തുത്സി വംശഹത്യയുടെ ബാക്കിപത്രമായ തുളവീണ തലയോടുകൾ ഫോട്ടോ: എഎഫ്പി
വംശഹത്യകള്‍ എങ്ങനെ നടപ്പാക്കപ്പെടുന്നു, വംശഹത്യയുടെ പ്രായോജകര്‍ അത് എങ്ങനെ ആസൂത്രണം ചെയ്യുന്നു എന്നതിനെല്ലാം ഒരു പാഠപുസ്തകമാണ് റുവാണ്‍ഡന്‍ വംശഹത്യ. നിറത്തിന്റെ പേരിലും വംശത്തിന്റെ പേരിലും മനുഷ്യരെ വിഭജിച്ച് അരുംകൊല നടത്തിയതിന്റെ കഥയാണ് റുവാണ്‍ഡയുടെ ചരിത്രം. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു വരുന്ന ദിനകരന്‍ കൊമ്പിലാത്തിന്റെ ലേഖന പരമ്പര വംശഹത്യയുടെ ലോകചരിത്രം രണ്ടാംഭാഗം വായിക്കാം.
രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ലോകം കണ്ട ഏറ്റവും ഭീകരമായ വംശഹത്യയാണ് ആഫ്രിക്കന്‍ രാജ്യമായ റുവാണ്‍ഡയില്‍ നടന്നത്. 1994 ഏപ്രിലിലായിരുന്നു തുടക്കം. മഹാക്രൂരതയുടെ എല്ലാ നരകവാതിലുകളും ഭൂരിപക്ഷ ഗോത്രമായ ഹുടുക്കളും അവയുടെ നേതൃത്വത്തിലുള്ള ഭരണകൂടവും നൂറു ദിവസം രാജ്യത്ത് തുറന്നിട്ടു. വെറി പിടിച്ച വംശീയതയില്‍ ഹുടുഗോത്രക്കൂട്ടം കയ്യില്‍ കിട്ടിയ ആയുധവുമായി പുറത്തിറങ്ങി. അവരെ സഹായിക്കാന്‍ യന്ത്രത്തോക്കുകളുമായി ഹുടു സൈനികരും ഹുടു ഗുണ്ടകളും.
ന്യൂനപക്ഷ തുത്സി ഗോത്രക്കാരെ അവര്‍ പരസ്യമായി നായാടി. തൊണ്ണൂറ്റഞ്ച് ശതമാനം ക്രിസ്ത്യന്‍ ജനസംഖ്യയുള്ള റുവാണ്‍ഡയില്‍ മതത്തിന്റെ പേരിലായിരുന്നില്ല, വംശീയതയുടെ പേരിലായിരുന്നു ഈ തുടച്ചുനീക്കല്‍. പള്ളികളില്‍ പാതിരിമാരും കന്യാസ്ത്രീകളും കൂട്ടക്കൊലയ്ക്ക് കൂട്ടുനില്‍ക്കുക മാത്രമല്ല ചിലയിടങ്ങളില്‍ അതിന് നേതൃത്വംകൊടുക്കുന്ന നടുക്കുന്ന കാഴ്ചകള്‍ റുവാണ്‍ഡ കണ്ടു. പള്ളിയില്‍ അഭയം പ്രാപിച്ച ആയിരക്കണക്കിന് തുത്സികളെ ഹാളില്‍ അടച്ച ശേഷം പുറത്തുനിന്ന് പൂട്ടി ഹുടുക്കളെ വിളിച്ചുവരുത്തി. വെറി പിടിച്ച് പാഞ്ഞടുത്ത അവര്‍ മണിക്കൂറുകള്‍കൊണ്ട് എല്ലാവരെയും എറിഞ്ഞും വെട്ടിയും തീയിട്ടും കൊന്നു. സ്ത്രീകളെ ബലാത്സംഗം ചെയ്തതിനു ശേഷമാണ് കൊന്നത്. നിയമം അക്രമികള്‍ക്കൊപ്പം ചേര്‍ന്നു. രക്ഷകരില്ലാത്ത രാജ്യത്ത് ആത്മരക്ഷാര്‍ഥമുള്ള പലായനം മാത്രമായിരുന്നു ഗതി.
