ഫോട്ടോ: പി. ജയേഷ്
''കുര്‍ദിഷ് വംശഹത്യ സംബന്ധിച്ച് വ്യത്യസ്ത ആഖ്യാനങ്ങള്‍ നിലവിലുണ്ട്.
സദ്ദാം ഹുസൈന്റെ വധശിക്ഷ സംബന്ധിച്ചും തികച്ചും വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ട്. അമേരിക്കന്‍ കടന്നുകയറ്റത്തിനെതിരെ ചെറുത്തുനിന്ന പോരാളിയായി സദ്ദാം ഹുസൈനെ പരിഗണിക്കുന്ന ഒരു വലിയ വിഭാഗവുമുണ്ട്. പക്ഷേ, ഒരു കാര്യത്തില്‍ മാത്രം ഭിന്നാഭിപ്രായത്തിന് വകയില്ല; കുര്‍ദുകള്‍ കൊല്ലപ്പെട്ടു എന്നുള്ളതിന്...''ദിനകരന്‍ കൊമ്പിലാത്ത് എഴുതി മാതൃഭൂമി ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ചുവരുന്ന വംശഹത്യയുടെ ലോകചരിത്രം എന്ന ലേഖനപരമ്പരയുടെ ഒരധ്യായം.
ഐലാന്‍ കുര്‍ദി മനുഷ്യരാശിയുടെ നടുക്കമാണ്. തുര്‍ക്കിയിലെ ബ്രോഡം കടല്‍ത്തീരത്ത് മരിച്ചുകിടന്ന കുര്‍ദിസ്താന്‍ പ്രവിശ്യയിലെ നാലുവയസ്സുകാരന്‍; നിലുഫര്‍ഡമീര്‍ എന്ന ടര്‍ക്കിഷ് ഫോട്ടോ ജേണലിസ്റ്റ് പകര്‍ത്തിയത്. 'കുര്‍ദിസ്താനി'ല്‍നിന്ന് അച്ഛനും അമ്മയ്ക്കുമൊപ്പം അഭയാര്‍ഥികളായി ബോട്ടില്‍ ഗ്രീസിലേക്കുള്ള പലായനത്തിനിടെയാണ് കുട്ടിയും അമ്മയും സഹോദരനും ഉള്‍പ്പെടെ മുങ്ങിമരിക്കുന്നത്. കുറച്ചപ്പുറത്ത് ഐലാന്റെ അമ്മ റീഹാന്റെയും സഹോദരന്‍ ഗലീപിന്റെയും ജഡങ്ങള്‍ തീരത്തടിഞ്ഞു. കുര്‍ദുകള്‍ക്കെതിരേ സിറിയയുടെയും ഐ.എസിന്റെയും ആക്രമണം ഉണ്ടായപ്പോഴാണ് ഐലാന്റെ കുടുംബം പലായനം ചെയ്തത്. ഈ മരണയാത്രയില്‍ നൂറുകണക്കിന് മനുഷ്യരുടെ ജീവന്‍ കടലില്‍ പൊലിഞ്ഞു. ഐലാനൊപ്പം ചേര്‍ത്തുപറയേണ്ട മറ്റൊരു പേരാണ് ബാരിസ്. മുങ്ങിത്താഴുമ്പോഴും വയലിന്‍ മാറോടടുക്കിപ്പിടിച്ച് മരിച്ചുപോയ യുവാവ്. കുര്‍ദിസ്താനില്‍നിന്ന് ജീവനുംകൊണ്ടോടി ബല്‍ജിയത്തിലേക്ക് പോകാനായി ബോട്ടില്‍ രക്ഷപ്പെടുന്നതിനിടെയാണ് ബോട്ട് മുങ്ങി ബാരിസ് മരിക്കുന്നത്. ആ ബോട്ടില്‍ ഉണ്ടായിരുന്ന 16 പേരും മരിച്ചു. ഒന്‍പത് സഹോദരങ്ങളിലെ ഏറ്റവും ഇളയവനായിരുന്നു ബാരിസ്. ഐലാന്‍ കുര്‍ദിയെപ്പോലെ, ബാരിസിനെപ്പോലെ, ലക്ഷക്കണക്കിന് ആള്‍ക്കാര്‍ ഇപ്പോഴും ഒരിക്കലും രൂപംകൊണ്ടിട്ടില്ലാത്ത അവരുടെ 'കുര്‍ദിസ്താന്‍' എന്ന സങ്കല്പരാഷ്ട്രത്തില്‍ പേടിയോടെ കഴിയുന്നു.
സിറിയയിലും ഇറാഖിലും തുര്‍ക്കിയിലും അര്‍മേനിയയിലും വ്യാപിച്ചുകിടക്കുന്ന പ്രദേശങ്ങളിലാണ് കുര്‍ദ് വംശജര്‍ ജീവിക്കുന്നത്.
