കമ്പോഡിയ ജനോസൈഡ് മ്യൂസിയത്തിലെ ചിത്രം| ഫോട്ടോ: പുഷ്പരാജൻ തളിപ്പറമ്പ്
വിമോചന പ്രത്യയശാസ്ത്രമായി പിറവിയെടുത്ത മാര്‍ക്‌സിസത്തെ വിധ്വംസകമായും മനുഷ്യവിരുദ്ധമായും പ്രയോഗിക്കുകയായിരുന്നു കംബോഡിയയില്‍ പോള്‍പോട്ട്. ലക്ഷങ്ങളെ തുടച്ചുനീക്കിയ
വംശഹത്യയിലേക്കാണ് ആ പ്രയോഗം നീങ്ങിയത്. തലകീറികൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ വിലാപമാണ് കംബോഡിയന്‍ ചരിത്രത്തില്‍ ഇന്നു മുഴങ്ങുന്നത്. മനുഷ്യരാശി സാക്ഷ്യംവഹിച്ച കൊടുംക്രൂരതയുടെ
നാള്‍വഴികള്‍ രേഖപ്പെടുത്തുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുവരുന്ന വംശഹത്യയുടെ ലോകചരിത്രം എന്ന ലേഖനപരമ്പരയില്‍ നിന്ന്.
ഏഷ്യന്‍ വന്‍കരയുടെ തെക്കുകിഴക്ക് ഭാഗത്തുള്ള ചെറിയ രാജ്യമാണ് കിങ്ഡം ഓഫ് കംബോഡിയ. പീപ്പിള്‍സ് റിപബ്ലിക് ഓഫ് കംബൂച്ചിയ, ഖമര്‍ റിപബ്ലിക്, കംബോജദേശം, ഡെമോക്രാറ്റിക് കംപൂച്ചിയ എന്നീ പേരുകളില്‍ ഈ രാജ്യം നേരത്തേ അറിയപ്പെട്ടിരുന്നു. എ.ഡി. എട്ടാംനൂറ്റാണ്ടുമുതല്‍ പതിന്നാലാംനൂറ്റാണ്ടുവരെ ഖമര്‍വംശക്കാരാണ് രാജ്യത്തെ മിക്കവാറും പ്രദേശങ്ങള്‍ അടക്കിവാണത്. പടിഞ്ഞാറ് തായ്ലന്‍ഡ്, വടക്ക് ലാവോസ്, കിഴക്ക് വിയറ്റ്നാം എന്നിവയാണ് അയല്‍രാജ്യങ്ങള്‍. പ്രധാനമന്ത്രിക്കാണ് അധികാരം. രാജാവിന് നാമമാത്രമായ അധികാരം മാത്രം. 86 ശതമാനവും ഖമര്‍വംശജരാണ്. 5.5 ശതമാനം വിയറ്റ്നാംകാരും അഞ്ചുശതമാനം ചൈനക്കാരും രണ്ടുശതമാനം ചാം വംശജരും. കൃഷിയും ടൂറിസവുമാണ് മുഖ്യവരുമാനം.
1975 മുതല്‍ 1979 വരെ ഏകദേശം നാലുവര്‍ഷത്തോളമായിരുന്നു ലോകത്തെ നടുക്കിയ ഭീകരഭരണവും വംശഹത്യയും. 1975 ഏപ്രില്‍ 17 മുതല്‍ 1979 ജനുവരി ഏഴുവരെയുള്ള ഖമറൂഷ് ഭരണകാലം. ആ ചുരുങ്ങിയ കാലത്തിനിടയില്‍ ഏകദേശം പതിനഞ്ചുലക്ഷത്തിലധികം (20 ലക്ഷം മുതല്‍ 30 ലക്ഷംവരെയെന്ന കണക്കുകളും നിലവിലുണ്ട്) മനുഷ്യര്‍ രാജ്യത്തുനിന്ന് തുടച്ചുമാറ്റപ്പെട്ടു. ആകെ ജനസംഖ്യയുടെ അഞ്ചിലൊന്ന് ഭാഗം. ആ കാലത്ത് കംബോഡിയയുടെ സാംസ്‌കാരികവും സാമ്പത്തികവും ചരിത്രപരവുമായ എല്ലാ അടിത്തറകളും തുടര്‍ച്ചകളും കീഴ്മേല്‍ മറിയുകയോ തകരുകയോ തുടച്ചുമാറ്റപ്പെടുകയോ ചെയ്തു.

രണ്ടാം ലോകയുദ്ധസമയത്ത് കംബോഡിയ ജപ്പാന്റെ കീഴിലായിരുന്നു. തുടര്‍ന്ന് ഫ്രാന്‍സിന്റെ കീഴില്‍. ഫ്രഞ്ച് അധിനിവേശം അനുവദിച്ച ജനാധിപത്യസ്വാതന്ത്ര്യം കംബോഡിയയില്‍ ചൈനീസ്വിപ്ലവത്തിന്റെ ആവേശത്തിന് തീപിടിപ്പിച്ചു. കമ്യൂണിസ്റ്റ് ഗറില്ലാ പ്രസ്ഥാനം മെല്ലെ ശക്തിപ്പെട്ടു. കംബോഡിയയ്ക്ക് സ്വാതന്ത്ര്യം നല്‍കി 1953-ല്‍ ഫ്രാന്‍സ് രാജ്യം വിടുന്നു. നരോദം സിഹാനൂക്കിന്റെ രാജഭരണം അധികാരത്തിലേക്ക്. ശീതസമരത്തിന്റെ തുടക്കമാണ്. അന്ന് യു.എസിന്റെ സഹായം കംബോഡിയയ്ക്കുണ്ടായിരുന്നു. 1955-ല്‍ സിഹാനൂക്ക് അമേരിക്കയുമായുള്ള ബന്ധം അവസാനിപ്പിച്ചു. അമേരിക്കയ്‌ക്കെതിരേയുള്ള വടക്കന്‍ വിയറ്റ്നാമിലെ കമ്യൂണിസ്റ്റ് ഗറില്ലകള്‍ക്ക് കംബോഡിയയില്‍ താവളം നല്‍കാന്‍ സിഹാനൂക്ക് തയ്യാറാവുന്നു. ദക്ഷിണ വിയറ്റ്നാമിലെ യു.എസ്. പിന്തുണയുള്ള സര്‍ക്കാരിനെതിരേയുള്ള പോരാട്ടത്തിന് ഗറില്ലകള്‍ക്ക് സഹായവും നല്‍കുന്നു. 1969-ല്‍ അമേരിക്ക കംബോഡിയയിലെ വടക്കന്‍ വിയറ്റ്നാം പോരാളികള്‍ക്ക് നേരേ ബോംബുവര്‍ഷം നടത്തി. തെക്കന്‍ വിയറ്റ്നാമിലെ കമ്യൂണിസ്റ്റ് കടന്നുകയറ്റം തകര്‍ക്കുക എന്നതായിരുന്നു അമേരിക്കയുടെ ലക്ഷ്യം.
