പ്രഭാകരന്റെ മകൻ പതിനൊന്നുകാരനായ ബാലചന്ദ്രറിനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയതിൽ പ്രതിഷേധിക്കുന്ന ചെന്നെ വിദ്യാർഥി സംഘടനകൾ| ഫോട്ടോ എ.പി
1983-ല്‍ ആരംഭിച്ച കലാപം 2009-ല്‍ കെട്ടടങ്ങുമ്പോഴേക്കും ലക്ഷക്കണക്കിന് മനുഷ്യരാണ് ശ്രീലങ്കയില്‍ കൊല്ലപ്പെട്ടത്. ശ്രീലങ്കയിലെ തമിഴ് വംശഹത്യയുടെയും അതിനോടുള്ള തമിഴ്പുലികളുടെ ചെറുത്തുനില്പുകളുടെയും ചരിത്രം വായിച്ചാല്‍ അതിനുള്ളില്‍നിന്ന് പലതരം പാഠങ്ങള്‍ അഴിച്ചെടുക്കാനാവും. വംശവെറിയുടെ രാഷ്ട്രീയസാഹചര്യം രൂപപ്പെടുന്നതും അത് കലാപമായി പരിണമിക്കുന്നതും ആ കലാപത്തില്‍ ലക്ഷക്കണക്കിന് നിരപരാധികളായ മനുഷ്യര്‍ നരഹത്യയ്ക്കിരയാവുന്നതും അവിടെ കാണാം. കുറ്റകൃത്യം അവഗണിക്കപ്പെടുന്നതിന്റെയും ഇരകള്‍ക്ക് നീതി നിഷേധിക്കപ്പെടുന്നതിന്റെയും ചരിത്രം കൂടിയാണ് ശ്രീലങ്കയിലെ വംശഹത്യയുടേത്.
ഭാഷ, മതം, വംശീയത, അധികാരം, പ്രതിവിപ്ലവം, പ്രതിരോധം എന്നിവ ചേര്‍ന്ന് രൂപംകൊടുത്ത, കാല്‍നൂറ്റാണ്ട് പഴക്കമുള്ള പോരാട്ടത്തിന്റെ രക്തത്തില്‍ കുളിച്ച സമാപനമായിരുന്നു 2009-ല്‍ ശ്രീലങ്കയില്‍ നടന്നത്. വംശീയമായ തുടച്ചുനീക്കലില്‍ എല്ലാം കെട്ടടങ്ങി. 1983-ല്‍ ആരംഭിച്ച കലാപം 2009-ല്‍ അവസാനിക്കുമ്പോഴേക്കും ലങ്കയുടെ മണ്ണില്‍ എണ്‍പതിനായിരം മുതല്‍ ഒന്നരലക്ഷം വരെ ആളുകള്‍ കൊല്ലപ്പെട്ടുകഴിഞ്ഞിരുന്നു.
സ്വന്തം മണ്ണില്‍ ജനിച്ചുവളര്‍ന്ന തമിഴ് ന്യൂനപക്ഷങ്ങളോട് ശ്രീലങ്കയിലെ ബുദ്ധമതാനുയായികളായ സിംഹള ഭരണകൂടം വര്‍ഷങ്ങളായി കാണിച്ച കടുത്ത അവഗണനയില്‍നിന്നാണ് എല്‍.ടി.ടി.ഇ. (ലിബറേഷന്‍ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴം) രൂപംകൊള്ളുന്നത്. സ്വതന്ത്ര തമിഴ് രാജ്യം വേണമെന്ന അവരുടെ ആവശ്യത്തെ തള്ളിയ സിംഹളസര്‍ക്കാര്‍ പുലികളുമായി യുദ്ധത്തിലായി. അവര്‍ തമ്മിലുള്ള പോരാട്ടമാണ് ശ്രീലങ്കയിലെ വംശീയ പോരാട്ടമായി പടര്‍ന്നതും പിന്നീട് വംശഹത്യയായി മാറിയതും.
വെറും 65610ച.കി.മീ മാത്രം വിസ്തീര്‍ണമുള്ള രാജ്യമാണ് ശ്രീലങ്ക. ഏകദേശം മൂന്നരക്കോടിയോളമാണ് ജനസംഖ്യ. പോര്‍ച്ചുഗീസുകാരും ഡച്ചുകാരും ബ്രിട്ടീഷുകാരും ശ്രീലങ്കയെ കോളനിവത്കരിച്ചു. ഒടുവില്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യയ്‌ക്കൊപ്പം ശ്രീലങ്കയ്ക്കും സ്വാതന്ത്ര്യം നല്‍കി. സിംഹള ഭൂരിപക്ഷമുള്ള ശ്രീലങ്കയിലെ മുഖ്യ ദേശീയകക്ഷി അധികാരത്തിലും വന്നു. ജനതയില്‍ 74 ശതമാനം സിംഹളരാണ്. 18 ശതമാനം തമിഴരും എട്ടുശതമാനം മുസ്ലിങ്ങളും ഏഴുശതമാനം ക്രൈസ്തവരും.