സ്വന്തമായി ഒരു രാഷ്ട്രം വേണമെന്നുള്ള കുര്‍ദുകളുടെ ആവശ്യത്തിന് നൂറ്റാണ്ടിലധികം പഴക്കമുണ്ട്. വിവിധ രാജ്യങ്ങളിലെ അതിര്‍ത്തികളില്‍ തട്ടി കുര്‍ദുകളും അവരുടെ രാഷ്ട്രസങ്കല്പങ്ങളും തകര്‍ന്നുപോയി. അവര്‍ ആ രാജ്യങ്ങളില്‍ ന്യൂനപക്ഷമായി പീഡിപ്പിക്കപ്പെട്ടു. സായുധമായി പൊരുതാനും പ്രതിഷേധിക്കാനുമുള്ള അവരുടെ ശ്രമങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടു. രാസായുധംപോലും അവരുടെമേല്‍ പ്രയോഗിക്കപ്പെട്ടു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പതിനായിരക്കണക്കിന് ആള്‍ക്കാര്‍ ഇറാഖിലെ മരുഭൂമികളില്‍ മരണത്തിലേക്ക് പലായനം ചെയ്തു. ചരിത്രത്തില്‍ മൂടപ്പെട്ടുപോയ കുര്‍ദുകളുടെ വംശഹത്യ സദ്ദാംഹുസൈന്റെ ഭരണകാലത്ത് ഇറാഖിലാണ് നടന്നത്. ഈ വംശഹത്യ ലോകം തിരിച്ചറിയുമ്പോഴേക്കും വലിയൊരുവിഭാഗം കുര്‍ദുകള്‍ അസ്ഥികളുടെ കൂമ്പാരമായിക്കഴിഞ്ഞിരുന്നു.

ഒന്നാം ലോകയുദ്ധത്തില്‍ തുര്‍ക്കി പരാജയപ്പെട്ടപ്പോഴാണ് തുര്‍ക്കിയില്‍ ഉള്‍പ്പെടെ ജീവിക്കുന്ന കുര്‍ദുകള്‍ക്ക് ഒരു പ്രത്യേക രാജ്യം എന്ന വാദം ശക്തമായത്. ഓട്ടോമന്‍ തുര്‍ക്കികളുമായി 1920-ല്‍ ഫ്രാന്‍സിലെ സെവ്രസില്‍ നടന്ന 'സെവ്രസ് ഉടമ്പടി'യില്‍ കുര്‍ദുകള്‍ക്ക് ഒരു സ്വതന്ത്രരാഷ്ട്രം വ്യവസ്ഥ ചെയ്തിരുന്നു. 1923-ല്‍ പുതിയ ലോസാര്‍ ഉടമ്പടിയില്‍ തുര്‍ക്കിയുടെ അതിര്‍ത്തി നിശ്ചയിച്ചത് കുര്‍ദിസ്താന്‍ എന്ന രാജ്യസ്വപ്നങ്ങള്‍ക്ക് വന്‍ തിരിച്ചടിയായി. പുതുതായി നിശ്ചയിക്കപ്പെട്ട തുര്‍ക്കിയുടെ അതിര്‍ത്തിക്കുള്ളിലായി നിര്‍ദിഷ്ട കുര്‍ദിസ്താന്റെ കുറെ ഭാഗങ്ങള്‍. അതോടെ കുര്‍ദുകള്‍ അവിടെ ന്യൂനപക്ഷമായി. ന്യൂനപക്ഷത്തോടുള്ള അടിച്ചമര്‍ത്തല്‍ സ്വഭാവം ഭരണകൂടം കടുപ്പിച്ചു. 1925ല്‍ കുര്‍ദുകള്‍ക്കെതിരേ തുര്‍ക്കി ഭരണകൂടം നടത്തിയ സൈനിക നടപടികളില്‍ 20,000ത്തിലധികം പേരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷവും കുര്‍ദ് ന്യൂനപക്ഷങ്ങള്‍ തന്നെ. 12 വര്‍ഷത്തിനുശേഷം തുര്‍ക്കിയിലെ ദര്‍സിം മേഖലയില്‍ നടന്ന 'ദര്‍സിം വംശഹത്യ'യില്‍ ഏകദേശം 40,000ത്തോളം കുര്‍ദ് വംശക്കാരും കൊല്ലപ്പെട്ടു.
തുര്‍ക്കി റിപ്പബ്ലിക്കും ദര്‍സിന്‍വംശജരായ കുര്‍ദുകളും തമ്മിലുള്ള യുദ്ധം 1937 മാര്‍ച്ച് മുതല്‍ 1938 ജനുവരിവരെ നീണ്ടു. ഒട്ടോമന്‍ തുര്‍ക്കികള്‍ക്കും കുര്‍ദുകള്‍ക്കുമിടയില്‍ വലിയ വിഭജന രേഖ ഇതോടെ വരയപ്പെട്ടു. തുര്‍ക്കികള്‍ വംശഹത്യ നടത്തിയ പഴയ അര്‍മേനിയന്‍ മേഖലകളിലായിരുന്നു അന്ന് ഏറെക്കുറെ കുര്‍ദുകള്‍ ജീവിച്ചുവന്നത്. ഇറാഖിലും ഇതുതന്നെയായിരുന്നു സ്ഥിതി.