റുവാണ്‍ഡയിലെ വംശഹത്യയ്ക്ക് ആരാണ് ഉത്തരവാദികള്‍? എട്ടുലക്ഷംപേരുടെ മരണത്തിനിടയാക്കിയ വംശീയതയ്ക്കും വംശീയവിരോധത്തിനും അധികാരരാഷ്ട്രീയത്തിനും പിന്നില്‍ ആരായിരുന്നു? റുവാണ്‍ഡയുള്‍പ്പെടെ ആഫ്രിക്കന്‍ രാജ്യങ്ങളെ നൂറ്റാണ്ടുകള്‍ക്കു മുന്‍പ് പകുത്തെടുത്ത അധിനിവേശശക്തികള്‍ തന്നെയാണ് അതിന് വഴിയൊരുക്കിയത്. 'സ്റ്റേഡിയ'ത്തിലിരുന്ന് കയ്യടിച്ചും പ്രോത്സാഹിപ്പിച്ചും പോഡിയത്തിന് മുന്നില്‍ പ്രസംഗിച്ചും ഈ മരണക്കളി കണ്ടവരില്‍ ജര്‍മന്‍കാരും ബെല്‍ജിയംകാരും ഫ്രഞ്ചുകാരും ഉണ്ട്.

റുവാണ്‍ഡ ഫ്രാന്‍സിന്റെ പ്രിയപ്പെട്ട സ്ഥലമാണ്. അവരാണ് അവസാനകാലം ആ രാജ്യത്തെ പരോക്ഷമായി നിയന്ത്രിച്ചത്. വംശഹത്യ തുടങ്ങിയപ്പോള്‍ അത് തടയാന്‍ നില്‍ക്കാതെ ഫ്രഞ്ച് സൈന്യം സ്ഥലം വിട്ടതായുള്ള ആരോപണം ഫ്രാന്‍സുതന്നെ തുറന്നു സമ്മതിച്ചിട്ടുണ്ട്.
റുവാണ്‍ഡയിലെ ജനോസൈഡ് മ്യൂസിയത്തില്‍ കൂട്ടിയിട്ട തലയോടുകളില്‍ പലതിന്റെയും പിന്‍ഭാഗത്ത് വലിയ തുള കാണാം. വലിയ കല്ല് തുണിയില്‍ കെട്ടി തലയ്ക്ക് ആഞ്ഞടിച്ചുകൊന്നതിന്റെ അടയാളമാണ്. ഈ വംശഹത്യയ്ക്ക് ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം ആയിരം കുന്നുകളുടെ നാടായ റുവാണ്‍ഡയുടെ തലസ്ഥാനമായ കിഗാലിയില്‍ ഫ്രഞ്ച് പ്രസിഡന്റായ ഇമ്മാനുവല്‍ മാക്രോണ്‍ വന്നിറങ്ങി. കിഗാലിയിലെ വംശഹത്യാസ്മാരകം സന്ദര്‍ശിച്ച അദ്ദേഹം കുറ്റബോധത്തോടെ പറഞ്ഞു: ''ഇവിടത്തെ വംശഹത്യ തടയാനാവാത്തതില്‍ ഞങ്ങളോട് പൊറുക്കണം.''
വംശീയകലാപത്തെക്കുറിച്ച് റുവാണ്‍ഡയ്‌ക്കൊപ്പം ഫ്രാന്‍സും അന്വേഷണ കമ്മിഷനെ നിയോഗിച്ചിരുന്നു. 990 പേജുള്ള കമ്മിഷന്‍ റിപ്പോര്‍ട്ട് ഫ്രാന്‍സിനെ കുറ്റപ്പെടുത്തുന്നുണ്ട്. വംശഹത്യയ്ക്കു ശേഷം ഫ്രാന്‍സ് സന്ദര്‍ശിക്കുന്ന രണ്ടാമത്തെ ഫ്രഞ്ച് പ്രസിഡന്റാണ് മാക്രോണ്‍. വംശഹത്യ സംബന്ധിച്ച് റുവാണ്‍ഡന്‍ സര്‍ക്കാര്‍ നിയോഗിച്ച ജനോസൈഡ് കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ഫ്രാന്‍സിന്റെ അക്കാലത്തെ പ്രസിഡന്റ് മിത്തറാംഗിന്റെ ഭരണകൂടത്തിന് വംശഹത്യയുടെ ആസൂത്രണം അറിയാമായിരുന്നു എന്ന കണ്ടെത്തലുണ്ട്.
1884-ല്‍ ജര്‍മനിയുടെ കോളനിയായിരുന്നു റുവാണ്‍ഡ. പിന്നീട് 1916-ല്‍ ബെല്‍ജിയത്തിന്റെ കയ്യിലായി. തുടര്‍ന്ന് ഫ്രാന്‍സിന്റെയും. ബന്യാര്‍വാണ്‍ഡ വംശമാണ് റുവാണ്‍ഡയില്‍ ഭൂരിപക്ഷം. അവയില്‍ മൂന്ന് വംശീയ ഉപവിഭാഗങ്ങളുണ്ട്. ഹുടു, തുത്സി, റ്റവ വിഭാഗങ്ങള്‍. റ്റവ ആദിമനിവാസികളാണ്. ക്രിസ്തുമതമാണ് വലിയ മതം. 90 ശതമാനവും ക്രിസ്ത്യാനികള്‍. അതില്‍ 56 ശതമാനം റോമന്‍, 26 ശതമാനം പ്രൊട്ടസ്റ്റന്റ്. അഞ്ചു ശതമാനമാണ് മുസ്ലിങ്ങള്‍. 11 ശതമാനം മറ്റുള്ളവര്‍.
ഹുടു, തുത്സി ഗോത്രങ്ങളെ അധിനിവേശശക്തികള്‍ ബദ്ധവൈരികളാക്കിമാറ്റി. ഹുടുവിഭാഗത്തെക്കാള്‍ സവര്‍ണതയുള്ളവരാണ് തുത്സികളെന്നും വിദ്യാഭ്യാസപരമായും സാംസ്‌കാരികമായും തുത്സികളാണ് മുന്നില്‍ നില്‍ക്കുന്നതെന്നും അവര്‍ പറഞ്ഞു പഠിപ്പിച്ചു. പല അംഗീകാരങ്ങളും ആനുകൂല്യങ്ങളും തുത്സികള്‍ക്ക് ലഭിച്ചപ്പോള്‍ ഭൂരിപക്ഷ ഹുടുക്കള്‍ പിന്‍തള്ളപ്പെട്ടു. സാമ്പത്തികമായും സാമൂഹികവുമായ അന്തരം സൃഷ്ടിച്ചെടുത്തു. സര്‍ക്കാര്‍ ജീവനക്കാരില്‍ ഭൂരിപക്ഷം തുത്സികള്‍തന്നെയായിരുന്നു.

1933-35 കാലത്ത് ബെല്‍ജിയം ഇരുവര്‍ഗക്കാര്‍ക്കുമിടയില്‍ ഒരു തിരിച്ചറിയല്‍ കാര്‍ഡ് സമ്പ്രദായം കൊണ്ടുവന്നു. ഇത് വലിയ വംശീയ ചേരിതിരിവിന് കാരണമായി. കാര്‍ഡ് സമ്പ്രദായം വന്നതോടെ രണ്ട് ഗോത്രങ്ങള്‍ക്കിടയില്‍ ഒരു പൊള്ളുന്ന രേഖ വീണു. സവര്‍ണര്‍ അവര്‍ണര്‍ എന്നപോലെ. ഒരിക്കലും ഒന്നിക്കാന്‍പറ്റാത്ത രേഖ.
കത്തോലിക്കാസഭ റുവാണ്‍ഡയില്‍ പിടിമുറുക്കി വരുന്ന സമയമാണ്. ഇതിന് ബെല്‍ജിയം ഭരണകൂടം പൂര്‍ണ പിന്തുണ നല്‍കി. തുത്സികള്‍ ഉള്‍പ്പെടെ ഭൂരിഭാഗം പേരും മതം മാറി. കത്തോലിക്കാ മിഷനറിമാര്‍ തുത്സികളെ തങ്ങളുടെ സ്‌കൂളുകളില്‍ ചേര്‍ത്ത് ഫ്രഞ്ച് വിദ്യാഭ്യാസവും നല്‍കി. ചുരുക്കത്തില്‍ റുവാണ്‍ഡയില്‍ ന്യൂനപക്ഷമായ തുത്സികള്‍ക്ക് വലിയ പ്രാമാണ്യം വന്നു.
രണ്ടാം ലോക മഹായുദ്ധത്തോടെ റുവാണ്‍ഡയിലെ രംഗം ആകെ മാറി. കത്തോലിക്ക സഭയിലെ ഒരു വിഭാഗം നേരത്തേ അവര്‍ പിന്നാക്കക്കാരാക്കിയ ഹുടുക്കള്‍ക്കുവേണ്ടി സംസാരിക്കാന്‍തുടങ്ങി. അവരെക്കൂടി ഉള്‍പ്പെടുത്തി സഭ വികസിപ്പിക്കാന്‍ ശ്രമിച്ചു. കഷ്ടപ്പെടുന്ന അവര്‍ക്കു വേണ്ടി സ്ഥാപനങ്ങളും സ്‌കൂളുകളും തുടങ്ങി. ഇതോടെ ഹുടുക്കളും അവരുടെ വംശീയതയെ ശക്തിപ്പെടുത്താന്‍ തുടങ്ങി. ലോകമെങ്ങുമുള്ള കോളനികള്‍ സ്വാതന്ത്ര്യം നേടുകയും ജനാധിപത്യത്തിലൂന്നിയ സര്‍ക്കാരുകള്‍ നിലവില്‍ വരുകയും ചെയ്തതോടെ ഹുടുക്കളില്‍ ദേശീയബോധവും തീവ്രവാദവും ഉടലെടുത്തു.
തങ്ങളാണ് റുവാണ്‍ഡയിലെ ഭൂരിപക്ഷമെന്നും തുത്സികള്‍ അധിനിവേശക്കാരാണെന്നും അവര്‍ക്ക് തോന്നിത്തുടങ്ങി. ഒരു വിഭാഗം പാതിരിമാരുടെ പിന്തുണയും അവര്‍ക്ക് ലഭിച്ചു. ഹുടു, തുത്സി വിഭാഗങ്ങള്‍ക്കിടയില്‍ അതീവ വൈരമുണ്ടായി. പല സ്ഥലത്തും സംഘര്‍ഷവും കൊലകളും നടന്നു. ഭരണകൂടവും പട്ടാളവും പക്ഷം ചേര്‍ന്നു. അതോടെ സര്‍ക്കാരിനെതിരേ തുത്സികള്‍ കലാപം തുടങ്ങി. ആയിരക്കണക്കിനാളുകള്‍ കൊല്ലപ്പെട്ടു. 1973-ല്‍ കൈബോണ്‍ഡ സര്‍ക്കാരിനെ മറിച്ചിട്ട് ഹുടു നേതാവായ ജുവൈനല്‍ ഹബ്യരിമാനയുടെ നേതൃത്വത്തില്‍ ഹുടുക്കള്‍ അധികാരത്തില്‍ വന്നു. രാജ്യം തുടരെത്തുടരെ വംശീയസംഘര്‍ഷങ്ങളിലേക്ക് മാറി. വീണ്ടും കൂട്ടക്കൊലപാതകങ്ങളുണ്ടായി.
1990 ഒക്ടോബറില്‍ യുഗാണ്‍ഡയിലും മറ്റും കേന്ദ്രീകരിച്ച് റുവാണ്‍ഡന്‍ പാട്രിയോടിക് ഫ്രണ്ട് എന്ന തുത്സി വിപ്ലവ സംഘടന ഉത്തര റുവാണ്‍ഡ ആക്രമിച്ചതോടെ മൂന്നു വര്‍ഷം നീണ്ടുനിന്ന ആഭ്യന്തരയുദ്ധത്തിന് തുടക്കമായി. ഒടുവില്‍ 1994 ഏപ്രില്‍ 6-ന് റുവാണ്‍ഡന്‍ പ്രസിഡന്റ് ഹബ്യരിമാനയും ബുറുണ്‍ഡിയിലെ ഹുടു വംശക്കാരനായ പ്രസിഡന്റുമായി ഒത്തുതീര്‍പ്പുചര്‍ച്ചയ്ക്കായി യാത്രചെയ്ത വിമാനം അജ്ഞാതര്‍ വെടിവെച്ചിട്ടു. രണ്ട് പ്രസിഡന്റുമാര്‍ ഉള്‍പ്പെടെ എല്ലാവരും കൊല്ലപ്പെട്ടു. തുത്സികളാണ് തങ്ങളുടെ പ്രസിഡന്റിനെ വകവരുത്തിയതെന്ന് ഹുടുക്കള്‍ പറഞ്ഞു. അത് കാട്ടുതീപോലെ പടര്‍ന്നു. സര്‍ക്കാറും ഒരുങ്ങി. അങ്ങനെ നാസികള്‍ ജൂതവംശഹത്യ തീരുമാനിച്ചതുപോലെ 'ഫൈനല്‍ സൊലൂഷന്‍' പ്രഖ്യാപിക്കപ്പെട്ടു. അതാണ് 1994-ല്‍ ലോകത്തെ നടുക്കിയ റുവാണ്‍ഡന്‍ വംശഹത്യ.
സാമൂഹികപ്രവര്‍ത്തകയായ നവോമി ബെനിറോണ്‍ റണ്ണിങ് ദ റിഫ്റ്റ് എന്ന പുസ്തകത്തില്‍ കൊളോണിയല്‍ താത്പര്യം ഉണ്ടാക്കിയ വിദ്വേഷരാഷ്ട്രീയത്തിന്റെ പൊട്ടിത്തെറിയായാണ് റുവാണ്‍ഡന്‍ വംശഹത്യയെ രേഖപ്പെടുത്തുന്നത്. റുവാണ്‍ഡന്‍ ന്യൂനപക്ഷമായ തുത്സികള്‍ക്ക് വംശമഹിമ ചാര്‍ത്തിക്കൊടുത്തതില്‍ ഒരു ഗൂഢലക്ഷ്യമുണ്ടായിരുന്നു. തുത്സികളുടെ ഇളംകറുപ്പ് യൂറോപ്യന്‍ ഛായയാണെന്ന് അവര്‍ പറഞ്ഞു. വെളുപ്പിലേക്കുള്ള പരിണാമം. അവരെ അതുകൊണ്ടുതന്നെ വെള്ളക്കാരുടെ വരേണ്യതയിലേക്ക് മോഹിപ്പിച്ചു. ഇത് കരിംകറുപ്പുകാരായ ഹുടുക്കളില്‍ നിരാശയും അധമബോധവും പകയും ഉണ്ടാക്കി. അതുകൊണ്ടുതന്നെ ഹുടുക്കളുടെ സ്വാതന്ത്ര്യദാഹത്തെയും വിദേശവിരുദ്ധതയെയും ആഭ്യന്തരമായിത്തന്നെ പ്രതിരോധിക്കാന്‍ തുത്സി-ഹുടു വൈരത്തിലൂടെ ബെല്‍ജിയത്തിനും മറ്റും കഴിഞ്ഞതായി നവോമി വിലയിരുത്തുന്നു.
1994-ലെ വംശഹത്യയ്ക്ക് ഒറ്റ ലക്ഷ്യം മാത്രമേയൂള്ളൂ. അവിടെ ജീവിച്ചുവളര്‍ന്ന തുത്സി വംശത്തെ പൂര്‍ണമായും തുടച്ചുനീക്കുക. പിറവിയെടുക്കാനിരിക്കുന്ന ഭ്രൂണത്തെപ്പോലും കത്തിച്ച് വംശപരമ്പരയെപ്പോലും ഇല്ലാതാക്കുന്ന നിഷ്ഠുരത. തുത്സികളെ കുടിയേറ്റക്കാരായും കടന്നുകയറ്റക്കാരായും പെറ്റു പെരുകുന്ന അപകടകരമായ കീടങ്ങളായും പ്രചരിപ്പിച്ചു.
പള്ളികളിലും പ്രൈമറി വിദ്യാലയങ്ങളിലും വനിതാ ഹോസ്റ്റലുകളിലും ഹുടു ഗുണ്ടകളും പട്ടാളക്കാരും കടന്നുകയറി. ആരെയും ബാക്കിവെച്ചില്ല. വിക്ടോറിയാ തടാകക്കരയില്‍ മാത്രം ഒറ്റദിവസം 20,000 പേരെ കൊന്നുതള്ളി. റുവാണ്‍ഡയിലെ നരവേട്ടകള്‍ തൊട്ടടുത്ത രാജ്യങ്ങളായ ബറുണ്‍ഡിയിലും യുഗാണ്‍ഡയിലും അനുരണനങ്ങളുണ്ടാക്കി. റുവാണ്‍ഡയിലെ തുത്സി ഹത്യയ്ക്ക് ബദലായി അവിടെ ഹുടുക്കള്‍ക്കുനേരെ തുത്സികള്‍ തിരിച്ചടിച്ചു.
1975-85 വരെ മധ്യകിഴക്കന്‍ ആഫ്രിക്കയാകെ ഈ ഗോത്രസംഘര്‍ഷത്തിന്റെ ഭാഗമായി കൂട്ടക്കുരുതികള്‍ നടന്നിരുന്നു. റുവാണ്‍ഡയിലെ പട്ടാളഭരണത്തില്‍ അവിടെ തുത്സികള്‍ വേട്ടയാടപ്പെട്ടപ്പോഴാണ് തുത്സി നേതാവും ഒളിപ്പോര്‍വിദഗ്ധനുമായ പോള്‍ കഗാമ (നിലവിലെ റുവാണ്‍ഡന്‍ പ്രസിഡന്റ്) റുവാണ്‍ഡന്‍ പാട്രിയോടിക് ഫ്രണ്ട് എന്ന സായുധ സംഘടന തുടങ്ങി വിപ്ലവത്തിലേക്ക് നീങ്ങിയത്. ഇതിനെ ഹുടു വിഭാഗക്കാരനായ പ്രസിഡന്റ് ഹബ്യരിമാനയുടെ പട്ടാളം തോക്കുകൊണ്ടാണ് നേരിട്ടത്.
1994 ഏപ്രില്‍ 6-ന് ചര്‍ച്ചയ്ക്കായി ബറുണ്‍ഡി പ്രസിഡന്റ് സിപ്രന്‍ എരന്റര്യാമിരയ്‌ക്കൊപ്പം ഹബ്യരിമാന റുവാണ്‍ഡന്‍ തലസ്ഥാനമായ കിഗാലി വിമാനത്താവളത്തില്‍ എത്തുന്നവേളയില്‍ വിമാനം തകര്‍ന്ന് കൊല്ലപ്പെട്ടു. തുത്സി കലാപകാരികള്‍ വിമാനവേധ തോക്കുപയോഗിച്ച് വിമാനം തകര്‍ത്തതായി ആരോപണം ഉയര്‍ന്നു. അതോടെ ഹുടുവിഭാഗത്തിന് ഭ്രാന്തുപിടിച്ചു. അതിനു മുന്‍പുതന്നെ ബറുണ്‍ഡിയുടെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് മെല്‍കിയോണ്‍ എന്‍ദദേയയെ ഒരു തുത്‌സി വംശജന്‍ കൊലപ്പെടുത്തിയിരുന്നു. ആ ദുരന്തവും റുവാണ്‍ഡയിലെ തുത്സികള്‍ക്ക് ഭീഷണിയായി നിലനില്‍ക്കുമ്പോഴാണ് പുതിയ സംഭവവികാസങ്ങള്‍ ഉണ്ടാവുന്നത്. ഹബ്യരിമാനാ മന്ത്രിസഭയിലെ പൊതുമരാമത്തു വകുപ്പുമന്ത്രിയായ ഫെലിഷ്യന്‍ ഗാതബാഡിയും തുത്സി കലാപകാരികളാല്‍ കൊല്ലപ്പെടുന്നുണ്ട്.

പ്രസിഡന്റിന്റെ മരണം ഉണ്ടാക്കിയ പ്രതിസന്ധി പരിഹരിക്കാനും വംശീയപ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഏറ്റവും മോശപ്പെട്ടതും കടുപ്പമുള്ളതുമായ തീരുമാനമെടുക്കാന്‍തന്നെ പട്ടാള ഭരണകൂടം തീരുമാനിച്ചു. അതായിരുന്നു 'ഫൈനല്‍ സൊലൂഷന്‍'.
റുവാണ്‍ഡന്‍ പ്രതിരോധമന്ത്രി കേണല്‍ തിയോണസ്റ്റ ബഗോസറയുടെ നേതൃത്വത്തില്‍ ഹുടു തീവ്രവാദികള്‍ കിഗാലിയില്‍ ഏപ്രില്‍ ഏഴിന് രഹസ്യയോഗം ചേരുന്നു. വംശഹത്യയ്‌ക്കെതിരേ തങ്ങളുടെ ഭാഗത്തുനിന്നുള്ള എതിര്‍പ്പുകള്‍ ഇല്ലാതാക്കാനാണ് അവര്‍ ആദ്യം തീരുമാനിക്കുന്നത്. തുത്സികളെ സഹായിക്കുന്ന ഹുടുക്കളുടെയും വിധി മരണംതന്നെയെന്ന് പ്രഖ്യാപിക്കപ്പെടുന്നു. തുത്സികള്‍ക്കെതിരേ ഭീകരമായ തീരുമാനങ്ങള്‍ എടുക്കാന്‍ പാടില്ലെന്നും പ്രശ്‌നം അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നുമായിരുന്നു പ്രധാനമന്ത്രിയും മിതവാദിയുമായ അഗാതെ ഉവിലിംഗിയിമനയുടെ അഭിപ്രായം. ഇത് പ്രതിരോധമന്ത്രിക്കും തീവ്രവാദികള്‍ക്കും സ്വീകാര്യമായിരുന്നില്ല.
പ്രധാനമന്ത്രിയെയും പത്ത് ബെല്‍ജിയം സമാധാനപാലകരെയും വധിക്കാന്‍ അവര്‍ തീരുമാനിക്കുന്നു. പട്ടാളം അവരെ നിഷ്‌കരുണം വെടിവെച്ച് കൊന്നു. ഇതോടെ ബെല്‍ജിയം സേന റുവാണ്‍ഡ വിട്ടു. കലാപകാരികള്‍ക്ക് അത് അനുഗ്രഹവുമായി. അതേസമയം, ഈ കൊലയ്ക്ക് പിന്നില്‍ തുത്സി കലാപകാരികളാണെന്ന് ഔദ്യോഗികഭാഷ്യം ഉണ്ടാകുന്നു. 1994 ഏപ്രില്‍ 20-ന് എണ്‍പതുകാരിയായ ഗിഗാന്‍ഡോ രാജ്ഞിയും കൊല്ലപ്പെടുന്നു. കലാപത്തിന്റെ എരിതീയില്‍ എണ്ണയൊഴിക്കുന്നതായിരുന്നു ഈ സംഭവവികാസങ്ങള്‍.
ഹുടു പവര്‍ റേഡിയോ പ്രക്ഷേപണം നിര്‍ലജ്ജമായ ആഹ്വാനം ഉയര്‍ത്തുന്നു: ''എല്ലാ തുത്സികളും കൂറകളാണ്. എല്ലാ കൂറകളെയും നശിപ്പിക്കുക, എല്ലാ നീളന്‍ മരങ്ങളും വെട്ടിക്കളയുക എന്നും അവര്‍ ആഹ്വാനംചെയ്യുന്നു.'' ഹുടുക്കള്‍ പൊതുവേ നീളമുള്ളവരാണ്.
റുവാണ്‍ഡന്‍ വംശഹത്യ അയല്‍രാജ്യങ്ങളില്‍ വലിയ അഭയാര്‍ഥിപ്രശ്‌നമുണ്ടാക്കി. ഇരുപതു ലക്ഷത്തിലധികം പേരാണ് പലായനം ചെയ്തത്. കോംഗോവിലും കൂട്ടക്കൊല അരങ്ങേറി. ഹുടുക്കള്‍ അവിടെയും കൊല്ലപ്പെട്ടു. റുവാണ്‍ഡന്‍ വംശഹത്യയുടെ മുഖ്യപ്രതി ഇരുപത്തഞ്ചു വര്‍ഷത്തിനുശേഷം 2019 അവസാനം ഫ്രാന്‍സില്‍ പിടിയിലായി. എണ്‍പത്തിനാലുകാരനായ ഫെലിസിയിന്‍ കബുഗ എന്ന ഹുടു വംശജന്‍. അന്ന് റുവാണ്‍ഡ തേടുന്ന പ്രധാന പ്രതികളിലൊരാളാണ് കബുഗ.
മനുഷ്യവംശത്തിനെതിരായ കുറ്റകൃത്യമാണ് ഇയാള്‍ക്കെതിരേ അന്താരാഷ്ട്ര നീതിന്യായ കോടതി ചുമത്തിയിട്ടുള്ളത്. ഇയാളെക്കുറിച്ച് വിവരം നല്കുന്നവര്‍ക്ക് അമ്പതു ലക്ഷം ഡോളര്‍ പ്രഖ്യാപിച്ചിരുന്നു. റുവാണ്‍ഡന്‍ പ്രസിഡന്റ് ജുവൈനല്‍ ഹബ്യരിമാനയുടെ അടുത്ത ബന്ധുകൂടിയാണ് കബുഗ. മറ്റൊരു പ്രതിയും ആസൂത്രകനുമായ ഫാദര്‍ സെരാംബേയേ യു.എന്‍. കോടതി പതിനഞ്ചു വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. മുന്‍ റുവാണ്‍ഡന്‍ സൈനിക ഓഫീസര്‍ അലോയ്സ് നിവിരഗബോയ ആണ് വംശഹത്യയുടെ ശില്പികളിലൊരാളെന്ന് ഫ്രാന്‍സുതന്നെ കുറ്റപ്പെടുത്തിയിരുന്നു.
(തുടരും)
Content Highlights : History of Genocide Dinakaran Kombilath part 2