1970-ല്‍ അമേരിക്കന്‍ സഹായത്തോടെ പ്രധാനമന്ത്രി ലോണ്‍നോള്‍, സിഹാനൂക്കിനെ അട്ടിമറിക്കുന്നു. പ്രത്യുപകാരമായി കംബോഡിയയിലെ വടക്കന്‍ വിയറ്റ്നാം അനുകൂലമേഖലകളിലേക്ക് ലോണ്‍ലോള്‍ പട്ടാളത്തെ അയക്കുന്നുണ്ട്. സിഹാനൂക്ക് ചൈനയില്‍ അഭയം പ്രാപിക്കുന്നു. പിന്നീട് 1975-ല്‍ ലോണ്‍നോയിയെ കംബോഡിയന്‍ കമ്യൂണിസ്റ്റ് നേതാവ് പോള്‍ പോട്ട് അട്ടിമറിക്കുന്നു. സിഹാനൂക്ക് ചൈനയില്‍നിന്ന് തിരിച്ചുവന്ന് രാഷ്ട്രത്തലവനാകുന്നു. രാജ്യത്തിന്റെ പേര് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കംബൂച്ചിയ എന്നായിമാറുന്നു. വൈകാതെതന്നെ രാജഭരണം അവസാനിപ്പിച്ച് പോള്‍പോട്ടിന്റെ വിശ്വസ്ത സുഹൃത്തും നേതാവുമായ ഖിയുസംഫാന്‍ രാജ്യത്തിന്റെ തലവനാവുന്നു. പോള്‍ പോട്ട് പ്രധാനമന്ത്രിയും.
കമ്യൂണിസ്റ്റ് വിപ്ലവം എന്ന ആശയത്തെ ഭ്രാന്തുപിടിച്ച ഒരു പ്രത്യയശാസ്ത്രമാക്കിമാറ്റുകയായിരുന്നു പോള്‍പോട്ടിന്റെ ഖമറൂഷ് ഭരണകൂടം. ചെരിപ്പിനനുസരിച്ച് കാല്‍ മുറിക്കുക എന്നത് യാഥാര്‍ഥ്യമായി. മൂലധനം, മുതലാളിത്തം, തൊഴിലാളി, കര്‍ഷകര്‍, വിപ്ലവം തുടങ്ങിയ വാക്കുകളെ മതഗ്രന്ഥങ്ങളിലെന്നപോലെ വായിച്ച് നടപ്പാക്കുകയായിരുന്നു അക്കാലത്ത് ആ രാജ്യം. ആഞ്ജലീന ജോളിയുടെ ഫസ്റ്റ് ദെ കില്‍ഡ് മൈ ഫാദര്‍ എന്ന ചിത്രത്തില്‍, എങ്ങനെയാണ് ഒരു ഭരണകൂടം സ്വന്തം രാജ്യത്തെ കുഞ്ഞുങ്ങളോട് പെരുമാറിയതെന്ന് രേഖപ്പെടുത്തുന്നുണ്ട്. കുട്ടികളെ കയ്യറപ്പില്ലാതെ കൊലചെയ്യാന്‍ പഠിപ്പിക്കുകയായിരുന്നു ഭരണകൂടം.

വികലമായ സാമ്പത്തിക, കാര്‍ഷിക നയങ്ങള്‍ കാരണം പട്ടിണികൊണ്ട് പതിനായിരങ്ങള്‍ വിശന്ന് മരിച്ചു. രോഗികളെ ചികിത്സിക്കാന്‍ ഡോക്ടര്‍മാരോ നാട്ടുവൈദ്യന്‍മാരോ ഇല്ലാതായി. എല്ലാവരെയും പിടിച്ചുകൊണ്ടുപോയി വയലില്‍ പണിയെടുപ്പിക്കുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ച എല്ലാവരെയും രാഷ്ട്രശത്രുക്കളായി മുദ്രകുത്തി വധശിക്ഷയ്ക്ക് വിധേയമാക്കി. സേന്റിബാള്‍ എന്ന രഹസ്യപ്പോലീസ്സംഘം എന്നും ആള്‍ക്കാരെ നിരീക്ഷിച്ചുപോന്നു.
എല്ലാ മതങ്ങളും നിരോധിച്ചു. വിശ്വാസം മുറുകെപ്പിടിച്ച ബുദ്ധമതാനുയായികള്‍ കൂട്ടത്തോടെ കൊല്ലപ്പെട്ടു. മുസ്ലിം, ക്രൈസ്തവ വിശ്വാസികളും പീഡിപ്പിക്കപ്പെട്ടു. പള്ളികള്‍ പലതും പൂട്ടി കൃഷിക്കളമാക്കി. ചിലത് കൊടിയ ശിക്ഷാകേന്ദ്രങ്ങളും അറവുശാലകളും ചന്തകളുമാക്കി. മതവിശ്വാസത്തെ പരിഹസിക്കാനാണ് ചില പള്ളികള്‍ കശാപ്പുശാലകളാക്കിമാറ്റിയത്. ബുദ്ധ, മുസ്ലിം പുരോഹിതരെക്കൊണ്ട് നിര്‍ബന്ധിച്ച് കശാപ്പുശാലകളില്‍ പണിയെടുപ്പിച്ചു.
കൊല്ലുന്നതിനുമുന്‍പ് എല്ലാവരുടെയും ചിത്രങ്ങള്‍ ഖമറൂഷ് എടുത്ത് സൂക്ഷിച്ചു. കൃത്യമായ രേഖകളും കണക്കുകളും ഉണ്ടാക്കി. ബാലക്കൊലയാളികള്‍ ഖമറൂഷ്ഭരണകാലത്തെ ഭീകരമായ അവസ്ഥാവിശേഷമായിരുന്നു. 15-ഉം 18-ഉം വയസ്സായ കുട്ടികളെ തോക്കുപയോഗിക്കാനും കൊല്ലാനും പരിശീലിപ്പിക്കുന്നു. പനയോലമടലുകള്‍ ഉപയോഗിച്ച് എങ്ങനെ എളുപ്പത്തില്‍ ആളെ കൊല്ലാം എന്നുവരെ പഠിപ്പിക്കപ്പെട്ടു. ഖമറൂഷ് ഭരണാനന്തരം ഏകദേശം 20000-ത്തിലധികം ചെറുതും വലുതുമായ കുഴിമാടങ്ങള്‍ കംബോഡിയയില്‍ കണ്ടെത്തിയിട്ടുണ്ട്.
