അബുദാബി: യു.എ.ഇ. സന്ദര്‍ശന വേളയില്‍ സകലമാന പ്രൗഢികളും ചുറ്റും അണിനിരന്നപ്പോഴും ഒരു കൊച്ചുകാറിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ സഞ്ചരിച്ചത്. എല്ലായിടത്തും വത്തിക്കാന്‍ സിറ്റിയില്‍നിന്ന് നേരത്തെയെത്തിച്ച ഈ കാറിലാണ് അദ്ദേഹത്തിന്റെ യാത്ര. അത്യാഡംബര വാഹനങ്ങള്‍ മുന്നിലും പിന്നിലുമായി സുരക്ഷയൊരുക്കുമ്പോഴാണ് മാര്‍പാപ്പയുടെ ഈ കുഞ്ഞന്‍ കാറിലെ സഞ്ചാരമെന്നതും കൗതുകക്കാഴ്ചയായി.
ലളിതജീവിതം നയിക്കാന്‍ അനുയായികളോട് ആവശ്യപ്പെടുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ സ്വന്തം യാത്രയിലും അത് പ്രകടമാക്കിയാണ് അബുദാബി നിരത്തുകളിലൂടെ നീങ്ങിയത്. വത്തിക്കാനില്‍നിന്ന് എത്തിച്ച 'കിയ'യുടെ കുഞ്ഞന്‍ കാറായ സോളിലാണ് യാത്രകള്‍. നാലുപേര്‍ക്കുമാത്രം ഇരുന്ന് പോകാന്‍കഴിയുന്ന ഹാച്ച്ബാക്ക് ശ്രേണിയില്‍പ്പെടുന്ന ഈ വാഹനത്തിന് യു.എ.ഇ. മാര്‍ക്കറ്റിലെ വില 50,000 ദിര്‍ഹം മുതലാണ്.
2014-ല്‍ ദക്ഷിണ കൊറിയ സന്ദര്‍ശിച്ചപ്പോഴും 2015-ല്‍ യുഗാണ്‍ഡ സന്ദര്‍ശിച്ചപ്പോഴും മാര്‍പാപ്പയുടെ വാഹനം ഈ കുഞ്ഞന്‍ കാറായിരുന്നു. വെള്ള നമ്പര്‍ പ്ലേറ്റില്‍ എസ്.സി.വി.-1 എന്ന നമ്പറിലാണ് മാര്‍പാപ്പയുടെ ഈ കുഞ്ഞന്‍ കാര്‍.
ഇറ്റാലിയന്‍ വാഹനനിര്‍മാതാവ് നേരത്തെ സമ്മാനിച്ച ആഡംബര കാറായ ലാംബോര്‍ഗിനി ലേലത്തില്‍ വിറ്റ് ആ തുക സേവനപ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കാനുള്ള പോപ്പിന്റെ തീരുമാനം കഴിഞ്ഞവര്‍ഷം വലിയ വാര്‍ത്തയായിരുന്നു.
Content Highlights; Pope Francis driven around Abu Dhabi in humble Kia Soul