ലൈംഗികഅടിമത്വം, യുദ്ധക്കുട്ടികള്‍, പ്രാകൃത അബോര്‍ഷനുകള്‍...ബംഗ്ലാദേശിന്റെ കണ്ണീര്‍


ദിനകരന്‍ കൊമ്പിലാത്ത്

10 min read
Read later
Print
Share

ശവം ദൂരസ്ഥലങ്ങളില്‍ കുഴിച്ചുമൂടി. പലരെയും കൂട്ടിക്കെട്ടി നദിയിലൊഴുക്കുകയായിരുന്നു. തടവുകാരെ മീര്‍പുര, മുഹമ്മദ്പുരി, നഖാല്‍, പറളി, രാജാബാഗ് എന്നിവിടങ്ങളിലെ കൊലമുറികളിലേക്ക് നയിച്ചു. ധാക്കാ യൂണിവേഴ്സിറ്റിയുടെ വനിതാഹോസ്റ്റലില്‍ ഒരു മുറിയില്‍ 17പെണ്‍കുട്ടികളുടെ മൃതശരീരമാണ് കണ്ടെത്തിയത്. പലരും പീഡിപ്പിക്കപ്പെട്ടിരുന്നു.

വംശഹത്യക്കാലത്തെ ബംഗ്ലാദേശ് ക്യാംപുകൾ| ഫോട്ടോ എ.പി

1971-ലെ യുദ്ധക്കുറ്റങ്ങളുടെ പേരിലുള്ള വിധി നടപ്പാക്കുമ്പോള്‍ പാകിസ്താനില്‍ രോഷം പതഞ്ഞുപൊങ്ങിയിരുന്നു. ബംഗാളില്‍ തന്നെ മതമൗലികവാദികളും ഐ.എസ്. പിന്തുണയുള്ള തീവ്രസംഘടനകളും ജമാഅത്തെ ഇസ്ലാമിയും ബി.എന്‍.പി. ഉള്‍പ്പടെയുള്ള പ്രതിപക്ഷവും പ്രക്ഷോഭം പരത്തി. ബേനസീറിനെ പോലെ ഹസീനയുടെ ജീവന് ഭീഷണി ഉയര്‍ന്നു. പക്ഷേ, അവര്‍ കുലുങ്ങിയില്ല. -ബംഗ്ലാദേശ് വംശഹത്യയുടെ നാള്‍വഴികളെക്കുറിച്ച് ദിനകരന്‍ കൊമ്പിലാത്ത് എഴുതുന്നു.

ന്നാകുമ്പോഴും രണ്ടാകുമ്പോഴും വീണ്ടും മുറിഞ്ഞ് രണ്ടാകുമ്പോഴും വംഗദേശം ഹിംസയുടെ രുധിരകാവ്യമെഴുതുകയായിരുന്നു. ഒരു നൂറ്റാണ്ടിന്റെ ചരിത്രപഥങ്ങളില്‍ തളംകെട്ടി നില്‍ക്കുന്ന ചോരച്ചാലുകള്‍ക്ക് കഥപറയാനേറെ. ബ്രിട്ടീഷ് ബംഗാളിലുണ്ടായ കൊടിയ ക്ഷാമത്തില്‍ ലക്ഷക്കണക്കിന് ആളുകള്‍ വിശന്ന് മരിച്ചത് വംഗദേശത്തിന്റെ അക്കാലത്തെ വേദനയായിരുന്നു. ഇന്ത്യ സ്വതന്ത്രയാവുന്നതിന്റെ തൊട്ട് തലേവര്‍ഷം; 1946-ല്‍ മുഹമ്മദലി ജിന്ന ആഹ്വാനം ചെയ്ത 'പ്രത്യക്ഷ സമര'ത്തിന്റെ പരിണത ഫലമായ വര്‍ഗീയലഹളയില്‍ അവിഭക്ത ബംഗാളിന്റെ തലസ്ഥാനമായ 'കൊല്‍ക്കത്ത'യിലും മറ്റ് പ്രദേശങ്ങളിലുമായി ആയിരക്കണക്കിന് മനുഷ്യര്‍ വെട്ടും കുത്തുമേറ്റ് മരിച്ചു. കൃത്യം ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍ വിഭജനത്തിലൂടെ മുറിച്ചുമാറ്റപ്പെട്ട ബംഗാളിന്റെ അതിരുകളില്‍ വര്‍ഗീയപകയാല്‍ ലക്ഷങ്ങള്‍ കൊല്ലപ്പെട്ടു. വിഭജനം കഴിഞ്ഞ് കാല്‍നൂറ്റാണ്ടാകുമ്പോള്‍ കിഴക്കന്‍ ബംഗാളില്‍ പാക് പട്ടാളവും അന്നാട്ടിലെ പാക് അനുകൂലികളും നടത്തിയ വംശഹത്യയില്‍ 15ലക്ഷത്തോളം പേര്‍ കൊല്ലപ്പെട്ടു. രണ്ട് ലക്ഷത്തോളം സ്ത്രീകള്‍ ബലാത്സംഗത്തിനിരയായി.

പ്രകൃതിയും ബംഗ്ലാദേശിനോട് പലപ്പോഴും കരുണകാട്ടാറില്ല. കൊടുങ്കാറ്റും പേമാരിയും വെള്ളപ്പൊക്കവും വംഗദേശത്തെ പലപ്പോഴും വലച്ചു. തീവ്രവാദവും മതമൗലികവാദവും ഇപ്പോള്‍ ആ രാജ്യത്തെ കഷ്ടപ്പെടുത്തുന്നുണ്ട്. അഭയാര്‍ഥികളുടെ പ്രവാഹം മറ്റൊരു തലവേദനയാണ്. വംശഹത്യക്കിരയായ മ്യാന്‍മാറിലെ റോഹിംഗ്യകള്‍ എല്ലാം ഇട്ടെറിഞ്ഞ് ഓടിയെത്തിയത് ബംഗ്ലാദേശിലാണ്; ഏഴ് ലക്ഷത്തോളം പേര്‍. ഏഷ്യയിലെ ഏറ്റവും നിഷ്ഠുരമായ വംശഹത്യയാണ് ബംഗ്ലാദേശില്‍ നടന്നത്. കാരണക്കാരായ പ്രധാന പ്രതികളെ (രണ്ട് മുന്‍മന്ത്രിമാര്‍ ഉള്‍പ്പെടെ) വധശിക്ഷയ്ക്ക് വിധിക്കുകയും, എല്ലാ എതിര്‍പ്പുകളെയും ഭീഷണികളെയും വകവെക്കാതെ ചിലരുടെ ശിക്ഷ നടപ്പിലാക്കുകയും ചെയ്തു ഷേക്ക് ഹസീന. 1975-ല്‍ തന്റെ പിതാവും മറ്റ് കുടുംബാംഗങ്ങളും ഉള്‍പ്പടെയുള്ളവരെ വെടിവെച്ച് കൊന്ന പട്ടാള അട്ടിമറിക്ക് മറുപടി പറയുകയായിരുന്നു അവര്‍. 2008-ലെ അവരുടെ തിരഞ്ഞെടുപ്പ് വാഗ്ദാനവുമായിരുന്നു ശിക്ഷാവിധി നടപ്പാക്കല്‍.