1925ല്‍ തലസ്ഥാനമായ നോംപെനിന് 100 മൈല്‍ അകലെ പെര്‍ക്ക് സബാവു എന്ന ഗ്രാമത്തില്‍ സമ്പന്ന കര്‍ഷകകുടുംബത്തിലാണ് പോള്‍ പോട്ട് ജനിച്ചത്. കുടുംബത്തിന് സ്വന്തമായി അമ്പത് ഏക്കര്‍ സ്വത്തുണ്ടായിരുന്നു. 1934-ല്‍ തലസ്ഥാനമായ നോംപെനില്‍ എത്തിയ പോള്‍ പോട്ട് കുറച്ചുകാലം ഒരു ബുദ്ധസന്ന്യാസിമഠത്തില്‍ കഴിഞ്ഞു. പിന്നീട് ഫ്രഞ്ച് കത്തോലിക്കാ സ്‌കൂളില്‍ പഠനം. പഠനത്തില്‍ മികവുപുലര്‍ത്തിയ പോള്‍ പോട്ട് 1949 വരെ പാരീസില്‍ സ്‌കോളര്‍ഷിപ്പോടെ പഠനം തുടര്‍ന്നു. പിന്നീട് പഠനം റേഡിയോ ടെക്നോളജിയിലായി. പാരീസില്‍വെച്ചാണ് പാരീസ് കമ്യൂണ്‍ എന്ന ആദ്യത്തെ പരാജയപ്പെട്ട വിപ്ലവത്തെക്കുറിച്ച് വായിച്ചറിയുന്നത്. മര്‍ദിതരുടെ മോചനപ്രത്യയശാസ്ത്രമായ മാര്‍ക്സിസത്തെക്കുറിച്ച് കൂടുതല്‍ പഠിക്കുന്നത് അങ്ങനെയാണ്. പറ്റിയ സുഹൃത്തുക്കളെയും അദ്ദേഹത്തിന് ലഭിച്ചു. തുടര്‍ന്ന് അദ്ദേഹം കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു.
1953-ല്‍ പോള്‍ പോട്ട് കംബോഡിയന്‍ തലസ്ഥാനമായ നോംപെനില്‍ പ്രതീക്ഷാനിര്‍ഭരമായ ഒരു ലോകം സ്വപ്നംകണ്ടുകൊണ്ട് തിരിച്ചെത്തി. കംബോഡിയയില്‍ ദീര്‍ഘകാലമായി തുടരുന്ന ഫ്രഞ്ച് കോളനി ഭരണത്തിനെതിരേ പോരാട്ടം നടക്കുന്ന സമയമായിരുന്നു അത്. പോള്‍ പോട്ട് പിന്നീട് ഖമര്‍ പീപ്പിള്‍ റെവല്യൂഷണറി പാര്‍ട്ടിയില്‍ ചേര്‍ന്നു. അപ്പോഴേക്കും ഫ്രാന്‍സ് കംബോഡിയ വിട്ടിരുന്നു.
1960-ല്‍ ഖമറൂഷ് പീപ്പിള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഒരു മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് പാര്‍ട്ടിയായി പരിവര്‍ത്തനം ചെയ്യപ്പെടുന്നു. പോള്‍ പോട്ട് വളരെ വേഗംതന്നെ കംബോഡിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറിയായി. പലഭാഗത്തും പാര്‍ട്ടി ശക്തിപ്പെടാന്‍ തുടങ്ങി. സോഷ്യല്‍ എന്‍ജിനീയറിങ്ങിലൂടെ ഒരു വര്‍ഗരഹിതലോകം സൃഷ്ടിക്കാനുള്ള ശ്രമമായിരുന്നു പോള്‍ പോട്ടിന്റെത്. മാവോ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതിപുരുഷന്‍. തുടക്കത്തില്‍ സാധാരണക്കാര്‍ക്ക് ആവേശവും പ്രതീക്ഷയും നല്‍കുന്ന ഒരു പ്രത്യയശാസ്ത്രമാണെന്ന് രാജഭരണത്തിന്റെയും പുരോഹിതമേധാവിത്വത്തിന്റെയും നാടായ കംബോഡിയക്ക് തോന്നി. അവര്‍ പോള്‍ പോട്ടില്‍ ചില്ലറ പ്രതീക്ഷകള്‍ കണ്ടു. ലോകത്ത് പല രാജ്യങ്ങളിലും, പ്രത്യേകിച്ച് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും തൊട്ടടുത്ത വിയറ്റ്നാമിലുമെല്ലാം, കമ്യൂണിസം ആവേശമായി മാറിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. ഗറില്ലാവിപ്ലവങ്ങള്‍ യുവാക്കള്‍ക്ക് ആവേശം പകര്‍ന്ന കാലം.
സമ്പന്നര്‍ക്കെതിരേയും ജന്മിമാര്‍ക്കെതിരേയും ആക്രമണം നടത്തുക, എല്ലാവരും കൃഷിമാത്രം ചെയ്യുക, രാജ്യത്തെ കാര്‍ഷികോത്പാദനത്തില്‍ വന്‍ കുതിപ്പുണ്ടാക്കുക, അധ്വാനിക്കാത്തവരെയും മടിയന്‍മാരെയും ചാരന്‍മാരെയും ഒറ്റുകാരെയും രാജ്യദ്രോഹികളെയും കണ്ടെത്തി കടുത്ത ശിക്ഷ നല്‍കുക, ഭരണത്തിനെതിരേ നില്‍ക്കുന്ന ആരും ജീവിച്ചിരുന്നുകൂടാ എന്നിവയിലധിഷ്ഠിതമായിരുന്നു ഖമറൂഷിന്റെ പ്രത്യയശാസ്ത്രം.
