മലയാളികള്‍ സ്നേഹത്തോടെ ഭാസ്‌കരന്‍ മാസ്റ്റര്‍ എന്നു വിളിക്കുന്ന കവിയും ഗാനരചയിതാവും ചലച്ചിത്രകാരനുമാണ് പി. ഭാസ്‌കരന്‍. കേരളത്തിലെ ഒരു കാലഘട്ടത്തിലെ വിപ്ലവപ്രസ്ഥാനത്തിന്റെ ധീരമായ ശബ്ദവും ചിന്തയുമായിരുന്നു അദ്ദേഹം. കാവ്യകലയുടെ തനതുശോഭയെയും സര്‍ഗാത്മകതയെയും കാലഘട്ടവുമായി ചേര്‍ത്തുപിടിച്ച കരുത്തനായ കാവ്യകാരനാണദ്ദേഹം. ഈ അതുല്യപ്രതിഭയുടെ സര്‍ഗാത്മകതയുടെ പടര്‍വള്ളികള്‍ പടര്‍ന്നുകയറാത്ത ഇടങ്ങളില്ല.
വര്‍ത്തമാനകാലത്തിലെ സാധാരണക്കാരന്റെ ഏറ്റവും വലിയ ജനകീയകലയാണിന്ന് ചലച്ചിത്രഗാനങ്ങള്‍. ഭാസ്‌കരന്‍ ഇന്നതിന്റെ ആചാര്യനാണ്. സര്‍ഗാത്മകതയുടെ ഉന്നതശൃംഗങ്ങളിലെന്നപോലെ കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ വിപ്ലവവഴിയിലെ സമുന്നതനേതാവുമായിത്തീര്‍ന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ജീവിതവും കലയും മാഷുടെ ഗാനങ്ങളെപ്പോലെ ലളിതവും സുന്ദരവുമായ ഭാഷയില്‍ ആവിഷ്‌കരിച്ചിട്ടുള്ള പുസ്തകമാണ് പി. ഭാസ്‌കരന്‍: ഉറങ്ങാത്ത തംബുരു. പെരുമ്പുഴ ഗോപാലകൃഷ്ണനാണ് എഴുതിയിരിക്കുന്നത്.
പി. ഭാസ്‌കരന്റെ ജീവിതത്തിലെ പല കഥകളും പലര്‍ക്കുമറിയാം. പല രൂപത്തില്‍ പലരും പലയിടങ്ങളില്‍ വിവിധ മുഹൂര്‍ത്തങ്ങളില്‍ അതൊക്കെ കുറിച്ചിട്ടിട്ടുണ്ട്. പി. ഭാസ്‌കരന്‍ ആവിഷ്‌കരിച്ച അക്ഷരകലയ്ക്കും അവ അനുഭവിപ്പിച്ച തീക്ഷ്ണവികാരങ്ങള്‍ക്കും വേണ്ടി അദ്ദേഹം ഒഴുക്കിയ വിയര്‍പ്പുതുള്ളികള്‍ക്കാണ് പുസ്തകത്തില്‍ പ്രാധാന്യം നല്കാന്‍ ശ്രമിച്ചിട്ടുള്ളത്.
Content Highlights: P Bhaskaran Urangatha Thamburu by Perumpuzha Gopalakrishnan