ബ്രിട്ടീഷുകാര്‍ ശ്രീലങ്ക വിട്ടശേഷം അധികാരത്തില്‍ വന്ന സിംഹള ഭൂരിപക്ഷ പാര്‍ട്ടികള്‍ തമിഴരോട് കാണിച്ച കടുത്ത അവഗണനയില്‍നിന്നാണ് തമിഴരില്‍ സ്വത്വബോധം ശക്തിപ്രാപിച്ചത്. റുവാണ്‍ഡയില്‍ സംഭവിച്ചതുപോലെ ശ്രീലങ്കയിലും ഒരുവിഭാഗത്തെ പ്രീണിപ്പിക്കുന്ന നയമായിരുന്നു അധിനിവേശ ശക്തികളുടെത്. ബ്രിട്ടീഷുകാരുടെ തേയിലത്തോട്ടങ്ങളില്‍ പണിയെടുക്കാനായി തമിഴ്നാട്ടില്‍നിന്നും മറ്റും ശ്രീലങ്കയിലേക്ക് കൊണ്ടുപോയ, ഏകദേശം പത്തുലക്ഷത്തോളം വരുന്ന കൂലിത്തമിഴരാണ് ശ്രീലങ്കയിലെ തമിഴ്വംശജരിലൊരു വിഭാഗം. ജാഫ്ന അവരുടെ ശക്തികേന്ദ്രവുമായിരുന്നു. വിദ്യാഭ്യാസപരമായി ഉന്നതിയിലായിരുന്ന തമിഴരോട് എന്നും ഉദാരമായ സമീപനമായിരുന്നു ബ്രിട്ടന്‍ കാണിച്ചത്.
അവരുടെ മേഖലയില്‍ മിഷനറി പ്രവര്‍ത്തനം ശക്തമാക്കി. കൂടുതല്‍ സ്‌കൂളുകള്‍, ലൈബ്രറികള്‍ എന്നിവയൊക്കെ സ്ഥാപിച്ചു. ലോകത്തിലെ ഏറ്റവും വലിയ തമിഴ് ലൈബ്രറിയായിരുന്നു ജാഫ്നയിലേത ്(അത് പിന്നീട് ശ്രീലങ്കന്‍ സൈന്യം തകര്‍ത്തു). സിവില്‍ സര്‍വീസില്‍ മിക്കവരും തമിഴര്‍ തന്നെ മുന്നിലെത്തി. ഭൂരിപക്ഷ സിംഹളര്‍ക്ക് അതൃപ്തി ഉണ്ടാക്കാന്‍ ഇതൊരു കാരണമായി.
1505-ല്‍ പോര്‍ച്ചുഗീസ് കപ്പിത്താനായ ഫ്രാന്‍സിസ്‌കോ ഡി അല്‍മേഡ ലങ്കയിലെത്തുന്നു. പിന്നെ ഇന്ത്യയിലെന്നപോലെ ഡച്ചുകാരും ബ്രിട്ടീഷുകാരും ശ്രീലങ്കയിലെത്തുകയും ബ്രിട്ടന്‍ ദീര്‍ഘകാലം അവിടെ അധികാരം കൈയാളുകയും ചെയ്തു. 20-ാം നൂറ്റാണ്ടില്‍ സ്വാതന്ത്ര്യദാഹം സിലോണിലും രൂപംകൊണ്ടു. 'സിലോണ്‍ നാഷണല്‍ കോണ്‍ഗ്രസ്' അങ്ങനെയാണ് രൂപംകൊള്ളുന്നത്.സിലോണ്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാവായിരുന്ന ഡോണ്‍ സ്റ്റീഫന്‍ സേനാനായകെയാണ് രാജ്യത്തെ പ്രബലകക്ഷിയായ യുനൈറ്റഡ് നാഷണല്‍ പാര്‍ട്ടി 1946-ല്‍ രൂപവത്കരിക്കുന്നത്. സോളമന്‍ ബണ്ടാരനായകെയുടെ സിംഹളമഹാസഭയും ജി.ജി. പൊന്നമ്പലത്തിന്റെ തമിഴ് കോണ്‍ഗ്രസും ഒക്കെ തുടക്കത്തില്‍ രൂപംകൊള്ളുന്നു. ഇവര്‍ ചേര്‍ന്നുള്ള കൂട്ടുകക്ഷി മുന്നണിയും ശ്രീലങ്ക ഭരിക്കുന്നുണ്ട്. സേനാനായകെ ആദ്യപ്രധാനമന്ത്രിയുമായി. അദ്ദേഹമാണ് തമിഴ് തോട്ടംതൊഴിലാളികളുടെ വോട്ടവകാശം ഇല്ലാതാക്കുന്നതും വംശീയതയ്ക്ക് തുടക്കമിടുന്നതും.