ഇറാഖിലും,തുര്‍ക്കിയിലും,സിറിയയിലും മറ്റും കുര്‍ദ് സമൂഹം വേട്ടയാടപ്പെട്ടു. ഇറാഖിലെ അല്‍ഫാനിലും,ഹലബ്ജയിലും സദ്ദാം ഹുസ്സൈന്റെ നേതൃത്വത്തില്‍ നടന്ന വംശഹത്യയില്‍ പതിനായിരക്കണക്കിന് കുര്‍ദുകള്‍ കൊല്ലപ്പെട്ടു. ഈ വംശഹത്യയുടെ പേരിലാണ് സദ്ദാം ശിക്ഷിക്കപ്പെട്ടത്. രാസായുധവും വിഷവാതകവും അവിടെ കുര്‍ദുകള്‍ക്ക് മേല്‍ പ്രയോഗിക്കപ്പെട്ടു. ലക്ഷങ്ങള്‍ എങ്ങോട്ടെന്നില്ലാതെ ജീവനും കൊണ്ടോടി.
സദ്ദാമിന്റെ മരണത്തിനുശേഷം ഇറാഖിലും സിറിയയിലും ഐ.എസ് ശക്തമായപ്പോള്‍ കുര്‍ദുകള്‍ വീണ്ടും പീഡനത്തിനിരയായി. സദ്ദാമിന്റെ പീഡനങ്ങള്‍ കാരണം അമേരിക്കയ്ക്ക് പിന്തുണ നല്‍കിയ കുര്‍ദുകള്‍ ഐ.എസ്സിന്റെ കണ്ണില്‍ ശത്രുക്കളായി. ഐ.എസ് ശക്തമായതോടെ ആക്രമണം ഭയന്നാണ് കുര്‍ദ് കുടുംബങ്ങള്‍ കടലിലൂടെ രക്ഷപ്പെടാന്‍ ശ്രമിച്ചത്. അതിലാണ് ഐലാന്‍ കുര്‍ദിയുടെ കുടുംബത്തെപ്പോലെ നൂറുകണക്കിനാളുകള്‍ ചിതറിപ്പോയത്. കുര്‍ദുകളും,യസീദികളും,റോഹിംഗ്യകളും, ഉയ്ഗുര്‍ വംശജരും ഒക്കെ കാലങ്ങളായി വംശീയ പീഡനം അനുഭവിക്കുന്നവരാണ്. അതില്‍ ഏറ്റവും ക്രൂരമായ പീഡനത്തിനിരയായത് കുര്‍ദുകളാണ്. ജനാധിപത്യ സംവിധാനങ്ങളിലൂടെ ഒരു പരിഹാരം കാണാന്‍ കഴിയാത്ത സാഹചര്യമായിരുന്നു എന്നും.
ഇറാഖിന്റെ വടക്കും,ഇറാന്‍, അര്‍മേനിയ, തുര്‍ക്കി, ഇന്നത്തെ സിറിയ എന്നീ രാജ്യങ്ങളിലും വേരുകളുള്ള മുസ്ലിം ഭൂരിപക്ഷ വംശമാണ് കുര്‍ദുകള്‍. സുന്നികളാണ് കൂടുതലും. അതേസമയം ചെറു ന്യൂനപക്ഷമായ ഷിയാക്കളും ക്രിസ്ത്യാനികളും യസീദികളും ഒക്കെ ചേര്‍ന്നതാണ് നിര്‍ദിഷ്ട കുര്‍ദിസ്താന്‍ പ്രവിശ്യയിലെ ജനങ്ങള്‍. ആദ്യകാല മെസൊപ്പൊട്ടാമിയന്‍ ചരിത്രത്തില്‍ കുര്‍ദുകളെക്കുറിച്ച് പരാമര്‍ശമുണ്ട്. തുര്‍ക്കികള്‍ വരുന്നതിന് എത്രയോ മുന്‍പ് അനത്തോളിയന്‍ പീഠഭൂമിയില്‍ കുര്‍ദുകള്‍ ഉണ്ട്. ഏഴാംനൂറ്റാണ്ടിലോ അതിന് ശേഷമോ ആയിരിക്കാം കുര്‍ദുകള്‍ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടത്. പഴയ ചരിത്രത്തില്‍ 'കാരദൗചോയി' എന്നാണ് കുര്‍ദുകളെ പരാമര്‍ശിച്ചിട്ടുള്ളത്. കുര്‍ദിസ്താന്‍ മലകളുടെ താഴ്വരകളിലായിരുന്നു അവര്‍ കൂടുതലും താമസിച്ചിരുന്നത്. പടിഞ്ഞാറന്‍ ഏഷ്യ, വടക്ക് പടിഞ്ഞാറന്‍ തുര്‍ക്കി, വടക്കന്‍ ഇറാഖ്, വടക്കന്‍ സിറിയ ഇവിടെയൊക്കെ കുര്‍ദ് വംശക്കാര്‍ നിലനിന്നിരുന്നു.
17-ാം നൂറ്റാണ്ടില്‍ റോമന്‍ സഞ്ചാരിയായ പിയട്രോ ഡെല്ലാവാരെ കുര്‍ദിഷ് മേഖലയിലൂടെ നടത്തിയ യാത്രകളെക്കുറിച്ച് വിവരണമുണ്ട്. കുര്‍ദിഷ് സ്ത്രീകളെക്കുറിച്ചാണ് അദ്ദേഹം എഴുതുന്നത്. തികച്ചും സ്വതന്ത്രരായിരുന്നു കുര്‍ദിഷ് സ്ത്രീകള്‍. ഇപ്പോള്‍ സ്വതന്ത്ര കുര്‍ദിസ്താന് വേണ്ടി പോരാടുന്നവരില്‍ സ്ത്രീകള്‍ മുന്‍പന്തിയിലാണ്.