1971-ലെ യുദ്ധക്കുറ്റങ്ങളുടെ പേരിലുള്ള വിധി നടപ്പാക്കുമ്പോള്‍ പാകിസ്താനില്‍ രോഷം പതഞ്ഞുപൊങ്ങിയിരുന്നു. ബംഗാളില്‍ തന്നെ മതമൗലികവാദികളും ഐ.എസ്. പിന്തുണയുള്ള തീവ്രസംഘടനകളും ജമാഅത്തെ ഇസ്ലാമിയും ബി.എന്‍.പി. ഉള്‍പ്പടെയുള്ള പ്രതിപക്ഷവും പ്രക്ഷോഭം പരത്തി. ബേനസീറിനെ പോലെ ഹസീനയുടെ ജീവന് ഭീഷണി ഉയര്‍ന്നു. പക്ഷേ, അവര്‍ കുലുങ്ങിയില്ല. അവരുടെ പാര്‍ട്ടിയും ജനങ്ങളും അവര്‍ക്ക് പിന്തുണ നല്‍കി.

ജമാഅത്തെ ഇസ്ലാമിയുടെ ദേശീയ നേതാവിനൊപ്പം മറ്റ് മൂന്നുപേര്‍ക്ക് തൂക്കുകയര്‍. 1971-ലെ വംശഹത്യയ്ക്ക് 40 വര്‍ഷത്തിനുശേഷം വിധിപറഞ്ഞു ശിക്ഷ നടപ്പാക്കിയപ്പോള്‍ കാലം മറക്കാത്ത മഹാപാതകങ്ങള്‍ക്ക് നീതിയുടെ ഉത്തരം കൊടുക്കുകയായിരുന്നു വാര്‍ട്രിബ്യൂണല്‍. കൊലയും ബലാത്സംഗവും നിര്‍ബാധം നടത്തി ബംഗാളിന്റെ സംസ്‌കാരവും ആത്മാഭിമാനവും തകര്‍ക്കാന്‍ ശ്രമിച്ച ശത്രുക്കള്‍ക്ക് കൂട്ടുനിന്ന് പ്രവര്‍ത്തിച്ചവരാണ് പ്രതികള്‍. ലോകത്ത് നടന്ന ഒരു വംശഹത്യയിലും പ്രതികള്‍ ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം സമാനമായി ശിക്ഷിക്കപ്പെട്ടിട്ടില്ല. പലയിടങ്ങളിലും പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. പക്ഷേ, ഇസ്ലാമിക ഭൂരിപക്ഷമുള്ള ബംഗ്ലാദേശില്‍, ഏത് പ്രതിസന്ധിയിലും ജനാധിപത്യത്തില്‍നിന്ന് വ്യതിചലിക്കാന്‍ വിസമ്മതിച്ചതാണ് ഷേഖ്ഹസീനയുടെ വിജയം.

sheik haseena
ഷേക് ഹസീന

144000ച.കി.മീ. വിസ്തീര്‍ണമുള്ള ബംഗ്ലാദേശിലെ 22 കോടിയോളം വരുന്ന ജനസംഖ്യയില്‍ 83ശതമാനവും ഇസ്ലാം വിശ്വാസികളാണ്. 15ശതമാനത്തില്‍ താഴെയേ വരൂ ന്യൂനപക്ഷ ഹിന്ദുക്കള്‍. 1971 വരെ പാകിസ്താന്റെ ഭാഗമായ കിഴക്കന്‍ ബംഗാള്‍ ബംഗ്ലാദേശായി മാറുന്നത് വലിയ കൂട്ടക്കൊലകളുടെ നിലവിളിയോടെയാണ്. ഒരേ മതമായിട്ടുപോലും വംശീയതയുടെ പേരില്‍ ബംഗാളികളെ പാക്പഞ്ചാബ് മേധാവിത്വം പട്ടാളത്തിന്റെ പിന്തുണയോടെ കൂട്ടക്കൊല നടത്തുകയായിരുന്നു. പാകിസ്താന് ഇന്ത്യയോടുള്ള വെറുപ്പ് അവര്‍ ബംഗാളിലെ ന്യൂനപക്ഷത്തോട് കാണിച്ചപ്പോള്‍ പാവങ്ങള്‍ കൂട്ടമായി വേട്ടയാടപ്പെട്ടു. 15ലക്ഷത്തിലധികം അഭയാര്‍ഥികളാണ് ഈ വംശഹത്യയുടെ ഭാഗമായി ഇന്ത്യയിലേക്ക് രക്ഷപ്പെട്ട് ഓടിയെത്തിയത്. പ്രശ്‌നത്തില്‍ ഇന്ത്യ ഇടപെടാനും മുജീബ് റഹ്‌മാന് പിന്തുണ നല്‍കാനും പുതിയ രാജ്യം രൂപവത്കരിക്കാനും ഇടയാക്കിയ സാഹചര്യവും ഈ അഭയാര്‍ഥിപലായനമായിരുന്നു.

1971-ല്‍ കിഴക്കന്‍ബംഗാളില്‍ നടന്ന വംശഹത്യയെക്കുറിച്ച് ലോകം ശരിക്കും അറിഞ്ഞത് ആന്തൊണി മാസ്‌കരന്‍സ് എന്ന ബ്രിട്ടീഷ് പത്രപ്രവര്‍ത്തകനിലൂടെയാണ്. സണ്‍ഡെടൈംസ്പത്രത്തിന്റെ പാകിസ്താന്‍ റിപ്പോര്‍ട്ടര്‍ ആയിരുന്ന അദ്ദേഹത്തിന്റെതായി അക്കാലത്ത് വന്ന ന്യൂസ് പരമ്പരയാണ് ലോകത്തിന് മുന്നില്‍ കിഴക്കന്‍ ബംഗാളില്‍ നടന്ന അതിക്രൂരമായ വംശഹത്യയുടെ യഥാര്‍ഥ ചിത്രം പുറത്ത് കൊണ്ടുവന്നത്.

'ഓപ്പറേഷന്‍ സര്‍ച്ച് ലൈറ്റ്'എന്ന പാക് പട്ടാളത്തിന്റെ കിഴക്കന്‍ബംഗാള്‍ അധിനിവേശവും പട്ടാളനടപടിയും റിപ്പോര്‍ട്ട് ചെയ്യാന്‍ കറാച്ചിയിലെ റിപ്പോര്‍ട്ടര്‍ ആയ ആന്തൊണിയെ സൈനികോദ്യോഗസ്ഥര്‍ ക്ഷണിക്കുകയായിരുന്നു. പാകിസ്താനെ അസ്ഥിരപ്പെടുത്താനും ഇന്ത്യയുടെ സഹായത്തോടെ കിഴക്കന്‍ ബംഗാള്‍ മോചിപ്പിക്കാനുമുള്ള മുക്തിബാഹിനിയുടെ(ബംഗ്ലാദേശ് വിമോചനപ്പോളികള്‍) നീക്കത്തെ പരാജയപ്പെടുത്തുന്നത് റിപ്പോര്‍ട്ട് ചെയ്യാനാണ് അദ്ദേഹത്തെ പട്ടാളം വിളിക്കുന്നത്. പടിഞ്ഞാറന്‍ പാകിസ്താനെ പിന്തുണയ്ക്കുന്ന മറ്റ് ഏഴ് മാധ്യമപ്രവര്‍ത്തകരും കൂട്ടത്തില്‍ ഉണ്ടായിരുന്നു. പട്ടാളക്കാരുടെ ധീരതയ്ക്ക് പകരം അവിടെ സൈന്യം നടത്തിയ അതിക്രമം ആന്തൊണി തുറന്നെഴുതുമെന്ന് അവര്‍ കരുതിയില്ല. അത് പാകിസ്താന് അന്താരാഷ്ട്ര തലത്തില്‍ തന്നെ തിരിച്ചടിയുമായി.

പട്ടാളത്തിന്റെ കൂടെയുള്ള യാത്രയില്‍ കിഴക്കന്‍ ബംഗാള്‍ നഗരങ്ങളിലും ഗ്രാമങ്ങളിലും കണ്ട കാഴ്ച ആ പത്രപ്രവര്‍ത്തകനെ തളര്‍ത്തിക്കളഞ്ഞു. പച്ചയായി നടത്തുന്ന കൊലകള്‍, ന്യൂനപക്ഷങ്ങളെ തിരഞ്ഞുപിടിച്ച് വെടിവെച്ച് കൊല്ലുന്നകാഴ്ചകള്‍. എന്തിനാണ് ഇങ്ങനെ ഓടുന്നവരെ വെടിവെച്ച് കൊല്ലുന്നതെന്ന് ചോദിക്കുമ്പോള്‍ തോക്ക് തഴുകിക്കൊണ്ട് പട്ടാളക്കാര്‍ മടി കൂടാതെ പറയും: ''അവര്‍ ദേശദ്രോഹികളാണ് ഇപ്പോള്‍ വെറുതെ വിട്ടാല്‍ നമുക്കെതിരെ തിരിയും.'' വൈകുന്നേരങ്ങളിലെ സൈനിക പാര്‍ട്ടികളില്‍ ഓരോ ആളും കൊന്നവരുടെ കണക്കുകള്‍ ചിരിച്ചുപറയുന്ന കേള്‍വികള്‍, ബലാത്സംഗത്തിന്റെ നിറംപിടിപ്പിച്ച കഥകള്‍. ഇതെല്ലാം ആ പത്രപ്രവര്‍ത്തകനെ ഭയപ്പെടുത്തി. പല സംഭവങ്ങളുടെ ചിത്രങ്ങളും അദ്ദേഹം പകര്‍ത്തിയിരുന്നു. തന്റെ കയ്യിലകപ്പെട്ട രഹസ്യങ്ങള്‍ ലോകത്തോട് പറയാന്‍ അയാള്‍ വെമ്പി. രാജ്യംവിടുന്നതിനുമുന്‍പ് കറാച്ചിയിലുള്ള ഭാര്യയും മക്കളെയും നേരത്തെ ലണ്ടനിലേക്ക് അയച്ചു. പിന്നീടാണ് ആന്തൊണി രഹസ്യമായി വിദേശവിമാനത്തില്‍ കയറി നാട്ടിലേക്ക് പോകുന്നത്.

ആന്തൊണിയുടെ ഭാര്യ വൊന്നേമാസ്‌കരന്‍സ് ഒരു അഭിമുഖത്തില്‍ പറയുന്നുണ്ട്: ''ജീവിതത്തില്‍ ഒരിക്കല്‍ പോലും എന്റെ ഭര്‍ത്താവ് മാനസികമായി ഇത്ര തളര്‍ന്ന് കണ്ടിട്ടില്ല. അദ്ദേഹം കടുത്ത മാനസികാഘാതത്തിലായിരുന്നു. അവിടെ കണ്ട കാഴ്ചയുടെ നടുക്കം ഒരിക്കലും എനിക്ക് എഴുത്തില്‍ ഫലിപ്പിക്കാനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.''

1971-ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കിഴക്കന്‍ ബംഗാളിലെ ഭൂരിപക്ഷം സീറ്റുകളും അവാമി ലീഗ് പിടിച്ചെടുത്തു. അപകടം മണത്ത അന്നത്തെ പാക് ഭരണാധികാരി യാഹ്യാഖാന്‍ പാര്‍ലമെന്റ് സമ്മേളനം അനിശ്ചിതമായി നീട്ടി. കിഴക്കന്‍ ബംഗാളില്‍ പ്രക്ഷോഭവും തുടങ്ങി. സ്വതന്ത്ര ബംഗാള്‍ എന്ന അപകടകരമായ പ്രയോഗം ഭയലേശമെന്യേ ആള്‍ക്കാര്‍ പറയാന്‍ തുടങ്ങി. ധാക്കാ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളും അധ്യാപകരും ബുദ്ധിജീവികളും സ്വതന്ത്രരാജ്യത്തിന്റെ കൊടിയുയര്‍ത്തി. വംഗനാടിന്റെ ദേശസ്‌നേഹവും ഭാഷയും അവരെ ഭ്രാന്തമായി ഒന്നിപ്പിച്ചു. അതേസമയം പാകിസ്താന് കിഴക്കന്‍ ബംഗാള്‍ എന്നത് ഒരു ഭൂമിശാസ്ത്രപരമായ ജനത മാത്രമായിരുന്നു. മതംകൊണ്ട് അതിനെ ഏകീകരിക്കാം എന്ന മിഥ്യയിലായിരുന്നു പട്ടാളനേതൃത്വം. അതിനായി ജമാഅത്തെ ഇസ്ലാമിപോലുള്ള തീവ്ര മതസംഘടനകളെ അവര്‍ കിഴക്കന്‍ബംഗാളില്‍ ഉപയോഗപ്പെടുത്താന്‍ തുടങ്ങി. റാവല്‍പിണ്ടിയുടെ കൈകളായി ജമാഅത്തെ ഇസ്ലാമി പിന്നീട് മാറി.

പാക്ക് നേതൃത്വത്തിനെതിരേ ധാക്കയില്‍ ലക്ഷങ്ങള്‍ അണിനിരന്ന പ്രകടനത്തിനും റാലിക്കും അവാമി ലീഗ് നേതാവ് മുജീബ് റഹ്‌മാന്‍ എന്ന വംഗബന്ധു നേതൃത്വം നല്‍കി. ഒടുവില്‍ പാകിസ്താന്റെ അസ്തിവാരമിളക്കി മുജീബ് റഹ്‌മാന്‍ തുറന്നുപറഞ്ഞു: ''ഒരു സ്വതന്ത്രരാജ്യം. ബംഗ്ലാദേശ്. അതാണ് നമ്മുടെ ലക്ഷ്യം.''

കിഴക്കന്‍ ബംഗാള്‍ കൈവിടുമെന്ന ഭയം പടിഞ്ഞാറന്‍ പാകിസ്താനെ വല്ലാതെ ഉലച്ചു. ബലപ്രയോഗം എന്നതൊഴിച്ച് മറ്റൊരു വഴിയും അവര്‍ മുന്നില്‍ കണ്ടില്ല. അതിനുള്ള പദ്ധതി പാക് തലസ്ഥാനത്ത് രൂപംകൊണ്ടു. കാരണങ്ങള്‍ രൂപപ്പെടുത്തി. യാഹ്യാഖ്യാന്റെ പട്ടാളത്തോടും പാകിസ്താനോടും അടുപ്പമുള്ള തന്നാട്ടുകാരായ ജനങ്ങളെയും ബംഗാളി വിരുദ്ധരെയും അവരുടെ സംഘടനകളെയും കൂടെക്കൂട്ടി. കറാച്ചിയില്‍നിന്ന് യുദ്ധവിമാനങ്ങള്‍ ധാക്കയെ ലക്ഷ്യമാക്കി കിഴക്കോട്ടേക്ക് പറന്നു, ഭീകരമായ ബംഗാളി വംശഹത്യക്ക് കളമൊരുക്കാന്‍. 1971 മാര്‍ച്ച് 25ന് മുജീബ് റഹ്‌മാന്‍ അറസ്റ്റുചെയ്യപ്പെട്ടു. കുറേ നേതാക്കള്‍ ഇന്ത്യയിലേക്ക് രക്ഷപ്പെട്ടു. അവര്‍ ഇന്ത്യയില്‍ ഒരു താത്കാലിക ബംഗ്ലാദേശ് സര്‍ക്കാരിന് രൂപം കൊടുത്തു. ഈ സമയം പാക് സൈന്യത്തിലെ കിഴക്കന്‍ റജിമെന്റ് മേജര്‍ സിയാഉള്‍റഹ്‌മാന്റെ നേതൃത്വത്തില്‍ കലാപത്തിനൊരുങ്ങി.

കിഴക്കന്‍ ബംഗാളില്‍ നടത്തേണ്ട കീഴടക്കലിനും വംശഹത്യക്കും പ്രത്യേക പ്ലാന്‍തന്നെ കറാച്ചിയില്‍ രൂപം കൊടുത്തിരുന്നു. അതിന്റെ രേഖകള്‍ പിന്നീട് പുറത്തുവന്നിട്ടുണ്ട്. സണ്‍ഡെടൈംസ് പത്രത്തില്‍ റോബര്‍ട്ട് പെയ്നെയുടെ റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. വാര്‍ത്തയുടെ ചുരുക്കം ഇങ്ങനെ: ''പാക് പട്ടാളത്തോട് താത്പര്യം പുലര്‍ത്തുന്ന കിഴക്കന്‍ ബംഗാളിലെ ഈസ്റ്റേണ്‍ കമാണ്ടന്റിന് പടിഞ്ഞാറന്‍ പാകിസ്താനില്‍നിന്ന് പ്രത്യേക നിര്‍ദേശം നല്‍കിയിരിക്കുകയാണ്. എന്തുകൊണ്ട് അവിടെ ഇടപെടണം എന്ന് പറയുന്നതില്‍ പ്രധാനം ഇവയാണ്. ബംഗാളികള്‍ വിശ്വസിക്കാന്‍ കൊള്ളാത്തവര്‍, അവരെ പടിഞ്ഞാറാണ് ഭരിക്കേണ്ടത്, കിഴക്കന്‍ ബംഗാളികള്‍ക്ക് യഥാര്‍ഥ ഇസ്ലാമിക സംസ്‌കാരമില്ല, ഔദ്യോഗികമായിത്തന്നെ അവരെ ഇസ്ലാമിനെക്കുറിച്ച് പഠിപ്പിക്കണം, സമ്പൂര്‍ണ ഇസ്ലാം ദേശീയവത്കരണം മാത്രമാണ് അതിനുള്ള വഴി. കിഴക്കന്‍ ബംഗാളില്‍ ഇന്ന് നിലനില്‍ക്കുന്ന എല്ലാ വിഭാഗീയതകളേയും തകര്‍ക്കണം. ഇത്തരം വിഭാഗീയതയ്ക്ക് പിന്നില്‍ ഹിന്ദുവിഭാഗവും ഉണ്ട്. ഹിന്ദു ന്യൂനപക്ഷത്തെ പൂര്‍ണമായി ഇല്ലാതാക്കണം. അവരെ കൊല്ലുകയോ നാടുകടത്തുകയോ ചെയ്യുക, അവരുടെ സമ്പത്ത് പിടിച്ചെടുത്ത് പാവപ്പെട്ട മുസ്ലിങ്ങള്‍ക്ക് കൊടുക്കുക.'' അങ്ങനെ ഇന്ത്യ ഇടപെട്ട് ബംഗാള്‍ വിമോചിപ്പിക്കുന്നതുവരെയുള്ള 267 ദിവസം കിഴക്കന്‍ ബംഗാള്‍ ചോരയില്‍ കുതിര്‍ന്നു. 1971 മാര്‍ച്ച് 21 മുതല്‍ എട്ടുമാസം, രണ്ടാഴ്ച, മൂന്നുദിവസം.

പാക് പട്ടാളത്തിന് സഹായത്തിനായി റാസാക്കേഴ്സ്, അല്‍ബദര്‍, അല്‍ഷാബ് എന്നീ ഏജന്‍സികളും ഉണ്ടായി. 'ഓപ്പറേഷന്‍ സെര്‍ച്ച് ലൈറ്റ്' എന്നായിരുന്നു സൈനിക നീക്കത്തിന്റെ പേര്‍. ലക്ഷ്യം മുജീബ് റഹ്‌മാന്റെ മുക്തിബാഹിനിയും ഹിന്ദു ന്യൂനപക്ഷവും.