1956-ലെ തിരഞ്ഞെടുപ്പിലാണ് സോളമന്‍ ബണ്ടാരനായകെയുടെ ശ്രീലങ്കാ ഫ്രീഡംപാര്‍ട്ടി അധികാരത്തിലെത്തുന്നത്. സോളമന്‍ ബണ്ടാരനായകെ ശ്രീലങ്കയുടെ പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുന്നത് സര്‍ക്കാര്‍ മേഖലയിലും വിദ്യാഭ്യാസരംഗത്തും മറ്റും തമിഴര്‍ക്ക് നല്ല മേല്‍ക്കോയ്മ ഉണ്ടായിരുന്ന കാലത്താണ്. ഇത് സിംഹളരില്‍ അതൃപ്തിയുണ്ടാക്കി. കൊളംബോയിലെ സര്‍ക്കാര്‍ സര്‍വീസില്‍ ഉയര്‍ന്ന സ്ഥാനത്തിരിക്കുന്ന പല ഉദ്യോഗസ്ഥരും തമിഴ് ഭാഷക്കാരായിരുന്നു. ബണ്ടാരനായകെ സിംഹളരെ പ്രീതിപ്പെടുത്താന്‍ സിംഹള ഏക ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ചു. മാത്രമല്ല ബുദ്ധമതത്തിന് മറ്റ് മതങ്ങളെക്കാള്‍ 'പ്രാധാന്യവും' നല്‍കി.
സിംഹള വംശീയവാദം ദിനംപ്രതി രൂക്ഷമായിക്കൊണ്ടിരുന്നു. അതിനിടയിലാണ് വംശീയവെറി പൂണ്ട ഒരു തീവ്ര ബുദ്ധമത സന്ന്യാസി കൊളംബോയിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തി സോളമനെ വെടിവെച്ച് കൊല്ലുന്നത്. തുടര്‍ന്ന് സഹതാപതരംഗത്തില്‍ ഭാര്യ സിരിമാവോ പ്രധാനമന്ത്രിയായി.
ശ്രീലങ്കയില്‍ വര്‍ഷങ്ങള്‍ കഴിയുന്നതോടെ വംശീയതയ്ക്ക് ചൂട് കൂടി. യു.എന്‍.പി. നേതാവായ ജെ.ആര്‍. ജയവര്‍ധനെ കുറച്ചുകൂടി സിംഹള വംശീയത കത്തിച്ച് അധികാരത്തിലേക്ക് വരാനുള്ള ശ്രമം തുടങ്ങി. അദ്ദേഹം സിംഹളവികാരത്തെ ചൂടുപിടിപ്പിച്ചുകൊണ്ട് നടത്തിയ കാന്‍ഡിമാര്‍ച്ച് വലിയ സംഘര്‍ഷത്തിലാണ് കലാശിച്ചത്. 'കാന്‍ഡി മാര്‍ച്ചി'ന്റെ ഭാഗമായി 1958-ല്‍ ശ്രീലങ്കയില്‍ കലാപം തുടങ്ങി. പല സ്ഥലത്തും തമിഴ് ദേശീയവാദികളും സിംഹളരും ഏറ്റുമുട്ടി. ജനതാവിമുക്തി പെരമുനെ എന്ന തീവ്രസിംഹള ദേശീയ കക്ഷി ശക്തിപ്രാപിച്ചു.