വിവിധ ഭൂപ്രദേശങ്ങളിലായി ചെറിയ ചെറിയ ഗ്രൂപ്പുകളായി ചിതറിപ്പോയ കുര്‍ദുകള്‍ക്ക് ആദ്യകാലത്ത് ഏകീകൃതമായ ദേശീയബോധം ഉണ്ടായിരുന്നില്ല. അതേസമയം ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് കുര്‍ദുകള്‍ക്ക് സ്വന്തം രാജ്യം വേണമെന്ന ശക്തിയായ മോഹം ഉണ്ടാവുന്നത്. ഇസ്രയേലിനെപ്പോലെ ഒരു ജന്മനാട്. അതേസമയം നിശ്ചിത മതസംസ്‌കാര കേന്ദ്രീകൃതമായ ഒരു പ്രദേശം അവര്‍ക്ക് ചൂണ്ടിക്കാണിക്കാനുണ്ടായിരുന്നില്ല. അവരുടെ സ്വപ്നത്തിലെ കുര്‍ദിസ്താന്‍ മൂന്നുനാല് രാജ്യങ്ങളുടെ അതിര്‍ത്തിക്കുള്ളിലായിരുന്നു. എല്ലാ സ്ഥലത്തും അവര്‍ ന്യൂനപക്ഷമായി പീഡിപ്പിക്കപ്പെട്ടുകൊണ്ടിരുന്നു.
തുര്‍ക്കി, ഇറാഖ്, സിറിയ,അര്‍മേനിയ, എന്നീ നാല് രാജ്യങ്ങളുടെ പരിധികളിലായി മൂന്നരക്കോടി കുര്‍ദുകള്‍ ഉണ്ടെന്നാണ് കണക്ക്. അതിനിടെ ഇറാഖില്‍ ദോഷുക്, ഇര്‍ബില്‍,സുലൈമാനി എന്നീ കുര്‍ദിഷ് ഭൂരിപക്ഷ പ്രദേശങ്ങള്‍ ചേര്‍ന്ന് ഒരു സ്വയംഭരണപ്രദേശം താത്കാലികമായി കുര്‍ദുകള്‍ക്ക് ലഭിച്ചിരുന്നു. തുടക്കത്തില്‍ കുര്‍ദിസ്താന്‍ എന്നുവിളിച്ചുവന്നത് ഈ പ്രദേശങ്ങളെക്കൂടി ആയിരുന്നു. ഇര്‍ബില്‍ ആയിരുന്നു തലസ്ഥാനം. സിറിയയില്‍ ഏഴുമുതല്‍ ഒമ്പത് ശതമാനംവരെ കുര്‍ദുകളാണ്. 1960 മുതല്‍ കുര്‍ദുകളെ സിറിയയില്‍ അടിച്ചമര്‍ത്തുന്നുണ്ട്. നേരത്തെ പ്രസിഡന്റ് ബാസല്‍ അല്‍ അസദിനെതിരേ കുര്‍ദുകള്‍ കലാപം നടത്തിയതിന്റെ പേരിലാണ് ഇപ്പോഴും അവര്‍ അവിടെ പീഡിപ്പിക്കപ്പെടുന്നത്. ഐ.എസ്സിന്റെ മുഖ്യശത്രുവാണ് ഇവിടെ കുര്‍ദുകള്‍.
ഇറാഖിലാണ് സ്ഥിതി ദയനീയം. കുര്‍ദുകളുടെ കൂട്ടക്കുഴിമാടം സൃഷ്ടിക്കപ്പെട്ട അന്‍ഫാറും ഹലാബ്ജയും നിലനില്‍ക്കുന്ന ഇറാഖില്‍ ആണ് കുര്‍ദുകള്‍ കൂടുതല്‍. ഇവിടെ ജനസംഖ്യയുടെ 15മുതല്‍ 20 ശതമാനം വരെ അവരാണ്. നേരത്തെതന്നെ സ്വയംഭരണത്തിനായി പോരാടാന്‍ സോഷ്യലിസ്റ്റ് രീതിയില്‍ മുസ്തഫ ബര്‍ദാനിയുടെ നേതൃത്വത്തില്‍ കുര്‍ദിസ്താന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി രൂപം കൊണ്ടിരുന്നു. 1961-ല്‍ കുര്‍ദുകള്‍ സായുധപോരാട്ടം തന്നെ നടത്തി. ഇതേത്തുടര്‍ന്ന് സര്‍ക്കാര്‍ കെ.ഡി.പി.യെ പിരിച്ചുവിട്ടു. പലരും അറസ്റ്റിലായി. 1970 ആകുമ്പോഴേക്കും സദ്ദാംഹുസൈനും അദ്ദേഹത്തിന്റെ ബാത്ത്പാര്‍ട്ടിയും കുര്‍ദുകളെ ശത്രുക്കളായി കണ്ട് നേരിടാന്‍ തുടങ്ങി.
മുസ്തഫകമാല്‍ പാഷാ അതാതുര്‍ക്കിന്റെ കാലത്താണ് തുര്‍ക്കിയില്‍ കുര്‍ദുകള്‍ ഏറെ പീഡനം അനുഭവിച്ചത്. വംശീയപീഡനം, ഭാഷാനിയന്ത്രണം, വംശീയാധിക്ഷേപം, സ്വാതന്ത്ര്യനിഷേധം ഇതൊക്കെ തുര്‍ക്കിയില്‍ നടപ്പാക്കി. കുര്‍ദ് സംസ്‌കാരത്തെയും ആചാരങ്ങളെയും വലിയ കുറ്റമായി കണ്ടു. തുര്‍ക്കിയില്‍ 1970-ലാണ് 'കുര്‍ദിസ്താന്‍ വര്‍ക്കേഴ്സ് പാര്‍ട്ടി' രൂപം കൊള്ളുന്നത്. 1970-ല്‍ അബ്ദുള്ള ഏകലാന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം കുര്‍ദിഷ് വിദ്യാര്‍ഥികള്‍ ആണ് 'പാര്‍ത്തിയ കാര്‍ക്കറോണ്‍ കുര്‍ദിസ്താന്‍' എന്ന കുര്‍ദിഷ് വര്‍ക്കേഴ്സ്പാര്‍ട്ടി (പി.കെ.കെ.) രൂപവത്കരിച്ചത്. ഫീസ്ഗ്രാമത്തില്‍ ചെറിയ രീതിയിലായിരുന്നു തുടക്കം. കമ്യൂണിസ്റ്റ് ആശയങ്ങളോടെ തുടങ്ങിയ സംഘടന വേഗം വേരുപിടിച്ചു. 1984-ല്‍ സര്‍ക്കാരുമായി പി.കെ.കെ. സായുധപോരാട്ടത്തില്‍ ഏര്‍പ്പെട്ടു. തൊഴിലാളികള്‍ക്ക് മുന്‍തൂക്കത്തോടെ സംഘടനയ്ക്ക് വിഭജനവാദവും കമ്യൂണിസ്റ്റ് ബന്ധവും കൂടി വന്നതോടെ തുര്‍ക്കി, കുര്‍ദിസ്താന്‍ വര്‍ക്കേഴ്സ് പാര്‍ട്ടിക്കെതിരേ ശക്തമായി തിരിഞ്ഞു. തുര്‍ക്കിയില്‍ അഹമത് കെനാന്‍ എവ്രാന്‍ പട്ടാള അട്ടിമറി നടത്തി ഭരണത്തില്‍ വരാനുണ്ടായ ഒരു പ്രധാന കാരണം കമ്യൂണിസ്റ്റാഭിമുഖ്യമുള്ള കുര്‍ദുകളുടെ സമരമായിരുന്നു. എവ്രാന്‍ 1989-വരെ തുര്‍ക്കി ഭരിച്ചു. അക്കാലം കുര്‍ദിഷ് നേതാക്കള്‍ മുഴുവന്‍ ജയിലിലായി. പീഡനപര്‍വം തന്നെയായിരുന്നു അവര്‍ക്ക്. ജയിലുകള്‍ മുഴുവന്‍ കുര്‍ദുകളെക്കൊണ്ട് നിറഞ്ഞു. സ്വാതന്ത്ര്യത്തെ തികച്ചും സൈനികമായി തന്നെ സര്‍ക്കാര്‍ നേരിട്ടു. ഏതായാലും കുര്‍ദുകളുടെ കാര്യത്തില്‍ തുര്‍ക്കിയുടെ ഭാഗത്തുനിന്ന് തെറ്റുണ്ടായിട്ടുണ്ടെന്ന് തുര്‍ക്കിയുടെ പ്രസിഡന്റ് എര്‍ദുഗാന്‍ വൈകിയവേളയിലെങ്കിലും സമ്മതിച്ചിട്ടുണ്ട്. 1990-ന് ശേഷം സോവിയറ്റ് യൂണിയനില്‍ കമ്യൂണിസം തകരുകയും ലോകത്താകമാനം പല രാജ്യങ്ങളും ദേശീയതയുടെയും വംശീയതയുടെയും പേരിലും മറ്റും സ്വാതന്ത്ര്യം പ്രാപിച്ചപ്പോഴും കുര്‍ദുകളുടെ മോഹങ്ങള്‍ക്ക് ഒരുവിലയും കല്പിക്കപ്പെട്ടില്ല. കൂടുതല്‍ കൂടുതല്‍ പീഡനങ്ങളിലേക്ക് അവര്‍ നീങ്ങുകയായിരുന്നു.