നഗരങ്ങള്‍ മുതലാളിത്തം മണക്കുന്ന വാസസ്ഥലങ്ങളാണെന്ന് ഖമറൂഷ് വിധിയെഴുതി. അലസന്‍മാരും അഴിമതിക്കാരും ചൂഷകരും പലിശക്കാരും നഗരവാസികളാണ്. അവര്‍ അധ്വാനിക്കാതെ തൊഴില്‍ ചെയ്യുന്നു. ഇത് ഒരുതരം ചൂഷണമാണ്. അന്നം തിന്നണമെങ്കില്‍ എല്ലാവരും കൂട്ടായി ഉത്പാദിപ്പിക്കണം. മതം, പൗരോഹിത്യം, ജാതി, സമ്പത്ത്, മികച്ച തൊഴില്‍ എന്നിവ ചൂഷകരുടെ ആയുധങ്ങളാണ്; അത്തരക്കാര്‍ വയലില്‍ വരട്ടെ എന്നായിരുന്നു പോള്‍ പോട്ടിന്റെ രീതിശാസ്ത്രം. നഗരത്തിലെ എല്ലാ ഭൗതികതാത്പര്യങ്ങളും വര്‍ജിക്കുക. രാജ്യത്ത് എന്‍ജിനീയര്‍മാരും ഡോക്ടര്‍മാരുമൊന്നും വേണ്ട. ബുദ്ധിജീവികളെക്കൊണ്ട് ഒരു പ്രയോജനവുമില്ല. നഗരം വിട്ട്, എല്ലാവരും ഗ്രാമത്തില്‍ പോവുക, കൃഷിക്കളങ്ങളില്‍ പണിയെടുക്കുക. കുട്ടികള്‍ തത്കാലം പഠിക്കേണ്ട, അവര്‍ സൈന്യത്തില്‍ ചേരുക, അല്ലെങ്കില്‍ വിളവുത്പാദിപ്പിക്കുക; പത്തുവയസ്സുമുതല്‍ കായികപരിശീലനം നേടുക; ഖമറൂഷ് കേഡറ്റാവുക. വീട്, കുടുംബം എന്നിവയ്ക്ക് മൂന്നാം സ്ഥാനമോ നാലാം സ്ഥാനമോ മാത്രം.
കമ്യൂണിസ്റ്റ് പാഠങ്ങള്‍ മാത്രം പഠിക്കുക. മാവോ സൂക്തങ്ങള്‍ മനഃപാഠമാക്കുക. ദിവസം 12 മണിക്കൂറിലധികം ജോലിചെയ്യുക, വിള ഉത്പാദനം കുറഞ്ഞാല്‍ ശിക്ഷ ഉറപ്പ്. ഇതൊക്കെയായിരുന്നു പോള്‍ പോട്ടിന്റെ പ്രത്യയശാസ്ത്രം. അധികാരം കിട്ടി ദിവസങ്ങള്‍ക്കകം പോള്‍ പോട്ട് തന്റെ ഈ ആശയങ്ങള്‍ നടപ്പാക്കാന്‍ തുടങ്ങി. കൊലപാതകങ്ങളും വംശഹത്യയും അന്നുമുതല്‍തന്നെ തുടങ്ങിക്കഴിഞ്ഞിരുന്നു. നഗരങ്ങളും ഗ്രാമങ്ങളും പേടിച്ചുവിറച്ചു.
നോംപെന്‍ നഗരത്തില്‍ പോള്‍ പോട്ടിന്റെ ഖമറൂഷ് സൈന്യമെത്തി രണ്ടുദിവസത്തിനകം എല്ലാവരും നഗരം വിടാനും ഗ്രാമങ്ങളിലേക്കു പോകാനും ആജ്ഞ വന്നു. നഗരങ്ങളില്‍നിന്ന് രണ്ടുലക്ഷം പേരെ ഒറ്റയടിക്ക് ഒഴിപ്പിച്ചെടുത്തു. എതിര്‍ത്തവരെ പിടിച്ചുകൊണ്ടുപോയി കൊന്നു. കുട്ടികളെ അമ്മമാരില്‍നിന്നു വേര്‍പെടുത്തി. ബുദ്ധിജീവികള്‍, അധ്യാപകര്‍, ഡോക്ടര്‍മാര്‍, സമ്പന്നര്‍, ജന്മികള്‍ എല്ലാവരെയും ഒഴിപ്പിക്കുകയും വയലിലേക്കോടിക്കുകയും ചെയ്തു. ഇതോടെ തൊഴില്‍മേഖല തകരാന്‍ തുടങ്ങി. പട്ടിണി പിടിമുറുക്കി. ജനം തെരുവിലിറങ്ങി. പ്രതിഷേധിച്ചവരെ രാജ്യദ്രോഹികളായും പ്രതിവിപ്ലവകാരികളായും മുദ്രകുത്തി അറസ്റ്റുചെയ്ത് പ്രത്യേകം തയ്യാറാക്കിയ തടവുകേന്ദ്രങ്ങളിലേക്ക് കൊണ്ടുപോയി. പൂട്ടിയ സ്‌കൂളുകള്‍ പലതും താത്ക്കാലിക ജയിലുകളാക്കി. മതസംഘടനകളെ മുഴുവന്‍ നിരോധിച്ചു. അമ്പലങ്ങള്‍, പള്ളികള്‍ എന്നിവ അടച്ചുപൂട്ടി. ക്ഷേത്രങ്ങളിലെ പൂജാരികളെ ഓടിച്ചു. മുഴുവന്‍ പേരെയും വയലില്‍ പണിക്കുവിട്ടു.
ക്ഷേത്രങ്ങള്‍ പട്ടാളക്കാര്‍ക്ക് ക്യാമ്പുകളാക്കാന്‍ കൊടുത്തു. വിശാലമായ സ്ഥലങ്ങള്‍ ആയുധപ്പുരകളാക്കി. ചോദ്യംചെയ്യുന്ന എല്ലാവരെയും പീഡനമുറിയിലേക്ക് കൊണ്ടുപോയി. അവരുടെ മൃതശരീരം പിന്നീട് കില്ലിങ് ഫീല്‍ഡിലെ കുഴിമാടങ്ങളില്‍ കണ്ടെടുത്തു. വെറുതെയിരുന്നു ചിന്തിക്കുന്നവര്‍ പ്രതിവിപ്ലവകാരികളാവും. അതുകൊണ്ട് വിപരീതചിന്തകളില്ലാതാക്കാന്‍ പണിയെടുത്തുകൊണ്ടേയിരിക്കുക, അതാണ് ഖമറൂഷ് പ്രത്യയശാസ്ത്രത്തിന്റെ മനഃശാസ്ത്രം.
വംശഹത്യ, വര്‍ഗഹത്യ, രാഷ്ട്രീയക്കൊലകള്‍, പീഡനം, ക്ഷാമം, നിര്‍ബന്ധിത തൊഴില്‍, മനുഷ്യപരീക്ഷണം, കാണാതാകല്‍, കടത്തിക്കൊണ്ടുപോകല്‍ തുടങ്ങി മനുഷ്യവംശത്തിനെതിരേയുള്ള എല്ലാത്തരം കുറ്റങ്ങളും കംബോഡിയയില്‍ നടന്നു. അന്തര്‍ദേശീയവിചാരണകളില്‍ ഇതുതന്നെയായിരുന്നു വംശഹത്യയായി കണ്ടതും. ബുദ്ധ, ക്രിസ്തു, ഇസ്ലാം മതവിശ്വാസികളെ വംശീയമായി വേട്ടയാടി. തായ് ജനതയോട് ആഭിമുഖ്യം പുലര്‍ത്തുന്നവര്‍, വിയറ്റ്നാം ആഭിമുഖ്യം കാണിക്കുന്നവര്‍ ഇവരൊക്കെ ശത്രുക്കളായി. ഖമറൂഷ് ദേശീയത, മാര്‍ക്‌സിസം ലെനിനിസം, മാവോയിസം എന്നിവയില്‍ മാത്രം വിശ്വസിക്കാം.