ഏതായാലും വംശീയത വിജയിച്ചു. യു.എന്‍.പി. വീണ്ടും അധികാരത്തിലെത്തി. ജയവര്‍ധനെ വിവാദമായ 'സിംഹളിസ് ഓണ്‍ലി ആക്റ്റ്' എന്ന ഏകാധിപത്യനയം നടപ്പിലാക്കി. അതോടൊപ്പം രാജ്യത്തെ പ്രസിഡന്‍ഷ്യല്‍ ഭരണത്തിലേക്കും മാറ്റിയെടുത്തു. രാജ്യത്താകമാനം തമിഴര്‍ അവഗണനക്കെതിരേ പ്രതിഷേധവുമായി രംഗത്തുവന്നു. 1976-ല്‍ തമിഴ് സംഘടനകളുടെ ഐക്യമുന്നണിയായ തമിഴ് യൂനൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് (TULF) രൂപംകൊണ്ടു. തുടര്‍ന്ന് പല ഉള്‍പിരിവ് പാര്‍ട്ടികളും. തുള്‍ഫ് എന്ന സംഘടനയാണ് ആദ്യം ജാഫ്ന കേന്ദ്രീകരിച്ച് പ്രത്യേക തമിഴ് രാഷ്ട്രം എന്ന ആശയം കൊണ്ടുവരുന്നത്. പക്ഷേ, അത് തീവ്രവാദപരമായിരുന്നില്ല. ഈ സമയം സിംഹള സര്‍ക്കാരിനെതിരേ രോഷം പുകഞ്ഞ മനസ്സുമായി വേല്‍വെട്ടിത്തുറിയിലെ 22 വയസ്സുകാരനായ വേലുപ്പിള്ള പ്രഭാകരന്‍ രംഗത്ത് വരുന്നത്. പിന്നീട് പ്രഭാകരന്റെ നേതൃത്വത്തില്‍ പുതിയ ഒരു സംഘടന രൂപംകൊള്ളുന്നു; ലിബറേഷന്‍ ടൈഗര്‍ ഓഫ് തമിഴ് ഈഴം.
സിംഹള ഭൂരിപക്ഷ സര്‍ക്കാരിനെതിരേ സമരം നയിക്കുന്നതോടൊപ്പം മറ്റ് തമിഴ് സംഘടനകള്‍ ഒന്നും ഈഴം രൂപവത്കരിക്കാന്‍ പാടില്ലെന്ന് പ്രഭാകരന്‍ തീരുമാനിച്ചു. അതിന്റെ ഭാഗമായി മുഴുവന്‍ തമിഴ് സംഘടനകളുടെയും നേതാക്കളെ കൊന്നുകൊണ്ട് അവരെ തകര്‍ക്കാന്‍ ശ്രമിച്ചു. എല്‍.ടി.ടി.ഇ.യുടെ ആക്രമണം ശക്തമായതോടെ പല സ്ഥലത്തും സംഘര്‍ഷാവസ്ഥ ഉടലെടുത്തു. പുലികള്‍ക്ക് ഇന്ത്യയില്‍നിന്ന് പ്രത്യേകിച്ചും തമിഴ്നാട്ടില്‍നിന്ന് സഹായം ലഭിക്കുന്നതായി ശ്രിലങ്കന്‍ സര്‍ക്കാരിന് ബോധ്യപ്പെട്ടു.
ശ്രീലങ്കയില്‍ വംശീയ പോരിന്റെ തീ ആളിക്കത്തിച്ച സംഭവം അതിനിടെ ഉണ്ടായി. ദ്വീപിന്റെ വടക്കന്‍ പ്രവിശ്യയില്‍ പ്രതിഷേധത്തിന്റെ ഭാഗമായി 13 പട്ടാളക്കാരെ എല്‍.ടി.ടി.ഇ. ക്കാര്‍ കൊലപ്പെടുത്തി. ഇവരുടെ മൃതദേഹം കൊളംബോയിലേക്ക് കൊണ്ടുവന്നതോടെ തമിഴര്‍ക്കെതിരേ സിംഹളര്‍ ആസൂത്രിത വംശീയകലാപം ആരംഭിച്ചു. സിംഹളവംശീയവികാരം കത്തിക്കാന്‍ വേണ്ടി കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹങ്ങള്‍ വിലാപയാത്രയായികൊണ്ടുവന്നു. കൊളംബോയിലെ വിലാപയാത്ര കലാപയാത്രയായി. ദിവസങ്ങള്‍കൊണ്ട് 3000-ത്തിലധികം തമിഴര്‍ ക്രൂരമായ രീതിയില്‍ കൊല്ലപ്പെട്ടു. കുപ്രസിദ്ധമായ കറുത്ത ജൂലായ്(1983ജൂലായ്23) എന്ന് ഈ സംഭവം അറിയപ്പെട്ടു. ജയിലില്‍പോലും കൂട്ടക്കൊല അരങ്ങേറി. ബ്ലാക്ക് ജൂലായ് കലാപത്തെത്തുടര്‍ന്ന് ഒന്നര ലക്ഷത്തിലധികം തമിഴ് അഭയാര്‍ഥികള്‍ കിട്ടിയ ബോട്ടില്‍ ഇന്ത്യയിലേക്ക് രക്ഷപ്പെട്ടു.അതോടെ ഇന്ത്യയോട് ഏറ്റവും അടുത്തുള്ള ജാഫ്ന, ശ്രീലങ്കയുടെ വടക്ക് കിഴക്കുള്ള മുല്ലത്തീവ്, കിഴക്കുള്ള ബട്ടിക്കലോവ, പടിഞ്ഞാറുള്ള മാന്നാര്‍,വാവുനിയ, ട്രിങ്കോമാലി, ചാവകച്ചേരി,അമ്മാറൈ തുടങ്ങിയ തമിഴ് സ്വാധീന മേഖലകളിലെല്ലാം എല്‍.ടി.ടി.ഇ ശക്തിപ്രാപിച്ചു. പല നേതാക്കളും ഇന്ത്യയിലേക്ക് രക്ഷപ്പെട്ടു. എല്‍.ടി.ടി.ഇക്ക് ഇന്ത്യ പണമായും ആയുധമായും വലിയ സഹായംനല്‍കി. അത് ഇന്ദിരാഗാന്ധിയുടെ സമയത്തും രാജീവ് ഗാന്ധിയുടെ സമയത്തും തുടര്‍ന്നു. തമിഴ്നാട്ടില്‍ എം.ജി.ആറിന്റെ കാലത്തും അത് നടന്നു. എന്നാല്‍ രാജീവ്ഗാന്ധി വധത്തോടെ എല്‍.ടി.ടി.ഇ. ഇന്ത്യയുടെ ശത്രുവായി. തമിഴ്നാട്ടില്‍നിന്ന് അവര്‍ക്കുള്ള എല്ലാ സഹായവും നിലച്ചു.