അതിനിടെ സിറിയയിലും കുര്‍ദിഷ് വര്‍ക്കേഴ്സ് പാര്‍ട്ടി സായുധസമരം തുടങ്ങിയിരുന്നു. വലിയ തിരിച്ചടിയില്‍ പതിനായിരക്കണക്കിന് കുര്‍ദുകള്‍ കൊല്ലപ്പെട്ടു. അവസാനം ഇറാഖിനെതിരേയും പിന്നീട് ഐ.എസ്സിനെതിരേയും അമേരിക്ക പോരാട്ടം തുടങ്ങിയപ്പോള്‍ കുര്‍ദുകള്‍ അമേരിക്കന്‍ പക്ഷത്തായിരുന്നു. ഐ.എസ്സിനെതിരേ മൊസ്സൂളിലടക്കം പോരാടാന്‍ കുര്‍ദുകള്‍ മുന്‍പന്തിയിലായിരുന്നു. കുര്‍ദിഷ് വര്‍ക്കേഴ്സ് പാര്‍ട്ടിയും തുര്‍ക്കിയും തമ്മിലുള്ള യുദ്ധത്തില്‍ ഏകദേശം 3000ത്തോളം പേര്‍ ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ട്. തുര്‍ക്കിയില്‍ പല ഭീകരാക്രമണങ്ങള്‍ക്കും പിന്നില്‍ പി.കെ.കെ. ആണെന്ന് അവര്‍ പറയുന്നു. അതോടൊപ്പം തന്നെ യൂറോപ്യന്‍ യൂണിയന്‍ പി.കെ.കെ. യെ ഒരു ഭീകരസംഘടനയായി മുദ്രകുത്തിയിട്ടുണ്ട്. പി.കെ.കെ. നേതാവ് അബ്ദുള്ള ജലാന്‍ വര്‍ഷങ്ങളായി തുര്‍ക്കി ജയിലിലാണ്. സിറിയന്‍ കുര്‍ദ് സംഘടനായ വൈ.പി.ജി.യുടെ നേതൃത്വത്തിലുള്ള സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സും തുര്‍ക്കിയിലെ പി.കെ.കെ.യുമായി രഹസ്യബന്ധമുണ്ടെന്നും തുര്‍ക്കി ആരോപിക്കുന്നുണ്ട്. വടക്ക് കിഴക്കന്‍ സിറിയയിലും തുര്‍ക്കിയും കുര്‍ദുകളും തമ്മില്‍ വലിയ ഏറ്റുമുട്ടല്‍ ഭാവിയില്‍ നടന്നേക്കാം.
സദ്ദാമിന്റെ മരണശേഷം കുര്‍ദിസ്താന്‍ പ്രവിശ്യകള്‍ക്ക് ഏകദേശ സ്വയംഭരണാധികാരം ലഭിച്ചിട്ടുണ്ട്. കുര്‍ദുകള്‍ അവിടെ സ്വന്തം രാജ്യം എന്ന മനോഭാവത്തോടെത്തന്നെയാണ് പ്രവര്‍ത്തിക്കുന്നതും. പക്ഷേ, വന്‍ശക്തിരാജ്യങ്ങള്‍ വ്യക്തമായ തീരുമാനം എടുത്തിട്ടില്ല. കുര്‍ദിസ്താനെ ഇറാഖില്‍നിന്ന് വേര്‍പെടുത്തി സ്വതന്ത്രരാജ്യമാക്കി മാറ്റണം എന്നാണ് കുര്‍ദുകളുടെ ആഗ്രഹം. ഇതുമായി ബന്ധപ്പെട്ട് നിര്‍ദിഷ്ട പ്രദേശത്ത് ഹിതപരിശോധന നടന്നപ്പോള്‍ വോട്ട് ചെയ്തവരില്‍ 93 ശതമാനം പേരും സ്വന്തമായ രാജ്യം എന്ന വികാരത്തിന് അനുകൂലമായിരുന്നു. പക്ഷേ, എന്തുകൊണ്ടോ അറബ് മേഖലയില്‍ തങ്ങളുടെ രാഷ്ട്രീയ താത്പര്യം കാംക്ഷിക്കുന്ന വന്‍ ശക്തികള്‍ക്ക് ഇക്കാര്യത്തില്‍ അത്ര താത്പര്യം കണ്ടില്ല. ഇറാനും,തുര്‍ക്കിയും,ഇറാഖും മാത്രമല്ല ബ്രിട്ടനും അമേരിക്കയും അന്നത്തെ ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസും ഇക്കാര്യത്തില്‍ നിഷേധസമീപനമാണ് സ്വീകരിച്ചത്. കുര്‍ദിസ്താന്‍ വന്നാല്‍ ഇറാഖിനാണ് വലിയ തിരിച്ചടി ഉണ്ടാവുക. അവരുടെ രാജ്യത്തിന്റെ എണ്ണസമ്പത്തിന്റെ അഞ്ചിലൊന്ന് നഷ്ടപ്പെടും. കുര്‍ദുകള്‍ ഇസ്ലാം മതക്കാരാണെന്നും അവര്‍ മുസ്ലിം മുഖ്യധാരയില്‍ നിന്നുകൊണ്ട് അതാത് രാജ്യത്തെ ഭരണകൂടത്തിന്റെ ഭാഗമാവണമെന്നാണ് തുര്‍ക്കിയും ഇറാഖും സിറിയയും ആവശ്യപ്പെടുന്നത്. അതേസമയം മതമല്ല നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന സംസ്‌കാരവും വംശാഭിമാനവും ചരിത്രബോധങ്ങളും വിശ്വാസങ്ങളുമാണ് തങ്ങളെ ഒന്നിപ്പിക്കുന്നതെന്ന് കുര്‍ദുകള്‍ വിശ്വസിക്കുന്നു. സ്വന്തം രാജ്യത്തിനുവേണ്ടി തങ്ങള്‍ മരിക്കാന്‍തന്നെ തയ്യാറാണെന്ന് അവര്‍ പറയുന്നു.
