ഡാർഫറിലെ സ്ത്രീകൾ/ ഫോട്ടോ. എ.എഫ്.പി
മനുഷ്യനും മരണത്തിനും വര്‍ഷങ്ങളായി വിലകെട്ടുപോയ വര്‍ത്തമാനങ്ങളാണ് ഡാര്‍ഫറിലേത്. നാലുപതിറ്റാണ്ടോളമായി സുഡാനിലെ ഡാര്‍ഫര്‍ മേഖലയില്‍നിന്നുള്ള വാര്‍ത്തകളില്‍ പട്ടിണിയുടെയും വംശീയ കൂട്ടക്കൊലകളുടെയും ആഭ്യന്തരയുദ്ധത്തിന്റെയും കരിമരുന്നുഗന്ധവും നിലവിളികളുമാണ് നിറഞ്ഞുനില്‍ക്കുന്നത്. ഡാര്‍ഫറില്‍ നടന്നത് 21-ാംനൂറ്റാണ്ടിലെ ഏറ്റവും ഭീകരമായ വംശഹത്യയെന്ന് യു.എന്നും അമേരിക്കയും. അതേസമയം ആഫ്രിക്കന്‍ ഗാലറികളിലിരുന്ന് 'മരണപ്പോരി'ന്റെ കാഴ്ചക്കാരാവുകയാണ് വര്‍ഷങ്ങളായി പാശ്ചാത്യലോകം.
ആഫ്രിക്കന്‍രാജ്യങ്ങളുടെ ഭൂതവര്‍ത്തമാനങ്ങള്‍ എന്നും ഗോത്രപ്പോരിന്റെയും വംശീയയുദ്ധങ്ങളുടെയും കഥകളാണ്. സുഡാനിലും കോംഗോവിലും റുവാണ്‍ഡയിലും എത്യോപ്യയിലും യുഗാണ്‍ഡയിലും ബറുണ്‍ഡിയിലും നമീബിയയിലും എല്ലാം ഒരേ കഥകള്‍. അധിനിവേശങ്ങളുടെയും മതാധിപത്യസംഘര്‍ഷങ്ങളുടെയും കൊലനിലങ്ങളാണ് എന്നും ഈ വന്‍കരയിലെ പല ഭൂവിഭാഗങ്ങളും.
പോയ അമ്പതുവര്‍ഷങ്ങള്‍ക്കിടെ അഞ്ചുലക്ഷത്തിലധികംപേരാണ് സുഡാനില്‍ കൊല്ലപ്പെട്ടത്. സാധാരണക്കാര്‍ ചിതറിയോടി. ദാഹിച്ച് വലഞ്ഞ് വെള്ളം തേടിപ്പോയ കൊച്ചുപെണ്‍കുട്ടികളെവരെ അക്രമികള്‍ ബലാത്സംഗം ചെയ്തു. ഈ കുട്ടികള്‍ തദ്ദേശീയരായ ആഫ്രിക്കന്‍ മുസ്ലിങ്ങളാണ്. അക്രമികള്‍ പിന്നീട് വന്‍കരയില്‍ വന്നുചേര്‍ന്ന അറബ് മുസ്ലിങ്ങളും. മുപ്പതുലക്ഷം ആള്‍ക്കാരാണ് പ്രത്യക്ഷമായും പരോക്ഷമായും ഡാര്‍ഫര്‍ സംഘര്‍ഷത്തില്‍ നരകയാതനകള്‍ അനുഭവിച്ചത്. പ്രതിസ്ഥാനത്ത് അറബ്-ആഫ്രിക്കന്‍ മേധാവിത്വമുള്ള (വരേണ്യ മേധാവിത്വം) സുഡാന്‍ സര്‍ക്കാറും അവരുടെ ചോറ്റുപട്ടാളമായ ജാന്‍ജാവീദ് മിലീഷ്യയുമാണ്. അവരെ എതിര്‍ക്കുന്ന തദ്ദേശീയരായ ആഫ്രിക്കക്കാരും അവര്‍ക്കൊപ്പമുള്ള ക്രിസ്ത്യന്‍ ന്യൂനപക്ഷവും അടിച്ചമര്‍ത്തപ്പെട്ടു.
സുഡാനിലെ ജനസംഖ്യ നാലരക്കോടിയോളം വരും. സഹാറാമരുഭൂമിയുടെ ഭാഗമായ സുഡാനില്‍ അതിചൂടുള്ള കാലാവസ്ഥയാണ്. രാജ്യത്തിന് വലിയ സമ്പത്താവേണ്ടുന്ന എണ്ണശേഖരം സുഡാനില്‍ ഉണ്ടെങ്കിലും ജനങ്ങള്‍ ദാരിദ്ര്യത്തിലാണ്. 1956-ല്‍ ബ്രിട്ടനില്‍നിന്ന് സ്വാതന്ത്ര്യം ലഭിച്ച സുഡാന്‍ ഇന്നുവരെ ആ സ്വാതന്ത്ര്യത്തിന്റെ ഒരു ചെറുസാന്ത്വനംപോലും അനുഭവിച്ചിട്ടുമില്ല. എല്ലുന്തി വയര്‍ ചാടിയ കുട്ടികളും വരണ്ട ഭൂമിയിലൂടെ തോക്കുമായി പോകുന്ന പടയാളികളും ചേര്‍ന്നതാണ് സുഡാന്റെ മാധ്യമ ഐക്കണ്‍.
സുഡാനിലെ വടക്കുപടിഞ്ഞാറന്‍ മേഖലയാണ് ഡാര്‍ഫര്‍. അറുപതുലക്ഷം മാത്രം വരുന്ന ജനസംഖ്യയില്‍ മഹാഭൂരിപക്ഷവും ഗ്രാമീണര്‍, അതും സ്ഥിരമായി ഒരു സ്ഥലത്ത് താമസിക്കാതെ കാലി മേച്ചും മറ്റും നടക്കുന്നവര്‍. കുറേപ്പേര്‍ കൃഷിയെ ആശ്രയിച്ച് പ്രത്യേക സ്ഥലങ്ങളില്‍ ഒന്നിച്ചുചേര്‍ന്ന് പാര്‍ക്കുന്നു. മുസ്ലിം ഭൂരിപക്ഷമാണ് ഇവിടം. ഡാര്‍ഫര്‍ എന്ന വാക്ക് രണ്ട് വാക്കുകളുടെ സമന്വയമാണ്. 'ഡാര്‍' എന്ന പദത്തിന് ജന്മനാട് എന്നാണര്‍ഥം. 'ഫര്‍' വംശത്തിന്റെ പേരാണ്.
ഡാര്‍ഫറിലെ ഫര്‍ വിഭാഗം ഈ മേഖലയില്‍ ഒരു രാഷ്ട്രീയശക്തിയാണ്. അല്‍-ഫാഷര്‍ തലസ്ഥാനമാക്കി മുസ്ലിം ശക്തിയായി ഇവര്‍ ഭരണം തുടങ്ങി. 1874 വരെ ഫര്‍ വംശം സുഡാന്‍ ഭരിച്ചു. പിന്നീട് മുഹമ്മദ് അഹമ്മദ് ഇബിന്‍ അബ്ദുള്ള നേതാവായ മഹദീയ ഭരണം കൈക്കലാക്കി. 1898 വരെ മഹദികള്‍ രാജ്യം ഭരിച്ചു. ഒന്നാം ലോകയുദ്ധംവരെ സുല്‍ത്താനേറ്റ് ഓഫ് ഡാര്‍ഫര്‍ ആയിരുന്നു രാജ്യം. പിന്നീട് 1906-ല്‍ ഡാര്‍ഫര്‍ ബ്രിട്ടന്റെ കയ്യിലായി. 1956-ല്‍ ബ്രിട്ടനില്‍നിന്ന് സ്വാതന്ത്ര്യം നേടുകയും ചെയ്തു. അപക്വമായ ഭരണകൂടങ്ങളിലേക്കുള്ള സ്വാതന്ത്ര്യക്കൈമാറ്റം സുഡാനെ വലിയ പ്രതിസന്ധിയിലെത്തിച്ചു. വംശഹത്യയുടെ കാലമായിരുന്നു പിന്നീട്.
വടക്കന്‍ സുഡാനും തെക്കന്‍ സുഡാനും തമ്മിലുള്ള സംഘര്‍ഷമായിരുന്നു പ്രധാനം. സുഡാനിലെ ആഴത്തില്‍ വേരോടിയ പ്രാദേശിക രാഷ്ട്രീയ സാമ്പത്തിക, സാമൂഹിക അസമത്വത്തിന്റെ പ്രതിഫലനമായിരുന്നു ഈ സംഘര്‍ഷങ്ങള്‍. പുറമേനിന്ന് വന്ന് കുടിയേറിയ അറബികളുടെ അധികാരക്കുത്തകയ്ക്കും വരേണ്യ മനോഭാവത്തിനും എതിരേയായിരുന്നു. ആഫ്രിക്കയിലെ തദ്ദേശീയരായ കറുത്ത ജനങ്ങളുടെ പോരാട്ടം. ഇതിനെ ജാന്‍ജാവീദ് പോലുള്ള സര്‍ക്കാര്‍ അനുകൂല സായുധസംഘങ്ങളെ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയായിരുന്നു.

1980 മുതലാണ് സംഘര്‍ഷം പരകോടിയിലെത്തുന്നത്. അപ്പോഴേക്കും വംശീയമായ ചേരിതിരിവ് ഡാര്‍ഫറില്‍ രൂക്ഷമായിരുന്നു. അധികാരത്തിലേക്കും പ്രാമാണിത്വത്തിലേക്കും വന്ന ഫര്‍ അറബ് മുസ്ലിം വിഭാഗം തദ്ദേശീയരായ കറുത്ത ആഫ്രിക്കക്കാരെയും മറ്റ് വംശീയവിഭാഗക്കാരെയും ക്രിസ്ത്യാനികളെയും തെക്കോട്ടേക്ക് ഓടിച്ചു. 1990-കളുടെ തുടക്കത്തില്‍തന്നെ പതിനായിരക്കണക്കിന് ആള്‍ക്കാര്‍ മരിക്കുകയും നാലുലക്ഷം വീടുകള്‍ നശിപ്പിക്കപ്പെടുകയും ചെയ്തു. ലക്ഷക്കണക്കിന് ആള്‍ക്കാര്‍ അഭയാര്‍ഥികളായി.
2011-ല്‍ തെക്കന്‍ സുഡാന്‍ പുതിയ രാജ്യമായിമാറുന്നതുവരെ വടക്ക് തെക്ക് സംഘര്‍ഷം നിലനിന്നിരുന്നു. സുഡാന്‍ തലസ്ഥാനമായ ഖാര്‍ത്തൂം കേന്ദ്രീകരിച്ചുള്ള വടക്കന്‍പ്രദേശം പ്രധാനമായും വംശീയ അറബ് മുസ്ലിങ്ങളുടെ അധികാരകേന്ദ്രമായി തുടര്‍ന്നു. പട്ടാള അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത ജനറല്‍ ഒമര്‍ അല്‍ ബാഷിറിന്റെ കീഴിലുള്ള ഖാര്‍ത്തൂം സര്‍ക്കാര്‍ രാഷ്ട്രത്തെ സമ്പൂര്‍ണ ഇസ്ലാമികവത്കരിക്കാന്‍ ശ്രമിച്ചതോടെയാണ് തെക്കന്‍ സുഡാന്‍ ആഭ്യന്തരയുദ്ധത്തിന് മുതിര്‍ന്നത്. ഡാര്‍ഫര്‍ മേഖലയിലും വലിയ കുഴപ്പങ്ങള്‍ തലപൊക്കി. ഈ മേഖലയില്‍ പ്രധാനമായും മുസ്ലിങ്ങളാണെങ്കിലും സാമ്പത്തിക, ഗോത്ര, വംശീയ ഭിന്നതകള്‍ രൂക്ഷമായിരുന്നു. സാമ്പത്തികമായി മുന്നിട്ടുനില്‍ക്കുന്ന അറബ് മുസ്ലിം ഗ്രൂപ്പുകള്‍ ശക്തരായിരുന്നപ്പോള്‍ നാടോടികളായ ഇടയന്മാരായിരുന്നു ആഫ്രിക്കന്‍ സുഡാന്‍കാരില്‍ കൂടുതലും.
ഡാര്‍ഫറില്‍ എത്രപേര്‍ മരിച്ചു എന്ന ചോദ്യത്തിന് യു.എന്നിന്റെ കണക്ക് രണ്ടുലക്ഷമാണ്. ക്ഷാമത്തിന്റെയും പട്ടിണിമരണങ്ങളുടെയും കണക്കുകള്‍ എവിടെയും കാണില്ല. ഏറ്റവും നിരാശാജനകമായ ഡേറ്റാ സെന്‍സസാണ് സുഡാനില്‍. സര്‍ക്കാര്‍ മരണക്കണക്കുകള്‍ മൊത്തമായി പൂഴ്ത്തുകയായിരുന്നു.
കുതിരപ്പുറത്തേറിവരുന്ന ചെകുത്താന്‍' എന്നാണ് സര്‍ക്കാര്‍ അനുകൂല സംഘമായ ജാന്‍ജാവീദിനെ വിളിക്കാറ്. അവരാണ് ആധുനിക ആയുധങ്ങള്‍ ഉപയോഗിച്ചുകൊണ്ട് സര്‍ക്കാര്‍വിരുദ്ധരെയും അവരെ സഹായിക്കുന്നവരെയും കൊന്നുതള്ളുന്നത്. തദ്ദേശീയരായ കറുത്ത ആഫ്രിക്കക്കാരുടെ കേന്ദ്രത്തിലാണ് അവര്‍ ഏറെയും അക്രമം കാണിച്ചത്.
രാത്രി ഓരാ വീട്ടിലും കടന്നുചെന്ന് പുരുഷന്മാരെയും ആണ്‍കുട്ടികളെയും പുറത്തിറക്കി വെടിവെച്ച് കൊന്നശേഷം അകത്ത് കയറി സ്ത്രീകളെ ബലാത്സംഗംചെയ്തു. എതിര്‍ത്തവരെ വെടിവെച്ച് കൊന്നു. വീട് എന്നത് ഒരുതരം തകരഷീറ്റ് മേഞ്ഞതോ പുല്ലുമേഞ്ഞതോ ആയ ദുര്‍ബലമായ കെട്ടിടങ്ങള്‍ മാത്രമാണ്. വിളിച്ചിട്ട് പുറത്തിറങ്ങിയില്ലെങ്കില്‍ ഉടന്‍തന്നെ തീവെപ്പ് നടത്തും. ബലാത്സംഗം ഡാര്‍ഫറില്‍ ഏറ്റവും വലിയ വംശീയ ആയുധമായിമാറുകയായിരുന്നു. അഭയാര്‍ഥിക്യാമ്പുകളില്‍പോലും ക്രൂരമായ ലൈംഗികപീഡനങ്ങള്‍ നടന്നു. ഡാര്‍ഫറിലെ ക്യാമ്പുകളില്‍ ഏറ്റവും ഒടുവിലത്തെ യു.എന്‍. കണക്ക് പ്രകാരം 40560 സ്ത്രീകളില്‍ 4040 പേര്‍ ഗര്‍ഭിണികളായിരുന്നു. ഇവരില്‍ മഹാഭൂരിപക്ഷവും പീഡനങ്ങള്‍ക്കിരയായതാണ്.
ഡാര്‍ഫറിലെ കൂട്ടബലാത്സംഗം സംബന്ധിച്ച റിപ്പോര്‍ട്ട് ശേഖരിച്ച മനുഷ്യാവകാശപ്രവര്‍ത്തകരായ ടാറാ ജിംജാറിച്ചും ജെന്നിഫര്‍ ലീനിങ്ങും പറയുന്നു: ''ഭര്‍ത്താവ്, അച്ഛന്‍, അമ്മ, മക്കള്‍, സഹോദരങ്ങള്‍ എന്നിവര്‍ക്ക് മുന്നില്‍ വെച്ചാണ് റേപ്പ്. വീടിന്റെ മരത്തൂണിനോട് കെട്ടിയിട്ടശേഷം പത്തുവയസ്സുമുതല്‍ എഴുപതുവയസ്സുവരെയുള്ളവരെ റേപ്പ്‌ചെയ്തു. ചെറിയ ആണ്‍കുട്ടികളെയും പരസ്യമായി പ്രകൃതിവിരുദ്ധപീഡനത്തിന് വിധേയമാക്കി. ഗുഹ്യഭാഗത്ത് മുറിവേറ്റ് മരിച്ച ആണ്‍കുട്ടികളുടെ ശവങ്ങള്‍ പലയിടത്തും കാണപ്പെട്ടു.''
സംഘര്‍ഷവും വംശഹത്യയും നടക്കുന്ന ആഫ്രിക്കയിലെ പല രാജ്യങ്ങളിലും ഇരുപക്ഷത്തിനും മുസ്ലിം ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ ആഗോളപിന്തുണയുണ്ട്. ഒപ്പം തീവ്രവാദികളുടെ ഇടപെടലുകളും. അതുകൊണ്ടുതന്നെ സംഘര്‍ഷങ്ങള്‍ക്ക് രമ്യമായ പരിഹാരം ഇല്ലാതാവുന്നു. സുഡാന്‍ സര്‍വമേഖലകളിലും പിന്നാക്കമായതിനാല്‍ ജീവിതം ഇരതേടലും പൊരുതലും മാത്രം എന്ന മൃഗീയ തലത്തിലേക്ക് മാറിപ്പോവുകയാണ്. ജനാധിപത്യത്തിന് വിലയില്ലാതാവുകയും മാനുഷികമൂല്യങ്ങള്‍ ഇരുണ്ടുപോവുകയും ചെയ്യുന്ന വര്‍ത്തമാനത്തില്‍ കൊല്ലുക എന്നത് മൃഗയാവിനോദമായി മാറുന്നു.
'ഇന്റര്‍നാഷണല്‍ കമ്മിഷന്‍ ഓഫ് എന്‍ക്വയറി ഓണ്‍ ഡാര്‍ഫര്‍ ടു ദ യുനൈറ്റഡ് നേഷന്‍സ് സെക്രട്ടറി ജനറല്‍' എന്ന 176 പേജുള്ള റിപ്പോര്‍ട്ടില്‍ ഇങ്ങനെ കാണാം: വംശഹത്യയിലേക്ക് നയിക്കുന്ന നയങ്ങളില്‍നിന്ന് സുഡാന്‍ സര്‍ക്കാര്‍ ഒരിക്കലും പിന്നോട്ടുപോയതേയില്ല. അതിനെ ആളിക്കത്തിക്കാനായിരുന്നു ശ്രമം. സര്‍ക്കാറും സര്‍ക്കാരിനെ താങ്ങുന്ന പട്ടാളവും ജാന്‍ജാവീദും കണ്ണില്ലാത്ത അക്രമം കാണിച്ചു.''
സുഡാനിലെ പ്രത്യേകിച്ചും ഡാര്‍ഫറിലെ മനുഷ്യാവകാശത്തെക്കുറിച്ച് പല രാജ്യങ്ങള്‍ക്കും ഒരു ചിന്തയുമില്ല. ചൈനയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പീഡകരായ സര്‍ക്കാരിന് പണവും ആയുധവും നല്‍കുന്നു. ഇതേ ആയുധങ്ങള്‍തന്നെയാണ് പാവപ്പെട്ടവരുടെ വംശഹത്യയ്ക്കായി സുഡാന്‍ സര്‍ക്കാര്‍ ഉപയോഗിക്കുന്നതും. യു.എന്‍. പൊതുസഭയില്‍ സുഡാന്‍ മുന്‍ പ്രസിഡന്റ് ഒമര്‍ ഹസ്സന്‍ അല്‍ ബാഷിറിനെ സംരക്ഷിക്കുന്ന നയമാണ് ചൈനയടക്കം സ്വീകരിച്ചത്. ഈ ആയുധനയംകാരണം ജാന്‍ജാവീദിന് ഏകപക്ഷീയമായ വിജയം കൈവരുന്നു. കൊല നിര്‍ബാധം തുടരുന്നു.
ഡാര്‍ഫറില്‍ എണ്‍പതുശതമാനം ജനങ്ങളും ഗ്രാമങ്ങളിലാണ് വസിക്കുന്നത്. ആഫ്രിക്കന്‍ അറബികളും കറുത്ത ആഫ്രിക്കക്കാരും തമ്മിലുള്ള വംശീയസംഘര്‍ഷമാണ് ഡാര്‍ഫര്‍ മേഖലയില്‍ നടക്കുന്നത്. പുലിറ്റ്സര്‍ പുരസ്‌കാരം നേടിയ പത്രപ്രവര്‍ത്തകനും ന്യൂയോര്‍ക്ക് ടൈംസിന്റെ കോളമിസ്റ്റുമായ നിക്കോളാസ് ഡോണോബെറ്റ് പറയുന്നു. ഡാര്‍ഫറിലെ വംശഹത്യയ്ക്ക് പിന്നില്‍ ദേശീയം, വംശീയം, രാഷ്ട്രീയം, സാംസ്‌കാരികം, സാമ്പത്തികം തുടങ്ങിയ തലങ്ങളുണ്ട് എന്നുള്ളത് വാസ്തവം. അറബ് സുഡാനികള്‍ തദ്ദേശീയരായ കറുത്ത സുഡാനികളെയാണ് വംശശുദ്ധീകരണം നടത്തുന്നത്. അവരെ ഓടിക്കുകയും അല്ലാത്തവരെ കൊലപ്പെടുത്തുകയും ചെയ്യുന്നു.

1989-ലാണ് ജനറല്‍ ഒമര്‍ അല്‍ ബാഷിര്‍ സുഡാനില്‍ സൈനിക അട്ടിമറിയിലൂടെ അധികാരത്തിലെത്തുന്നത്. വടക്കും തെക്കും വിഭാഗങ്ങള്‍ തമ്മിലുള്ള നീണ്ട 21 വര്‍ഷത്തെ സുഡാന്‍ ആഭ്യന്തരകലാപം തന്റെ രാഷ്ട്രീയാധികാരത്തിനുവേണ്ടിയുള്ള എളുപ്പവഴിയായി ഒമര്‍ ഉപയോഗിച്ചു. അറബി, ആഫ്രിക്കന്‍ വംശജരെ വരേണ്യരായി കണ്ടുകൊണ്ട് മറ്റുള്ളവരെ അടിച്ചമര്‍ത്താനുള്ള ഒമറിന്റെ ശ്രമങ്ങള്‍ക്കെതിരേയാണ് ഡാര്‍ഫറിലും മറ്റും കലാപം രൂക്ഷമാകുന്നത്. 'സുഡാന്‍ ലിബറേഷന്‍ ആര്‍മി'യും 'ജസ്റ്റിസ് ആന്‍ഡ് ഇക്വാളിറ്റി മൂവ്മെന്റും' വിമതരുടെ ശക്തിയായി. സര്‍ക്കാര്‍ ഇതോടെ രാഷ്ട്രീയാധികാരത്തിനുവേണ്ടി ആയുധമെടുത്തു. സുഡാനിലെ തദ്ദേശീയ ആഫ്രിക്കക്കാരുടെയും ന്യൂനപക്ഷ ക്രിസ്ത്യന്‍ സമുദായത്തിന്റെയും ഒക്കെ പിന്തുണയുള്ള ഒരു മുന്നണിയായി അത് മാറി. അതേസമയം കര്‍ശനമായ സൈനിക ഇടപെടലാണ് ബാഷിറിന്റെ സര്‍ക്കാര്‍ ചെയ്തത്. ക്രൂരന്മാരായ അറബ് മിലിഷ്യാ രാഷ്ട്രസേനയായ ജാന്‍ജാവീദിനെ ഇറക്കി ഗ്രാമങ്ങളെ അവര്‍ നായാടി. മതപരമല്ലായിരുന്നു പോരാട്ടങ്ങള്‍.
കോളനിഭരണത്തിനുശേഷം വന്ന സര്‍ക്കാറുകളില്‍ അറബി സംസാരിക്കുന്ന വരേണ്യവര്‍ഗത്തിന് മേധാവിത്വമുണ്ടായതാണ് പ്രശ്‌നങ്ങള്‍ വഷളാക്കിയത്. അവരുടെ മേഖലയില്‍തന്നെയാണ് സാമ്പത്തികമായ വികസനം കൂടുതല്‍ വന്നത്. ഈ വരേണ്യവര്‍ഗം പതിയെ പതിയെ ഇവിടം കേന്ദ്രീകരിച്ച് ഒരു ദേശീയത രൂപപ്പെടുത്തി. അറബിസവും ഇസ്ലാമും ചേര്‍ത്തുകൊണ്ട് ഒരു സംഘടിതശക്തിയായി അവര്‍ വളരാന്‍തുടങ്ങി. കൃഷിഭൂമി വന്‍തോതില്‍ ഇവരുടെ കയ്യിലായി. തദ്ദേശീയ ആഫ്രിക്കന്‍ കര്‍ഷകര്‍ പാട്ടത്തിനെടുത്ത് കൃഷി നടത്തേണ്ട അവസ്ഥയിലായി. പകലന്തിയോളം പണിയെടുത്താലും ജീവിക്കാന്‍പറ്റാത്ത സ്ഥിതി. കന്നുകാലികളെ മേയ്ക്കാന്‍ സ്ഥലമില്ലാതായി. അതുകൊണ്ടുതന്നെ അവര്‍ക്ക് പച്ചപ്പ് തേടി വലിയ യാത്രകള്‍ നടത്തേണ്ടിയുംവന്നു. 1950-ലും 1960-ലും നിരവധി വംശീയ വിമതഗ്രൂപ്പുകള്‍ ഇതിന്റെ ഭാഗമായി ഇവിടെ രൂപംകൊണ്ടിരുന്നു. തുടര്‍ന്നാണ് സ്വയംഭരണം നേടുന്നതിന്റെ ഭാഗമായി 'ഡാര്‍ഫര്‍ ഡെവലപ്‌മെന്റ് ഫ്രണ്ട്' രൂപംകൊള്ളുന്നത്. ഇത് അതിശക്തമായ വിമതവിഭാഗമായി പിന്നീട് വളര്‍ന്നു. ഡാര്‍ഫറില്‍ രൂപംകൊണ്ട സംഘര്‍ഷം അയല്‍രാജ്യമായ ചാഡ്, ലിബിയ എന്നിവിടങ്ങളിലും പ്രശ്‌നമുണ്ടാക്കി. അറബ് മുസ്ലിങ്ങള്‍ക്കെതിരേയുള്ള വിമതനീക്കത്തോട് ലിബിയയിലെ ഗദ്ദാഫിക്ക് വിയോജിപ്പായിരുന്നു. ഡാര്‍ഫറില്‍ അദ്ദേഹം പിന്തുണച്ചത് വരേണ്യവര്‍ഗമായ അറബ് മുസ്ലിങ്ങളെയായിരുന്നു.
സുഡാന്‍ ദീര്‍ഘകാലം ഭരിച്ച ഏകാധിപതിയായ ഒമര്‍ ഹസ്സന്‍ അഹമ്മദ് അല്‍ ബാഷിറിനെയാണ് വംശീയകുറ്റകൃത്യങ്ങളുടെ നായകനായി യു.എന്‍. വിശേഷിപ്പിച്ചത്. ഭരണം പിടിച്ചതിനുശേഷം സുഡാനിലെ മുസ്ലിം മതമൗലികവാദിനേതാവ് അല്‍തുറാബി നയിക്കുന്ന നാഷണല്‍ ഇസ്ലാമിക് ഫ്രണ്ടുമായി ഒമര്‍ ഹസ്സന്‍ ചങ്ങാത്തം സ്ഥാപിച്ചു. രാജ്യത്തെ ഇസ്ലാമികരാഷ്ട്രമാക്കിമാറ്റുകയും ശരിയത്ത് നിയമം നടപ്പിലാക്കുകയും ചെയ്തു. ഇതോടെയാണ് തെക്കന്‍ സുഡാന്‍ വിഭാഗത്തില്‍നിന്ന് പ്രസിഡന്റിന് ശക്തമായ എതിര്‍പ്പ് ഉയര്‍ന്നത്. 1996-ല്‍ അദ്ദേഹംതന്നെ തിരഞ്ഞെടുപ്പ് നടത്തി സ്വയം പ്രസിഡന്റായി. 2019-ല്‍ സ്ഥാനഭ്രഷ്ടനാവുകയും ചെയ്തു.
സിവിലിയന്‍ ഗ്രൂപ്പുകളും സൈന്യവും തമ്മിലുള്ള അധികാരം പങ്കിടല്‍ കരാര്‍ ഒടുവില്‍ 2019 ഓഗസ്റ്റിലാണ് ഒപ്പുവെച്ചത്. പുതിയ ഭരണകൂടം അധികാരത്തില്‍ വന്നു. സൈന്യത്തിന്റെ നേതൃത്വത്തില്‍ ഒരു ട്രാന്‍സിഷന്‍ കൗണ്‍സിലിന് നേതൃത്വം നല്‍കിയ അബ്ദുല്‍ ഫത്താഹ് അല്‍ ബുര്‍ഹാന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. സിവിലിയന്‍ ഗ്രൂപ്പുകളുടെ സഖ്യം തിരഞ്ഞെടുത്ത അബ്ദുല്ല ഹംഡോക്കിനെ പ്രധാനമന്ത്രിയായി നിയമിച്ചു. ഇനിയെന്ത് എന്ന് സുഡാന്‍ കാത്തിരിക്കുന്നു. 2009 മാര്‍ച്ച് 4-നാണ് മനുഷ്യത്വത്തിനെതിരായ കുറ്റങ്ങളും യുദ്ധക്കുറ്റങ്ങളും ആരോപിച്ച് ബഷീറിനെതിരേ അന്താരാഷ്ട്ര നീതിന്യായ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഒരു രാഷ്ട്രത്തലവനെ അറസ്റ്റ്‌ചെയ്യാന്‍ ഐ.സി.സി. ആവശ്യപ്പെടുന്നത് ആദ്യമായിരുന്നു. ഒരുവര്‍ഷത്തിനുശേഷം വംശഹത്യ ആരോപിച്ച് പ്രസിഡന്റിനെതിരേ മറ്റൊരു വാറണ്ടും ഐ.സി.സി. പുറപ്പെടുവിച്ചു.
അപകടംപിടിച്ച പ്രദേശമാണ് ഡാര്‍ഫറെങ്കിലും ലോകത്തിലെ ഏറ്റവും വലിയ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ഇവിടെ നടക്കുന്നുണ്ട്. ഇല്ലെങ്കില്‍ പട്ടിണികിടന്ന് പതിനായിരങ്ങള്‍ വീണ്ടും മരിക്കുമായിരുന്നു; പ്രത്യേകിച്ചും കുട്ടികള്‍. 98 ശതമാനം കുട്ടികളും പോഷകാഹാരം ലഭിക്കാത്തവരാണ്. ഏകദേശം 15000-ത്തോളം ജീവകാരുണ്യപ്രവര്‍ത്തകര്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. ആഫ്രിക്കന്‍ സമാധാനപ്രവര്‍ത്തകരും മറ്റ് ജീവകാരുണ്യപ്രവര്‍ത്തകരും ഇവിടെ കൊല്ലപ്പെട്ടിട്ടുണ്ട്.
(മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച വംശഹത്യയുടെ ലോകചരിത്രം എന്ന ലേഖന പരമ്പരയില്‍ നിന്ന്.)
(തുടരും)
Content Highlights :History of Genocide Dinakaran Kombilath Genocide in Darfur Sudan