Rohingyan Refugee
മതവെറിയും വംശീയമായ പകയും ആസൂത്രിത നുണകളും ചേര്‍ന്ന് ഒരു ജനതയെ, അതും ഭൂരിപക്ഷവും ദരിദ്രരായ ജനതയെ കൊന്നൊടുക്കിയതിന്റെ ചരിത്രമാണ് റോഹിംഗ്യന്‍ വംശഹത്യ. കരുണയുടെ മഹാപ്രവാചകനായിരുന്ന ബുദ്ധന്റെ മാര്‍ഗത്തില്‍ ചരിക്കുന്നു എന്ന് അവകാശപ്പെടുന്നവരാണ് റോഹിംഗ്യന്‍ കൂട്ടക്കൊലയ്ക്ക് ചുക്കാന്‍ പിടിച്ചത്. ദിനകരന്‍ കൊമ്പിലാത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതുന്ന ലേഖനപരമ്പര 'വംശഹത്യയുടെ ലോകചരിത്ര'ത്തില്‍ റോഹിംഗ്യന്‍ വംശഹത്യയെക്കുറിച്ചു വിശദമാക്കുന്നു.
ഐക്യരാഷ്ട്രസംഘടന മുന്‍പേ പ്രവചിച്ചതാണ് മ്യാന്‍മാറിലെ റോഹിംഗ്യന്‍ വംശഹത്യ. 2017-ല്‍ അത് സംഭവിച്ചു. പത്തുലക്ഷത്തോളം പേര്‍ റോഹിംഗ്യന്‍ കേന്ദ്രമായ റാഖൈനില്‍നിന്ന് പലായനംചെയ്തു. നൂറുകണക്കിന് ഗ്രാമങ്ങള്‍ ചാരക്കൂമ്പാരമായി.
ആര്‍ത്തിരമ്പുന്ന തിരമാലകളിലൂടെ മനുഷ്യക്കൂട്ടങ്ങളുടെ സഞ്ചാരങ്ങളില്‍, പലരും മരിച്ചുവീണു. അഭയംകൊടുത്ത രാജ്യങ്ങളിലെ നഗരപിന്നാമ്പുറങ്ങളില്‍നിന്ന് മാലിന്യം പെറുക്കിയും വേര്‍തിരിച്ചും കിട്ടുന്നതുകൊണ്ട് ശേഷിക്കുന്നവര്‍ ജീവിക്കുന്നു. ഏതുനിമിഷവും അവിടെനിന്ന് പുറത്താക്കാം. അത് വീണ്ടും കടലിലാവാം, കരയിലാവാം.
ഏഴുലക്ഷത്തോളം അഭയാര്‍ഥികള്‍ ഇപ്പോള്‍ ബംഗ്ലാദേശിലുണ്ട്. നാലായിരത്തോളം പേര്‍ ഡല്‍ഹിയിലും മറ്റുമുണ്ട്. തയ്വാന്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലും അവര്‍ മറ്റൊരു കരതേടാനുള്ള വ്യഗ്രതയില്‍ ജീവിക്കുന്നു.
മ്യാന്‍മാറിലെ റാഖൈന്‍ മേഖലയിലാണ് ഈ ന്യൂനപക്ഷം ശതാബ്ദങ്ങളായി താമസിക്കുന്നത്. ബുദ്ധമതഭൂരിപക്ഷമായ മ്യാന്‍മാറില്‍ പന്ത്രണ്ടാം നൂറ്റാണ്ടുമുതല്‍ റോഹിംഗ്യകളുണ്ട്. എന്നാല്‍ കിഴക്കന്‍ ബംഗാളില്‍(ബംഗ്ലാദേശ്)നിന്നുള്ള അനധികൃത കുടിയേറ്റക്കാരായാണ് മ്യാന്‍മാര്‍ ഭരണകൂടവും അവിടത്തെ ഭൂരിപക്ഷമായ ബുദ്ധമതാനുയായികളും റോഹിംഗ്യന്‍ മുസ്ലിങ്ങളെ കരുതുന്നത്. 2017 ഓഗസ്റ്റ് അവസാനവും സെപ്റ്റംബറിലുമായി മ്യാന്‍മാര്‍ പട്ടാളത്തിന്റെ അക്രമത്തില്‍ എട്ടുലക്ഷത്തോളം റോഹിംഗ്യകളാണ് രാജ്യംവിട്ടോടിപ്പോയത്. ഗ്രാമങ്ങള്‍ തീയിട്ടും കുട്ടികളെയും വൃദ്ധരെയും വെടിവെച്ചുകൊന്നും സ്ത്രീകളെ ബലാത്സംഗത്തിനിരയാക്കിയും പട്ടാളം തേര്‍വാഴ്ച നടത്തി.

