ഫോട്ടോ: എ.എഫ്.പി
ലോകചരിത്രത്തിലെ ഉണങ്ങാത്ത മുറിവാണ് സെര്‍ബുകള്‍ നടത്തിയ ബോസ്‌നിയന്‍ വംശഹത്യ. ജന്മം മാത്രമായിരുന്നു കാരണം. ബോസ്‌നിയന്‍ വംശഹത്യയുടെ നാള്‍വഴികള്‍ രേഖപ്പെടുത്തുന്നു.
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം യൂറോപ്പ് കണ്ട ഏറ്റവും ഭീകരമായ വംശഹത്യയായിരുന്നു ബോസ്നിയയിലെത്. 1992 മുതല്‍ 1995 വരെ ഏകദേശം ഒരുലക്ഷത്തിലധികംപേര്‍ കൊല്ലപ്പെട്ടു. ബോസ്നിയയുടെ തലസ്ഥാനമായ സാരയേവോയ്ക്ക് സമീപം സെബ്രനിക്കാ പട്ടണത്തില്‍ മാത്രം 9000-ത്തോളം മുസ്ലിങ്ങളെ യു.എന്‍. ക്യാമ്പില്‍നിന്ന് പിടിച്ചിറക്കിക്കൊണ്ടുപോയി സെര്‍ബിയന്‍സേന വെടിവെച്ചുകൊന്നു. ഒന്‍പത് കൂട്ടക്കുഴിമാടങ്ങളിലായി അവരെ കുഴിച്ചുമൂടി. ബോസ്നിയയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചശേഷം ഈ കൂട്ടക്കുഴിമാടങ്ങള്‍ തുറന്നു. പരമാവധി ആള്‍ക്കാരുടെ ശരീരാവശിഷ്ടങ്ങള്‍ ഡി.എന്‍.എ. പരിശോധനയില്‍ തിരിച്ചറിഞ്ഞു. ഇങ്ങനെ തിരിച്ചറിഞ്ഞവര്‍ മാത്രം 8800-ഓളം വരും. കൂട്ടക്കൊല മാത്രമല്ല. കൂട്ടബലാത്സംഗങ്ങള്‍ക്കും ബോസ്നിയന്‍ വനിതകള്‍ ഇരയായി. സെബ്രനിക്കയിലെ യു.എന്‍. ക്യാമ്പില്‍ അഭയംതേടിയ പുരുഷന്മാരെ വേര്‍തിരിച്ച് പ്രത്യേക വാഹനത്തില്‍ കൊണ്ടുപോയി രഹസ്യകേന്ദ്രത്തില്‍വെച്ച് കൊലപ്പെടുത്തിയശേഷമാണ് സ്ത്രീകളെ പിടിച്ചുകൊണ്ടുപോയത്. പലരെയും ലൈംഗിക അടിമകളാക്കി.
കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ യുഗോസ്ലാവിയയുടെ, പ്രത്യേകിച്ചും സെര്‍ബിയന്‍ വംശഹത്യയുടെ വേരുകള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. നൂറുശതമാനം സാക്ഷരതയുള്ള, പുരോഗമനചിന്താഗതിക്കാരായ, മതയാഥാസ്ഥിതിക മനോഭാവം അധികമൊന്നുമില്ലാത്ത പ്രദേശമാണ് പഴയ യുഗോസ്ലാവിയയുടെ ഭാഗങ്ങള്‍; പ്രത്യേകിച്ചും ബോസ്നിയ. അതേസമയം നൂറ്റാണ്ടുകള്‍ക്കുമുന്‍പുള്ള വംശീയവൈരം
കമ്യൂണിസ്റ്റ് ഭരണം നിലനില്‍ക്കുമ്പോഴും യുഗോസ്ലാവിയയില്‍ നിലനിന്നിരുന്നു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ യുഗോസ്ലാവിയ വംശീയതയുടെപേരില്‍ ചിതറി കഷണങ്ങളായി. അതോടെ ഉള്ളിലെ റിപ്പബ്ലിക്കുകള്‍ തമ്മില്‍ വംശീയസംഘര്‍ഷവും അതിന്റെ പാരമ്യത്തിലായി. സെര്‍ബിയ തങ്ങളുടെ വംശീയത മുസ്ലിം ബോസ്നിയയുടെനേരെ ചൊരിയുകയായിരുന്നു.
സെര്‍ബിയ, ബോസ്നിയ, ക്രൊയേഷ്യ, മാസിഡോണിയ. മോണ്ടിനെഗ്രോ തുടങ്ങിയ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഐക്യ യുഗോസ്ലാവിയയില്‍ സെര്‍ബുകളുടെ ആധിപത്യമായിരുന്നു എന്നും. ഒന്നാം ലോകയുദ്ധത്തിനുമുന്‍പുതന്നെ സെര്‍ബ് ദേശീയവാദവും തീവ്രവാദവും പുകയുന്ന മേഖലയാണിത്. സെര്‍ബുകളുടെ വൈരം മുഴുവന്‍ ഓട്ടോമന്‍ തുര്‍ക്കികളുടെകാലത്ത് ഇവിടെ കുടിയേറിയ ബോസ്നിയന്‍ മുസ്ലിങ്ങളോടാണ്. മുസ്ലിങ്ങള്‍ ബോസ്നിയയില്‍ സെര്‍ബുകളെക്കാള്‍ എണ്ണത്തില്‍ കൂടുതലായിരുന്നു. 1992-ല്‍ ബോസ്നിയ സ്വാതന്ത്ര്യം പ്രഖ്യാപിക്കുമ്പോള്‍ മുസ്ലിങ്ങള്‍ 44 ശതമാനം, സെര്‍ബുകള്‍ 31 ശതമാനം, ക്രോട്ടുകള്‍ 17 ശതമാനം എന്നിങ്ങനെയായിരുന്നു ജനസംഖ്യ. മാര്‍ഷല്‍ ടിറ്റോയുടെ നേതൃത്വത്തില്‍ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ സോവിയറ്റ് യൂണിയന്റെ സഹായത്തോടെ ഒരു ഫെഡറല്‍ സംവിധാനംവഴി ഭരിക്കുകയായിരുന്നു. ഫെഡറല്‍ റിപ്പബ്ലിക്കാണെങ്കിലും സൈന്യവും പ്രതിരോധവും എല്ലാം കേന്ദ്രത്തിന്റെതായിരുന്നു.
ഒന്നാം ലോകയുദ്ധത്തിന്റെ തുടക്കംതന്നെ ബോസ്നിയയില്‍നിന്നാണ്. ബോസ്നിയന്‍ തലസ്ഥാനമായ 'സാരയേവോ'യില്‍ സന്ദര്‍ശനത്തിനെത്തിയ ഓസ്ട്രിയ-ഹംഗറി സാമ്രാജ്യത്തിന്റെ കിരീടാവകാശി ആര്‍ച്ച് ഡ്യൂക് ഫെര്‍ഡിനന്റും ഭാര്യ സോഫിയയും നഗരമധ്യത്തില്‍വെച്ച് തുറന്ന വാഹനത്തില്‍ യാത്രചെയ്യവേ വെടിയേറ്റ് കൊല്ലപ്പെടുന്നു. കടുത്ത സെര്‍ബ് ദേശീയവാദിയായ പത്തൊമ്പതുകാരന്‍ വിദ്യാര്‍ഥി ഗാവ്ലോ പ്രിസിപ് ആയിരുന്നു പ്രതി. 1914 ജൂണ്‍ 28-നാണ് സംഭവം. കിരീടാവകാശിയുടെ ജീവനെടുത്ത ആ വെടിയുണ്ടകള്‍ ഒന്നാം ലോകയുദ്ധത്തിന്റെ പെട്ടെന്നുള്ള കാരണമായി. അക്കാലം സെര്‍ബ് വംശീയവാദികള്‍ രഹസ്യമായി 'കറുത്തകൈ' എന്ന സംഘടന രൂപവത്കരിച്ചിരുന്നു അതിലെ അംഗമായിരുന്നു പത്തൊമ്പതുകാരനായ ഗാവ്ലോ.
ഒരിക്കല്‍ വിശാല സെര്‍ബിയയുടെ ഭാഗമായിരുന്ന ബോസ്നിയ ഹെര്‍സഗോവിന പിന്നീട് തുര്‍ക്കികളുടെ കയ്യിലായി. ഈ പ്രദേശം തങ്ങള്‍ക്ക് തിരിച്ചുവേണമെന്ന് ഓസ്ട്രിയയും ഹംഗറിയും ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. സെര്‍ബിയന്‍ ദേശീയവാദത്തിന്റെ കേന്ദ്രബിന്ദുവായിരുന്നു ബോസ്നിയന്‍ തലസ്ഥാനമായ സാരയേവോ. അക്കാലം സെര്‍ബിയന്‍സൈന്യത്തിന്റെ നേതാവായിരുന്ന കേണല്‍ ഡ്രാഗുട്ടിന്‍ ദിമിത്രിയേവിച്ച് ആണ് 'കറുത്തകൈ' എന്ന രഹസ്യസംഘടനയ്ക്ക് നേതൃത്വംനല്‍കിയത്. വിശാല സെര്‍ബിയയ്ക്കുവേണ്ടിയുള്ള പോരാട്ടമായിരുന്നു അത്. ഫെര്‍ഡിനാന്റിന്റെ മരണത്തിനുശേഷം കൃത്യം ഒരുമാസം കഴിഞ്ഞാണ് ഒന്നാം ലോകയുദ്ധം പൊട്ടിപ്പുറപ്പെടുന്നത്.
വംശീയന്യൂനപക്ഷങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് 1991 മുതല്‍ ബാള്‍ക്കന്‍ മേഖല സാക്ഷിയായി. പരമാവധി മേഖലകള്‍ സ്വന്തമാക്കി വിശാലസെര്‍ബിയയ്ക്ക് രൂപംകൊടുക്കാനാണ് സെര്‍ബ് ദേശീയവാദികള്‍ ശ്രമിച്ചത്. ഇത് ബോസ്നിയയിലെ മുസ്ലിങ്ങളെയാണ് ആശങ്കപ്പെടുത്തിയത്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ച സെര്‍ബിയന്‍ ദേശീയവികാരത്തിന് ലഹരി നല്‍കി. അതേസമയം യുനൈറ്റഡ് യുഗോസ്ലാവിയ ചിതറുന്നത് ഒരുവിഭാഗം ഇഷ്ടപ്പെട്ടില്ല. ഐക്യത്തിനായി 'യുഗോസ്ലാവിയന്‍ പിപ്പിള്‍സ് ആര്‍മി' ശ്രമിച്ചെങ്കിലും നടന്നില്ല. സെര്‍ബിയന്‍ സര്‍ക്കാരിന്റെ അമരക്കാരന്‍ സ്ളൊബോദാന്‍ മിലോസേവിച്ചിന്റെ സ്വാധീനത്തില്‍ സെര്‍ബിയന്‍ ഐക്യവേദി രൂപംകൊണ്ടു. വിശാല സെര്‍ബിയ എന്ന ലക്ഷ്യത്തിനുവേണ്ടി ഏതറ്റംവരെ പോകാനും അവര്‍ തയ്യാറായി.
സ്ലൊവാനികള്‍, ക്രോട്ടുകള്‍, മാസിഡോണിയക്കാര്‍, ബോസ്നിയാക്കുകള്‍, അല്‍ബേനിയക്കാര്‍, കൊസോവക്കാര്‍ എന്നീ വംശങ്ങള്‍ക്കുമേല്‍ സെര്‍ബ് ആധിപത്യമാണ് മിലോസേവിച്ചിനെപ്പോലുള്ള സെര്‍ബിയന്‍ വംശവെറിക്കാര്‍ പദ്ധതിയിട്ടത്. ഐക്യസെര്‍ബിയയ്ക്ക് പകരം രാജ്യത്തിനുള്ളില്‍തന്നെ വിശാല സെര്‍ബിയ സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം. ചെറിയ പ്രദേശങ്ങളില്‍നിന്ന് വലിയ പ്രദേശത്തേക്ക് രാജ്യത്തെ ആയുധംകൊണ്ട് പരിവര്‍ത്തനംചെയ്‌തെടുത്ത ഇസ്രയേല്‍ സയണിസ്റ്റ് രാഷ്ട്രീയമായിരുന്നു സെര്‍ബിയന്‍ നേതാക്കളെ ഭരിച്ചിരുന്നത്. യുനൈറ്റഡ് യുഗോസ്ലാവിയന്‍ സൈന്യത്തെ മൊത്തം സെര്‍ബിയന്‍ സൈന്യമാക്കിമാറ്റാനുള്ള ശ്രമമാണ് നടന്നത്. സൈന്യം വംശവത്കരിക്കപ്പെട്ടു.
മാര്‍ഷല്‍ ടിറ്റോവിന്റെ നേതൃത്വത്തില്‍ ഏകീകൃത യുഗോസ്ലാവിയ വന്നപ്പോഴായിരുന്നു ഇടതുഭരണത്തിന്‍ കീഴില്‍ സെര്‍ബിയന്‍വംശീയത കത്തിക്കാളിയത്. അവര്‍ ശത്രുക്കളായി മുസ്ലിങ്ങളെ കണ്ടു. നൂറ്റാണ്ടുകള്‍ക്കുമുന്‍പ് പ്രദേശം കയ്യേറിയ ഓട്ടോമന്‍ തുര്‍ക്കികളുടെ പിന്മുറക്കാരാണ് മുസ്ലിങ്ങള്‍ എന്ന് പ്രചരിപ്പിച്ചു. യൂറോപ്പിനെ ഭയപ്പെടുത്തുന്ന വെട്ടുകളിക്കൂട്ടമാണ് ഇസ്ലാം എന്നും പ്രചരിപ്പിച്ചു. സെര്‍ബുകളും ക്രോട്ടുകളുമായുള്ള ഇസ്ലാംമിശ്രവിവാഹത്തെ അവര്‍ എതിര്‍ത്തു. സെര്‍ബിയന്‍ സാഹിത്യത്തില്‍ പലയിടത്തും മുസ്ലിം കഥാനായകര്‍ പ്രതിനായകരായി. പരിഹസിക്കപ്പെട്ടു. മുസ്ലിം ഭൂരിപക്ഷ പട്ടണമായ ട്രബിഞ്ചയെക്കുറിച്ച് സെര്‍ബ് സൈനിക കമാന്‍ഡര്‍ ഒരിക്കല്‍ വിശേഷിപ്പിച്ചത് 'നഗരമാരി' എന്നാണ്. ബോസ്നിയന്‍ മുസ്ലിങ്ങളുമായി ബന്ധമുള്ള ഓര്‍ത്തഡോക്സുകാരെയും ശത്രുക്കളായി കണ്ടു.
1986-ല്‍ സെര്‍ബിയന്‍ ബുദ്ധിജീവികളും മറ്റും ചേര്‍ന്ന് ഒരു 'കള്‍ച്ചറല്‍ മാനിഫെസ്റ്റോ' തയ്യാറാക്കി. ടിറ്റോയ്ക്കുശേഷം സമ്പൂര്‍ണ സെര്‍ബിയന്‍ സാംസ്‌കാരിക ദേശീയമുന്നേറ്റമായിരിക്കും ഉണ്ടാവുകയെന്നും ശത്രുക്കള്‍ക്ക് അവിടെ സ്ഥാനമുണ്ടാവില്ലെന്നും അന്നത്തെ സെര്‍ബിയന്‍ നേതാവ് സ്ലോബോദന്‍ മിലോസേവിച്ച് പ്രഖ്യാപിച്ചു. രാജ്യത്തിന്റെ അതിര്‍ത്തികള്‍ എന്തായിരിക്കുമെന്നും എങ്ങനെയായിരിക്കുമെന്നും ഞങ്ങളാണ് തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു. വിശാല സെര്‍ബിയയുടെ അതിര്‍ത്തിക്കുള്ളില്‍ മോണ്ടിനെഗ്രോയും ബോസ്നിയയും മാത്രമല്ല ക്രൊയേഷ്യയുടെ ചില ഭാഗങ്ങളും ഉള്‍പ്പെടെ വിശാലമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യുദ്ധം വന്നാല്‍ ഹിറ്റ്ലര്‍ ജൂതരെയെന്നപോലെ മുസ്ലിങ്ങളെ ഞങ്ങള്‍ കൈകാര്യംചെയ്യുമെന്ന് ബോസ്നിയന്‍ സെര്‍ബ് നേതാവ് റഡോവന്‍ കരാഡിക് പറഞ്ഞു. യുഗോസ്ലാവിയയുടെ തകര്‍ച്ചയ്ക്കുശേഷം 1992 മാര്‍ച്ച് 3-ന് ബോസ്നിയ ഹെര്‍സഗോവിന സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. സെര്‍ബിയയെ രോഷംകൊള്ളിച്ച നീക്കമായിരുന്നു അത്. യൂറോപ്പിനെ ഞെട്ടിച്ച വംശീയ കൂട്ടക്കൊലയ്ക്ക് ബോസ്നിയയെ നയിച്ച കലാപങ്ങളുടെ തുടക്കം അതായിരുന്നു. മുസ്ലിം ഭൂരിപക്ഷപ്രദേശമായ ബോസ്നിയ സ്വാതന്ത്ര്യം പ്രഖ്യാപിക്കുമ്പോള്‍ മുപ്പതുശതമാനത്തോളം സെര്‍ബിയക്കാര്‍ അവിടെ ഉണ്ടായിരുന്നു. അതോടൊപ്പം വിശാലമായ സെര്‍ബിയന്‍സൈന്യത്തിന്റെ പിന്തുണയും സെര്‍ബുകള്‍ക്കുണ്ടായിരുന്നു. ബോസ്നിയയ്ക്ക് അവരുടെ സൈന്യം മാത്രമേ ഉണ്ടായുള്ളൂ.

ബോസ്നിയയില്‍ മുസ്ലിങ്ങള്‍ക്കാണ് ഭൂരിപക്ഷം 44 ശതമാനം. സെര്‍ബിയക്കാര്‍ 31 ശതമാനവും. 17 ശതമാനം ക്രോട്ടുകളാണ്. അക്കാലം മുസ്ലിമായ പ്രസിഡന്റ് ഇസ്റ്റബെഗോവിച്ചാണ് ബോസ്നിയ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതായി അറിയിച്ചത്. സോവിയറ്റ് യൂണിയനില്‍നിന്ന് പല റിപ്പബ്ലിക്കുകളും സ്വാതന്ത്ര്യം പ്രഖ്യാപിച്ച് വരുന്ന സമയമായിരുന്നു. ഈ സ്വാതന്ത്ര്യപ്രഖ്യാപനം സെര്‍ബുകള്‍ എതിര്‍ക്കുക മാത്രമല്ല റഡോവന്‍ കാരാഡിച്ചിന്റെ നേതൃത്വത്തില്‍ അവര്‍ സെര്‍ബ് റിപ്പബ്ലിക് ഓഫ് ബോസ്നിയ ഹെര്‍സഗോവിനയും പ്രഖ്യാപിച്ചു. വിശാല സെര്‍ബിയയെ എന്നും പിന്തുണച്ചുപോന്ന സെര്‍ബിയന്‍ പ്രസിഡന്റായ സ്ലൊബോദാന്‍ മിലോസേവിച്ചിന്റെ പിന്തുണയും ഇവര്‍ക്ക് ലഭിച്ചു. ഇതോടെ മുസ്ലിം ഭൂരിപക്ഷവും സെര്‍ബ് ന്യുനപക്ഷവും തമ്മില്‍ ആക്രമണം തുടങ്ങി ഇവിടെ ക്രോട്ട് ന്യൂനപക്ഷം മുസ്ലിങ്ങള്‍ക്കൊപ്പം നിന്നു. സംഘര്‍ഷം രൂക്ഷമായതോടെ സെര്‍ബിയന്‍ സൈന്യം ഇടപെട്ടു. അവര്‍ ബോസ്നിയന്‍ മുസ്ലിങ്ങളെ കൊന്നൊടുക്കാന്‍തുടങ്ങി. യുദ്ധത്തില്‍ തലസ്ഥാനമായ സാരയേവോ തകര്‍ന്നു. പത്തുലക്ഷത്തിലധികം മുസ്ലിങ്ങള്‍ അഭയാര്‍ഥികളായി. 'ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ട്രാന്‍സിഷണല്‍ ജസ്റ്റിസി'ന്റെ കണക്കനുസരിച്ച് യുഗോസ്ലാവിയന്‍ യുദ്ധങ്ങളില്‍ 1.40 ലക്ഷം പേരാണ് മരിച്ചത്. ഹ്യുമാനിറ്റേറിയന്‍ ലോ സെന്റര്‍ പറയുന്നത് 1.30 ലക്ഷം എന്നാണ്.
ബോസ്നിയന്‍ മുസ്ലിങ്ങളുടെ ഐഡന്റിറ്റിയെ ഇകഴ്ത്തുന്ന വംശീയപരാമര്‍ശമാണ് ജനതയ്ക്കുമേല്‍ വ്യാപകമായി ചൊരിയപ്പെട്ടത്. പതിനാറാംനൂറ്റാണ്ടില്‍ ഉസ്മാനീ സാമ്രാജ്യം ബോസ്നിയ കീഴടക്കിയതോടെ ഇസ്ലാം സ്വീകരിച്ച തദ്ദേശവാസികളാണ് ബോസ്നിയന്‍ മുസ്ലിങ്ങള്‍. ആ ചരിത്രം ചൂണ്ടിക്കാട്ടി ക്രിസ്തുമതത്തെ വഞ്ചിച്ച ചതിയന്മാരാണ് ബോസ്‌നിയക്കാരെന്ന് റാഡ്കോ മ്‌ളാഡിച്ച് ആരോപിച്ചു. അല്‍ജസീറയുടെ റിപ്പോര്‍ട്ട് പ്രകാരം 74 ശതമാനം സെര്‍ബുകളും യുദ്ധക്കുറ്റവാളി റഡോവിന്‍ കരാഡിച്ചിനെ നായകനായി വാഴ്ത്തുന്നു. വംശഹത്യ ഒരു കെട്ടുകഥയാണെന്നുപോലും അവര്‍ പ്രചരിപ്പിക്കുന്നു. മറിച്ച് അവിടെ നടന്നത് യുദ്ധമാണ്. മ്‌ളാഡിച്ചും സംഘവും യുദ്ധക്കുറ്റങ്ങള്‍ക്കായുള്ള ട്രിബ്യൂണലില്‍ വിചാരണചെയ്യപ്പെട്ടുവെങ്കിലും അവരുടെ വംശീയത ഒരു മനോനിലയായി അവിടെ നിലനില്‍ക്കുന്നുണ്ട്.
ബോസ്നിയയിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ നടക്കുന്ന അക്രമത്തില്‍നിന്ന് രക്ഷനേടാനാണ് ആയിരക്കണക്കിന് ആള്‍ക്കാര്‍ യു.എന്‍. സുരക്ഷിതകേന്ദ്രത്തില്‍ വന്നത്. എന്നാല്‍ ഡച്ചുസൈന്യത്തിന് അവരെ രക്ഷിക്കാനാവുന്നില്ല. പട്ടാളമേധാവി റാഡ്കോ മ്‌ളാഡിച്ചിന്റെ നിര്‍ദേശപ്രകാരമാണ് കൂട്ടക്കൊല. ബോസ്നിയയിലെ കശാപ്പുകാരന്‍ എന്നാണ് മ്‌ളാഡിച്ച് പിന്നീട് അറിയപ്പെട്ടത്. സൈന്യത്തോടൊപ്പം സെര്‍ബ് ഗുണ്ടകളും കൂടെ നിന്നു. കവര്‍ച്ചയും കൊലപാതകവും ബലാത്സംഗവും വ്യാപകമായി നടന്നു. 12 വയസ്സുമുതല്‍ 80 വയസ്സുവരെയുള്ളവര്‍ കൊല്ലപ്പെട്ടു. മൃതശരീരം വലിയ കുഴിയെടുത്ത് ജെ.സി.ബി.കൊണ്ട് തള്ളുകയായിരുന്നു. ഈ ഭീകരത അറിഞ്ഞാണ് മ്‌ളാഡിച്ചിന്റെ മെഡിക്കല്‍വിദ്യാര്‍ഥിയായ മകള്‍ ആത്മഹത്യചെയ്യുന്നത്. അന്താരാഷ്ട്ര ട്രിബ്യൂണലിന്റെ നിര്‍ദേശപ്രകാരം റാഡ്കോവിനെ സെര്‍ബിയന്‍ സര്‍ക്കാരിന് കൈമാറേണ്ടിവന്നു. 18 വര്‍ഷം റൊമാനിയന്‍ അതിര്‍ത്തിയില്‍ ഒളിവിലായിരുന്ന മ്ലാഡിച്ച് 2011-ലാണ് പിടിയിലാവുന്നത്. ഒരു പ്രകൃതിചികിത്സകന്റെ വേഷത്തില്‍ ഒളിച്ചുജീവിക്കുകയായിരുന്നു ബോസ്നിയയിലെ ഈ കശാപ്പുകാരന്‍.
ഇദ്ദേഹത്തോടൊപ്പം അന്നത്തെ സെര്‍ബിയന്‍ ഭരണാധികാരിയായ റഡാവിന്‍ കരാഡിച്ചിനെ 40 വര്‍ഷമാണ് കോടതി ശിക്ഷിച്ചത്. ബോസ്നിയയുടെ അതിര്‍ത്തി പങ്കിടുന്ന സെര്‍ബിയയുടെ പ്രസിഡന്റായിരുന്ന സ്ലൊബോദന്‍ മിലോസേവിച്ചും മറ്റൊരു പ്രതിയാണ്. ആഭ്യന്തരയുദ്ധത്തില്‍ സെര്‍ബ് സൈനികരെ പ്രോത്സാഹിപ്പിച്ചത് മിലോസേവിച്ചായിരുന്നു എന്ന് കോടതി കണ്ടെത്തി. 2006-ല്‍ വിചാരണയിലിരിക്കെ ഹൃദയാഘാതത്തെത്തുടര്‍ന്ന് അദ്ദേഹം മരിച്ചു. വംശഹത്യയുടെ ഭാഗമായി സെര്‍ബ് സൈനികര്‍ നടത്തിയ കുറ്റങ്ങള്‍ വാര്‍ ട്രിബ്യൂണല്‍ കണ്ടെത്തിയത് ഇങ്ങനെ:''ബലാത്സംഗത്തിനിരയായ സ്ത്രീകളെ പാതിജീവനോടെ കുഴിച്ചുമൂടി. കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ ഭക്ഷണം നല്‍കാതെ കഷ്ടപ്പെടുത്തി. ചിലരെ കൈ പിന്നില്‍ കെട്ടി വെടിവെച്ച് കൊന്നു. പിഞ്ചുകുട്ടികളെപ്പോലും ലൈംഗികപീഡനത്തിനിരയാക്കി. ബലാത്സംഗത്തിനിരയായ സ്ത്രീകളെ, സെര്‍ബ് കുട്ടികളെ പ്രസവിക്കണമെന്ന ലക്ഷ്യത്തോടെ ഗര്‍ഭച്ഛിദ്രത്തിനുപോലും അനുവദിച്ചില്ല.''
ബോസ്നിയന്‍ വംശഹത്യയ്ക്ക് നേതൃത്വംകൊടുത്തവരും പങ്കെടുത്തവരുമായി 47 പേരെ ട്രിബ്യൂണല്‍ കുറ്റക്കാരായി കണ്ടെത്തിയിരുന്നു. സെബ്രനിക്ക കൂട്ടക്കൊലയില്‍ എല്ലാ കുഴിമാടങ്ങളും കുഴിച്ച് ശരീരാവശിഷ്ടങ്ങള്‍ പുറത്തെടുത്ത് ഡി.എന്‍.എ. പരിശോധനയ്ക്ക് വിധേയമാക്കി. ലോകം കണ്ടിട്ടുള്ളതില്‍വെച്ചേറ്റവും വലിയ ഫോറന്‍സിക് പരിശോധനയായിരുന്നു അത്. ഏകദേശം 8000-ത്തോളംപേരെ തിരിച്ചറിഞ്ഞു. അവരെയെല്ലാം സാരയേവോയിലെ പെടോകരി ശ്മശാനത്തില്‍ കബറടക്കി.

കലാപങ്ങളുടെയും സംഘര്‍ഷത്തിന്റെയും ഫലമായി ഒരുലക്ഷത്തിലധികം ആള്‍ക്കാര്‍ക്ക് ജീവഹാനി നേരിട്ടു. തലസ്ഥാനമായ സാരയേവോയില്‍ ഷെല്ലാക്രമണത്തില്‍ നൂറുകണക്കിന് ആള്‍ക്കാരാണ് ദിവസങ്ങളിലായി കൊല്ലപ്പെട്ടത്. നഗരം ചുരുങ്ങിയ ദിവസംകൊണ്ട് പ്രേതനഗരമായിമാറി. ക്രൊയേഷ്യന്‍ ക്യാമ്പില്‍ അഭയാര്‍ഥിയായി വന്ന അസീജ എന്ന സ്ത്രീയുടെ വാക്കുകള്‍: ''വീടിനകത്ത് കയറിയ സെര്‍ബ് പട്ടാളക്കാര്‍ പുരുഷന്മാരെ മുഴുവന്‍ വെടിവെച്ചുകൊന്നു. അവരുടെ മൃതശരീരത്തിന് സമീപത്തുവെച്ചും കുട്ടികളുടെ മുന്നില്‍വെച്ചും ബലാത്സംഗത്തിനിരയായി.'' യുദ്ധാനന്തരം ബോസ്നിയ രണ്ട് സ്വയംഭരണ രാജ്യങ്ങളായി വിഭജിക്കപ്പെട്ടു. ഒന്ന് ബോസ്നിയ ഹെര്‍സഗോവിന (ബോസ്നിയാക്കുകളും ക്രോട്ടുകളുമാണ് ഇവിടെ). മറ്റൊന്ന് സെര്‍ബുകള്‍ ഉള്‍പ്പെടുന്ന റിപ്പബ്ലിക് ഓഫ് സിര്‍പസ്‌കയും.
2019-ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ ഓസ്ട്രിയന്‍ എഴുത്തുകാരനായ പീറ്റര്‍ ഹാന്‍ഡ്കെയുടെ സമീപനം ബോസ്നിയയില്‍ നടന്നത് വംശഹത്യയല്ല എന്നുള്ളതാണ്. ഹാന്‍ഡ്കെ തീവ്രവലതുപക്ഷ ദേശീയതയുടെ വക്താവും സ്ലൊബോദാന്‍ മിലോസേവിച്ചിന്റെ ആരാധകനുമാണെന്ന വിമര്‍ശനവും ഉണ്ടായിരുന്നു. ഏതായാലും 2006-ല്‍ മിലോസേവിച്ചിന്റെ ശവസംസ്‌കാരച്ചടങ്ങില്‍ ഹാന്‍ഡ്കെ പങ്കെടുത്തിരുന്നു. ബോസ്നിയന്‍ വംശഹത്യ അടിച്ചമര്‍ത്താനാണ് മിലോസേവിച്ച് ശ്രമിച്ചതെന്ന് ഹാന്‍ഡ്കെ പറഞ്ഞിരുന്നു.
കൃത്യവും ആസൂത്രിതവുമായി നടത്തിയ വംശഹത്യയാണ് ബോസ്നിയയില്‍ നടന്നതെന്ന് പല രാജ്യങ്ങളും വ്യക്തമായിത്തന്നെ പറയുന്നുണ്ട്. ലോകത്തിനുമുന്നില്‍ മറന്നുപോകാതിരിക്കാന്‍ സെബ്രനിക്ക മെമ്മോറിയല്‍ സെന്റര്‍, റിമെംബറിങ് ഓഫ് സെബ്രനിക്ക എന്നീ സംഘടനകള്‍ ബോസ്നിയന്‍ വംശഹത്യ ജനമനസ്സില്‍ നിലനിര്‍ത്തുന്നു. എല്ലാ ഓര്‍മകളുടെ ചോരക്കറകളെയും തുടച്ചുകളയാന്‍ ശ്രമിക്കുന്ന സെര്‍ബുകള്‍ക്ക് ഇത് തിരിച്ചടിയാണ്.
(തുടരും)
Content Highlights :History of Genocide Dinakaran Kombilath part 10 Bosnia