ഫാന്‍സി നമ്പര്‍ വേണ്ട; ദുരിതാശ്വാസത്തിനായി ലേലത്തില്‍ നിന്ന് പിന്മാറി പൃഥ്വിരാജ്


സ്വന്തം ലേഖകന്‍

1 min read
Read later
Print
Share

മൂന്ന് കോടിയോളം വില വരുന്ന റേഞ്ച് റോവര്‍ വോഗിനായി KL 07 CS 7777 എന്ന നമ്പറായിരുന്നു പൃഥ്വിരാജ് റിസര്‍വ് ചെയ്തിരുന്നത്

കൊച്ചി: പ്രളയ ദുരിതാശ്വാസത്തിന് പണം നല്‍കുന്നതിനായി ഫാന്‍സി നമ്പര്‍ വേണ്ടെന്നുവെച്ച് നടന്‍ പൃഥ്വിരാജ്. താന്‍ പുതുതായി വാങ്ങിയ മൂന്ന് കോടിയോളം വില വരുന്ന റേഞ്ച് റോവര്‍ വോഗിന് ഫാന്‍സി നമ്പര്‍ ലഭിക്കുന്നതിനായി പൃഥ്വി എറണാകുളം ആര്‍ടിഒ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍, ലേലത്തില്‍ പങ്കെടുക്കുന്നതിനുള്ള തുക ദുരിതാശ്വാസത്തിനായി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

KL 07 CS 7777 എന്ന നമ്പറായിരുന്നു പൃഥ്വിരാജ് പുതിയ വാഹനത്തിനായി റിസര്‍വ് ചെയ്തിരുന്നത്. ഇതേ നമ്പറിനായി മറ്റു പലരും രംഗത്തുള്ളതിനാല്‍ ലേലം വിളിക്കാനുള്ള ഒരുക്കത്തിലായിരുന്നു ആര്‍ടിഒ ഓഫീസ്.

എന്നാല്‍, നമ്പര്‍ റിസര്‍വേഷന്‍ റദ്ദാക്കുകയാണെന്ന് പൃഥ്വിരാജ് കഴിഞ്ഞ ദിവസം തന്നെ അറിയിക്കുകയായിരുന്നെന്ന് എറണാകുളം ആര്‍ടിഒ കെ.മനോജ്കുമാര്‍ പറഞ്ഞു. തുക പ്രളയദുരിതാശ്വാസത്തിന് നല്‍കുന്നതിനാണ് പിന്‍മാറ്റമെന്ന് താരം പറഞ്ഞതായും ആര്‍ടിഒ വ്യക്തമാക്കി.

മുന്‍പും പൃഥ്വിരാജ് ഫാന്‍സി നമ്പറിനായി ലേലത്തില്‍ പങ്കെടുത്തിട്ടുണ്ട്. തന്റെ ലംബോര്‍ഗിനിയ്ക്ക് ഇഷ്ട നമ്പര്‍ ലഭിക്കുന്നതിനായി ആറു ലക്ഷം രൂപയാണ് പൃഥ്വി മുടക്കിയത്. കഴിഞ്ഞ വര്‍ഷം പ്രളയമുണ്ടായപ്പോള്‍ ഒമ്പതു ലക്ഷം രൂപയുടെ അവശ്യവസ്തുക്കള്‍ താരം ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് നല്‍കിയിരുന്നു.

Content Highlights; prithviraj backs out of online fancy number auction over flood relief, prithviraj cancel fancy number auction for his range rover vogue

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram