത്. ജനിതകപരീക്ഷണങ്ങളും വ്യാപകമായി നടത്തി.

കുട്ടികളിലുള്‍പ്പെടെ അനസ്‌തേഷ്യ നല്‍കാതെയുള്ള ശസ്ത്രക്രിയകള്‍, അവയവമാറ്റപരിശോധനകള്‍, ഇരട്ടകളെ വേര്‍പെടുത്തല്‍, കഴുത്തു മാറ്റിവെയ്ക്കല്‍ തുടങ്ങിയ പരീക്ഷണങ്ങള്‍ വ്യാപകമായി. അതിശൈത്യത്തിലെ അതിജീവനപരീക്ഷണങ്ങള്‍, വൈദ്യുതിഷോക്ക് ഏല്‍പ്പിക്കല്‍, രക്തംമാറ്റല്‍, രക്തം കുത്തിവെയ്ക്കല്‍ എന്നിവ നിര്‍ബാധം നടന്നു. ജോസഫ് മെംഗല്‍ എന്ന നാസി ഡോക്ടറായിരുന്നു ഈ പരീക്ഷണത്തിന്റെ നേതാവ്. നാസിപടയാളികള്‍ക്ക് ലൈംഗികാക്രമണം നടത്താന്‍ ക്യാമ്പുകളില്‍ ജൂതസ്ത്രീകളെ ഇരയാക്കി.

ഹോളോകോസ്റ്റ്

ഹോളോകോസ്റ്റ് എന്ന പദം ഹോളോസ് (പൂര്‍ണമായും), കോസ്‌തോസ് (എരിഞ്ഞുതീരുക) എന്നീ രണ്ട് വാക്കുകളില്‍നിന്ന് രൂപപ്പെട്ടതാണ്. നാസികളുടെ ചൂളകളില്‍ കത്തിപ്പോയ ലക്ഷക്കണക്കിന് ജീവനുകള്‍ ഈ വാക്കുകളിലുണ്ട്. ഹോളോകോസ്റ്റ് എന്നത് ആസൂത്രിതമായ ജൂതസംഹാരത്തിന്റെ ഒറ്റവാക്കായി മാറി.

nazi cremation
ജൂതരെ കൊല്ലാനുപയോഗിച്ചിരുന്ന ചൂള

1939 സെപ്റ്റംബറിലാണ് ജര്‍മന്‍ പട്ടാളം പോളണ്ടിനെ ആക്രമിക്കുന്നത്. അവിടത്തെ ആയിരക്കണക്കിന് ജൂതന്‍മാരെ പിടികൂടി പ്രത്യേക ഗെറ്റോവിലാക്കുന്നു. പിടികൂടപ്പെട്ടവരുടെ സ്വത്തുക്കള്‍ ജൂതരല്ലാത്തവര്‍ക്ക് കൈമാറി. ഗെറ്റോവില്‍ ആയിരക്കണക്കിനാളുകള്‍ക്ക് ജീവിതം നരകയാതനയായിരുന്നു. പട്ടിണിയും ദാരിദ്ര്യവും മാത്രമല്ല, ഒരുതരം ചെള്ളുപനിയും അവിടെ വ്യാപകമായി. മരണം ഗെറ്റോകളില്‍ സാര്‍വത്രികമായി. പകര്‍ച്ചവ്യാധിയുള്ളവരെയെല്ലാം വെടിവെച്ചുകൊന്നു. ചികിത്സയെന്നത് ഒരു വെടിയുണ്ടയായിരുന്നു. ഗൊറ്റോവിനുചുറ്റും വലിയ മതിലുകളും വൈദ്യുതവേലികളും കെട്ടിയുയര്‍ത്തിയിരുന്നു. തടവുകാരെക്കൊണ്ടുതന്നെയാണ് കൂറ്റന്‍ ചുറ്റുമതിലുണ്ടാക്കിയത്. തടവുകാരെ വേര്‍തിരിച്ചപ്പോള്‍ മാനസികവൈകല്യം കാട്ടിയ എല്ലാവരെയും കൂട്ടമായി കൊന്നു കുഴിച്ചുമൂടിക്കളഞ്ഞു. ദയാവധത്തിന് വിധേയമാക്കിയെന്നാണ് ഔദ്യോഗികഭാഷ്യം.

അതിനിടെ നാസികള്‍ തങ്ങളുടെ സാമ്രാജ്യത്വവികസനം തകൃതിയിലാക്കി. നോര്‍വേ, ഡെന്‍മാര്‍ക്ക്, നെതര്‍ലന്‍ഡ്‌സ്, ബെല്‍ജിയം, ലക്‌സംബര്‍ഗ്, ഫ്രാന്‍സ് എന്നിവ കീഴടങ്ങി. 1941-ല്‍ ഈ സ്ഥലങ്ങളിലെ പതിനായിരക്കണക്കിന് ജൂതന്‍മാരും റൊമാനിയക്കാരും നാസി ഗെറ്റോകളിലേക്ക് ആട്ടിയോടിക്കപ്പെട്ടു. അനാക്രമണസന്ധി ലംഘിച്ചുകൊണ്ടാണ് ജര്‍മനി സോവിയറ്റ് യൂണിയനെ ആക്രമിക്കുന്നത്. അതോടെ യുദ്ധത്തിന്റെ ഗതി മാറി. ഭീകരമായ ആക്രമണങ്ങള്‍, യുദ്ധങ്ങള്‍. കൂട്ടക്കൊലകള്‍ അതിന്റെ ബാക്കിപത്രമായി. സഞ്ചരിക്കുന്ന മരണയൂണിറ്റുകള്‍ അഞ്ചുലക്ഷത്തോളം സോവിയറ്റ് ജൂതന്‍മാരുടെ ജീവനെടുത്തു. വെടിവെച്ചുകൊല്ലുകയായിരുന്നു. കൂട്ടക്കുഴിമാടങ്ങളില്‍ ജൂതര്‍ അസ്ഥികളും തലയോട്ടികളുമായി പരിണാമപ്പെട്ടു.

1941 ജൂലായ് 31-ന് ജര്‍മന്‍ സൈനിക കമാന്‍ഡറായിരുന്ന ഹെര്‍മന്‍ ഗോറിങ് ഹിറ്റ്ലറുടെ രഹസ്യപ്പോലീസിന്റെ സെക്യൂരിറ്റി സര്‍വീസ് മേധാവി റെയിന്‍ഹാര്‍ഡ് ഹെഡ്രിയാക്കിന് ഇങ്ങനെ എഴുതുന്നുണ്ട്: ''ജൂതരുടെ ചോദ്യത്തിന് 'ഫൈനല്‍ സൊലൂഷന്‍' നല്‍കാനുള്ള സമയമായിരിക്കുന്നു. അന്തിമവിധി, അന്തിമപരിഹാരം.''

എല്ലാ ജൂതരെയും കണ്ടെത്തുക, വേര്‍തിരിക്കുക, കടത്തുക, കൊല്ലുക- ഇതാണ് പരിഹാരം. എല്ലാ ജൂതഭവനങ്ങളിലും മഞ്ഞ അടയാളം പതിച്ചു. ജൂതന്‍മാരെ കൂട്ടംകൂട്ടമായി ഗെറ്റോവിലേക്ക് കടത്താന്‍ തുടങ്ങി. പോളണ്ടിലെ ഓഷ്വിറ്റ്സ് കാര്‍ക്കോവിന് സമീപം കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകള്‍ രൂപംകൊണ്ടു. സൈക്ലോണ്‍ ബി എന്ന വിഷവാതകം തയ്യാറായി. ഹിറ്റ്ലറുടെ എസ്.എസ്. സംഘം ആയിരക്കണക്കിന് വിഷവാതകടിന്നുകള്‍ക്ക് ഓര്‍ഡര്‍ നല്‍കി. ജര്‍മനിയില്‍ കൃഷിക്കുംമറ്റുമുണ്ടാകുന്ന വ്യാപക കീടശല്യത്തിനാണ് ഇത്രയധികം വിഷത്തിന് ഓര്‍ഡര്‍ നല്‍കുന്നതെന്ന് ഔദ്യോഗികഭാഷ്യമുണ്ടായെങ്കിലും അത് ഹോളോകോസ്റ്റിനുള്ള ഒരുക്കമായിരുന്നുവെന്ന് ജര്‍മന്‍ ജനതയോ ജൂതജനതയോ അറിഞ്ഞില്ല. ജൂതരെ ഓരോ പ്രദേശത്തുനിന്നും പോളണ്ടിലെ ഓഷ്വിറ്റ്സിലേക്കെത്തിക്കാന്‍ പ്രത്യേക ട്രെയിനുകള്‍ ഓടി. കയറ്റിയയക്കപ്പെടുന്ന ജൂതരെയുള്‍പ്പെടെയുള്ളവരെ ആദ്യം വേര്‍തിരിച്ചു, സ്ത്രീകള്‍, കുട്ടികള്‍, പുരുഷന്‍മാര്‍ എന്നിങ്ങനെ. അതില്‍ യുവാക്കള്‍, യുവതികള്‍, പ്രായമായവര്‍, രോഗികള്‍, അവശര്‍, മാനസികവിഭ്രാന്തിയുള്ളവര്‍ എന്നിങ്ങനെയും വേര്‍തിരിച്ചു.

1942 മാര്‍ച്ച് 17-ന് ലുബ്ലിന് സമീപമുള്ള ബാല്‍സെക്കില്‍വെച്ചായിരുന്നു ആദ്യത്തെ ഗ്യാസ് ചേംബര്‍ കൊലകള്‍ നടന്നത്. തുടര്‍ന്ന് ഓഷ്വിറ്റ്സ്, ബര്‍ക്കിനാവു എന്നിവയ്ക്കുപുറമെ അഞ്ചു കൊലയറകള്‍ നിര്‍മിച്ചു, ചെല്‍മനോ, സൊബിബോര്‍, ട്രബ്ലിന്‍കാ, മാജ്ഡെന്‍ക് തുടങ്ങിയ സ്ഥലങ്ങളില്‍. യൂറോപ്പിലെ പലഭാഗത്തുമുള്ള ജൂതന്‍മാരെ ഇവിടേക്ക് കൊണ്ടുവന്നു. വാഴ്സയിലെ ഗെറ്റോവില്‍ മാത്രമായി മൂന്നുലക്ഷം പേരെയാണ് കൊണ്ടുവന്നത്. വിശപ്പും രോഗവും കാരണം തടവുകാര്‍ കലാപമുണ്ടാക്കിയതിനെത്തുടര്‍ന്ന് 1943 മേയ് 16-ന് ഏഴായിരം ജൂതര്‍ കൊല്ലപ്പെട്ടു.

ഓഷ്വിറ്റ്സ് ക്യാമ്പ് തുടങ്ങുന്നത് 1940 ജൂണ്‍ 14-നാണ്. മൂന്ന് പ്രധാന ക്യാമ്പുകളും 140-ഓളം ചെറിയ ക്യാമ്പുകളും. ബര്‍ക്കിനാവുവിലായിരുന്നു രണ്ടാമത്തെ വലിയ ക്യാമ്പ്. മൂന്നാമത്തെ ക്യാമ്പിലും ആയിരക്കണക്കിനാള്‍ക്കാരെ കൊല്ലാനുള്ള സൗകര്യമുണ്ടായിരുന്നു. പട്ടിണി, ഭീകരമര്‍ദനം, മരിക്കുന്നതുവരെ തൊഴില്‍, ശാസ്ത്രപരീക്ഷണം ഇതായിരുന്നു രീതി. ഭക്ഷണം ജീവന്‍ നിലനിര്‍ത്താന്‍ മാത്രം. പട്ടിണികൊണ്ട് മരിച്ചവര്‍മാത്രം ലക്ഷത്തിലധികംവരും. ഓഷ്വിറ്റ്സിന്റെ ഭീകരത അന്നുവരെ ലോകം പുറത്തറിഞ്ഞില്ല. അവിടെനിന്ന് രക്ഷപ്പെട്ട റുഡോള്‍ഫ് വെര്‍ബ, ആല്‍ഫ്രഡ് വെറ്റ്സലര്‍ തുടങ്ങിയ തടവുകാരാണ് അവിടെ നടക്കുന്ന നടുക്കുന്ന ദൃശ്യങ്ങള്‍ ലോകത്തോട് വിളിച്ചുപറഞ്ഞത്, അതും യുദ്ധാവസാനം ചെമ്പട ഓഷ്വിറ്റ്സ് മോചിപ്പിച്ചശേഷം.