കുര്‍ദുകളെ കൂട്ടമായി കൊന്നൊടുക്കിയ 'അന്‍ഫാല്‍ വംശഹത്യ' സദ്ദാം ഹുസൈന്റെ ആസൂത്രണമായിരുന്നു. ലോകത്തിലെ ഏറ്റവുംവലിയ രാസായുധാക്രമണം നടന്ന ഹലബ്ജയില്‍ ആയിരക്കണക്കിന് കുര്‍ദുകള്‍ കൊല്ലപ്പെട്ടിരുന്നു. ഇറാന്‍, ഇറാഖ് യുദ്ധത്തിന്റെ അവസാനം ഇറാഖിലെ ഹലബ്ജാ നഗരത്തില്‍ കുര്‍ദുകളെ നശിപ്പിക്കാനാണ് ഇറാഖ് രാസായുധം പ്രയോഗിച്ചത്. മധ്യപൂര്‍വദേശത്തെ കുര്‍ദുകളെയാണ് സദ്ദാമിന്റെ പട്ടാളവും സ്വകാര്യ സുന്നിസേനയും കൊന്നത്. 1986-81നുമിടയിലാണ് സംഭവം. സദ്ദാമിന്റെ നിര്‍ദേശപ്രകാരം ബാത്ത് പാര്‍ട്ടി നേതാക്കളായ അലിഹസ്സന്‍ അല്‍മജീദും മറ്റും പട്ടാളത്തിനും ഗുണ്ടകള്‍ക്കും കുര്‍ദിഷ് മേഖലയില്‍ എന്തുംചെയ്യാന്‍ അനുവാദം നല്‍കി. 4500കുര്‍ദിഷ് ഗ്രാമങ്ങളെയാണ് യുദ്ധത്തിലെന്നപോലെ ആക്രമിച്ചത്. ഒരുലക്ഷം കുര്‍ദുകള്‍ കൊല്ലപ്പെട്ടു. 1986ല്‍ തബാര്‍ എന്ന കുര്‍ദിഷ് പെണ്‍കുട്ടി ലോകത്തോട് പറഞ്ഞ കഥ കണ്ണീരോടെയല്ലാതെ കേള്‍ക്കാനാവില്ല. കുടുംബത്തെ മൊത്തം വെടിവെച്ചുകൊന്നതിന് അവള്‍ സാക്ഷിയായി.
ഇറാഖില്‍ സദ്ദാം അധികാരത്തില്‍ വന്ന ഉടനെത്തന്നെ കുര്‍ദുകളെ കൈകാര്യം ചെയ്യാനുള്ള നീക്കം തുടങ്ങിയിരുന്നു. ഈ കുര്‍ദിസ്താന്‍ മേഖല എണ്ണസമ്പത്തുകൊണ്ട് സമ്പന്നമാണ് എന്നതും ഘടകമായിരുന്നു. അതുകൊണ്ടുതന്നെ ഈ പ്രദേശം ഇറാഖിന്റെ ഭാഗമായി തുടരേണ്ടത് അത്യാവശ്യമാണെന്ന് സദ്ദാം കരുതി.
ഇറാഖ് പ്രതിരോധ സംവിധാന മേഖലയാക്കി മാറ്റാന്‍വേണ്ടിയെന്ന വ്യാജേന കുര്‍ദ് കേന്ദ്രങ്ങള്‍ ഒഴിപ്പിക്കുകയാണ് ആദ്യം ചെയ്തത്. എല്ലാ കുര്‍ദ് വീടുകളില്‍നിന്നും കുടിയൊഴിപ്പിച്ചു. ഒഴിപ്പിക്കപ്പെട്ടവരെക്കുറിച്ച് ഒരു വിവരവുമില്ലാതായി. കാണാതായവര്‍ എല്ലാം കൊല്ലപ്പെട്ടു. ഹലാബ്ജയില്‍ ഉള്‍പ്പടെ 1.82 ലക്ഷം കുര്‍ദുകളെ കാണാതായി. പ്രദേശത്തെ 90 ശതമാനം ഗ്രാമങ്ങളും ബോംബിങ്ങില്‍ തകര്‍ന്നു. 20 ചെറുകിട പട്ടണങ്ങള്‍ ശൂന്യമായി. 2011 ജൂലായില്‍ പുതിയ സര്‍ക്കാര്‍ കണ്ടെത്തിയത് ഏഴ് കൂട്ടക്കുഴിമാടങ്ങള്‍. ഇതില്‍നിന്ന് 400 മൃതദേഹാവശിഷ്ടങ്ങള്‍ കിട്ടി. 70 ശതമാനവും പുരുഷന്‍മാരുടേത്. പലതും 15 വയസ്സുമുതല്‍ 50 വയസ്സുവരെ പ്രായമുള്ളവരുടേത്. പലരുടെ തലയോടുകളും വെടിയുണ്ടയേറ്റ് തകര്‍ന്നിരുന്നു. പിന്നീട് ഇറാഖ് മനുഷ്യാവകാശ മന്ത്രാലയം 10 കൂട്ടക്കുഴിമാടംകൂടി കണ്ടെത്തി. അതില്‍ 3000മുതല്‍ 4000വരെ അസ്ഥികൂടങ്ങള്‍ ഉണ്ടായിരുന്നു.