ഇന്ത്യയടക്കമുള്ള രാജ്യങ്ങളോട് അഭയാര്‍ഥികളെ സ്വീകരിക്കണമെന്ന് യു.എന്‍. ആവശ്യപ്പെട്ടിരുന്നു. പക്ഷേ, നമ്മുടെ രാജ്യം അനുകൂലമായ മറുപടി നല്‍കിയിട്ടില്ല. അതേസമയം പൊതുവെ ദരിദ്രരാജ്യമായ ബംഗ്ലാദേശിന് ഇത്രമാത്രം റോഹിംഗ്യകളെ ഉള്‍ക്കൊള്ളാനും പറ്റാത്ത സ്ഥിതിയാണ്. ഇന്ത്യയിലെത്തിയ റോഹിംഗ്യകളില്‍ പലരും അനധികൃതകുടിയേറ്റക്കാര്‍ എന്നനിലയില്‍ അറസ്റ്റിലായിട്ടുണ്ട്. ജമ്മു കശ്മീരില്‍ തടവിലാക്കപ്പെട്ട റോഹിംഗ്യകളെ മോചിപ്പിക്കണമെന്നും മ്യാന്‍മാറിലേക്ക് നാടുകടത്തരുതെന്നുമാവശ്യപ്പെട്ട് ഇന്ത്യയിലെ റോഹിംഗ്യന്‍ വംശജനായ മുഹമ്മദ് സലീമുള്ള നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. അതോടെ ഇന്ത്യയിലുള്ള റോഹിംഗ്യന്‍ അഭയാര്‍ഥികളുടെ പ്രതീക്ഷയും മങ്ങിയിരിക്കുകയാണ്. തത്കാലം നടപടികള്‍ക്ക് സ്റ്റേ ലഭിച്ചിട്ടുണ്ട്.
ബംഗ്ലാദേശിലെ ഏഴരലക്ഷം റോഹിംഗ്യകള്‍ എവിടെയും പോകില്ലെന്നു പറയുന്നു. പൗരത്വം വേണമെന്നാണ് അവരുടെ ആവശ്യം. ബംഗ്ലാദേശിലെ വിജനമായ ഒരു ദ്വീപില്‍ അവരെ പാര്‍പ്പിക്കാന്‍ പറ്റുമോ എന്നാണ് സര്‍ക്കാര്‍ നോക്കുന്നത്. അവിടെയാണെങ്കില്‍ വലിയ ചതുപ്പും മഴക്കാലത്ത് വെള്ളപ്പൊക്കവുമാണ്.
റോഹിംഗ്യകള്‍ക്ക് തിരിച്ചുവരാനുള്ള സൗകര്യം ഉണ്ടാക്കാമെന്ന് മ്യാന്‍മാര്‍ തത്ത്വത്തില്‍ സമ്മതിച്ചിട്ടുണ്ടെങ്കിലും അവര്‍ മഹാഭൂരിപക്ഷവും സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകേണ്ട എന്നാണ് പറയുന്നത്. ആ തിരിച്ചുപോക്ക് പിന്നീടൊരിക്കല്‍ മരണത്തിലേക്ക് നയിച്ചേക്കും. അത്രമാത്രം വംശീയത മ്യാന്‍മാറില്‍ രൂപംകൊണ്ടുകഴിഞ്ഞിട്ടുണ്ട്. ബുദ്ധമതവംശീയതയാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.
ലോകത്തിലെ ഏറ്റവും വലിയ പീഡിത ന്യൂനപക്ഷമാണ് റോഹിംഗ്യകളെന്ന് 2013-ല്‍ ഐക്യരാഷ്ട്രസഭ പറഞ്ഞിരുന്നു. മ്യാന്‍മാറില്‍നിന്ന് വലിയ കൈക്കൂലി കൊടുത്ത് ബോട്ട് കയറി പല രാജ്യങ്ങളുടെ അതിര്‍ത്തികളില്‍ അഭയം യാചിച്ചാണ് ആയിരക്കണക്കിന് റോഹിംഗ്യക്കാര്‍ കരപിടിച്ചത്. രോഗംകൊണ്ടും പട്ടിണികൊണ്ടും മരിച്ച കുട്ടികളെ കബറടക്കാന്‍ മണ്ണില്ലാതെ അമ്മമാര്‍ കടലിന് നല്‍കി. രാജ്യമില്ലാതെ കടലില്‍ അലഞ്ഞുതിരിയുന്ന റോഹിംഗ്യകള്‍ക്ക് ഒരു പുതിയ പേരും വീണു, 'ബോട്ട് പീപ്പിള്‍'.
ബംഗ്ലാദേശിന്റെ അതിര്‍ത്തി പങ്കിടുന്ന മ്യാന്‍മാര്‍ പ്രവിശ്യയാണ് റാഖൈന്‍. ഇവിടെയാണ് ലക്ഷക്കണക്കിന് റോഹിംഗ്യന്‍ മുസ്ലിങ്ങള്‍ താമസിക്കുന്നത്. പത്തുലക്ഷത്തിലധികംപേര്‍ ഇവിടെ മാത്രം അധിവസിക്കുന്നുണ്ട്. നൂറ്റാണ്ടുകളായി ഇവര്‍ക്ക് പൗരത്വമില്ല, സഞ്ചാരസ്വാതന്ത്ര്യമില്ല, റേഷന്‍ കാര്‍ഡില്ല, നിയമപരപായ ഒരു രേഖയുമില്ല. സര്‍ക്കാര്‍ ജോലി ലഭിക്കില്ല. സര്‍ക്കാരിന്റെ ഒരു ആനുകൂല്യവും ലഭിക്കില്ല. സര്‍ക്കാര്‍ ആസ്പത്രികളില്‍ പ്രവേശനമില്ല. കുട്ടികളെ പഠിപ്പിക്കാന്‍ പറ്റില്ല. മതം അനുവര്‍ത്തിക്കാന്‍ പറ്റില്ല. ആഘോഷം പാടില്ല. വിവാഹംകഴിക്കാന്‍ സര്‍ക്കാരിന്റെ അനുമതി വേണം. സ്ത്രീകളെ പീഡിപ്പിച്ചാല്‍ കേസ്‌കൊടുക്കാന്‍ പറ്റില്ല. പ്രസവിക്കുന്നതുപോലും പ്രശ്‌നമാണ്. ഭൂമിക്ക് ആധാരമോ രേഖയോ ഇല്ല. ആര്‍ക്കും കയ്യേറാം. സ്വന്തം എന്നുപറയാന്‍ സ്ഥലമില്ല. അടുപ്പുപോലും സ്വന്തമല്ല. കൃഷിചെയ്യാന്‍ സ്ഥലമില്ല. മറ്റുമാര്‍ഗമില്ലാതെ മീന്‍പിടിച്ച് ഉപജീവനം കഴിക്കുന്നു. ജീവിക്കാനായി എങ്ങനെയൊക്കെയോ കെട്ടിയ കൂരകളെല്ലാം കത്തിച്ചു.
അടിമത്തൊഴില്‍ ഉണ്ട്. കുട്ടികളെവരെ പണിയെടുപ്പിക്കും. കരയെന്ന നടുക്കടലില്‍ ജീവിക്കുന്ന ഇവര്‍ക്കുനേരേ ഇപ്പോള്‍ തീവ്രവാദസംശയങ്ങളും നീങ്ങുന്നു. ഏഴാംനൂറ്റാണ്ടിലാണ് ആദ്യത്തെ റോഹിംഗ്യന്‍ മുസ്ലിം സംഘം ബര്‍മയില്‍ എത്തുന്നത്. 1700വരെ അവര്‍ അവിടെ ഒരു രാജ്യം ഉണ്ടാക്കിയിരുന്നു. പിന്നീട് ബര്‍മാ രാജാവ് അവരെ തകര്‍ത്തു. അതോടെ റോഹിംഗ്യകളുടെ നിലനില്‍പ്പ് പ്രശ്‌നത്തിലായി.
എന്നാല്‍ റാഖൈനിലെ റോഹിംഗ്യകളെക്കുറിച്ചുമാത്രമാണ് മ്യാന്‍മാര്‍ ഈ പ്രശ്‌നം ഉന്നയിക്കുന്നത്. മുന്‍പ് അവിടെ ജീവിച്ചുവളര്‍ന്ന് പൗരത്വം നേടിയ റോഹിംഗ്യകള്‍ക്കെതിരേ യാതൊരു പ്രശ്‌നവും ഇല്ലെന്ന് ഭരണകൂടം പറയുന്നു. പിന്നീട് കുടിയേറിവന്നവര്‍ പോയേ തീരൂ എന്ന് പറയുമ്പോള്‍ എവിടെ പോകണം, എങ്ങോട്ട് പോകണം എന്നതിനെക്കുറിച്ച് ആര്‍ക്കും ഒരു നിശ്ചയവുമില്ല.
1948-ലാണ് മ്യാന്‍മാര്‍ ബ്രിട്ടനില്‍നിന്ന് സ്വാതന്ത്ര്യം പ്രാപിച്ചത്. എന്നാല്‍ മ്യാന്‍മാറില്‍ ജനാധിപത്യം വേരുറച്ചില്ല. 1948-ലെ പൗരത്വനിയമത്തില്‍ റോഹിംഗ്യകളെ ബര്‍മ ഉള്‍പ്പെടുത്തിയില്ല. 1962- ലെ പട്ടാള അട്ടിമറിക്കുശേഷം അവര്‍ക്ക് രജിസ്ട്രേഷന്‍ എടുക്കേണ്ടിവന്നു. അതുകൊണ്ടുതന്നെ തങ്ങളുടേതല്ല ബര്‍മ എന്ന് അവര്‍ക്ക് അനുഭവപ്പെട്ടു. ഭൂരിപക്ഷ ബുദ്ധമതക്കാര്‍ക്കും ആ വികാരം ശക്തമായി. ഇത് അവര്‍ക്കിടയില്‍ പരസ്പരം പകയും വിരോധവും ഉണ്ടാവാന്‍ ഇടയാക്കി. സാമൂഹികമായും സാമ്പത്തികമായും വളരെ പിന്നിലായ റോഹിംഗ്യകളുടെ ജീവിതം ദയനീയമായിരുന്നു. ഔപചാരിക വിദ്യാഭ്യാസം ലഭിക്കാതെ റോഹിംഗ്യകള്‍ വളര്‍ന്നു. ആദ്യം രജിസ്ട്രേഷന്‍ നടത്തിയവര്‍ക്കുമാത്രം അര്‍ധപൗരത്വം ലഭിച്ചു. 1948-നുമുന്‍പ് മ്യാന്‍മാറില്‍ താമസിച്ചുവന്നവരുടെ പിന്‍തലമുറക്കാര്‍ക്ക് അത് തെളിയിക്കുന്നതിന്റെ രേഖകള്‍ ഹാജരാക്കിയാല്‍ മാത്രം പൗരത്വം. പക്ഷേ, അത്തരം പൗരത്വം ലഭിച്ചാല്‍പോലും അവര്‍ക്ക് വിദ്യാഭ്യാസരംഗത്ത് അവഗണനയായിരുന്നു. താത്കാലിക രജിസ്ട്രേഷനില്ലാത്ത റോഹിംഗ്യകള്‍ക്കുനേരേ സൈന്യം തിരിഞ്ഞപ്പോള്‍ അവര്‍ക്ക് നാടുവിടേണ്ടിവന്നു.
റോഹിംഗ്യകള്‍ക്കുനേരേയുള്ള അക്രമം രൂക്ഷമായപ്പോഴാണ് അവരില്‍ ഒരു ചെറിയ ന്യൂനപക്ഷം ചെറുത്തുനില്‍പിന്റെ വഴി സ്വീകരിച്ചത്. സായുധ പ്രതിരോധം. അത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. ഒരുസംഘം റോഹിംഗ്യന്‍ യുവാക്കള്‍ 'അരക്കന്‍ റോഹിംഗ്യന്‍ സാല്‍വേഷന്‍ ആര്‍മി' എന്ന തീവ്രവാദ സംഘടനയ്ക്ക് രൂപം കൊടുത്തു. മ്യാന്‍മാര്‍ സൈന്യത്തിനെതിരേ സായുധ ആക്രമണം നടത്തുകയായിരുന്നു ലക്ഷ്യം. 1970 മുതല്‍ ചില ഒറ്റപ്പെട്ട ആക്രമണങ്ങള്‍ അവര്‍ നടത്തി. പക്ഷേ, അതിന്റെ ദുരന്തം അനുഭവിച്ചത് പാവങ്ങളായ റോഹിംഗ്യന്‍ സ്ത്രീകളും കുട്ടികളുമായിരുന്നു. പട്ടാളത്തിന്റെ ഭീകരമായ അക്രമങ്ങള്‍ ഉള്ളപ്പോള്‍മാത്രം റോഹിംഗ്യകള്‍ ലോകത്തിന്റെ മുന്നില്‍ വാര്‍ത്തകളായി.
ഏറ്റവും ഒടുവില്‍ 2017 ഓഗസ്റ്റ് 25ന് 'ആര്‍സ' എന്ന ഒളിപ്പോര്‍ സംഘടന റാഖൈന്‍ പ്രവിശ്യയിലെ പൊലീസ് ഔട്ട് പോസ്റ്റുകള്‍ ആക്രമിച്ചു. കുറെ പൊലീസുകാരെ കൊന്നു. അതിന് കടുത്ത ശിക്ഷയായിരുന്നു പട്ടാളം റോഹിംഗ്യകള്‍ക്ക് നല്‍കിയത്. ഗ്രാമങ്ങള്‍ ആക്രമിക്കപ്പെട്ടു. നൂറുകണക്കിന് റോഹിംഗ്യകള്‍ കൊല്ലപ്പെട്ടു. സൈന്യം കണ്ണില്‍ കണ്ടവരെയൊക്കെ വെടിവെച്ചുകൊന്നു. നാലായിരത്തോളം പേര്‍ കൊല്ലപ്പെട്ടതായാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. വാ ലോണ്‍, ക്യാസോഊ എന്നീ റോയിട്ടര്‍ റിപ്പോര്‍ട്ടര്‍മാരാണ് റാഖൈനില്‍ റോഹിംഗ്യകളുടെ കൂട്ടക്കുഴിമാടം കണ്ടെത്തി ലോകത്തെ അറിയിച്ചത്.
മ്യാന്‍മാറില്‍ ഈ സമയം ഭരണാധികാരി സമാധാനത്തിന് നൊബേല്‍ സമ്മാനം ലഭിച്ച ആങ്സാന്‍ സ്യൂചിയാണ്. ഒരുകാലത്ത് ജനാധിപത്യത്തിനുവേണ്ടി ജീവന്‍ ബലിനല്‍കിയ ആങ്സാന്റെ മകള്‍. ലോകത്തിന്റെ മുന്നില്‍ എന്നും ദുഃഖപുത്രിയായ സ്യൂചി ഭരണമേറ്റത് പട്ടാളത്തിന്റെ അടിമയായിക്കൊണ്ടാണ്. തിരഞ്ഞെടുപ്പില്‍ സ്യൂചിയുടെ പാര്‍ട്ടിയായ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി അധികാരത്തില്‍ വന്നെങ്കിലും പ്രധാനമന്ത്രി എന്ന പദവി ആങ്സാന്‍ സ്യൂചിക്ക് ലഭിച്ചില്ല. അധികാരം കിട്ടിയാലും തലപ്പത്ത് വരാതിരിക്കാനായി പട്ടാളം ഭരണഘടന നേരത്തേ തിരുത്തിയെഴുതിയിരുന്നു. സ്റ്റേറ്റ് കൗണ്‍സിലര്‍ എന്ന സ്ഥാനം മാത്രമാണ് അവര്‍ക്കുള്ളത്. സ്യൂചിക്ക് പട്ടാളഭരണത്തെ ന്യായീകരിക്കേണ്ടി വന്നു. അവര്‍ക്ക് ഭരണത്തില്‍ തുടരാന്‍ അത് കൂടിയേ തീരുമായിരുന്നുള്ളൂ. റോഹിംഗ്യകള്‍ രാജ്യവിരുദ്ധരാണെന്ന് സ്യൂചി വ്യക്തമാക്കിയതോടെ ഒരുകൂട്ടം മനുഷ്യരുടെ വേരുകള്‍ പിഴുതെടുക്കാന്‍ സൈന്യത്തിന് ശക്തിയേറുകയായിരുന്നു. സ്യൂചിക്കെതിരേ വ്യാപകമായ പ്രതിഷേധം ലോകത്തിന്റെ പല ഭാഗത്തുനിന്നുമുണ്ടായി. നൊബേല്‍ സമ്മാനം തിരിച്ചുവാങ്ങണം എന്ന അഭിപ്രായവും ഉയര്‍ന്നു. ''ഒരു ജനതയുടെ പ്രത്യാശയായി ഇനി താങ്കളെ കാണാന്‍ ഞങ്ങള്‍ക്ക് കഴിയില്ലെന്ന്'' ആംനസ്റ്റി ഇന്റര്‍നാഷണല്‍ സെക്രട്ടറി ജനറല്‍ കുമിനൈഡോ സ്യൂചിക്ക് കത്തയച്ചു.

റോഹിംഗ്യകള്‍ രണ്ടാംതരമോ മൂന്നാംതരമോ ആയ പൗരന്മാരാണെന്ന് വളര്‍ന്നുവരുന്ന ഓരോ മ്യാന്‍മാര്‍ കുട്ടിയും വിശ്വസിക്കുന്നു. തങ്ങളുടെ സ്വന്തം ഇടങ്ങളിലേക്കും വീടുകളിലേക്കും കടന്നുവന്ന ശല്യക്കാരായി അവര്‍ റോഹിംഗ്യകളെ കണക്കാക്കുന്നു. തങ്ങളുടെ ലോകത്തേക്ക് അതിക്രമിച്ച് കയറിവന്ന കുടിയേറ്റക്കാര്‍, തങ്ങളെ തരംകിട്ടിയാല്‍ കൊല്ലാന്‍ നടക്കുന്നവര്‍, തങ്ങളുടെ സ്വത്ത് കൈയേറാന്‍ വരുന്നവര്‍, തങ്ങളുടെ മൂലധനം ബലമായി പങ്കുവെക്കാന്‍ വരുന്നവര്‍ - ഈ മനോഭാവമാണ് റോഹിംഗ്യക്കാര്‍ക്കെതിരേ ബുദ്ധഭൂരിപക്ഷം കണ്ടത്. പട്ടാളം അതിന് വളംവെച്ചുകൊടുത്തു.
ജന്മഭൂമിയായ റാഖൈനില്‍നിന്ന് പൂര്‍ണമായും ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെ മ്യാന്‍മാര്‍ സൈന്യം ആസൂത്രണം ചെയ്തതാണ് ഇവിടത്തെ വംശഹത്യയെന്ന് യു.എന്‍. സൂചിപ്പിക്കുന്നു. റോഹിംഗ്യകള്‍ ഒരിക്കലും മ്യാന്‍മാറിലേക്ക് തിരിച്ചുവരരുത് എന്നാണ് പട്ടാളത്തിന്റെ ലക്ഷ്യം. അഭയാര്‍ഥികളായി ബംഗ്ലാദേശില്‍ എത്തിയ റോഹിംഗ്യന്‍ കുടുംബങ്ങളുമായി യു.എന്‍. പ്രതിനിധികള്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത് വ്യക്തമായത്. 2017 ഓഗസ്റ്റ് 25-ന് കലാപം ആരംഭിച്ചതുമുതല്‍ അഞ്ചുലക്ഷത്തോളം അഭയാര്‍ഥികളാണ് തുടക്കത്തില്‍ ബംഗ്ലാദേശിലെത്തിയത്. ബാക്കിയുള്ളവര്‍ പിന്നീടും. ഓഗസ്റ്റ് 25-ന് 'ആരക്കന്‍ റോഹിംഗ്യന്‍ സാല്‍വേഷന്‍ ആര്‍മി' നടത്തിയ തിരിച്ചടിയെ തുടര്‍ന്നാണ് റോഹിംഗ്യക്കാര്‍ക്കെതിരേ പട്ടാളനടപടി തുടങ്ങിയത് എന്ന വാദം ശരിയല്ല. ഓഗസ്റ്റിന് മുന്‍പുതന്നെ റോഹിംഗ്യക്കാര്‍ക്കെതിരേ കലാപം പട്ടാളം ആസൂത്രണം ചെയ്തിരുന്നതായി അഭയാര്‍ഥികള്‍ പറയുന്നു.
'നിങ്ങള്‍ ഇവിടത്തുകാരല്ല. ബംഗ്ലാദേശിലേക്ക് പോകൂ. പോയില്ലെങ്കില്‍ ഞങ്ങള്‍ നിങ്ങളുടെ വീടുകള്‍ കത്തിക്കും. നിങ്ങളെ കൊല്ലും. സ്ത്രീകളെ നശിപ്പിക്കും' എന്ന് ഉച്ചഭാഷിണിയിലൂടെ വിളിച്ചുപറഞ്ഞതായി അവര്‍ പറഞ്ഞു. അധ്യാപകര്‍, സാമൂഹികസാംസ്‌കാരിക നായകര്‍ എന്നിവരെ ലക്ഷ്യമിട്ടു. റോഹിംഗ്യക്കാരുടെ ചരിത്രവും സംസ്‌കാരവും തകര്‍ക്കുക എന്നതായിരുന്നു ലക്ഷ്യം. റോഹിംഗ്യന്‍ സ്മാരകങ്ങളും നശിപ്പിക്കാന്‍ ശ്രമമുണ്ടായി. തിരിച്ചുവരുന്നവര്‍ക്ക് ഇവിടെ ഒന്നും ബാക്കിവെക്കരുത് എന്നും സൈന്യം ലക്ഷ്യമിട്ടു. റോഹിംഗ്യകള്‍ക്കെതിരേ മ്യാന്‍മാറില്‍ നടന്ന പീഡനം അന്വേഷിച്ച യു.എന്‍. പ്രതിനിധി സംഘത്തിന്റെ 400ലധികം പേജ് വരുന്ന റിപ്പോര്‍ട്ട് തട്ടിപ്പാണെന്നാണ് മ്യാന്‍മാര്‍ ഭരണകൂടത്തിന്റെ അഭിപ്രായം. മുടിയും കൈകളും മരത്തില്‍ കെട്ടിയിട്ട് ബലാത്സംഗം ചെയ്തുവെന്ന് റോഹിംഗ്യന്‍ സ്ത്രീകള്‍ തെളിവെടുപ്പില്‍ പറഞ്ഞു. വടക്കന്‍ റാഖൈനിലെ മംഗദേവ് എന്ന പ്രദേശത്തായിരുന്നു കൂടുതല്‍ അക്രമം.
ഒന്നാം ഘട്ടത്തില്‍ യു.എന്‍. സംഘം തെളിവ് ശേഖരിച്ച 101 സ്ത്രീകളില്‍ പകുതിപ്പേരും സുരക്ഷാസൈനികരാല്‍ ബലാത്സംഗം ചെയ്യപ്പെട്ടവരായിരുന്നു. ഇതില്‍ പകുതിപ്പേരും കൂട്ടബലാത്സംഗത്തിനിരയായി. 14 വയസ്സില്‍ താഴെയുള്ളവരും ഇക്കൂട്ടത്തില്‍ പെടും. ചില ബലാത്സംഗങ്ങള്‍ വെട്ടേറ്റുവീണ ബന്ധുക്കളുടെ മൃതശരീരത്തിന് മുന്നില്‍ വെച്ചായിരുന്നു. എട്ടുമാസം പ്രായമായ കുഞ്ഞിന് നേരേയും അക്രമം ഉണ്ടായി. അഞ്ചും ആറും വയസ്സ് പ്രായമായ കുട്ടികള്‍ വരെ വാളുകള്‍ക്കിരയായി.
റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി 857 സാക്ഷികളുമായി പ്രതിനിധിസംഘം സംസാരിച്ച്, 17 മാസംകൊണ്ടാണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. ഇന്‍ഡൊനീഷ്യയിലെ മര്‍സുകി ദാറുസ്മാന്‍, ശ്രീലങ്കയിലെ രാധികാ കുമാരസ്വാമി, ക്രിസ്റ്റഫര്‍ സദോതി(ഓസ്ട്രേലിയ)എന്നീ പ്രഗല്ഭരായ നിയമജ്ഞരെയാണ് യു.എന്‍. ഇതിനായി നിയോഗിച്ചത്. സംഘത്തിന് മ്യാന്‍മാര്‍ സന്ദര്‍ശിക്കാനുള്ള അനുമതി നിഷേധിക്കപ്പെട്ടതിനാല്‍ അഭയാര്‍ഥി ക്യാമ്പുകള്‍ സന്ദര്‍ശിച്ചും ഇരകളുമായി സംസാരിച്ചുമാണ് അവര്‍ വിവരങ്ങള്‍ ശേഖരിച്ചത്. ഫോട്ടോകള്‍, വീഡിയോ ചിത്രങ്ങള്‍ എന്നിവയെല്ലാം ശേഖരിച്ചു. പരിക്കുപറ്റിയവരുടെയും മരിച്ചവരുടെ ചിത്രങ്ങളും ശേഖരിച്ചു.
മ്യാന്‍മാര്‍ സായുധസേനയുടെ കമാണ്ടര്‍-ഇന്‍ ചീഫായ ജനറല്‍ മിന്‍ ഓംങ് ഹ്ലെയിങ് ഉള്‍പ്പടെ ആറ് സൈനികോദ്യോഗസ്ഥര്‍ പ്രതികളായ സംഘമാണ് വംശഹത്യയ്ക്ക് നേതൃത്വം നല്‍കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സിവിലിയന്‍ ഭരണകൂടത്തിന് ഇതില്‍ വലിയ ഉത്തരവാദിത്വമുണ്ടെന്ന് പറയുന്നില്ലെങ്കിലും സ്റ്റേറ്റ് കൗണ്‍സിലര്‍ ആയ ആങ്സാന്‍ സ്യൂചി അവരുടെ അധികാരം കലാപം അമര്‍ച്ച ചെയ്യാനോ ഇല്ലാതാക്കാനോ ഉപയോഗിച്ചില്ല എന്നും കുറ്റപ്പെടുത്തുന്നു. മ്യാന്‍മാറിലെ വംശഹത്യയ്ക്ക് ഉത്തരവാദികളായവരെ നെതര്‍ലന്‍ഡ്സിലെ ഹേഗ് ആസ്ഥാനമായ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ വിചാരണ ചെയ്യണമെന്നാണ് കമ്മിറ്റിയുടെ നിര്‍ദേശം.
ആഫ്രിക്കന്‍ രാഷ്ട്രമായ ഗാംബിയ ആണ് മ്യാന്‍മാറിനെതിരേ അന്താരാഷ്ട്ര കോടതിയെ സമീപിച്ചത്. വംശഹത്യ ഒരുവിഭാഗം ജനതയുടെ ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്നു. റുവാണ്‍ഡയിലും യുഗോസ്ലാവിയയിലും മറ്റും അത്തരം വിചാരണകള്‍ നടക്കുകയും ശിക്ഷ വിധിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം ചൈനയുമായി അടുത്ത സഹകരണം പുലര്‍ത്തുന്ന മ്യാന്‍മാറിനെതിരേയുള്ള നടപടികള്‍ പലപ്പോഴും വീറ്റോ ചെയ്യപ്പെടാനാണ് സാധ്യത.

അതിനിടെ ഏഴരലക്ഷത്തോളം റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ ക്യാമ്പ് ചെയ്യുന്ന ബംഗ്ലാദേശില്‍ പ്രശ്‌നം ആ രാജ്യത്തിന്റെ രാജ്യസുരക്ഷയെ ബാധിക്കുമോ എന്ന് ആശങ്കയുണ്ട്. കഴിഞ്ഞ സെപ്റ്റംബറിലാണ് റോഹിംഗ്യന്‍ അഭയാര്‍ഥികളുടെ നേതാവായ മൊഹിബുല്ലയെ അജ്ഞാതസംഘം ബംഗ്ലാദേശ് അഭയാര്‍ഥി ക്യാമ്പിനുമുന്നില്‍ വെടിവെച്ച് കൊന്നത്. യു.എന്‍. ഹ്യൂമണ്‍റൈറ്റ്സ് കൗണ്‍സില്‍ പ്രതിനിധികളുമായി സംസാരിച്ചുകൊണ്ടിരിക്കെയാണ് അദ്ദേഹത്തിന് വെടിയേല്‍ക്കുന്നത്. കാരണം വ്യക്തമല്ല.
അനധികൃത മയക്കുമരുന്ന് വിതരണകേന്ദ്രമായി അഭയാര്‍ഥിമേഖല മാറിയതായി പൊലീസ് പറയുന്നുണ്ട്. അഭയാര്‍ഥികള്‍ക്കുവേണ്ടി കഠിനമായ ത്യാഗം അനുഷ്ഠിച്ച വ്യക്തിയായിരുന്നു കൊല്ലപ്പെട്ട മോഹിബുല്ല എന്ന് 'ഹ്യൂമന്റൈറ്റ്സ് വാച്ചി'ന്റെ തെക്കനേഷ്യന്‍ ഡയറക്ടര്‍ ആയിരുന്ന മീനാക്ഷി ഗാംഗുലി പറഞ്ഞിരുന്നു.
വംശഹത്യയ്ക്ക് മ്യാന്‍മാര്‍ സര്‍ക്കാരിന് കൃത്യമായ ഉത്തരവാദിത്വം ഉണ്ടെന്ന് തെളിയിക്കുന്നതാണ് കലാപത്തിന് ആഹ്വാനം ചെയ്യുക വഴി ജയിലിലായ ബുദ്ധസന്ന്യാസി അശിന്‍വിരാതുവിനെ സൈന്യം മോചിപ്പിച്ച സംഭവം. റോഹിംഗ്യക്കാര്‍ക്കെതിരേ വംശീയവിദ്വേഷത്തിന് രൂപംകൊടുത്ത വ്യക്തിയായിരുന്നു അശിന്‍വിരാതു.
റോഹിംഗ്യക്കാര്‍ക്ക് തിരിച്ചുവരാമെന്ന് മ്യാന്‍മാര്‍ സമ്മതിച്ചതായി പറയുന്നുണ്ട്. ബംഗ്‌ളാദേശുമായുള്ള ചര്‍ച്ചയില്‍ ഇക്കാര്യം മ്യാന്‍മാര്‍ സമ്മതിച്ചിട്ടുണ്ട്. പക്ഷേ, അവിടെ അഭയാര്‍ഥികളായി ജീവിക്കുന്നതിനേക്കാള്‍ നല്ലത് ലോകത്തെവിടെയെങ്കിലും ജീവിക്കുന്നതാണെന്നാണ് അഭയാര്‍ഥികളുടെ അഭിപ്രായം.
(തുടരും)
Content Highlights :History of Genocide Dinakaran Kombilath part 6 Myanmar and Rohingya