രാജ്യത്ത് വിവിധ സ്ഥലങ്ങളില്‍ വളരെ പെട്ടെന്നുതന്നെ ചെറുതും വലുതുമായ ഡിറ്റന്‍ഷന്‍ ക്യാമ്പുകള്‍ തുടങ്ങി. സ്‌കൂളുകള്‍ പലതും പീഡനമുറികളായിമാറി. പണിയെടുക്കാത്തവരുടെയും എതിര്‍ക്കുന്നവരുടെയും റേഷന്‍ വെട്ടി. പിന്നീടവരെ പീഡനകേന്ദ്രത്തിലേക്കയച്ചു. അവരാരും തിരിച്ചുവന്നില്ല. പൊതുവിതരണസമ്പ്രദായം അപ്പാടെ തകര്‍ന്നു. പട്ടിണി വ്യാപകമായി. കറന്‍സിക്കു വിലയില്ലാതായി. പതിനായിരക്കണക്കിനാള്‍ക്കാര്‍ ക്ഷാമംകൊണ്ട് മരിച്ചു. ഇത്തരം മരണങ്ങള്‍ രഹസ്യമാക്കിവെച്ചു. പലരെയും കൂട്ടക്കുഴിമാടങ്ങളില്‍ മറവുചെയ്തു.
രാജ്യത്തെ എല്ലാ സ്വകാര്യസ്ഥാപനങ്ങളും നിരോധിക്കപ്പെട്ടു. ബാങ്കുകള്‍, പണവിതരണസ്ഥാപനങ്ങള്‍, സ്വര്‍ണക്കടകള്‍, സ്വകാര്യസ്വത്ത് എല്ലാം നിയന്ത്രിക്കപ്പെട്ടു. ചൂതുകളി നിരോധിച്ചു. വായനശാലകള്‍ പൂട്ടി. വായന സമയംകൊല്ലാനുള്ളതാണെന്നായിരുന്നു വ്യാഖ്യാനം. ചെറിയ കുട്ടികളെപ്പോലും വീട്ടില്‍നിന്ന് ബലംപ്രയോഗിച്ച് പട്ടാളത്തില്‍ ചേര്‍ത്തു. എതിര്‍ത്തുനിന്ന രക്ഷിതാക്കളുടെ ജോലിസമയം 20 മണിക്കൂര്‍ വരെ വര്‍ധിപ്പിച്ച് ശിക്ഷനല്‍കി. കൊലപാതകം നടത്താനും ക്രൂരമായ ശിക്ഷകള്‍ നടപ്പാക്കാനുമുള്ള പരിശീലനം കുട്ടികള്‍ക്കു നല്‍കി. മാസങ്ങള്‍കൊണ്ട് അവരെ കണ്ണില്‍ച്ചോരയില്ലാത്ത കൊലയാളികളാക്കിമാറ്റി. വലിയ പനയോലത്തണ്ടുകൊണ്ടുപോലും കുട്ടികള്‍ക്ക് ഒറ്റയടിക്ക് ആളെക്കൊല്ലാനുള്ള കഴിവുണ്ടാക്കി. വെടിയുണ്ടകള്‍ ലാഭിക്കാനെന്നായിരുന്നു ഇതിന് മറുപടി.
സ്ത്രീപുരുഷബന്ധങ്ങള്‍ക്ക് കാര്‍ക്കശ്യം വന്നു. പ്രണയം, സെക്‌സ് എന്നിവ നിയന്ത്രിക്കപ്പെട്ടു. കമിതാക്കളെ ക്രൂരമായി വേട്ടയാടി. പ്രണയം രാജ്യത്തോടും പരമോന്നത പാര്‍ട്ടിയോടും ചെയ്യുന്ന അവഹേളനമാണെന്ന് വിലയിരുത്തപ്പെട്ടു. ഖമറൂഷിന്റെ സദാചാരപ്പോലീസുകാര്‍ നഗരംചുറ്റി യുവാക്കളെയും യുവതികളെയും പിടികൂടി വയലുകളിലേക്കോടിച്ചു. ഖമറൂഷ് തന്നെ പുരുഷന്‍മാര്‍ക്ക് ഇണകളെ കണ്ടെത്താനുള്ള വേദികളൊരുക്കി. നിര്‍ബന്ധിച്ചുള്ള കല്യാണങ്ങള്‍ നടന്നു. വിവാഹദിവസംതന്നെ ജോലിക്കു പോകേണ്ടിവന്നു. സന്തോഷസൂചകങ്ങളെല്ലാം പ്രകടിപ്പിക്കേണ്ടത് കൂടുതല്‍ അധ്വാനിച്ചുകൊണ്ടാണെന്ന് തിട്ടൂരം വന്നു.
പക്ഷികളെയും പട്ടികളെയും അലങ്കാരമത്സ്യങ്ങളെയും വളര്‍ത്തുന്നത് നിരോധിച്ചു. സംഗീതം, പ്രത്യേകിച്ചും പാശ്ചാത്യസംഗീതം നിരോധിക്കപ്പെട്ടു. ഉത്സവങ്ങള്‍, നാടകം, സിനിമ, ചിത്രമെഴുത്ത് എന്നിവ നിലച്ചു. ആര്‍ട്ട് ഗാലറികള്‍ അഗ്‌നിക്കിരയായി. ജന്മദിനം, ചരമദിനം, വിവാഹവാര്‍ഷികം, വിവാഹാഘോഷം, ആര്‍ഭാടങ്ങള്‍, വിലകൂടിയ വസ്ത്രങ്ങള്‍ എല്ലാം നിരോധിക്കപ്പെട്ടു. ഖമറൂഷ് ദേശീയവസ്ത്രമായ കറുത്ത വസ്ത്രം അണിയാന്‍ നിര്‍ബന്ധിക്കപ്പെട്ടു. ദിവസം 10 മുതല്‍ 12 വരെ മണിക്കൂറെങ്കിലും ജോലിയെടുക്കുക, രാജ്യത്തെ കാര്‍ഷികോത്പാദനം ഇരട്ടിയാക്കുക- ഈ മുദ്രാവാക്യങ്ങള്‍തന്നെയാണ് ഭീഷണിയായി എവിടെയും മുഴങ്ങിയത്.