പോളണ്ടിലേക്കെത്തിച്ച ആയിരത്തോളം ജൂതത്തടവുകാരാണ് വാതകച്ചൂളകള്‍ നിര്‍മിച്ചത്. സ്വന്തം ജീവിതം കത്തിക്കാനുള്ള ചൂള തന്നെ! 1942 ഫെബ്രുവരി 12-നാണ് ആദ്യസംഘം ജൂതര്‍ ഓഷ്വിറ്റ്സിലെത്തുന്നത്. പിന്നെ നിരയായി ആയിരങ്ങള്‍. നാനാഭാഗത്തുനിന്നും ആട്ടിത്തെളിക്കപ്പെട്ട ജൂതര്‍ പൊള്ളുന്ന ചൂടിലും കോടിപ്പോകുന്ന മഞ്ഞിലും ഇരുമ്പുവണ്ടികളില്‍ ഇറച്ചിക്കോഴികളെന്നപോലെ കുത്തിനിറയ്ക്കപ്പെട്ട് ഓഷ്വിറ്റ്സിലെ തടങ്കല്‍പ്പാളയങ്ങളിലേക്ക്. ഗ്യാസ് ചേംബറില്‍ സൈക്ലോണ്‍ ബി എന്ന ഗ്യാസാണ് കടത്തിവിടുക. 20 മിനിറ്റുകൊണ്ട് എല്ലാം കഴിയും.

concentration camp
ഹിറ്റ്‌ലറുടെ കോണ്‍സെന്‍ട്രേഷന്‍ ക്യാംപ്‌

ന്യൂറംബര്‍ഗ് വിചാരണകള്‍

നാസി കൊടുംക്രൂരതകള്‍ യുദ്ധാനന്തരം മാത്രമാണ് പൂര്‍ണമായും ലോകത്തിന്റെ മുന്നില്‍ വെളിപ്പെടുന്നത്. നാസി കുറ്റവാളികളെ വിചാരണകൂടാതെ വെടിവെച്ചുകൊല്ലണമെന്നാണ് ജോസഫ് സ്റ്റാലിന്‍ പറഞ്ഞത്. അതേസമയം മറ്റു കക്ഷികള്‍ ഇതിനോടു യോജിച്ചില്ല. നിയമപരമായ വിചാരണ വേണമെന്ന് അവര്‍ വാദിച്ചു. ഹിറ്റ്ലര്‍, ഹിംലര്‍, ഗീബല്‍സ് എന്നിവര്‍ ആത്മഹത്യചെയ്തിരുന്നു. പലരും ഒളിവില്‍പ്പോയി.

ന്യൂറംബര്‍ഗില്‍ 13 വിചാരണകളാണ് അന്താരാഷ്ട്ര ട്രിബ്യൂണലിന്റെ നേതൃത്വത്തില്‍ നടന്നത്. നാസി പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഇടംപിടിച്ച സ്ഥലമാണ് ന്യൂറംബര്‍ഗ്. ഇവിടെവെച്ചാണ് പാര്‍ട്ടിയുടെ പടുകൂറ്റന്‍ റാലികള്‍ നടക്കാറുള്ളത്. ഇവിടെവെച്ചാണ് 1935 സെപ്റ്റംബര്‍ 15-ന് ജൂതവിരുദ്ധനിയമങ്ങള്‍ ഹിറ്റ്ലര്‍ പുറത്തിറക്കിയത്. അതേ സ്ഥലത്തുവെച്ചാണ് നാസികളെ വിചാരണ ചെയ്തതും. നാസികള്‍ക്ക് സാമ്പത്തികസഹായം നല്‍കിയവര്‍, വ്യവസായികള്‍, ഡോക്ടര്‍മാര്‍ എന്നിവരും വിചാരണ ചെയ്യപ്പെട്ടു. 1945 നവംബര്‍ 20 മുതല്‍ 1946 ഒക്ടോബര്‍ ഒന്നുവരെയായിരുന്നു കോടതിനടപടികള്‍. 1946 ഒക്ടോബര്‍ 16-ന് പത്തുപേര്‍ക്ക് വധശിക്ഷ ലഭിച്ചു. ഇവരെ തൂക്കിലേറ്റുകയും ചെയ്തു. ജോസഫ് മാള്‍ട്ട എന്ന പട്ടാളക്കാരന്‍ പത്തു വധശിക്ഷയുടെയും ആരാച്ചാരായി.

ജൂതവംശഹത്യയില്‍ പങ്കെടുത്ത തൊണ്ണൂറ്റാറുവയസ്സുകാരിയായ നാസിമുത്തശ്ശി ഡെന്മാര്‍ക്കില്‍ അറസ്റ്റിലായ വാര്‍ത്ത 2021 സെപ്റ്റംബറിലാണ് വന്നത്. കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് വിചാരണയില്‍ യഥാസമയം ഹാജരാകാത്തതാണ് അവരുടെ കുറ്റം. കൂട്ടക്കൊലയ്ക്ക് കൂട്ടുനിന്നുവെന്നു പറയപ്പെടുന്ന ഇംഗാര്‍ഡ് ഫ്രഷ്നറെയാണ് പോലീസ് പിടികൂടിയത്. സ്റ്റുട്ടോഫ് പീഡനക്യാമ്പില്‍ 1943-നും 1945-നും ഇടയില്‍ നടന്ന 11,142 കൊലപാതകങ്ങളിലെ പങ്കാളിത്തമാണ് ഇവരുടെ പേരിലുള്ളത്. അക്കാലത്ത് ക്യാമ്പിലെ ടൈപ്പിസ്റ്റായിരുന്നു പതിനാറുകാരിയായ ഇംഗാര്‍ഡ്.

ജൂതവേട്ടയുടെ നടത്തിപ്പുകാരനായ അഡോള്‍ഫ് ഐക്മാനെന്ന ഓട്ടോ ഐക്മാനെ പിടികൂടുന്നത് 1960-ലാണ്. റക്കോഡോ ക്ലമന്റ് എന്ന വ്യാജപേരില്‍ ജീവിക്കുകയായിരുന്നു ഇയാള്‍. 1961 ജൂണ്‍ ഒന്നിന് ഐക്മാനെ വധശിക്ഷയ്ക്കു വിധേയനാക്കി. ഗ്യാസ് ചേംബറടക്കമുള്ള കൊലയറകളുടെ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതും ഇയാളാണ്. നാല്‍പ്പതുലക്ഷം ജൂതരെ നാലുവര്‍ഷംകൊണ്ടു നാടുകടത്താനുള്ള മഡഗാസ്‌കര്‍ പ്രോജക്ട് ഐക്മാന്റെതായിരുന്നു. പക്ഷേ, അത് നടന്നില്ല. 1946-ല്‍ ന്യൂറംബര്‍ഗ് വിചാരണവേളയിലാണ് റുഡോള്‍ഫ് ഹെസ്സ്, അഡോള്‍ഫ് ഐക്മാനെപ്പറ്റി നിര്‍ണായകവെളിപ്പെടുത്തല്‍ നടത്തുന്നത്. ഹെസ്സിനെ 1947-ല്‍ തൂക്കിക്കൊന്നു.

ഐക്മാന്‍ പിടിയിലായത് ലോകം ഞെട്ടലോടെയാണ് കേട്ടത്. അന്നത്തെ ഇസ്രയേല്‍ പ്രധാനമന്ത്രി ബന്‍ഗൂറിയോണ്‍ ആണ് ഇക്കാര്യം ആദ്യമായി ലോകത്തെ അറിയിക്കുന്നത്. ഐക്മാന്റെ മൃതദേഹം കത്തിച്ചശേഷം മെഡിറ്ററേനിയന്‍ കടലില്‍ വിതറുകയായിരുന്നു.

നാസി പാര്‍ട്ടിയുടെ പ്രമുഖനേതാവും പ്രധാന സൈനിക കമാന്‍ഡറുമായിരുന്നു ഹെയ്നിച്ച് ഹിംലര്‍. 'ഫൈനല്‍ സൊലൂഷന്‍' നടപ്പാക്കിയതിന്റെ താന്ത്രികന്‍. 1945-ല്‍ സഖ്യകക്ഷികള്‍ പിടികൂടിയ ഹിംലര്‍ ന്യൂറന്‍ബര്‍ഗ് വിചാരണ നേരിടുന്നതിനുമുന്‍പ് വിഷംകഴിച്ചു മരിച്ചു.

ലോകത്തിന്റെ ചരിത്രഗതിയെത്തന്നെ മാറ്റിമറിച്ച വംശഹത്യയാണ് ജൂതര്‍ നേരിടേണ്ടിവന്നത്. രണ്ടാം ലോകയുദ്ധത്തിനുശേഷം സ്വന്തമായി ഒരു രാഷ്ട്രം പിടിച്ചുവാങ്ങി ലോകശക്തിയായിമാറാനും കൊടിയ ഹിംസയിലൂടെ മറ്റു രാജ്യങ്ങളെ ഭയപ്പെടുത്താനുമുള്ള ഇസ്രയേല്‍ എന്ന രാജ്യത്തിന്റെ മനോനിലയ്ക്ക് വളവും വെള്ളവും നല്‍കിയത് അവരുടെ ജനത അനുഭവിച്ച കൊടിയ വംശഹത്യകൂടിയാകണം.

Content Highlights :History of Genocide Dinakaran Kombilath part 8 Nazi Germany and Jews genocide

(തുടരും)

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram