ചെയ്ത വേഷങ്ങളെല്ലാം തന്നെ വെള്ളിത്തിരയില്‍ അനശ്വരമാക്കി മാറ്റിയിട്ടുള്ള മലയാളികളുടെ ഇഷ്ടതാരമാണ് ജോജു ജോര്‍ജ്. സിനിമാ പോലെ തന്നെ വാഹനങ്ങളെയും സ്‌നേഹിക്കുന്ന അദ്ദേഹത്തിന്റെ വാഹന ശേഖരത്തിലേക്ക് മിനി കൂപ്പര്‍ എസ് എന്ന ആഡംബര ഹാച്ച്ബാക്ക് കൂടി എത്തിയിരിക്കുകയാണ്.
കഴിഞ്ഞ വര്‍ഷമാണ് അദ്ദേഹം ജീപ്പിന്റെ എസ്‌യുവി മോഡലായ റാംങ്ക്‌ളര്‍ അണ്‍ലിമിറ്റഡ് സ്വന്തമാക്കിയത്. ഇതുവഴി മലയാള സിനിമാതാരങ്ങളില്‍ ആദ്യമായി റാംങ്ക്‌ളര്‍ സ്വന്തമാക്കുന്ന താരം എന്ന ഖ്യാതി ജോജു നേടിയിരുന്നു.
കൊച്ചിയിലെ പ്രമുഖ പ്രീ ഓണ്‍ഡ് കാര്‍ ഡീലര്‍ഷിപ്പായ ഹര്‍മ്മന്‍ മോട്ടോഴ്‌സില്‍ നിന്നാണ് ജോജു ഈ വാഹനം വാങ്ങിയത്. തന്റെ മൂന്ന് മക്കള്‍ക്കൊപ്പം എത്തിയാണ് അദ്ദേഹം ചെറുകാറുകളില്‍ കരുത്തനായ കൂപ്പര്‍ എസിനെ തന്റെ വീട്ടിലേക്ക് എത്തിച്ചത്.
ബ്രീട്ടീഷ് വാഹനനിര്‍മാതാക്കളായ മിനിയുടെ ഏറ്റവും മികച്ച മോഡലാണ് കൂപ്പര്‍ എസ്. മിനി കൂപ്പര്‍ എസിന്റെ ത്രീ ഡോര്‍ പെട്രോള്‍ ഹാച്ച്ബാക്കാണ് ജോജു സ്വന്തമാക്കിയത്. 2.0 ലിറ്റര്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്ത് പകരുന്നത്. 30 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.
ഫോര്‍ഡ് എന്‍ഡേവര്‍ എസ്‌യുവിയായിരുന്നു അദ്ദേഹം ആദ്യം ഉപയോഗിച്ചിരുന്ന വാഹനം. ഇതിന് പിന്നാലെ കഴിഞ്ഞ വര്‍ഷമാണ് 73 ലക്ഷം രൂപ വിലയുള്ള ജീപ്പ് റാംങ്ക്‌ളര്‍ എസ്‌യുവി സ്വന്തമാക്കിയത്.
Content Highlights: Malayalam Film Actor Joju Bought Mini Cooper S