1983 ജൂലായ് 23 മുതല്‍ 2009 മേയ് 18-വരെ നീണ്ട ശ്രീലങ്കന്‍ യുദ്ധം ആ രാജ്യത്തിന്റെ ചരിത്രത്തെത്തന്നെ മാറ്റിമറിച്ചു. അവസാനത്തെ കൂട്ടപ്പൊരിച്ചിലില്‍ യുദ്ധം സമ്പൂര്‍ണ വംശഹത്യയിലേക്കും,വംശശുദ്ധീകരണത്തിലേക്കും വഴിമാറി. 1980 വരെ ഐക്യത്തോടെ ജീവിച്ച ഒരു ബഹുസ്വരസമൂഹമാണ് പൊള്ളുന്ന വംശീയ,വര്‍ഗീയാതിര്‍ത്തികള്‍ വരച്ച് വിഭജിക്കപ്പെട്ടത്.
1983-ലെ കലാപത്തോടെ ലക്ഷക്കണക്കിന് അഭയാര്‍ഥികള്‍ ഇന്ത്യയിലേക്കെത്തി. പ്രഭാകരനും സംഘവും വണ്ണി കാടുകളില്‍നിന്ന് നേരെ ഇന്ത്യയില്‍ കടന്നു. ശ്രീലങ്കന്‍ അഭയാര്‍ഥി പ്രശ്‌നം രൂക്ഷമായപ്പോഴാണ് 1985-ല്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി പ്രശ്‌നത്തില്‍ ഇടപെടുന്നത്. അങ്ങനെ പ്രശ്‌നപരിഹാരത്തിന് പ്രസിഡന്റ് ജയവര്‍ധനെയുമായുള്ള കരാര്‍ ഉണ്ടായി. പുലികള്‍ നിരായുധരാവണമെന്നും തമിഴരുടെ അവകാശങ്ങള്‍ പരിഗണിക്കുമെന്നും കരാറില്‍ പറയുന്നു. ശ്രീലങ്കയില്‍ നടന്ന ചര്‍ച്ചയ്‌ക്കൊടുവില്‍ പുലികളെ നിരായുധരാക്കാനും മുഖ്യധാരയിലേക്ക് കൊണ്ടുവരാനും ഇന്ത്യ സമാധാന സേനയെ അയയ്ക്കണം എന്നും ജയവര്‍ധനെ ആവശ്യപ്പെട്ടു. രാജീവ് ഗാന്ധി അത് സമ്മതിച്ചു. ആ തീരുമാനം രാജീവിനും ഇന്ത്യക്കും വലിയ തിരിച്ചടിയായി.
രാജീവ് പ്രധാനമന്ത്രിയായിരിക്കെ 1987 ജൂലായ് 30ന് കൊളംബോയില്‍ പ്രസിഡന്റിനെ സന്ദര്‍ശിച്ച ശേഷമുള്ള പരേഡില്‍ ശ്രീലങ്കന്‍ നാവികനായ വിജമുനി വിജിത രോഹന എന്ന സിംഹളന്‍ രാജീവ് ഗാന്ധിയെ തോക്കിന്റെ പാത്തികൊണ്ട് ആക്രമിക്കുന്നുണ്ട്. തമിഴര്‍ക്ക് അനുകൂലമായ സാഹചര്യം ഒരുക്കിയതിനായിരുന്നു സിംഹള നാവികന്റെ എതിര്‍പ്പ്. അതുകഴിഞ്ഞ് നാലുവര്‍ഷമാകുമ്പോഴേക്കും 1991-മേയ് 21ന് രാജീവ് കൊല്ലപ്പെട്ടു. പക്ഷേ, പ്രതികള്‍ തമിഴ്പുലികളായിരുന്നു. സംഭവിച്ചത് തമിഴ്നാട്ടിലും.
കരാര്‍ പ്രകാരം ഐ.പി.കെ.എഫ് (ഇന്ത്യന്‍ സമാധാന സേന) ശ്രീലങ്കയില്‍ എത്തി. എന്നാല്‍ പുലികളെ നിരായുധീകരിക്കാനായില്ല എന്നുമാത്രമല്ല പുലികളുമായി യുദ്ധം ചെയ്യേണ്ട ഗതികേടിലുമായി അവര്‍. 2000ത്തോളം സൈനികരെയാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടത്. ആയിരക്കണക്കിന് പുലികളും കൊല്ലപ്പെട്ടു. അതിനിടെ ജയവര്‍ധനെ സാഹചര്യം നന്നായി ഉപയോഗിച്ചു. അയാള്‍ പുലികള്‍ക്ക് ആയുധം എത്തിച്ചുകൊടുത്തു. അതോടെ ഇന്ത്യന്‍ സേനയും പുലികളും തമ്മിലായി യുദ്ധം. ഐ.പി.കെ.എഫ് രാജ്യം വിടണമെന്ന് ജയവര്‍ധനെ ആവശ്യപ്പെട്ടു.

1989-ല്‍ വി.പി. സിങ് പ്രധാനമന്ത്രി ആയതോടെ ഐ.പി.കെ.എഫിനെ പിന്‍വലിച്ചു. താന്‍ അധികാരത്തില്‍ വന്നാല്‍ ഐ.പി.കെ.എഫിനെ വീണ്ടും ശ്രീലങ്കയിലേക്ക് അയയ്ക്കുമെന്ന് 91-ലെ തിരഞ്ഞെടുപ്പ് പര്യടനത്തില്‍ രാജീവ് ഗാന്ധി പറഞ്ഞിരുന്നു. 1991-ല്‍ രാജീവ് ഗാന്ധി അധികാരത്തിലേക്ക് തിരിച്ചുവരും എന്ന് കരുതിയ പുലികള്‍ അദ്ദേഹത്തെ തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ത്തന്നെ കൊലപ്പെടുത്തുകയായിരുന്നു.
2009-ലെ സൈനിക നടപടിയില്‍ ഇനി, മറ്റൊന്നും നോക്കേണ്ട എന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഇപ്പോഴത്തെ ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദരജപക്സെ ആയിരുന്നു അന്നത്തെ പ്രസിഡന്റ്. പുലികളെ തുടച്ചുനീക്കാനുള്ള അവസാന യുദ്ധത്തിനായി ചൈനയുടെയും മറ്റും സഹായം അവര്‍ തേടിയിരുന്നു. ലക്ഷങ്ങളെ കൊന്നുകൊണ്ടാണെങ്കിലും പ്രഭാകരനെ ജീവനോടെയോ അല്ലാതെയോ പിടിക്കുക എന്ന കാഴ്ചപ്പാടോടെത്തന്നെയാണ് ശ്രീലങ്കന്‍സേന എല്‍.ടി.ടി.ഇക്കെതിരേ നീങ്ങിയത്.
എല്ലാ ജനാധിപത്യസംവിധാനങ്ങളും അടച്ചുപൂട്ടി. മാധ്യമ പ്രവര്‍ത്തകരെയും അന്താരാഷ്ട്ര ഏജന്‍സികളെയും തടഞ്ഞു. യു.എന്‍., ആംനസ്റ്റി ഇന്റര്‍നാഷണല്‍ എന്നിവയ്‌ക്കെല്ലാം കൂച്ചുവിലങ്ങിട്ടു. നാട്ടുകാരോട് മുഴുവന്‍ ഒരു സ്ഥലത്ത് കേന്ദ്രീകരിക്കാന്‍ പറഞ്ഞു. രാത്രിയും പകലും സൈന്യം വീടുകയറി. പെണ്‍പുലികളെ വളഞ്ഞുപിടിച്ച് കാട്ടില്‍ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. പലരെയും ഉടന്‍തന്നെ വെടിവെച്ചുകൊന്നു.
2009-ലെ വംശഹത്യക്കാലത്ത് സിംഹള സൈനികര്‍ ബലാത്സംഗം കൃത്യമായ ആയുധമാക്കിയെന്ന് കുലശേഖരം ഗീതരത്നം എന്ന അഭിഭാഷകന്‍ ലണ്ടനില്‍ വ്യക്തമാക്കിയത് കൃത്യമായ രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു. പുലിബന്ധം സംശയിച്ചാണ് എല്ലാ സ്ത്രീകളെയും പിടിച്ചുകൊണ്ടുപോയത്. ക്യാമ്പുകളില്‍ തടവില്‍ പാര്‍പ്പിച്ചാണ് ചോദ്യം ചെയ്യലും പീഡനവും. 2013 ഫിബ്രവരി 25ന് പുറത്തിറക്കിയ ശ്രീലങ്കന്‍ വംശഹത്യ സംബന്ധിച്ച 'ഹ്യൂമണ്‍വാച്ച് 'റിപ്പോര്‍ട്ടില്‍ കസ്റ്റഡി ബലാത്സംഗങ്ങളെക്കുറിച്ച് പറയുന്നുണ്ട്. രാഷ്ട്രീയമായി രൂപം കൊടുത്ത സംഘങ്ങള്‍ ആണ് ഇത് ചെയ്തതെന്നും പറയുന്നു.
2009-ലെ വംശഹത്യയില്‍ 80,000മുതല്‍ ഒരുലക്ഷം വരെ ആളുകള്‍ കൊല്ലപ്പെട്ടതായി യു.എന്‍ കണക്കുകള്‍ പറയുന്നു. യു.എന്‍. സെക്യൂരിറ്റി കൗണ്‍സില്‍ റിപ്പോര്‍ട്ട് പ്രകാരം അവസാന ആഭ്യന്തരയുദ്ധത്തില്‍ മുല്ലിവൈക്കലില്‍ 40,000പേര്‍ കൊല്ലപ്പെട്ടു. 'മുല്ലിവൈക്കല്‍ ഡെ' എന്ന പേരില്‍ രഹസ്യമായി തമിഴര്‍ ഇത് ആചരിക്കുന്നുണ്ട്. 2008 മുതല്‍ 2009 വരെ അവസാന യുദ്ധത്തില്‍ മൂന്നുലക്ഷം സാധാരണക്കാര്‍ ഇരുഭാഗത്തുമായി കുടുങ്ങിപ്പോയി. 2009 മേയ് 18ന് ആഭ്യന്തര യുദ്ധം അവസാനിച്ചു. യുദ്ധക്കുറ്റം,വംശഹത്യ. എന്നീ കാര്യങ്ങള്‍ രാജ്യത്ത് നടന്നതായി യു.എന്‍ ശ്രീലങ്കയെ പരസ്യമായി കുറ്റപ്പെടുത്തി.
2009 മേയ് 17നാണ് പ്രഭാകരന്‍ കൊല്ലപ്പെടുന്നത്. ഇത് ശ്രീലങ്കന്‍ സൈന്യം ഔദ്യോഗികമായി അറിയിച്ചതാണ്. പ്രഭാകരനൊപ്പം വാഹനത്തിലുണ്ടായിരുന്ന ഭാര്യ മതിവദനി, മകള്‍ ദ്വാരക എന്നിവരും കൊല്ലപ്പെട്ടു. പ്രഭാകരന്റെ മൂത്തമകന്‍ 24 കാരനായ ചാള്‍സ് ആന്റണി ഉള്‍പ്പെടെ മുതിര്‍ന്ന ആറുപേരുടെ മൃതദേഹം സൈന്യം കണ്ടെടുത്തു. പുലികളുടെ ആകാശവിഭാഗം തലവനായിരുന്നു ചാള്‍സ് ആന്റണി. രാഷ്ട്രീയ വിഭാഗം നേതാവ് ബി. നടേശന്‍, സമാധാനവിഭാഗം നേതാവ് പുലിദേവന്‍, കിഴക്കന്‍ മേഖലാ തലവന്‍ എസ്. രമേശ്,പൊട്ടുഅമ്മന്‍, കടല്‍പ്പുലിനേതാവ് സൂസൈ എന്നിവരും കൊല്ലപ്പെട്ടു. ഒരു പാട് ചാവേര്‍ സംഘാംഗങ്ങള്‍ സയനൈഡ് ഗുളികകള്‍ കഴിച്ച് ജീവനൊടുക്കി. ഇവരില്‍ മിക്കവാറുംപേര്‍ ആത്മഹത്യാസ്‌ക്വാഡുകള്‍ ആയിരുന്നു.
പ്രഭാകരന്‍ കൊല്ലപ്പെട്ടതോടെ യുദ്ധം അവസാനിപ്പിച്ചതായി പുലികള്‍ സമ്മതിച്ചു. അപ്പോഴേക്കും ഏഷ്യയിലെ ഏറ്റവും ഭീകരമായ സംഘര്‍ഷത്തിലും വംശഹത്യയിലും ഒരുലക്ഷത്തോളം ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. ഏറ്റുമുട്ടലിന്റെ അവസാനം ഏകദേശം 29,000ത്തോളം സാധാരണക്കാരെ സൈന്യം വെടിവെച്ചും ബോംബുവര്‍ഷിച്ചും കൊന്നതായാണ് കണക്ക്. ഒരു സ്വതന്ത്ര ഏജന്‍സിയുടെ കണക്കുകള്‍ പ്രകാരം 65,000പേരെ കാണാതായി. ഇവരെല്ലാം മരിച്ചവരായി കണക്ക് കൂട്ടുന്നു.
വംശഹത്യക്കാലത്ത് നിരവധി വീഡിയോകള്‍ പുറത്തിറങ്ങിയിരുന്നു. സഹസൈനികര്‍ സ്ത്രീകളെ പീഡിപ്പിക്കുന്നത് മറ്റുള്ളവര്‍ വീഡിയോയില്‍ പകര്‍ത്തിയത് പിന്നീട് പുറത്താവുകയായിരുന്നു. അന്താരാഷ്ട്ര വേദികളില്‍ ശ്രീലങ്കന്‍ സര്‍ക്കാരിന്റെ യുദ്ധക്കുറ്റത്തിന് ഏറ്റവും വലിയ തെളിവുകളായി പുരുഷന്‍മാരെ കൈകെട്ടി പച്ചയ്ക്ക് വെടിവെച്ച് കൊല്ലുന്ന കാഴ്ചകള്‍ വ്യാപകമായി പകര്‍ത്തപ്പെട്ടു. ഒരു ചെറുരാജ്യത്ത് സൈന്യം നടത്തിയ വംശഹത്യാകുറ്റങ്ങളുടെ നേര്‍ചിത്രം സഹപ്രവര്‍ത്തകര്‍തന്നെ പകര്‍ത്തുകയായിരുന്നു.കൊല്ലുന്ന ചിത്രങ്ങള്‍. പ്രഭാകരന്റെ മകന്‍ ബാലചന്ദ്രന്റെ മരിക്കുന്നതിനുമുന്‍പും ശേഷവും എടുത്ത രണ്ട് ചിത്രങ്ങള്‍ പുറത്തായത് വലിയ തിരിച്ചടിയാണ് സര്‍ക്കാരിനുണ്ടാക്കിയത്.
അന്തിമ സൈനികനടപടിയില്‍ പ്രഭാകരനും കുടുംബവും മാത്രമല്ല എല്‍.ടി.ടി.ഇ. മൊത്തമായിത്തന്നെ ഒടുങ്ങി. എല്ലാ നിയമങ്ങളും അട്ടിമറിക്കപ്പെട്ടു. പട്ടാളക്കാരും സിംഹളഗുണ്ടകളും നഗരവും ഗ്രാമവും വേട്ടയാടി, കണ്ടവരെ വെടിവെച്ചുകൊന്നു. 2009-ലെ അവസാന കൂട്ടക്കൊലയോടെ ശ്രീലങ്കയുടെ 30 വര്‍ഷത്തോളം നീണ്ടുനിന്ന വംശീയതയ്ക്കും വംശീയ കലാപങ്ങള്‍ക്കും അറുതിയായി. സത്യത്തില്‍ നിരപരാധികളെ കൊലയ്ക്ക് കൊടുത്തതിന് ശ്രീലങ്കന്‍ പട്ടാളത്തെ അത്ര മൂര്‍ച്ചയോടെ കുറ്റപ്പെടുത്തുമ്പോഴും എല്‍.ടി.ടി.ഇയും അതേപോലെ കുറ്റക്കാരാണ്. സഹതമിഴ് സംഘടനാനേതാക്കളെ നിര്‍ദയം കൊന്നുകൊണ്ടാണ് പ്രഭാകരന്‍ വളര്‍ന്നത്. ഒരു വംശഹത്യയുടെ സാഹചര്യം രൂപപ്പെടുന്നതും,അത് കലാപമായി മാറുന്നതും, അതില്‍ ഭരണകൂട ഭീകരത പ്രയോഗിക്കപ്പെടുന്നതും അവസാനം കുറ്റകൃത്യം അവഗണിക്കപ്പെടുന്നതും എല്ലാം ലങ്കന്‍ പാഠങ്ങളില്‍ നിന്ന് കൃത്യമായി പഠിക്കാനാവും.
(തുടരും)
Content Highlights : History of Genocide Dinakaran Kombilath part 3