ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മികച്ച താരവും ഓള്‍ റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യയുടെ ഗ്യാരേജിലേക്ക് പുതിയ അഥിതിയെത്തിയിരിക്കുകയാണ്. മെഴ്‌സിഡസിന്റെ എസ്‌യുവി മോഡലായ AMG G63-യാണ് പാണ്ഡ്യ സ്വന്തമാക്കിയത്.
2.5 കോടി രൂപയാണ് ഈ വാഹനത്തിന്റെ ഡല്‍ഹിയിലെ ഓണ്‍റോഡ് വില. സില്‍വര്‍ മെറ്റാലിക് നിറത്തിലുള്ള പുതിയ വാഹനത്തിന്റെ ചിത്രങ്ങള്‍ പാണ്ഡ്യയുടെ ആരാധകരാണ് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
വാഹന പ്രേമിയായ പാണ്ഡ്യയുടെ വാഹന ശേഖരത്തില്‍ ആഡംബര സെഡാനായ ഔഡി എ6 35ടിഡിഐ, റേഞ്ച് റോവര്‍ വോഗ് എസ്‌യുവി എന്നിവയാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ വര്‍ഷമാണ് 65 ലക്ഷം രൂപ വിലയുള്ള ഔഡി അദ്ദേഹം സ്വന്തമാക്കിയത്.
ലാഡര്‍ ഫ്രെയിം ഷാസിയില്‍ നിര്‍മിച്ചിരിക്കുന്ന ജി63 ഫോര്‍ വീല്‍ ഡ്രൈവ് മോഡിനൊപ്പം സ്‌പോര്‍ട്‌സ് കാറുകളിലുള്ള നിരവധി സവിശേഷതകളും റോക്ക് ക്ലൈംബിങ് ഉള്‍പ്പെടെയുള്ള പുതിയ സംവിധാനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നാല് ലിറ്ററിന്റെ വി8 ബൈ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ജി63-ക്ക് കരുത്ത് പകരുന്നത്. ഇത് 585 എച്ച്പി പവറും 850 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 4.5 സെക്കന്റ് മതിയെന്നതാണ് മറ്റൊരു പ്രത്യേകത.
Content Highlights: Hardik Pandya Drives His New Mercedes-AMG G63 SUV Worth Rs 2.5 Crore