എല്ലാ ഉത്സവങ്ങളും നിരോധിക്കപ്പെട്ടു. പാര്‍ട്ടി ദേശീയദിനമൊഴികെ ബാക്കി എല്ലാ വിശേഷദിനങ്ങളും ഒഴിവാക്കി. അവധിദിനങ്ങള്‍ മുഴുവനും നിര്‍ത്തലാക്കി. ക്രിസ്മസ്, ബുദ്ധജയന്തി എന്നിവയും നിരോധിച്ചു. കംബോഡിയ എന്ന രാജ്യത്തിന്റെ പേര് ജനകീയ കമ്പൂച്ചിയ എന്നാക്കിമാറ്റി.
വംശഹത്യയുമായി ബന്ധപ്പെട്ട് കംബോഡിയന്‍ ഡോക്യുമെന്റേഷന്‍ കേന്ദ്രത്തിലെ ഗവേഷകനായ ക്രെയ്ക് ഏറ്റ്സണ്‍ 13,86,734 മൃതദേഹാവശിഷ്ടങ്ങള്‍ കൂട്ടക്കുഴിമാടങ്ങളില്‍നിന്ന് എണ്ണിയെടുത്തതായി സൂചിപ്പിക്കുന്നു. യൂനിസെഫ് കണക്ക് പ്രകാരം, 1.17 മുതല്‍ മൂന്നുവരെ ദശലക്ഷം പേര്‍ കൊല്ലപ്പെട്ടതായി പാട്രിക് ഹ്യുവലിന്റെ അന്വേഷണത്തില്‍ പറയുന്നു. ഇതില്‍ 1.8 ദശലക്ഷംപേര്‍ സാധാരണക്കാരാണ്. ഈ മേഖലയിലെ ഗവേഷകരില്‍ ശ്രദ്ധേയനായ മാരെക് സ്‌ളിവന്‍സ്‌കിയും ഇക്കാര്യം ഉറപ്പിക്കുന്നുണ്ട്. യു.എന്‍. റെഡ്ക്രോസിന്റെ അന്നത്തെ കണക്കുപ്രകാരം പട്ടിണിമൂലം 2.25 ലക്ഷം പേര്‍ മരിച്ചു. സൃഷ്ടിക്കപ്പെട്ടതായിരുന്നു ഈ ക്ഷാമം.
യേല്‍ സര്‍വകലാശാലയിലെ വിദഗ്ധസംഘവും മറ്റു വിവിധ ഏജന്‍സികളും കംബോഡിയന്‍ സര്‍ക്കാരും അന്വേഷിച്ച് കണ്ടെത്തിയ കൂട്ടക്കുഴിമാടങ്ങള്‍ മാത്രം ഇരുപതിനായിരത്തോളം വരും. അവരുടെ കണക്കുപ്രകാരം അവിടെ കൊല്ലപ്പെട്ടവര്‍ 13.86 ലക്ഷം വരും. അത്രതന്നെ ആളുകള്‍ പട്ടിണി, രോഗം തുടങ്ങിയവമൂലം മരിച്ചു.
ഖമറൂഷ് ഭരണകാലത്ത് കുപ്രസിദ്ധമായ ദുവോള്‍സ്ലെങ് ജയിലില്‍ മാത്രം ഏകദേശം പതിന്നാലായിരത്തോളം പേര്‍ കൊല്ലപ്പെട്ടു. കടുത്ത പീഡനത്തെ തുടര്‍ന്നാണ് മരണങ്ങളേറെയും. അന്ന് ജയില്‍മേധാവിയായിരുന്ന ഡച്ചു എന്നപേരിലറിയപ്പെട്ടിരുന്ന കേയിം കുക്ക് ഇയുവിന് യുദ്ധക്കുറ്റങ്ങള്‍ കൈകാര്യംചെയ്യുന്ന യു.എന്‍. ട്രിബ്യൂണല്‍ ജീവപര്യന്തം തടവാണ് നല്‍കിയത്.
പോള്‍ പോട്ടിന്റെ സഹായിയും ഖമറൂഷ് ബൗദ്ധികവിശാരദനുമായ നൂവോണ്‍ ചിയ, മാവോവാദിനേതാവും പാര്‍ട്ടിയുടെ പൊതുമുഖവുമായിരുന്ന കിയു സാംഫന്‍ എന്നിവര്‍ക്കും ജീവപര്യന്തം ശിക്ഷ ലഭിച്ചു. 2019-ല്‍ തൊണ്ണൂറ്റിരണ്ടാമത്തെ വയസ്സിലാണ് കമ്യൂണിസ്റ്റ് താത്ത്വികാചാര്യനായ നൂവോണ്‍ ചിയ മരിക്കുന്നത്.

ജയിലുകളിലെ ജീവിതം ദുരിതമയമായിരുന്നു. ഭക്ഷണം ഉണക്കമത്സ്യവും ചോറും മാത്രം. അനുസരണക്കേടിന് കഠിനജോലിയും മര്‍ദനവും. ജയിലുകളിലും കാര്‍ഷിക സോഷ്യലിസത്തെക്കുറിച്ചും മാവോയിസത്തെക്കുറിച്ചും എന്നും ക്ലാസുണ്ടായിരുന്നു.
കുട്ടികളെ കൊന്ന് മാതാപിതാക്കളോട് പ്രതികാരം ചെയ്യല്‍, മൂലയൂട്ടാന്‍ അവസരംകൊടുക്കാതിരിക്കുക. ലൈബ്രറികള്‍ അഗ്‌നിക്കിരയാക്കല്‍ ഇതൊക്കെ പുരോഗമനപരം എന്നായിരുന്നു വിലയിരുത്തല്‍. ഖമറൂഷ് ഭരണം എല്ലാ രാജ്യങ്ങളുമായും നയതന്ത്രബന്ധങ്ങള്‍ വിച്ഛേദിച്ചു. ലോകത്തില്‍നിന്ന് കംബോഡിയന്‍ ജനത ഒറ്റപ്പെട്ടു. പുറത്തുകടക്കാന്‍ ശ്രമിച്ച എല്ലാവരെയും ഒറ്റുകാരാക്കി, വെടിവെച്ചു കൊന്നു. വാര്‍ത്താമാധ്യമങ്ങളുടെ വായ മൂടിക്കെട്ടി. എഴുത്തുകാരെയും പത്രപ്രവര്‍ത്തകരെയും ശിക്ഷകള്‍ക്കു വിധേയരാക്കി. 10-14 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് ഒളിസങ്കേതങ്ങളില്‍ കഠിനപരിശീലനം നല്‍കി. നോംപെന്നില്‍ ഒറ്റപ്പെട്ട മനുഷ്യരുടെ ശരീരങ്ങള്‍ വിശന്ന നായ്ക്കൂട്ടം കടിച്ചുതിന്നുന്ന ചിത്രങ്ങള്‍ വിദേശമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. നോംപെന്‍ ഒരു പ്രേതനഗരമായി മാറി. ഭിന്നശേഷിക്കാരെ തീകൊളുത്തി കൊന്നു. കൊല്ലപ്പെട്ടവരെയും പാതിജീവനുള്ള രാഷ്ട്രശത്രുക്കളെയും ചതുപ്പില്‍ വലിച്ചെറിഞ്ഞു. വിയറ്റ്നാംകാരോടായിരുന്നു കൊടിയ ശത്രുത.
കംബോഡിയയിലെ ഏറ്റവും കുപ്രസിദ്ധ ക്യാമ്പായ 'ഒബ്‌ജെക്റ്റ് എസ്. 21' ക്യാമ്പില്‍ പീഡിപ്പിക്കപ്പെട്ടത് 29,000 പേരാണ്. ഇവിടെനിന്ന് രക്ഷപ്പെട്ടത് വെറും 19 പേര്‍. അടികൊണ്ട് മുറിവേറ്റവരെ ചുവന്ന ഉറുമ്പിന്‍കൂട്ടില്‍ കെട്ടിയിട്ട് ശിക്ഷ വിപുലീകരിച്ചതായി രക്ഷപ്പെട്ട ഇരകള്‍ പിന്നീട് പറഞ്ഞിട്ടുണ്ട്. ഇരകളുടെ തലകള്‍ വെട്ടിമാറ്റി ക്യാമ്പ് വളപ്പില്‍ പ്രദര്‍ശനത്തിനായി വെച്ചു. ഓരോ തലയിലും ചെവിയില്‍ ഒരു ടാഗ് തുന്നിച്ചേര്‍ത്തിരുന്നു 'ഞാന്‍ വിപ്ലവത്തിന്റെ ഒറ്റുകാരന്‍' എന്ന്. ഖമറൂഷ് ഭരണത്തിനുശേഷമാണ് കംബോഡിയയില്‍ എന്താണ് സംഭവിച്ചതെന്ന് ലോകം അറിഞ്ഞത്. നിരവധി ഫോട്ടോകള്‍. കില്ലിങ് ഫീല്‍ഡുകള്‍. തലയോടുകള്‍ ആ കാലം ഇന്നും വിളിച്ചുപറയുന്നു.
അമേരിക്കയുടെ കമ്യൂണിസ്റ്റ് വിരോധമാണ് കംബോഡിയയുടെ നരഹത്യയെ പര്‍വതീകരിക്കാന്‍ കാരണമെന്ന് ഒരുകൂട്ടം ഇടത് സൈദ്ധാന്തികര്‍ പറയുന്നുണ്ട്. ഡോണാള്‍ഡ് ഡബ്ല്യു. ബീച്ചിലറുടെ അഭിപ്രായത്തില്‍ കംബോഡിയയിലെ ഖമറൂഷ് കലാപങ്ങള്‍ രാഷ്ട്രീയമായി അമേരിക്കയുള്‍പ്പെടെ പലരും ഉപയോഗപ്പെടുത്തുകയായിരുന്നു. ലോകമാകെ കമ്യൂണിസ്റ്റ്വിരുദ്ധസമീപനം ഉണ്ടാക്കുന്നതിനുവേണ്ടിയായിരുന്നു ഇത്. പക്ഷേ, കൂട്ടക്കുഴിമാടങ്ങള്‍ എങ്ങനെ സത്യം പറയാതിരിക്കും? 20,000-ത്തോളമാണ് കണ്ടെത്തിയ കൂട്ടക്കുഴിമാടങ്ങളുടെ എണ്ണം. കുട്ടികളുള്‍പ്പെടെ കാണാതായ പതിനായിരങ്ങള്‍ എവിടെപ്പോയി?
പുതിയ കംബോഡിയന്‍ സര്‍ക്കാരിന്റെ ക്ഷണപ്രകാരം അന്താരാഷ്ട്ര വിദഗ്ധരുടെ സംഘം 1998 നവംബറില്‍ കംബോഡിയ സന്ദര്‍ശിച്ചിരുന്നു. അന്നത്തെ യു.എന്‍. സെക്രട്ടറി കോഫി അന്നന്‍ ഒരു അഡ്ഹോക് ഇന്റര്‍നാഷണല്‍ ക്രിമിനല്‍ ട്രിബ്യൂണല്‍ രൂപവത്കരിക്കാന്‍ നിര്‍ദേശിച്ചു. അന്വേഷണത്തില്‍ കംബോഡിയന്‍ കലാപങ്ങളുടെ നൂറുകണക്കിന് രഹസ്യരേഖകള്‍ അവര്‍ക്ക് ലഭിച്ചു.
ശത്രുവിന്റെ എല്ലാ വഴികളും അടിച്ചമര്‍ത്തും എന്ന് ഇങ്സാരി എന്ന ഖമറൂഷ് നേതാവിന്റെ ഡയറിയില്‍ കാണാനിടയായി. ''രാജ്യത്ത് ഒരുശതമാനംമുതല്‍ അഞ്ചുശതമാനംവരെ രാജ്യദ്രോഹികളാണ്. ശത്രുക്കള്‍ എവിടെയും ഉണ്ട് നമ്മുടെ, ശരീരത്തിലെന്നപോലെ. ഇത്തരം ശത്രുക്കളെ ഇല്ലായ്മചെയ്യുകതന്നെവേണം,'' ഡയറികളില്‍ പറയുന്നു. 2003-ലാണ് യു.എന്‍. കംബോഡിയന്‍ കുറ്റവിചാരണ തുടങ്ങുന്നത്.
ഖമറൂഷ് വംശഹത്യാകാലത്ത് പിടിച്ചുകൊണ്ടുപോയ ഒരുകൂട്ടം കൂട്ടികളില്‍ രക്ഷപ്പെട്ട രണ്ടുപേരില്‍ ഒരാളായിരുന്നു നോംപെന്‍കാരനായ അരുണ്‍. ''ഇരുപത്തിയേഴ് കുട്ടികളെയാണ് ഒരു തടവില്‍ പാര്‍പ്പിച്ചത്. ഓരോ ദിവസവും ഓരോ കുട്ടിയെ ചോദ്യംചെയ്യാന്‍ കൊണ്ടുപോയി കൊല്ലും. എന്റെ കുടുംബത്തിലെ എല്ലാവരും കൊല്ലപ്പെട്ടു. ചെറിയ സഹോദരിയുള്‍പ്പെടെ. കുട്ടികളോട് അവരുടെ അച്ഛനമ്മമാരെക്കുറിച്ച് ചോദിക്കും. അവര്‍ കെ.ജി.ബി.യിലോ മറ്റ് ചാരസംഘടനകളിലോ ബന്ധപ്പെടുന്നുണ്ടോ എന്ന്. പക്ഷേ, കുട്ടികള്‍ക്ക് ഒന്നും അറിയില്ല. പേടിച്ചിട്ട് ഉണ്ട് എന്ന് പറയും. അതോടെ കുട്ടികളെ കൊണ്ടുപോയി കൊല്ലും. കൊലയാളികള്‍ക്ക് അതാണ് നിര്‍ദേശം. ആരെങ്കിലും ചാരവൃത്തിയില്‍ ഉണ്ടെന്ന് സംശയിച്ചാല്‍ കൊന്നുകളയുക.''
നൂറുശതമാനം കമ്യൂണിസ്റ്റ് കമ്യൂണ്‍ കെട്ടിപ്പടുക്കാനുള്ള ശ്രമമായിരുന്നു ഖമറൂഷിന്റെത്. കൃത്യമായ പ്രത്യയശാസ്ത്രപരമായ അടിത്തറയുണ്ടാക്കി. സ്റ്റാലിനിസത്തിന്റെ ഒരു കാര്‍ഷികരൂപമായിരുന്നു അത്. തൊഴിലാളിവര്‍ഗത്തിന്റെ ഒരുതരം സ്വേച്ഛാധിപത്യം ഉണ്ടാക്കുക. ശത്രുക്കളെയും ശത്രുക്കളാകാന്‍ സാധ്യതയുള്ളവരെയും ശത്രുക്കള്‍ എന്ന് സംശയിക്കുന്നവരെയും കുടുംബസമേതം ഉന്മൂലനംചെയ്യുക. എന്നതായിരുന്ന തന്ത്രം.
ചരക്കുസമ്പ്രദായത്തെ മാറ്റി പകരം പ്രകൃതിസമ്പ്രദായം കൊണ്ടുവരുക എന്നതാണ് പോള്‍പോട്ടിന്റെ രാഷ്ട്രീയപ്രത്യയശാസ്ത്രവിദഗ്ധനും ഉപദേശകനുമായ ഹുയോങ്ങിന്റെ ആശയം. ഉത്പാദനം വില്‍ക്കാനുള്ളതല്ല മറിച്ച് അത് ഓരോ കുടുംബത്തിന്റെയും ജീവിക്കാനാവശ്യമുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. മുതലാളിത്ത തലത്തിലുള്ള എല്ലാ വികസനത്തെയും തടയണം. അഴിമതി ഇല്ലാതാക്കണം, ആധുനിക കാര്‍ഷിക സമ്പ്രദായങ്ങള്‍ കൂടുതല്‍ ഉത്പാദനം ഉണ്ടാക്കുമെന്നും ഒരുവിഭാഗം മനുഷ്യര്‍ അധ്വാനിക്കാതെ അത് ഉപയോഗപ്പെടുത്തുമെന്നും അതുവഴി മുതലാളിത്തം ഉടലെടുക്കുമെന്നും പോള്‍ പോട്ട് കരുതി. അത്തരം വികസനനയങ്ങളെ അടിച്ചമര്‍ത്തണം എന്നായിരുന്നു പോള്‍പോട്ട്‌സംഘത്തിന്റെ കാഴ്ചപ്പാട്. കംബോഡിയയിലെ എല്ലാ വംശഹത്യാകേന്ദ്രങ്ങളും ഇപ്പോള്‍ വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. ടുവോള്‍സ്ലെങ് മ്യൂസിയം പ്രതിവര്‍ഷം ലക്ഷക്കണക്കിനാളുകളാണ് സന്ദര്‍ശിക്കുന്നത്. വിയറ്റ്നാംകാരാണ് ഈ മ്യൂസിയത്തിന് രൂപംകൊടുത്തത്.
ലക്ഷക്കണക്കിന് ആളുകളുടെ ദയനീയാന്ത്യത്തിന് കാരണക്കാരനായ പോള്‍പോട്ടിന്റെ മരണം കാട്ടില്‍ ദയനീയമായിരുന്നു. ചെറിയ ചെറ്റപ്പുരയില്‍ തടിക്കട്ടിലില്‍ കൈകള്‍ വശങ്ങളില്‍ നീട്ടി മരിച്ചുകിടക്കുകയായിരുന്നു. രോഗിയായതിനാല്‍ ഒരു പച്ചപ്പുതപ്പ് ശരീരത്തിലുണ്ടായിരുന്നു.

ഹോങ്കോങ് ആസ്ഥാനമായുള്ള ഫാര്‍ ഈസ്റ്റേണ്‍ ഇക്കണോമിക്സ് റിവ്യൂ വിന്റെ ലേഖകനും അമേരിക്കന്‍ പത്രപ്രവര്‍ത്തകനുമായ നേറ്റ് തായര്‍, പോള്‍പോട്ടിന്റെ മരണത്തിന് സാക്ഷിയായി. എക്കാലത്തെയും സ്‌കൂപ്പ് ന്യൂസ് പോലെ തായര്‍ ഓഫീസിലേക്ക് വിളിച്ചുപറഞ്ഞു: ''അവന്‍ മരിച്ചു.'' കടുത്ത അസുഖബാധിതനായിരുന്നു പോള്‍ പോട്ട്. കാടുകളില്‍നിന്ന് കാടുകളിലേക്കുള്ള യാത്ര അയാളെ വല്ലാതെ വലച്ചിരുന്നു. പോള്‍പോട്ടിന്റെ ഭാര്യ മിയാസോണും പതിന്നാലുവയസ്സുള്ള മകള്‍ സിത്തും പോള്‍പോട്ടിനൊപ്പമുണ്ടായിരുന്നു. വിവരമറിഞ്ഞപ്പോള്‍ കംബോഡിയയിലെ ഡോക്യുമെന്റേഷന്‍ സെന്റര്‍ ഡയറക്ടര്‍ യുക് ചാങ് പറഞ്ഞു: ''അവന്‍ മരിച്ചിട്ടുണ്ടെങ്കില്‍ അയാളുടെ ശരീരം ജനങ്ങള്‍ക്ക് കൈമാറുക. ഫോട്ടോ എടുക്കരുത്. അല്ലെങ്കില്‍ അവനെ കയ്യോടെ പിടികൂടി ജയിലിലടയ്ക്കണം.''
(തുടരും)
Content Highlights : History of Genocide Dinakaran Kombilath part 4