രാസായുധാക്രമണത്തിന്റെ ആദ്യ ചിത്രങ്ങള്‍ പകര്‍ത്തി ലോകത്തിന് മുന്നില്‍ എത്തിച്ച ഇറാനിയന്‍ ഫോട്ടോജേണലിസ്റ്റ് കാവെ ഗൊലസ്റ്റാന്‍ പറയുന്നു: ''കട്ടിയുള്ള പുക താഴെ പടര്‍ന്നുവരുന്നു. ജനങ്ങള്‍ നിലത്തുവീണ് നിലവിളിക്കുന്നു. ആസ്പത്രിയിലെത്തിച്ച പിഞ്ചുകുട്ടികളുടെ വായില്‍ നുരയും പതയും...''
അന്‍ഫാല്‍ വംശഹത്യയ്ക്ക് നേതൃത്വം നല്‍കിയത് സദ്ദാംഹുസൈന്റെ മരുമകനും 1987ല്‍ സര്‍ക്കാരിന്റെ വടക്കന്‍ മേഖലാ സൈന്യാധിപനുമായ അലിഹസ്സന്‍ അല്‍ മജീദിയായിരുന്നു. 1987 ഏപ്രിലിനും 1988 ഓഗസ്റ്റിനും ഇടയില്‍ 250 ചെറിയ പട്ടണങ്ങളിലാണ് രാസായുധങ്ങള്‍ ഉപയോഗിച്ചത്. പ്രദേശത്തെ 1700ലധികം സ്‌കൂളുകളും 270 ആസ്പത്രികളും 2400 പള്ളികളും നശിപ്പിക്കപ്പെട്ടു.
കുര്‍ദിഷ് ജനതയെ ഇല്ലാതാക്കാന്‍ 1987-ല്‍ അല്‍മജീദി രണ്ടുതവണയാണ് വംശഹത്യയ്ക്കായി ഉത്തരവിട്ടത്. ഇറാഖി സുരക്ഷാ ഭടന്‍മാര്‍ ഇത് കൃത്യമായി നടപ്പാക്കി. ഓര്‍ഡര്‍ രണ്ടില്‍ 18 വയസ്സുമുതല്‍ 28 വയസ്സുവരെയുള്ള എല്ലാവരെയും കൊല്ലാനായിരുന്നു നിര്‍ദേശം. മിലിറ്ററി ഏജ് എന്നാണ് ഈ പ്രായപരിധിയെ കാണിച്ചത്.
2006 ഏപ്രില്‍ നാലിനാണ് കുര്‍ദ് വംശഹത്യയില്‍ സദ്ദാംഹുസൈന്‍ കുറ്റക്കാരനാണെന്ന വിധി വരുന്നത്. അദ്ദേഹത്തിന് വധശിക്ഷ ഉറപ്പായിരുന്നു. പ്രത്യേക സൈനിക ഓപ്പറേഷനിലൂടെ മുന്‍ ഇറാഖ് പ്രസിഡന്റായ സദ്ദാംഹുസ്സൈന്‍ അരലക്ഷം കുര്‍ദുകളുടെ ഉന്മൂലനത്തിലും ആയിരക്കണക്കിന് ഗ്രാമങ്ങളുടെ തകര്‍ച്ചയ്ക്കും കാരണക്കാരനായി എന്ന് തെളിവ് സഹിതമാണ് ഇറാഖി പ്രത്യേക കോടതി കുറ്റപത്രം സമര്‍പ്പിച്ചത്. സദ്ദാമിനൊപ്പം മറ്റ് ആറുപേര്‍ക്കും സമാനമായ കുറ്റം തന്നെ ചുമത്തി.
കുര്‍ദിഷ് വംശഹത്യ സംബന്ധിച്ച് വ്യത്യസ്ത ആഖ്യാനങ്ങള്‍ നിലവിലുണ്ട്. സദ്ദാം ഹുസൈന്റെ വധശിക്ഷ സംബന്ധിച്ചും തികച്ചും വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ട്. അമേരിക്കന്‍ കടന്നുകയറ്റത്തിനെതിരെ ചെറുത്തുനിന്ന പോരാളിയായി സദ്ദാം ഹുസൈനെ പരിഗണിക്കുന്ന ഒരു വലിയ വിഭാഗവുമുണ്ട്. പക്ഷേ, ഒരു കാര്യത്തില്‍ മാത്രം ഭിന്നാഭിപ്രായത്തിന് വകയില്ല; കുര്‍ദുകള്‍ കൊല്ലപ്പെട്ടു എന്നുള്ളതിന്. അത്തരമൊരു വംശഹത്യ നമ്മുടെ ചരിത്രത്തിലുണ്ട് എന്ന ഓര്‍മപ്പെടുത്തല്‍ മാത്രമാണ് ലഭ്യമായ രേഖകളിലൂടെയും ചിത്രങ്ങളിലൂടെയുമുള്ള ഈ ഓട്ടപ്രദക്ഷിണം. മനുഷ്യര്‍ അവര്‍ പിറന്ന വംശത്തിന്റെ പേരില്‍ തുടച്ചുനീക്കപ്പെടുന്നുണ്ട് എന്നതില്‍ തെല്ലുമില്ലല്ലോ സംശയം?
(തുടരും)
Content Highlights: History of Genocide Dinakaran Kombilath part 5