267 ദിവസത്തെ പാക് ഇടപെടലിന്റെ ഫലമായി 15 ലക്ഷം പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. രണ്ടുമുതല്‍ ലക്ഷംവരെ സ്ത്രീകള്‍ ബലാത്സംഗത്തിനിരയായി. ഇവരില്‍ പലരും കൊല്ലപ്പെട്ടു. ബുദ്ധിജീവികള്‍, പത്രപ്രവര്‍ത്തകര്‍, പ്രൊഫസര്‍മാര്‍, ഡോക്ടര്‍മാര്‍, ഇവരെയൊക്കെ തിരഞ്ഞുപിടിച്ച് കൊന്നു. 20 ലക്ഷത്തിലധികംപേര്‍ അഭയാര്‍ഥികളായി. ഇതില്‍ ഭൂരിപക്ഷവും ഇന്ത്യയിലേക്കാണ് എത്തിയത്. കിഴക്കന്‍ ബംഗാളിലെ 18 ജില്ലകളിലും കൂട്ടക്കൊല അരങ്ങേറി. ധാക്കയില്‍ മാത്രം ഒന്നരലക്ഷം പേര്‍. ഖുല്‍നയില്‍ 1.5 ലക്ഷവും, ജസ്സോറിയില്‍ ഒരുലക്ഷവും കൊല്ലപ്പെട്ടു. ചിറ്റഗോങ് ഉള്‍പ്പെടെ 18 ജില്ലകളില്‍മാത്രം 12.5 ലക്ഷം പേര്‍ കൊല്ലപ്പെട്ടതായി പറയുന്നുണ്ട്. ജനറല്‍ ടിക്കാഖാനെ ടൈം മാഗസിന്‍' വിശേഷിപ്പിച്ചത് 'ബംഗാളിലെ കശാപ്പുകാരന്‍' എന്നായിരുന്നു.

30 വര്‍ഷങ്ങള്‍ക്ക് ശേഷം ആന്തൊണിയുടെ റിപ്പോര്‍ട്ടുകളെ പരാമര്‍ശിച്ച് ബി.ബി.സിയില്‍ വന്ന 'ബംഗ്ലാദേശ് വാര്‍, ദി ആര്‍ട്ടിക്കിള്‍ ദാറ്റ് ചേഞ്ച്ഡ് ഹിസ്റ്ററി' എന്ന 'മാര്‍ക്ഡമ്മറ്റി'ന്റെ റിപ്പോര്‍ട്ടില്‍ പാക് അടിച്ചമര്‍ത്തലിനെയും ഭീകരതയെയും ലോകത്തിന് കാട്ടിക്കൊടുത്ത ജേണലിസ്റ്റായിരുന്നു അദ്ദേഹം എന്ന് പറയുന്നുണ്ട്. കിഴക്കന്‍ബംഗാളില്‍ ഇടപെടാന്‍ ഇന്ത്യയ്ക്ക് ഈ റിപ്പോര്‍ട്ട് സഹായകരമായി. സണ്‍ഡെ എക്സ്പ്രസ്സിന്റെ അക്കാലത്തെ എഡിറ്റര്‍ ഹാരോള്‍ഡ് ഈവന്‍സിനോട് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പറഞ്ഞകാര്യവും ശ്രദ്ധേയമാണ്: ''ആന്തൊണിയുടെ ലേഖനം എന്നെ ശരിക്കും ഞെട്ടിച്ചു. യൂറോപ്യന്‍ രാജ്യങ്ങളെ, പ്രത്യേകിച്ച് റഷ്യയെ ഇന്ത്യയുടെ 'കിഴക്കന്‍ ബംഗാള്‍ ഇടപെടലി'നെ ക്കുറിച്ച് ബോധ്യപ്പെടുത്താനും ഈ ലേഖനം കൊണ്ടുകഴിഞ്ഞു,'' എന്നായിരുന്നു ആ പ്രതികരണം.

1947-ല്‍ പാകിസ്താനും ഇന്ത്യയും രണ്ട് രാജ്യങ്ങളായി മുറിയുമ്പോള്‍ കിഴക്കന്‍ ബംഗാളിന്റെ അതിരുകള്‍ ചോരയും മൃതദേഹങ്ങളുംനിറഞ്ഞിരുന്നു. ബംഗാളികളെ മതം ഒരിക്കലും ഒന്നിപ്പിച്ചില്ല. അവര്‍ ബംഗാളി മുസ്ലിങ്ങളും പഞ്ചാബി മുസ്ലിങ്ങളുമായി വേര്‍പിരിഞ്ഞു നിന്നു. അവരില്‍ സംസ്‌കാരത്തിനും വംശീയതയ്ക്കുമായിരുന്നു മുന്‍തൂക്കം. പടിഞ്ഞാറന്‍ പാകിസ്താനിലെ ജനതയും കിഴക്കന്‍ ബംഗാളിലെ ജനതയും ഭൂമിശാസ്ത്രംകൊണ്ടും ഒന്നിച്ചില്ല. റാവല്‍പിണ്ടിയില്‍നിന്ന് 1600-ലധികം കിലോമീറ്റര്‍ ദൂരമാണ് കിഴക്കന്‍ ബംഗാളിന്റെ കേന്ദ്ര നഗരമായ ധാക്കയിലേക്ക്. ഈ രണ്ട് പ്രദേശങ്ങള്‍ ഒറ്റ ഭരണത്തിന്‍കീഴിലാക്കാന്‍ ഒരു ഭൂമിശാസ്ത്രവും അനുവദിക്കുകയുമില്ല. മതം അവിടെ നിസ്സാരം മാത്രമാണ്. പടിഞ്ഞാറന്‍ പാകിസ്താനിലെ പഞ്ചാബികള്‍ക്ക് കിഴക്കന്‍ പാകിസ്താനിലെ ബംഗാളികള്‍ മതത്തിന്മേലും ശത്രുക്കളായി. പഞ്ചാബികള്‍ വരേണ്യരായി. ഈ വംശീയ വിദ്വേഷം തന്നെയാണ് കൂട്ടക്കശാപ്പും കൂട്ടബലാത്സംഗവും നടത്തുന്നതില്‍ യാഹ്യാഖ്യാന്റെ പാക് പട്ടാളത്തിനും അവരെ താങ്ങിനിര്‍ത്തുന്ന പാക് സഖ്യങ്ങള്‍ക്കും ആയുധമായത്.

1971-ലെ യുദ്ധക്കുറ്റങ്ങള്‍ ചെയ്തവരെയും, ന്യൂനപക്ഷ കൊലകള്‍ നടത്തിയവരെയും വിചാരണചെയ്ത് ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് ധാക്കയില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന കൂറ്റന്‍ റാലി ബംഗാളി മനസ്സിന്റെ ജനാധിപത്യബോധമാണ് കാണിക്കുന്നത്.

ഇന്ത്യാ-പാക് വിഭജനത്തിന്റെ ഭാഗമായി 1947-ലാണ് മൗണ്ട് ബാറ്റന്റെ നേതൃത്വത്തില്‍ ബംഗാളിനെ കിഴക്കന്‍ ബംഗാളും പടിഞ്ഞാറന്‍ ബംഗാളുമായി വരച്ചു വിഭജിക്കുന്നത്. ആ പേന വരഞ്ഞ അതിര്‍ത്തികളില്‍ അടുത്തനിമിഷം കൊണ്ട് ചോരയും പൊടിഞ്ഞു ചിന്തി. അതുവരെ ഒന്നായി ജീവിച്ച മനുഷ്യര്‍ക്ക് പെട്ടെന്ന് പല്ലും നഖവും വളര്‍ന്നു.
ലോകം കണ്ട ഏറ്റവും വലിയ അഭയാര്‍ഥി പലായനത്തിന് അതിര്‍ത്തികള്‍ സാക്ഷിയായി. ആ മഹാനരക യാത്രയില്‍ കാട്ടിലും തെരുവിലും ഒളിച്ചിരുന്ന ശത്രുക്കള്‍ മതം നോക്കി ഇരുവിഭാഗത്തെ ആള്‍ക്കാരെയും കൊന്നുതള്ളി. അവരുടെ സ്ത്രീകളെ പിടിച്ചു കൊണ്ടുപോയി.

Rohingyan
റോഹിംഗ്യന്‍ പലായനം

പാകിസ്താന്‍ രൂപം കൊണ്ട് ഒറ്റവര്‍ഷം കഴിയുമ്പോഴേക്കും അതിന്റെ രാഷ്ട്രപിതാവായ മുഹമ്മദലി ജിന്ന മരിച്ചു. ജിന്ന ഗവര്‍ണര്‍ ജനറല്‍ ആയിരുന്നു. തുടര്‍ന്ന് ഖ്വാജാ നസിമുദ്ദീന്‍ ഗവര്‍ണര്‍ ജനറല്‍ ആവുന്നു. അന്ന് നൂറുല്‍ അമീന്‍ ആയിരുന്നു കിഴക്കന്‍ ബംഗാള്‍ (ഇന്നത്തെ ബംഗ്ലാദേശ്) മുഖ്യമന്ത്രി.

സംഘര്‍ഷങ്ങള്‍ക്ക് തുടക്കം ഭാഷ തന്നെയായിരുന്നു. ബംഗാളികള്‍ക്ക് അവരുടെ ഭാഷ ജീവജലം തന്നെയായിരുന്നു. പാക് പഞ്ചാബിന്റെ ഭാഷ ഉറുദുവായിരുന്നു. കിഴക്കന്‍ ബംഗാള്‍ ഉള്‍പ്പെടുന്ന വിശാല പാകിസ്താനില്‍ ഏറ്റവും കൂടുതല്‍ പേര്‍ സംസാരിച്ചത് ബംഗാളിയാണ്. അതിനിടെ ഉറുദു ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ചത് കിഴക്കന്‍ ബംഗാളില്‍ വന്‍ പ്രതിഷേധത്തിനിടയാക്കി. ഈ പ്രക്ഷോഭത്തിലൂടെ കിഴക്കന്‍ ബംഗാളില്‍ ഒരു ഐക്യനിര രൂപപ്പെടുന്നുണ്ട്. തുടര്‍ന്ന് നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ പ്രദേശിക വികാരത്തിന്റെ അനുരണനങ്ങള്‍ ശക്തമായി. കിഴക്കന്‍ ബംഗാളില്‍ ഏറ്റവും വേരോട്ടമുള്ള പാര്‍ട്ടി അവാമി ലീഗ് അധികാരത്തിലെത്തുന്നു. ഇതോടെ റാവല്‍പിണ്ടിയുമായുള്ള ബന്ധം താറുമാറാവുന്നു. കിഴക്കന്‍ ബംഗാള്‍ വേറിട്ടുപോകുമെന്ന ഭയം പാക് പട്ടാളത്തിന് മെല്ലെ മനസ്സിലാകുന്നു. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ കശ്മീര്‍ കൈക്കലാക്കാനുള്ള രണ്ട് ശ്രമങ്ങളും പരാജയപ്പെട്ട പാകിസ്താന് മറ്റൊരു വിഭജനം സഹിക്കാന്‍ കഴിയുമായിരുന്നില്ല. അതിനിടെ ബംഗാള്‍ ദേശീയത കിഴക്കന്‍ പാകിസ്താനില്‍ ശക്തമായി. തങ്ങള്‍ ഉറുദുപാകിസ്താന്റെ അടിമകളല്ല എന്ന ബോധം അവിടെ വളര്‍ന്നു. ബംഗാളി സംസ്‌കാരവും ഭാഷയും പറിച്ചെറിയാനാവാത്ത ഒരു വികാരമായി പടര്‍ന്നു.

ഒരു സ്വതന്ത്രരാജ്യം എന്ന ചിന്താഗതി അവരില്‍ വേരോടി. അതിനായി കിഴക്കന്‍ പാകിസ്താനിലെ മുസ്ലിങ്ങളും ഹിന്ദുക്കളും 'നമ്മള്‍ ബംഗാളികള്‍' എന്നുപറഞ്ഞ് ഒന്നിച്ച് കൈകോര്‍ത്തു. പാകിസ്താനില്‍ അങ്ങനെ വെറുപ്പും പിളര്‍പ്പും രൂപം കൊണ്ടു.

'ഓപ്പറേഷന്‍ സെര്‍ച്ച് ലൈറ്റി'ന്റെ ഭാഗമായി നടന്ന സൈനിക നീക്കം ബംഗാളിലെ വിദൂരഗ്രാമങ്ങളില്‍ എന്തൊക്കെ നാശം വിതച്ചു എന്ന് അന്ന് പുറംലോകം അറിഞ്ഞില്ല. സര്‍ക്കാര്‍ മാധ്യമങ്ങള്‍ എല്ലാം മൂടിവെച്ചു. തലസ്ഥാനമായ ധാക്ക മരണതാഴ്വരയായി മാറി. ജൂതരുടെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പ് പോലുള്ള ഇരുട്ടറകള്‍ രൂപപ്പെടുത്തി. ബൂരിഗംഗാ നദിയുടെ തീരത്തുള്ള ഹരിഹരപുര എന്ന പ്രദേശത്തായിരുന്നു ഒരു ക്യാമ്പ്. പട്ടാളം ജനങ്ങളെ തടവുകാരായി പിടിച്ചുകൊണ്ടുവന്നു. പാക് നാഷണല്‍ ഓയില്‍ കമ്പനിയുടെ പഴയ ഗോഡൗണ്‍ ആണ് ജയിലാക്കി മാറ്റിയത്. രാത്രിയാവുമ്പോള്‍ ഇവിടെ പ്രവേശിച്ചവരെ നിര്‍ദയം കൊല്ലും. ശവം നദിയിലൂടെ ഒഴുക്കും. കറാച്ചിയുടെ നിര്‍ദേശം പാക് പട്ടാളക്കാര്‍ കൃത്യമായി നടപ്പിലാക്കി. ബംഗാളി മുസ്ലിം കര്‍ഷകരെ പാക്പട്ടാളക്കാര്‍ നായാടി, യുവ ഓഫീസര്‍മാരുടെ നേതൃത്വത്തിലാണ് കൊലപാതകം കൃത്യമായി നടപ്പാക്കിയത്. ഈ വംശഹത്യയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് അവര്‍ അഞ്ചുപേരായിരുന്നു. പ്രസിഡന്റ് യാഹ്യാഖാന്‍, മിലിട്ടറി ജനറല്‍ ടിക്കാഖാന്‍, ചീഫ് ഓഫ് സ്റ്റാഫ് ജനറല്‍ പിര്‍സാദ, ഡെപ്യൂട്ടി ചീഫ് ജനറല്‍ ഉമര്‍ഖാന്‍, ഇന്റലിജന്‍സ് ജനറല്‍ അക്ബര്‍ഖാന്‍, അതോടൊപ്പം അമേരിക്കയുടെ മൗനാനുവാദവും ഇതിനുണ്ടായിരുന്നു. ആയുധസന്നാഹത്തിനായി അമേരിക്ക 3.8 മില്യന്‍ ഡോളര്‍ പാകിസ്താന് നല്‍കിയിരുന്നതായി റോബര്‍ട്ട് പെയ്നെയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ബംഗാളില്‍ മൂന്ന് മില്യന്‍ ആള്‍ക്കാര്‍ കൊല്ലപ്പെടേണ്ടതുണ്ടെന്ന് അന്നത്തെ പാക് ഭരണാധികാരി യാഹ്യാഖാന്‍ രഹസ്യമായി പട്ടാളത്തോട് സൂചിപ്പിച്ചിട്ടുണ്ട്. ബാക്കി വരുന്ന പാക് വിരുദ്ധരെ നാട്ടുകാര്‍ തന്നെ കൈകാര്യം ചെയ്തുകൊള്ളും.

ബിഹാറി മുസ്ലിംങ്ങള്‍ക്ക് നേരേയുള്ള മുക്തിബാഹിനിയുടെ അക്രമത്തിന്റെ കാരണം പറഞ്ഞാണ് പാകിസ്താന്‍, കിഴക്കന്‍ പാകിസ്താനില്‍ ഇടപെട്ടത്. പാക് ഭരണകൂടം 1971 മാര്‍ച്ച് ഒന്നിന് കിഴക്കന്‍ പാകിസ്താനിലെ ഗവര്‍ണര്‍ സയ്യിദ് മുഹമ്മദ് അമാനെ തല്‍സ്ഥാനത്തുനിന്ന് നീക്കി. എന്നാല്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി വന്ന സയ്യിദ് മുഹമ്മദ് അഷാന്‍ രാജിവെച്ചൊഴിഞ്ഞു. തങ്ങള്‍ക്കനുകൂലമായ സാഹചര്യം ഒരുക്കിയശേഷം മാര്‍ച്ച് 25-ന് 'ഓപ്പറേഷന്‍ സെര്‍ച്ച് ലൈറ്റ്' എന്ന സൈനിക നീക്കം തുടങ്ങുകയും ചെയ്തു.

പട്ടാളവും അവരെ സഹായിക്കുന്ന സംഘങ്ങളും ടാര്‍ജറ്റ് ചെയ്യപ്പെട്ട പ്രദേശങ്ങളില്‍ കയറി ആസൂത്രിതമായി ആക്രമണം നടത്തി. ധാക്കാ യൂണിവേഴ്സിറ്റി കാമ്പസില്‍ കടന്നു. കുട്ടികളെ വെടിവെച്ചുകൊന്നു. പെണ്‍കുട്ടികളെ പിടിച്ചുകൊണ്ടുപോയി ലൈംഗിക അടിമകളാക്കി മാറ്റി. ധാക്കയിലെ രാജ്ബര്‍ഗ് പൊലീസ് ലൈനിലെ പില്‍ക്കാന എന്ന പ്രദേശത്തുള്ള ഒരു ഡോര്‍മെട്രിയില്‍ ഹിന്ദുക്കളായ വിദ്യാര്‍ഥികളാണ് താമസിച്ചിരുന്നത്. അവിടെ നടന്ന ആക്രമണത്തില്‍ 34 പേരാണ് കൊല്ലപ്പെട്ടത്. അതിനിടെ എതിരാളികളെ പലരെയും തടവുകാരായി പിടിക്കാന്‍ തുടങ്ങിയിരുന്നു. ഒരു വീട്ടിലും തെളിവ് ബാക്കിവെക്കാതെ എല്ലാവരെയും കൊന്നു. ശവം ദൂരസ്ഥലങ്ങളില്‍ കുഴിച്ചുമൂടി. പലരെയും കൂട്ടിക്കെട്ടി നദിയിലൊഴുക്കുകയായിരുന്നു. തടവുകാരെ മീര്‍പുര, മുഹമ്മദ്പുരി, നഖാല്‍, പറളി, രാജാബാഗ് എന്നിവിടങ്ങളിലെ കൊലമുറികളിലേക്ക് നയിച്ചു. ധാക്കാ യൂണിവേഴ്സിറ്റിയുടെ വനിതാഹോസ്റ്റലില്‍ ഒരു മുറിയില്‍ 17പെണ്‍കുട്ടികളുടെ മൃതശരീരമാണ് കണ്ടെത്തിയത്. പലരും പീഡിപ്പിക്കപ്പെട്ടിരുന്നു.

Bangladesh
വംശഹത്യക്കാലത്തെ ബംഗ്ലാദേശ്

ഖുല്‍നാ ജില്ലയിലെ അതിര്‍ത്തി പ്രദേശമാണ് ചുക്നഗര്‍. കലാപം തുടങ്ങിയശേഷം കൊല്‍ക്കത്തയിലേക്ക് രക്ഷപ്പെടാനായി ആയിരക്കണക്കിന് ഹിന്ദുഅഭയാര്‍ഥികള്‍ അവിടെ തമ്പടിച്ചിരുന്നു. 1971 മേയ് പത്തിന് രാവിലെ പട്ടാളക്കാര്‍ അവിടെയെത്തി ഒരു പ്രകോപനങ്ങളുമില്ലാതെ വെടിവെപ്പ് തുടങ്ങി. കൊച്ചുകുഞ്ഞുങ്ങള്‍വരെ തലയ്ക്ക് വെടിയേറ്റ് മരിച്ചു. ഭദ്രാനദിയില്‍ ശവങ്ങളും ചോരയും നിറഞ്ഞു.
ബംഗ്ലാദേശ് വംശഹത്യയില്‍ ഭയാനകമായ ദുരന്തങ്ങള്‍ അനുഭവിക്കേണ്ടി വന്നത് സ്ത്രീകള്‍ തന്നെയാണ്. കൊച്ചുകുട്ടികള്‍വരെ ഇരകളായി. പലരും കൊല്ലപ്പെട്ടു. പലരും ലൈംഗിക അടിമകളായി. പിന്നീട് മനോരോഗികളായി. ബലാത്സംഗത്തിന്റെ ഫലമായി പലരും ഗര്‍ഭിണികളായി, അവരില്‍ പലരും ആത്മഹത്യ ചെയ്തു. സ്ത്രീകള്‍ക്കെതിരേയുള്ള കൈയേറ്റത്തിന് പട്ടാളം തുറന്ന ലൈസന്‍സ് നല്‍കിയിരുന്നു. ബംഗാളി വിമോചകര്‍, ഹിന്ദുക്കള്‍ എന്നിവരെ യുദ്ധത്തടവുകാരാക്കുന്നതിനൊപ്പം അവരുടെ ഭാര്യമാരും യുദ്ധത്തടവുകാരായി. അവര്‍ 'വാര്‍ബൂട്ടി'കള്‍ ആണെന്ന് പ്രഖ്യാപിച്ചു. കൃഷിക്കുപയോഗിക്കുന്ന കീടനാശിനികള്‍, എലിവിഷം എന്നിവ ഉപയോഗിച്ചായിരുന്നു നൂറുകണക്കിന് സ്ത്രീകള്‍ ജീവിതം അവസാനിപ്പിച്ചത്.

കൊല്ലപ്പെടാത്ത സ്ത്രീകളില്‍ പലരും നിര്‍ഭാഗ്യവതികളായി ജീവിക്കേണ്ടിവന്നു. അപകടകരമായ രീതിയില്‍ ആയിരക്കണക്കിന് ഗര്‍ഭം അലസിപ്പിക്കല്‍ നടന്നു. അതിന്റെ ഭാഗമായും പലരും ഗ്രാമത്തില്‍ ചോരവാര്‍ന്നും രോഗികളായും മരിച്ചു. പലരും പ്രസവിച്ചു. ഈ കുട്ടികള്‍ 'വാര്‍ ബേബീസ്' അല്ലെങ്കില്‍ യുദ്ധക്കുട്ടികള്‍ എന്ന് അപമാനിക്കപ്പെട്ടു. അവര്‍ സര്‍ക്കാരിന്റെ കാരുണ്യത്തില്‍ ക്യാമ്പുകളിലായി. ഹിന്ദു സ്ത്രീകള്‍ക്ക് നേരേയുള്ള പാക്പട്ടാളത്തിന്റെ പീഡനത്തെക്കുറിച്ച് ബംഗ്ലാദേശ് ട്രിബ്യൂണല്‍ വ്യക്തമായി സൂചിപ്പിച്ചിരുന്നു. ഇതിന്റെ ലക്ഷ്യം ഒരു വ്യക്തിക്കെതിരേ നടത്തുന്ന ലൈംഗിക അക്രമമല്ല, മറിച്ച് മാനഭംഗത്തിലൂടെ ഒരു സമൂഹത്തെ മൊത്തമായി അപമാനിക്കാനുള്ള ശ്രമമാണ്.

1971-ലെ പട്ടാള ഇടപെടലും വംശഹത്യയും ഒരു ഇന്ത്യക്കാരന്റെയും ബംഗ്ലാദേശിയുടെ ദേശീയതയുമായി ബന്ധപ്പെട്ട കണ്ണുകളിലൂടെയും കാണുന്നതില്‍ പലപ്പോഴും പൊരുത്തക്കേടുകള്‍ ഉണ്ടാവാമെന്നത് സത്യമാണ്. കറുപ്പും വെളുപ്പും, നീതിയും അനീതിയും, ധര്‍മവും അധര്‍മവും തമ്മിലുള്ള ഏറ്റുമുട്ടലായി ഇതിനെ കാണുമ്പോള്‍ സത്യങ്ങള്‍ പലപ്പോഴും വഴിമാറി സഞ്ചരിച്ചിട്ടുണ്ടാവാം. ഏതുയുദ്ധങ്ങള്‍ക്കും വംശീയകലാപങ്ങള്‍ക്കും അത്തരം കഥകളും പറയാനുണ്ടാവും.

ഓക്‌സ്‌ഫെഡ് സര്‍വകലാശാലയിലെ ദക്ഷിണേഷ്യന്‍ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന സീനിയര്‍ ഫെലോ ആയ ഷര്‍മിളാബോസ് എഴുതിയ ഡെഡ് റക്കോണിങ് 1971. ബംഗ്ലാദേശ് യുദ്ധത്തിന്റെ ഓര്‍മകള്‍ എന്ന പുസ്തകം ഈ വംശഹത്യയുടെ രേഖപ്പെടുത്തലാണ്. വര്‍ഷങ്ങളോളം ഇന്ത്യയില്‍ പത്രപ്രവര്‍ത്തകയായ ബംഗാളിയായ അവര്‍ ഈ പുസ്തകം എഴുതാന്‍ ഉപയോഗിച്ചത് ദുരന്തം ഏറ്റുവാങ്ങിയവരുടെ അനുഭവങ്ങള്‍ ആണ്. അവര്‍ ബംഗ്ലാദേശ് വംശഹത്യയെ പാകിസ്താന്റെയോ മുജീബ് റഹ്‌മാന്റെ മുക്തിബാഹിനിയുടെയോ ഇന്ത്യന്‍ പട്ടാളത്തിന്റെയോ കണ്ണിലൂടെയോ കണ്ടില്ല. മറിച്ച് ആ കൊടും യാതനകള്‍ ഏറ്റുവാങ്ങിയ മനുഷ്യരുടെ വാക്കുകളിലൂടെ അനുഭവങ്ങളിലൂടെ അവതരിപ്പിക്കുന്നു. സമാനമായ ഒരു പുസ്തകം ഇന്ത്യാവിഭജനത്തെക്കുറിച്ച് വര്‍ഷങ്ങള്‍ക്കുശേഷം പഞ്ചാബിയായ ഉര്‍വശിബൂട്ടാലിയ എഴുതിയിട്ടുണ്ട്, ദി അദര്‍ സൈഡ് ഓഫ് ദ സയലന്‍സ്. ഈ പുസ്തകത്തിലും അനുഭവങ്ങള്‍ മാത്രമാണ്.

Content Highlights : History of Genocide Dinakaran Kombilath part 7 Bangladesh and Pakistan

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram